02 July Thursday

കോവിഡ് ഗവേഷണത്തിന്റെ മുൻവഴികൾ - ഡോ. വി ജി പ്രദീപ്‌കുമാർ എഴുതുന്നു

ഡോ. വി ജി പ്രദീപ്‌കുമാർUpdated: Monday May 4, 2020

കോവിഡ് –-19 രോഗവ്യാപനം ലോകത്തെയാകമാനം ആശങ്കയിലാഴ്ത്തുമ്പോൾത്തന്നെ ശാസ്ത്രലോകത്തെ അതുണർത്തുകയും വിവിധ തലത്തിലുള്ള ഗവേഷണങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ജനിതക ശാസ്ത്രജ്ഞന്മാർ, മൈക്രോ ബയോളജിസ്റ്റുകൾ, എപ്പിഡമിയോളജിസ്റ്റുകൾ, സാംക്രമികരോഗ വിദഗ്ധർ, മരുന്നുഗവേഷണ വിദഗ്ധർ, മാനസികരോഗ വിദഗ്ധർ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങി സാമൂഹ്യശാസ്ത്രജ്ഞർ വരെയുള്ള കൂട്ടായ്മകൾ ഗവേഷണങ്ങളിൽ ഏർപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. മുൻകാല പകർച്ചവ്യാധികളെ അപേക്ഷിച്ച് വ്യാപനത്തിന്റെ വേഗതയും രോഗബാധിതമായ രാജ്യങ്ങളുടെ കാര്യത്തിലും കോവിഡ് –-19 ശാസ്ത്രസമൂഹത്തിന്റെ ശ്രദ്ധ വളരെ പെട്ടെന്ന് പിടിച്ചുപറ്റി. താരതമ്യേന നിസ്സാരവൽക്കരിക്കപ്പെട്ട രോഗത്തിന്റെ ആരംഭദശയിൽനിന്ന്‌ പെട്ടെന്ന് വൻകരകൾ കടന്നുള്ള വ്യാപനവും വികസിത രാജ്യങ്ങളിലെ മരണനിരക്കും പൊതുവെ ലോകജനത ആരോഗ്യരംഗത്തെപ്പറ്റി പുലർത്തിവന്നിരുന്ന വിശ്വാസ പ്രമാണങ്ങളെ അട്ടിമറിക്കുന്നതായതുകൊണ്ടും ഗവേഷകരെ ആശ്ചര്യചകിതരാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങളുള്ള രാജ്യമെന്നു കരുതുന്ന അമേരിക്കയിലെ രോഗികളുടെ എണ്ണവും മരണനിരക്കും പൊതുവെ എല്ലാവരിലും അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഇതെല്ലാംകൊണ്ടുതന്നെ ഈ നൂറ്റാണ്ടിലെ ഏറ്റവും ഗഹനമായ ഗവേഷണ അന്വേഷണങ്ങൾക്ക് കോവിഡ് –-19 പാത്രമാകുമെന്നതിൽ സംശയമില്ല.

-ഗവേഷണമേഖലകൾ
കോവിഡ് –-19 വിവിധതലങ്ങളിലുള്ള ഗവേഷണങ്ങൾക്ക് സാധ്യത നൽകുന്നു. ലോകത്താകമാനം പടർന്ന സാംക്രമികരോഗമെന്നനിലയ്ക്ക് രോഗത്തിന്റെ പ്രഭവം, വ്യാപനം, സങ്കീർണതകൾ എന്നിവ പഠനവിഷയങ്ങളാക്കാൻ എപ്പിഡമിയോളജിസ്റ്റുകൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലെ രോഗവ്യാപനരീതി, സാമൂഹ്യ ജീവിതരീതികളുമായുള്ള ബന്ധം, കാലാവസ്ഥാ സ്വാധീനം, വ്യാപനം തടയുന്നതിൽ ലോക്ക്‌ഡൗൺ തുടങ്ങിയ സാമൂഹ്യനിയന്ത്രണങ്ങളുടെ പങ്ക് എന്നിവ പ്രമുഖ ഘടകങ്ങളായി ഗവേഷകർക്കു മുമ്പിൽ നിൽക്കുന്നു. സമൂഹദൂരപാലനം, വ്യക്തിശുചിത്വം, സമ്പർക്കശ്രേണി കണ്ടെത്തൽ എന്നീ ഘടകങ്ങളും പരിശോധിക്കപ്പെടുന്നു. സമ്പർക്ക ശ്രേണിയിൽപ്പെടാത്തവർക്കുപോലും രോഗം സ്ഥിരീകരിക്കുന്നത് ഗവേഷകരെ കുഴയ്ക്കുന്ന ചോദ്യമായി നിൽക്കുന്നു.


 

രോഗലക്ഷണങ്ങളും സങ്കീർണതകളും വിശകലനം ചെയ്യപ്പെടേണ്ട രണ്ടാമത്തെ പ്രധാന കാര്യമാണ്. പ്രായം ചെന്നവരിലാ (60 വയസ്സിനു മുകളിൽ)ണ് രോഗാതുരതയും മരണനിരക്കും കൂടുതലെന്നു കാണുമ്പോഴും വളരെയധികം ചെറുപ്പക്കാർ (40 വയസ്സിനു താഴെ) ശ്വാസതടസ്സംമൂലം മരണപ്പെട്ടതായുള്ള വസ്തുത പഠനവിഷയമാക്കേണ്ടതാണ്. രോഗം മൂർച്ഛിച്ചവരിൽ പ്രായഭേദമെന്യേ വലിയൊരു ശതമാനം മരണത്തിനു കീഴടങ്ങിയതായും കണക്കുകൾ സൂചിപ്പിക്കുന്നു. മരണനിരക്ക് രണ്ടുമുതൽ മൂന്നുശതമാനംവരെയാണ് പല രാജ്യത്തുമെങ്കിൽ ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക എന്നിവിടങ്ങളിൽ മരണനിരക്ക് ഈ ശതമാനത്തേക്കാൾ കൂടുതലാണ്. സഹരോഗാതുരതകൾ, കൃത്രിമ ശ്വാസോച്ഛാസം നൽകാനുള്ള സംവിധാനങ്ങളുടെ അഭാവം, ഇനി ചികിത്സ നൽകേണ്ടതില്ല എന്നിവ വളരെ പ്രായം ചെന്നവരിലെ (75നു മുകളിൽ) ഉയർന്ന മരണനിരക്കിനു ഹേതുവാകാം. ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങൾക്കു പുറമെ, നാഡീവ്യൂഹത്തെയും പേശികളെയും ചുരുങ്ങിയതോതിൽ ഹൃദയമിടിപ്പിനെയും കോവിഡ് –-19 സങ്കീർണതകൾ ബാധിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്.

രോഗചികിത്സയുമായി ബന്ധപ്പെട്ട ഏകദേശം അമ്പതോളം ഗവേഷണപ്രബന്ധം ഇപ്പോൾത്തന്നെ പുറത്തുവന്നിട്ടുണ്ട്. വിവിധതരം മരുന്നുകൾ, പ്ലാസ്മാതെറാപ്പി, പ്രതിരോധ കുത്തിവയ്‌പുകൾ എന്നിവ ഇതിലുൾപ്പെടുന്നു. മരുന്നുകളിൽ രോഗത്തിന്റെ വ്യാപ്തിയും സങ്കീർണതകളും കുറയ്ക്കുന്നതിനുവേണ്ടിയുള്ളവ (ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്‌ഐവി അണുബാധയ്ക്കുള്ള മരുന്നുകൾ)വളരെയധികം രോഗികൾക്ക് നൽകപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. രോഗവിമുക്തി നേടിയ ആളുകളുടെ രക്തത്തിലെ -പ്ലാസ്മാഘടകം വേർതിരിച്ചെടുത്ത് അതിലെ ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു നൽകുന്ന രീതിയാണ് പ്ലാസ്മാ തെറാപ്പി. ഇന്ത്യയിൽ ഇതിന്‌ ഗവേഷണാംഗീകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നൽകിയിട്ടുണ്ട്.

സാമൂഹ്യ-, സാമ്പത്തിക പ്രതിസന്ധികൾ
വിവിധ ലോകരാജ്യങ്ങളിൽ നടപ്പാക്കിയ ലോക്ക്‌ഡൗൺ രോഗവ്യാപന നിയന്ത്രണത്തിന് സഹായകമായതായാണ് പ്രാഥമിക വിലയിരുത്തൽ. സിംഗപ്പൂർ, ദക്ഷിണകൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ലോക്ക്‌ഡൗൺ പിൻവലിച്ചതിനുശേഷമുള്ള കോവിഡിന്റെ രണ്ടാംവരവ് ഈ നിരീക്ഷണത്ത സാധൂകരിക്കുന്നുണ്ട്. എന്നാൽ, സമൂഹവ്യാപനം നടന്നുകഴിഞ്ഞ പല യൂറോപ്യൻ രാജ്യങ്ങളിലും ലോക്ക്‌ഡൗൺ വേണ്ടത്ര ഗുണം ചെയ്തുവോ എന്നു ഗവേഷകർ സംശയമുന്നയിക്കുന്നുണ്ട്. സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ സ്കൂളുകളുൾപ്പെടെ പ്രവർത്തിക്കുമ്പോഴും രോഗികളുടെ സംഖ്യ വലിയതോതിൽ ഉയരാതെയുള്ള കാഴ്ചയും ഗവേഷകർക്ക് പഠനവിഷയമായിട്ടുണ്ട്.


 

കോവിഡ് –-19 സാമ്പത്തികരംഗത്തുണ്ടാക്കിയ പ്രത്യാഘാതങ്ങളും തന്മൂലമുള്ള സാമൂഹ്യപ്രതിസന്ധികളും ലോകത്തെ സാമ്പത്തിക ശാസ്ത്രജ്ഞർ ആശങ്കയോടെയാണ് കാണുന്നത്. വികസിത-, വികസ്വര, -അവികസിത രാജ്യങ്ങളിലെ ജീവിതത്തെ കോവിഡ് –-19 ചുഴറ്റിയെറിഞ്ഞു കഴിഞ്ഞു. ലോക സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിളക്കിയ ഇതുപോലൊരു സംഭവം കഴിഞ്ഞ കുറെ ദശകങ്ങളായുണ്ടായിട്ടില്ല. അന്താരാഷ്ട്ര നാണയനിധി , ലോകബാങ്ക് എന്നിവ വരാനിരിക്കുന്ന ലോകസാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ഇപ്പോഴേ ശക്തമായ സൂചനകൾ നൽകിക്കഴിഞ്ഞിരിക്കുന്നു. ഐക്യരാഷ്ട്രസഭയാകട്ടെ ലോകത്ത് വലിയ ഭക്ഷ്യക്ഷാമവും അവശ്യസാധനങ്ങളുടെ ദൗർലഭ്യവും പ്രവചിക്കുന്നു. പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, മരുന്നുക്ഷാമം, ഇതര സാംക്രമിക -ജീവിതശൈലീരോഗങ്ങൾ മൂലമുള്ള മരണം എന്നീ ഭാവിയിലെ ആശങ്കാജനകമായ കാര്യങ്ങളെപ്പറ്റി സാമൂഹിക സാമ്പത്തിക വിദഗ്ധർ ഗഹനമായിത്തന്നെ നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങിയിട്ടുണ്ട്.

കോവിഡ് –-19 വിവിധ മേഖലകളിലെ ഗവേഷകർക്ക് ചുരുങ്ങിയത് ഒരു ദശാബ്ദക്കാലത്തേക്കുള്ള പഠനവിഷയങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. രാജ്യങ്ങളുടെ അതിർത്തിക്കപ്പുറം മാനവരാശിയുടെ നന്മയ്ക്കായുള്ള ഗവേഷക കൂട്ടായ്മയും സഹകരണവുമാണ് ഇന്നിന്റെ ആവശ്യം. ലോകജനതയെ പ്രതിസന്ധിയിലാക്കിയ മഹാമാരിയുടെ പരിണതഫലങ്ങളെ ശാസ്ത്രീയമായ പഠന-ഗവേഷണങ്ങളിലൂടെയുള്ള പരിഹാരങ്ങൾകൊണ്ടു മാത്രമേ നമുക്ക് മറികടക്കാനാകൂ. ഇവിടെ ശാസ്ത്രഗവേഷക സമൂഹത്തെ നയിക്കേണ്ടത് കേവലം സ്ഥാപിത -കച്ചവട താൽപ്പര്യങ്ങൾക്കപ്പുറം ലോകമാനവരാശിയുടെ ക്ഷേമവും അതിജീവനവും മാത്രമാകണം.

( കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക്‌ സംസ്ഥാൻ സെക്രട്ടറിയാണ്‌ ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top