25 May Monday

അടി കൂടാനുള്ള കൂടിയാലോചനകൾ

കെ ശ്രീകണ്‌ഠൻUpdated: Wednesday Mar 4, 2020


കുട്ടനാട്‌ സീറ്റ്‌ തർക്കം തീർക്കാൻ യുഡിഎഫ്‌ നേതാക്കൾ മൂന്ന്‌ മണിക്കൂറിലേറെ ദൈർഘ്യമുള്ള ഉഭയകക്ഷിചർച്ചയാണ്‌ കഴിഞ്ഞദിവസം നടത്തിയത്‌. എന്നിട്ടും ഫലം കാണാതെ വന്നപ്പോൾ ചർച്ച തുടരാമെന്ന തീരുമാനത്തിലെത്തി പിരിഞ്ഞു. കീരിയും പാമ്പുംപോലെ  പോരടിച്ചുനിൽക്കുന്ന കേരള കോൺഗ്രസ്‌ വിഭാഗങ്ങളെ ഒരു ‘വഴി’ക്കാക്കാനുള്ള നീക്കമാണ്‌ കോൺഗ്രസ്‌ നടത്തുന്നത്‌. തദ്ദേശതെരഞ്ഞെടുപ്പിലും അത്‌ കഴിഞ്ഞു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തങ്ങളെ ചൂഴ്‌ന്ന്‌ നിൽക്കുന്ന പരാജയഭീതിയുടെ ചൂണ്ടുപലകയാണ്‌  കുട്ടനാട്‌ ഉപതെരഞ്ഞെടുപ്പെന്ന്‌ അവർക്ക്‌ അറിയാം. പാലാ ആവർത്തിക്കരുതെന്ന്‌  യുഡിഎഫ്‌  നേതൃത്വം കണിശമായ മുന്നറിയിപ്പ്‌ നൽകുന്നത്‌ ഈ ഭീതിയുടെ സൂചനയാണ്‌.  പക്ഷേ പി ജെ ജോസഫും ജോസ്‌ കെ മാണിയും ഇതിലൊന്നും കുലുങ്ങാൻ തയ്യാറുമല്ല. കുട്ടനാട്‌ സീറ്റ്‌ ഏറ്റെടുക്കുക കോൺഗ്രസിനെ സംബന്ധിച്ച്‌ ദുഷ്‌കരമാണ്‌. സീറ്റ്‌ കേരള കോൺഗ്രസിന്‌ തന്നെ എന്ന്‌ ആവർത്തിക്കുമ്പോഴും  ജോസഫ്‌–-ജോസ്‌  ഭിന്നത മൂർച്ഛിപ്പിച്ച്‌  സീറ്റ്‌ തരപ്പെടുത്താനാകുമോ എന്നായിരിക്കും കോൺഗ്രസ്‌ ആലോചിക്കുന്നത്‌. പാലാ, കോന്നി, വട്ടിയൂർക്കാവ്‌ എന്നിവിടങ്ങളിലെ അനുഭവം മുൻനിർത്തി ‘മൊത്തത്തിൽ മുങ്ങണോ, അതല്ല പിടിച്ചുനിൽക്കണോ’ എന്ന ചോദ്യമാണ്‌ പി ജെ ജോസഫിനും ജോസ്‌ കെ മാണിക്കുംമുന്നിൽ അവർ ഉയർത്തുന്നത്‌. കുട്ടനാട്‌ സീറ്റ്‌ കേരള കോൺഗ്രസിലെ ഏത്‌ വിഭാഗത്തിന്‌ നൽകിയാലും തർക്കം രൂക്ഷമാകുകയേയുള്ളൂ. മറിച്ച്‌ കോൺഗ്രസ്‌ ഏറ്റെടുത്താലോ  അതിനേക്കാൾ വലിയ തിരിച്ചടിക്ക്‌ വഴിയൊരുക്കും. അഴിയും തോറും മുറുകുന്ന മട്ടിൽ  യുഡിഎഫ്‌ കൂടുതൽ സങ്കീർണമാകുകയാണ്‌.

യുഡിഎഫിനെ മൊത്തത്തിൽ ഗ്രസിച്ചിരിക്കുന്ന പ്രതിസന്ധിക്ക്‌ കാരണം  കുട്ടനാട്‌ സീറ്റ്‌ തർക്കം മാത്രമല്ല. കോൺഗ്രസിൽ  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഒരു വശത്തും എ, ഐ ഗ്രൂപ്പുകൾ എതിർചേരിയിലും നിൽക്കുകയാണ്‌. മുസ്ലിംലീഗിൽ നേതാക്കളെ അണികൾ പൂട്ടിയിടുന്ന അസാധാരണ സ്ഥിതിവിശേഷംവരെയുണ്ടായി. എംഎസ്‌എഫ്‌ ഭാരവാഹികളെ നിശ്ചയിക്കാൻ എത്തിയ ലീഗ്‌ സെക്രട്ടറിമാരെയാണ്‌ കോഴിക്കോട്ട്‌ അണികൾ പൂട്ടിയിട്ടത്‌. ഇതിന്റെപേരിലുള്ള  അച്ചടക്കനടപടിയും പുറത്താക്കലും പ്രതിഷേധവും മുസ്ലിംലീഗ്‌ നേതൃത്വത്തിന്‌ തലവേദനയാണ്‌. അച്ചടക്കവും കേഡർ രീതിയും നഷ്ടമായതോടെ നേതൃത്വത്തിന്റെ കാലിടറാനും തുടങ്ങിയിട്ടുണ്ട്‌.

മുന്നണിക്ക്‌ നേതൃത്വം നൽകുന്ന രണ്ട്‌ കക്ഷികളിലും  കാര്യങ്ങൾ ഒട്ടുംപന്തിയല്ലെന്ന സൂചനയാണ്‌ പുറത്തുവരുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ വരെ ഒരുമിച്ച്‌ നിന്ന കേരള കോൺഗ്രസുകൾ ഇപ്പോൾ നാല്‌ കഷണമായി. ആർഎസ്‌പി, സി പി ജോൺ നയിക്കുന്ന സിഎംപി എന്നിവയാണ്‌ യുഡിഎഫിലെ പിന്നെയുള്ള കക്ഷികൾ. അവയുടെ ശക്തി എത്രത്തോളമെന്നത്‌ എല്ലാവർക്കും ബോധ്യവുമാണ്‌.


 

കുഞ്ഞാലിക്കുട്ടിയുടെ പാളിയ ദൗത്യം
യുഡിഎഫിന്റെ ഭാവി സംബന്ധിച്ച നിരാശയിൽനിന്നാണ്‌  കോൺഗ്രസ്‌ നേതാക്കളെ ഒരുമിപ്പിക്കാനുള്ള ദൗത്യവുമായി മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പുറപ്പെട്ടത്‌. അടുത്തിടെ ചേർന്ന ലീഗ്‌ നേതൃയോഗത്തിൽ ഇങ്ങനെ പോയാൽ യുഡിഎഫ്‌ അധോഗതിയിലാകുമെന്ന സ്വരമാണ്‌ ഉയർന്നത്‌. യുഡിഎഫ്‌ മുൻമന്ത്രിമാർ ഓരോരുത്തരായി അഴിമതി കേസുകളിൽപ്പെടുന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നതാണെന്ന്‌ ലീഗ്‌ നേതാക്കൾ വിലയിരുത്തി. ഈ പ്രയാസങ്ങളിൽനിന്ന്‌ കരകയറാൻ  അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നേ തീരൂവത്രേ. അതിന്‌  ആദ്യം വേണ്ടത്‌ കോൺഗ്രസിൽ അച്ചടക്കവും കെട്ടുറപ്പും. പക്ഷേ മുതിർന്ന നേതാക്കൾ തമ്മിലുള്ള അകൽച്ച അനുദിനം കൂടി വരുമ്പോൾ കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാനും  കഴിയുന്നില്ല.

നേതൃയോഗത്തിന്റെ നിർദേശം അനുസരിച്ച്‌  പി കെ കുഞ്ഞാലിക്കുട്ടി കോൺഗ്രസ്‌ നേതാക്കളുമായി തിരക്കിട്ട്‌ കൂടിക്കാഴ്‌ച നടത്തി. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ്‌ ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരെ കണ്ട്‌ കാര്യം പറഞ്ഞു. ഇങ്ങനെ തമ്മിലടിച്ച്‌ മുന്നോട്ടുപോയാൽ അധികാരത്തിൽ തിരിച്ചുവരാൻ കഴിയില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി തീർത്തുപറഞ്ഞു. ‘മുന്നണിക്ക്‌ കെട്ടുറപ്പ്‌ നഷ്‌ടമായി. ഈ നില തുടർന്നാൽ യുഡിഎഫ്‌ വലിയ അപകടത്തിലാകും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്‌. കോൺഗ്രസിലെ തർക്കം തീർക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ പുറപ്പാട്‌ പക്ഷേ ചില നേതാക്കൾക്ക്‌ അത്ര രസിച്ചില്ല. മുസ്ലിംലീഗിൽ  നേതാക്കളെ പൂട്ടിയിടലിൽവരെ കാര്യങ്ങൾ എത്തിനിൽക്കുമ്പോൾ  കോൺഗ്രസിന്റെ ആഭ്യന്തരത്തർക്കത്തിൽ കുഞ്ഞാലിക്കുട്ടി തലയിടണോ എന്നായിരുന്നു അവരുടെ സന്ദേഹം.

പിന്നാലെ ചേർന്ന യുഡിഎഫ്‌ നേതൃയോഗത്തിൽ കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും തർക്കം ചർച്ചയാകുമെന്ന്‌ കരുതിയെങ്കിലും അക്കാര്യം പരിഗണിച്ചതേയില്ല. കോൺഗ്രസിലെ പ്രശ്‌നം തങ്ങൾ തീർത്തുകൊള്ളാമെന്ന്‌ മുല്ലപ്പള്ളി യോഗത്തിൽ അറിയിച്ചതോടെ പി കെ കുഞ്ഞാലിക്കുട്ടിയുടെ ദൗത്യം പാളി.

മുള്ളും മുനയും വച്ച്‌ രാഷ്‌ട്രീയ കാര്യസമിതി
കെപിസിസിയുടെ കഴിഞ്ഞ  രാഷ്‌ട്രീയ കാര്യസമിതി യോഗമാണ്‌ കോൺഗ്രസിലെ പ്രതിസന്ധിയുടെ ആഴം  വ്യക്തമാക്കിയത്‌. ഇത്രയും ക്രിയാത്മകമായ ചർച്ച നടന്ന യോഗം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നാണ്‌ യോഗാനന്തരം മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താലേഖകരോട്‌ പറഞ്ഞത്‌. എന്നാൽ, രാഷ്‌ട്രീയ കാരൃസമിതിയിൽ യഥാർഥത്തിലുണ്ടായത്‌ എന്താണെന്ന്‌ പിറ്റേന്ന്‌ വള്ളിപുള്ളി വിടാതെ മാധ്യമങ്ങളിൽ വന്നു. ഇതിൽ ക്ഷുഭിതനായ മുല്ലപ്പള്ളി ഇനിമേലിൽ രാഷ്‌ട്രീയ കാര്യസമിതി വിളിക്കില്ലെന്ന്‌ തീരുമാനിച്ചു. മാർച്ച്‌ എട്ടിന്‌ വിളിച്ച യോഗം റദ്ദാക്കുകയും ചെയ്‌തു.  നേതൃത്വത്തിനെതിരെ പുകഞ്ഞുനിന്ന വികാരം രാഷ്‌ട്രീയ കാര്യസമിതിയിൽ ആളിക്കത്തുകയായിരുന്നത്രേ. തന്നെ ഒറ്റതിരിഞ്ഞ്‌ വിമർശിച്ചത്‌ മാത്രമല്ല മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്‌. യോഗത്തിൽ പങ്കെടുത്തവർ അവിടെ നടന്നത്‌ മുഴുവൻ  ചോർത്തിക്കൊടുത്തെന്നാണ്‌ മുല്ലപ്പള്ളിയുടെ പരാതി.

കേരളത്തിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾമാത്രം അടങ്ങിയതാണ്‌ രാഷ്‌ട്രീയ കാര്യസമിതി. വി എം സുധീരൻ അധ്യക്ഷനായിരുന്ന സമയത്ത്‌ പാർടിയും സർക്കാരും തമ്മിലുള്ള അകൽച്ച പരിഹരിക്കുന്നതിനുള്ള വേദിയായിരുന്നു ഇത്‌. ഇപ്പോൾ സർക്കാരില്ലല്ലോ, ആ നിലയ്‌ക്ക്‌  വ്യക്തിഹത്യയ്‌ക്കും ഗ്രൂപ്പ്‌ വേട്ടയ്‌ക്കും മാത്രമായി എന്തിനാണ്‌ ഇത്തരമൊരു വേദി എന്നാണ്‌ കോൺഗ്രസ്‌ ദേശീയനേതൃത്വത്തിന്‌ മുമ്പിൽ മുല്ലപ്പള്ളി ഉന്നയിച്ചത്‌. എഐസിസി  നിർദേശിച്ചാൽമാത്രമേ ഇനി രാഷ്‌ട്രീയ കാര്യസമിതി വിളിക്കുകയുള്ളൂവെന്ന്‌ അദ്ദേഹം പറഞ്ഞെങ്കിലും അത്‌ നേതൃത്വം ഇതുവരെ കേട്ട മട്ടില്ല.  മുല്ലപ്പള്ളി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല എന്നിവരുമായിപോലും കൂടിയാലോചിക്കുന്നില്ല. ഇവ്വിധത്തിലുള്ള  പരാതി ശക്തമായി നിലനിൽക്കെയാണ്‌ രാഷ്‌ട്രീയ കാര്യസമിതിയെത്തന്നെ അദ്ദേഹം നോക്കുകുത്തിയാക്കിയത്‌. ഇനി  കെപിസിസി ഭാരവാഹിയോഗത്തിൽ കാണാമത്രേ. പുനഃസംഘടിപ്പിച്ച കെപിസിസി ഭാരവാഹികളിൽ ഒരു പങ്ക്‌  മുല്ലപ്പള്ളിക്ക്‌ സ്വന്തമാണ്‌. അവരെ മുന്നിൽ നിർത്തി ഗ്രൂപ്പ്‌ നീക്കങ്ങൾക്ക്‌ മറുനീക്കത്തിനാണ്‌ അദ്ദേഹം കളമൊരുക്കുന്നത്‌.

പ്രതീക്ഷ മങ്ങിയ പുനഃസംഘടന
ഒന്നര വർഷത്തെ കഠിനശ്രമത്തിനൊടുവിൽ  കഴിഞ്ഞ ജനുവരിയിലാണ്‌ 47 ഭാരവാഹികളോടെ കെപിസിസി പുനഃസംഘടന യാഥാർഥ്യമായത്‌. 12 വൈസ്‌ പ്രസിഡന്റുമാരും 34 ജനറൽ സെക്രട്ടറിമാരും രംഗത്തിറങ്ങിയെങ്കിലും  ഭൂരിപക്ഷം പേരുടെയും പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലെത്തിയില്ലെന്നാണ്‌ പൊതുവിലയിരുത്തൽ. പുനഃസംഘടനതന്നെ വലിയ തർക്കത്തിന്‌ വഴിതെളിച്ചതിന്‌ പുറമെ അതേചൊല്ലി   മുതിർന്ന നേതാക്കൾ പലരും ഇപ്പോഴും കടുത്ത അമർഷത്തിലാണ്‌. പക്ഷേ പുനഃസംഘടന നടത്തിയിട്ട്‌ ഒരുമാസം കഴിഞ്ഞെങ്കിലും ജനറൽ സെക്രട്ടറിമാർപോലും പ്രത്യേക ചുമതലയൊന്നുമില്ലാതെ  തെക്ക്‌ വടക്ക്‌ നടക്കുകയാണ്‌. ഇനി സെക്രട്ടറിമാരുടെ പട്ടികയും അണിയറയിൽ രൂപം കൊള്ളുകയാണ്‌. അത്‌ കൂടി പുറത്തുവരുന്നതോടെ കോൺഗ്രസിൽ കലാപത്തിന്‌ തിരികൊളുത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top