20 June Sunday

തദ്ദേശഭരണ പൊതുസർവീസ്‌ വരുമ്പോൾ

പി സുരേഷ്‌Updated: Saturday Jul 4, 2020


അധികാര വികേന്ദ്രീകരണം ഏറ്റവും സർഗാത്മകമായും പ്രായോഗികമായും നടപ്പാക്കിയതിലൂടെ വലിയ വികസനലക്ഷ്യങ്ങൾ നേടാനായ സമൂഹമാണ് കേരളം. ഉൽപ്പാദനാധിഷ്ഠിതമായ വികസനരീതി നടപ്പാക്കി കാർഷികമേഖലയെ ശക്തിപ്പെടുത്തുകയും പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യരംഗത്തും ഇടപെടുകയും ഇടതുപക്ഷ സർക്കാരുകൾ പിന്തുടർന്ന  വികസനക്ഷേമ മാതൃകയ്ക്ക് കരുത്തുപകരുകയും ചെയ്തു. മികച്ച ചികിത്സാസൗകര്യം എല്ലാവർക്കും ലഭ്യമാക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും കഴിഞ്ഞു. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് അടിത്തറയായി മാറിയ ആരോഗ്യസംവിധാനത്തിന്റെ രൂപപ്പെടലിനും ഇത്‌ സഹായകരമായി മാറി. സമ്പൂർണ പാർപ്പിട സമൂഹമെന്ന ലക്ഷ്യത്തിന് പ്രായോഗികമാനം ഉണ്ടാക്കുന്നതിനും കഴിഞ്ഞു.

ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് നിയോഗിച്ച ഭരണപരിഷ്‌കാര കമീഷൻമുതൽ സ്വീകരിച്ചുവന്ന വികസനകാഴ്‌ചപ്പാടിന്റെ ഭാഗമായി തുടർന്നുവന്ന പരിഷ്‌കാരങ്ങളിലൂടെയാണ് ഈ നേട്ടങ്ങൾ ഉണ്ടാക്കുന്നതിന്‌ കഴിഞ്ഞത്. എന്നാൽ, വലതുപക്ഷം അധികാരത്തിൽ വന്ന ഘട്ടത്തിലെല്ലാം ഇതിനെതിരായസമീപനം കൈക്കൊണ്ടിരുന്നു.

പ്രവർത്തനം കാര്യക്ഷമമാകും
1967ൽ ഇ എം എസ് സർക്കാർ മുനിസിപ്പൽ കോമൺ സർവീസിന്‌ രൂപം നൽകിയത് അതിപ്രധാന പരിഷ്‌കാരമായിരുന്നു. പഞ്ചായത്ത്, നഗരസഭ, ഗ്രാമവികസന വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഏകീകൃതമായ തദ്ദേശഭരണവകുപ്പിന് രൂപം കൊടുക്കണമെന്നും ഒരു മന്ത്രിക്കും വകുപ്പുമേധാവിക്കും കീഴിൽ കൊണ്ടുവരണമെന്നുമുള്ള ആവശ്യകത ചർച്ച ചെയ്യപ്പെടുന്നതിന് ജനാധിപത്യ അധികാര വികേന്ദ്രീകരണത്തിന്റെ പൊതുവായ അന്തരീക്ഷം സഹായകരമായി മാറി.  2006–-2011 കാലത്തെ ഇടതുപക്ഷ സർക്കാർ ഇതിനുള്ള തീരുമാനം കൈക്കൊണ്ടു. 2011 ഫെബ്രുവരിയിൽ തദ്ദേശഭരണ പൊതു സർവീസ് രൂപീകരിച്ചു. എന്നാൽ, തുടർന്നുവന്ന യുഡിഎഫ് സർക്കാർ അത് അട്ടിമറിച്ചു. 2016ലെ എൽഡിഎഫ്‌ പ്രകടന പത്രികയിൽ തദ്ദേശ സ്വയംഭരണ പൊതു സർവീസ് രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന്‌ 2011ലെ സർക്കാർ ഉത്തരവിന്റെയും അത്‌ പരാമർശിച്ചുകൊണ്ടുള്ള 2016ലെ നയപ്രഖ്യാപന പ്രസംഗത്തിന്റെയും തുടർച്ചയായി തദ്ദേശ പൊതുസർവീസ് രൂപീകരിക്കുന്നതിന് 2016ൽ ലോക്കൽ കമീഷനെ ചുമതലപ്പെടുത്തി. ഇതിന്റെ മുൻ വ്യവസ്ഥ എന്ന നിലയിൽ ഏകീകൃത സർവീസിന്റെ ഭാഗമായി മാറേണ്ടുന്ന അഞ്ച്‌ വകുപ്പുകളിൽ സർക്കാർ സർവീസല്ലാത്ത മുനിസിപ്പൽ കോൺസർവീസിനെ സർക്കാർ സർവീസാക്കി കരട്‌ ബില്ലിന് 2018 ഫെബ്രുവരി 12ലെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. തുടർന്ന് മാർച്ച് ആറിന് സർക്കാർ ഓർഡിനൻസിലൂടെ നിയമപ്രാബല്യവും നൽകി. 2019 നവംബർ 13ന് നിയമസഭ നിയമം പാസാക്കുകയും ചെയ്തു.


 

ആസൂത്രണവും നിർവഹണവും എളുപ്പമാകും
പഞ്ചായത്ത് വകുപ്പ് 13404, ഗ്രാമവികസവകുപ്പ് 4905,  മുനിസിപ്പൽ കോമൺ സർവീസ്  6202, തദ്ദേശ എൻജിനിയറിങ്‌ വകുപ്പ്  5458, ഗ്രാമനഗരാസൂത്രണവകുപ്പ്  561, നഗരകാര്യം 228, തൃശൂർ കോർപറേഷൻ ഇലക്ട്രിക് വിങ്‌ 229 എന്നിങ്ങനെ 30987 ജീവനക്കാർ ഏകീകൃത വകുപ്പിന്റെ ഭാഗമാകും. തദ്ദേശ സ്ഥാപനങ്ങളെ കരുത്തുറ്റ പ്രാദേശിക സർക്കാരുകളാക്കി മാറ്റുന്ന ചരിത്രപരമായ തീരുമാനമെന്ന നിലയിൽ കേരളത്തിന്റെ ഭരണരംഗത്ത് അതിപ്രധാനമാണ് പൊതുസർവീസിന്റെ രൂപീകരണം.

വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ സഹായിക്കുന്നതും ഇന്ന് നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് ഏകീകൃതമായ സ്വഭാവം ഉണ്ടാക്കുന്നതിനും വികേന്ദ്രീകരണ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സഹായകരമാകും.  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികളുടെ ആസൂത്രണവും നിർവഹണവും എളുപ്പമാക്കാനുമാകും. ജില്ലാ പദ്ധതി തയ്യാറാക്കുന്നതിനും  അനിവാര്യമാണ്. തദ്ദേശ പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികളും സംയോജിപ്പിച്ച്  ജില്ലാ പദ്ധതി രൂപപ്പെടുത്താനും കഴിയും. വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ആസൂത്രണ, നിർവഹണ പ്രവർത്തനങ്ങൾ നടത്തേണ്ടുന്നതും അവലോകനം ചെയ്യേണ്ടതുമെല്ലാം അതത് തദ്ദേശഭരണ സ്ഥാപനങ്ങളാണ്.

നഗരവൽക്കരണം നഗരസഭകളുടെ ചുമതലകളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മാലിന്യ സംസ്‌കരണം, നഗരപരിസ്ഥിതി, പകർച്ചവ്യാധികളും അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളുമെല്ലാം പുതിയ സാഹചര്യങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനും പൊതുജനാരോഗ്യം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയ മേഖലകളിലുമെല്ലാം ഇടപെടുന്നതിന്‌ ആവശ്യമായ വൈദഗ്ധ്യവും പരിശീലനവും ലഭിച്ച ആരോഗ്യവിഭാഗത്തെ രൂപപ്പെടുത്തുക എന്ന കാഴ്ചപ്പാടോടെയാണ് നഗരസഭകളിലെ ഹെൽത്ത്‌ വിഭാഗത്തെ സംഘടിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ ഉൾക്കൊണ്ട്‌ സേവനോന്മുഖമായ പ്രാദേശിക ഭരണസംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ പൊതു സർവീസിന് രൂപം നൽകുന്നത്. ഇത് വികസനരംഗത്ത് പുതിയ ചുവടുവയ്പാകുമെന്നത് തീർച്ചയാണ്.

( കെഎംസിഎസ്‌യു ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top