22 April Monday

കേരളം നെഞ്ചേറ്റിയ വിവേകാനന്ദ സ്പര്‍ശം

എ കെ ബാലന്‍Updated: Wednesday Jan 3, 2018

കേരളം ഇന്ന് അഭിമുഖീകരിക്കുന്ന രണ്ട് സാംസ്കാരിക സ്വാധീനങ്ങളെ സംബന്ധിച്ച് കഴിഞ്ഞ കേരള പഠനകോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. "മുതലാളിത്തത്തിന്റെയും വര്‍ഗീയതയുടെയും സംസ്കാരം. ഇവ രണ്ടും ദ്രുതഗതിയില്‍ സമൂഹമനസ്സിനെ അടിമപ്പെടുത്തുകയാണ്. മുതലാളിത്ത സംസ്കാരത്തെ ഉപഭോഗ സംസ്കാരംമാത്രമായി കാണുന്ന പ്രവണതയുണ്ട്. മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളെയും അടിമപ്പെടുത്തുന്ന ഒന്നാണത്. പരമ്പരാഗത സാംസ്കാരിക രൂപങ്ങളെയും പ്രയോഗങ്ങളെയും അത് സ്വാധീനിക്കുകമാത്രമല്ല, തകര്‍ക്കുകയും ചെയ്യുന്നു. വര്‍ഗീയതയുടെ പ്രത്യയശാസ്ത്രം സംസ്കാരമാണ്. ഭൂരിപക്ഷ വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സാംസ്കാരിക അവബോധം മതാധിഷ്ഠിതമാണ്. അത് വിശ്വാസത്തെയും ജാതിബോധത്തെയും ഉപയോഗിച്ചുള്ള സാംസ്കാരിക പ്രവര്‍ത്തനമാണ്. ചരിത്രത്തെ മതവുമായി ബന്ധപ്പെടുത്തി രാഷ്ട്രത്തിന്റെ തിരിച്ചറിവിനെ മതാധിഷ്ഠിത തിരിച്ചറിവായി വ്യാഖ്യാനിക്കുന്നു. അതായത്, മത സംസ്കാരത്തെ ദേശീയ സംസ്കാരമാക്കി പരിണമിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ ദേശീയതയ്ക്ക് നിരക്കാത്തതാണ്.'' (അധ്യായം 24, കല-സംസ്കാരം-മാധ്യമം) 

ഈ സാംസ്കാരികവിപത്ത് നമുക്കിന്ന് രാജ്യത്ത് സജീവമായി കാണാനാകും. കേരളത്തിന്റെ ജനകീയ രാഷ്ട്രീയം നിലനില്‍ക്കുന്നത് ഒരു ജനകീയ സംസ്കാരത്തിന്റെ പിന്‍ബലത്തിലാണ്. അതിനെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. കേരളം അഭിമുഖീകരിക്കുന്ന ഈ പ്രശ്നത്തെ സാംസ്കാരിക ജനകീയ ഇടപെടലിലൂടെ തരണം ചെയ്യുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന സാംസ്കാരിക നയം. അതിന് അനുസരിച്ച നയപരിപാടികളാണ് സാംസ്കാരികരംഗത്ത് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നത്.

വജ്രജൂബിലി നിറവിലെത്തിയ കേരളം ഇന്നത്തെ കേരളമായി മാറിയതിനു പിന്നിലെ ഏറ്റവും വലിയ ചാലകശക്തി നവോത്ഥാന പ്രസ്ഥാനങ്ങളും നവോത്ഥാന നായകരും ഈ മണ്ണില്‍ ഉഴുതുമറിച്ച് വിതച്ച നവോത്ഥാനമൂല്യങ്ങളാണ്. മാനവികതയില്‍ അധിഷ്ഠിതമായ സര്‍ഗാത്മകതയുടെ ആ മൂല്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്. കേരളീയ നവോത്ഥാനത്തിന്റെ അപചയപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ തിരിച്ചുപിടിക്കാനാണ് കാലം ആവശ്യപ്പെടുന്നത്. വര്‍ഗീയത, മതചിന്തകള്‍, പുതിയ രൂപത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം നമ്മെ കീഴ്പ്പെടുത്താന്‍ സര്‍വശക്തിയുമെടുത്ത് പോരാടുകയാണ്. ജാതീയതയില്‍നിന്ന് മാനവികതയിലേക്ക് മുന്നേറുക എന്ന ചരിത്രപരമായ കടമ സാംസ്കാരികലോകം ഏറ്റെടുക്കേണ്ട കാലമാണിത്. പുതിയൊരു സാംസ്കാരിക വീണ്ടെടുപ്പിന്റേതാകണം നമ്മുടെ വര്‍ത്തമാനകാലം. കേരളത്തിന്റെ തനത് സംസ്കാരത്തെയും ചരിത്രത്തെയും അറിയാനുള്ള അവസരം ഒരുക്കുകയും അതിനായി കല, ശാസ്ത്രം, വിദ്യാഭ്യാസം എന്നിവയിലൂടെ പൊതുബോധം ഉണ്ടാക്കാന്‍ കഴിയുന്ന പൊതു ഇടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നത് ഈ സര്‍ക്കാരിന്റെ നയമാണ്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സൂര്യതേജസ്സായ ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ലാ വിളംബരം', അദ്ദേഹത്തിന്റെ പ്രിയശിഷ്യനായ സഹോദരന്‍ അയ്യപ്പന്റെ 'മിശ്രഭോജനം' എന്നിവയുടെ ശതാബ്ദിവര്‍ഷമാണ് കടന്നുപോയത്. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്കാരികനയത്തിന്റെ ഭാഗമായി ഈ രണ്ട് ശതാബ്ദിയും സാംസ്കാരികവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കുകയുണ്ടായി. മതേതരത്വവും മാനവികതയും വിളംബരം ചെയ്യുന്നവയാണ് ഈ പ്രഖ്യാപനങ്ങള്‍. കേരളത്തിലെ പുതു തലമുറയ്ക്ക് ഈ സന്ദേശങ്ങള്‍ പകര്‍ന്നുകൊടുക്കുക എന്നതായിരുന്നു സാംസ്കാരികവകുപ്പ് ഇതിലൂടെ ലക്ഷ്യമിട്ടത്.

സമാനമായി കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ ദൂരവ്യാപക ചലനം സൃഷ്ടിച്ചതാണ് സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനം. ആ സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികം 'വിവേകാനന്ദ സ്പര്‍ശം' എന്ന പേരില്‍ ഒരു മാസക്കാലം വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചു. സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ കാലുകുത്തിയ നവംമ്പര്‍ 27ന് തിരുവനന്തപുരത്ത് കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒരു മാസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.  

വിവേകാനന്ദന്‍ കേരളത്തില്‍ കാലുകുത്തിയത് പാലക്കാട്ടാണ്. അവിടെനിന്ന് ഷൊര്‍ണൂരിലേക്ക് പോയി. ഈ യാത്രയെ അനുസ്മരിച്ച് നവംമ്പര്‍ 28ന് ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു. സംഗീത നാടക അക്കാദമി ഡിസംബര്‍ 19ന് പാലക്കാട് മോയന്‍ സ്കൂളിലും അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു.

കാസര്‍കോട് തുളു അക്കാദമിയും കണ്ണൂരില്‍ ഫോക്ലോര്‍ അക്കാദമിയും മലപ്പുറത്ത് മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള അക്കാദമിയും ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഇടുക്കിയിലും കലാമണ്ഡലം തൃശൂരിലും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വയനാട്ടിലും ലളിതകലാ അക്കാദമി എറണാകുളത്തും ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷന്‍ ആലപ്പുഴയിലും മുലൂര്‍ സ്മാരകവും വാസ്തുവിദ്യാഗുരുകുലവും ചേര്‍ന്ന് പത്തനംതിട്ടയിലും മലയാളം മിഷന്‍ കോട്ടയത്തും വൈലോപ്പിള്ളി സംസ്കൃതിഭവനും ഗുരുഗോപിനാഥ് നടനഗ്രാമവും ചേര്‍ന്ന് കൊല്ലത്തും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടും തോന്നയ്ക്കല്‍ ആശാന്‍ സ്മാരകവും ചേര്‍ന്ന് തിരുവനന്തപുരത്തും പരിപാടികള്‍ ജനകീയമായി സംഘടിപ്പിക്കുകയുണ്ടായി. കോഴിക്കോട് കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആഭിമുഖ്യത്തില്‍ ആയിരങ്ങളുടെ പങ്കാളിത്തത്തോടെ പരിപാടികള്‍ സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ പരിപാടിക്കു പുറമെ വിവിധ സംഘടനകളും സ്ഥാപനങ്ങളും വിവേകാനന്ദ സ്പര്‍ശം ഏറ്റെടുത്തു. ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ പ്രമോദ് പയ്യന്നൂര്‍ തയ്യാറാക്കിയ നവോത്ഥാന ദൃശ്യസന്ധ്യ എന്ന ഡിജിറ്റല്‍ മെഗാഷോ സംസ്ഥാനത്തുടനീളം പ്രദര്‍ശിപ്പിച്ചു. വിവേകാനന്ദന്‍ തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്ക് മടങ്ങിയ ഡിസംബര്‍ 22നെ അനുസ്മരിച്ച് അന്നായിരുന്നു ഈ ഔദ്യോഗിക പരിപാടികളുടെ സമാപനം.

യാദൃച്ഛികമായാണ് വിവേകാനന്ദന്‍ 1982ല്‍ കേരളത്തിലെത്തുന്നത്. അതിന് നിമിത്തമായത് ബംഗളൂരുവില്‍വച്ച് ഡോ. പല്‍പ്പുവിനെ കണ്ടതും. അധഃകൃത ജനവിഭാഗങ്ങള്‍ കേരളത്തില്‍ അനുഭവിക്കുന്ന ജാതിപരവും സാമൂഹ്യവുമായ അടിച്ചമര്‍ത്തലും വിവേചനവും ഡോ. പല്‍പ്പു ധരിപ്പിച്ചത് സ്വാമി വിവേകാനന്ദന് പുതിയ അറിവായിരുന്നു. കൊടുങ്ങല്ലൂര്‍ ദേവീക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ വിവേകാനന്ദന് അത് ബോധ്യപ്പെടുകയും ചെയ്തു. തന്റെ ജാതി വ്യക്തമാക്കാത്തതിനാല്‍ അദ്ദേഹത്തിന് ക്ഷേത്രപ്രവേശനം വിലക്കുകയായിരുന്നു. ഒരിക്കല്‍മാത്രം കേരളം സന്ദര്‍ശിച്ച വിവേകാനന്ദന്‍ ആ സന്ദര്‍ശനത്തില്‍ കേരളത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിലൂടെയാണ് പ്രധാനമായും വിവേകാനന്ദനെ കേരളം ഇന്ന് ഓര്‍ക്കുന്നത്.

ഇന്ത്യയില്‍ ഒരിടത്തും കാണാത്ത ചാതുര്‍വര്‍ണ്യത്തിന്റെ തീവ്രതയും ഉന്നത സ്ഥാനീയരുടെ അധഃകൃതരോടുള്ള അവഗണനയും അദ്ദേഹത്തിന് നേരില്‍ ബോധ്യമായപ്പോഴാണ് ഭ്രാന്താലയം എന്ന വിശേഷണം അദ്ദേഹം കേരളത്തിന് ചാര്‍ത്തിത്തന്നത്. അത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിവേകാനന്ദന്റെ സന്ദര്‍ശനത്തെ ഓര്‍മപ്പെടുത്തുന്നത് പുതിയ സാംസ്കാരിക വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെ പരിചയപ്പെടുത്താനാണ്. ഹിന്ദുവര്‍ഗീയവാദികള്‍ പ്രചരിപ്പിക്കുന്നതല്ല വിവേകാനന്ദ ദര്‍ശനങ്ങള്‍. ജാതിയും ദൈവവും വിശപ്പും എല്ലാം അദ്ദേഹം വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ആചാരബന്ധവും യാഥാസ്ഥിതികവുമായ മതസങ്കല്‍പ്പത്തെ അദ്ദേഹം എതിര്‍ത്തു. വിധവയുടെ കണ്ണീരൊപ്പാനും അഗതിക്ക് ആഹാരം നല്‍കാനും കഴിയാത്ത ഈശ്വരനിലും മതത്തിലും താന്‍ വിശ്വസിക്കുന്നില്ലെന്നു പ്രഖ്യാപിച്ചതിലൂടെ പരമ്പരാഗത മതബോധത്തേക്കാള്‍ ഭേദം നിരീശ്വരചിന്തയാണെന്നു പറയാന്‍ അദ്ദേഹം മടിച്ചില്ല. അത്തരത്തില്‍ ജനങ്ങളുടെ ജീവിതവും ചിന്തയും മാറണമെന്ന് ആഹ്വാനംചെയ്ത ജ്ഞാനിയായിരുന്നു വിവേകാനന്ദന്‍. ആ വിവേകാനന്ദനെ പരിചയപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ 'വിവേകാനന്ദ സ്പര്‍ശം' സംഘടിപ്പിച്ചത്.
 

പ്രധാന വാർത്തകൾ
 Top