15 July Wednesday

ആർസിഇപി കരാർ: ഔഷധമേഖലയും പ്രതിസന്ധിയിലേക്ക്-

ഡോ. ബി ഇക്‌ബാൽUpdated: Saturday Nov 2, 2019


ആർസിഇപി കരാർ രാജ്യത്തെ സമ്പദ്ഘടനയുടെ സമസ്ത  മേഖലയുടെയും തകർച്ചയ്‌ക്ക് കാരണമാകുമെന്ന് വ്യക്തമായിരിക്കുകയാണ്. കാർഷിക, ക്ഷീര, മത്സ്യ വിപണന മേഖലകളിലും   വ്യവസായരംഗത്തും വലിയ തിരിച്ചടികൾക്ക്-  ആർസിഇപി കരാർ കാരണമാകും. അതോടൊപ്പം പരിമിതമായിട്ടെങ്കിലും പേറ്റന്റ് നിയമത്തിലുള്ള ചില വകുപ്പുകൾ ആർസിഇപി കരാറിന്റെ ഭാഗമായി മാറ്റേണ്ടിവരും.  അതോടെ  ഇന്ത്യൻ ഔഷധമേഖല കൂടുതൽ പ്രതിസന്ധികളെ നേരിടേണ്ടി വരും. അവശ്യമരുന്നുവില ഇനിയും കുത്തനെ വർധിക്കും. 

പൊതു, സ്വകാര്യ മേഖല ഔഷധകമ്പനികൾവഴി ഗുണമേന്മയുള്ള  മരുന്നുകൾ കുറഞ്ഞ വിലയ്‌ക്ക്- ലോകമെമ്പാടും വിപണനംചെയ്‌ത്‌  വികസ്വര രാജ്യങ്ങളുടെ ഫാർമസി എന്ന ഖ്യാതി കൈവരിച്ച രാജ്യമാണ് നമ്മുടേത്-. 1972 മുതൽ ഇന്ത്യയിൽ നിലനിന്നിരുന്ന വികസ്വരരാജ്യങ്ങൾക്കാകെ മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഇന്ത്യൻ പേറ്റന്റ്- നിയമമാണ്  ഔഷധവ്യവസായത്തിന്റെ വളർച്ചയ്‌ക്ക്- സഹായിച്ചത്. ലോകവ്യാപാര സംഘടനയുടെ നിർദേശപ്രകാരമുള്ള ട്രിപ്സ്- (ട്രേഡ്‌ റിലേറ്റഡ്‌ ആസ്‌പെറ്റ്‌സ്‌ ഓഫ്‌ ഇന്റ്വലക്‌ചൽ പ്രോപ്പർട്ടി റൈറ്റ്‌സ്‌) നിബന്ധനകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള  പുതിയ പേറ്റന്റ് നിയമം 2005 ജനുവരിമുതൽ നിലവിൽവന്നു. പേറ്റന്റ്‌  ഭേദഗതി പാർലമെന്റിൽ ചർച്ചചെയ്-തപ്പോൾ ഇടത്- എംപിമാരുടെ ഇടപെടൽവഴി പുതിയ പേറ്റന്റ് നിയമത്തിലെ ഹാനികരമായ ചില വകുപ്പുകൾ ഒഴിവാക്കാനും പ്രയോജനകരമായ ചില വകുപ്പുകൾ ഉൾപ്പെടുത്താനും കഴിഞ്ഞിരുന്നു.

കുത്തക കമ്പനികൾ മരുന്നുകൾക്ക്- അമിതവില ഈടാക്കിയാൽ കുറഞ്ഞ വിലയ്‌ക്ക് മരുന്ന് ഉൽപ്പാദിക്കാൻ സന്നദ്ധതയുള്ള കമ്പനികൾക്ക്-  അനുമതി നൽകുന്ന നിർബന്ധിത ലൈസൻസിങ്‌- അവകാശം, അനാവശ്യ പേറ്റന്റുകൾ അനുവദിക്കുന്നത്- തടയുന്ന 3(ഡി) വകുപ്പ്,  പേറ്റന്റ്‌ അപേക്ഷയ്‌ക്കുമേൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള  മുൻകൂർ എതിർപ്പവകാശം തുടങ്ങിയ വകുപ്പുകളാണ് ഇടതു പാർടികളുടെ ശ്രമഫലമായി പേറ്റന്റ് നിയമത്തിൽ ഉൾപ്പെടുത്തിയത്-.  ഇതിൽ നിർബന്ധിത ലൈസൻസിങ്‌ ദോഹയിൽ ചേർന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ ദോഹ വിട്ടുവീഴ്‌ചയുടെ ഫലമായി അംഗീകരിക്കുകയും ചെയ്തിരുന്നു. 2012ൽ ഈ വകുപ്പ്‌ ഉപയോഗിച്ച്- ബേയർ എന്ന ജർമൻ കമ്പനി അമിതവിലയ്‌ക്ക്- വിറ്റിരുന്ന ക്യാൻസർ ചികിത്സയ്‌ക്കുള്ള നെക്‌സാവാർ എന്ന  മരുന്ന് കുറഞ്ഞവിലയ്‌ക്ക്- ഉൽപ്പാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക്- അനുവാദം നൽകിയതിലുള്ള ഇഷ്ടക്കേട്- അമേരിക്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ ഇംഗിതത്തിന് വഴങ്ങി ഇന്ത്യാ സർക്കാർ നിരവധി അപേക്ഷകളുണ്ടായിരുന്നിട്ടും പിന്നീട് നിർബന്ധിത ലൈസൻസിങ്‌- പ്രകാരം കുറഞ്ഞവിലയ്‌ക്ക്- മരുന്ന് നൽകാൻ മറ്റൊരു കമ്പനിക്കും അനുമതി നൽകിയതുമില്ല.

ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വാണിജ്യതാൽപ്പര്യങ്ങൾ
ലോക വ്യാപാരസംഘടന അനുമതി നൽകിയിട്ടുള്ള വികസ്വര രാജ്യങ്ങൾക്ക്- സഹായകരങ്ങളായ വകുപ്പുകൾ നീക്കംചെയ്-തുകൊണ്ട്, ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ വാണിജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി അമേരിക്കൻ നേതൃത്വത്തിൽ പാശ്ചാത്യരാജ്യങ്ങൾ പല നീക്കങ്ങളും നടത്തിവരികയാണ്. ഇതിൽ പ്രധാനമായത് എല്ലാ  രാജ്യങ്ങൾക്കും ബാധകമായ സാർവലൗകിക പേറ്റന്റ്- നിയമം നടപ്പാക്കുക എന്നതാണ്. ഇതനുസരിച്ച് നിർബന്ധിത ലൈസൻസ്-, 3(ഡി) വകുപ്പ്-, മുൻകൂർ എതിർപ്പവകാശം എന്നിവ റദ്ദ്‌ ചെയ്യപ്പെടും. മറ്റൊരു രീതി തങ്ങളുടെ താൽ-പ്പര്യമനുസരിച്ച്- പേറ്റന്റ്- നിയമത്തിൽ മാറ്റംവരുത്തുന്ന വകുപ്പുകൾ പ്രാദേശിക സ്വതന്ത്രവാണിജ്യ കരാറുകളിലൂടെ (എഫ്‌ടിപി)  നടപ്പാക്കുക എന്നതാണ്. നിലവിലുള്ള മരുന്നുകളുടെ പുതിയ ഉപയോഗത്തിന് പേറ്റന്റ്- നൽകി കാലാവധി നീട്ടിക്കൊടുക്കുക, മുൻകൂർ എതിർപ്പവകാശം അനുവദിക്കാതിരിക്കുക തുടങ്ങിയ ട്രിപ്-സ്-പ്ലസ്-  എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള വ്യവസ്ഥകൾ പലകരാറുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്-.

പ്രാദേശിക സ്വതന്ത്ര വാണിജ്യക്കരാറുകളുടെ ഭാഗമായി ട്രിപ്സ് പ്ലസ്- വകുപ്പുകൾ നടപ്പാക്കാൻ വികസ്വര രാജ്യങ്ങളുടെമേൽ സമ്മർദം ചെലുത്തുകയാണ്  അമേരിക്ക.  ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകൾ എല്ലാ അംഗരാജ്യങ്ങളും പിന്തുടരേണ്ടതാണെന്ന അന്താരാഷ്ട്രധാരണയുടെ നഗ്നമായ ലംഘനംകൂടിയാണ് സ്വതന്ത്ര വാണിജ്യക്കരാറുകൾ. എഫ്-ടിപികളിലൂടെ ദോഹ ഇളവുകൾ അസ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കത്തിൽ ഇന്ത്യയും പങ്കാളിയാകുന്നുണ്ട്‌. ഇതിനകം ആസിയാൻ കരാറടക്കം 27 എഫ്ടിപിയിലാണ് ഇന്ത്യ പങ്കുചേർന്നിട്ടുള്ളത്-. ഇവയിൽ ജപ്പാൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായിട്ടുള്ള എഫ്ടിപി  കരാറുകളിൽ പേറ്റന്റ്- നിയമങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്-. നിർബന്ധിതലൈസൻസ് നൽകുന്നത്-  പരിമിതപ്പെടുത്തുക, വിവര കുത്തക നിയമത്തിലൂടെയും മറ്റും പേറ്റന്റ്- കാലാവധി നീട്ടുക തുടങ്ങിയ വ്യവസ്ഥകൾ ഈ കരാറുകളിൽ ചേർത്തിട്ടുണ്ട്‌. -

ആക്ടാ എന്ന കരിനിയമം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകുറഞ്ഞ ജനറിക്ക് ഔഷധങ്ങളെ വ്യാജമരുന്നുകളെന്ന വകുപ്പിൽപ്പെടുത്തി പിടിച്ചുവയ്‌ക്കാനും നശിപ്പിക്കാനും അധികാരം നൽകുന്നു

ഒരുഭാഗത്ത് ലോകവ്യാപാരസംഘടനയുടെയും മറുഭാഗത്ത് അതിലൂടെ കൈവരിക്കാനാകാത്ത വാണിജ്യതാൽപ്പര്യങ്ങൾ മറ്റ് മാർഗങ്ങളിലൂടെ നേടിയെടുക്കാനായി മുതലാളിത്തരാജ്യങ്ങൾ നടത്തിവരുന്ന കുതന്ത്രങ്ങളുടെ ഭാഗമായി അമേരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് ആവിഷകരിച്ചിട്ടൂള്ള മറ്റൊരു അന്തരാഷ്ട്ര വ്യവസ്ഥയാണ് വ്യാജ വാണിഭവിരുദ്ധ കരാർ (ആക്ടാ). വാണിജ്യ ഇടപാടുകളിൽ ട്രിപ്സിനേക്കാൾ കടുത്ത വ്യവസ്ഥകളാണ് ആക്ടായിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്   അതുകൊണ്ട്- ആക്ടാ വ്യവസ്ഥകളെ ട്രിപ്സ്- പ്ലസ്‌ വ്യവസ്ഥകളായി കാണേണ്ടതാണ്. ആക്ടാ എന്ന കരിനിയമം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വിലകുറഞ്ഞ ജനറിക്ക് ഔഷധങ്ങളെ വ്യാജമരുന്നുകളെന്ന വകുപ്പിൽപ്പെടുത്തി പിടിച്ചുവയ്‌ക്കാനും നശിപ്പിക്കാനും അധികാരം നൽകുന്നു. ദോഹ ഇളവുകളനുസരിച്ച് മരുന്നുൽപ്പാദനത്തിൽ സാങ്കേതികശേഷിയില്ലാത്ത രാജ്യങ്ങൾക്ക് മറ്റ്‌ രാജ്യങ്ങളിൽനിന്ന്‌ ജനറിക്ക് മരുന്നുകൾ ഇറക്കുമതി ചെയ്യാനുള്ള അവകാശമുണ്ട്. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന മരുന്നുകളെ വ്യാജമരുന്നുകളെന്ന് മുദ്രകുത്തി പിടിച്ചെടുക്കാൻ ആക്ടാ വഴി കഴിയും. ജനിതകഘടന പേറ്റന്റ് ചെയ്തുവെന്നവകാശപ്പെടുന്ന കമ്പനികൾ പരാതിപ്പെട്ടാൽ ജനിതകമരുന്നുകൾ വിപണനം  ചെയ്യുന്നതിൽനിന്ന്‌ ഉൽപ്പാദകരെ വിലക്കാനുള്ള വകുപ്പുകളും ആക്ടായിലുണ്ട്-.

ആർസിഇപി കരാറിലും മറ്റ് സ്വതന്ത്ര വാണിജ്യക്കരാറുകളിലെന്നപോലെ പേറ്റന്റ്- നിയമത്തിൽ രാജ്യതാൽപ്പര്യത്തിനെതിരായ വകുപ്പുകൾ ഉൾപ്പെടുത്താനുള്ള  വ്യവസ്ഥകളുണ്ട്-.  അതിൽ പ്രധാനമായിട്ടുള്ളത് പേറ്റന്റ് കാലാവധി 20 വർഷത്തിൽ കൂടുതലാക്കാനുള്ള വ്യവസ്ഥയാണ്. വിവരകുത്തകനിയമം നടപ്പാക്കിയാണ് ഇതിനുള്ള വഴി തേടുന്നത്-. അതു-പോലെ ട്രിപ്സ് പ്ലസ്‌ വ്യവസ്ഥയിലെ ജനറിക്ക്- മരുന്നുകൾ കയറ്റുമതി  ചെയ്യുന്നത്- തടയുന്ന ആക്ടായിലെ  നിബന്ധനകളും ഇന്ത്യക്ക് സ്വീകരിക്കേണ്ടിവരും.  2005ലെ പേറ്റന്റ് നിയമഭേദഗതിയിൽ ഇടതു പാർടികളുടെ ശ്രമഫലമായി ഉൾപ്പെടുത്തിയ പല വകുപ്പുകളും റദ്ദാക്കപ്പെടും. ഇന്ത്യൻ ഔഷധമേഖല കൂടുതൽ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും.  പൊതുമേഖലാ ഔഷധ കമ്പനികളെ അതിവേഗം സ്വകാര്യവൽക്കരിച്ചുകൊണ്ടും ഔഷധവിലനിയന്ത്രണ നിയമത്തിൽ വെള്ളംചേർത്തും  മോഡി സർക്കാർ നടപ്പാക്കിവരുന്ന ഔഷധ വ്യവസായനയങ്ങൾ ജനങ്ങളെ ദുരിതത്തിലാഴ്-ത്തിക്കൊണ്ടിരിക്കുകയാണ്.  ആർസിഇപി കരാറുകൂടി നടപ്പാക്കുന്നതോടെ സ്വാതന്ത്ര്യത്തിനുമുമ്പ്‌- വിദേശമരുന്ന്‌ കമ്പനികളെ പൂർണമായും ആശ്രയിച്ച്‌ ഏറ്റവും വിലകൂടിയ മരുന്നുകൾ കച്ചവടം ചെയ്‌തിരുന്ന സ്ഥിതിയിലേക്ക്- രാജ്യം തിരികെപ്പോകുമെന്ന് ഉറപ്പാണ്.  ആർസിഇപി കരാർ നടപ്പാക്കുമ്പോൾ രാജ്യം നേരിടാൻപോകുന്ന പ്രതിസന്ധികൾ കണക്കിലെടുത്ത്- സമരരംഗത്തെത്തിയിട്ടുള്ള മറ്റ് ജനവിഭാഗങ്ങളുമായി വൈദ്യസമൂഹം ഐക്യപ്പെടണം,  രാജ്യതാൽപ്പര്യത്തിനെതിരായ ഉടമ്പടിക്കെതിരെ  പ്രതികരിക്കണം.


പ്രധാന വാർത്തകൾ
 Top