15 December Sunday

ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകർക്കാൻ

പ്രകാശ്‌ കാരാട്ട്‌Updated: Thursday Apr 4, 2019


ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതൊരു മണ്ഡലമായ വയനാട്ടിൽ നിന്നുകൂടി മത്സരിക്കാൻ രാഹുൽ ഗാന്ധി തീരുമാനിച്ചിരിക്കുന്നു. സ്ഥാനാർഥിപ്രഖ്യാപനം നടത്തവെ ഇതിന് ന്യായീകരണമായി എ കെ ആന്റണിയും മറ്റു കോൺഗ്രസ് നേതാക്കളും മുന്നോട്ടുവച്ച വാദഗതി ബിജെപി ദക്ഷിണേന്ത്യയിലും വർഗീയവിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് പ്രസിഡന്റ് ദക്ഷിണേന്ത്യയിലും മത്സരിക്കേണ്ടത് ആവശ്യമാണെന്നാണ്. 

അതാണ് കാര്യമെങ്കിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി കർണാടകത്തിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന‌് മത്സരിക്കാൻ തയ്യാറാകാത്തത്? ബിജെപി പ്രധാന ശക്തിയായ ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം കർണാടകമാണ്.  കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകളിൽ വിജയിച്ചതും ബിജെപിയായിരുന്നു.  ഈ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസും ജനതാദളും (എസ്) തമ്മിൽ സഖ്യവും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തമുള്ള 28 സീറ്റിൽ കോൺഗ്രസിന് ഒരു സീറ്റ് പോലും രാഹുൽ ഗാന്ധിക്ക് മത്സരിക്കുന്നതിനായി കണ്ടെത്താനായില്ലേ? അങ്ങനെ ചെയ‌്തിരുന്നെങ്കിൽ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിലും ബിജെപിക്കെതിരെ പൊരുതുകയാണെന്ന സൂചന നൽകുമായിരുന്നു. എന്നാൽ, അത് ചെയ‌്തില്ല. അതിനുപകരം കോൺഗ്രസ് പ്രസിഡന്റ് മത്സരിക്കാൻ തെരഞ്ഞെടുത്തത് ഇടതുപക്ഷ ജനാധിപത്യമുന്നണി (എൽഡിഎഫ്) പ്രധാന ശക്തിയായ കേരളമാണ്. അതായത് ബിജെപിക്കെതിരെ പൊരുതുന്നതിനുപകരം ഇടതുപക്ഷത്തെ ലക്ഷ്യമാക്കാനാണ് രാഹുൽ ഗാന്ധി തയ്യാറായത്.

ഇത്തരമൊരു തീരുമാനത്തിന്റെ ഉത്തരവാദിത്തം മുഴുവൻ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ രാഹുൽ ഗാന്ധിയുടേതുതന്നെയാണ്. എല്ലാ വശങ്ങളും പരിശോധിച്ചതിനുശേഷമായിരിക്കും ഇത്തരമൊരു തീരുമാനത്തിൽ എത്തിയിട്ടുണ്ടാകുക.  ഇതിൽ എത്താവുന്ന ഏക നിഗമനം ശ്രദ്ധാപൂർവം ഏറെ ചിന്തിച്ചുതന്നെ കോൺഗ്രസ് നേതൃത്വം എടുത്ത തീരുമാനമാണിതെന്നാണ്.  കോൺഗ്രസ് നേതൃത്വത്തിന്റെ ആശയപരവും രാഷ്ട്രീയവുമായ പാപ്പരത്തത്തിലേക്ക‌് വിരൽചൂണ്ടുന്നതാണ് ഈ തീരുമാനം. ദേശീയനിലവാരത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാ ശക്തികളെയും അണിനിരത്തുകയെന്ന വിശാലമായ വീക്ഷണം കൈക്കൊള്ളാനുള്ള കോൺഗ്രസിന്റെ ശേഷിക്കുറവും ഇത് വെളിപ്പെടുത്തുന്നു. 

മുൻകാല പ്രതാപങ്ങളുടെ മായികവലയത്തിന്റെ കെട്ടുപാടുകളിൽ കുരുങ്ങിക്കിടപ്പാണ് കോൺഗ്രസ് പാർടി.  പല സംസ്ഥാനങ്ങളിലെയും പ്രധാന മതനിരപേക്ഷ പാർടിയെന്ന സ്ഥാനംപോലും ഇന്ന് കോൺഗ്രസിന് അവകാശപ്പെടാനാകില്ല.  എന്നിട്ടും അങ്ങനെയാണെന്ന ഭാവത്തിലാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള നിലപാട് ബിജെപിക്കെതിരെ പൊരുതുന്ന മതനിരപേക്ഷ പ്രതിപക്ഷ ഐക്യത്തെ പോലും തകർക്കുകയാണ്. ഉത്തർപ്രദേശിലെയും ഡൽഹിയിലെയും സ്ഥിതിഗതികൾ പരിശോധിച്ചാൽമാത്രം ഇക്കാര്യം വ്യക്തമാകും. 

ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ബാലറ്റ് യുദ്ധത്തിൽ ഏറ്റവും നിർണായകമായ സംസ്ഥാനമാണ് 80 സീറ്റുള്ള ഉത്തർപ്രദേശ്. ഇവിടെ എസ‌്‌പി, ബിഎസ‌്‌പി, ആർഎൽഡി സഖ്യം ബിജെപിയെ പരാജയപ്പെടുത്താൻമാത്രം ശക്തമാണ്. കാരണം എന്തുതന്നെയായാലും ഈ സഖ്യത്തിൽ കോൺഗ്രസിന് ഒരിടം ലഭിച്ചില്ല. അത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ് എന്താണ് ചെയ്യേണ്ടത്? കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് സീറ്റാണ് ലഭിച്ചത്. മറ്റ് ആറ് സീറ്റുകളിൽ രണ്ടാംസ്ഥാനത്തും എത്തി.  അതിനാൽ ഈ എട്ട് സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും മറ്റ് സീറ്റുകളിൽ ത്രികക്ഷിസഖ്യത്തിന് പിന്തുണ നൽകുകയുമാണ് ചെയ്യേണ്ടിയിരുന്നത്. അങ്ങനെ ചെയ‌്തിരുന്നെങ്കിൽ അവർക്ക് സംസ്ഥാനത്തെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ജനങ്ങളുടെ പിന്തുണ കിട്ടുമെന്ന് മാത്രമല്ല, ബിജെപിക്കെതിരെ പൊരുതുന്ന പ്രസ്ഥാനമാണെന്ന വിശ്വാസ്യതയും ലഭിക്കുമായിരുന്നു. 

എന്നാൽ, അങ്ങനെ ചെയ്യുന്നതിനുപകരം കോൺഗ്രസ് പാർടി ചെയ‌്തത‌് 80 സീറ്റിലും മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള പാർടിയുടെ ജനറൽ സെക്രട്ടറിയായി പ്രയങ്ക ഗാന്ധിയെ പ്രഖ്യാപിക്കുകയും ചില ചെറുജാതിസംഘടനകളുടെയും മറ്റും വോട്ട് നേടാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ‌്തു. അവസാനം കോൺഗ്രസ് പ്രഖ്യാപിച്ചത് ത്രികക്ഷിസഖ്യത്തിന്റെ നേതാക്കൾ മത്സരിക്കുന്ന ഏഴ്സീറ്റ് ഒഴിച്ച് ബാക്കിയെല്ലാ സീറ്റിലും മത്സരിക്കുമെന്നാണ്. കോൺഗ്രസിന്റെ ഈ വാഗ്ദാനത്തെ മായാവതിയും അഖിലേഷും തള്ളിക്കളഞ്ഞു.  പരമ്പരാഗതമായി കോൺഗ്രസിനെ പിന്തുണയ‌്ക്കുന്നവർപോലും ഈ സമീപനത്തെ മതനിരപേക്ഷ ഐക്യത്തിൽ വിള്ളൽ ഉണ്ടാക്കുന്നതായാണ് വിലയിരുത്തിയത്.  കാരണം കോൺഗ്രസിന് തനിച്ച് ഏറെ സീറ്റൊന്നും ഉത്തർപ്രദേശിൽ നേടാനാകില്ല എന്നതുകൊണ്ടുതന്നെ.

ഡൽഹിയിൽ ഒരു ധാരണയ‌്ക്കുവേണ്ടിയുള്ള ആംആദ്മി പാർടിയുടെ അഭ്യർഥനകളെല്ലാം കോൺഗ്രസ് നിരാകരിക്കുകയായിരുന്നു. എല്ലാവർക്കും അറിയുന്ന കാര്യം ആം ആദ്മി പാർടിയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയിലെത്തിയാൽ രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റിലും അവർക്ക് വിജയിക്കാൻ കഴിയുമെന്നതാണ്.  എന്നാൽ, പ്രത്യേകം പ്രത്യേകം മത്സരിച്ചാൽ ബിജെപി വിജയം ആവർത്തിക്കും. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടച്ചുനീക്കപ്പെട്ടിരുന്നു. ഒരു സീറ്റ് പോലും അവർക്ക് നേടാനായില്ല.  എന്നിട്ടും ആം ആദ്മി പാർടിയുമായി ധാരണയിലെത്താൻ കോൺഗ്രസ് തയ്യാറാകാത്തതിന് കാരണം കോൺഗ്രസിന് രണ്ട് സീറ്റ് മാത്രമാണ് വാഗ്ദാനംചെയ്യപ്പെട്ടത് എന്നതിനാലാണ‌്. 

ഇതേ സമീപനംതന്നെയാണ് വയനാട്ടിൽ മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിന് പിന്നിലും ഉള്ളത്. ഇതുവഴി യുഡിഎഫിന്റെ സീറ്റ് വർധിപ്പിക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നതെങ്കിലും  ഈ സമീപനം കോൺഗ്രസിനെ കൂടുതൽ ക്ഷയിപ്പിക്കുകയേ ഉള്ളൂ.

കേരളത്തിൽ സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമാണ് ബിജെപിക്കും ആർഎസ്എസിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ ശക്തമായി പൊരുതുന്നത്.  കോൺഗ്രസും യുഡിഎഫും പല ഘട്ടങ്ങളിലും വർഗീയശക്തികൾക്ക് കീഴടങ്ങിയും സന്ധിചെയ്യുകയും ചെയ‌്തിട്ടുണ്ട‌്. കേരളത്തിലെ ന്യൂനപക്ഷത്തിന് ഇതറിയുന്നതുകൊണ്ടുതന്നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം കൊണ്ടുമാത്രം അവരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. 

നിലവിലുള്ള രാഷ്ട്രീയസാഹചര്യത്തിൽ തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലേറ്റാൻ ഇടതുപക്ഷത്തിന്റെ പങ്ക് നിർണായകമാണ്.  ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കത്തെയും ഇടതുപക്ഷത്തിനെതിരെയുള്ള രാഹുൽ ഗാന്ധിയുടെ മത്സരം ഉൾപ്പെടെ കേരളത്തിലെ മതനിരപേക്ഷ ജനതയും ന്യൂനപക്ഷങ്ങളും ലാഘവത്തോടെ കാണില്ല.

മറ്റൊരർഥത്തിലും കോൺഗ്രസിന്റെ ഹൃസ്വദൃഷ്ടിയോടെയുള്ള ഈ സമീപനത്തിന് അവർ വലിയ വില നൽകേണ്ടിവരും. യുഡിഎഫിന്റെ ഭാഗമാണ് മുസ്ലിംലീഗ്. വയനാട് മണ്ഡലത്തിൽ മുസ്ലിംലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുൽ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സംയുക്ത സ്ഥാനാർഥിയായാണ് യുഡിഎഫ് ബാനറിൽ ജനവിധി തേടുന്നത്.  വയനാട്ടിലെ ഇടതുപക്ഷസ്ഥാനാർഥിയെ പരാജയപ്പെടുത്താനായുള്ള ശ്രമത്തിൽ രാഹുൽ ആശ്രയിക്കുന്നത്  മുസ്ലീംലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോൽപ്പിക്കാനാകില്ല. കോൺഗ്രസ് അധ്യക്ഷന്റെ മതനിരപേക്ഷ വിശ്വാസ്യതയ‌്ക്ക് ഇതൊരു നല്ല പരസ്യവുമാകില്ല!

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോൺഗ്രസ് നേതാക്കൾ തുടർച്ചയായി ബിജെപിയിലേക്കും തിരിച്ചും കൂറുമാറുന്ന സാഹചര്യമാണുള്ളത്. അസംതൃപ്തരായി ബിജെപി വിട്ടുവരുന്ന നേതാക്കൾക്ക് കോൺഗ്രസ് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകുകയാണ്. വർഗീയതയ‌്ക്കെതിരായ പോരാട്ടത്തിലെ ആശയപ്രതിബദ്ധതയാണ് ഇവിടെ ചോരുന്നത്.  ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഉത്തർപ്രദേശിലുള്ള ഇട്ടാവയിലെ ബിജെപി എംപിക്ക് സീറ്റ് നിഷേധിച്ചപ്പോൾ അയാൾ കോൺഗ്രസിൽ ചേർന്നതും ഉടൻതന്നെ അദ്ദേഹത്തിന് കോൺഗ്രസ് അവിടെ  മത്സരിക്കാൻ ടിക്കറ്റ് നൽകിയതും.   ഈ മാറാപ്പുമായാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എൽഡിഎഫിനെതിരെ മത്സരിക്കാൻ യുഡിഎഫ് സ്ഥാനാർഥിയായി രംഗപ്രവേശം ചെയ‌്തിട്ടുള്ളത‌്. മതനിരപേക്ഷ ജനാധിപത്യ ഐക്യത്തെ തകർക്കാനുള്ള ഈ ശ്രമത്തെ ഫലപ്രദമായി ചെറുക്കാൻ എൽഡിഎഫിന് കഴിയും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top