05 August Wednesday

തുടക്കത്തിലേ വെടിതീർന്ന ടയർപുരാണം

ഗൗതമൻ Updated: Sunday Nov 3, 2019


 

അഴിമതികൾ പലവിധമാണെന്ന്‌ പുതുപ്പള്ളിയിലെ പുണ്യാളനായ ഉമ്മൻജി മൊഴിഞ്ഞിട്ടുണ്ട്‌. ഖജനാവിന്‌ നഷ്ടമുണ്ടാക്കുന്നവയും നഷ്ടമുണ്ടാക്കാത്തവയും. പിന്നെ മനസ്സാക്ഷിയുടെ കോടതി വെറുതെ വിടുന്നതും അല്ലാത്തതും. ഉദാഹരണത്തിന്‌ ഉമ്മൻജി മുഖ്യമന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയിൽനിന്നും ഓഫീസിൽനിന്നും സോളാർ കേസിലെ വനിതാരത്നത്തെ ദിവസം അഞ്ഞൂറോ അറുന്നൂറോ തവണ ആരൊക്കെയോ ഫോണിൽ വിളിച്ചു. അതുകൊണ്ട്‌ ഖജനാവിന്‌ ഒരു പൈസയുടെ പോലും നഷ്ടം ഉണ്ടായില്ലെന്ന്‌ ഉമ്മൻജി പറഞ്ഞു. മുത്തശ്ശിപ്പത്രം അത്‌ സാക്ഷ്യപ്പെടുത്തി. എല്ലാവരും കൈയടിച്ചും തല കുലുക്കിയും അതങ്ങ്‌ അംഗീകരിച്ചു.

വന്ദ്യവയോധികനായ ആര്യാടൻജി ഉൾപ്പെടെയുള്ള മുൻമന്ത്രിമാരും എംഎൽഎമാരും എംപിമാരുമൊക്കെ അങ്ങനെ ഫോൺ വിളിച്ചിട്ടുണ്ട്‌. പാതിരാത്രിയിൽ യുവ വനിതാസംരംഭകയെ വിളിച്ചത്‌ കോൺഗ്രസ്‌ ഭരണഘടന പഠിപ്പിക്കാനാണോ എന്നൊക്കെ കെ മുരളീധരൻജി ചോദിച്ചതു സത്യമാണ്‌. അതിന്‌ അദ്ദേഹത്തോട്‌ കുലദൈവമായ ഗുരുവായൂരപ്പൻ പൊറുക്കട്ടെ. പക്ഷേ, അതൊന്നും ഖജനാവിനു നഷ്ടമുണ്ടാക്കുന്നതോ മനസ്സാക്ഷിയുടെ കോടതിയിൽ കുറ്റമായി വരുന്നതോ അല്ലെന്ന കാര്യത്തിൽ  പത്രമുത്തശ്ശിക്കും പരിവാരങ്ങൾക്കുമൊന്നും ഒരു സംശയവുമില്ല.

അതേസമയം, ഓമനക്കുട്ടന്റെ 70 രൂപയുടെ അഴിമതി രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കിയതും ഒരു മനസ്സാക്ഷിയുടെ കോടതിയിലും രക്ഷ കിട്ടാത്തതുമായിരുന്നു. അതുകൊണ്ടാണ്‌ അത്‌ ലോകരാഷ്‌ട്രീയത്തിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങളെപ്പറ്റി നെടുങ്കൻ റിപ്പോർട്ടുകളും പുലർച്ചെവരെ നീളുന്ന ചാനൽ ചർച്ചകളുമായി മാധ്യമലോകം കൊണ്ടാടിയത്‌. അതിനുശേഷമാണ്‌ മണിയാശാന്റെ  ടയർ മാറ്റമെന്ന തട്ടുപൊളിപ്പൻ ‘അഴിമതി’യിലേക്ക്‌ മാലോകരുടെ ശ്രദ്ധ മുത്തശ്ശിപ്പത്രം ക്ഷണിച്ചത്‌. മഹ ചുഴലിക്കാറ്റിന്റെയും പെരുമഴയുടെയും സമയത്തായതുകൊണ്ടാകണം പല തുള്ളിയായി വലിയ വെള്ളപ്പൊക്കമായി മാറുന്ന ഭീകര അഴിമതിയാണ്‌ അതെന്ന്‌ പ്രത്യേകം ചൂണ്ടിക്കാട്ടിയായിരുന്നു ആ വാർത്ത.  ഉമ്മൻജിയൊക്കെയാണെങ്കിൽ ടയർ തേഞ്ഞാലും മാറ്റാതെ ടയറുകൾ റീട്രെഡ്‌ ചെയ്‌താണത്രെ  ഉപയോഗിച്ചിട്ടുള്ളത്‌. ടയർ റീട്രെഡ്‌ ആരംഭിച്ചതുതന്നെ പുതിയ ഖദർഷർട്ട്‌ കീറി തയ്‌ച്ച്‌ ഉപയോഗിക്കുന്ന കോൺഗ്രസുകാരുടെ സാങ്കേതികവിദ്യയിൽ നിന്നാണെന്നാണ്‌ ഗവേഷണത്തിൽ കണ്ടെത്തിയത്‌.


 

ഓരോ ടയറും മാറുമ്പോൾ മണിയാശാന്റെ കീശയിൽ പണം വീഴുമെന്നും പഴയ ടയറുകൾ തൂക്കിവിറ്റാൽ വൻ സാമ്പത്തികലാഭം കൊയ്യാമെന്നുമുള്ള സാമ്പത്തികശാസ്‌ത്രം ടയറിനെപ്പറ്റി ആധികാരികമായി പറയാൻ ഗ്രാഹ്യമുള്ള മാമ്മൻ സഹോദരൻമാർക്ക്‌ നന്നായി അറിയാം. എൻജിനിയറുടെയോ വിദഗ്ധരുടെയോ അഭിപ്രായമോ തീരുമാനങ്ങളോ അനുസരിച്ചല്ല, വൈദ്യുതിമന്ത്രി  പാതിരാത്രിക്ക്‌ ടോർച്ചുമായിപ്പോയി ഡാമായ ഡാമെല്ലാം തുറന്നുവിടുകയായിരുന്നുവെന്ന്‌ കണ്ടെത്തിയ മഹാവിദ്വാൻമാർക്ക്‌ ടയറിന്റെ അഴിമതിയൊക്കെ കണ്ടെത്താൻ ഞൊടിയിട മതി. ടയർ മാറുന്നത്‌ മന്ത്രിയല്ലെന്നും വിനോദസഞ്ചാര വകുപ്പാണെന്നും പറഞ്ഞാലും ഒരു പതിറ്റാണ്ടുനീണ്ട പത്രപ്രവർത്തനപാരമ്പര്യം അത്‌ അങ്ങനെയങ്ങു വകവച്ചുതരുമെന്നൊന്നും ആരും മനപ്പായസമുണ്ണരുത്‌.

മൂക്കാതെ പഴുക്കുന്നതും ജൈവ പഴവും
മൂക്കാതെ പഴുക്കുന്ന പഴത്തെപ്പറ്റിയും പാലായിലെ ജോസിന്റെ പാർടിയുടെ ചിഹ്നമായ മുള്ളുള്ള പഴത്തെപ്പറ്റിയും തനി കൃഷീവലനായ ഔസേപ്പച്ചൻ പലതവണ പറഞ്ഞിട്ടുണ്ട്‌. കേസ്‌ തനിക്ക്‌ അനുകൂലമായശേഷം ജോസ്‌ മോനെതിരെ ആഞ്ഞടിച്ചത്‌ വീട്ടമ്മ നൽകിയ ജൈവ പഴം ആസ്വദിച്ചശേഷമായിരുന്നു. വിഷം കലർന്ന പഴത്തിന്റെ കുഴപ്പവും അദ്ദേഹം വിശദീകരിച്ചു. ഇതൊക്കെ തികച്ചും യാദൃച്ഛികമാണെന്ന കാര്യത്തിൽ ഗൗതമന്‌ അശേഷം സംശയമില്ല.

എന്തായാലും കോടതി വിധി വന്നശേഷവും അസാന്നിധ്യമെന്ന വാക്കുപോലും ജോസ്‌ മോന്റെയും ഔസേപ്പച്ചന്റെയും വിചാരണ നേരിടുകയാണ്‌. ചെയർമാന്റെ മരണത്തെ അസാന്നിധ്യമാണോ അല്ലയോ എന്ന കാര്യത്തിലൊന്നും തീരുമാനത്തിൽ എത്തിയിട്ടില്ല. കോടതി ഉത്തരവ്‌, സത്യം, നീതി തുടങ്ങിയവയെല്ലാം വളച്ചൊടിച്ച്‌ ഒരു പരുവമാക്കിയെന്നാണ്‌ ഇരുവിഭാഗവും പറയുന്നത്‌. എന്തായാലും ഇത്തവണ ഔസേപ്പച്ചൻ വളച്ചൊടിച്ച വിധിക്കൊപ്പം മാധ്യമങ്ങളും നിന്നത്‌ ഇത്തിരി കടന്ന കൈയായിപ്പോയി.

ഏതു പരുവത്തിലായാലും ഇരുവിഭാഗത്തെയും ഉൾക്കൊള്ളാവുന്ന മഹാനദിയായി കോൺഗ്രസ്‌ നിൽക്കുന്നുവെന്നതാണ്‌ ഒരു ആശ്വാസം. പക്ഷേ, കെപിസിസിക്ക്‌ മഹാ ജംബോ സമിതിയുണ്ടാക്കുന്ന തിരക്കിലാണ്‌ നേതാക്കളെല്ലാം. അതൊന്നു കഴിഞ്ഞോട്ടെ, ശരിയാക്കിത്തരും.

മുട്ടയും ‘കട്ടപ്പൊഹ’
സ്‌കൂളിൽ പരീക്ഷയ്‌ക്ക്‌ മുട്ട കിട്ടുന്നത്‌ കുഞ്ഞുക്കൾക്ക്‌ പണ്ടേ പേടിയാണ്‌. ആനമുട്ട സ്വപ്‌നംകണ്ട്‌ പണ്ട്‌ എത്ര കുട്ടികളാണ്‌ ഞെട്ടിയുണർന്നിട്ടുള്ളത്‌. പക്ഷേ, മധ്യപ്രദേശിൽ മുട്ടക്കാര്യം ഇപ്പോൾ മറ്റൊരു വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌. ‌കുഞ്ഞുങ്ങൾ മുട്ട തിന്നാൽ അവർ ഭാവിയിൽ നരഭോജികളായി മാറുമെന്നാണ്‌ മധ്യപ്രദേശിലെ പ്രതിപക്ഷനേതാവായ ബിജെപി നേതാവ്‌ ഗോപാൽ ഭാർഗവയുടെ കണ്ടുപിടിത്തം. മാംസാഹാരം കഴിക്കുന്നവർ അക്രമികളായി മാറുമെന്ന്‌ പണ്ടേ കണ്ടുപിടിക്കപ്പെട്ടതാണ്‌. പാണ്ഡവർക്കും ടെസ്‌റ്റ്‌ ട്യൂബ്‌ ശിശുക്കളായ കൗരവർക്കുമൊക്കെ കുന്തിയും ഗാന്ധാരിയും ദിവസം രണ്ട്‌ മുട്ട വീതം കൊടുക്കുമായിരുന്നെന്ന്‌ ഹസ്‌തിനപുരി പത്രിക റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്‌. മധ്യപ്രദേശിലെ അങ്കണവാടികളിൽ നിർബന്ധിച്ച്‌ കുട്ടികളെക്കൊണ്ട്‌ മുട്ട തീറ്റിക്കുന്ന ക്രൂരതയാണ്‌ അരങ്ങേറുന്നതെന്നാണ്‌  ഭാർഗവ പറഞ്ഞത്‌. ഇതൊന്നും കഴിക്കുന്നത്‌ ഭാരതസംസ്‌കാരത്തിന്‌ ചേർന്നതല്ലെന്നും  അദ്ദേഹം തുറന്നടിച്ചു. ഇതോടെ കോഴി, താറാവ്‌ കൃഷിക്കാരായ സംഘബന്ധുക്കളെ പുനരധിവസിപ്പിക്കാൻ മാനനീയ കുമ്മനംജിയുടെ നേതൃത്വത്തിൽ കേരളത്തിൽ ശ്രമം തുടങ്ങിയതായി റിപ്പോർട്ടുകളുണ്ട്‌.

വെടിക്കുഴൽ:
കേരളത്തിൽ മാവോയിസ്‌റ്റ്‌ ഭീഷണിയില്ലെന്ന്‌ ചെന്നിത്തല
മാവോയിസ്‌റ്റ്‌ ഭീഷണിയുടെ പേരിൽ ഹരിപ്പാട്ടുകാരനായ ഏതോ മുൻ ആഭ്യന്തരമന്ത്രിക്ക്‌ പ്രത്യേക സുരക്ഷയുണ്ടെന്ന്‌ കേൾക്കുന്നല്ലോ ജി


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top