04 June Thursday

ജനകീയ ചെറുത്തുനിൽപ്പിന്റെ വർഷം

പ്രകാശ്‌ കാരാട്ട്‌Updated: Saturday Jan 4, 2020


രാജ്യത്ത് ഹിന്ദുത്വ ഏകാധിപത്യ ഭരണക്രമം അടിച്ചേൽപ്പിക്കുന്നതിന്റെയും സാമ്പത്തികനില അതിദ്രുതം തകർന്നുകൊണ്ടിരിക്കുന്നതിന്റെയും പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾക്കും ഭരണഘടനയ്‌ക്കുതന്നെയും എതിരായ അതിക്രമങ്ങൾ പെരുകുന്നതിന്റെയും അനുഭവങ്ങൾ ബാക്കിവച്ചുകൊണ്ടാണ് 2019 കടന്നുപോയത്. ഭരണഘടനയെ സംരക്ഷിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യത്തിനുനേരെയുള്ള കടന്നാക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിനുമായി വർഷാവസാനം രാജ്യമെങ്ങും നൈസർഗികമായ പ്രതിഷേധങ്ങളുടെ കരുത്തുറ്റ പ്രസ്ഥാനങ്ങളാണ് ഉയർന്നുവന്നത്. 2019 മേയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത്, പുൽവാമാ ഭീകരാക്രമണത്തിന്റെയും അതിന്റെ പ്രതിക്രിയയായി ബാലാകോട്ട് നടത്തിയ തിരിച്ചടിയെക്കുറിച്ചുമുള്ള "ദേശീയതാ’ പ്രചാരണത്തിന്റെ പെരുമ്പറ കൊട്ടിപ്പാടിയാണ്.

ഹിന്ദുത്വ അജൻഡ
വർധിത ഭൂരിപക്ഷത്തോടെ മോഡി തിരിച്ചുവന്നതോടെ ഹിന്ദുത്വ അജൻഡയുടെ കടുത്ത നടപടികൾ അടിച്ചേൽപ്പിക്കാൻ തുടങ്ങി. പിന്നീടുള്ള ഏഴുമാസം ദർശിച്ചത്; 370–--ാം വകുപ്പ് റദ്ദാക്കിയതും ജമ്മു കശ്‌മീർ  സംസ്ഥാനത്തെ ഇല്ലാതാക്കിയതും ബാബ്‌റി മസ്ജിദ് നിന്നേടത്തുതന്നെ രാമക്ഷേത്രം പണിയുന്നതിന് അനുകൂലമായി സുപ്രീംകോടതി വിധിക്കുന്നതും  പൗരത്വ ഭേദഗതി നിയമം പാർലമെന്റ് അംഗീകരിക്കുന്നതുമാണ്. ഇതെല്ലാംതന്നെ ഹിന്ദുത്വ അജൻഡ നടപ്പാക്കുന്നതിനുള്ള സുപ്രധാന പടവുകളാണ്.

370–--ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്‌മീരിനെ കേന്ദ്ര സർക്കാർ നേരിട്ട്‌ ഭരിക്കുന്ന രണ്ട് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയത് ഭരണഘടനയെ വഞ്ചിച്ചുകൊണ്ടും ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തിക്കൊണ്ടുമാണ്. സംസ്ഥാനത്തുടനീളം  അടിച്ചമർത്തലുകൾ അഴിച്ചുവിട്ടുകൊണ്ട് കശ്‌മീർ താഴ്‌വരയിലെ പൗരന്മാരുടെ അടിസ്ഥാന പൗരാവകാശങ്ങളടക്കം  കവർന്നെടുക്കുകയാണ്. നൂറുകണക്കിന് രാഷ്ട്രീയനേതാക്കളും പ്രവർത്തകരും ഇപ്പോഴും തടവിലാണ്. ലോകത്തിതുവരെ ഉണ്ടായിട്ടില്ലാത്തത്ര ദൈർഘ്യമേറിയ കാലത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടിരിക്കുകയാണ്. ഈ കിരാത നടപടികൾക്ക് പിന്നിലുള്ളത് രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്തെ ഇല്ലായ്‌മ ചെയ്യുക എന്ന ഗൂഢലക്ഷ്യമാണ്.

അയോധ്യാ പ്രശ്നത്തിലെ സുപ്രീംകോടതിയുടെ വിധി ഭരണഘടനയുടെ മതനിരപേക്ഷ തത്വങ്ങൾക്കുമേലുള്ള കനത്ത പ്രഹരമാണ്. മതനിരപേക്ഷതയെപ്പറ്റി അധര വ്യായാമം നടത്തുന്നുണ്ടെങ്കിലും സ്വത്തവകാശത്തർക്കത്തിൽ വസ്‌തുതകളെയും തെളിവിനെയും ആശ്രയിക്കുന്നതിനുപകരം തർക്കത്തിലെ ഒരു കക്ഷിയുടെ വിശ്വാസത്തിന് പ്രാമുഖ്യം കൊടുക്കുകയാണ് ചെയ്‌തത്.  ഭൂരിപക്ഷ വിഭാഗവുമായുള്ള ഈ രാജിയാവൽ വ്യക്തമാക്കുന്നത് ഭരണഘടന എത്രമേൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.


 

മോഡി സർക്കാർ എടുത്ത മൂന്നാമത്തെയും അവസാനത്തെയും നടപടി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമം അവതരിപ്പിക്കുകയാണ്. ഈ ഭേദഗതി വഴി പൗരത്വത്തിനുള്ള മാനദണ്ഡം മതത്തെ ആസ്പദമാക്കി മാറ്റി നിർവചിക്കുകയാണ്. ഒരേ തരത്തിൽപ്പെട്ട അനധികൃത കുടിയേറ്റക്കാരിൽനിന്ന് അവർ മുസ്ലിങ്ങളെ ഒറ്റതിരിച്ച് വേറെയാക്കിക്കാട്ടുകയാണ്.  ബിജെപിയുടെ അജൻഡ പൗരത്വ ഭേദഗതി നിയമം ദേശീയ പൗരത്വ രജിസ്റ്ററിനിണങ്ങിയ രീതിയിൽ നടപ്പാക്കുക എന്നതാണ്. അതാകട്ടെ അവരുടെ തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോ ഉറപ്പുനൽകിയ ഒരിനമാണ്. പൗരത്വ ബില്ലിനെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും ഒന്നിച്ചുകാണണം. ആദ്യത്തേത്‌ ഹിന്ദുക്കൾക്കും മുസ്ലിമിതരർക്കും പൗരത്വം ആർജിക്കാൻ സഹായകമാകുമ്പോൾ, രണ്ടാമത്തേത്‌ മുസ്ലിങ്ങളെ ഉന്നംവച്ച് നുഴഞ്ഞുകയറ്റക്കാരാക്കിക്കാട്ടി പൗരത്വപട്ടികയിൽനിന്ന്  പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇപ്രകാരം 2019 ദർശിച്ചത് ഹിന്ദുത്വ ഭരണക്രമം സ്ഥാപിച്ചെടുക്കുന്നതിനായുള്ള  സുപ്രധാനമായ നടപടികളാണ്.

2019 മറ്റൊരുതരത്തിലും ശ്രദ്ധേയമാണ്. രാജ്യത്തെ സാമ്പത്തികസ്ഥിതി അതിദ്രുതം തകർന്നുകൊണ്ടിരിക്കുന്ന ഒരവസ്ഥയിലേക്ക്  പതിച്ചുകൊണ്ടിരുന്നപ്പോഴാണ് വിഘടനവാദപരമായ ഹിന്ദുത്വനയങ്ങൾ അടിച്ചേൽപ്പിച്ചത്. സംശയാസ്പദമായ പുതിയ കണക്കുകൾപ്രകാരം  തയ്യാറാക്കിയതായിട്ടുകൂടി,  ജിഡിപി വളർച്ചനിരക്ക് കഴിഞ്ഞ ഏഴു പാദമായി തുടർച്ചയായി താഴോട്ടു പതിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈമുതൽ സെപ്തംബർവരെയുള്ള ജിഡിപി വളർച്ചനിരക്ക് വെറും 4.5 ശതമാനമായിരുന്നു.  ആറു കൊല്ലത്തേതിൽവച്ച് ഏറ്റവും കുറഞ്ഞ ഒരു വർധനയാണിത്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ ഉപഭോക്തൃ ചെലവിടൽ വിവരങ്ങളനുസരിച്ച്, 2017–-18 ൽ കഴിഞ്ഞ നാൽപ്പത്‌ വർഷത്തിലാദ്യമായി ഉപഭോക്തൃ ചെലവാക്കൽ താഴോട്ട്‌ പതിച്ചിരിക്കുന്നു. സർക്കാർ മറച്ചുവയ്‌ക്കാൻ ശ്രമിച്ച കണക്കുകൾ വെളിപ്പെടുത്തിയത്, 45 വർഷത്തെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാ നിരക്കാണ്‌ കഴിഞ്ഞവർഷത്തേത് എന്നാണ്. ഉൽപ്പാദനവും വ്യവസായവളർച്ചയും കയറ്റുമതിയുമെല്ലാം താഴോട്ടാണ്‌. ചോദനച്ചുരുക്കത്തോടൊപ്പം, ഇപ്പോൾ  ഉയരുന്ന മറ്റൊരു ഭീഷണി നാണയപ്പെരുപ്പത്തിന്റെതാണ്. ഉപഭോക്തൃ വിലസൂചിക നവംബറിൽ 5.5 ശതമാനമാണ് ഉയർന്നത്. ഡിസംബറിൽ അത് ആറ് ശതമാനം കടക്കും.

തൂക്കിവിൽക്കാൻ വച്ചിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ
മാന്ദ്യത്തിനോടുള്ള പ്രതികരണം എന്ന നിലയ്‌ക്ക് മോഡി സർക്കാർ കൈക്കൊണ്ട നടപടികൾ നോക്കിയാലറിയാം, സാമ്പത്തിക പ്രതിസന്ധിയുടെ പ്രശ്നം പരിഹരിക്കുന്നതിൽ പറ്റിയ പരാജയം. ഗ്രാമീണ ദരിദ്രജനവിഭാഗങ്ങൾക്കും സാധാരണക്കാർക്കും അവരുടെ പണസഞ്ചിയിൽ കൂടുതൽ  കാശെത്തിക്കുന്നത് ഉറപ്പാക്കാനായി സർക്കാർ ചെലവ് വർധിപ്പിക്കുന്നതിനുപകരം മോഡി ഗവൺമെന്റ് കോർപറേറ്റുകൾക്കും വിദേശമൂലധനത്തിനും വമ്പിച്ച ഇളവുകൾ പ്രഖ്യാപിക്കുകയാണ് ചെയ്‌തത്‌. വിദേശ മൂലധന ഒഴുക്കിന്മേൽ ചുമത്തിയിരുന്ന നികുതി അവർ പിൻവലിച്ചു. കോർപറേറ്റ് നികുതി എട്ട്‌ ശതമാനം വെട്ടിക്കുറച്ചു. ഇവ കൊണ്ടൊന്നും നിക്ഷേപം വർധിപ്പിക്കാനായില്ല. കാരണം, പ്രധാന പ്രശ്നം ഡിമാൻഡ്‌ എങ്ങനെ വർധിപ്പിക്കാം എന്നതാണ്.

രണ്ടാം മോഡി സർക്കാർ ഏറ്റെടുത്ത സ്വകാര്യവൽക്കരണത്വരയാണ് മറ്റൊരു  ഹാനികരമായ സമീപനം. ബിപിസിഎല്ലും എയർ ഇന്ത്യയുംപോലുള്ള വൻനിര പൊതുമേഖലാ സ്ഥാപനങ്ങളാണ് തൂക്കിവിൽക്കാൻ വച്ചിരിക്കുന്നത്. ഇതിൽനിന്ന്‌ കിട്ടുന്ന വരുമാനം സർക്കാരിന്റെ റവന്യൂ കമ്മി ചുരുക്കാനായാണ് ഉപയോഗപ്പെടുത്തുക. റെയിൽവേ, പ്രതിരോധം, ഖനനം തുങ്ങിയ മേഖലകളിലും സ്വകാര്യ മൂലധനത്തിന്റെ കടന്നുവരവ് പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. അമേരിക്കയുമായുള്ള സൈനികവും തന്ത്രപരവുമായ ബന്ധങ്ങൾ ദൃഢീകരിക്കുന്ന കാഴ്‌ചയാണ് മോഡി സർക്കാരിന്റെ രണ്ടാമത്തെ വരവിലുടനീളം. അത് ഇന്തോ- പസഫിക് കരാറിലായാലും ചതുഷ് കോണ സഖ്യത്തിന്റെ നില മെച്ചപ്പെടുത്തുന്ന കാര്യത്തിലായാലും 2 +2 സംഭാഷണത്തിലായാലും. സൈനിക കരാറുകൾ പ്രാബല്യത്തിൽ വരുത്തുകവഴി ദേശീയപരമാധികാരത്തിന് ത്വരിതഗതിയിൽ വന്നുചേരുന്ന ശോഷണം നിർബാധം തുടരുകയാണ്. എഴുപതുലക്ഷം കശ്‌മീരികളുടെ  പൗരാവകാശങ്ങൾക്കുമേലുള്ള കടന്നാക്രമണം രാജ്യത്തെ ഇതരപ്രദേശങ്ങളിൽ വരാനിരിക്കുന്ന ഏകാധിപത്യവളർച്ചയുടെ ഒരു മുന്നടയാളമാണ്.


 

സമാധാനപരമായ പ്രതിഷേധങ്ങൾപോലും മർദിച്ചൊതുക്കാനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിമിനൽ നടപടി കോഡിന്റെ 144–--ാം വകുപ്പ് വ്യാപകമായി പ്രയോഗിക്കപ്പെടുകയാണ്.ഉത്തർപ്രദേശിൽ മുസ്ലിങ്ങൾക്കു നേരെയുള്ള  ക്രൂരമായ പൊലീസ് അതിക്രമത്തിൽ 19 പേർ കൊല്ലപ്പെട്ടതും എതിരാളികൾക്കുമേൽ രാജ്യദ്രോഹക്കുറ്റം വ്യാപകമായി ചുമത്തപ്പെടുന്നതും ഇന്റർനെറ്റ് റദ്ദാക്കുന്നതും ആൾക്കൂട്ടാക്രമണങ്ങൾ പെരുകുന്നതുമൊക്കെ ഈ ഏകാധിപത്യ വാസ്‌തുവിദ്യയുടെ അവിഭാജ്യ ഭാഗങ്ങളാണ്.

വർഷാവസാനം നടന്ന ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ബിജെപി ക്ക് കനത്ത പരാജയമാണ് നൽകിയത്. ഇതിനുമുമ്പ്‌ ബിജെപിക്ക്‌ ഹരിയാനയിൽ ഭൂരിപക്ഷം ലഭിച്ചില്ല, മഹാരാഷ്‌ട്രയിലാണെങ്കിൽ  ഭരണവും നഷ്ടപ്പെട്ടു. സംസ്ഥാന നിയമസഭകളിൽ  ബിജെപിക്കുണ്ടായ ഈ പിറകോട്ടടി അടിവരയിടുന്നത്, ബിജെപിയുടെ വർഗീയതയും സങ്കുചിത ദേശീയതയും അടിസ്ഥാനപ്പെടുത്തിയുള്ള പ്ലാറ്റ്ഫോമിന് ബദലായി മതനിരപേക്ഷ ദേശീയതയും ജനപക്ഷ സാമ്പത്തികനയങ്ങളും മുൻനിർത്തിയുള്ള ഒരു ദേശീയ ബദൽ മുന്നോട്ടുവയ്‌ക്കുന്നതിന്റെ പ്രാധാന്യമാണ്.

പൗരത്വ ഭേദഗതി നിയമം പാർലമെന്റ് ഡിസംബർ 11 ന് പാസാക്കി. ഇതിനെത്തുടർന്ന്‌ ആ നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി ആരംഭിച്ച പ്രതിഷേധങ്ങളാണ് ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും നേരെയുള്ള കടന്നാക്രമണത്തിനെതിരായി നടന്ന ആദ്യത്തെ ശ്രദ്ധേയമായ പ്രതിഷേധം. വിദ്യാർഥികളും യുവജനങ്ങളും ഈ പ്രതിഷേധങ്ങളിൽ നേതൃത്വം വഹിച്ചു. ഭരണകൂട മർദനങ്ങൾ കൂസാതെ ഈ പ്രതിഷേധങ്ങൾ മൂന്നാഴ്‌ചയായി സുസ്ഥിരതയാർജിച്ചിരിക്കുന്നു. വർഷം അവസാനിച്ചിരിക്കുന്നത് ഒരു നിർണായക മുഹൂർത്തത്തിലാണ്, - ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ജനകീയ ചെറുത്തുനിൽപ്പ്‌ ആരംഭിച്ചിരിക്കുന്നു.  പുതുവർഷം മറ്റൊരു അതിശക്തമായ പ്രതിഷേധപ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജനുവരി എട്ടിന് ദശലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരും നടത്തുന്ന പണിമുടക്ക് സമരത്തിൽ കർഷകരും കർഷകത്തൊഴിലാളികളും മറ്റ്‌ അധ്വാനിച്ച്‌ ജീവിക്കുന്ന വിഭാഗങ്ങൾകൂടി അണിചേരുകയാണ്.


പ്രധാന വാർത്തകൾ
 Top