21 October Wednesday

മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020

‘മൂല്യബോധത്തിനും യുക്തിക്കും പകരം ഗുണ്ടായിസമായാൽ കോൺഗ്രസിന്‌ അർഹിക്കുന്ന സ്വാഭാവിക മരണമാകും ഉണ്ടാകുക’ എന്ന്‌ പറഞ്ഞത്‌ രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയാണ്‌. ഇന്ദിരാവധത്തിന് പിന്നാലെയുണ്ടായ സിഖ്‌ കൂട്ടക്കൊലയുടെയടക്കം രക്തക്കറ കോൺഗ്രസിന്റെ കൈയിലും ഖദറിലുമുണ്ട്. കേരളത്തിൽ കോൺഗ്രസിന്റെ സ്ഥാപകനേതാവായ മൊയാരത്ത്‌ ശങ്കരനെ തല്ലിക്കൊന്ന്‌ തുടക്കമിട്ട‌ നരവേട്ട  വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും തിരുവോണ തലേനാളിലെ അരുംകൊലയിൽ എത്തിനിൽക്കുന്നു. അനുഭാവികളോ പ്രവര്‍ത്തകരോ ആയ ഇരുനൂറിലേറെ പേരാണ് കോണ്‍​ഗ്രസിന്റെ ചോരക്കൊതിയില്‍ സിപിഐ എമ്മിന് കേരളത്തിൽ നഷ്ടമായത്.

ചീമേനിയിൽ അഞ്ച്‌ സിപിഐ എം പ്രവർത്തകരെ ജീവനോടെ കത്തിച്ചുകൊന്നത്‌ കേരളം മറന്നിട്ടില്ല. നിലമ്പൂരിൽ എംഎൽഎയായ കുഞ്ഞാലിയുടെ നെഞ്ചിലേക്ക്‌ തുളഞ്ഞുകയറിയ വെടിയുണ്ടയും കോൺഗ്രസിന്റേതാണ്‌‌. തിരുവോണ നാളിൽ കാസർകോട്‌ ഉദുമ മാങ്ങാട്‌ ബാലകൃഷ്‌ണനെ വെട്ടിക്കൊന്ന്‌ ചോരപൂക്കളം തീർത്തതിലും കണ്ണൂർ സേവറി ഹോട്ടലിൽ വിളമ്പിയ ചോറിൽ പടർന്ന ചോരയും കോൺഗ്രസ്‌ ക്രിമിനൽ സംഘത്തിന്റെ വാളിൽനിന്ന്‌ തെറിച്ചതാണ്‌. നിലമ്പൂർ കോൺഗ്രസ്‌ ഓഫീസിൽ രാധയെന്ന വീട്ടമ്മയെ കൊന്നുതള്ളിയതും  ‘അഹിംസ’യുടെ ഈ വക്താക്കളാണ്‌‌. കോൺഗ്രസ്‌ നടത്തിയ നരനായാട്ടുകളെപ്പറ്റി ദേശാഭിമാനി ബ്യൂറോകൾ തയ്യാറാക്കിയ പരമ്പര.
മറുപടിയുണ്ടോ ഈ ചോദ്യങ്ങൾക്ക്‌

 

‘എല്ലാവരോടും സ്‌നേഹംമാത്രമുണ്ടായിരുന്ന എന്റെ ഇക്കയെ എന്തിനിങ്ങനെ ചെയ്‌തു. എന്റെ വയറിലുള്ള കുഞ്ഞിനുകൂടി അച്ഛനില്ലാതാക്കിയില്ലേ’–- വെഞ്ഞാറമൂട്ടിൽ കോൺഗ്രസുകാർ കൊലപ്പെടുത്തിയ ഹഖ്‌ മുഹമ്മദിന്റെ ഭാര്യ നജിലയുടെ ഉള്ളുലയ്‌ക്കുന്ന ചോദ്യം ചെന്നുതറയ്‌ക്കുന്നത്‌ ഖദറിനുള്ളിലെ ചോരപുരണ്ട കഠാരമുനകളിലാണ്‌. ‘ഇഹ്‌സാനെയും ഇർഫാനെയും ഇനിയാര്‌ ബുള്ളറ്റിൽ കൊണ്ടുപോകും’–- മിഥിലാജിന്റെ സഹോദരൻ നിസാമിന്റെ വിങ്ങൽ അണപൊട്ടിയൊഴുകുമ്പോൾ സ്വന്തം ക്രൂരതയുടെ കൊടുമുടിയിൽനിന്ന്‌ പരിഹാസച്ചിരി ഉയർത്തുകയാണ്‌ കോൺഗ്രസ്‌.
കോവിഡ്‌കാലത്തടക്കം സമൂഹത്തിനാകെ സഹായികളായ രണ്ടു യുവാക്കളെ കൊന്നുതള്ളിയതെന്തിനായിരുന്നു എന്ന ചോദ്യത്തിന്‌ കോൺഗ്രസ്‌ നേതൃത്വമാണ്‌ മറുപടി പറയേണ്ടത്‌. തിരുവോണത്തലേന്ന്‌ ഇരുട്ടിന്റെ മറവിൽ മാരകായുധങ്ങളുമായി കാത്തിരുന്ന ക്രിമിനൽ സംഘം ബൈക്കിലെത്തിയ ഹഖിനെയും മിഥിലാജിനെയും വെട്ടിവീഴ്‌ത്തി.

പലതവണ ഗൂഢാലോചന നടത്തി കൃത്യമായ ആസൂത്രണത്തോടെയാണ്‌ കൃത്യം നടപ്പാക്കിയത്‌. ജീവനറ്റുപോയെന്ന് ഉറപ്പാക്കുംവരെ കഠാര ഹൃദയത്തിലേക്കിറക്കി. ഒരിക്കലും ജീവിതത്തിലേക്ക്‌ മടങ്ങിയെത്താൻ ഒരു തുടിപ്പുപോലും ബാക്കിയാകരുതെന്ന്‌ നിശ്ചയിച്ചുറപ്പിച്ചായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലയ്‌ക്ക്‌ ക്രിമിനലുകൾ എത്തിയത്‌. പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാംമൂട് പണ്ടുമുതലേ കോൺഗ്രസ് ഗുണ്ടാ തേർവാഴ്ചയുടെ കേന്ദ്രമാണ്. 1970–-75 കാലത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി എസ് ശങ്കറുടെ നേർക്ക് ആക്രമണമുണ്ടായി. 1975-–-80 കാലത്ത് സിപിഐ എം നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കുറ്റിമൂട് വിജയൻ, വൈസ് പ്രസിഡന്റ് സെയ്നുലാബ്ദീൻ എന്നിവർ ആക്രമിക്കപ്പെട്ടു.

പഞ്ചായത്ത് അംഗം ശശിധരനും അനീസിനും മാരകമായി പരിക്കേറ്റു. 1987ൽ വാമനപുരം മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമാപന ദിവസം കോൺഗ്രസ് ഗുണ്ടകൾ തേമ്പാംമൂട്ടിൽ ഭീകരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. മെയ്‌ 25ന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ഫൈസലിനെ രാത്രി വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഇപ്പോഴത്തെ ഇരട്ടക്കൊലയുടെ റിഹേഴ്‌സലായിരുന്നു അത്‌. തലനാരിഴ വ്യത്യാസത്തിലാണ് ഫൈസൽ രക്ഷപ്പെട്ടത്. പുല്ലമ്പാറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പം വരുന്നത് തടയാനാണ് തികച്ചും ആസൂത്രിതമായ കൊലപാതകങ്ങൾ നടത്തിയത്‌. ഫൈസൽ വധശ്രമക്കേസിൽ പ്രതികൾക്ക് എല്ലാ സംരക്ഷണവും നൽകിയ കോൺഗ്രസ് നേതൃത്വം അതേ ക്രിമിനലുകളെ വീണ്ടും വടിവാളും കഠാരയും നൽകി വിട്ടതാണെന്ന് വ്യക്തം.


 

തേമ്പാംമൂട്‌, മരുതംമൂട് പ്രദേശത്തെ അക്രമിസംഘമാണ് തലസ്ഥാനജില്ലയുടെ ഒരു മേഖലയിലാകെ കോൺഗ്രസിനുവേണ്ടി ഗുണ്ടാപ്രവർത്തനം നടത്തുന്നത്. ഡിസിസി വൈസ് പ്രസിഡന്റാണ് ക്രിമിനൽ സംഘങ്ങളുടെ ഗോഡ്ഫാദർ. ഇപ്പോൾ അതിനും മുകളിലൊരു രക്ഷാധികാരി വന്നിരിക്കുന്നു. അതിന്റെ ഹുങ്കിൽ ക്രിമിനലുകൾ അഴിഞ്ഞാടുകയാണ്‌. പഴയ കേസുകളിലെല്ലാം പ്രതികളെ സംരക്ഷിച്ച അടൂർ പ്രകാശ്‌ എംപിയടക്കമുള്ള കോൺഗ്രസ്‌ നേതാക്കൾ രക്തസാക്ഷികളുടെ കബറിലെ മണ്ണുണങ്ങുംമുമ്പേ കുപ്രചാരണവുമായി രംഗത്തിറങ്ങി. പെരിയയിൽ പൊട്ടിക്കരഞ്ഞ നേതാക്കൾ വെഞ്ഞാറമൂട്ടിലെ കൊലയാളി സംഘത്തെ തള്ളിപ്പറഞ്ഞില്ലെന്നുമാത്രമല്ല പരസ്യമായി ന്യായീകരിക്കുകയുമാണ്‌.

സംസ്ഥാനത്ത്‌ രാഷ്‌ട്രീയ കൊലപാതകക്കേസിൽ ആദ്യമായി അറസ്റ്റിലാകുന്ന സ്‌ത്രീയും ‘സമാധാനത്തിന്റെ വെള്ളരിപ്രാവു’മാണ്‌- വെഞ്ഞാറമൂട്‌ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജ. പ്രധാന പ്രതികളായ കോൺഗ്രസ്‌ പ്രവർത്തകർ സജീവിനെയും സനലിനെയും കാറിൽ കടത്താൻ ശ്രമിക്കവെയാണ്‌ പ്രീജ അറസ്റ്റിലായത്‌. എംസി റോഡുവഴി കോന്നിയിലേക്ക്‌ പ്രതികളെ കടത്താനുള്ള ശ്രമത്തിനിടെയാണ്‌ പൊലീസ്‌ പിടികൂടിയത്‌. സ്വർണം പണയംവച്ച്‌ നേരത്തേ പണം സ്വരുക്കൂട്ടി പ്രതികൾക്ക്‌ സുരക്ഷ ഒരുക്കാൻ പ്രീജയ്‌ക്ക്‌ നിർദേശം നൽകിയതാരാണ്‌? പ്രതികളെ കോന്നിയിലേക്ക്‌ കടത്താനുള്ള പദ്ധതി ആരുടേതായിരുന്നു? കോൺഗ്രസിലെ ക്രിമിനൽവൽക്കരണത്തിന്‌ സ്വന്തം മണ്ഡലത്തിൽ ചെല്ലുംചെലവും നൽകുന്ന ജനപ്രതിനിധിയുടെ വെപ്രാളത്തിൽ ഇതിനെല്ലാം ഉത്തരമുണ്ട്‌. ഇത്‌ പുതുമയല്ല. തടസ്സംനിന്നവരെയെല്ലാം കൊന്നുതള്ളിയാണ്‌ ശീലം. കോൺഗ്രസിന്റെ ചരിത്രമെഴുതിയ മൊയാരത്ത്‌ ശങ്കരനെ കൊന്നു കുഴിച്ചുമൂടിയതെവിടെയെന്ന്‌ ഇന്നും അറിയില്ല. ‌അതാണ്‌ കോൺഗ്രസ്‌;

അതെക്കുറിച്ച്‌ നാളെ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top