01 October Saturday

മ്യാൻമറിലെ പട്ടാള തേർവാഴ്‌ച

കെ ജെ തോമസ്‌Updated: Wednesday Aug 3, 2022

പട്ടാള ഭരണത്തിന്റെ ഉരുക്കുമുഷ്‌ടിക്കുള്ളിൽ കഴിയുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് മ്യാന്മർ. മ്യാൻമറിലെ സൈനികഭരണകൂടം ജനാധിപത്യവാദികളായ നാല്‌ രാഷ്‌ട്രീയ തടവുകാരെ കഴിഞ്ഞദിവസം തൂക്കിലേറ്റി. പട്ടാളക്കോടതിയുടെ രഹസ്യവിചാരണയ്‌ക്കു ശേഷമായിരുന്നു വധശിക്ഷ. മ്യാൻമർ സൈന്യത്തിനെതിരെ പോരാടാൻ വിമതരെ സഹായിച്ചെന്നാണ്‌ ഇവർക്കെതിരെ ചുമത്തിയ ‘കുറ്റം’. ജനാധിപത്യ പ്രചാരകൻ, കോ ജിമ്മി എന്നറിയപ്പെടുന്ന ക്യാവ് മിൻ യു, മുൻ നിയമനിർമാതാവും ഹിപ്-ഹോപ്പ് കലാകാരനുമായ ഫിയോ സിയ താവ് എന്നിവർ വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അന്താരാഷ്‌ട്രതലത്തിലുള്ള എല്ലാ അഭ്യർഥനകളും തള്ളിക്കളഞ്ഞാണ്‌ നാലുപേരെയും കൊന്നുതള്ളിയത്‌. "മ്യാൻമറിന്റെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ മറ്റൊരേട്‌’ എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഇതിനെ വിശേഷിപ്പിച്ചത്. സമാനമായ ‘കുറ്റങ്ങൾക്ക്’ ശിക്ഷിക്കപ്പെട്ട് 100 പേർകൂടി വധശിക്ഷ കാത്ത് കിടക്കുന്നുവത്രെ.

മ്യാൻമർ ഇന്ന്‌ അരക്ഷിതാവസ്ഥയുടെ പരകോടിയിലാണ്‌. തെരുവുകളിലെല്ലാം പട്ടാളം റോന്തുചുറ്റുന്നു. സ്വതന്ത്രയാത്ര തടയപ്പെടുന്നു. പോകുന്ന വഴികളിലെല്ലാം പട്ടാളം തടയും. യാത്രോദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ നൽകിയാലേ മുന്നോട്ടുപോകാനാകൂ. എന്നാൽ, ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾക്കും ഒട്ടും കുറവില്ല. വെറും സംഘർഷമല്ല, ആഭ്യന്തരയുദ്ധമാണ്‌ മ്യാൻമറിൽ നടക്കുന്നതെന്നാണ്‌ ഐക്യരാഷ്‌ട്ര സംഘടന വ്യക്തമാക്കുന്നത്‌.

വധശിക്ഷയ്‌ക്കെതിരെ പ്രതിപക്ഷം നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച്‌ തെരുവിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. ഓങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യം അടിച്ചമർത്തൽ തുടരുകയാണ്‌. ഈ വർഷം ജനുവരി മുതൽ ജൂൺ 29 വരെ, പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും 2030 സിവിലിയന്മാരും 2200 സൈനികരും കൊല്ലപ്പെട്ടതായാണ്‌ കണക്കാക്കുന്നത്‌. ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുക്കുന്നവരുടെ മൃതദേഹമാണ്‌ പിന്നീട്‌ കാണാൻ കഴിയുന്നതെന്ന്‌ വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു. ഇതിലും ഭീദിതമായ കണക്കാണ്‌ എസിഎൽഇഡി (The Armed Conflict Location & Event Data Project) എന്ന സംഘടന പുറത്തുവിടുന്നത്‌. കഴിഞ്ഞവർഷം ഫെബ്രുവരിയിലെ അട്ടിമറിയെ തുടർന്നുണ്ടായ അക്രമങ്ങളിൽ മൊത്തം 21,000 പേർ കൊല്ലപ്പെട്ടതായി അവർ വ്യക്തമാക്കുന്നു. പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സ് (പിഡിഎഫ്) എന്ന പ്രാദേശിക പൗരസേനകൾ സൈനിക വാഹനവ്യൂഹങ്ങളെ ആക്രമിച്ച്‌ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നത്‌ നിത്യസംഭവമായി. 2021 ഫെബ്രുവരിക്കുശേഷം ഏതാണ്ട്‌ 14,000 രാഷ്ട്രീയത്തടവുകാരെ അറസ്റ്റ് ചെയ്തു. അതിൽ 11,000-ത്തിലധികം പേർ ജയിലിലാണ്. ആയിരക്കണക്കിന് വീടുകൾ കത്തിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു.

രഹസ്യവിചാരണ നടത്തി ഇല്ലാത്ത കുറ്റങ്ങൾ ചുമത്തിയാണ്‌ സൂചിയെ 11 വർഷത്തെ തടവിന് ശിക്ഷിച്ചത്‌. രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നും നിയമവിരുദ്ധമായി വാക്കി-ടോക്കികൾ കൈവശം വച്ചെന്നുമായിരുന്നു സൈനിക കോടതി കണ്ടെത്തിയ കുറ്റം. നിയമം അനുശാസിക്കുന്ന നിലയിലല്ല പട്ടാള ജനറൽമാരുടെ കംഗാരു കോടതികളിൽ നിന്നുള്ള ശിക്ഷാവിധി എന്നതാണ്‌ പരിഹാസ്യം. ഇപ്പോൾ സൂചിയെ മരണംവരെ ജയിലിലിടാനുള്ള വകുപ്പുകളാണ്‌ പട്ടാളക്കോടതി തിരയുന്നത്‌.

സൂചിയുടെ ഭരണകാലത്ത്‌ മ്യാൻമർ സ്ഥിരതയുടെയും സാമ്പത്തിക വളർച്ചയുടെയും അപൂർവ മുന്നേറ്റമാണ്‌ നടത്തിയത്‌. ഇത്‌ സൂചിയുടെ ജനപിന്തുണ വർധിക്കുന്നതിനു കാരണമായി. ഇതിൽ അസ്വസ്ഥരായ പട്ടാളം അട്ടിമറി നടത്തി വീണ്ടും സൈനിക സർക്കാരിനെ അവരോധിക്കുകയായിരുന്നു. ഇന്ന്‌ മ്യാൻമറിലെ ആരോഗ്യപരിപാലന സംവിധാനം പാടേതകർന്നു. രോഗം വന്നാൽ, അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻപോലും കഴിയുന്നില്ല. ബഹുഭൂരിപക്ഷമാളുകളും ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൻ തകർച്ചയിലാണ്.- 2019നെ അപേക്ഷിച്ച് 2022ൽ എത്തുമ്പോൾ ജിഡിപി 13 ശതമാനത്തിന്റെ കുറവാണ്‌ രേഖപ്പെടുത്തിയതെന്ന്‌ ലോക ബാങ്ക് പറയുന്നു.
2022 മാർച്ചിലെ കണക്കനുസരിച്ച്‌ രാജ്യത്തെ ജനസംഖ്യ 5,41,83,947 ആണ്‌. ഇതിൽ 89 ശതമാനവും ബുദ്ധമത വിശ്വാസികളാണ്‌. 6.3 ശതമാനം ക്രിസ്തുമത വിശ്വാസികളും 2.1 ശതമാനം ഇസ്ലാമിസ്‌റ്റുകളുമുണ്ട്‌. 0.5 ശതമാനം മാത്രമാണ്‌ ഹിന്ദുമതത്തിൽപ്പെട്ടവർ. സമാധാനപ്രിയരാണ്‌ ബുദ്ധമതവിശ്വാസികളെങ്കിലും മ്യാൻമറിലെ അവസ്ഥ നേരെമറിച്ചാണ്‌.

ഇന്ത്യ, ചൈന, ലാവോസ്, തായ്‌ലൻഡ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ്‌ മ്യാൻമറിന്റെ അതിർത്തി പങ്കിടുന്നത്‌. ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലുമാണ് മറ്റതിർത്തികൾ. വലിപ്പംകൊണ്ട് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ മ്യാൻമറിൽ 1962 മുതൽ പട്ടാള ഭരണമാണ്. മ്യാൻമറിലെ ജനാധിപത്യ അഭിലാഷങ്ങളുടെ പ്രതീകമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓങ്‌ സാൻ സൂചി. മ്യാൻമറിന്റെ സ്വാതന്ത്ര്യ ശിൽപ്പിയായ ജനറൽ ഓങ് സാന്റെ പുത്രിയായ സൂചി മഹാത്മജിയുടെ അക്രമരഹിത സിദ്ധാന്തത്തെ മുറുകെപ്പിടിച്ചാണ് ജനാധിപത്യ പുനഃസ്ഥാപനത്തിനായി പ്രവർത്തിക്കുന്നത്.

ഓങ് സാൻ മ്യാന്മറിന്റെ (ബർമ) സ്വാതന്ത്ര്യ സമരനായകനും രക്തസാക്ഷിയും രാഷ്ട്രപിതാവുമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടിയ അച്ഛന്റെ സമരവീര്യം ഒട്ടും കുറയാതെ തന്നെ സൂചിക്കുമുണ്ടായിരുന്നു. 1962 മുതൽ അട്ടിമറിയിലൂടെ അധികാരം കൈവശപ്പെടുത്തിയ പട്ടാളഭരണകൂടത്തിനെതിരെ 1988ൽ സമരമുഖത്തെത്തിയതോടെയാണ് സൂചി ലോകശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. 1960കളിൽ സൂചിയുടെ അമ്മ മാ കിൻ ചി ഇന്ത്യയിൽ അംബാസഡർ ആയിരുന്നു.

ചരിത്രനിയോഗംപോലെയായിരുന്നു ബുദ്ധമത വിശ്വാസിയായ സൂചിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. രോഗബാധിതയായ അമ്മയെ പരിചരിക്കാനായി മ്യാന്മറിലേക്ക്‌ 1985-ൽ തിരിച്ചെത്തിയതായിരുന്നു അവർ. പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ അവരൈ വീട്ടുതടങ്കലിലാക്കി. 1990ൽ ബഹുകക്ഷി പൊതുതെരഞ്ഞെടുപ്പ് നടത്താൻ പട്ടാള ഭരണകൂടം നിർബന്ധിതമായി. സൂചിയുടെ നാഷണൽ ലീഗ് മഹാഭൂരിപക്ഷം നേടിയെങ്കിലും അധികാരം കൈമാറാൻ സൈന്യം തയ്യാറായില്ല. എന്നാൽ, വലിയ സമ്മർദത്തിനൊടുവിൽ 1995 ജൂലൈയിൽ സൂചിയെ മോചിപ്പിച്ചു. 2015-ൽ, 25 വർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയെ (എൻഎൽഡി) അവർ വിജയത്തിലേക്ക് നയിച്ചു. അതോടെയാണ് സൈന്യവും സൂചിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറനീക്കിയത്‌. 476 സീറ്റിൽ നടന്ന മൽസരത്തിൽ 396 സീറ്റും സൂചിയുടെ പാർടി കരസ്ഥമാക്കി. 2021 ഫെബ്രുവരിയിലെ അട്ടിമറിയിൽ സൈന്യം അവരെ പുറത്താക്കുകയും വീട്ടുതടങ്കലിൽ വയ്ക്കുകയും ചെയ്തു.

മ്യാൻമറിലെ എക്കാലത്തെയും ജനപിന്തുണയുള്ള നേതാവാണ്‌ സൂചി. തെരഞ്ഞെടുപ്പ് വിജയത്തിളക്കത്തിനിടയിലും മ്യാൻമറിലെ രോഹിൻഗ്യൻ ന്യൂനപക്ഷത്തെ സൈന്യം പീഡിപ്പിക്കുന്നതിനെ കണ്ടില്ലെന്നു നടിക്കുന്നു എന്ന ആരോപണം അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുമ്പോഴാണ് പട്ടാളം സൂചിയെ അട്ടിമറിക്കുന്നതും അധികാരം പിടിച്ചെടുക്കുന്നതും. സൈനിക ഭരണകൂടം സമ്പന്നർക്കനുകൂലവും സാധാരണക്കാരനെ അടിച്ചമർത്തുന്നതുമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ഇതിനെതിരായ കടുത്ത പോരാട്ടമാണ്‌ അവിടെ നടക്കുന്നത്‌. ഒപ്പം ജനാധിപത്യപുനഃസ്ഥാപനത്തിനുവേണ്ടിയുള്ള സമരങ്ങളും മ്യാൻമറിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top