19 June Wednesday

ഇനിയും നിശബ്ദരാകാൻ തയ്യാറല്ല

അഡ്വ. പി സതീദേവിUpdated: Tuesday Sep 4, 2018

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലാത്ത സ്ത്രീരോഷ പ്രകടനത്തിന് ഇന്ത്യയുടെ തലസ്ഥാന നഗരി നാലിന് സാക്ഷ്യം വഹിക്കുകയാണ്. സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽനിന്നും  പോഷകാഹാരക്കുറവിൽനിന്നും തൊഴിലില്ലായ്മയിൽനിന്നും ജാതിവിവേചനങ്ങളിൽനിന്നും മോചനമാവശ്യപ്പെട്ട‌് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ  ആഹ്വാനപ്രകാരം ലക്ഷക്കണക്കിനു സ്ത്രീകൾ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിലേക്ക‌് നീങ്ങുകയാണ‌്. ഇനിയും നിശബ്ദരായിരിക്കാൻ തങ്ങൾ തയ്യാറല്ലെന്ന് അവർ പ്രഖ്യാപിക്കുകയാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ അതിക്രമങ്ങൾക്ക‌് ഇരയാക്കപ്പെട്ട് മരണമടഞ്ഞ സ്ത്രീകളുടെയും കുട്ടികളുടെയും ഉറ്റ ബന്ധുക്കളും പ്രകടനത്തിൽ അണിനിരക്കും.

‘‘ബേഠി ബച്ചാവോ, ബേഠി പഠാവോ'' എന്ന് മുദ്രാവാക്യം ഉയർത്തിയാണ് നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ, നാലുവർഷ ഭരണത്തിനിടയിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ജീവിക്കാനാകാത്ത അരക്ഷിതാവസ്ഥ പ്രദാനംചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്ത് എത്തി. കൂട്ടബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ശാരീരികവും മാനസികവുമായ അതിക്രമങ്ങൾ, ജാതിവിവേചനത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ, ബലാത്സംഗംചെയ്ത‌് കൊല്ലുമെന്ന ഭീഷണികൾ എന്നിവയെല്ലാം ആവർത്തിക്കപ്പെടുകയാണ‌്. സംഘപരിവാറിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രവർത്തിക്കുന്ന വിവിധ പേരിലുള്ള അക്രമിസംഘങ്ങൾ രാജ്യത്തിന്റെ നാനാഭാഗത്തും സ്ത്രീജീവിതം ഭീതിദമായ അവസ്ഥയിലേക്കെത്തിച്ചിരിക്കയാണ്.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2016ൽ രാജ്യത്ത് 6.68 ലക്ഷം കേസാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്ന നിലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. പ്രതിദിനം 915 കേസാണ് കൂട്ടബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ, ഗാർഹിക പീഡനങ്ങൾ, സ്ത്രീധന കൊലപാതകങ്ങൾ എന്നീ തരത്തിൽ രാജ്യത്ത് നടക്കുന്നത്. ഓരോ മണിക്കൂറിലും 40 പീഡനകേസ‌്. 2016ൽ രാജ്യത്ത് 39,000 ബലാത്സംഗ കേസാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഓരോ മണിക്കൂറിലും നാല‌് ബലാത്സംഗം. 2016ൽ ബലാത്സംഗത്തിന‌് ഇരയായവരിൽ 17,000 പേർ 16 വയസ്സിനു താഴെയുള്ളവരാണ‌്. കോടതിമുമ്പാകെയുള്ള ബാലപീഡനകേസുകൾ രണ്ടു ലക്ഷം കവിഞ്ഞിരിക്കുന്നു. ഈ കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് 19 ശതമാനം മാത്രമാണ്.  ബലാത്സംഗകേസുകളിൽ 25 ശതമാനവും. നാലിലൊന്ന് പ്രതികളും ശിക്ഷിക്കപ്പെടാതെ പോവുകയാണ്.

2014ലെ തെരഞ്ഞെടുപ്പിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്താൻ നടപടി കൈക്കൊള്ളുമെന്നായിരുന്നു ബിജെപി വാഗ്ദാനം. എന്നാൽ, നാലു വർഷംകൊണ്ട് രാജ്യത്തെ സ്ത്രീകളിലാകെ അരക്ഷിതബോധവും ഭീതിയുമുണ്ടാക്കുന്ന സംഭവങ്ങളാണ് ആവർത്തിക്കപ്പെട്ടത‌്. പീഡനത്തിന‌് ഇരയാക്കപ്പെടുന്ന സ്ത്രീകൾക്ക് പരിരക്ഷ ഉറപ്പുവരുത്തുന്നതിനോ നിർഭയപദ്ധതിയുടെ ഫണ്ട് യഥായോഗ്യം വിനിയോഗിക്കുന്നതിനോ നടപടി ഒന്നുമുണ്ടായിട്ടില്ല.
   മോഡി അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് നൽകിയ മറ്റൊരു വാഗ്ദാനം പ്രതിവർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു. എന്നാൽ, നാലുവർഷത്തിനിടയിൽ രണ്ട് ലക്ഷം തൊഴിലസവരംപോലും സൃഷ്ടിക്കപ്പെട്ടില്ല. മാത്രമല്ല,  തൊഴിലവസരങ്ങൾ ഇല്ലാതാവുകയുമാണ‌്. രാജ്യത്തെ തൊഴിൽമേഖലയിലെ സ്ത്രീപങ്കാളിത്തം 25.8 ശതമാനമാണ്. ഇത് സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ പങ്കാളിത്തമാണ്. കാർഷികമേഖലയുടെ തകർച്ച സ്ത്രീകളുടെ തൊഴിലവസരങ്ങൾ ഗണ്യമായി കുറച്ചു. പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി, മത്സ്യസംസ്‌കരണം, പഴം സംസ്‌കരണം, ഖാദി വ്യവസായം എന്നിവയിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. ഇന്ന് ഏറ്റവും കൂടുതൽ സ്ത്രീകൾ തൊഴിലിനായി ആശ്രയിക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾപോലുമില്ലാതെ നാമമാത്രമായ കൂലിക്ക് ജോലി ചെയ്യുകയാണ്. സർക്കാർ ക്ഷേമപദ്ധതികളുടെ ഭാഗമായി ജോലിചെയ്യുന്ന അങ്കണവാടി ജീവനക്കാർ, ആരോഗ്യമേഖലയിലെ ആശാവർക്കർമാർ, ലഘു സമ്പാദ്യ പദ്ധതിയുടെ ഏജന്റുമാർ, സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ എന്നിവരെല്ലാം ചെയ്യുന്ന ജോലികൾ കേവലം സേവനമായി കണക്കാക്കപ്പെടുകയാണ്. ഈ മേഖലകളുടെയെല്ലാം നടത്തിപ്പ് സന്നദ്ധ സംഘടനകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ഏല്പിച്ച് ഒഴിഞ്ഞുമാറാനാണ‌്  കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സ്ത്രീത്തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ, ചെലവ് കുറഞ്ഞ പാർപ്പിട സൗകര്യങ്ങൾ, യാത്രാവേളകളിലും പൊതു ഇടങ്ങളിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ, ആരോഗ്യപരിപാലന സംവിധാനങ്ങൾ എന്നിവയൊന്നും ഉറപ്പുവരുത്താനായിട്ടില്ല. തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയൽ നിയമം അനുശാസിക്കുന്ന കംപ്ലയിന്റ് കമ്മിറ്റികൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയൊന്നും പ്രാവർത്തികമാക്കപ്പെടുന്നില്ല. രാജ്യസഭയിൽ അവതരിപ്പിച്ച് പാസാക്കിയ വനിതാ സംവരണബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിപോലും നരേന്ദ്ര മോഡി സർക്കാരിനുണ്ടായില്ല.

ആഗോളവൽക്കരണനയങ്ങൾ സ്ത്രീജീവിതത്തെയാണ് ഏറെ പരിതാപകരമാക്കിയത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ‌്.  പൊതുവിതരണ സംവിധാനമാകെ തകർത്തു. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഭാഗമായി സാധാരണക്കാർക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യംപോലും ലഭിക്കാതായി. ആധാർ ലിങ്കിങ‌് സംബന്ധിച്ച നിബന്ധനകൾ അർഹതപ്പെട്ട ലക്ഷക്കണക്കിനു ഗുണഭോക്താക്കളെ ദുരിതക്കയങ്ങളിലാഴ‌്ത്തി. പട്ടിണിമരണങ്ങൾ വർധിച്ചു. സ്ത്രീകൾ വിളർച്ചരോഗം ബാധിച്ചവരായും തൂക്കക്കുറവുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരായും മാറിയിരിക്കുന്നു.
കേന്ദ്രഭരണ സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നത് ആർഎസ്എസിന്റെ അജൻഡയാണ്. ആർഎസ്എസ് വിഭാവനം ചെയ്യുന്ന ‘ഹിന്ദു സ്വരാജ്' സ്ത്രീ ‐പുരുഷ സമത്വത്തിന്റെ നീതിശാസ്ത്രമല്ല, മറിച്ച് സവർണ മേധാവിത്വത്തിന്റെ പ്രതീകമായ ഹിന്ദുരാഷ്ട്രവാദമാണ്. സ്ത്രീവിരുദ്ധവും സവർണമേധാവിത്വപരവുമായ ആശയങ്ങൾ രാജ്യത്താകെ പ്രാവർത്തികമാക്കപ്പെടുകയാണ്. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും സ്ത്രീകൾക്കുമെതിരെ സമാനതകളില്ലാത്തവിധം ഭയാനകമായ അതിക്രമങ്ങൾ ഉണ്ടാവുകയാണ്. ആർഷഭാരത സംസ‌്കാരത്തിന്റെ മഹനീയ മാതൃകകളായി സദ്‌സന്താനങ്ങളെ പിറവികൊള്ളിക്കുന്നവരായി സ്ത്രീകളെ വാഴ്ത്തിപ്പാടുകയും കൂടുതൽ പ്രസവിക്കുന്ന ഹിന്ദുസ്ത്രീകൾക്ക് വീരപ്രസവിനി അവാർഡ് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തവർ രാജ്യത്ത് പോഷകാഹാരക്കുറവിന്റെ ഫലമായി വിളർച്ചരോഗം ബാധിച്ച ഗർഭിണികളുടെയും തൂക്കക്കുറവോടെ പിറന്നുവീഴുന്ന കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ സാഹചര്യത്തിലാണ‌് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാർലമെന്റിനു മുന്നിലേക്ക‌് മഹിളാമാർച്ച‌് നടത്തുന്നത‌്. ഉയർന്നുവരുന്ന ഈ സ്ത്രീരോഷം രാജ്യത്തെ സമരചരിത്രത്തിൽ ഒരു പുതിയ അധ്യായം തുറക്കും.
 


പ്രധാന വാർത്തകൾ
 Top