13 August Thursday

ജമ്മു കശ്‌മീരും സംഘപരിവാർ നുണകളും

എം ബി രാജേഷ്‌Updated: Wednesday Sep 4, 2019


ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി ഉറപ്പാക്കിയിരുന്ന ഭരണഘടനയുടെ അനുച്ഛേദം 370 ഉം 35എയും റദ്ദാക്കിയ നടപടി ന്യായീകരിക്കാൻ കല്ലുവച്ച നുണകളാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. മോഡിയും അമിത് ഷായുംമുതൽ സംഘപരിവാറിന്റെ സൈബർ സംഘങ്ങൾവരെ ഒരേ നുണകൾ ആസൂത്രിതമായും സംഘടിതമായും പടച്ചുവിടുന്നു. ചരിത്രത്തെയും വസ്‌തുതകളെയും വളച്ചൊടിച്ചും മറച്ചുവച്ചുമുള്ള വാട്സാപ്‌ ഫോർവേഡുകൾ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.  ഈ നുണകളുടെ രാഷ്‌ട്രീയത്തെ പൊളിച്ചടുക്കി വസ്‌തുതകൾ പുറത്തുകൊണ്ടുവരാതെ കശ്‌മീരിനെ മുൻനിർത്തിയുള്ള സംഘപരിവാറിന്റെ കുടിലനീക്കങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്താനാകില്ല. സംഘപരിവാർ നുണകളും വസ്‌തുതകളും  ഓരോന്നായി നമുക്ക് പരിശോധിക്കാം.

അനുച്ഛേദം 370 ജവാഹർലാൽ നെഹ്‌റുവിന്റെ സ്വാർഥതാൽപ്പര്യാർഥം ഭരണഘടനയിലേക്ക് ഒളിച്ചുകടത്തിയതാണെന്നും സർദാർ പട്ടേൽ 370 അനുവദിക്കുന്നതിന്‌ ശക്തമായി എതിർത്തിരുന്നുവെന്നും സംഘപരിവാർ പ്രചരിപ്പിക്കുന്നു. ജമ്മു കശ്‌മീരിന്‌ പ്രത്യേകപദവി അനുവദിക്കുന്നതു സംബന്ധിച്ച് കൂടിയാലോചനകളുടെ തുടക്കംതന്നെ 1949 മെയ് 15, 16 തീയതികളിൽ സർദാർ പട്ടേലിന്റെ ഔദ്യോഗിക വസതിയിലായിരുന്നു. ചർച്ചകളിൽ ഇന്ത്യാ യൂണിയൻ സംഘത്തിൽ നെഹ്‌റുവും പട്ടേലും കശ്‌മീരിസംഘത്തിൽ ഷേഖ് അബ്‌ദുള്ളയും  മിർസാ അഫ്‌സൽ ബേഗുമായിരുന്നു. അഞ്ചുമാസത്തെ ചർച്ചകൾക്കൊടുവിൽ ഒക്‌ടോബർ 17ന് ഭരണഘടനാ അസംബ്ലി കശ്‌മീരിനുള്ള പ്രത്യേകപദവി സംബന്ധിച്ച വ്യവസ്ഥ അംഗീകരിക്കുമ്പോൾ നെഹ്‌റു അമേരിക്കയിലായിരുന്നു. പ്രസ്‌തുത ഭരണഘടനാ വ്യവസ്ഥയുടെ ഉള്ളടക്കത്തിൽ അന്തിമമായ തിരുത്തലുകൾ വരുത്തിയത് താനും ഗോപാലസ്വാമി അയ്യങ്കാറും ചേർന്നാണെന്ന് സർദാർ പട്ടേൽതന്നെ 1949 ഒക്‌ടോബർ  16ലേയും നവംബർ മൂന്നിലേയും കത്തുകളിൽ പറയുന്നുണ്ട്. പട്ടേൽ പറഞ്ഞാലും പരിവാർ സമ്മതിക്കില്ല. അന്നത്തെ നെഹ്‌റു മന്ത്രിസഭയിൽ അംഗമായിരുന്ന ജനസംഘം നേതാവ് ശ്യാമപ്രസാദ് മുഖർജിയും ഇതിനോട് യോജിച്ചിരുന്നതായി അനുമാനിക്കാം, അല്ലെങ്കിൽ പ്രത്യേകപദവി അംഗീകരിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹം മന്ത്രിസഭയിൽനിന്ന് രാജിവയ്‌ക്കുമായിരുന്നല്ലോ. പ്രത്യേകപദവി അംഗീകിരിച്ച 1949 ഒക്ടോബർ 17നുശേഷവും മുഖർജി മന്ത്രിസഭയിൽ തുടർന്നു.

കശ്‌മീരിനുമാത്രം പ്രത്യേകപദവിയും ഭരണഘടനയും പതാകയും അനുവദിക്കുന്നതിന് ന്യായമെന്തെന്ന് സംഘപരിപാർ ചോദിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം  371 മുതൽ 371 ജെ വരെ മഹാരാഷ്‌ട്ര, ഗുജറാത്ത്, നാഗാലാൻഡ്‌, അസാം, മണിപ്പൂർ, ആന്ധ്രപ്രദേശ്, സിക്കിം, മിസോറം, അരുണാചൽപ്രദേശ്, ഗോവ, കർണാടകം എന്നീ സംസ്ഥാനങ്ങൾക്ക് പ്രത്യേകപദവി അനുവദിക്കുന്നുവെന്ന സത്യം മറച്ചുവച്ചിട്ടാണ് കശ്‌മീരിനെമാത്രം ആർഎസ്എസ് ലക്ഷ്യംവയ്‌ക്കുന്നത്. നാഗാലാൻഡിലെ വിഘടനവാദികളുമായി 2015ൽ മോഡിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട രഹസ്യകരാർ അനുസരിച്ച് നാഗാലാൻഡിന് പ്രത്യേകം ഭരണഘടനയും പതാകയും പാസ്‌പോർട്ടുംവരെ ബിജെപി സർക്കാർ സമ്മതിച്ചതായി ഇംഫൽ ടൈംസ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. ഇംഫൽ ടൈംസിനെ ഉദ്ധരിച്ച് മറ്റ് ചില ദേശീയപത്രങ്ങളും ഈ വാർത്ത നൽകിയിരുന്നുവെങ്കിലും ഇതുവരെ കേന്ദ്രസർക്കാർ ആ വാർത്ത നിഷേധിക്കുകയോ കരാറിന്റെ ഉള്ളടക്കം സംബന്ധിച്ച് എന്തെങ്കിലും വിശദീകരണം നൽകുകയോ ചെയ്‌തിട്ടില്ല. മാത്രമല്ല,  ഈ ആഗസ്‌ത്‌ 14ന്‌ നാഗാകലാപകാരികളുടെ നേതൃത്വത്തിൽ നാഗാലാൻഡിലാകെ നാഗാസ്വതന്ത്രദിനം തങ്ങളുടെ പ്രത്യേക പതാക ഉയർത്തിയും നാഗാ ദേശീയഗാനമാലപിച്ചും വൻജനപങ്കാളിത്തത്തോടെ ആഘോഷിച്ചിരുന്നു. ഇതിന്റെ വാർത്തകൾ ദേശീയപത്രങ്ങളാകെ പ്രാധാന്യത്തോടെ നൽകിയിട്ടും കേന്ദ്രസർക്കാർ അനങ്ങിയില്ല.

കശ്‌മീരിന്റെ ഭരണഘടനാ അസംബ്ലി 1956ൽ അംഗീകരിച്ച കശ്‌മീർ ഭരണഘടന, വേറിട്ടുപോകൽ വാദത്തിന് പ്രോത്സാഹനമാകുന്നുവെന്നാണ് സംഘപരിവാറിന്റെ വേറൊരു ആരോപണം. കശ്‌മീർ ഭരണഘടനയുടെ അനുച്ഛേദം 3, കശ്‌മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുവെന്ന സത്യം ഇവർ മറച്ചുവയ്‌ക്കുകയും ചെയ്യുന്നു. ഭരണഘടനയുടെ അനുച്ഛേദം 370ഉം കശ്‌മീരിനെ ഇന്ത്യയുടെ അവിഭാജ്യഭാഗമായി പ്രഖ്യാപിക്കുന്ന കശ്‌മീർ ഭരണഘടനയും ഇല്ലാതാക്കി താഴ്‌വരയെ ഇന്ത്യയിൽനിന്ന്‌ അകറ്റുന്ന വിധ്വംസക നടപടിയാണ് ബിജെപി സർക്കാരിന്റേത്.

എൺപതുകളിൽ പഞ്ചാബിലും അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം തീവ്രവാദം ശക്തിപ്പെട്ടത് കാണാതെ കശ്‌മീരിൽമാത്രം അനുച്ഛേദം 370 മൂലം തീവ്രവാദം വളർന്നുവെന്നു പറയുന്നത് അസംബന്ധമാണ്.

കശ്‌മീരിൽ  തീവ്രവാദം വളർന്നത് അനുച്ഛേദം 370 കാരണമാണെന്നും ഇവർ ആരോപിക്കുന്നു. പ്രത്യേകപദവി 1949ൽ നിലവിൽ വന്നെങ്കിലും എൺപതുകളുടെ മധ്യംവരെ കശ്‌മീരിൽ തീവ്രവാദം ഉണ്ടായിരുന്നില്ല. കശ്‌മീർ ഇന്ത്യയുടെ ഭാഗമായശേഷം തീവ്രവാദം വളർന്നുവന്ന എൺപതുകളുടെ രണ്ടാംപകുതിവരെ ജനങ്ങൾ പൊതുവിൽ ഐക്യത്തിലും സമാധാനത്തിലുമാണ് ജീവിച്ചുവന്നത്. സ്വാതന്ത്ര്യത്തിന്റെയും വിഭജനത്തിന്റെയും ഘട്ടത്തിൽ രാജ്യവ്യാപകമായി വർഗീയകലാപങ്ങൾ ആളിക്കത്തിയപ്പോൾ കശ്‌മീർ താഴ്വരയിൽ ഒരൊറ്റ കലാപം പോലുമുണ്ടായില്ല എന്നത് പ്രത്യേകം ഓർക്കണം.  എന്നാൽ,  ആർഎസ്എസിന്റെ കൂട്ടാളികളായിരുന്ന പ്രജാപരിഷത്തിന്റെ സ്വാധീന മേഖലമായ ജമ്മുവിൽ ഭീകരമായ വർഗീയകലാപങ്ങളുണ്ടായി. അനുച്ഛേദം  370 വാഗ്ദാനംചെയ്‌ത സ്വയംഭരണവും പ്രത്യേകപദവിയും തുടർച്ചയായി അപഹരിക്കപ്പെട്ടതും ജനാധിപത്യ ധ്വംസനങ്ങൾ തുടർക്കഥയായതും സൃഷ്ടിച്ച ആഴത്തിലുള്ള അസംതൃപ്തിയാണ് എൺപതുകളുടെ അവസാനമായപ്പോഴേക്കും തീവ്രവാദത്തിന് വളക്കുറുള്ള മണ്ണാക്കി കശ്‌മീരിനെ മാറ്റിയത്. കശ്മീരിൽ മാത്രമല്ല, എൺപതുകളിൽ പഞ്ചാബിലും അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമെല്ലാം തീവ്രവാദം ശക്തിപ്പെട്ടത് കാണാതെ കശ്‌മീരിൽമാത്രം അനുച്ഛേദം 370 മൂലം തീവ്രവാദം വളർന്നുവെന്നു പറയുന്നത് അസംബന്ധമാണ്. ഖലിസ്ഥാൻ തീവ്രവാദവും ഭിന്ദ്രൻവാലയും ഓൾ അസാം സ്റ്റുഡൻസ്‌ യൂണിയനും മിസോ നാഷണൽ ഫ്രണ്ടുമെല്ലാം കശ്‌മീരിലെ തീവ്രവാദത്തിനു മുമ്പേ വിഘടനവാദം ഉയർത്തിയതിനുകാരണം ഭരണഘടനയിലെ ഏതു വകുപ്പാണെന്ന് സംഘപരിവാർ പറയട്ടെ.

കശ്‌മീരി പണ്ഡിറ്റുകൾക്ക് പലായനം ചെയ്യേണ്ടിവന്നത്‌ പ്രത്യേകപദവിയുടെ ഫലമായിട്ടാണെന്നത് ഇവരുടെ മുഖ്യപ്രചാരണമാണ്. കശ്‌മീരി പണ്ഡിറ്റുകളുടെ അവസ്ഥയെക്കുറിച്ച് എല്ലാവരും മൗനം പുലർത്തുന്നുവെന്ന മുറവിളിയാണ് സംഘി പ്രചാരണത്തിലെ തുറുപ്പുചീട്ട്. പ്രത്യേകപദവി നിലവിൽവന്ന് ഏതാണ്ട് നാലു പതിറ്റാണ്ടിനുശേഷം തൊണ്ണുറുകളിലാണ് പണ്ഡിറ്റുകളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളുടെ ഫലമായി അവർ കൂട്ടപലായനം നടത്തുന്നത്. കശ്‌മീരി പണ്ഡിറ്റുകൾക്ക് പിറന്ന മണ്ണിൽ ജീവിക്കാനുള്ള മൗലികാവകാശത്തെക്കുറിച്ച് എന്നും സിപിഐ എം പറഞ്ഞിട്ടുണ്ട്‌.

കശ്‌മീരിനെക്കുറിച്ച് 2010ൽ സിപിഐ എം  അംഗീകരിച്ച സമഗ്രമായ പ്രമേയം പണ്ഡിറ്റുകൾക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചും അവരുടെ താഴ്‌വരയിലേക്ക് മടങ്ങാനുള്ള അവകാശത്തെക്കുറിച്ചും സ്‌പഷ്ടമായി പറഞ്ഞിട്ടുണ്ട്. അടുത്തിടെ കശ്‌മീർ പ്രശ്‌നത്തെക്കുറിച്ച് പാർടി പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ആ നിലപാട് ആവർത്തിച്ച് വ്യക്തമാക്കുന്നു. പണ്ഡിറ്റുകൾക്ക് താഴ്‌വരയിലെ സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കാൻ മതനിരപേക്ഷതയും മതസൗഹാർദവും ശക്തിപ്പെടുത്തിക്കൊണ്ടുമാത്രമെ കഴിയൂ. അല്ലാതെ ഇസ്ലാമിക സംഘപരിവാര വർഗീയശക്തികൾ ആളിക്കത്തിക്കുന്ന വെറുപ്പിന്റെ രാഷ്‌ട്രീയത്തിലൂടെ അത് സാധ്യമാകില്ല എന്ന് പാർടി ചൂണ്ടിക്കാട്ടുന്നു.

പ്രത്യേകപദവി എടുത്തുകളയുന്നത് കശ്‌മീരിന്റെ വികസനം ഉറപ്പാക്കാനാണെന്നും അതിന്‌ മുഖ്യതടസ്സമായത് അനുച്ഛേദം 370 ആണെന്നുമുള്ള പെരുംനുണ മോഡി–- - ഷാ കൂട്ടുകെട്ടും അവരുടെ സംഘി അനുയായിവൃന്ദവും  ലജ്ജയും കൂസലുമില്ലാതെ അഴിച്ചുവിടുന്നുണ്ട്.

പണ്ഡിറ്റുകൾക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന സംഘപരിവാർ ചെയ്‌തതോ? പണ്ഡിറ്റുകളുടെ കൂട്ടപ്പലായനം നടന്നകാലത്ത് അവരെ സംരക്ഷിക്കാൻ ചെറുവിരലനക്കാതിരുന്ന അന്നത്തെ ഗവർണർ ജഗ് മോഹനെ പിന്നീട് ബിജെപിയിലെടുത്ത് കേന്ദ്രമന്ത്രിയാക്കി. പണ്ഡിറ്റുകളുടെ പലായനത്തിന് മൂകസാക്ഷിയായിരുന്നതിനുള്ള പാരിതോഷികമായിരുന്നോ ജഗ് മോഹന് നൽകിയ കേന്ദ്രമന്ത്രിപദം? പണ്ഡിറ്റുകളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും അനുവദിച്ച ഫണ്ടിന്റെ സിംഹഭാഗവും ചെലവഴിക്കുന്നതിൽ പരാജയപ്പെട്ട മോഡിയും കൂട്ടരുമാണ് പണ്ഡിറ്റുകളുടെ പേരിൽ കള്ളക്കരച്ചിൽ തുടരുന്നത്.

പ്രത്യേകപദവി എടുത്തുകളയുന്നത് കശ്‌മീരിന്റെ വികസനം ഉറപ്പാക്കാനാണെന്നും അതിന്‌ മുഖ്യതടസ്സമായത് അനുച്ഛേദം 370 ആണെന്നുമുള്ള പെരുംനുണ മോഡി–- - ഷാ കൂട്ടുകെട്ടും അവരുടെ സംഘി അനുയായിവൃന്ദവും  ലജ്ജയും കൂസലുമില്ലാതെ അഴിച്ചുവിടുന്നുണ്ട്. 2018 –-19 ലെ കേന്ദ്രസർക്കാരിന്റെ ഇക്കണോമിക് സർവേ അനുസരിച്ച് യുഎൻഡിപി ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ മാനവവികസന സൂചിക തയ്യാറാക്കിയിട്ടുണ്ട്‌. ഇതിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ എന്നിവയാണ് ഏറ്റവും താഴെ നിൽക്കുന്നത്.  അവിഭക്ത ജമ്മു കശ്മീർ 11–--ാം സ്ഥാനത്താണ്. 14–--ാം റാങ്കിലുള്ള മോഡി–- ഷാമാരുടെ സ്വന്തം വൈബ്രന്റ് ഗുജറാത്തിനും മുന്നിൽ!  നിതി ആയോഗിന്റെ സുസ്ഥിരവികസന ലക്ഷ്യ സൂചികയനുസരിച്ചും (എസ്ഡിജി ഇൻഡക്‌സ്) ഉത്തർപ്രദേശിനും ബിഹാറിനും മുന്നിലാണ് അവിഭക്ത ജമ്മു കശ്‌മീർ. ദേശീയ കുടുംബാരോഗ്യ സർവേ 2015–-16 അനുസരിച്ച് കശ്‌മീരിലെ നവജാത ശിശുക്കളുടെയും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെയും മരണനിരക്ക് ആയിരത്തിന് യഥാക്രമം 32 ഉം 38ഉം ആണെങ്കിൽ ഗുജറാത്തിൽ ഇത് 34ഉം 43ഉം ആണ്. വീടുകളുടെ വൈദ്യുതീകരണം, ശൗചാലയങ്ങൾ, ഗ്രാമീണ റോഡ് സൗകര്യങ്ങൾ എന്നിവയിലെല്ലാം ജമ്മു കശ്‌മീർ ഭേദപ്പെട്ട നിലയിലാണെന്ന് കണക്കുകൾ കാണിക്കുന്നു. പലതിലും ഉത്തർപ്രദേശ്‌, ഛത്തീസ്ഗഢ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ മുന്നിലുമാണ്‌. മോഡിയും  ഷായും പറയുന്ന വികസനന്യായം നോക്കിയാൽ വെട്ടിമുറിക്കേണ്ടിവരിക ജമ്മു കശ്‌മീരല്ല,  അവരുടെ ഗുജറാത്തും ആദിത്യനാഥിന്റെ ഉത്തർപ്രദേശുമാണെന്നതാണ്‌ സത്യം.

ചരിത്രവും വസ്‌തുതകളും സ്ഥിതിവിവരക്കണക്കുകളൊന്നും വില കൽപ്പിക്കാതെ, വക്രീകരിച്ചും തമസ്‌ക്കരിച്ചും തികച്ചും നുണകളെ മുൻനിർത്തിയുള്ള ഒരു ആഖ്യാനം നിർമിച്ചുകൊണ്ടാണിവർ ജമ്മു കശ്‌മീരിലെ ഭരണഘടനാ അട്ടിമറിയേയും ജനാധിപത്യഹത്യയേയും ന്യായീകരിക്കുന്നത്. എല്ലായിപ്പോഴുമെന്നതുപോലെ ഇപ്പോഴും കൊടും നുണകളിലധിഷ്ഠിതമായ രാഷ്‌ട്രീയപ്രയോഗമാണ് സംഘപരിവാർ നടത്തുന്നത്. ഈ നുണയുടെ രാഷ്‌ട്രീയത്തെ വസ്‌തുതകളുടെ കരുത്തുകൊണ്ട് ഇടിച്ചുനിരത്തുകതന്നെ വേണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top