02 June Tuesday

സോണിയക്ക്‌ കോൺഗ്രസിനെ രക്ഷിക്കാനാകുമോ?

പി വി തോമസ‌്Updated: Thursday Oct 3, 2019


തൊട്ടിലിൽ കിടന്ന്‌ കാലും കൈയും അടിച്ചു നിലവിളിച്ചുകൊണ്ട്‌ ‘മമ്മി’ എന്ന്‌ വിളിക്കുന്ന ഒരു ശിശുവിന്റെ (പ്രധാനമന്ത്രി രാജീവ്‌ഗാന്ധി) 1984 കളിലെ ഒരു കാർട്ടൂൺ ഓർമയിൽ വരുന്നു. കോൺഗ്രസ്‌ ഇപ്പോൾ ഇതാ വീണ്ടും ‘മമ്മി’ എന്നുവിളിച്ചു കരയുകയാണ്‌. കാരണം അതിന്റെ അസ്‌തിത്വത്തിന്റെ അടിത്തറവരെ ഇളകിയിരിക്കുകയാണ്‌. ഇപ്രാവശ്യം ‘മമ്മി’ ഇന്ദിര ഗാന്ധി അല്ല,  സോണിയ ഗാന്ധിയാണ്‌. ആഗസ്‌ത്‌ 10ന്‌ ഡൽഹിയിൽ കൂടിയ 54 കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി അംഗങ്ങൾ അവസാനം നേതൃത്വത്തിനായി ‘മമ്മി’യിലേക്ക്‌ മടങ്ങിപ്പോകുകയായിരുന്നു. കാരണം, ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയത്തെത്തുടർന്ന്‌ കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം രാജിവച്ച രാഹുൽഗാന്ധി ഒരു കാരണവശാലും രാജി പിൻവലിക്കാൻ തയ്യാറല്ലായിരുന്നു. അടുത്ത കോൺഗ്രസ്‌ അധ്യക്ഷസ്ഥാനം ഒരു ഗാന്ധിക്ക്‌ പോകരുതെന്ന്‌ രാഹുൽ ശഠിച്ചെങ്കിലും പരമോന്നത പീഠമായ കോൺഗ്രസ്‌ വർക്കിങ്‌ കമ്മിറ്റി  വീണ്ടും സോണിയയിൽ അഭയം തേടുകയായിരുന്നു. അങ്ങനെ 19 വർഷം കോൺഗ്രസ്‌ അധ്യക്ഷയായിരുന്ന സോണിയ (1998–-2017) വീണ്ടും  അധ്യക്ഷയായി. പുതിയ ഒരു അധ്യക്ഷൻ/അധ്യക്ഷ വരുന്നതുവരെ ഇടക്കാലത്തേക്ക്‌ ആണെന്ന്‌ പറയപ്പെടുന്നു. നെഹ്‌റു–- ഗാന്ധി കുടുംബത്തിലുള്ള കോൺഗ്രസിന്റെ നിന്ദ്യമായ ആശ്രയത്തിന്റെ ഉദാഹരണമാണിത്‌. ഒന്നാം കുടുംബത്തെ കൂടാതെ കോൺഗ്രസിന്‌ നിലനിൽക്കാൻ സാധിക്കുകയില്ലതന്നെ. ഈ കുടുംബവാഴ്‌ച കോൺഗ്രസിനും ജനാധിപത്യത്തിനും തികച്ചും ദോഷകരമാണ്‌. ഇത്‌ വംശനാശത്തെ അഭിമുഖീകരിക്കുന്ന കോൺഗ്രസിന്റെ പുനരുദ്ധാരണത്തിന്‌ സഹായകരം ആകുമോ? സോണിയക്ക്‌ കോൺഗ്രസിനെ തകർച്ചയിൽനിന്ന്‌ രക്ഷിക്കാൻ ആകുമോ?

കോൺഗ്രസ്‌ ഇന്ന്‌ ബഹുമുഖ പ്രതിസന്ധിയിലാണ്‌. ഒന്നാമതായി അതിന്‌ നേതൃത്വം ഇല്ല. രണ്ടാമതായി അതിന്റെ ആദർശപരമായ അടിത്തറ ഇളകിയിരിക്കുന്നു; അതിൽ വ്യക്തതയും ഇല്ല. മൂന്നാമതായി അതിന്‌ കാര്യമായ രാഷ്ട്രീയ സഖ്യങ്ങൾ ഇല്ല. നാലാമതായി സംഘടനാപരമായി കോൺഗ്രസ്‌ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ദുർബലമാണ്‌. അഞ്ചാമതായി അതിന്റെ രണ്ടാംനിര നേതാക്കന്മാരിൽ വളരെ പേർ പാർടിവിട്ട്‌ ബിജെപിയിൽ ചേർന്നിരിക്കുന്നു. നല്ല ഒരു വിഭാഗം അനുയായികളും മറുകണ്ടം ചാടിയിരിക്കുന്നു. ആറാമതായി മിക്ക സംസ്ഥാനങ്ങളും ഗ്രൂപ്പുപോരിന്റെ പിടിയിലാണ്‌. ഈ സാഹചര്യത്തിൽ എവിടെയാണ്‌ കോൺഗ്രസിന്റെ പുനരുദ്ധാരണത്തിന്റെ സാധ്യത. ഇടക്കാല അധ്യക്ഷയ്‌ക്ക്‌ അത്‌ എത്രമാത്രം സാധ്യമാക്കാൻ സാധിക്കും?

സോണിയ ഗാന്ധി കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ഒരു വ്യക്തിയാണ്‌. സോണിയയുടെ കാലത്ത്‌ രണ്ടുപ്രാവശ്യം കോൺഗ്രസ്‌ തുടർച്ചയായി അധികാരത്തിൽ വന്നു (2004, 2009). ഒരു പ്രാവശ്യം ദയനീയമായി തോൽക്കുകയും ചെയ്‌തു

നേതൃരാഹിത്യമാണ്‌ കോൺഗ്രസിന്റെ ഏറ്റവും വലിയ പരാധീനത. കുടുംബവാഴ്‌ച അതിനെ തകർത്തിരിക്കുന്നു. സോണിയ ഗാന്ധിയുടെ ഇടക്കാല നേതൃത്വത്തിന്‌ പരിമിതികൾ ഉണ്ട്‌. രാഹുൽ ഗാന്ധി വീണ്ടും അധ്യക്ഷസ്ഥാനത്തേക്ക്‌ വരാൻ സാധ്യതയില്ല. ജനറൽ സെക്രട്ടറിയായ പ്രിയങ്കഗാന്ധിയിലേക്ക്‌ പാർടി തിരിയുകയാണെങ്കിൽ അത്‌ അമ്മയിൽനിന്ന്‌ മകനിലേക്കും മകനിൽനിന്ന്‌ അമ്മയിലേക്കും പിന്നീട്‌ അമ്മയിൽനിന്ന്‌ മകളിലേക്കും അധികാരം മാറുന്ന പരിഹാസ്യമായ കുടുംബവാഴ്‌ചയുടെ വികൃതമായ ഒരു ഏടായിരിക്കും തുറക്കുക. സോണിയ ഗാന്ധി കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധ്യക്ഷസ്ഥാനം വഹിച്ചിട്ടുള്ള ഒരു വ്യക്തിയാണ്‌. സോണിയയുടെ കാലത്ത്‌ രണ്ടുപ്രാവശ്യം കോൺഗ്രസ്‌ തുടർച്ചയായി അധികാരത്തിൽ വന്നു (2004, 2009). ഒരു പ്രാവശ്യം ദയനീയമായി തോൽക്കുകയും ചെയ്‌തു (2014). കോൺഗ്രസിനെ ഒന്നാക്കിനിർത്താൻ സോണിയക്ക്‌ വലിയൊരു അളവുവരെ സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. സോണിയയുടെ നേതൃത്വം രണ്ടാം യുപിഎ ഭരണത്തിന്റെ ജീർണതയ്‌ക്കും വഴിയൊരുക്കി. അതാണ്‌ 2014-ലെ പതനം. എന്തുകൊണ്ടാണ്‌ സോണിയ 2004ൽ പ്രണബ്‌ മുഖർജിക്കുപകരം മൻമോഹൻ സിങ്ങിനെ പ്രധാനമന്ത്രിയായി അവരോധിച്ചത്‌? പ്രണബ്‌ മുഖർജി സ്വന്തം അഭിപ്രായങ്ങളും അധികാരാഭിലാഷങ്ങളും ഉള്ള ഒരു രാഷ്ട്രീയക്കാരനാണ്‌.

അദ്ദേഹം ഒരുപക്ഷേ, ഒരുസുപ്രഭാതത്തിൽ രാഹുൽഗാന്ധിക്കായി കസേര ഒഴിഞ്ഞുകൊടുത്തില്ലെന്നിരിക്കും. മൻമോഹൻസിങ്‌ സത്യസന്ധനും പ്രഗത്ഭനായ ഒരു സാമ്പത്തിക വിദഗ്‌ധനും ആണ്‌. പക്ഷേ, അദ്ദേഹം ഒരു രാഷ്ട്രീയക്കാരൻ അല്ല. ഇന്ത്യപോലുള്ള വിശാലവും സങ്കീർണവും ആയ ഒരു രാജ്യം ഭരിക്കാൻ പ്രധാനമന്ത്രി ആകേണ്ടത്‌ രാഷ്ട്രീയ സാമർഥ്യമുള്ള വ്യക്തിയായിരിക്കണം. അത്‌ ഇല്ലാതെപോയതുകൊണ്ടാണ്‌ 2ജി സ്‌പെക്ടം അഴിമതി വെളിച്ചത്തായപ്പോൾ, ‘സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ അനിവാര്യത’ എന്നുപറഞ്ഞ്‌ കൈകഴുകാൻ ശ്രമിച്ചത്‌. ഒരു പ്രധാനമന്ത്രി എന്നനിലയിൽ അദ്ദേഹത്തിന്റെ മൂക്കിന്റെ കീഴെ നടക്കുന്നതുപോലും അദ്ദേഹത്തിന്‌ അറിവുണ്ടായിരുന്നില്ല. കാരണം മറ്റു മന്ത്രിമാർ പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാർ ആയിരുന്നു. സോണിയ ഗാന്ധിയുടെ പാവ എന്ന ദുഷ്‌പേരും അദ്ദേഹം നേടിയെടുത്തു. സോണിയ ഗാന്ധി രഹസ്യമായും രാഹുൽഗാന്ധി പരസ്യമായും മൻമോഹൻ ഭരണത്തെ തുരങ്കംവച്ചു. രാഷ്ട്രീയ കൗടില്യ ശാസ്‌ത്രത്തിലെ അഗ്രഗണ്യരായ മോഡി–- ഷാ കമ്പനിയുടെ ആവിർഭാവം ഇവിടെനിന്നായിരുന്നു.

കോൺഗ്രസ്‌ പോലുള്ള ഒരു മതനിരപേക്ഷ പാർടി അതിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വഴിതെറ്റി മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുമ്പോൾ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്‌

കോൺഗ്രസിന്റെ ആദർശവ്യക്തത നഷ്ടമായിരിക്കുന്നു. നെഹ്‌റുവിയൻ മതേതരത്വത്തിന്റെ പ്രസക്തിയെ ഹിന്ദുത്വവാദികൾ ചോദ്യംചെയ്യുമ്പോൾ സോണിയയും പിന്നീട്‌ രാഹുലും മൃദുഹിന്ദുത്വത്തിലേക്ക്‌ അപഥസഞ്ചാരം നടത്തി വോട്ട്‌ നേടാൻ ഒരു പാഴ്‌ശ്രമം നടത്തി. രാജീവ്‌ഗാന്ധി- ബാബ്‌റി മസ്‌ജിദിന്റെ പൂട്ട്‌ തുറന്നുകൊടുക്കുകയും രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത മണ്ടത്തരങ്ങൾമുതൽ രാഹുലിന്റെ തെരഞ്ഞെടുപ്പുവേളയിലെ ക്ഷേത്രപ്രദക്ഷിണങ്ങൾവരെ എല്ലാം വഴിതെറ്റിയ രാഷ്ട്രീയ സഞ്ചാരങ്ങളായിരുന്നു. ഏറ്റവും ഒടുവിലത്തേതാണ്‌ രാഷ്ട്രീയ സ്വയംസേവക്‌ സംഘിന്റെ ‘പ്രചാരക്‌’ മാതൃകയിൽ കോൺഗ്രസിൽ ‘പ്രേരക്‌’ എന്നൊരു സംഘത്തെ നിയമിക്കാൻ ശ്രമിച്ച്‌ വിമർശനംമൂലം പരാജയപ്പെട്ടത്‌. കോൺഗ്രസ്‌ പോലുള്ള ഒരു മതനിരപേക്ഷ പാർടി അതിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിൽനിന്നും മൂല്യങ്ങളിൽനിന്നും വഴിതെറ്റി ഇതുപോലുള്ള മണ്ടത്തരങ്ങൾ കാട്ടിക്കൂട്ടുമ്പോൾ തെറ്റുകൾ സംഭവിക്കുക സ്വാഭാവികമാണ്‌. ബിജെപിയുടെയും സംഘപരിവാറിന്റെയും ‘ബി’ടീം ആയിക്കൊണ്ട്‌ അതിന്‌ അതിന്റെ വിശ്വാസ്യതയും പ്രസക്തിയും നിലനിർത്താൻ സാധിക്കുകയില്ല.

എന്തുകൊണ്ട്‌ കോൺഗ്രസ്‌ 2014ലും 2019-ലും ദയനീയമായി പരാജയപ്പെട്ടു. ഉത്തരം ഒരുവലിയ ഗവേഷണത്തിനുള്ള വിഷയമാണ്‌.  ഹിന്ദുത്വരാഷ്ട്രീയതയുടെ രംഗപ്രവേശനം കാണാനും പ്രതിരോധിക്കാനും കോൺഗ്രസ്‌ പരാജയപ്പെട്ടത്‌ അതിന്റെ ഭാഗത്തുള്ള ചരിത്രപരമായ ഒരു തോൽവിയാണ്‌. പ്രതിപക്ഷത്തുനിന്ന്‌ സഖ്യകക്ഷികളെ മതേതര ചേരിയിൽ കൂട്ടാനും അവരിൽ വിശ്വാസവും വിശ്വാസ്യതയും ജനിപ്പിക്കാനും കോൺഗ്രസ്‌ അമ്പേ പരാജയപ്പെട്ടു. ഇതിൽ എന്തെങ്കിലും ചെയ്യാൻ സോണിയക്ക്‌ ഈ രണ്ടാംവരവിൽ സാധിക്കുമോ? ബുദ്ധിമുട്ടാണ്‌. അതല്ലെങ്കിൽ രാഹുൽ ഉയർത്തിയ മറ്റൊരു വിഷയമുണ്ട്‌. കമൽനാഥിന്റെയും ചിദംബരത്തിന്റെയും അശോക്‌ ഗെഹ്‌ലോട്ടിന്റെയും മക്കൾ തെരഞ്ഞെടുപ്പുരാഷ്ട്രീയം. അതിനെതിരെ എന്തെങ്കിലും പറയാനുള്ള ധാർമിക അധികാരം സോണിയക്ക്‌ ഉണ്ടോ?

മഹാരാഷ്ട്രയും ഹരിയാനയും ജാർഖണ്ഡും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്‌. അവ തിരിച്ചുപിടിക്കാനായില്ലെങ്കിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്‌ വീണ്ടും വഴിമുട്ടും. ഡൽഹിയിലും കോൺഗ്രസിന്‌ വലിയഭാവി കാണുന്നില്ല

എന്തുകൊണ്ടാണ്‌ ജഗൻമോഹൻ റെഡ്ഡിയും (വൈഎസ്‌ആർ കോൺഗ്രസ്‌), ഹേമന്ത ബിശ്വാ ശർമയും (ബിജെപി) കോൺഗ്രസ്‌ വിട്ടത്‌? അവരുടെ വെളിപ്പെടുത്തൽ പ്രകാരം സോണിയ ഗാന്ധിയെ ഒന്നു കാണാൻപോലും അവർക്ക്‌ നല്ലനേരം നോക്കണമായിരുന്നു. അല്ലെങ്കിൽ കാണാനേ സാധിക്കുമായിരുന്നില്ല. കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലും പഞ്ചാബിലും രൂക്ഷമായിരിക്കുകയാണ്‌. ഹരിയാനയിലെ പോര്‌ ഒരു പരിധിവരെ കുമാരി ഷെൽജയെയും ഹൂഡയെയും കൂടെനിർത്തി ശമിപ്പിച്ചുവെങ്കിലും മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും ഒതുങ്ങുന്ന ലക്ഷണമില്ല. ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പിന്നെ, ജാർഖണ്ഡും അതിനുപിന്നാലെ ഡൽഹിയും വരും. മഹാരാഷ്ട്രയും ഹരിയാനയും ജാർഖണ്ഡും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്‌. അവ തിരിച്ചുപിടിക്കാനായില്ലെങ്കിൽ കോൺഗ്രസിന്റെ തിരിച്ചുവരവ്‌ വീണ്ടും വഴിമുട്ടും. ഡൽഹിയിലും കോൺഗ്രസിന്‌ വലിയഭാവി കാണുന്നില്ല.

പാർലമെന്റിനുള്ളിൽപ്പോലും കോൺഗ്രസിന്‌ ആശയഭിന്നതയാണെന്നതാണ്‌ വസ്‌തുത. അനുച്ഛേദം 370 മുതൽ ഒട്ടേറെ നിർണായക അവസരങ്ങളിൽ കോൺഗ്രസ്‌ അംഗങ്ങൾ പരസ്‌പരവിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചത്‌. ഇതിന്റെ പേര്‌ ഉൾപ്പാർടി ജനാധിപത്യം എന്നല്ല. നേതൃരാഹിത്യം എന്നോ ദിശാബോധമില്ലായ്‌മ എന്നോ ആണ്‌. ജയ്‌റാം രമേശും ശശി തരൂരും മനു അഭിഷേക്‌ സിങ്‌വിയും മോഡിയുടെ സ്‌തുതിപാഠകർ ആയി മാറിയിരിക്കുന്നു. മോഡിയും ഷായും സംഘപരിവാർ രാഷ്ട്രീയ സ്വയംസേവക്‌ പാക്കേജിന്റെ ഭാഗമാണ്‌. അവരുടെ ചില ചെപ്പടിവിദ്യകളെ കൈയടിച്ച്‌ പ്രോത്സാഹിപ്പിക്കുകയും വൻ വിപത്തുകളെ എതിർത്തുകൊള്ളാമെന്ന്‌ കരുതുകയും ചെയ്യുന്നത്‌ രാഷ്ട്രീയമണ്ടത്തരമാണ്‌.  സോണിയ ഈ നേതാക്കന്മാരുടെ നിലപാടിനെക്കുറിച്ച്‌ ഒരക്ഷരം ഇതുവരെ ഉരിയാടിയിട്ടില്ല. എങ്ങോട്ടാണ്‌ സോണിയയും കോൺഗ്രസും പോകുന്നത്‌.


പ്രധാന വാർത്തകൾ
 Top