07 August Friday

അനന്തരം അതിജീവനം - പി ശ്രീരാമകൃഷ്ണൻ എഴുതുന്നു

പി ശ്രീരാമകൃഷ്ണൻUpdated: Thursday Jun 4, 2020

കൊറോണ സൃഷ്ടിച്ച ആശങ്കകൾ നമ്മെ വിട്ടൊഴിഞ്ഞിട്ടില്ല. ആ സാഹചര്യങ്ങളോട്  പൊരുത്തപ്പെട്ട് മാറ്റങ്ങൾക്ക് വിധേയമാകാൻ നമ്മൾ സജ്ജരായി. കൊറോണ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട്  അവസരങ്ങളുടെയും വളർച്ചയുടെയും ആഗോള പൗരത്വത്തിലേക്ക് കേരളീയരെ ഉയർത്തേണ്ടത് എങ്ങനെയെന്ന ചർച്ചയ്ക്കുള്ള ഒരു സമവായമാണ് രാഷ്ട്രീയ പാർടികൾക്കിടയിൽനിന്നും സാമൂഹ്യ ശാസ്ത്രജ്ഞരിൽനിന്നും സാമ്പത്തികവിദഗ്ധരിൽനിന്നും ഉയർന്നുവരേണ്ടത്. ലോക മലയാളി എന്ന പ്രയോഗത്തിന്റെ യഥാർഥ അവസ്ഥയിലേക്കെത്താൻ കഴിയുന്ന ഒരു സംവാദം കേരളം ആവശ്യപ്പെടുന്നുണ്ട്. നേരിടുന്ന പ്രതിസന്ധികളെയും പ്രശ്നങ്ങളെയും കൃത്യമായി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. പ്രശ്നങ്ങൾ അടയാളപ്പെടുത്തിയാൽ പല പരിഹാരങ്ങളും നിർദേശിക്കപ്പെടാം.

ഗ്രീക്ക്‌ തത്വചിന്തകനായ ഹെറാക്ലീറ്റസ് പറഞ്ഞ ഒരു വാചകം സുപരിചിതമാണ് “ജീവിതത്തിൽ മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ”. ഈ കൊറോണക്കാലത്ത് മനസ്സിലാക്കിയ പ്രപഞ്ചസത്യങ്ങളിൽ ഒന്ന് അതാണുതാനും. ജീവജാലങ്ങളുടെ അതിജീവനതത്വത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്, പരിതസ്ഥിതികൾക്കനുസരിച്ച് സ്വയം മാറാനുള്ള കഴിവാണ്. മാറ്റമാണ് വളർച്ച. ആർക്കാണോ വലുതാകാൻ കഴിയുന്നത് എന്ന ചോദ്യത്തിനുത്തരം, ‘ആരാണോ മാറുന്ന കാലത്തെയും മാറുന്ന സാഹചര്യങ്ങളെയും അഭിസംബോധന ചെയ്യാൻ കഴിയുന്നവൻ’ എന്നാണ്. കൊറോണ വൈറസിനെതിരെ വാക്സിൻ കണ്ടുപിടിക്കുന്നത് ദുഷ്കരമാക്കുന്ന ഒരു കാരണം, അതിന് കൈവരുന്ന ജനിതകമാറ്റമാണ്.

കൊറോണയ്ക്കുമുമ്പുള്ള സമയം പൗരത്വ രജിസ്റ്ററിനെക്കുറിച്ചുള്ള ചർച്ചകളുടേതായിരുന്നു. സത്യത്തിൽ, ഇന്നത്തെ പൗരൻ ഡിജിറ്റൽ ലോകത്തെ പൗരനാണ്. ആ പൗരന്റെ സാധ്യതയും വെല്ലുവിളികളും പഠനവിധേയമാക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ ‘ഡിജിറ്റൽ ഡെമോക്രസി’ എന്ന ആശയം ഉയർന്നുവരണം.  പൗരത്വ രജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്തതുകൊണ്ടുമാത്രം കിട്ടുന്ന ഒരു പൗരത്വമല്ല ഡിജിറ്റൽ സിറ്റിസൺഷിപ്. അവിടെനിന്നാണ് നമ്മൾ ചർച്ച തുടങ്ങേണ്ടത്. ഐടി അറ്റ്‌ സ്‌കൂൾ എന്ന് നമ്മൾ പൊതുവേ പറയാറുണ്ടെങ്കിലും ആശയവിനിമയത്തിന്റെയും അന്വേഷണാത്മക ചിന്തയുടെയും ഡിസറപ്ഷന്റെയും പുതിയ പ്രയോഗങ്ങളുടെയും കണ്ടെത്തലുകളുടെയും അഥവാ സമഗ്ര വിജ്ഞാനത്തിന്റെ വിശാല ലോകമായി അത് മാറും അല്ലെങ്കിൽ മാറ്റാൻ സാധിക്കും. വർക്ക്‌ അറ്റ്‌ ഹോം എന്ന ആശയത്തെ ലോകമെമ്പാടുമുള്ള ആളുകൾ സ്വീകരിച്ചുകഴിഞ്ഞു. ഒരു വർഷത്തേക്ക് ഈ ആശയത്തെ പിൻപറ്റാൻ ഗൂഗിൾ ആഹ്വാനം ചെയ്തിരിക്കുന്നു.  അതിന്‌ എത്ര പേർക്ക് സാഹചര്യവും സൗകര്യവുമുണ്ടായിരുന്നു എന്നതുപോലെതന്നെ എത്ര പേർക്ക് അതിനുള്ള വിജ്ഞാനമുണ്ടായിരുന്നു എന്നതും പ്രധാനമാണ്. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സൂചികകളോടെ ലോകത്തെ വിസ്മയിപ്പിച്ച കേരളം ആതുരസേവന രംഗത്തും രോഗപ്രതിരോധത്തിലും  ഇപ്പോൾ ലോകത്തെ പഠിപ്പിക്കുകയാണ്.


 

സേവനമേഖല കൂടുതൽ  എളുപ്പവും വേഗതയുള്ളതുമാകണമെന്ന ആവശ്യമുണ്ട്. എന്നാൽ, അതിന് കേന്ദ്രീകൃത മാർഗങ്ങൾ കണ്ടെത്തിയിട്ടില്ല. സേവനമേഖലയുടെ ഈ വളർച്ചാസാധ്യത, ലോകത്താകമാനമുള്ള മനുഷ്യരുടെ ജീവിതനിലവാരം വലിയതോതിൽ വർധിപ്പിക്കുന്നതിനുള്ള നവീനമായ ആശയങ്ങളും പ്രയോഗരീതികളും വികസിപ്പിക്കും. അങ്ങനെ സംഭവിക്കുമ്പോൾ, സേവനമേഖലകളിലെ തൊഴിലവസരങ്ങളുടെ നേട്ടം ഏറ്റവും കൂടുതൽ  കൊയ്തെടുക്കുന്ന സമൂഹങ്ങളിൽ ഒന്നായിരിക്കും കേരളം. ആ നേട്ടത്തിലേക്ക് കൊണ്ടെത്തിക്കാനുള്ള ഉദ്യമമാണ് വേണ്ടത്. പലതരത്തിലുള്ള സേവനങ്ങളെ ഡിജിറ്റൽ സിറ്റിസൺഷിപ്പിലൂടെ അഥവാ ഡിജിറ്റൽ ജനാധിപത്യത്തിലൂടെ എല്ലാവർക്കും ലഭ്യമാകുന്ന സാഹചര്യത്തിലേക്ക് വളർത്തിയെടുത്താൽമാത്രം, നമ്മുടെ എല്ലാ വളർച്ചാവാതിലുകളും തുറക്കാൻ സാധിക്കുകയില്ല. അതുകൊണ്ട്, സേവനമേഖലയിലെ വളർച്ചയും ഉൽപ്പാദനരീതിയും തമ്മിൽ ഒരു പാരസ്പര്യമുണ്ടാക്കാനുള്ള പരിശ്രമം വേണം. ആരോഗ്യരംഗം പോലുള്ളവ കൂടുതൽ ജാഗരൂകമായ ഈ കാലത്ത് പലയിടങ്ങളിലുള്ള ഡോക്ടർമാരുടെയെല്ലാം സേവനം ഏകോപിപ്പിക്കേണ്ടതായുണ്ട്. പലരും ഓൺലൈൻ കൺസൾട്ടേഷനും വാട്സാപ്പും ഡോക്ടേഴ്സ് മൊബൈൽ ആപ്പുകളും ഉപയോഗിച്ചുതുടങ്ങിക്കഴിഞ്ഞു.

ഡിസൈനിങ്, കംപ്യൂട്ടർ സംബന്ധമായ ജോലികൾ, അധ്യാപനം  തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്ന ധാരാളം പ്രവാസികളുണ്ട്. അക്കൂട്ടത്തിൽ മടങ്ങിയെത്തുന്നവരുണ്ടെങ്കിൽ അവരുടെ പരിചയം ഉപയോഗപ്പെടുത്തി പുതിയ സംരംഭങ്ങൾ ആരായാം. ലോക കേരളസഭയിൽ നമ്മൾ മുന്നോട്ടുവച്ച കേരള വികസനത്തിനായുള്ള ഒരു സ്പെഷ്യൽ ഹാക്കത്തൺ എന്ന ആശയം സജീവമാകേണ്ട ഘട്ടംകൂടിയാണിത്. ഡിസൈനിങ്, ബാങ്കിങ് തുടങ്ങിയ സേവനരംഗങ്ങളിൽ ഡിജിറ്റൽ, ഓൺലൈൻ സാധ്യതകൾ വലുതാണ്. ഓൺലൈൻ ബാങ്കിങ് മുമ്പേതന്നെ പ്രചാരത്തിലായെങ്കിലും ഇന്നും അതുപയോഗപ്പെടുത്താൻ അറിയാത്തവർ ഏറെയുണ്ട്. പുസ്തക പ്രസാധനരംഗത്തുപോലും വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ പുതിയ സാങ്കേതികവിദ്യകൾക്കാകും.  ജിഡിപിയുടെ 33 ശതമാനംവരെ പ്രവാസികളിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. അതിനാൽതന്നെ, പ്രവാസലോകത്തിന്റെ അപ്രതീക്ഷിതമായ തിരിച്ചുവരവ് പ്രത്യേകിച്ചും പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എംബസി ഉദ്യോഗസ്ഥരും ബിസിനസ് ടൈക്കൂണുകളുംമുതൽ ഡ്രൈവർമാരും പ്ലംബർമാരും ഇലക്ട്രീഷ്യൻമാരും വീട്ടുജോലിക്കാരുംവരെയുണ്ട് പ്രവാസികളിൽ.


 

ലോക കേരളസഭയുടെ മുൻകൈയിൽ രൂപംകൊണ്ട ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ്‌ ഹോൾഡിങ്‌ ലിമിറ്റഡ് ‘പ്രാദേശികവളർച്ചയ്ക്ക് ആഗോളചിന്ത’ എന്ന ആശയത്തിലൂടെ പ്രവാസികളുടെ കഴിവും അനുഭവവും തൊഴിൽപരിചയവും കേരളത്തോടുള്ള അവരുടെ പ്രതിബദ്ധതയും വൈകാരികബന്ധവും സാമ്പത്തികവും സാമൂഹ്യവുമായ വികസനത്തിന് ഉപയുക്തമാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. സുതാര്യമായ സാമ്പത്തികനിക്ഷേപത്തിലൂടെ നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുമ്പോൾ സാധ്യമാകുന്ന ജനാധിപത്യബന്ധം അവർക്കുള്ള അംഗീകാരവും സാമ്പത്തികഭദ്രതയുംകൂടിയാണ് ഉറപ്പാക്കുന്നത്. അതോടൊപ്പം പുതിയ കൃഷി–-വിപണന രീതികളും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രളയകാലത്തെന്നപോലെ കൊറോണക്കാലത്തും കേരളത്തിലെ മനുഷ്യവിഭവശേഷിയും അതിന്റെ സംഘടിതവും സഹകരണാടിസ്ഥാനത്തിലുള്ളതുമായ പ്രവർത്തനക്ഷമതയും ലോകം കണ്ടു. കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനവും സന്നദ്ധപ്രവർത്തനത്തിനായി തയ്യാറായ ആയിരങ്ങളും അതിന് ഉദാഹരണങ്ങൾതന്നെ. ലോക്‌ഡൗൺ സമയത്ത്  ഉപജീവനത്തിനുപോലും ബുദ്ധിമുട്ടിയവർ ധാരാളമുണ്ടായി. നമുക്ക് ആവശ്യാനുസരണം ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങളുടെ പട്ടികതൊട്ട് കൃഷി, വ്യവസായം, സേവനമേഖലകൾ,  ജീവിതനിലവാര സാധ്യത, ഡിജിറ്റൽ വിപണി, ഓൺലൈൻ വ്യാപാരം, മൈക്രോലെവൽ ടൂറിസം തുടങ്ങി ഇതുവരെയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത മേഖലകളും അവയുടെ സാധ്യതകളും നമ്മുടെ  ഡാറ്റയിൽ ഉൾപ്പെടുത്തണം. ഉണങ്ങിയ ചാണകപ്പൊടിയുടെ 10 കിലോ പായ്‌ക്കറ്റ് 570 രൂപയ്ക്ക് ആമസോൺ വഴി ലഭ്യമാകുന്ന ഒരു കാലത്ത് മലയാളിയുടെ ഡിജിറ്റൽ പ്രവേശനത്തിന്റെ സാധ്യതകൾ അനന്തമാണെന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കണം. സേവനമേഖലയിലെ ആവശ്യങ്ങളുമായി പാരസ്പര്യമുള്ള കൂട്ടായ ഉൽപ്പാദനപ്രക്രിയ ആരംഭിച്ചാൽ മൂല്യവർധിതരംഗത്ത് കേരളം അത്ഭുതങ്ങൾ സൃഷ്ടിക്കും. അസംസ്കൃതവസ്തുക്കൾ ഉണ്ടെങ്കിലും ഇവ മൂല്യവർധിത  ഉൽപ്പന്നങ്ങളായി മാറിയിട്ടില്ല. അത്തരം സാധ്യതകൾ കണ്ടെത്തി, പുതിയ ഉൽപ്പാദകസംരംഭങ്ങൾ ആരംഭിക്കണം. അവയെ ഓൺലൈൻ വിപണിയിലെത്തിക്കാനാകുകയും ചെയ്താൽ സാമ്പത്തിക സ്രോതസ്സുകളെ  പുനരുജ്ജീവിപ്പിക്കാനാകുമെന്നു മാത്രമല്ല, തൊഴിൽ നഷ്ടങ്ങൾക്ക് പരിഹാരവുമാകും.


 

യാത്ര അസാധ്യമായ ഈ സാമൂഹ്യ സാഹചര്യത്തിൽ ഓരോരുത്തരും തങ്ങളുടെ പരിസ്ഥിതിയെയും പ്രകൃതിയെയും അടുത്തറിയാനും ആ അറിവും അനുഭവങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കാനും തുടങ്ങി. കേരളമാകെ ടൂറിസം സ്പോട്ടുകളാണ്. ഗ്രാമീണജീവിതത്തിന്റെ തുടിപ്പുകളും അനുഭവങ്ങളുമാണ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്. എന്നാൽ, അതിനനുസൃതമായ നവീനമായ, പങ്കാളിത്ത ടൂറിസം കേരളത്തിൽ ഒരു വരുമാനമാർഗമെന്ന രീതിയിൽ വികസിച്ചിട്ടില്ല.  ഹോംസ്റ്റേകളും പ്രാദേശിക തനിമകളോടെയുള്ള ഭക്ഷണം, സംസ്കാരികഘടകങ്ങൾ എന്നിവയും പാരിസ്ഥിതികാവബോധവും എല്ലാം കോർത്തിണക്കി പുതിയ ടൂറിസം സമവാക്യങ്ങളെ രൂപപ്പെടുത്താം. 

കൊറോണക്കാലത്ത് ഏറെ പ്രതിസന്ധി നേരിട്ട ഒന്ന്, കേരളത്തിലെ വിദ്യാഭ്യാസരംഗം തന്നെയാണ്. ഉപരിപഠനത്തിന് ഓൺലൈൻ, ഇന്റർനെറ്റ് സംവിധാനങ്ങളെ ആശ്രയിച്ചപ്പോഴും ഡിജിറ്റൽ അസമത്വമെന്ന് പറയാവുന്ന വിധം, ഏറെ പേർക്ക് അത് അപ്രാപ്യമായി. ഓൺലൈനായി പഠന സംവിധാനങ്ങളൊരുങ്ങിയിട്ടും സാഹചര്യം മുഴുവനായും അനുകൂലമാകുന്നില്ല. പൊതുവിദ്യാഭ്യാസത്തിന്റെ കീഴിൽ വരുന്ന 41 ലക്ഷത്തിലധികം കുട്ടികളിൽ രണ്ടര ലക്ഷത്തിലധികം കുട്ടികൾക്ക് സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ഇന്റർനെറ്റ് സൗകര്യമോ ലഭ്യമല്ല എന്ന് വിദ്യാഭ്യാസവകുപ്പിന്റെ സർവേ സൂചിപ്പിക്കുന്നു. അവരെ അങ്ങനെ മാറ്റിനിർത്തുക ജനാധിപത്യപരമായി ഉചിതമാകില്ല. വളാഞ്ചേരിയിലെ ദുഃഖകരമായ സംഭവം നമ്മളെ ഓർമിപ്പിക്കുന്നത് അതാണ്. സർവകലാശാലാ ഗവേഷണങ്ങൾ സമൂഹവുമായി ബന്ധമുള്ളതായി കാണുന്നില്ല. വെബിനാറുകളും ഫെയ്‌സ്ബുക് ലൈവും യുട്യൂബും മറ്റും ഉപയോഗപ്പെടുത്തി അക്കാദമികരംഗം ജഡീഭവിക്കാതെ കാക്കാൻ പലരും ജാഗ്രത പുലർത്തുന്നുണ്ട്. ഈ പുത്തൻ സാധ്യതകളെ കൂടുതൽ പേരിലേക്ക് എത്തിക്കാനും സാധാരണക്കാർക്ക് അവയെ പരിചയപ്പെടുത്താനും കൂടുതൽ സാധ്യതകൾ വികസിപ്പിക്കാനുമുള്ള ഉത്തരവാദിത്തം അക്കാദമിക്‌ സമൂഹത്തിനുണ്ട്.

ഏറ്റവും പ്രധാനപ്പെട്ട പ്രശ്നവും ആദ്യം പോംവഴി കാണേണ്ടതും ഇന്റർനെറ്റിന്റെ പ്രവർത്തനക്ഷമതയാണ്. 5 ജി ഉപയോഗിക്കുന്ന വിദേശരാജ്യങ്ങളിൽപ്പോലും ഓൺലൈൻ വഴിയുള്ള വർക്ക് അറ്റ് ഹോം പ്രാവർത്തികമാക്കിയപ്പോഴും ഇ ലേണിങ് തുടങ്ങിയപ്പോഴും നെറ്റിന്റെ വേഗത കുറയുന്ന സാഹചര്യമുണ്ട്. കേരളത്തിൽ നിലവിലുള്ള 4 ജി എത്രകണ്ട് ഇത്തരം കാര്യങ്ങൾക്ക് അനുകൂലമാകുമെന്ന് ചിന്തിക്കേണ്ടതുണ്ട്.  ഒപ്ടിക്കൽ ഫൈബർകൊണ്ട് ഇന്റർനെറ്റ് സംവിധാനം  ലഭ്യമാക്കുന്ന കെ ഫോൺപോലുള്ള പദ്ധതികൾ ഡിജിറ്റൽ ജനാധിപത്യത്തിലേക്കുള്ള ചവിട്ടുപടിതന്നെയാണ്. ഓരോ മേഖലയിലുമുള്ള പ്രശ്നങ്ങളെ പട്ടികയാക്കി, സാധ്യതകൾ ആരാഞ്ഞ്, പ്രവൃത്തിപഥത്തിലെത്തിക്കണമെങ്കിൽ എല്ലാ അനുഭവങ്ങളെയും സമാഹരിച്ച് അതുവഴി ഊർജം ഉൾക്കൊള്ളാൻ സഹായിക്കുന്ന തുറന്ന സംവാദം-–- കോവിഡാനന്തര അതിജീവനം എങ്ങനെയായിരിക്കണമെന്ന ചിന്തകളിലേക്ക് ഇത് സമർപ്പിക്കുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top