23 May Thursday

‘സോദരത്വേന......'

സുനിൽ പി ഇളയിടംUpdated: Tuesday Sep 4, 2018

ആധുനികകേരള ചരിത്രത്തിലെ യുഗപരിവർത്തനമുഹൂർത്തമായ അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം നാരായണഗുരു എഴുതിവച്ച ശ്ലോകത്തിൽ കേരളത്തിന്റെ പിൽക്കാലജീവിതത്തിലുടനീളം അലയടിച്ചുകൊണ്ടേയിരിക്കുന്ന ഒരു വാക്കുണ്ട്; സോദരത്വേന! ഭേദഭാവങ്ങളെ മറികടക്കുന്ന സാഹോദര്യഭാവനയുടെ ബലമാണ് കേരളം പിൽക്കാലത്ത് നേടിയ ഒട്ടെല്ലാ മികവുകളുടെയെല്ലാം ആധാരമായിത്തീർന്നത്. ഇരുപതാം ശതകത്തിന്റെ ആദ്യപകുതിയിൽ  ജന്മിത്വത്തിന്റെ ദുരഹങ്കാരങ്ങൾക്കെതിരെ പൊരുതിനിന്ന കർഷകർമുതൽ വിദൂരദേശങ്ങളിൽ പ്രളയജലത്തിൽ മുങ്ങിത്താഴുന്നവരുടെ നിലവിളികളിലേക്ക് തങ്ങളുടെ ചെറുവഞ്ചികളും വള്ളങ്ങളുമായി ഓടിയണഞ്ഞ മത്സ്യത്തൊഴിലാളികളിൽവരെ ആ സാഹോദര്യഭാവന കെടാതെ നിൽക്കുന്നുണ്ട്.

നാനാതരം പരിമിതികൾക്കുമപ്പുറം കേരളത്തെ, ഇന്ത്യയിലെ മറ്റേതിടത്തേക്കാളും സാമൂഹ്യ ജാഗ്രതയും നീതിബോധവുമുള്ള പ്രദേശമാക്കി നിലനിർത്തുന്നത് കെട്ടുപോകാത്ത ഈ സാഹോദര്യഭാവനയാണ്. വൈലോപ്പിള്ളിയുടെ ആസാംപണിക്കാരെപ്പോലെ ‘ഇവിടെ ജീവിപ്പാനിവിടെയാശിപ്പാൻ/ ഇവിടെ ദുഃഖിപ്പാൻ കഴിവതേ സുഖം' എന്ന് മിക്കവാറും മലയാളികൾ ഏറിയും കുറഞ്ഞും കരുതിപ്പോരുന്നത്, കേരളത്തിലെ പ്രകൃതിവിലാസങ്ങളുടെയോ കാലാവസ്ഥയുടെയോ സൗഭഗംകൊണ്ടല്ല. മറിച്ച്, ആധുനികകേരളം കൈവിടാതെ നിലനിർത്തിയ ഈ സാഹോദര്യഭാവനയുടെയും നീതിബോധത്തിന്റെയും പ്രഭാവത്താലാണ്. ഗുരുവും അയ്യൻകാളിയും അയ്യാവൈകുണ്ഠനും പൊയ്കയിൽ അപ്പച്ചനുംമുതൽ വി ടിയും കേളപ്പനും എ കെ ജിയും ഇ എം എസുംവരെയുള്ള നിരവധിപേർ ഒരുഭാഗത്തും ആശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുംമുതൽ തകഴിയും ബഷീറും വിജയനുംവരെയുള്ള എത്രയോപേർ മറുഭാഗത്തും ചേർന്നുനിന്ന് പണിതെടുത്ത നീതിബോധത്തിന്റെയും സാമൂഹികതയുടെയും അടിപ്പടവുകൾക്കു മുകളിൽ, കെട്ടുപോയെന്ന് പലപ്പോഴും തോന്നിപ്പിച്ചപ്പോഴും, ഓരോ വിപത്‌സന്ദർഭത്തിലും തെളിഞ്ഞുകത്തുന്ന പ്രകാശനാളമായി ആ സാഹോദര്യഭാവന ബാക്കിനിന്നു. അയ്യപ്പൻ മാഷ് രൂപം നല്കിയ മഹാപ്രസ്ഥാനമായി കേരളം ആ വേളകളിൽ ഒരുമിച്ച് മാറിക്കൊണ്ടിരുന്നു. സഹോദരസംഘം!

ഹിന്ദുത്വവർഗീയവാദികൾ ഇപ്പോൾ വെല്ലുവിളിക്കുന്നത് ഈ സാഹോദര്യത്തെയാണ്. ഇവരുടെ പ്രത്യയശാസ്ത്രസംഹിതയായ ബ്രാഹ്മണ്യം അടിസ്ഥാനപരമായി നിഷേധിക്കുന്നത് സാഹോദര്യം എന്ന ആശയത്തെതന്നെയാണ്. ഈ ആശയത്തെ സമ്പൂർണമായി തിരസ്‌കരിച്ച ഏതെങ്കിലുമൊരു സാമൂഹ്യ സംവിധാനത്തെ സങ്കല്പിക്കാനാകുമെങ്കിൽ, അത് ജാതിവ്യവസ്ഥയാണ്. ആ ജാതിവ്യവസ്ഥയെയും അതിനാധാരമായ വർണധർമത്തെയുമാണ് ഹിന്ദുത്വവർഗീയവാദികൾ തങ്ങളുടെ ആത്മദർശനമായി ഏറ്റുവാങ്ങിയിട്ടുള്ളത്. അതുകൊണ്ട് കേരളം എപ്പോഴും അവരുടെ ശത്രുദേശംതന്നെ. പല പതിറ്റാണ്ടുകളായി, ഏതെല്ലാം കുതന്ത്രങ്ങൾ പ്രയോഗിച്ചിട്ടും തങ്ങൾക്ക് കടന്നുകയറാനും കാലുറപ്പിക്കാനും ഇടം കിട്ടാത്ത ഈ നാട് എപ്പോഴും അവരെ അലോസരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. രാജ്യത്തെ ഏറ്റവും നാണംകെട്ട ജനതയോ രാഷ്ട്രീയനേതൃത്വമോ ആണ് കേരളത്തിലേതെന്ന് ഹിന്ദുത്വത്തിന്റെ വളർത്തുപട്ടികൾ നിരന്തരം കുരച്ചുകൊണ്ടേയിരിക്കുന്നതും അതുകൊണ്ടാണ്. സർവഭക്ഷകമായ പ്രളയാഗ്നിപോലെ ഇന്ത്യയെ മുഴുവൻ വിഴുങ്ങാൻ ഒരുങ്ങുന്ന വർഗീയഫാസിസത്തെ അഭിമാനപൂർവം നിവർന്നുനിന്ന് ചെറുക്കുന്ന ഈ ജനതയെ ഫാസിസ്റ്റുകൾക്ക് അങ്ങനെതന്നെയേ കാണാനാകൂ.

വാസ്തവത്തിൽ സാഹോദര്യം എന്ന ആശയം ജനാധിപത്യത്തിന്റെ ഹൃദയതത്വംകൂടിയാണ്. താരതമ്യേന പഴയ ഒരു പദമായി പുറമേക്കു തോന്നാനിടയുണ്ടെങ്കിലും, അത് ആധുനികമായ ഒരാശയമാണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ അടിസ്ഥാന മുദ്രാവാക്യങ്ങളിലൊന്ന് സാഹോദര്യം എന്ന ആശയമാണ്. ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്ന യുഗപരിവർത്തനഹേതുകമായ ആ മുദ്രാവാക്യത്തിലെ ഏറ്റവും ആധുനികമായ മൂല്യം സാഹോദര്യമാണെന്നു പറയാം. സ്വാതന്ത്ര്യം, സമത്വം എന്നീ ആശയങ്ങൾക്ക് ആധുനികപൂർവ സന്ദർഭങ്ങളിലും, ഭാഗികമായ പ്രകാശനസാധ്യത കൈവന്നിട്ടുണ്ട്. എന്നാൽ, സാർവത്രികമായ മാനുഷിക സാഹോദര്യം ആധുനികതയോടൊപ്പംമാത്രം സാധുവാകുന്ന ഒന്നാണ്. കാരണം, അത് അടിസ്ഥാനപരമായി മനുഷ്യരെ തുല്യരാക്കിമാറ്റുന്നു.

ജനാധിപത്യത്തെക്കുറിച്ചുള്ള തന്റെ ചർച്ചകൾക്കിടയിൽ അംബേദ്കർ നിരന്തരമായി ഉന്നയിച്ചുപോന്ന ഒരു കാര്യം, ജനാധിപത്യത്തെ കേവലമൊരു ഭരണകൂടരൂപമായോ ഭരണനിർവഹണ രീതിയായോ കണ്ടുകൂടാ എന്നതാണ്. യഥാർഥമായ ജനാധിപത്യത്തിൽ ഒരു ത്രിത്വം ഉള്ളടങ്ങിയിരിക്കുന്നതായി അദ്ദേഹം പറയുന്നുണ്ട്. അത് രാഷ്ട്രീയ ജനാധിപത്യം, സാമൂഹ്യ ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം എന്നിവയാണ്. സാമൂഹ്യ സാമ്പത്തിക ജനാധിപത്യത്തിന്റെ അഭാവത്തിൽ രാഷ്ട്രീയ ജനാധിപത്യം വെറുമൊരു പേരും പ്രഹസനവുമായിത്തീരുമെന്ന് അംബേദ്കർ അഭിപ്രായപ്പെടുന്നുണ്ട്. ജനാധിപത്യത്തെ വിപുലമായ അർഥത്തിൽ ഒരു ധാർമികമൂല്യമായി പരിഗണിച്ച അദ്ദേഹം ഈ ധാർമികതയുടെ ആധാരതത്വമായി സാഹോദര്യം എന്ന ആശയത്തെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു.

സാഹോദര്യം എന്ന ഈ അടിസ്ഥാന മൂല്യത്തെയാണ്, ആധുനികലോകത്തിന്റെ ഹൃദയതത്വമായി നിലകൊള്ളുന്ന ഈ ആശയത്തെയാണ്, നാരായണഗുരു അരുവിപ്പുറത്ത് ഒരു പുതുയുഗത്തിന്റെ പ്രാരംഭവാക്യമായി എഴുതിവച്ചത്. ‘സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം' എന്നതിന് അത്ര വലിയ അർഥമുണ്ട്. സാഹോദര്യഭാവനയെ സമ്പൂർണമായി നിരാകരിക്കുന്ന ഘടകങ്ങളായി അതിപ്രബലമായി ഉയർന്നുനിന്ന പ്രതിലോമമൂല്യങ്ങളായിരുന്നു ജാതിഭേദവും മതദ്വേഷവും. ജാതിബന്ധങ്ങൾ മാനുഷികമായ സാർവലൗകിക സാഹോദര്യത്തിന്റെ സമ്പൂർണ നിരാകരണമാണ്. അതിനെ മറികടന്നുകൊണ്ടല്ലാതെ സാഹോദര്യഭാവനയോ ആധുനിക സമൂഹരൂപീകരണമോ സാക്ഷാത്കൃതമാകില്ല എന്ന് ഗുരുവിനറിയാമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ ബ്രാഹ്മണ്യത്താലും അത് ജന്മം നൽകിയ ജാതിബന്ധങ്ങളാലും ഏറ്റവുമധികം വിഷലിപ്തമായിത്തീർന്ന സമൂഹമായിരുന്നു കേരളം. അതുകൊണ്ടാണ് ഇന്ത്യയിലുടനീളം സഞ്ചരിച്ച വിവേകാനന്ദന്, ഇവിടെ എത്തിയപ്പോൾ ഇതൊരു ഭ്രാന്താലയമാണ് എന്ന് തോന്നിയത്. ജാതിയുടെ അത്യന്തം യുക്തിരഹിതവും ഭ്രാന്തവുമായ തേർവാഴ്ചയാണ് അന്നിവിടെ ഉണ്ടായിരുന്നത്. അവിടെനിന്നാണ്, ഇന്ത്യയിലെ ഏറ്റവും ആധുനികമായ സമൂഹങ്ങളിലൊന്നായി കേരളം പരിണമിച്ചത്. സാക്ഷരതാനിരക്കിൽ, സ്ത്രീവിദ്യാഭ്യാസത്തിൽ, ആയുർദൈർഘ്യത്തിൽ, ജനന മരണ നിരക്കുകളിൽ, പൊതുവിദ്യാഭ്യാസത്തിൽ, തൊഴിൽ അവകാശങ്ങളിൽ, ഗതാഗത വാർത്താവിനിമയ ലഭ്യതയിൽ ഒക്കെ വികസിതം എന്ന‌് വിശേഷിപ്പിക്കപ്പെടുന്ന സമൂഹങ്ങൾക്കൊപ്പമെത്താൻ ഈ ഒരു നൂറ്റാണ്ടിനിടയിൽ കേരളത്തിന് കഴിഞ്ഞു. ആദിവാസി ദളിത് സ്ത്രീജീവിതങ്ങളുടെയും പാരിസ്ഥിതിക ജാഗ്രതയുടെയും കാര്യത്തിൽ ഉൾപ്പെടെ നിരവധി ഗുരുതരമായ പരിമിതികളും പോരായ്മകളും കേരളത്തിനുണ്ട് എന്നിരിക്കെത്തന്നെ, മേല്പറഞ്ഞ തലങ്ങളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ കേരളം കൈവരിച്ച വിജയം ഒരു നിലയ്ക്കും കുറച്ചുകണ്ടുകൂടാത്തവയാണ്.

അത്തരം വിജയങ്ങൾക്കെല്ലാം ആധാരമായി മാറിയത് സാമൂഹികത എന്ന സങ്കല്പത്തിൽ അധിഷ്ഠിതമായ ആധുനിക ജീവിതക്രമമാണ്. ജാതിവിരുദ്ധസമരങ്ങളും ജന്മിതത്വത്തിനും സാമ്രാജ്യാധിപത്യത്തിനും എതിരായ കർഷകത്തൊഴിലാളി പ്രക്ഷോഭങ്ങളും ദേശീയപ്രസ്ഥാനവും എല്ലാം, പല പല അനുപാതങ്ങളിലാണെങ്കിലും, സാമൂഹികത എന്ന ആശയത്തിന്റെ പ്രായോഗികാവിഷ്‌കാരങ്ങൾ കൂടിയായിരുന്നു. ഈ സാമൂഹികഭാവനയുടെ ഹൃദയതത്വമായി മാറിയത്, ആധുനികമായ സാഹോദര്യഭാവനയാണ്. അപരോന്മുഖത്വത്തിൽ അധ്യാത്മഭാവനയെ ചേർത്തുനിർത്തിയ നാരായണഗുരുമുതൽ, ഒരുവൻ അപരന്റെ വാക്കുകൾ സംഗീതംപോലെ ആസ്വദിക്കുന്ന ആദർശാത്മകലോകത്തെ സ്വപ്നംകണ്ട കമ്യൂണിസ്റ്റുകാർവരെയുള്ളവർ സാഹോദര്യഭാവനയെയും സാമൂഹികതയെയും ആധുനിക കേരളീയ ജീവിതത്തിന്റെ ആധാരമാക്കുന്നതിൽ വലിയ സംഭാവനയാണ് നൽകിയത്. ആധുനികകാലഘട്ടംവരെ മിക്കവാറും വാമനജയന്തിയായി നിലനിന്നിരുന്ന ഓണാഘോഷം, മാനുഷ്യരെല്ലാരുമൊന്നുപോലെ ജീവിച്ച ഒരു അസുരചക്രവർത്തിയുടെ മടങ്ങിവരവിന്റെ ഓർമയായി, ആധുനികകേരളം കൊണ്ടുനടക്കുന്നത് യാദൃച്ഛികമല്ല എന്നർഥം.

അധമവും അക്രമോത്സുകവുമായ വർഗീയതയാൽ രാജ്യത്തെ വെട്ടിപ്പിളർക്കുന്നതിൽ വിജയം കൈവരിച്ച ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് കേരളത്തിൽ കാര്യമായി വേരുറപ്പിക്കാനാകാത്തതിന്റെ അടിസ്ഥാനകാരണവും ഇവിടെ പ്രബലമായിത്തുടരുന്ന സാമൂഹികതയുടെയും അതുളവാക്കിയ സാഹോദര്യഭാവനയുടെയും സാന്നിധ്യമാണ്. ജാതിഭേദങ്ങൾക്കും മതഭേദങ്ങൾക്കും കക്ഷിഭേദങ്ങൾക്കും പ്രദേശഭേദങ്ങൾക്കും അപ്പുറം പോകാൻ കഴിയുന്ന, താനുമായി ഒരുവിധ പ്രത്യക്ഷബന്ധങ്ങളുമില്ലാത്ത മനുഷ്യരുടെ യാതനകളുമായി തന്നെ തന്മയീഭവിപ്പിക്കുന്ന ആ ഭാവശക്തി കേരളീയ ജീവിതത്തിൽ കെട്ടുപോകാതെ തുടരുന്നുണ്ട്. കേരളീയജനതയൊന്നാകെ, ഒരൊറ്റ സാമൂഹ്യശില്പമായി കൊത്തിയെടുക്കപ്പെട്ട നാളുകൾ. ആ ദിവസങ്ങളിൽ മഹാഭൂരിപക്ഷം കേരളീയരിലും രണ്ടുവിഭാഗം മനുഷ്യരെ ഉണ്ടായിരുന്നുള്ളൂ; പ്രളയദുരന്തത്തിന് ഇരയായവരും ദുരിതബാധിതർക്ക് തുണയായി ഇറങ്ങിയവരും. ‘വീണപ്പോൾ താങ്ങിയ അപരിചിതൻ/എന്നിലുള്ള സംശയം തീർത്തുതന്നില്ലേ' എന്ന് കേരളം സ്വയംപ്രഖ്യാപിച്ച നാളുകളായിരുന്നു അത്. സാഹോദര്യഭാവന എന്നത്, വ്യക്തിപരമോ മതാത്മകമോ ആയ കേവലമൂല്യമല്ലെന്നും സാമൂഹിക ജാഗ്രതയുടെ ഏറ്റവും ഉന്നതമായ രാഷ്ട്രീയാവിഷ്‌കാരമായി അത് മാറിത്തീരുമെന്ന് തെളിഞ്ഞുകണ്ട അപൂർവസന്ദർഭം. വീണവർക്ക് കൈത്താങ്ങായി, സഹസ്രദലസംശോഭിതമായ ഒരു അപൂർവപുഷ്പമെന്നപോലെ, കോടിക്കണക്കിനു മനുഷ്യർ, തമ്മിൽത്തമ്മിൽ കൈകോർത്തുനിന്നു.
അപ്പോഴും, മഹിതമായ ആ സാഹോദര്യഭാവനയ്ക്കുനേരെ കാർക്കിച്ചുതുപ്പാനും അതിനെ വെട്ടിപ്പിളർക്കാനും വെമ്പൽപൂണ്ട ചിലർ ഇവിടെ ബാക്കിയുണ്ടായിരുന്നു. കേരളത്തിന‌് ദുരിതാശ്വാസസഹായം നൽകിയാൽ അത് ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും മാത്രമേ ലഭിക്കൂ എന്ന് പറഞ്ഞവർ, ദുരിതാശ്വാസനിധിയിലേക്ക് പണം നൽകരുത് എന്ന‌് ആഹ്വാനം ചെയ്തവർ, യുഎഇ ഭരണകൂടം കേരളത്തിന് നല്കിയ സഹായം ലഭിക്കാനിടയില്ലാത്തതിനാൽ തങ്ങൾ ആഘോഷത്തിലാണ് എന്ന് മടികൂടാതെ പ്രഖ്യാപിച്ചവർ, മലയാളികൾ ഏറ്റവും നാണംകെട്ട ജനവിഭാഗങ്ങളാണെന്ന് ആക്രോശിച്ചവർ... അങ്ങനെ കുറെപ്പേർ. ഏഴുദശകങ്ങൾക്കുമുമ്പ്, സാഹോദര്യത്തിന്റെ ഹൃദയമന്ത്രങ്ങളുരുവിട്ടുകൊണ്ടേയിരുന്ന മഹാത്മാവിന്റെ നെഞ്ചിനുനേരെ നിറയൊഴിച്ച കൈത്തോക്ക് അവർ ഈ ദുരിതകാലത്ത് കേരളത്തിനുനേരെ ഉയർത്തിപ്പിടിച്ചു. ദുരിതങ്ങളുടെ പ്രളയഭൂമിയിൽ കൈകോർത്തുനിന്ന ജീവിതമഹിമയുടെ മഹാശില്പത്തെ ഇപ്പോഴെങ്കിലും ഛിന്നഭിന്നമാക്കാനാകുമെന്ന് അവർ വ്യഗ്രതപൂണ്ടു. എങ്കിലും കേരളം അതുല്യമായ ജീവിതമഹിമയോടെ ആ ക്ഷുദ്രതയെ അതിജീവിച്ചു. ഹീനതയുടെ ആ പൂർണാവതാരങ്ങളെ പിന്നിലാക്കി കേരളമിപ്പോഴും സോദരത്വേന കൈകോർത്തുതന്നെ നിൽക്കുന്നു. നൂറ്റാണ്ടോളമെത്തിയ ഒരാശയം അലയടിച്ചുകൊണ്ടേയിരിക്കുന്നു:

‘പ്രിയമപരന്റെയതെൻപ്രിയം; സ്വകീയ
പ്രിയമപരപ്രിയം; മിപ്രകാരമാകും
നയ; മതിനാലെ, നരന്നുനന്മനല്കും
ക്രിയയപരപ്രിയഹേതുവായി വരേണം'

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top