10 August Monday

ഒറ്റ പാർടി ഭരണം, ഒറ്റപ്പെടുന്ന ജനാധിപത്യം

പി വി തോമസ‌്Updated: Saturday Aug 3, 2019


ഇന്ത്യയിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ ആരോഗ്യപരമായ ബഹുകക്ഷി ജനാധിപത്യത്തിന്റെ അസ്‌തമനം ആണ്‌. പകരം ഏകകക്ഷി ഭരണത്തിന്റെ ഉദയവും. നരേന്ദ്ര മോഡിയുടെയും അമിത്‌ഷായുടെയും ഒറ്റ പാർടി ഭരണത്തിൽ ജനാധിപത്യം ഒറ്റപ്പെടുകയാണ്‌. ശക്തമായ ഒരു ദേശീയ ജനാധിപത്യത്തിന്റെ അഭാവം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ വെല്ലുവിളിക്കുകയാണ്‌. അതിന്റെ പരിപൂർണ ഉത്തരവാദിത്തം ദീർഘകാലം ഇന്ത്യയെ അടക്കിവാണ ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ്‌. തകർച്ചയെ അഭിമുഖീകരിക്കുന്ന പ്രാദേശിക കക്ഷികൾ മറ്റൊരു ഘടകം ആണ്‌. ഇതിനെല്ലാം കാരണങ്ങൾ പലതാണ്‌. മോഡി–-ഷാമാരുടെ കുശലതയും സംഘടനാപാടവവും, അവരെ പിന്തുണയ്‌ക്കുന്ന വ്യവസായികളുടെ ധനശേഷി, പ്രചാരണമിടുക്ക്‌, കുതിരക്കച്ചവടക്കസർത്ത്‌, അന്വേഷണ ഏജൻസികളിലൂടെ പ്രതിപക്ഷത്തെ തളയ്‌ക്കുന്ന ചാണക്യതന്ത്രം, സംഘടിത പ്രതിപക്ഷത്തിന്റെ അഭാവം,   ഹിന്ദുത്വ കാർഡ്‌ തുടങ്ങിയവ ശക്തമായി ഒരുവശത്ത്‌. മറുവശത്ത്‌ കോൺഗ്രസിന്റെ പരാജയവും പരാധീനതകളും.

കർണാടകത്തിലും ഗോവയിലും നടന്ന വൻ കൂറുമാറ്റങ്ങൾ  ഇവിടെ തൽക്കാലം പരാമർശവിഷയം അല്ല. മധ്യപ്രദേശിലും കർണാടകം സമീപഭാവിയിൽ ആവർത്തിക്കപ്പെട്ടേക്കാം.  പ്രാദേശിക പാർടിയായ തെലുഗുദേശം പാർടിയിൽ മറ്റും നടക്കുന്ന കൂറുമാറ്റങ്ങൾ (രാജ്യസഭ) അത്യന്തം ചിന്തനീയം ആണ്‌. അടിയന്തരാവസ്ഥക്കാലത്ത്‌ മാത്രമാണ്‌ ഇന്ദിര ഗാന്ധി പ്രതിപക്ഷത്തെ, പ്രത്യേകിച്ചും പ്രാദേശിക കക്ഷികളെ ഇങ്ങനെ ഉന്മൂലനാശനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടത്‌.
മോഡിയും അമിത്‌ ഷായും എല്ലാം ഒന്നിൽ ഒതുക്കുവാൻ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ അവരുടെ കാര്യത്തിൽ രണ്ടിലും (മോഡി–-ഷാ കമ്പനി). ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌, ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു സിവിൽ കോഡ്‌ ഇങ്ങനെ ഒട്ടേറെ പ്രഖ്യാപിതലക്ഷ്യങ്ങൾ മോഡി–-ഷാ ദ്വയത്തിന്‌ ഉണ്ട്‌. കശ്‌മീർ സംബന്ധിച്ചുള്ള ഭരണഘടനയിലെ ആർട്ടിക്കിൾ 37-0 ഉം 35–-എ-യും എടുത്തുകളയുന്നതും ഇതിൽ പ്രമുഖമാണ്‌. കശ്‌മീരിലെ ഇപ്പോഴത്തെ ഈ പടസന്നാഹങ്ങൾ ഇതിന്റെ മുന്നോടിയാണ്‌. ഒറ്റപാർടി ഭരണത്തിൽ പ്രതിപക്ഷവുമായി ഇതൊന്നും ആലോചിക്കേണ്ട കാര്യവുമില്ലല്ലോ.

ബിജെപി പിടിമുറുക്കുന്നതിന്റെ ചിത്രം
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിന്റെ കഥ എടുക്കുക. അവിടത്തെ മതധ്രുവീകരണ രാഷ്ട്രീയമാണ്‌ ബിജെപിയുടെ പ്രധാന ശക്തിസ്രോതസ്സ്‌. അവിടെ അഞ്ച്‌ രാഷ്ട്രീയകക്ഷികളാണ്‌ എടുത്തുപറയാനായിട്ടുള്ളത്‌–- ബിജെപി, സമാജ്‌വാദി പാർടി, ബഹുജൻ സമാജ്‌ പാർടി, കോൺഗ്രസ്‌, ഇന്ത്യൻ നാഷണൽ ലോക്‌ദൾ. സമാജ്‌വാദി പാർടിയുടെയും ബഹുജൻ സമാജ്‌ പാർടിയുടെയും സഖ്യം ലോക്‌സഭാതെരഞ്ഞെടുപ്പിലെ പരാജയത്തോടെ പൊളിഞ്ഞു. കോൺഗ്രസിന്റെ കാര്യം പറഞ്ഞാൽ കഷ്ടം ആണ്‌. 80 സീറ്റിൽ ഒറ്റ സീറ്റ്‌ മാത്രമാണ്‌ ലഭിച്ചത്‌ (സോണിയ ഗാന്ധി –- റായ്‌ബറേലി). അങ്ങനെ ഉത്തർപ്രദേശിൽ ബിജെപി മാത്രമായി മാറിയിരിക്കുകയാണ്‌. 2022-ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കഥ എന്തായിരിക്കും? ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഉത്തർപ്രദേശിൽ  ബിജെപിക്ക്‌ ശക്തമായ പ്രതിപക്ഷം ഇല്ല.

ഇനി വടക്കേ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ ഒന്നായ ബിഹാറിന്റെ കഥ നോക്കാം. അവിടെ ലാലുപ്രസാദ്‌ യാദവിന്റെ കക്ഷിയായ രാഷ്ട്രീയ ജനതാദൾ തകർന്നിരിക്കുകയാണ്‌. ഒരു സീറ്റ്‌ പോലും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചില്ല. ലാലുപ്രസാദ്‌ യാദവ്‌ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട്‌ ജയിലിലുമാണ്‌. ഇവിടെ ഭരിക്കുന്നത്‌ ജെഡിയുവിന്റെ നിതീഷ്‌കുമാർ ആണെങ്കിലും, ബിജെപിയുടെ കാരുണ്യത്തിലാണ്‌ അത്‌. ജെഡിയുവിന്റെ തകർച്ച ബിഹാറിൽ ബിജെപിയുടെ വളർച്ച ആയിരിക്കും.

ഒഡിഷയുടെ കഥയും ഏതാണ്ട്‌ ഇതൊക്കെത്തന്നെ. ബിജു ജനതാദളിനും നവീൻ പട്‌നായിക്കിനും അവിടെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ അടിപതറി. സംസ്ഥാനം നിലനിർത്തി എന്നത്‌ ശരിതന്നെ. ബിജെപി ഒഡിഷയിൽ എട്ട്‌ സീറ്റുമായി ചരിത്ര വിജയം നേടി. നവീൻ പടയ്‌നായിക്കിനുശേഷം ബിജെപി ഒഡിഷയിൽ അധികാരപരീക്ഷണം നടത്താൻ സാധ്യതയുണ്ട്‌. ഇതാണ്‌ ഒറ്റ നേതാവ്‌ പാർടികളുടെ കഥ. പശ്ചിമബംഗാളിലും ബിജെപി തൃണമൂൽ കോൺഗ്രസിന്‌ ഒപ്പം ഉണ്ട്‌. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ മമത ബാനർജിക്കും (തൃണമൂൽ കോൺഗ്രസ്‌) ബിജെപിക്കും നിർണായകമായിരിക്കും.

 

ഉടൻ തെരഞ്ഞെടുപ്പ്‌ വരുന്ന മഹാരാഷ്ട്രയിലും പ്രതിപക്ഷം പ്രതിസന്ധിയിലാണ്‌. ബിജെപി വൻതോതിൽ നാഷണലിസ്റ്റ്‌ കോൺഗ്രസ്‌ പാർടിയുടെ നേതാക്കളെ ചാക്കിട്ട്‌ പിടിക്കുകയാണ്‌. ഇതാണ്‌ എവിടെയും ബിജെപിയുടെ നയം. കർണാടകത്തിലും ഗോവയിലും ഇതു കണ്ടതാണ്‌. അതാണ്‌ ബിജെപിയുടെ ഒറ്റ പാർടി ഭരണസൂത്രത്തിന്റെ ആധാരശില. പണം മുംബൈ വ്യവസായികൾ നൽകും. അതും ആയിരക്കണക്കിന്‌ കോടികൾ. അധികാരം ആണെങ്കിൽ  ഡൽഹിയിലുണ്ട്‌.  ഒറ്റ പാർടി ഭരണം പ്രാവർത്തികമാക്കാൻ പിന്നെന്താണ്‌ പേടിക്കാനുള്ളത്‌!

എൻസിപി നേതാക്കളെ കൂറുമാറ്റാനായി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെയും സിബിഐയെയും ബിജെപി വ്യാപകമായി  ഉപയോഗിക്കുന്നുണ്ടെന്ന്‌ ശരദ്‌പവാർ പറഞ്ഞിരുന്നു. ഇതുതന്നെയാണ്‌ അഖിലേഷ്‌ യാദവും മായാവതിയും ചന്ദ്രബാബു നായിഡുവും എല്ലാം പറഞ്ഞതും. അതുതന്നെയാണ്‌ ബിജെപിയുടെ ഒറ്റ പാർടി ഭരണത്തിന്റെ തുറുപ്പുചീട്ടും. അതുകൊണ്ടാണ്‌ വൈഎസ്‌ആർ കോൺഗ്രസും ടിആർഎസും  രാജ്യസഭയിൽ ബിജെപിക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്യുന്നതും. പണവും ഭീഷണിയും റെയ്‌ഡും ബിജെപിയുടെ ഒറ്റ പാർടി ഭരണത്തിന്റെ തന്ത്രങ്ങളാണ്‌. അതു വിജയിക്കുകയാണ്‌.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക്‌ പ്രബലരായ എതിരാളികൾ ഇല്ല. തെക്കേ ഇന്ത്യയിൽ മാത്രമാണ്‌ ബിജെപിക്ക്‌ എതിരാളികൾ ഉള്ളത്‌. കേരളവും തമിഴ്‌നാടും ഇപ്പോഴും ബിജെപിക്ക്‌ ബാലികേറാമലയാണ്‌. ആന്ധ്രയും അതുപോലെ തന്നെ. കർണാടകത്തിൽ സംഭവിച്ചത്‌ ഏവർക്കും അറിവുള്ളതാണ്‌. അവിടെ പണത്തിന്റെ കുത്തൊഴുക്കായിരുന്നു. 17 എംഎൽഎമാരെയാണ്‌ കോടികൾ കൊടുത്ത്‌ ബിജെപി കീശയിലാക്കി കോൺഗ്രസ്‌–-ജെഡിഎസ്‌ ഗവൺമെന്റിനെ തറപറ്റിച്ചത്‌.  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 28-ൽ 25 സീറ്റും നേടി എന്നത്‌ വാസ്‌തവമാണ്‌. പക്ഷേ, ഇപ്പോഴത്തെ ഈ ഭരണമാറ്റം വ്യക്തവും നഗ്നവുമായ കുതിരക്കച്ചവടത്തിന്റെ ഫലമാണ്‌. കോൺഗ്രസ്‌–-ജെഡിഎസ്‌ സഖ്യത്തിന്റെ വൈരുധ്യവും അതിന്റെ കൂടെയുണ്ട്‌. തെലങ്കാനയിലും പശ്ചിമബംഗാളിലേതുപോലെ, ബിജെപി നുഴഞ്ഞുകയറുന്നുണ്ട്‌. ഡൽഹിയിലെ അധികാരവും ധനവാഗ്‌ദാനങ്ങളും ഇതിൽ സുപ്രധാന പങ്ക്‌ വഹിക്കുന്നു. ഹിന്ദുത്വ കാർഡ്‌ വേണ്ടിടത്ത്‌ അത്‌, ആൾക്കൂട്ടക്കൊലയും പശുസംരക്ഷണവും വേണ്ടിടത്ത്‌ അത്‌, ശുദ്ധമായ കച്ചവടം വേണ്ടിടത്ത്‌ അതും. ഇതാണ്‌ ബിജെപിയുടെ ഒറ്റ പാർടി ഭരണരാഷ്ട്രീയത്തിന്റെ സൂക്തങ്ങൾ.

തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകം പോലെ ബിജെപിയുടെ പിടിയിൽ പതിയെ ഒതുങ്ങിക്കൊണ്ടിരിക്കുന്നത്‌ തെലങ്കാനയാണ്‌. അവിടെ ബിജെപി അഞ്ച്‌ ലോക്‌സഭാസീറ്റ്‌ നേടിയത്‌ ടിആർഎസ്‌ നേതാവ്‌ ചന്ദ്രശേഖരറാവുവിന്‌ തിരിച്ചടിയായി. അദ്ദേഹം അതിൽനിന്ന്‌ മോചനം പ്രാപിക്കുന്നത്‌ രാജ്യസഭയിൽ ബിജെപിയുടെ ജനവിരുദ്ധബില്ലുകൾക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്‌തുകൊണ്ടാണ്‌. ആന്ധ്രപ്രദേശിൽ വൈഎസ്‌ആർ കോൺഗ്രസും ഇതേ വഴിയിൽത്തന്നെ ആണ്‌. കേരളം പോലെ, തമിഴ്‌നാട്ടിലെ ദ്രവീഡിയൻ രാഷ്ട്രീയം മാത്രമാണ്‌ ബിജെപിയുടെ ഒറ്റ പാർടി ഭരണത്തിന്‌ വിഘാതം .

പ്രതിപക്ഷമുക്തമായ ഒരു ജനാധിപത്യഭരണം ഇന്ത്യക്ക്‌ അപകടകരമാണ്‌. ഇന്ത്യ ഇപ്പോൾ അവിടെയാണ്‌ എത്തിനിൽക്കുന്നത്‌. ഇങ്ങനെയൊരു അവസ്ഥ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും വഴിതെളിക്കും. മോഡിക്കും ഷായ്‌ക്കും ഫാസിസ്‌റ്റ്‌ പ്രവണതകൾ ഏറെയുണ്ട്‌. ഗുജറാത്തിലും  ഡൽഹിയിലും  അവർ അത്‌ തെളിയിച്ചതാണ്‌.

ഒറ്റ പാർടി ഭരണത്തിന്റെ ഉദാഹരണങ്ങൾ ആണ്‌ പാർലമെന്റ്‌ പാസാക്കിയ വിവരാവകാശ നിയമഭേദഗതിയും മറ്റും. വിവരാവകാശ നിയമ ഭേദഗതി പാസാക്കാൻ ടിആർഎസ്‌, ബിജെഡി, വൈഎസ്‌ആർ കോൺഗ്രസ്‌, എഐഎഡിഎംകെ തുടങ്ങിയ കക്ഷികൾ രാജ്യസഭയിൽ ബിജെപിയെ സഹായിച്ചു. ഇനിയും നിർണായകമായ പല ബില്ലുകളും വരും. അവിടെയും വിജയം ഈ ഒറ്റ പാർടി ഭരണത്തിന്‌ ആയേക്കാം.

സ്വേച്ഛാധിപതികളായ ഭരണാധികാരികളും ദേശീയ ദിശാബോധം ഇല്ലാത്ത പ്രാദേശിക കക്ഷികളും ഒറ്റ പാർടി ഭരണം നടപ്പാക്കുന്നു. അത്‌ ജനാധിപത്യത്തെ ഒറ്റപ്പെട്ടതാക്കുന്നു. ജനങ്ങളെയും ഒറ്റപ്പെടുത്തുന്നു. ഇവർക്ക്‌ ഭരണഘടനയോ കോടതിയോ മനുഷ്യാവകാശമോ മതേതരത്വമോ വിഷയമല്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top