24 March Sunday

ഒരു പത്രപ്രവര്‍ത്തകന്റെ വഴിവിട്ട യാത്രകള്‍...വെങ്കിടേഷ് രാമകൃഷ്ണനുമായി അഭിമുഖം

വെങ്കിടേഷ് രാമകൃഷ്ണന്‍ /ശ്രീജിത് ദിവാകരന്‍Updated: Tuesday Oct 2, 2018

വെങ്കിടേഷ് രാമകൃഷ്ണന്‍ ...ഫോട്ടോ: ജഗത് ലാല്‍

‌വെങ്കിടേഷ് രാമകൃഷ്ണന്റെ ഇ-മെയിലില്‍ രണ്ട് ഉദ്ധരണികളുണ്ട്, കുറേക്കാലമായി. ഒന്ന് 'ഓരോ യാത്രയ്ക്കും യാത്രക്കാര്‍ തിരിച്ചറിയാത്ത ഓരോ നിഗൂഢ ലക്ഷ്യങ്ങളുണ്ടാകും' എന്നാണ്. മറ്റൊന്ന് സാക്ഷാല്‍ ഗൊയ്ഥയുടെയാണ്- "Ohne Hast, ohne Rast! Ohne Hast, ohne Rast!'- അഥവാ 'ധൃതികൂട്ടേണ്ടതില്ല, പക്ഷേ അലസപ്പെടുകയുമരുത്'എന്ന ജര്‍മ്മന്‍ഭാഷയിലെ മുന്നറിയിപ്പ്. തൊഴിലെന്നത് യാത്രകളും നമ്മള്‍ പ്രതീക്ഷിക്കാതെ എത്തിച്ചേരുന്ന ഇടങ്ങളുമാണെന്ന കറതീര്‍ന്ന ബോധ്യം സ്വയം പ്രഖ്യാപിക്കുന്ന ഈ ഉദ്ധരണികളില്‍ കാണാം. വഴിവിട്ട വാര്‍ത്തായാത്രകള്‍ ഇതുപോലെ നടത്തിയ ഒരു മലയാളി ജേര്‍ണലിസ്റ്റ് ഒരുപക്ഷേ വേറെ ഉണ്ടാവുകയില്ല.

ദേശാഭിമാനി സബ്എഡിറ്ററും കാസര്‍കോട് ജില്ലാ ലേഖകനും ഒക്കെ ആയിരിക്കെ ഡല്‍ഹി ബ്യൂറോയില്‍ 1985-ല്‍ എത്തുന്നത് മുതലാണ് വെങ്കിടേഷ് രാമകൃഷ്ണന്‍ എന്ന പേര് മലയാളികള്‍ക്കും പിന്നീട് ദേശീയരാഷ്ട്രീയം താല്‍പര്യത്തോടെ പിന്തുടരുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും സുപരിചിതമാകുന്നത്. ദേശാഭിമാനിയില്‍ ജോലിചെയ്യുമ്പോള്‍തന്നെ ഫ്രണ്ട്‌ലൈ‌നില്‍ ലേഖനങ്ങള്‍ എഴുതാന്‍ ആരംഭിച്ചു. 1991-ല്‍ ഇന്ത്യയിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു അന്വേഷണാത്മക എക്സ്ക്ളൂസീവ് സ്റ്റോറിയിലൂടെ ദേശീയശ്രദ്ധേയനായി. തുടര്‍ന്ന് ഫ്രണ്ട്‌ലൈനില്‍ മുഴുവന്‍ സമയ റിപ്പോര്‍ട്ടറായി. ഇപ്പോള്‍ ഫ്രണ്ട്ലൈന്‍ ഡല്‍ഹി ബ്യൂറോ ചീഫും സീനിയര്‍ അസോസിയേറ്റ് എഡിറ്ററും.

നാഷണല്‍ പൊളിറ്റിക്കല്‍ ജേര്‍ണലിസത്തില്‍ അല്ലെങ്കില്‍ കൌ ബെല്‍റ്റ് എന്നോ ബീമാരു (ബിഹാര്‍, യുപി, എംപി, രാജസ്ഥാന്‍) സംസ്ഥാനങ്ങളെന്നോ അറിയപ്പെടുന്ന ഇന്ത്യന്‍ ഹൃദയഭൂമിയുമായി ബന്ധപ്പെട്ട വാര്‍ത്താലോകത്ത് ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നാണ് വെങ്കിടേഷ് രാമകൃഷ്ണന്‍. മുലായംസിങ്, കന്‍ഷിറാം, ലാലുപ്രസാദ്, നിതീഷ് കുമാര്‍ എന്നിങ്ങനെ പല ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശ്, ബിഹാര്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന നേതാക്കളുമായി നിരന്തര ബന്ധമുണ്ടായിരുന്ന ആള്‍. അഖിലേഷ്സിങ് യാദവിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍. തുടര്‍ച്ചയായുള്ള യാത്രകളിലൂടെയും സാധാരണ മനുഷ്യരുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയും അനുദിനം പുതുക്കിക്കൊണ്ടിരിക്കുന്ന അറിവുകളിലൂടെയും ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയിലെ സാമൂഹ്യ-സാമ്പത്തിക-ജാതിബന്ധങ്ങളെയും അതിന്റെ സവിശേഷമായ ഉല്‍പ്പാദന വിതരണ പ്രകിയയെയും അടുത്തറിഞ്ഞ് അത് സൃഷ്ടിക്കുന്ന രാഷ്ട്രീയ-സാമൂഹ്യമാനം ലോകത്തെ അറിയിക്കുകയാണ് വെങ്കിടേഷിന്റെ ജേര്‍ണലിസത്തിന്റെ കാതല്‍. തൊണ്ണൂറുകളുടെ ആദ്യം ബാബ്റി പള്ളി പൊളിക്കുന്നതിന്റെ മുന്നോടിയായി ആര്‍എസ്എസ് നടത്തിയ കര്‍സേവ കലാപത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടുവെന്ന് അവര്‍ പറഞ്ഞുപരത്തിയ കണക്കുകള്‍ തെറ്റാണെന്ന് തെളിയിക്കുന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് അതിലൊന്നുമാത്രം. ആര്‍എസ്എസ് അവരുടെ വീര പുരുഷനും സ്വാതന്ത്യ്രസമര സേനാനിയുമായി അവതരിപ്പിക്കുന്ന വിനായക് ദാമോദര്‍ സവര്‍കര്‍ പല വട്ടം ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് പറഞ്ഞിട്ടുണ്ട് എന്നതിന്റെ രേഖകള്‍ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക റിപ്പോര്‍ട്ട് മറ്റൊന്ന്. ബാബ്റി പള്ളി പൊളിക്കുന്ന ദിവസം അവിടെയുണ്ടായിരുന്ന ജേര്‍ണലിസ്റ്റ് എന്ന നിലയിലുള്ള ദൃക്‌സാക്ഷി വിവരണവും ഏറ്റവും അടുത്ത കാലത്ത് ബിഹാറില്‍നിന്നും ഉത്തര്‍പ്രദേശില്‍നിന്നുമുള്ള രാഷ്ട്രീയ പ്രവചനങ്ങളും റിപ്പോര്‍ട്ടുകളായി ഇന്ത്യ വായിച്ചതും അറിഞ്ഞതുമാണ്. ഇന്ത്യന്‍ സമൂഹത്തെ ആഴത്തില്‍ നിര്‍ണയിക്കുന്ന ജാതിയുടെ വേരുകളും അതിന്റെ രാഷ്ട്രീയ-സാമ്പത്തിക മാനങ്ങളും കാലങ്ങളായി വെങ്കിടേഷ് നിരീക്ഷിക്കുന്നതാണ്. ഈ അഭിമുഖത്തിലും ഇക്കാലത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്ന ഘടകങ്ങള്‍ തന്റെ പത്രജീവിതാനുഭവങ്ങളിലൂടെ നോക്കിക്കാണുകയും വിശദീകരിക്കുകയുമാണ് വെങ്കിടേഷ് രാമകൃഷ്ണന്‍.

 

? മൂന്ന് പതിറ്റാണ്ടിലേറെയായി കേരളത്തിന് പുറത്താണ് വെങ്കിടേഷ് രാമകൃഷ്ണന്റെ പ്രവര്‍ത്തനമേഖല. പക്ഷേ കേരളവുമായുള്ള നിരന്തര സമ്പര്‍ക്കത്തിന് ഒരു കുറവുമില്ല. മലയാളത്തില്‍ ലേഖനങ്ങളെഴുതുകയും കേരളത്തിലെ പൊതു ചര്‍ച്ചാവേദികളില്‍ സജീവമായി പങ്കെടുക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പവും പൊതുപരിപാടികളിലും നിരന്തരം സംബന്ധിക്കുകയും ചെയ്യുന്നുണ്ട്. ഒരു പ്രവാസിയുടേതായ നഷ്ടസ്വപ്നങ്ങളും നൊസ്റ്റാള്‍ജിയയും അതുകൊണ്ടുതന്നെ വെങ്കിടേഷിന് കുറവായിരിക്കും. എങ്കിലും ദേശാഭിമാനി ലേഖകനായി ഡല്‍ഹിയിലെത്തിയ കാലം, ഒരു കണ്ണൂരുകാരന്‍ തന്റെ ഇരുപതുകളില്‍ ഡല്‍ഹിയിലെത്തുമ്പോഴുള്ള കള്‍ച്ചറല്‍ ഷോക്- അങ്ങനെയൊന്നുണ്ടായിരുന്നുവെങ്കില്‍- ഓര്‍ക്കുമ്പോഴെന്തുതോന്നുന്നു.?

=
സാധാരണ മലയാളികളെപോലെ യാത്രാഭയമൊന്നും എനിക്കുണ്ടായിട്ടില്ല. നഗരങ്ങളെ അഭിമുഖീകരിക്കാനുള്ള പേടിയുമുണ്ടായിരുന്നില്ല. 1985-ല്‍ ദേശാഭിമാനി റിപ്പോര്‍ട്ടറായാണ് ആദ്യം ഡല്‍ഹിയില്‍ പോകുന്നതെങ്കിലും ബോംബൈയുമായുള്ള ബന്ധം എണ്‍പതുകളുടെ ആദ്യം മുതലുണ്ട്. ആദ്യമായിട്ട് ബോംബേയ്ക്ക് പോകുന്നത് 1979-പ്രീഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുമ്പോഴാണ്.  പിന്നെ വര്‍ഷത്തിലൊരിക്കല്‍ അച്ഛന്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ ബോംബെയില്‍ പോകുമ്പോള്‍ കൂടെ പോകും. ജ്യേഷ്ഠന്മാര്‍ രണ്ടുപേര്‍ ബോംബെയില്‍ ജോലിചെയ്യുന്നുണ്ട്. ഇടയ്ക്കിടെ പോകുന്ന സ്ഥലമായി ബോംബെ. അതുകൂടാതെ ഇന്‍ഡോറിലായിരുന്ന ഇളയച്ഛനെ സന്ദര്‍ശിക്കാനും പോക്കുണ്ട്. അതുകൊണ്ടുതന്നെ ഡല്‍ഹിയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടുമ്പോള്‍ ഒരു പരിഭ്രമമോ പ്രശ്നമോ തോന്നിയില്ല. ബോംബെയില്‍ പോയി രണ്ട് ദിവസം ജ്യേഷ്ഠന്മാരുടെയും സുഹൃത്തുക്കളുടെയും കൂടെനിന്ന് അന്നത്തെ ആഡംബരങ്ങളിലൊന്നായ മുംബൈ രാജധാനിയില്‍ ഡല്‍ഹിയിലേക്ക്. റെയില്‍വേ സ്റ്റേഷനില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം നാട്ടിലേക്ക് വരുന്ന ഒഴിവിലായിരുന്നു എനിക്ക് ഡല്‍ഹിയിലേക്ക് പോകേണ്ടത്. ഡല്‍ഹിലേക്കൊക്കെ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുക എന്നത് അക്കാലത്ത് ഒരു പ്രശ്നമായിരുന്നിരിക്കണം. എനിക്കത് പലതുകൊണ്ടും അനുഭവപ്പെട്ടില്ല എന്നിരിക്കിലും.
 

? സിഖ് കൂട്ടക്കൊലയൊക്കെ കഴിഞ്ഞ സമയത്തല്ലേ ഡല്‍ഹിയിലെത്തുന്നത്, അതിന്റെ ഒരു അന്തരീക്ഷം ഉണ്ടായിരുന്നില്ലേ അപ്പോ അവിടെ ?

=
ഞാന്‍ ദേശാഭിമാനി പത്രത്തില്‍ ചെയ്ത ആദ്യത്തെ പ്രധാന സ്റ്റോറികളിലൊന്ന് സിഖ് കൂട്ടക്കൊലയ്ക്കിരയായ കുടുംബങ്ങളെയും ഈ കൂട്ടക്കൊല ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളെയും റീ വിസിറ്റ് ചെയ്യുന്ന ഒരു പരമ്പരയാണ്. അത് ദേശാഭിമാനിയുടെ ഒന്നാം പേജില്‍ മുകളിലായി എട്ടുകോളത്തില്‍ പ്രസിദ്ധീകരിച്ചുവന്നത്, അന്ന് വൈകുന്നേരം നോക്കിയിരിക്കുന്നത് ഇപ്പോഴും ഓര്‍മയുണ്ട് (വൈകുന്നേരമാണ് അന്നൊക്കെ പത്രം ഡല്‍ഹിയില്‍ കിട്ടുക). 

? ജാതി ചോദിക്കപ്പെടുക എന്നൊരു അനുഭവമാണ് ഡല്‍ഹിയിലെത്തിച്ചേരുമ്പോള്‍ ആദ്യമുണ്ടായ ഷോക്ക് എന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, അതൊന്ന് വിശദീകരിക്കാമോ.

=
വ്യക്തിയെന്ന നിലയിലുള്ള ഒരു പാത്ബ്രേക്കിങ് അനുഭവമുണ്ടാകുന്നത് ഡല്‍ഹിയിലെത്തി രണ്ട് ദിവസത്തിനുശേഷമാണ്. അപ്പുക്കുട്ടന്‍ (വള്ളിക്കുന്ന്) എന്നെ ഈ ദിവസങ്ങളില്‍ പലരെയും പരിചയപ്പെടുത്തുന്നു. ആ കൂട്ടത്തില്‍ പരിചയപ്പെടുത്തിയ ഒരു പ്രമുഖ നേതാവാണ്-അദ്ദേഹം പ്രമുഖ ജേര്‍ണലിസ്റ്റും പുരോഗമന സാഹിത്യ പ്രവര്‍ത്തകനുമാണ്- എന്നോട് ജീവിതത്തിലാദ്യമായി ജാതി എന്തെന്ന് ചോദിക്കുന്നത്. അതുവരെ എന്നോടാരും ആ ചോദ്യം ചോദിച്ചിട്ടില്ല. അതൊരുപക്ഷേ വളരെ പ്രകടമായതുകൊണ്ടാകാം. അപ്പുക്കുട്ടന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലെ പല കാഴ്ചകളും കാണാന്‍ കൊണ്ടുപോകുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ ആ ചോദ്യം. പാലിക ബസാറിന്റെ മുകളിലൂടെയുള്ള പാര്‍ക്കിലൂടെ നടക്കുമ്പോഴായിരുന്നു അത്. തുമാരാ ജാത് കോന്‍ ഹേ! എനിക്ക് ആദ്യം ഭയങ്കര ഷോക്ക് ആയിപ്പോയി. നാട്ടിലായിരുന്നുവെങ്കില്‍ അത്തരം ഒരു ചോദ്യം ചോദിക്കാന്‍ അയാളെ ഞാന്‍ അനുവദിക്കുമായിരുന്നില്ല. കള്‍ച്ചറല്‍ ഷോക്ക് തന്നെയായിരുന്നു. ഞാന്‍ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു. പക്ഷേ അദ്ദേഹം അത് ചോദിച്ചതിന്റെ പ്രസക്തി എനിക്ക് കുറച്ചുമാസങ്ങള്‍ക്കുള്ളില്‍തന്നെ മനസ്സിലായി.

അന്ന് ഡല്‍ഹിയിലെ പ്രമുഖ മലയാളി ജേര്‍ണലിസ്റ്റുകള്‍ വി കെ മാധവന്‍കുട്ടി, ടി വി ആര്‍ ഷേണായ്, നരേന്ദ്രന്‍, കെ ഗോപാലകൃഷ്ണന്‍,  പ്രഭാവര്‍മ, ഡി വിജയമോഹന്‍ തുടങ്ങിയവരാണ്. അവര്‍ അവരുടെ നിലയില്‍ വളരെ എസ്റ്റാബ്ളിഷ്ഡ് ആയ ആളുകളുമാണ്. പക്ഷേ ജൂനിയര്‍ റിപ്പോര്‍ട്ടര്‍മാരുടെ കൂട്ടത്തില്‍ എനിക്ക് ഒരു സ്വീകാര്യത എവിടെ ചെന്നാലും കിട്ടുന്നത് അനുഭവപ്പെട്ടുതുടങ്ങി. ജൂനിയര്‍ മലയാളി റിപ്പോര്‍ട്ടേഴ്സ് പ്രത്യേകിച്ചും മലയാള പത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അന്നൊരു സീനിയര്‍ സെക്രട്ടറി ലെവലിനോ മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനെയോ കാണാന്‍ ശ്രമിച്ചാല്‍ അപ്പോയ്‌മെന്റ് സാധാരണഗതിയില്‍ കിട്ടില്ല. പക്ഷേ വെങ്കിടേഷ് രാമകൃഷ്ണന്‍ ചോദിച്ചാല്‍ കിട്ടുമായിരുന്നു. അത് എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. എനിക്കും. അപ്പോഴാണ് അദ്ദേഹം ചോദിച്ച ചോദ്യത്തിന്റെ -ആപ്കാ ജാത് കോന്‍ ഹേ!- വ്യാപ്തി എനിക്ക് മനസ്സിലാകുന്നത്. എന്റെ കറന്‍സി, എന്റെ പേരാണ്.

സംശയരഹിതമാംവിധം ബ്രാഹ്മണിക്കല്‍ ആയ ഒരു പേരുണ്ടാകുന്നത് ജേര്‍ണലിസത്തില്‍ വലിയ കാര്യമാണ് എന്നങ്ങനെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഞാന്‍ ആദ്യം വിചാരിച്ചത് ഞാന്‍ ഭയങ്കരമായ ജേര്‍ണലിസ്റ്റും ഭയങ്കരമായി കാര്യങ്ങള്‍ ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിവുള്ള ആളും ആയതുകൊണ്ടാണീ സ്വീകാര്യത എന്നാണ്. പിന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത് ഈ വാതിലുകള്‍ തുറക്കുന്നത് എന്റെ പേരുകൊണ്ടാണ് എന്ന്. പ്രവാസിയായി  ജീവിച്ചതുകൊണ്ടുള്ള ഒരു കാര്യം ഇന്ത്യന്‍ ജാതി വ്യവസ്ഥയെകുറിച്ച് മനസ്സിലായി എന്നതാണ്. 

വെങ്കിടേഷ് രാമകൃഷ്ണനും ശ്രീജിത് ദിവാകരനും

വെങ്കിടേഷ് രാമകൃഷ്ണനും ശ്രീജിത് ദിവാകരനും


? ഇന്ത്യയിലെ ജാതി രാഷ്ട്രീയത്തിനെകുറിച്ച് ഒരു പക്ഷേ ഏറ്റവുമധികം എഴുതിയ ജേര്‍ണലിസ്റ്റുകളിലൊരാള്‍ വെങ്കിടേഷാകും. ഈ അനുഭവമാണോ ഇന്ത്യന്‍ പൊളിറ്റിക്സിനെ നിയന്ത്രിക്കുന്ന ജാതി എന്ന വസ്തുതയെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ പ്രേരിപ്പിച്ചത്?

=
അക്കാലത്ത് കുറച്ചുകൂടി ചെറുപ്പവും ഒക്കെ ആയിരുന്നതുകൊണ്ട് അതങ്ങനെ മനസ്സിലാക്കി വരുന്നതേയുണ്ടായുള്ളൂ. പിന്നെ ഈ ഗുണഫലങ്ങള്‍ ആസ്വദിക്കുന്നുമുണ്ടായിരുന്നു. അതിന്റെ രൂക്ഷമായ അനുഭവം എനിക്കുണ്ടാകുന്നത് ഡല്‍ഹിയില്‍ പോയി ഒന്നര വര്‍ഷം കഴിയുമ്പോഴാണ്.

ദേശാഭിമാനിയിലെ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് അക്കാലത്ത് യാത്രകള്‍ക്ക് ഒരു വിലക്കുമില്ലായിരുന്നുവെന്നതാണ്. അത്തരമൊരു യാത്രകളില്‍വച്ചാണ്, 1987-ല്‍, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനങ്ങളിലൊന്നായിട്ടുള്ള ഹരിരാജ്സിങ് ത്യാഗി എന്ന മനുഷ്യനെ പരിചയപ്പെടുന്നത്. സോഷ്യലിസ്റ്റും ഇന്ത്യന്‍ രാഷ്ട്രീയത്തെകുറിച്ച് ആഴത്തില്‍ ധാരണയും ഉള്‍ക്കാഴ്ചയുമുള്ള ആളാണ്. ഹരിരാജ് സിങ് ത്യാഗിയുടെ ഗ്രാമത്തിലേക്ക് ഞാന്‍ അതേതുടര്‍ന്ന് പോകുന്നു. രാസ്ന. വളരെ പച്ചപ്പുള്ള ഗ്രാമമാണ്. സുന്ദരം. ഞാന്‍ സ്വാഭാവികമായും പറഞ്ഞു- എന്തുമനോഹരമാണ് ത്യാഗിജീ നിങ്ങളുടെ ഗ്രാമമെന്ന്. ത്യാഗിജിക്ക് ഒരു ഒരു ചിരിയുണ്ട്. ആ ചിരിയോടെ ത്യാഗിജി പറഞ്ഞു. -നിന്റെ എക്സൈറ്റ്മെന്റ് എല്ലാം കൊള്ളാം. പക്ഷേ നീയൊരു കാര്യം മനസ്സിലാക്കണം. ഈ ഗ്രാമത്തില്‍ മൂന്നിലൊന്ന് ദളിതരാണ്. മൂന്നിലൊന്ന് വരുന്നത് ത്യാഗികളാണ്. മൂന്നിലൊന്ന് ജാട്ടുകള്‍. പിന്നെ കുറച്ചു മുസ്ളിമുകള്‍. (ത്യാഗികള്‍ ബ്രാഹ്മണ്യത്തിന്റെ പൌരോഹിത്യപരിപാടികള്‍ ഉപേക്ഷിച്ച് കൃഷി തുടങ്ങിയ ലൌകിക ജോലികളിലേക്ക് പ്രവേശിച്ചവരാണ് എന്നാണ് വയ്പ്. ഉത്തരേന്ത്യന്‍ സോഷ്യല്‍ സ്റ്റാറ്റസില്‍ ഭൂമിഹാര്‍മാര്‍ക്ക് തുല്യരായി വരും, സവര്‍ണര്‍.)

ത്യാഗിജി പറഞ്ഞു: 'രാസ്നയിലെ നിന്നെ ആഹ്ളാദിപ്പിക്കുന്ന മുഴുവന്‍ പച്ചപ്പിന്റെയും കാരണക്കാര്‍ ദളിതരാണ്. അവരാണ് കര്‍ഷക തൊഴിലാളികള്‍. പക്ഷേ അവര്‍ക്കൊന്നും ഈ ഭൂമിയില്‍ ഒരവകാശവുമില്ല. ഒന്നിന്റെയും ഉടമസ്ഥതയില്ല.' അതിനുശേഷം അദ്ദേഹം ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു, 'ഇവിടത്തെ ഒരു ദളിത് യുവാവ് ഒരു യുവതിയെ വിവാഹം കഴിക്കുകയാണെങ്കില്‍ ഈ യുവതിയുടെ ആദ്യരാത്രി ആ യുവാവിന്റെ കൂടെയല്ല, ഇപ്പോഴും-1987/88 കാലത്തെ കാര്യമാണേ. ആ പെണ്‍കുട്ടിയുടെ ആദ്യരാത്രി ഒരു ത്യാഗിയുടെ വീട്ടിലോ ഒരു ജാട്ടിന്റെ വീട്ടിലോ ആയിരിക്കും. അതിന് അക്കാലത്ത് സവര്‍ണര്‍ ഉപയോഗിച്ചിരുന്ന പേര് 'സീല്‍ തോട്ന' എന്നാണ്. അഥവാ കന്യകയല്ലാതാക്കുക. ഇതുകേട്ട് സ്വാഭാവികമായും ക്ഷുഭിതനും വികാരവിക്ഷോഭിതനുമായ എന്നോട് ത്യാഗിജി പറഞ്ഞു. 'നീയിങ്ങനെ ചൂടായതുകൊണ്ടൊന്നും ഒരു കാര്യമില്ല. ഈ ഗ്രാമത്തില്‍ രാം മനോഹര്‍ ലോഹ്യ വന്ന് ക്ളാസെടുത്തിട്ടുണ്ട്. ലോഹ്യയുടെ വളരെ അടുത്ത സഹപ്രവര്‍ത്തകനായിരുന്നു ത്യാഗിജി. രാജ്നാരായണന്‍ ഈ ഗ്രാമത്തില്‍ ഒരു മാസത്തോളം താമസിച്ചിട്ടുണ്ട്. എന്തിന്, സാക്ഷാല്‍ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ഈ ഗ്രാമത്തിന്റെ ഇരുപത് കിലോമീറ്റര്‍ അകലെ മാത്രമുള്ള ബരോക് എന്ന സ്ഥലത്തുവന്ന് പ്രസംഗിച്ചിട്ടുണ്ട്.

?അവരുടെയൊക്കെ സ്വാധീനമുണ്ടായിട്ടും രാസ്നയ്ക്ക് മാറ്റമുണ്ടായില്ലേ? രാസ്ന അതിവിദൂര ഗ്രാമമൊന്നുമല്ലല്ലോ, മീററ്റില്‍നിന്ന് പത്തിരുപത്തിയഞ്ച് കിലോമീറ്റര്‍ മാത്രം അകലെ.

=
അതേ, പക്ഷേ ആ ഗ്രാമത്തിന്റെ ചരിത്രം മാറുന്നത് ഞാന്‍ കണ്ടു. ത്യാഗിജി എന്നോട് സംസാരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ വിശ്വനാഥ് പ്രതാപ് സിങ് 1989 ഡിസംബര്‍ ആദ്യം അധികാരത്തില്‍ വന്നു. അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള പൊളിറ്റിക്കല്‍ ജസ്റ്ററിന്റെ മാറ്റങ്ങള്‍ വളരെ പെട്ടെന്നാണ് അനുഭവപ്പെട്ടത്. അതേമാസം ത്യാഗിജി എന്നെ വിളിച്ച് പറയുന്നുണ്ട്- ചങ്ങാതീ, ഇവിടെയെന്തൊക്കയോ നടക്കുന്നുണ്ട്. ഈ ഗ്രാമത്തിന്റെ ചരിത്രത്തിലാദ്യമായിട്ട് ഒരു ദളിത് യുവാവും യുവതിയും വിവാഹംചെയ്തിട്ട് ആ പെണ്‍കുട്ടിയെ ത്യാഗിയുടെയോ ജാട്ടിന്റെയോ വീട്ടിലേക്ക് അയച്ചില്ല. ഗ്രാമത്തില്‍ വലിയ അടിപിടിയൊക്കെയുണ്ടായി. പക്ഷേ ഒന്നും സംഭവിച്ചില്ല. പിന്നെ ഒന്നിന് പിറകെ ഒന്നായി ഓരോ വിവാഹത്തിനുശേഷവും ദളിത് പെണ്‍കുട്ടികള്‍ ആ രാത്രി സ്വന്തം ഭര്‍ത്താവിനോടൊത്തുതന്നെ ഉറങ്ങി.

1993 ആയപ്പോള്‍ സമാജ്‌വാദി പാര്‍ടിയും ബഹുജന്‍ സമാജ് പാര്‍ടിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ യുപിയില്‍ അധികാരത്തില്‍ വന്നു. ആ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഞാന്‍ വാരണാസിയില്‍നിന്ന് ലഖ്നൌവിലേക്ക് റോഡിലൂടെ യാത്രചെയ്യുകയാണ്. റോഡില്‍ ദളിതരും യാദവരും ഒരുമിച്ച് നിന്ന് വോട്ടു ചെയ്യുന്നത് കണ്ടുകൊണ്ടാണ് നീങ്ങുന്നത്. വഴിയില്‍ ചുരുങ്ങിയത് പതിനഞ്ചിടത്തെങ്കിലും ദളിതരെ -കുറച്ചുകൂടി സംഘടിതരായ യാദവരെന്ന പിന്നോക്കക്കാര്‍ പിന്നെയും സുരക്ഷിതരായിരുന്നു-വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് അടിച്ചോടിക്കാന്‍ സവര്‍ണ ഹിന്ദു സമൂഹത്തിന്റെ കായികാക്രമണം നടന്നിട്ടുള്ളത്

ഞാനീയാത്രയില്‍ കണ്ടു. പലയിടത്തും ആക്രമിക്കപ്പെട്ടിട്ടും ചോരപുരണ്ട കുപ്പായങ്ങളുമായി ദളിതര്‍ വോട്ടുചെയ്യാന്‍ വരിനില്‍ക്കുന്നത് ഞാന്‍ കണ്ടു. ഇന്നത്തെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് രാധിക രാമശേഷന്‍ അന്ന് ലഖ്നൌവിലാണ്. നഗരത്തില്‍ എത്തിയ ഉടനെ ഞാനീ അനുഭവങ്ങള്‍ ടെലിഫോണില്‍ രാധികയുമായി പങ്കിട്ടു. രാധികയ്ക്കും ഏതാണ്ട് സമാനമായ അഭിപ്രായങ്ങളാണുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം ബിജെപി യുപി തൂത്തുവാരാന്‍ പോവുകയാണ് എന്ന് ഏതാണ്ട് എല്ലാ പത്രങ്ങളും എഴുതിയപ്പോള്‍ ഞാനും രാധികയും മാത്രമാണ് ഇതിന് വിരുദ്ധമായി എസ്പി-ബിഎസ്‌പി കൂട്ടുകെട്ടിന്റെ സാധ്യത എഴുതിയത്.
കൃഷ്ണചന്ദ്ര ദുബേക്കൊപ്പം പുന്നപ്രയില്‍

കൃഷ്ണചന്ദ്ര ദുബേക്കൊപ്പം പുന്നപ്രയില്‍


? ഇത്തരം അനുഭവങ്ങള്‍ സാധ്യമാക്കിയതില്‍ ഒരു പക്ഷേ, അന്നത്തെ ദേശാഭിമാനിയുടെ ജേര്‍ണലിസ്റ്റുകള്‍ യാത്രചെയ്യണം എന്ന മനോഭാവത്തിനും പങ്കുണ്ടാകുമല്ലേ ?

=
അന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദേശാഭിമാനി ചെയ്തിരുന്നത് ഇത്തരം യാത്രകള്‍ അനുവദിക്കുകതന്നെയായിരുന്നു. ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ തായാട്ട് ശങ്കരനായിരുന്നു. പത്രത്തില്‍നിന്ന് ഡല്‍ഹി ബ്യൂറോക്ക് നിരന്തരം ബന്ധപ്പെടേണ്ടതാകട്ടെ ന്യൂസ് എഡിറ്റര്‍ സി എം അബ്ദുറഹ്മാനെയാണ്. ലോകത്തിലെതന്നെ വലിയ ന്യൂസ് എഡിറ്റര്‍മാരിലൊരാളായിരുന്നു സി എം അബ്ദുറഹ്മാനെന്ന് ഞാന്‍ പറയും. യാത്ര ചെയ്യുന്നതിന് ഒരു തടസ്സവുമുണ്ടായിരുന്നില്ല. പത്രപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് യാത്രയെന്ന് അവര്‍ക്ക് നിശ്ചയമായിരുന്നു. അക്കാലത്ത് അബ്ദുറഹ്മിമാന്‍ എനിക്ക് തന്നിട്ടുള്ള സ്വാതന്ത്യ്രം യാത്രചെയ്യാനുള്ള സ്വാതന്ത്യ്രമായിരുന്നു. ഉത്തരേന്ത്യയില്‍ എവിടെ വേണമെങ്കിലും യാത്ര ചെയ്യാം. പറ്റുന്ന സ്റ്റോറികള്‍ കൊണ്ടുവരൂ, സ്റ്റോറിയില്ലെങ്കിലും കുഴപ്പമില്ല എന്ന നിലപാടായിരുന്നു അത്. അത് സി എം അബ്ദുറഹ്മാന്‍ എനിക്ക്, എന്നെക്കുറിച്ചുള്ള വിശ്വാസത്തിന്റെ പുറത്ത് അനുവദിച്ചുതന്നിരുന്ന സ്വാതന്ത്യ്രമായിരുന്നോ, പാര്‍ടി നേതാക്കള്‍ അറിഞ്ഞെടുത്തിരുന്ന സ്വാതന്ത്യ്രമാണോ എന്നറിയില്ല.

? ഈ യാത്രകള്‍ വാര്‍ത്തകള്‍ മാത്രമല്ലല്ലോ സൃഷ്ടിക്കുന്നത്, വലിയ മനുഷ്യബന്ധങ്ങള്‍ കൂടിയല്ലേ? നിങ്ങളാണെങ്കില്‍ പെട്ടെന്നുതന്നെ ആളുകളുമായി സൌഹൃദത്തിലാകുന്ന ആളാണല്ലോ? ആളുകളുമായി സംസാരിക്കും. അവരുടെ ഭാഷാപ്രത്യേകതകള്‍ പെട്ടെന്ന് പിടിക്കും, ഇത് ബോധപൂര്‍വമായ ഒന്നാണോ?

=
മലയാളി മനോഭാവത്തില്‍ ഒരു പ്രശ്നമുണ്ട്. നമ്മള്‍ വളരെ ഇന്‍വോള്‍വ്ഡ് ആയ സൊസൈറ്റിയാണ്. അതുകൊണ്ട് നമ്മുടെ സൌഹൃദങ്ങളൊക്കെ ഭയങ്കര സാനിറ്റയ്സ്ഡ് ആയിട്ടുള്ളതാകണം അല്ലെങ്കില്‍ ഒരു ജോണ്‍ എബ്രഹാം ലെവലിലുള്ള ഇന്റലക്ച്വല്‍ സംഭവത്തിന്റെ അടിസ്ഥാനത്തിലുള്ളതാകണം. ഞാനീ പ്രവാസിയായി ജീവിച്ചതിനുശേഷം ഇത്തരത്തില്‍ സ്ട്രാപ്പിങ്സ് ഇല്ലാത്ത ഒരുപാട് സൌഹൃദങ്ങള്‍ ഉണ്ടായിരുന്നു. സൌഹൃദങ്ങള്‍ക്കെല്ലാം എന്തെങ്കിലും സ്ട്രാപ്പിങ്സ് വേണം എന്നാണ് പൊതുവേ ഇക്കാലത്തെ ഒരു സങ്കല്‍പം. നമ്മള്‍ എഗ്രിചെയ്യുന്ന ഒരു ഐഡിയോളജിക്കല്‍, പൊളിറ്റിക്കല്‍ പൊസിഷന്‍സ്... ഇതൊന്നുമില്ലാത്ത പ്ളെയ്ന്‍ ആയിട്ടുള്ള സൌഹൃദം. അതിന് ഏറ്റവും വലിയ ഉദാഹരണം രാജ്ബീര്‍സിങ് എന്ന ബില്ലുവാണ്. ഞാന്‍ ഇയാളെ ഒരു ഡ്രൈവര്‍ ആയിട്ടാണ് പരിചയപ്പെടുന്നത്. 1989-ല്‍ ദേശാഭിമാനിയില്‍ ജോലിചെയ്യുമ്പോള്‍ ഒരു യാത്രയുടെ ഭാഗമായി ലഖ്നൌവിലെത്തുന്നു. ഞാന്‍ ഇയാളെ ലഖ്നൌവില്‍നിന്ന് ഫൈസലാബാദിലേക്ക് ടാക്സി വിളിക്കുന്നു. ഒരു റാന്‍ഡം ടാക്സി. നമ്മള്‍ ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളില്‍ ഒരു റൂം ഏര്‍പ്പാടാക്കാറുണ്ടല്ലോ യാത്രകളില്‍. അന്ന് ബില്ലുവിന് ഡോര്‍മെട്രിയാണ് കിട്ടിയത്. ഡോര്‍മെട്രി കണ്ടപ്പോള്‍ ബില്ലു എന്നോടു പറഞ്ഞു 'സര്‍-മേം ഇസ് കമരേ മേം നഹി സോയേഗാ. മേം ഇസ് കമരേമേം സോയേഗാതോ മേരേകോ നീന്ത് നഹീം ആയേഗാ'. ആ ഡോര്‍മെട്രിയില്‍ കിടന്നാല്‍ ഉറക്കംവരില്ല, അതുകൊണ്ട് അവിടെ കിടക്കില്ല എന്ന് ഉറപ്പിച്ച് പറയുന്ന ആളോട് ഞാനെന്ത് പറയാന്‍. എന്നാ പിന്നെ നീയെന്റെ കൂടെ കിടന്നോയെന്ന് ഞാന്‍ പറഞ്ഞു. അന്ന് റൂമില്‍ ഭക്ഷണം ഒക്കെ കഴിച്ച് സംസാരിക്കുമ്പോ ബില്ലു പറഞ്ഞു- സര്‍, എനിക്ക് ഒറ്റയ്ക്ക് ഡോര്‍മെട്രിപോലുള്ള സ്ഥലത്ത് കിടന്നാ ആരോ എന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ വരുന്നത് പോലെ തോന്നും'. അതെന്താ എന്നായി ഞാന്‍. 'അത് മറ്റൊന്നുമല്ല സര്‍, ഞാന്‍ മൂന്നുപേരെ കൊന്നയാളാണ്' എന്നായിരുന്നു മറുപടി.
ബില്ലുവിനും കുട്ടികള്‍ ക്കുമൊപ്പം

ബില്ലുവിനും കുട്ടികള്‍ ക്കുമൊപ്പം


ഞാന്‍ അന്തം വിട്ടിരിക്കുമ്പോള്‍ അതിന്റെ കഥ ബില്ലു പറഞ്ഞു. അതിന്റെ ചുരുക്കമിതാണ്. ബില്ലു പഠിക്കുമ്പോള്‍ ഗുസ്തിക്കാരനായിരുന്നു. ബില്ലുവിന്റെ സുഹൃത്തിന്റെ ഭാര്യയുടെ ആഭരണം ആ നാട്ടിലെ ഒരു പ്രധാനപ്പെട്ട ഗുണ്ട അയാളുടെ ഭാര്യക്ക് ഒരു കല്യാണത്തിന് ഇടാനായി വാങ്ങിച്ചിട്ട് തിരിച്ച് തന്നിട്ടില്ല. അത് ചോദിക്കാന്‍ കൂട്ടുകാരന്‍ പോയപ്പോ നാട്ടിലെ ഒരു പ്രധാന ഗുസ്തിക്കാരന്‍ എന്ന നിലയില്‍ ബില്ലുവിനെയും കൊണ്ടുപോയി. ഗുണ്ടയുടെ വീട്ടിലെത്തിയപ്പോ അയാള്‍ പറഞ്ഞു, ഈ ആഭരണം തിരിച്ചുതരാന്‍ പോകുന്നില്ല, നീയെന്താ ചെയ്യുക എന്നു വച്ചാ ചെയ്തോ എന്ന്. ബില്ലു അയാള്‍ക്കിട്ട് ഒന്ന് കൊടുത്തു. അയാളുടെ കൂട്ടുകാരന്‍ ഉടനടി ഒരു കത്തികൊണ്ട് ബില്ലുവിനെ കുത്തി. കത്തി വലിച്ചൂരി ഗുണ്ടയെയും കൂട്ടുകാരെയും ബില്ലു കുത്തിമലര്‍ത്തി. അന്ന് ബില്ലുവിന് പതിനെട്ട് വയസ്സേയുള്ളൂ. നേരെ ജയിലില്‍പോയി. 'ഞാന്‍ ജയിലീന്ന് പുറത്തുവന്നപ്പോ എനിക്ക് ആരും ജോലി തന്നില്ല. ആള്‍ക്കാര്‍ ആരും കൊലപാതകിയെ ജോലിക്കെടുത്തില്ല. അങ്ങനെയാണ് ഞാന്‍ ഡ്രൈവര്‍ പണിയെടുക്കാന്‍ തുടങ്ങിയത്'-ബില്ലു പറഞ്ഞു നിര്‍ത്തി. എന്നിട്ട് ഭക്ഷണം പൂര്‍ത്തിയാക്കി അടുത്ത കട്ടിലില്‍കിടന്ന് സുഖമായി ഉറങ്ങി. ഞാനാ രാത്രി ഉറങ്ങിയതുമില്ല. മൂന്നുപേരെ കൊന്നയാളുടെ അടുത്ത് കിടന്നിട്ട് എനിക്ക് ഉറക്കവും കിട്ടണ്ടേ? പക്ഷേ രാജ്ബീര്‍സിങ് എന്ന ബില്ലു ഇന്നെന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്.

? ഡല്‍ഹിയിലെത്തി രണ്ടാംദിവസം ജാതി ചോദിച്ചതുകേട്ട് നടുങ്ങിപ്പോയ ചെറുപ്പക്കാരന്‍ പിന്നീട് ഇത്തരത്തില്‍ പരിചയപ്പെടുന്ന ഉത്തരേന്ത്യന്‍ വാസികളോട് സ്വാഭാവികമായും ജാതിചോദിച്ച് തുടങ്ങിയില്ലേ? അതിലേക്ക് എത്താനുള്ള സാഹചര്യമെന്താണ്?

=
ഹൈസ്കൂള്‍ കാലത്തും 1977-ലെ ജനതവിജയം കൊണ്ടാടപ്പെട്ട കോളേജിലെ ആദ്യവര്‍ഷങ്ങളിലുമൊക്കെ ജാതി ചോദിക്കുന്നതും പറയുന്നതുമൊക്കെ, വിചാരണകൂടാതെ തല്‍ക്ഷണം അടികിട്ടാന്‍തന്നെ പര്യാപ്തമായ കുറ്റകൃത്യമായിരുന്നു. പക്ഷേ ഉത്തരേന്ത്യന്‍ യാത്രകളില്‍ 'തുമാരാ ജാത് കോന്‍ ഹേ' എന്ന ചോദ്യം ചോദിക്കാന്‍ ഞാന്‍ പര്യാപ്തനായി. ബിഹാറിലാണെങ്കില്‍ 'കുര്‍മി, സാബ്' എന്നുത്തരം വന്നാല്‍ 'തോ ഫിര്‍ തും നിതീഷ് കുമാര്‍ കോ സരൂര്‍ സപ്പോര്‍ട്ട് കരോഗേ' (അപ്പോ നിതീഷ് കുമാറിനെ എന്തായാലും പിന്തുണയ്ക്കില്ലേ) എന്ന ചോദ്യം ചോദിക്കാം. അതിന് എന്തുത്തരം ആയാലും അത് വാര്‍ത്തയിലേക്ക് വിരല്‍ ചൂണ്ടുന്ന കാര്യമാണ്. അവിടുത്തെ സാമൂഹ്യയാഥാര്‍ഥ്യമാണ്.

ജാതിയെക്കുറിച്ചുള്ള മൂര്‍ത്തമായ നിലപാടുകളിലേക്ക് എത്തുന്നത് ഞാന്‍ നേരത്തേ പറഞ്ഞ ത്യാഗിജിയുടെ രാസ്ന ഗ്രാമത്തിലെ അനുഭവങ്ങളും എന്റെ ഡല്‍ഹി ജേര്‍ണലിസ്റ്റ് ജീവിതത്തിലെ പ്രിവിലേജുകളും തമ്മിലുള്ള വൈരുധ്യം സൃഷ്ടിച്ച ബോധ്യങ്ങളില്‍നിന്നാണ്. ഡല്‍ഹിലെ ബ്യൂറോക്രാറ്റ് സമൂഹത്തിനെന്നവണ്ണം ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും എന്റെ പേരിനോട് സവിശേഷ താല്‍പ്പര്യമുണ്ടായിരുന്നു. തീവ്രവലതുപക്ഷ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നേതാക്കളില്‍ ഒരാളായ ഒരുത്തരേന്ത്യന്‍ ബ്രാഹ്മണനും ഞാനും തമ്മിലുള്ള ബന്ധം ഈ താല്‍പ്പര്യങ്ങളുടെ വലിയ ഉദാഹരണമാണ്. എന്റെ രാഷ്ട്രീയ ദിശയും വിശ്വാസവും അദ്ദേഹത്തില്‍നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് ബോധ്യപ്പെട്ടിട്ടും ഈ മിശ്ര എന്നെ നിരന്തരം വാര്‍ത്ത തന്ന് സഹായിക്കുകയും കാണുകയും ചെയ്തിരുന്നു.

ഇതിന് സമാന്തരമായ ഒരു തീക്ഷ്ണമായ അനുഭവം എനിക്കുണ്ടായി. ഞാനതേക്കുറിച്ച് മുമ്പ് എഴുതിയിട്ടുണ്ട്. ഡല്‍ഹിയിലെത്തി ആദ്യവര്‍ഷങ്ങളില്‍ എനിക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. എന്നെ അടിമുടി മാറ്റിക്കളഞ്ഞ സംഭവം. 1988-ല്‍ എന്റെ ഒരു ബന്ധു ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ രഘുനാഥ്പുര്‍ എന്ന ഗ്രാമത്തില്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ മാനേജരായി ജോലിക്ക് പ്രവേശിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അക്കാലത്ത് ദേശാഭിമാനി നല്‍കിയ സ്വാതന്ത്യ്രത്തിന്റെ പുറത്ത് വാര്‍ത്തകള്‍ക്കുവേണ്ടി ഞാന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെ നിരന്തരം സഞ്ചരിക്കുമായിരുന്നു. അങ്ങനെ ഈ ബന്ധുവിനെ സന്ദര്‍ശിക്കലും പതിവായി. രഘുനാഥ്പുരില്‍ നല്ല താമസസ്ഥലം ഇല്ലാതിരുന്നതിനാല്‍ ജില്ലാ ആസ്ഥാനമായ ആറയിലായിരുന്നു ബന്ധു വീട് വാടകയ്ക്ക് എടുത്തിരുന്നത്. ആറയിലെ വിദ്യാഭ്യാസ കച്ചവടക്കാരില്‍ പ്രമുഖനായ- നാലഞ്ച് സ്കൂളും ഒരു കോളേജും സ്വന്തമായി ഉണ്ടായിരുന്നയാള്‍- ഒരു ഉന്നതജാതിക്കാരന്‍ ഭൂമിഹാറായിരുന്നു വീട്ടുടമസ്ഥന്‍. ആ പ്രമാണി കുടുംബത്തിന്റെ ദാസന്മാരില്‍ ഒരാളായ റാം ഭരോസ(രാമനില്‍ വിശ്വാസമെന്നാണ് ആ പേരിന്റെ അര്‍ഥം)യും അനുജന്‍ റാം അവതാറും ഇടയ്ക്കൊക്കെ സഹായത്തിന് എന്റെ ബന്ധുവിന്റെ വാടകവീട്ടിലും വരുമായിരുന്നു. മഗയ്യ ഡോം എന്ന അതിപിന്നോക്ക വിഭാഗത്തില്‍ പെടുന്നവരായിരുന്നു റാം ഭരോസയുടെ കുടുംബം. മുന്‍വാതിലിലൂടെ വീട്ടില്‍ പ്രവേശിക്കാന്‍ പറ്റില്ല എന്നത് മുതല്‍ പ്രത്യേക പാത്രത്തില്‍ ഭക്ഷണവും ജോലിയെക്കുറിച്ചല്ലാത്ത ഒരക്ഷരം അവരോട് സംസാരിക്കില്ല എന്നതടക്കം അവരോടുള്ള പ്രത്യക്ഷ തൊട്ടുകൂടായ്മ കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലെത്തി അധികം കഴിഞ്ഞിട്ടില്ലാത്തതുകൊണ്ടുതന്നെ എനിക്ക് സ്വീകാര്യമല്ലായിരുന്നു. ഭോജ്പൂരില്‍ എത്തുമ്പോഴെല്ലാം അവരോട് കൂട്ടുകൂടാനും കൊച്ചുവര്‍ത്തമാനം പറയാനും അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കാനും ഒക്കെ തുടങ്ങി. പക്ഷേ അവര്‍ ഇടയ്ക്ക് പറയുമായിരുന്നു- 'ഭായ് സാബ്, ഭൂമിഹാര്‍ ലോഗോംകോ അച്ഛാ നഹി ലഹേഗാ!'-ഭൂമിഹാറുകള്‍ക്ക് ഇതൊന്നും അത്രപിടിക്കില്ലെന്ന്.

അന്ന് റൂമില്‍ ഭക്ഷണം ഒക്കെ കഴിച്ച് സംസാരിക്കുമ്പോ ബില്ലു പറഞ്ഞു- സര്‍, എനിക്ക് ഒറ്റയ്ക്ക് ഡോര്‍മെട്രിപോലുള്ള സ്ഥലത്ത് കിടന്നാ ആരോ എന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ വരുന്നത് പോലെ തോന്നും'. അതെന്താ എന്നായി ഞാന്‍. 'അത് മറ്റൊന്നുമല്ല സര്‍, ഞാന്‍ മൂന്നുപേരെ കൊന്നയാളാണ്' എന്നായിരുന്നു മറുപടി.

എന്നാലിതൊക്കെ എന്തോ വിപ്ളവപ്രവര്‍ത്തനമാണെന്നാണ് ഞാന്‍ തെറ്റിദ്ധരിച്ചിരുന്നത്. റാം സഹോദരന്മാര്‍ നല്‍കിയ താക്കീതൊന്നും ഞാന്‍ വകവച്ചില്ല. 1989 അവസാനം വി പി സിങ്ങിന്റെ സര്‍ക്കാര്‍ കേന്ദ്രത്തിലും 1990-ല്‍ ലാലുപ്രസാദിന്റെ സര്‍ക്കാര്‍ ബിഹാറിലും അധികാരത്തില്‍ വന്നതോടെ പിന്നോക്ക ജാതി മുന്നേറ്റത്തിന്റെ കാലം എത്തിയപ്പോയെന്ന് ഞാന്‍ ധരിച്ചുവശായി. ഇനിയും ഭൂമിഹാര്‍ കുടുംബത്തിന്റെ നിതാന്ത ദാസന്മാരായി കഴിയരുത് എന്ന് ഞാന്‍ റാം സഹോദരന്മാരെ ഉപദേശിച്ചുതുടങ്ങി. അവര്‍ക്കിതൊന്നും അത്ര ദഹിച്ചില്ലെങ്കിലും കൂടുതല്‍ ചെറുപ്പക്കാരനായ റാം അവ്താര്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ചുകേള്‍ക്കുമായിരുന്നു. ഈ ആശയവിപ്ളവത്തിന് ഒരു സമരരൂപം നല്‍കുന്നതിന്റെ ഭാഗമായി റാം അവതാറിന്റെ മൂത്തമകനായ ആറുവയസ്സുകാരനെ സ്കൂളില്‍ ചേര്‍ക്കണമെന്ന് ഞാന്‍ നിര്‍ദേശിച്ചു. നിങ്ങളോ പഠിച്ചില്ല, കുട്ടികള്‍ക്കെങ്കിലും വിദ്യാഭ്യാസം നല്‍കണമെന്ന് നിര്‍ദേശിച്ചു. 'ഭൂമിഹാറുമാര്‍ ഞങ്ങളെ വച്ചേക്കില്ല' എന്നതായിരുന്നു അവരുടെ മറുപടി. ലാലുപ്രസാദ് യാദവ് സുഹൃത്താണ് എന്നതിന്റെ ധൈര്യം എനിക്കുണ്ടായിരുന്നു. ആരെയാണ് പേടിക്കുന്നത് ഭൂമിഹാറില്‍നിന്ന് നിങ്ങളെ രക്ഷിക്കാന്‍ എനിക്കാകുമെന്ന് ഞാന്‍ വാഗ്ദാനം നല്‍കി. റാം അവതാര്‍ ആ വാഗ്ദാനത്തില്‍ വീണു. 1991-ലെ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ മൂത്ത മകനെ ഒന്നാം ക്ളാസില്‍ ചേര്‍ക്കാമെന്ന് അവന്‍ സമ്മതിച്ചു.

ആ മെയ് മാസത്തില്‍ ഞാന്‍ വീണ്ടും ഭോജ്പൂരില്‍ എത്തുമ്പോഴേക്കും ഇന്നേവരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘാതം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതിന് റാം അവതാറും അവന്റെ ഭാര്യയും രണ്ടുമക്കളും ജീവനോടെ ചുട്ടുകരിക്കപ്പെട്ടുവെന്ന വിവരമായിരുന്നു അത്. സര്‍ക്കാര്‍ രേഖകളില്‍ അപകടമരണമായി ചിത്രീകരിക്കപ്പെട്ടു അത്. തന്റെ സഹോദരനെ രക്ഷിക്കാന്‍ ബിഹാറിലോ പുറത്തോ ഉള്ള ഒരു വിപ്ളവകാരിയും ഉണ്ടായിരുന്നില്ല എന്ന് രാം ഭരോസ രോഷവും ദുഃഖവുംകൊണ്ട് വിറങ്ങലിച്ച ശബ്ദത്തില്‍ പറഞ്ഞു. കുറ്റബോധംകൊണ്ട് ഞാന്‍ ഞെളിപിരികൊണ്ടു. ദുഃസ്വപ്നങ്ങളുടെ മഹാപ്രവാഹത്തില്‍ വിയര്‍പ്പില്‍ നനഞ്ഞ് പിന്നീടുള്ള രാത്രികളില്‍ ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടേയിരുന്നു. അതില്‍നിന്ന് ഞാനിപ്പോഴും മോചിതനായിട്ടുമില്ല.

? ഫ്രണ്ട്‌ലൈനിനുവേണ്ടി അക്കാലത്തും ലേഖനങ്ങള്‍ എഴുതുമായിരുന്നില്ലേ? എങ്ങനെയായിരുന്നു എന്‍ റാമും ഫ്രണ്ട്ലൈനുമായുള്ള ബന്ധം ആരംഭിക്കുന്നത്?

=
അതൊരു കഥയാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകനും കോളേജ് മാഗസിന്‍ എഡിറ്ററുമാണ്. അന്ന് കോളേജ് മാഗസിനുകളിലെ ഒരു മാറ്റത്തിനുവേണ്ടി ഒരു മാഗസിനുപകരം മൂന്ന് മാഗസിനുകള്‍ ഇറക്കാന്‍ തീരുമാനിച്ചു. സ്റ്റാഫ് എഡിറ്റര്‍ പ്രൊഫ. മുഹമ്മദാണ്. അദ്ദേഹത്തിന്റെ വീടാണ് ഞങ്ങളുടെ സ്ഥിരം താവളം. പ്രൊഫ. മുഹമ്മദിന്റെ വീട്ടിലെ മുഖ്യ ആകര്‍ഷണം അദ്ദേഹത്തിന്റെ അമ്മാവനാണ്. സാക്ഷാന്‍ ഉമ്മര്‍കോയ. ലെജന്‍ഡറി പാര്‍ടിയാണ്. അമ്പതുകളിലെ പീസ് മൂവ്മെന്റിന്റെ ഒക്കെ ഭാഗമായിരുന്നു. കെ പി ഗോപാലന്‍ പയ്യന്നൂരില്‍ നിന്ന് മദ്രാസ് പ്രസിഡന്‍സിയിലേക്ക് '52-ല്‍ മത്സരിക്കുമ്പോള്‍ പറമ്പുവിറ്റ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയ ആള്‍. ഞാന്‍ ചെല്ലുന്ന കാലത്ത് ദശരഥ് പട്ടേല്‍, ചന്ദ്രലേഖ ഒക്കെ സ്ഥിരം സന്ദര്‍ശകരാണ് അദ്ദേഹത്തിന്റെ അടുത്ത്. സദാനന്ദ് മേനോനെയും ഒന്നില്‍ കൂടുതല്‍ തവണ അവിടെ കണ്ടിട്ടുണ്ട് എന്നുതോന്നുന്നു. ഒരിക്കല്‍ അങ്ങനെ അവിടെ ചെല്ലുമ്പോള്‍ അവിടെ എന്‍ റാമുണ്ട്. ഞാന്‍ എല്ലാവരോടുമെന്നപോലെ റാമിനോടും സംസാരിച്ചു. ഞാന്‍ എഡിറ്ററായ കോളേജ് മാഗസിന്‍ കാണിച്ചു. റാം ഭയങ്കര പ്രശംസ. ഞാന്‍ ജേര്‍ണലിസ്റ്റാവണ്ടയാളാണ് എന്നാണ് പറയുന്നത്. ഡിഗ്രി കഴിഞ്ഞാല്‍ വന്നുകാണൂ  എന്നൊക്കെ പറഞ്ഞു. റാമാകട്ടെ അക്കാലത്ത് വലിയ വിപ്ളവകാരിയാണ്. സിപിഐ എം അംഗവും സ്വന്തം കുടുംബം നടത്തുന്ന 'ഹിന്ദു' ഗ്രൂപ്പിലെ തൊഴിലാളികളുടെ നേതാവുമാണ്. ഹിന്ദുവിന്റെ ആസ്ഥാനത്ത് എന്‍ റാമിന്റെ നേതൃത്വത്തില്‍ നടന്ന തൊഴിലാളിസമരമൊക്കെ വലിയ സംഭവമായി കേട്ടിട്ടുണ്ട്.

എന്‍ റാം പറഞ്ഞ സ്ഥിതിക്ക് ജേര്‍ണലിസ്റ്റാവുക എന്നുതന്നെ ഞാന്‍ ഉറപ്പിച്ചു. പിന്നെ പഠനമെല്ലാം ഒരു വകയായിരുന്നു. ബികോം 'ഹൈ തേഡ്' ക്ളാസോടെ പാസായി. അച്ഛന് കടുത്ത നിരാശയായിരുന്നു. ജേര്‍ണലിസ്റ്റ് ആകാനുള്ള വായനയും അറിവുമൊന്നും എനിക്കില്ല എന്നാണ് അച്ഛന്റെ അഭിപ്രായം. പക്ഷേ ഡിഗ്രി കഴിഞ്ഞ് ജേര്‍ണലിസ്റ്റാകാന്‍ വെമ്പിനില്‍ക്കുന്ന എനിക്ക് എന്‍ റാമിനെ കാണാന്‍ ചെന്നൈയില്‍ പോകണം. അച്ഛന്‍ ടിക്കറ്റിന് കാശ് തരില്ല എന്ന സ്ഥിതിയായപ്പോള്‍ പെങ്ങള്‍ കുടുക്കപൊട്ടിച്ച് പൈസ തന്നു. ഞാന്‍ ജേര്‍ണലിസ്റ്റാകാന്‍ നേരെ ചെന്നൈയിലേക്ക് പോയി. അവിടെയെത്തിയപ്പോഴാണ് ആ ഞെട്ടിക്കുന്ന സത്യമറിയുന്നത്, എന്‍ റാം 'ദ ഹിന്ദു'വിന്റെ വാഷിങ്ടണ്‍ കറസ്പോണ്ടന്റാണപ്പോള്‍. അദ്ദേഹം അമേരിക്കയിലാണെന്ന്. അങ്ങനെ ഞാന്‍ നിരാശയോടെ തിരിച്ചെത്തി. ആ നിരാശാ കാലത്താണ് ദേശാഭിമാനി ജേര്‍ണലിസ്റ്റുകളെ വിളിക്കുന്നുവെന്ന പരസ്യം കാണുകയും അപേക്ഷിക്കുകയുംചെയ്യുന്നത്. ടെസ്റ്റ് നല്ലതായിരുന്നു. ഇന്റര്‍വ്യൂ പക്ഷേ അതികഠിനവും.

തായാട്ട് ശങ്കരന്‍, പി ഗോവിന്ദപിള്ള, സി പി നാരായണന്‍ തുടങ്ങി പലരും ഉണ്ടായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍. കണ്ണൂരിലെ നെയ്ത്തുശാലകള്‍ക്ക് പതുക്കെ പതുക്കെ ക്ഷയിക്കല്‍ സംഭവിക്കുന്ന കാലമായിരുന്നു അത്. അതേക്കുറിച്ച് ചോദ്യമുണ്ടായി. കാര്യം തൊഴിലാളി സംരംഭമൊക്കെയാണെങ്കിലും വിദേശത്ത് നിന്നൊക്കെ ഇറക്കുമതിചെയ്യുന്ന തുണിത്തരങ്ങളോട് പിടിച്ചുനില്‍ക്കാന്‍ തക്ക ഗുണനിലവാരം ഇല്ലാത്തതും നെയ്ത്തുശാലകളുടെ ക്ഷയിക്കലിന് കാരണമാണ് എന്നോ മറ്റോ ഞാന്‍ പറഞ്ഞു. തായാട്ട് ശങ്കരന്‍ പൊട്ടിത്തെറിച്ചു. കരച്ചിലിന്റെ വക്കത്തുനിന്നാണ് ഞാന്‍ അഭിമുഖം കഴിഞ്ഞിറങ്ങിയത്. തിരിച്ച് നാട്ടിലെത്തി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സമയത്ത് പി ശശി നിര്‍ദേശിച്ചു, തിരുവനന്തപുരം ലോ അക്കാദമിയില്‍ അപേക്ഷിക്കാന്‍. അവിടെ ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ അതിലും രൂക്ഷമായ അനുഭവമായിരുന്നു. ഏതാണ്ട് അപമാനിക്കപ്പെട്ട നിലയിലാണ് ഇന്റര്‍വ്യൂ കഴിഞ്ഞിറങ്ങിയത്. ലോകം അവസാനിച്ചുവെന്ന് തോന്നിയ രാത്രിയാണ്. ബസ്സില്‍ ഇരുന്ന് കണ്ണൂര്‍ക്ക് വരുമ്പോള്‍ ഏറ്റവും നെഗറ്റീവ് ആയിട്ടുള്ള ചിന്തകളായിരുന്നു. രാവിലെ കണ്ണൂരില്‍ വീട്ടില്‍ ചെന്നുകേറിയപ്പോള്‍ പക്ഷേ അച്ഛന്‍ ആദ്യം പറഞ്ഞത്, നിനക്ക് ദേശാഭിമാനിയില്‍നിന്ന് ഒരു കത്തുണ്ട് എന്നായിരുന്നു. അതെന്റെ അപ്പോയ്ന്റ്മെന്റ് ഓര്‍ഡര്‍ ആയിരുന്നു.

? പിന്നീട് റാമുമായി വീണ്ടും ബന്ധപ്പെടുന്നത് ഡല്‍ഹിയില്‍ ചെന്നതിനുശേഷമാണോ?

=
അത് യാദൃച്ഛികമായാണ്. 1988ല്‍ എന്‍ റാമും റാമിന്റെ അമ്മാവനായിട്ടുള്ള കസ്തൂരിയും തമ്മില്‍ പ്രശ്നത്തിലാകുന്നു. എന്‍ റാം അസോസിയേറ്റ് എഡിറ്ററും കസ്തൂരി എഡിറ്ററുമാണ്. റാം ബോഫോഴ്സ് സ്റ്റോറികള്‍ ബ്രേക്ക് ചെയ്യുന്നു. പക്ഷേ, ഇന്ത്യയിലെ ഏറ്റവും സ്വതന്ത്രമാകാന്‍ സാധ്യതയുള്ള പത്രമെന്ന് സയന ഠാക്കൂറിനെപ്പോലുള്ളവര്‍ വിലയിരുത്തിയിട്ടുള്ള സ്ഥാപനമായുള്ള ഹിന്ദു ഈ സ്റ്റോറി പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ലെന്ന് പറയുന്നു. അതിനെതിരെ റാം പ്രതിഷേധിക്കുന്നു. പ്രസ്തുത സ്റ്റോറി മൂന്ന് പത്രങ്ങള്‍ക്കായി കൊടുക്കാന്‍ തീരുമാനിക്കുന്നു. സ്റ്റേറ്റ്സ്മാന്‍, ഇന്ത്യന്‍ എക്സ്പ്രസ്, ദേശാഭിമാനി. ദേശാഭിമാനിയിലേക്ക് ഈ വാര്‍ത്ത വരുന്നത് ഞാന്‍ കാരണമല്ല. അത് എന്‍ റാമും പ്രകാശ് കാരാട്ടും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായാണ്. ആ പത്രസമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ ഞാന്‍ റാമുമായുള്ള പരിചയം പുതുക്കി. ആ സംഭാഷണം വ്യവസ്ഥാപിതമായ ജേര്‍ണലിസ്റ്റിക് പ്ളാറ്റ്ഫോമില്‍ നിന്നുകൊണ്ടുതന്നെ ജേര്‍ണലിസത്തിന്റെ രീതികളെ മാറ്റണമെന്ന എന്റെ ബോധ്യത്തെ ഉറപ്പിച്ചു. അതിന് ശേഷം റാം ഞാനുമായി ബന്ധം സൂക്ഷിച്ചു. അത് മാത്രമല്ല 1989ല്‍ ഹിന്ദുവിന്റെ ആദ്യത്തെ ഡല്‍ഹി എഡിഷന്‍ വരുമ്പോള്‍ അദ്ദേഹം എന്നെ അവിടെ ജോലിക്ക് ക്ഷണിച്ചിരുന്നു. സിറ്റി റിപ്പോര്‍ട്ടറായാണ് വിളിച്ചത്. ദേശാഭിമാനിക്കുവേണ്ടി പാര്‍ലമെന്റ് കവര്‍ ചെയ്തിരുന്ന സമയത്തായിരുന്നു അത്. അതുകൊണ്ടുതന്നെ ആ ക്ഷണം ഞാന്‍ നിരസിച്ചു. അദ്ദേഹമത് അംഗീകരിക്കുകയുംചെയ്തു. അതിനുശേഷം 1991ല്‍ ദേശാഭിമാനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍തന്നെയാണ് ഫ്രണ്ട് ലൈനില്‍ സ്റ്റോറികള്‍ ചെയ്യാനായി റാം ക്ഷണിക്കുന്നത്.  അപ്പോഴേക്കും റാം ഹിന്ദു വിട്ട് ഫ്രണ്ട്‌ലൈനില്‍ മാത്രമായി ഒതുങ്ങിയിരുന്നു. അപ്പോഴും അവിടെ സ്ഥിരം ജോലി ചെയ്യുന്നതെനിക്ക് സമ്മതമായിരുന്നില്ല. ഞാന്‍ ഇടയ്ക്കിടയ്ക്ക് പക്ഷേ ലേഖനങ്ങള്‍ നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ റാമുമായി നിരന്തര സമ്പര്‍ക്കമുണ്ട്. സ്ഥിരമായി ഫ്രണ്ട്‌ലൈനിലേക്ക് മാറുന്നത് 1991ല്‍. വലിയ സ്റ്റോറി ബ്രേക്ക് ചെയ്തതോടെയാണ് അതുണ്ടാകുന്നത്.

(വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്ന ആ വലിയ സ്റ്റോറി 1991 മെയ് നാലിന് 'ഫ്രണ്ട് ലൈന്‍' മാഗസിനില്‍ പ്രസിദ്ധീകരിച്ച 'മരിച്ചവര്‍ തിരിച്ചു വരുമ്പോള്‍' എന്ന ലേഖനമാണ്. ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവം നുണപ്രചാരണമാണെന്ന വസ്തുതയ്ക്ക് അടിവരയിട്ടുകൊണ്ട് നരേന്ദ്രമോഡി കാലത്തിന് മുമ്പുതന്നെ വ്യാപകമായി സംഘപരിവാര്‍ സൃഷ്ടിച്ച ഒരു കള്ളക്കഥയെ പൊളിച്ചുകൊണ്ടുള്ള അന്വേഷണാത്മക വാര്‍ത്തയായിരുന്നു അത്. തൊണ്ണൂറുകളുടെ ആദ്യം മുതല്‍ കര്‍സേവകര്‍ എന്ന പേരില്‍ ബാബറിപള്ളി പൊളിക്കാനുള്ള വിഎച്ച്പി ആര്‍എസ്എസ് സൈനികര്‍ അയോധ്യയിലേക്ക് വിവിധ ദേശങ്ങളില്‍നിന്ന് പ്രകടനം നടത്തി. ദേശീയ തലത്തില്‍ രാഷ്ട്രീയ അസന്തുലിതാവസ്ഥ നിലനിന്നിരുന്ന കാലമായതിനാല്‍തന്നെ വിഎച്ച്പിയുടെ ഈ കലാപം ദേശീയ ശ്രദ്ധയിലേക്ക് വന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് അയോധ്യയിലേക്ക് ആയുധങ്ങളുമായി മാര്‍ച്ച്ചെയ്ത കര്‍സേവകര്‍ പ്രാദേശികമായി സൃഷ്ടിച്ച കലാപങ്ങളെതുടര്‍ന്ന് വെടിവെയ്പുകളും ലാത്തിച്ചാര്‍ജുകളുമുണ്ടായി. പൊലീസ് വെടിവയ്പില്‍ 15 കര്‍സേവകര്‍ അയോധ്യയില്‍ കൊലചെയ്യപ്പെട്ടു എന്ന കാര്യം അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ 1990 ഡിസംബറില്‍ തന്നെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 1991 ഫെബ്രുവരിയില്‍ വിഎച്ച്പിയും ആര്‍എസ്എസും 59 പേരുടെ പട്ടികയുമായി പുറത്തുവന്നു. പട്ടികമാത്രമല്ല അവരുടെ ചിത്രങ്ങളും കഥകളും അവര്‍ പ്രചരിപ്പിച്ചു. 36 പേര്‍ അയോധ്യയില്‍ കൊല്ലപ്പെട്ടവര്‍, മറ്റുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് രാംജന്മഭൂമിക്കുവേണ്ടി കൊല്ലപ്പെട്ട ധീരഹൈന്ദവര്‍. ഹൈന്ദവ രക്തം തിളച്ചു, ദേശീയതലത്തില്‍ ചര്‍ച്ചയായി.
ആ ഘട്ടത്തിലാണ് വെങ്കിടേഷും എസ് പി സിങ്ങും 1991 മെയ് നാലിന് 'മരിച്ചവര്‍ തിരിച്ചുവരുമ്പോള്‍' എന്ന ഫ്രണ്ട്‌ലൈന്‍ സ്റ്റോറിയുമായി വരുന്നത്. വിഎച്ച്പിയുടെ കൊട്ടിഘോഷിച്ച ബലിദാനി പട്ടികയിലെ നാലുപേര്‍ അപ്പോഴും ജീവിച്ചിരിക്കുന്നവരാണ്. മറ്റ് പലരും വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചവര്‍, പിന്നെ ചിലര്‍ നാട്ടില്‍ രോഗബാധയായി മരിച്ചവര്‍, മറ്റുപല കാര്യങ്ങളിലുമായി കൊല ചെയ്യപ്പെട്ടവര്‍, പട്ടികയിലുള്ള ഷാജഹാന്‍പൂരിലെ രഘുബീര്‍സിങ്ങെന്നൊരാള്‍ യഥാര്‍ഥത്തില്‍ ജനിക്കുകയോ മരിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയൊരാളില്ല. ചിലര്‍ ഏറെ കാലമായി അപ്രത്യക്ഷര്‍. വിശദാംശങ്ങളേറെയുണ്ട് ആ റിപ്പോര്‍ട്ടില്‍.)

മരിച്ചതായി വി എച്ച് പി വ്യാജരേഖ ചമച്ച കര്‍സേവകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെങ്കിടേഷ് ലേഖനത്തിനൊപ്പം കൊടുത്ത ചാര്‍ട്ട്

മരിച്ചതായി വി എച്ച് പി വ്യാജരേഖ ചമച്ച കര്‍സേവകരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി വെങ്കിടേഷ് ലേഖനത്തിനൊപ്പം കൊടുത്ത ചാര്‍ട്ട്


? ആ വലിയ സ്റ്റോറി, മരിച്ചവര്‍ തിരിച്ചുവരുമ്പോള്‍, ഉണ്ടായതെങ്ങനെയാണ്? എങ്ങനെയാണ് വിഎച്ച്പിയുടെ ബലിദാനി പട്ടികയിലെ മനുഷ്യര്‍ ജീവിച്ചിരിക്കുന്നവരാണോ എന്നന്വേഷിച്ച് പോകാനുള്ള പ്രേരണ.

=
രാമജന്മഭൂമി കലാപം നടക്കുന്ന കാലമായതിനാല്‍ തുടര്‍ച്ചയായി ഉത്തര്‍പ്രദേശ് യാത്ര നടത്തുന്ന കാലമാണ്. ഈ ഘട്ടത്തില്‍ മുലായം സിങ്ങുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ അദ്ദേഹമാണ് ഉറപ്പിച്ചുപറയുന്നത് 21 പേരേ കൊല്ലപ്പെട്ടുള്ളൂ എന്ന്. അങ്ങനെയിരിക്കെ മറ്റൊരു സ്റ്റോറിയുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലേക്ക് സഞ്ചരിക്കുന്ന ഘട്ടത്തില്‍ ഹിന്ദി പത്രപ്രവര്‍ത്തകനായ ശീതള്‍ പി സിങ് വിളിക്കുന്നു. ശീതള്‍ ലഖ്നൌവിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. അക്കാലം മുതല്‍ ശീതളിനെ എനിക്കറിയാം. അമര്‍ ഉജാലയിലെ സ്റ്റോറി എന്റെ ശ്രദ്ധയില്‍പ്പെടുത്താനാണ് ശീതള്‍ വിളിക്കുന്നത്. കൊല്ലപ്പെട്ടു എന്ന് വിഎച്ച്പി പറയുന്ന ഒരാള്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതാണ് അത്. ഒരാളെ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ വിഎച്ച്പിയുടെ പട്ടിക മുഴുവനായി അന്വേഷിക്കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷേ ഇതിനുവേണ്ട അന്വേഷണം നടത്താനുള്ള റിസോഴ്സസ് ഞങ്ങളുടെ രണ്ടു പേരുടെ പക്കലുമില്ല. കൊല്‍ക്കത്തയിലെത്തിയപ്പോള്‍ ഞാന്‍ റാമിനെ വിളിച്ചു. യുപിയില്‍ മാത്രം 26 പേരുണ്ട്. ആ വിലാസങ്ങള്‍ മുഴുവന്‍ അന്വേഷിക്കണം. അന്വേഷിച്ചാല്‍ ചിലപ്പോള്‍ ഒരു വലിയ സ്റ്റോറിയുണ്ടായേക്കാം. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. നിങ്ങള്‍ക്ക് അതിന് താല്‍പ്പര്യമുണ്ടോയെന്നായിരുന്നു എന്റെ ചോദ്യം. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം റാം എന്നെ വിളിച്ചു. ലഖ്നൌവിലേക്ക് ചെല്ലാനും അത് അന്വേഷിക്കാനും റാം പറഞ്ഞു. ചെലവിനെക്കുറിച്ചുള്ള എന്റെ ആശങ്ക പരിഹരിക്കാമെന്നും പറഞ്ഞു. ഉടന്‍ ഞാന്‍ എസ് പി സിങ്ങിനെ വിളിച്ച് രാത്രിയില്‍ ലഖ്നൌവില്‍ എത്താന്‍ പറഞ്ഞു. രാത്രി ലഖ്നൌവിലെത്തി. ഒരു മാരുതി ഓമ്നി വാടകയ്ക്ക് എടുത്ത് യാത്ര തുടങ്ങി. ഉത്തര്‍പ്രദേശ് മുഴുവന്‍ അതിലാണ് യാത്രചെയ്തത്. മൂന്നുദിവസം താമസിച്ചതും കാറിനുള്ളില്‍തന്നെയാണ്. അന്നത്തെ കാലത്ത് ഏതാണ്ട് 28,000 രൂപയാണ് കാര്‍ വാടക മാത്രമായത്. ഡല്‍ഹിയില്‍ എത്തുന്ന സമയം റാമിനെ വിളിച്ച് പറഞ്ഞിരുന്നു. ഐഎന്‍എസില്‍ (ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി ആസ്ഥാനം) എനിക്കും എസ് പി സിങ്ങിനും ഒരു മുറി ബുക്ക് ചെയ്തിരുന്നു. അവിടെ ഇരുന്ന് കൈകൊണ്ടെഴുതിയാണ് ഫാക്സ് ചെയ്തത്. പക്ഷേ അത് ഒരു ഭയങ്കര അനുഭവമായിരുന്നു. 38 പേജുണ്ടായിരുന്നു സ്റ്റോറി. ഈ കോപ്പി വായിച്ചിട്ട് റാം വിളിച്ചു. സാധാരണ ഗതിയില്‍ ഏത് കോപ്പി ഫയല്‍ ചെയ്താലും റാമിന് ഒരുപാട് ചോദ്യങ്ങള്‍ ഉണ്ടാകും എന്നത് ഹിന്ദുവില്‍ പലരും അടക്കം പറയുന്ന കാര്യമാണ്. ഇത് വായിച്ചിട്ട് റാം പറഞ്ഞത്, 'വെങ്കിടേഷ്, ഐ ഹാവ് നോ ക്വസ്റ്റ്യന്‍സ്' എന്നാണ്.

? അതുപോലെതന്നെ ഒരു പ്രധാനപ്പെട്ട സ്റ്റോറിയായിരുന്നുവല്ലോ വി ഡി സവര്‍ക്കറിന്റെ മാപ്പപേക്ഷകള്‍ പുറത്തുകൊണ്ടുവരുന്നത്.

=
അതിലും ഇത്തരത്തിലൊരു വലിയ സൌഹൃദത്തിന്റെ കഥയുണ്ട്. ശീതള്‍ പി സിങ്ങ് വഴി തന്നെയാണ് കൃഷ്ണ ചന്ദ്ര ദുബേ എന്നയാളെ ഞാന്‍ പരിചയപ്പെടുന്നത്. എഴുത്തുകാരനും ജേര്‍ണലിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമൊക്കെയായ ദുബേജി പില്‍ക്കാലത്ത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, ഏറ്റവും അടുപ്പമുള്ള ആളായി മാറി. എകെജി ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു ദുബേജി. പിന്നീട് കിസാന്‍സഭയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു. ഹോചിമിന്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ അന്നത്തെ പാര്‍ടി നേതാവ് അജയഘോഷും ഹോചിമിനുമായുള്ള ചരിത്രപ്രശസ്തമായ സംഭാഷണങ്ങളൊക്കെ പിന്നീട് ദുബേജി പറഞ്ഞ് എനിക്കറിയാം. ഇടക്കാലത്ത് ദുബേജിയുടെ മക്കള്‍ വിദേശത്തായതോടെ അദ്ദേഹം ഡല്‍ഹിയില്‍ എന്റെ കൂടെയായി താമസം. അക്കാലത്താണ് ഹിന്ദിയില്‍ ഒരു മിനി എന്‍സൈക്ളോപീഡിയ ഒറ്റയ്ക്ക് എഴുതാന്‍ ദുബേജി തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായുള്ള ഗവേഷണമായിരുന്നു പിന്നീട് മുഴുവന്‍. ആ ഗവേഷണ കാലത്താണ് വി ഡി സവര്‍ക്കറുടെ ഒരു മാപ്പപേക്ഷ ദുബേജിയുടെ ശ്രദ്ധയില്‍പെടുന്നത്. ആര്‍എസ്എസ് പതിറ്റാണ്ടുകളായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സവര്‍ക്കറെന്ന വിരാട് ഹിന്ദു പൌരുഷത്തിന്റെ മറുവശമാണല്ലോ ഇതെന്ന തോന്നല്‍ ഉണ്ടാവുകയും തുടര്‍ന്ന് അതിന്റെ വിശദാംശങ്ങള്‍ തേടുകയും സവര്‍ക്കറുടെ മാപ്പപേക്ഷകളും അതിനോടുള്ള ഹിന്ദുമഹാസഭയുടെ പ്രതികരണങ്ങളും കണ്ടെത്തുകയുംചെയ്തു. അത് അങ്ങനെയാണ് വലിയ വാര്‍ത്തയാകുന്നത്.

? മുലായംസിങ്ങായിരുന്നു ആ വലിയ സ്റ്റോറിയിലേക്കുള്ള ആദ്യ സൂചനകള്‍ നല്‍കിയത് എന്നു പറഞ്ഞല്ലോ? മുലായം സിങ്ങുമായി ഇത്രയേറെ അടുത്ത ബന്ധം ഉണ്ടാകുന്നത് എങ്ങനെയാണ്? സാധാരണ സൌത്ത് ഇന്ത്യന്‍ ജേര്‍ണലിസ്റ്റുകളുമായി അത്ര വലിയ ബന്ധം ഉള്ളയാളല്ലല്ലോ മുലായം.

=
1986 മുതല്‍ യുപി കവര്‍ ചെയ്യുന്നുണ്ട്. മുലായം സിങ്ങുമായുള്ള ഇക്വേഷന്‍ ബില്‍ഡ് ചെയ്യുന്നത് പിന്നീടാണ്. 'വെന്‍ ഡെഡ് കെയിം ബാക്ക്' എന്ന സ്റ്റോറിയുടെ ഇന്‍പുട്ടൊക്കെ പ്രൊഫഷണല്‍ ബന്ധത്തില്‍ നിന്നുതന്നെ കിട്ടിയതാണ്. മുലായം സിങ്ങിനെ കാണും. അദ്ദേഹം കുറേ കാര്യം പറയും. അതില്‍നിന്ന് സ്റ്റോറി ഉണ്ടാക്കാന്‍ പറ്റുന്നത് ചെയ്യും. അത് പേഴ്സണല്‍ റിലേഷന്‍ഷിപ്പായി വളരുന്നത് പിന്നീടാണ്. വളരെ അണ്ടര്‍ എസ്റ്റിമേറ്റഡ് ആയ ഒരു രാഷ്ട്രീയക്കാരനാണ് മുലായം സിങ്ങെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കാമരാജിനെയും കരുണാനിധിയെപ്പോലെയുമുള്ള വലിയ രാഷ്ട്രീയക്കാരനാണ് മുലായം എന്നാണ് എന്റെ പേഴ്സണലായ അഭിപ്രായം. ഞാനത് പറയുന്നത് അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.

അതില്‍ രണ്ടു കാര്യം പറയാം. എന്റെ അനുഭവമാണ് ഒന്ന്. ഒരു വളരെ സീനിയര്‍ ആയ ഒരു ഐഎഎസ് ഓഫീസറുടെ എക്സ്പീരിയന്‍സ് ആണ് മറ്റൊന്ന്. ഇത് രണ്ടും ബാബ്റി പള്ളി പൊളിച്ച കാലത്താണ്. അപ്പോഴേക്കും ഞാനും മുലായംസിങ്ങുമായി  ഒരു പ്രൊഫഷണല്‍ ബന്ധമുണ്ട്.

ഐഎഎസ് ഉദ്യോഗസ്ഥന്റെ അനുഭവം ആദ്യം പറയാം. വളരെ നേരെവാ നേരെപോ മട്ടിലുള്ള ഒരു സൌത്ത് ഇന്ത്യന്‍ ഓഫീസറാണ് ഇയാള്‍. യുപി കേഡര്‍ ആണ്. പക്ഷേ ഒരു രാഷ്ട്രീയക്കാരുമായും അടുപ്പമില്ല. മുലായംസിങ്ങ് മുഖ്യമന്ത്രിയായ സമയത്ത്, 1990-ല്‍ വാരണാസിയില്‍ ഒരു ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നു. അപ്പോള്‍ അവടെ കലക്ടര്‍ ആണ് നമ്മുടെ ഓഫീസര്‍. മുലായംസിങ്ങിന്റെ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ അല്ലാതെ ജയിക്കില്ല. ഒരു കാരണവശാലും ബൂത്ത് പിടിച്ചടക്കാനോ കള്ള വോട്ട് ചെയ്യിക്കാനോ ഒന്നും നമ്മുടെ ഓഫീസര്‍ സമ്മതിക്കുകയും ഇല്ല. മൂപ്പര്‍ക്കറിയാം മുഖ്യമന്ത്രിക്ക് ഇലക്ഷന്‍ റിഗ് ചെയ്യാന്‍ പ്ളാനുണ്ടെന്ന്. അതിന് പക്ഷേ ഡിഎംഒ/കലക്ടറുടെ സഹായം വേണം. മൂപ്പര് തീരുമാനിച്ചു, രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് മേഖലകളില്‍ തുടര്‍ച്ചയായി കറങ്ങുമെന്ന്, വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ സൌകര്യപൂര്‍വം വയര്‍ലെസ് മറന്നുവച്ചു, മൊബൈല്‍ ഫോണില്ലാത്ത കാലമല്ലേ? മാത്രമല്ല അടുത്ത ആളായ എസ്എസ്പിയെ കൂടെ കൂട്ടി. അയാളുടെ വയര്‍ലെസും എടുക്കാന്‍ സമ്മതിച്ചില്ല. ദിവസം മുഴുവന്‍ അവര്‍ ടൂറിലാണ്. വയര്‍ലെസില്‍ മുഖ്യമന്ത്രിയുടെ 20-25 കോള്‍ വരുന്നുണ്ട്. സ്റ്റാഫ് എടുക്കും-വയര്‍ലെസ് സാബ് നേ ഛോഡ്കര്‍ ചലേ ഗയേ എന്ന് മറുപടി പറയും. സാബ് മണ്ഡലത്തില്‍ ടൂറിലാണ്, എവിടെയാണെന്നറിയില്ല എന്ന് മറുപടി. എസ്എസ്പിയെ വിളിക്കുമ്പോള്‍ എസ്എസ്‌പി സാബ് കലക്ടര്‍ സാബിന്റെ കൂടെയാണ്, വയര്‍ലെസ് എടുത്തിട്ടില്ല എന്ന് അവിടെ നിന്നും. ഇലക്ഷന്‍ മര്യാദക്ക് നടന്നു, റിസള്‍ട്ട് വന്നപ്പോ മുലായത്തിന്റ സ്ഥാനാര്‍ഥി തോല്‍ക്കുകയും ചെയ്തു.

എന്തായാലും തെരഞ്ഞെടുപ്പിന്റെ അന്ന് വൈകിട്ട് നമ്മുടെ ഐഎഎസ് ഓഫീസര്‍ മുഖ്യമന്ത്രിയെ അങ്ങോട്ടേക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ കുറേ കോളുകള്‍ വന്നതാണല്ലോ. 'സാബ്, വയര്‍ലെസ് തോ മേനേ ഫൂല്‍ ഗയാ ഥാ!' (സര്‍, വയര്‍ലെസ് ഞാന്‍ മറന്നുപോയിരുന്നു). മുലായത്തിന് ഈ കളിയൊക്കെ അറിയാമല്ലോ. മുലായം പറഞ്ഞു: 'അപ്നേ ആപ് കോ ക്യാ സമജ് രഖാ ഹേ! ബോറി ബിസ്തര്‍ ഭാങ്ക്ലോ, തും കോ ട്രാന്‍സ്ഫര്‍ കര്‍താ ഹൂം'-എന്നുവച്ചാ താന്‍ തന്നെക്കുറിച്ച് എന്താ വിചാരിച്ചു വച്ചേക്കണേ! കിടക്കേം സാമാനവും പൊതിഞ്ഞു കെട്ടിക്കോ, ട്രാന്‍സ്ഫറാണെന്ന്... നമ്മുടെ ഓഫീസര്‍ക്ക് അത് ഉറപ്പായിരുന്നു. അങ്ങനെ മൂപ്പരെ ട്രാന്‍സ്ഫര്‍ ചെയ്ത് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന്റെ മൂലയ്ക്കിരുത്തി. 1990-ലാണിത്. ആദ്യ കര്‍സേവയൊക്കെ ആരംഭിക്കുന്നതിന് ഏതാനം മാസങ്ങള്‍ക്കുമുമ്പ്. അദ്വാനിയുടെ രഥയാത്രയും ആര്‍എസ്എസിന്റെ കര്‍സേവയും ആരംഭിച്ചതോടെ അയോധ്യയിലും ഫൈസലാബാദിലും വലിയ പ്രശ്നമായി. അങ്ങനെയിരിക്കുന്ന ഒരു ദിവസം മുലായം സിങ്ങ് ഈ ഉദ്യോഗസ്ഥനെ വിളിച്ചു, എന്നിട്ട് പറഞ്ഞു: 'ഹമാരെ ബീച്ച് മേം ബഹുത് ഹുവാ ഹേ, ലേകിന്‍ അഭി മേരേകോ അയോധ്യാമേം ഏക് ഇമാന്താര്‍ ഓഫീസര്‍ ചാഹിയേ, യേ ജോ ആഗേ പീഛേ നഹിം ദേഖ് രഹാ ഹേ. മേം ആപ്കോ അയോധ്യാ കേ കമ്മീഷണര്‍ ബനാ രഹാ ഹൂം'. (നമുക്കിടയില്‍ പലതും ഉണ്ടായിട്ടുണ്ട്. പക്ഷേ എനിക്കിപ്പോള്‍ അയോധ്യയില്‍ ഒരു സത്യസന്ധനായ ഉദ്യോഗസ്ഥനെ വേണം, മുന്‍പിന്‍ നോക്കാതെ നടപടിയെടുക്കുന്ന ഒരാള്‍. ഞാന്‍ നിങ്ങളെ അയോധ്യ കമ്മീഷണര്‍ ആക്കുകയാണ്). നമ്മുടെ ഓഫീസര്‍ക്ക് പിന്നെ ഒരു പ്രശ്നവുമില്ല. പുള്ളിപോയി അയോധ്യ കമ്മീഷണര്‍ ആയി. മുലായത്തിന്റെ രാഷ്ട്രീയക്കാരന്‍ എന്ന നിലയിലുള്ള വലിയ ക്വാളിറ്റിയായിരുന്നു അത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വ്യക്തികളുടെ ഗുണങ്ങളെ തിരിച്ചറിയാനുള്ള ശേഷി.

എന്റെ അനുഭവത്തിലേക്ക് വന്നാല്‍, രാമജന്മഭൂമി കലാപകാലം മുതല്‍ നിരന്തരബന്ധമുണ്ടല്ലോ, അക്കാലത്ത് ഏതാണ്ട് എല്ലാ ദിവസവും ഫോണില്‍ സംസാരിക്കുമായിരുന്നു. പള്ളി പൊളിച്ചതിനുശേഷം ഞാന്‍ മുലായത്തിനെ കാണാന്‍ പോയി. അന്നത്തെ ആവേശത്തിന് എന്റെ വക ഒരു കാര്യവുമില്ലാത്ത ഒരു ഉപദേശവും ഞാന്‍ മുലായത്തിന് കൊടുത്തു: ഞാന്‍ പറഞ്ഞു, നിങ്ങള്‍ എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിക്കണം, നിങ്ങളാണ് ഇതിന്റെ ആള് എന്ന്. 1993 സെപ്തംബറില്‍ പുള്ളി എസ്‌പി-ബിഎസ്‌പി സഖ്യം പ്രഖ്യാപിച്ചു. ജനതാദളിനോ സിപിഐ എമ്മിനോ സിപിഐക്കോ ഒരു സീറ്റുപോലും കൊടുത്തില്ല. ഇതിന്റെ പേരില്‍ ഞാനദ്ദേഹവുമായി വഴക്ക് പിടിച്ചു. ഞാന്‍ പറഞ്ഞു, 'നിങ്ങളെല്ലാവരെയും കൂട്ടുമെന്ന് പറഞ്ഞതല്ലേ, ആരെയും കൂട്ടിയില്ല, ഇത് തോന്ന്യവാസമാണ് എന്നൊക്കെ ഞാന്‍ പറഞ്ഞു. അതെല്ലാം കേട്ടശേഷം ഒരേയൊരു വാചകമാണ് മുലായം മറുപടി പറഞ്ഞത്-യുപി മേം സെക്യുലര്‍ അലയന്‍സ് ഹോ ഗയാ, ഇസ് സേ ജ്യാദാ കുഛ് കര്‍നേ കേ ജരൂരസ് നഹീ! (യുപിയില്‍ മതേതര സഖ്യം ഉണ്ടായിക്കഴിഞ്ഞു. ഇതില്‍ കൂടുതല്‍ ഒന്നിന്റെയും ആവശ്യമില്ല). ഇതുമായി ബന്ധപ്പെട്ട് മുലായം സിങ്ങുമായുള്ള എന്റെ അഭിമുഖം ഫ്രണ്ട്‌ലൈനില്‍ അച്ചടിച്ച് വരുമ്പോഴുള്ള ആമുഖത്തിന്റെ ആദ്യ വാചകം ഇങ്ങനെയായിരുന്നു: 'ദിസ് മാന്‍ സീം റ്റു ബി സഫറിങ് ഫ്രം ഡില്യൂഷന്‍സ് ഓഫ് ഗ്രാന്‍ഡ്യൂര്‍' അഥവാ ഇയാള്‍ക്ക് വട്ടായിപ്പോയി എന്നാണ്.

ആ ഒറ്റ സംഭവത്തോടെയാണ് മുലായംസിങ്ങുമായുള്ള വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത്. വിശ്വസിക്കാന്‍ പറ്റുമോ, അദ്ദേഹത്തിന് വട്ടാണ് എന്ന് ഞാന്‍ എഴുതിയതാണ്. അതില്‍ ഞാന്‍ തെറ്റാണെന്ന് സ്ഥാപിച്ചതിനുശേഷം ആ കുടുംബത്തിലെ ഓരോ കാര്യത്തിലും മുലായം എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തുപോന്നു.തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലംവന്നു. ബിജെപി തോറ്റു. എസ്‌പി-ബിഎസ്‌പി സഖ്യം അധികാരത്തില്‍ വന്നു. മുഴുവന്‍ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ബിജെപിയെ തോല്‍പ്പിക്കാനായി. ഫലമറിഞ്ഞശേഷം മുലായം സിങ്ങിനെ കാണാന്‍ ഞങ്ങള്‍ പത്രക്കാരെല്ലാം പുറത്ത് കാത്തിരിക്കുകയാണ്. അകത്തുനിന്ന് ഒരാള്‍ വന്ന് പറഞ്ഞു-വെങ്കിടേഷ് സാബ് കോ ബുലാ രഹാ ഹേ.. അന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് ഇദ്ദേഹം നമ്മളെഴുതുന്നത് വായിക്കുകയോ ആരെക്കൊണ്ടെങ്കിലും വായിപ്പിച്ച് അറിയുകയോ ചെയ്യുന്നുണ്ട് എന്ന്. ഞാന്‍ അകത്തേക്ക് ചെന്നു. ഞാന്‍ നടന്നുവരുന്നത് കണ്ട് ദൂരെനിന്നേ മുലായം വിളിച്ചു ചോദിച്ചു. 'അബ് ബതാവോ വെങ്കിടേഷ്, തും പാഗല്‍ ഹോ യാ മേം? (ഇപ്പോ പറ വെങ്കിടേഷേ, എനിക്കാണോ തനിക്കാണോ വട്ട്?) ഞാന്‍ പറഞ്ഞു,  'സാബ് ഗല്‍തി ഹോഗയാ, ആപ് സഹി ഹേ, ആപ് കോ രാജ്നീതി മാലൂം ഹേ, ഹമ്കോ നഹീം' (തെറ്റ് പറ്റിപ്പോയി സര്‍, താങ്കള്‍ക്ക് രാഷ്ട്രീയമറിയാം. എനിക്കറിയില്ല). ആ ഒറ്റ സംഭവത്തോടെയാണ് മുലായംസിങ്ങുമായുള്ള വ്യക്തിപരമായ ബന്ധം ആരംഭിക്കുന്നത്. വിശ്വസിക്കാന്‍ പറ്റുമോ, അദ്ദേഹത്തിന് വട്ടാണ് എന്ന് ഞാന്‍ എഴുതിയതാണ്. അതില്‍ ഞാന്‍ തെറ്റാണെന്ന് സ്ഥാപിച്ചതിനുശേഷം ആ കുടുംബത്തിലെ ഓരോ കാര്യത്തിലും മുലായം എന്നെ വിളിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്തുപോന്നു. അതുകൊണ്ട് അഖിലേഷ് ആദ്യം എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിക്കുമ്പോള്‍ മുലായം എന്നെ ചൂണ്ടി അഖിലേഷിനോട് പറഞ്ഞിട്ടുണ്ട്, രാജനീതി ഇസ്സേ സീഖോ (രാഷ്ടീയം ഇയാളില്‍നിന്ന് പഠിക്കൂ) എന്ന്. അത്രയ്ക്കുള്ള അടുപ്പവും സ്നേഹബന്ധവുമായി അത് വളര്‍ന്നു.

വെങ്കിടേഷ് അഖിലേഷ് യാദവിനൊപ്പം

വെങ്കിടേഷ് അഖിലേഷ് യാദവിനൊപ്പം


? അഖിലേഷിനെ അതുകൊണ്ട് വളരെ അടുത്തുനിന്ന് മനസ്സിലാക്കാനും പറ്റിയല്ലോ. എനിക്കുപോലും ഓര്‍മയുണ്ട്, അഖിലേഷ് രാത്രി നിങ്ങള്‍ക്ക് തമാശ മെസേജ് ഒക്കെ അയക്കുന്നത്. ആ യുവാവാണ് ഇപ്പോള്‍ ഭാവിയിലെ പ്രധാനമന്ത്രി സാധ്യതകളിലൊന്നായി നില്‍ക്കുന്നത്.

=
അതേയതേ. ഒരു ദിവസം രാത്രി എനിക്ക് അഖിലേഷ് ഒരു പാട്ടയച്ചു. ഭയങ്കര സങ്കടമുള്ള ഒരു പാട്ട്. ഒരു മണിയൊക്കെ കഴിഞ്ഞു. ഞാന്‍ ചോദിച്ചു, നീയിപ്പോഴും ഉണര്‍ന്നിരിക്കുകയാണോ? അഖിലേഷിന്റെ മറുപടി വന്നു: ഞാന്‍ ഉണര്‍ന്നിരുന്ന് ഈ പാട്ട് കേള്‍ക്കുകയാണ്. വീണ്ടും വീണ്ടും. നിങ്ങളോടേ ഇപ്പോള്‍ ഇത് പറയാനുള്ളൂ എന്ന്. അഖിലേഷ് നിരന്തരം സംസാരിക്കും, നിരന്തരം അഭിപ്രായങ്ങള്‍ ചോദിക്കും. പക്ഷേ ആത്യന്തികമായി അയാള്‍ക്ക് യുക്തിയെന്ന് തോന്നുന്ന തീരുമാനങ്ങളെടുക്കും. ഉദാഹരണത്തിന് കൈറാന ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച നടക്കുമ്പോള്‍ പതിവുപോലെ എന്നോടും ഉപദേശം ചോദിച്ചു. ഞാന്‍ പറഞ്ഞു, സീറ്റ് ജയന്ത് ചൌധരിക്ക് (ആര്‍എല്‍ഡി നേതാവ് അജിത് സിങ്ങിന്റെ മകന്‍) കൊടുക്കൂ, അതാകും നല്ലത് എന്ന്. അഖിലേഷ് ഒന്നും മറുപടി പറഞ്ഞില്ല. സീറ്റ് പ്രഖ്യാപനത്തിന്റെ തലേദിവസം വിളിച്ചു. എന്നിട്ട് പറഞ്ഞു, സീറ്റ് ഞാന്‍ ജയന്തിന് കൊടുക്കും. പക്ഷേ ജയന്ത് മത്സരിക്കില്ല. കൈറാന ഈ സ്ഥിതിക്ക് ഞങ്ങളെന്തായാലും ജയിക്കും. അപ്പോഴൊരു മുസ്ളിം ജയിക്കണം. അതാണ് വേണ്ടത് എന്ന്. അഖിലേഷ് ഇനിയുള്ള കാലത്തെ വലിയ രാഷ്ട്രീയക്കാരനാണ്. ഏറ്റവും വലിയ നേട്ടം മുലായം സിങ്ങിന്റെ പില്‍ക്കാലത്തുണ്ടായ നിലപാടുകളില്‍നിന്നും രീതികളില്‍നിന്നും പാര്‍ടിയെ വേറിട്ടതാക്കി എന്നതുകൂടിയാണ്. മുലായംസിങ്ങില്‍നിന്ന് എസ്പിയെ മോചിപ്പിച്ച് വേറൊന്നാക്കി. ഭാവി പ്രധാനമന്ത്രി എന്ന നിലയിലേക്ക് വളര്‍ന്നു. അമിത് ഷായെ പോലുള്ളവര്‍ വിരിക്കുന്ന ഒരു കെണിയിലും പെടാതെനിന്നു. അഴിമതിയോ അത്തരം ഒരു കേസും അഖിലേഷിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല ഇതുവരെ എന്നതും പ്രധാനമാണ്.

? 1993 സെപ്തംബറിനുശേഷം, ഏതാണ്ട് രണ്ടര പതിറ്റാണ്ടിനിപ്പുറം, വീണ്ടും എസ്‌പിയും ബിഎസ്‌പിയും തമ്മില്‍ സഖ്യമുണ്ടാകാനുള്ള സാധ്യതകൂടി അഖിലേഷ് തുറന്നുവയ്ക്കുന്നുണ്ടല്ലോ, മായാവതിയുമായും നിരന്തര ബന്ധമുണ്ടായിരുന്നോ.

=
ഇല്ല, മായാവതിയുമായി അവര്‍ അധികാരത്തിലിരിക്കുന്ന കാലത്ത് വളരെ നല്ല പ്രൊഫഷണല്‍ ബന്ധമുണ്ടായിരുന്നു. പക്ഷേ എനിക്ക് വ്യക്തിപരമായ വലിയ ബന്ധം കന്‍ഷിറാമുമായുണ്ടായിരുന്നു. കന്‍ഷിറാമുമായുള്ള ബന്ധം വളരെ കാലത്തിന് മുമ്പേ ആരംഭിച്ചതാണ്. മുലായംസിങ്-കന്‍ഷിറാം കൂട്ടുകെട്ടിന് പുറകേയാണ് ഗാഢമായ ബന്ധമുണ്ടാകുന്നത്. കന്‍ഷിറാം അസ്സലായി തമിഴ് സംസാരിക്കും. മൂപ്പര് തമിഴ്നാട്ടില്‍ കുറേക്കാലം ഉണ്ടായിരുന്നതാണ്. ഇന്ത്യയില്‍ ഇന്നേ വരെയുണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയക്കാരില്‍ ഒരാളായാണ് ഞാന്‍ കന്‍ഷിറാമിനെ കാണുന്നത്. എത്രയോ രാത്രികള്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ച് ചെലവഴിച്ചിട്ടുണ്ട്. ഒരിക്കല്‍ കന്‍ഷിറാമിന്റെ ഔദ്യോഗിക വസതിയില്‍ പത്രക്കാരെല്ലാവരും കൂടെ ഇടിച്ച് കയറി. ബെഡ്റൂമില്‍ വരെ. മൂപ്പര്‍ക്ക് അവരെ തല്ലേണ്ടി വന്നു. പിന്നെ അത് വലിയ വാര്‍ത്തയായി. ഈ സംഭവം നടന്ന് ഒരു അഞ്ച് മിനുട്ട് കഴിഞ്ഞ് എന്നെ കന്‍ഷിറാം വിളിച്ചു. തമിഴിലാണ് സംസാരിച്ചത്. "രണ്ട് കാര്യം. ഒന്ന് നീ അന്വേഷിച്ച് മറുപടി പറയണം. ഇന്ത്യയില്‍ അക്രെഡിറ്റഡ് ജേര്‍ണലിസ്റ്റുകളില്‍ എത്രപേര്‍ ദളിതരാണ്? മറ്റൊരു കാര്യത്തിന് മറുപടി പറയണം- മാധവറാവു സിന്ധ്യയുടെ വീട്ടിലാണെങ്കില്‍ ഈ പത്രക്കാര്‍ക്ക് ബെഡ്റൂമില്‍ കേറാന്‍ ധൈര്യം ഉണ്ടാകുമോ?''

? വലതുപക്ഷ, തീവ്ര ഹൈന്ദവ രാഷ്ട്രീയത്തിനെതിരായി ഏതാണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന നേതാക്കളുമായുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മളിതുവരെ സംസാരിച്ചത്. തീവ്ര ഹൈന്ദവ മുഖമായി നരേന്ദ്രമോഡി ഇന്നത്തെ നിലയില്‍ മാറുന്നതിനുമുമ്പ് ഒരിക്കല്‍ ഏഷ്യാനെറ്റ് ചര്‍ച്ചയില്‍ അയാളുമായി ബഹളം ഉണ്ടായത് ഓര്‍ക്കുന്നുണ്ട്. പിന്നീടുള്ള ഏതെങ്കിലും കാലത്ത് മോഡിയുമായി കമ്യൂണിക്കേഷന്‍ ഉണ്ടായിരുന്നോ.

=
1996-ലെ തെരഞ്ഞെടുപ്പിലെ പാനല്‍ ഡിസ്കഷന്‍ ആയിരുന്നു. ഭയങ്കരമായി അയാള്‍ ചൂടായി. ഓണ്‍ എയര്‍ അയാള്‍ ഉടക്കി ഇറങ്ങി. ഞാന്‍ എന്തോ പറഞ്ഞപ്പോള്‍ ഒരു പോയന്റിലെത്തി കഴിഞ്ഞപ്പോള്‍ അതിഭീകര അഗ്രസീവ് ആയി. എനിക്കന്ന് വാജ്പേയിയൊക്കെയായി അടുത്ത ബന്ധമുള്ള കാലമാണ്. എന്നെ സംബന്ധിച്ച് ജൂനിയറായ അയാള്‍ ഒറ്റയടിക്ക് ഇത്രയും ചൂടാകുമെന്നും ഒരു ചര്‍ച്ചയില്‍ മറ്റുള്ളവരെ ഭയപ്പെടുത്താന്‍ പാകത്തിന് വെല്ലുവിളിക്കുമെന്നോ കരുതിയില്ല. അങ്ങേര്‍ ഒച്ചവച്ച് ചര്‍ച്ചയില്‍ നിന്നിറങ്ങിപ്പോയി. ഭീതിപ്പെടുത്തുന്ന തരത്തില്‍ പെരുമാറാന്‍ അയാള്‍ക്ക് അക്കാലത്തേ പറ്റുമായിരുന്നു.

പിന്നീട് മൂന്നുതവണ അയാളുമായി കണ്ടിട്ടുണ്ട്. അവസാനം സമയം ചോദിച്ചത് 2013-ല്‍ ആണ്. അതിനൊരു പശ്ചാത്തലമുണ്ട്. കച്ച് പ്രദേശത്ത് 1962-ലെ യുദ്ധത്തിനുശേഷം ആരും കൃഷിചെയ്യാന്‍ തയ്യാറല്ലായിരുന്നു. അവിടെ കൃഷി നടത്തേണ്ടതാണെന്ന് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് തോന്നലുണ്ടായിരുന്നു. ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന കാലമാണ്. അവിടെ കൃഷി ചെയ്യാന്‍ ധൈര്യപ്പെട്ട സിക്ക് വംശജരെ അങ്ങോട്ട് ക്ഷണിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഗുജറാത്ത് സര്‍ക്കാര്‍ ഒരു ലക്ഷം ഏക്കര്‍ സ്ഥലം അവര്‍ക്ക് വേണ്ടി നീക്കിവച്ചു. അവര്‍ പഞ്ചാബില്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഇരട്ടി സ്ഥലം കച്ചില്‍ നല്‍കുമെന്ന് പറഞ്ഞാണ് കര്‍ഷകരെ കൊണ്ടുവന്നത്. അവര്‍ കൃഷിചെയ്ത് ഗുജറാത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവനകള്‍ ചെയ്തു. അങ്ങനെ കൊണ്ടുവന്ന കര്‍ഷകരെയാണ് ഗൌതം അദാനിക്കുവേണ്ടി നരേന്ദ്രമോഡി ഒഴിപ്പിച്ചത്. ഗുജറാത്തില്‍ ഗുജറാത്തികളല്ലാത്ത ആളുകള്‍ക്ക് കൃഷി ചെയ്യാന്‍ പാടില്ല എന്ന വാദത്തിന്റെ പുറത്താണ് ഇത് നടത്തുന്നത്. അതേക്കുറിച്ച് സ്റ്റോറി ചെയ്യുന്നതിന്റെ ഭാഗമായി സംസാരിക്കാന്‍ ഞാന്‍ സമയം ചോദിച്ചു. ഒരു ഇ-മെയില്‍ അയക്കാന്‍ പറഞ്ഞു. ഇ-മെയില്‍ അയച്ചു. ഞാന്‍ അഹമ്മദാബാദില്‍ പോയി ഈ അപേക്ഷ ഒക്കെ സമര്‍പ്പിച്ചാണ് കച്ചിലേക്ക് പോകുന്നത്. ഓവര്‍നൈറ്റ് ട്രെയിനാണ്.

അവടെ പോയി തിരിച്ച് ട്രെയിനില്‍ അഹമ്മദാബാദിലേക്ക് പോകുമ്പോഴാണ് എനിക്കൊരു കോള്‍ വരുന്നത്. സിഎമ്മിന്റെ ഓഫീസില്‍നിന്ന് വിളിക്കുകയാണ്. അവര്‍ പറയുന്നത് എന്താന്ന് വച്ചാല്‍ മൂന്ന് കാര്യങ്ങള്‍ ചോദിക്കാന്‍ പാടില്ല, എങ്കില്‍ സിഎം വില്‍ മീറ്റ് യൂ. ഞാന്‍ പറഞ്ഞു, യെസ്, പ്ളീസ് ടെല്‍ മീ വാട്ട് ആര്‍ ദ ത്രീ പോയിന്റ്സ് എന്ന്. അവര്‍ പറഞ്ഞതിങ്ങനെയാണ്. 1. 2002ലെ സംഭവവികാസങ്ങളെക്കുറിച്ച്, എന്നുവച്ചാ വംശഹത്യയെക്കുറിച്ച് ഒന്നും ചോദിക്കാന്‍ പാടില്ല. 2. അക്കാലത്ത് ഒരു ചെറിയ പെണ്‍കുട്ടിയെ നരേന്ദ്രമോഡിയുടെ നിര്‍ദേശപ്രകാരം അവിടത്തെ പൊലീസ് മുഴുവന്‍ സമയവും നിരീക്ഷണത്തില്‍ വച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നു, സ്നൂപ്പിങ് കേസ് എന്നറിയപ്പെട്ട വിവാദം. അതേക്കുറിച്ച് ഒന്നും ചോദിക്കാന്‍ പാടില്ല. 3. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ചോദിക്കില്ല. ബാക്കി രണ്ടു കാര്യങ്ങളും എന്റെ അടിയന്തര പരിഗണനയിലുള്ള വിഷയങ്ങളല്ല, പക്ഷേ, സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചൂടെങ്കില്‍ ഞാന്‍ എന്തിനാണ് മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോ അവിടെനിന്ന് പറയുകയാണ്- "സിഎം നോര്‍മലി ഡോണ്ട് മീറ്റ് ജേര്‍ണലിസ്റ്റ്സ്. ബട്ട് സിഎം വില്‍ മീറ്റ് യൂ. സിഎം വില്‍ ഗിവ് യൂ ലോട്സ് ഓഫ് ഇന്‍പുട്സ് ഓണ്‍ വേരിയസ് തിങ്സ്. എബൌട്ട് രാഹുല്‍ഗാന്ധി, ആന്‍ഡ് സീ. സാധാരണഗതിയില്‍ ജേര്‍ണലിസ്റ്റുകളുമായി സംസാരിക്കാത്ത സിഎം നിങ്ങളെ കാണാന്‍ തയ്യാറാകുന്നുവെന്നത് തന്നെ വലിയ കാര്യമല്ലേ?'' ഒരു സീനിയര്‍ ഐഎഎസ് ഓഫീസറാണിത് പറയുന്നത്. ഞാന്‍ പറഞ്ഞു: "സുഹൃത്തേ, ആദ്യമായിട്ടാണ് ഒരു സിഎം എന്നോട് അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കാന്‍ പറ്റില്ല, പക്ഷേ കുറേ നേരം ഇന്റര്‍വ്യൂ തരാം. പറയുന്നതിലൊന്നും ഓണ്‍റിക്കോര്‍ഡായി പറ്റില്ല എന്ന് പറയുന്നത്. അത് എന്റെ ജേര്‍ണലിസ്റ്റിക് കരിയറിനെ ഭീകരമായി അപമാനിക്കലാണ്. ഈ ഇന്റര്‍വ്യൂ ഇല്ലാതിരിക്കലാണ് എന്നെ സംബന്ധിച്ച് ഉചിതം. 2002 വംശഹത്യയെക്കുറിച്ചോ സ്നൂപ്പിങ്ങിനെക്കുറിച്ചോ ചോദിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അതല്ല എന്റെ ഇന്റര്‍വ്യൂവിന്റെ ലക്ഷ്യം. പക്ഷേ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോട് എനിക്കൊന്നും ചോദിക്കാനില്ല'' എന്ന്. അവസാന കമ്യൂണിക്കേഷന്‍ അതായിരുന്നു.

? അതിനുശേഷം നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. വലതുപക്ഷ-തീവ്രഹിന്ദു രാഷ്ട്രീയം ഇന്ത്യയില്‍ കൂടുതല്‍ പിടിമുറുക്കി. മനുഷ്യര്‍ വംശീയമായി ഇത്രയേറെ വിഭജിച്ചു നില്‍ക്കുന്ന ഒരു കാലമുണ്ടായിട്ടില്ലെന്ന് തോന്നുന്നു. എങ്ങനെയാണ് വലത് രാഷ്ട്രീയം ഇത്ര മേല്‍ക്കൈ നേടിയത്? അത് തുടരുമോ?

=
മൂന്ന് തരത്തില്‍ മോഡിക്ക് അനുസൃതമായി ഇക്കാല രാഷ്ട്രീയം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്ന് ആര്‍എസ്എസ് മോഡിയെ ഉപയോഗിച്ച രീതിയാണ്. ഇത് മുപ്പതുകള്‍ മുതല്‍ ആര്‍എസ്എസ് ഇന്ത്യയില്‍ പരീക്ഷിച്ചുവരുന്ന പരിപാടിയാണ്. പരിപൂര്‍ണ സവര്‍ണ ഹൈന്ദവാധികാരത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോവുക എന്ന ലക്ഷ്യംവച്ചുള്ള പദ്ധതികള്‍. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ കാം ജാരി ഹേ- പണിതുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഓരോ സമയത്തും ഓരോ നേതാക്കളെ മാറിമാറി സമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണിത്. ദേശത്തിനും ജനതയ്ക്ക് മുന്നിലും ഇത്തരം വ്യക്തിത്വങ്ങളെ ആശയ പ്രതീകങ്ങളെന്ന മട്ടിലാണ് അവതരിപ്പിച്ച് പോന്നത്. ദീന്‍ ദയാല്‍ ഉപാധ്യായ മുതല്‍ ശ്യാമപ്രസാദ് മുഖര്‍ജി വരെയും ബല്‍രാജ് മധോക്ക് മുതല്‍ അടല്‍ ബിഹാരി വാജ്പേയി വരെയും ലാല്‍കൃഷ്ണ അദ്വാനി മുതല്‍ നരേന്ദ്രമോഡി വരെയും ഇത്തരത്തില്‍ നേതൃത്വ നിരയിലെ വ്യത്യസ്തമുഖങ്ങളായി ആര്‍എസ് എസ് അവതരിപ്പിച്ചു. ഈ രാഷ്ട്രീയ നിരയിലെ ഏറ്റവും ഒടുവിലത്തേത് യോഗി ആദിത്യനാഥ് എന്ന കാഷായക്കാരനാണ്. ഇവരെല്ലാം വ്യത്യസ്തവും നവീനവുമായ ഒരു പ്രത്യയശാസ്ത്ര സൂക്ഷ്മാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നവരാണെന്ന പ്രചാരണമാണ് ആര്‍എസ്എസ് ഫലപ്രദമായി നടത്തിപ്പോന്നത്.

ദീന്‍ ദയാല്‍ ഉപാധ്യയും ശ്യാമപ്രസാദ് മുഖര്‍ജിയും സമ്പൂര്‍ണ മനുഷ്യത്വവാദം എന്ന മുദ്രവാക്യം മുന്നോട്ടുവച്ചു. എഴുപതുകളുടെ മധ്യത്തില്‍ അടിയന്തരാവസ്ഥ വന്നു. ജനാധിപത്യ ധ്വംസനത്തിന്റെ ആഴങ്ങളിലേക്ക് ഇന്ത്യ നിലംപതിച്ചു. അപ്പോള്‍ ബല്‍രാജ് മധോക് മുതല്‍, ലാല്‍ കൃഷ്ണ അദ്വാനിയും അടല്‍ ബിഹാരി വാജ്പേയിയും വരെയുള്ളവര്‍ ജനാധിപത്യത്തിന്റെ രക്ഷകരും അതിനായുള്ള ചെറുത്തുനില്‍പ്പിന്റെ പോരാളികളുമായി സ്വയം അവതരിപ്പിച്ചു. അതിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട ജനതാ പാര്‍ടിയില്‍ ലയിച്ചുകൊണ്ട് ആദ്യമായി ഭരണത്തില്‍ പങ്കാളികളുമായി. എണ്‍പതുകളുടെ മധ്യവര്‍ഷങ്ങള്‍ മുതല്‍ ബിജെപിയുടെ മാര്‍ഗം. ലാല്‍ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലായിരുന്നു ഈ മുന്നേറ്റം. ബാബ്റി മസ്ജിദിന്റെ ധ്വംസനം വരെയെത്തിയ ഈ പദ്ധതിയില്‍ ഏകീകൃത ഹിന്ദു രാഷ്ട്രീയ സാമൂഹിക സ്വത്വം പൂര്‍ണമായി സ്ഥാപിക്കുന്നതില്‍ വിജയിച്ചില്ല എന്ന് 1993ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് വ്യക്തമായി. അപ്പോള്‍ വ്യക്തിത്വത്തില്‍ അധിഷ്ഠിതമായ മറ്റൊരു സംഘപരിവാര്‍ സൂക്ഷ്മാംശം കൂടി പുറത്തിറങ്ങി.  വാജ്പേയ് എന്ന സ്വപ്രഖ്യാപിത മിതവാദമുഖം. 21-ാം നൂറ്റാണ്ടായപ്പോഴേക്കും പുതിയ പദ്ധതിയുമായി ആര്‍എസ്എസ് വന്നു. തീവ്രഹിന്ദുത്വം, ന്യൂനപക്ഷവേട്ട, വികസനത്തെക്കുറിച്ചുള്ള നവീന നിയോ ലിബറല്‍ സങ്കല്‍പ്പങ്ങളുടെ പ്രചാരണം. ഈ രാഷ്ട്രീയമിശ്രിതത്തിന്റെ പ്രഖ്യാപിത പരീക്ഷണശാല തന്നെ ഗുജറാത്തായിരുന്നു. ഈ ചേരുവയുടെ മൂര്‍ത്തിമത്ഭാവമായി നരേന്ദ്ര മോഡി അവരോധിക്കപ്പെടുകയുംചെയ്തു. ഇത്തരത്തില്‍ ആര്‍എസ്എസ് അവരുടെ കാലാനുസൃതമായ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച മോഡി രണ്ട് കാര്യങ്ങളില്‍ കൂടി മുന്നോട്ടുപോയി. കോര്‍പറേറ്റുകളെ ഉപയോഗിക്കുന്നതാണ് ഒന്ന്. ആര്‍എസ്എസ് താല്‍പ്പര്യങ്ങള്‍ക്കനുസൃതമായിട്ട് തന്നെയായിരുന്നു കോര്‍പറേറ്റുകളെ പാര്‍ടിക്കുവേണ്ടി ഉപയോഗിക്കുകയും അവര്‍ക്ക് പ്രത്യുപകാരങ്ങള്‍ നല്‍കുകയും ചെയ്തത്. മറ്റൊരു കാര്യം ബിജെപിക്കകത്ത് ആര്‍എസ്എസിന് അപ്പുറത്ത് ഒരു അധികാരകേന്ദ്രമായി മാറാന്‍ മോഡിക്ക് പറ്റി എന്നുള്ളതാണ്.

ഇതെല്ലാം ഇങ്ങനെയാണെങ്കിലും മുപ്പതുകള്‍ മുതല്‍ ആര്‍എസ്എസ് ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന തീവ്ര ഹിന്ദുത്വ അജന്‍ഡക്ക് ഏതു തരത്തിലാണോ തിരിച്ചടികള്‍ നേരിട്ടത്, അത്തരത്തില്‍ മോഡിയെ മുന്‍നിര്‍ത്തി ആര്‍എസ്എസ് നടത്തുന്ന ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിടുകയാണ്. രണ്ടിനും കാരണം ഒന്നുതന്നെയാണ്.  എത്ര രൂഢമൂലമായി വര്‍ഗീയതയൊക്കെയുണ്ടെങ്കിലും, ഇന്ത്യയില്‍ ഒരു ലാര്‍ജര്‍ മതേതര ധാര്‍മികമൂല്യം പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ അടിത്തറ ഇപ്പോഴും ബാക്കിനില്‍ക്കുന്നുണ്ട്. അത് ചെറുത്തുനില്‍പ്പുകളായും ജനാധിപത്യത്തിന്റെ ഫലങ്ങളായും മാറും. കൈറാന ഉപതെരഞ്ഞെടുപ്പുകള്‍ അടക്കം നമ്മോട് പറയുന്നത് അതാണ്. രോഹിത് വെമുലയുടെ കൊലപാതകശേഷം ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ജനകീയ മുന്നേറ്റങ്ങള്‍, ദളിത് പ്രക്ഷോഭങ്ങള്‍, കാര്‍ഷിക പ്രക്ഷോഭങ്ങള്‍ എന്നിവയൊക്കെ ഇത്തരം ചെറുത്തുനില്‍പ്പിന്റെ സൂചനയാണ് നല്‍കുന്നത്. ജിഗ്നേഷ് മേവാനിയെപ്പോലൊരു ദളിത് നേതാവിന്റെ- ചെറുപ്പക്കാരന്റെ- രാഷ്ട്രീയപരമായ പ്രസക്തി ഈ കാലഘട്ടം പറയുന്നുണ്ട്. ഭാവിയില്‍ പ്രധാനമന്ത്രിയായി മാറാന്‍ യോഗ്യതയുള്ള ഒരാളായാണ് ഞാന്‍ ജിഗ്നേഷ് മേവാനിയെ കാണുന്നത്.
വെങ്കിടേഷിന്റെ (വലത്) ദേശാഭിമാനിക്കാലം: വി വി ദക്ഷിണാമൂര്‍ത്തി, ടി പി ദാസന്‍, ഇ എംഎസ് തുടങ്ങിയവര്‍ക്കൊപ്പം കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസില്‍. ഫോട്ടോ: പുനലൂര്‍ രാജന്‍

വെങ്കിടേഷിന്റെ (വലത്) ദേശാഭിമാനിക്കാലം: വി വി ദക്ഷിണാമൂര്‍ത്തി, ടി പി ദാസന്‍, ഇ എംഎസ് തുടങ്ങിയവര്‍ക്കൊപ്പം കോഴിക്കോട്ടെ ദേശാഭിമാനി ഓഫീസില്‍. ഫോട്ടോ: പുനലൂര്‍ രാജന്‍


? അവസാനമായി ഒന്നുകൂടി ചോദിച്ചോട്ടെ, വെങ്കിടേഷ് ഡല്‍ഹിയില്‍ എത്തിപ്പെടുന്ന കാലം വലിയ മലയാളി ജേര്‍ണലിസ്റ്റുകള്‍ ഉണ്ടായിരുന്ന കാലമാണ്. പലതരത്തിലുള്ള വ്യക്തിമുദ്ര പതിപ്പിച്ച ആളുകള്‍. അവര്‍ക്കിടയില്‍ സ്വയം എങ്ങനെയാണ് വെങ്കിടേഷ് തന്നെ തന്നെ അടയാളപ്പെടുത്തുന്നത്.

=
ഏതാണ്ട് എഴുപതുകളുടെ അവസാനം തന്നെ, അടിയന്തരാവസ്ഥയൊക്കെ കഴിയുന്ന കാലമാകുമ്പോഴേക്ക് ഡല്‍ഹിയില്‍ മലയാളം ജേര്‍ണലിസത്തെ ബഹുമാനിക്കുന്ന ഒരു സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. ഷേണായ് സാറും കെ ഗോപാലകൃഷ്ണനുമുണ്ടായിരുന്ന മലയാള മനോരമ, വി കെ മാധവന്‍കുട്ടിയുടെ മാതൃഭൂമി, നരേന്ദ്രന്‍ എന്ന നായര്‍ സാറിന്റെ കേരളകൌമുദി, നരിക്കുട്ടി മോഹനനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും ഊര്‍ജസ്വലത പകര്‍ന്ന ദേശാഭിമാനി.. ഇവയെല്ലാം മറ്റു ഭാഷാപത്രങ്ങളെ പിന്നിലാക്കി. നരിക്കുട്ടി മോഹനന്റെ പ്രതാപകാലത്ത് ഞാന്‍ ഡല്‍ഹിയിലില്ല. അദ്ദേഹം ഡല്‍ഹിയില്‍നിന്ന് നിഷ്കാസിതനായശേഷമാണ് ഞാന്‍ ഇവിടെയെത്തിയത്. പക്ഷേ അദ്ദേഹത്തിന്റെ പ്രതാപത്തിന്റെ അലയൊലികള്‍ അപ്പോള്‍ ദേശാഭിമാനി ഓഫീസിലുണ്ടായിരുന്നു.

ഷേണായ് സാറിന്റെ വ്യക്തിപരമായ ഈ ഇടപഴകലുകള്‍പോലും  കാലഘട്ടത്തിന്റെ  സവിശേഷ ചിഹ്നങ്ങള്‍ പേറുന്നവയായിരുന്നുവെന്ന് ഞാന്‍ പറയും. പ്രൊഫഷണലായ അര്‍ഥത്തിലാണ്. ഭരണത്തിന്റെ അകത്തളങ്ങളില്‍ ഏറ്റവും ഒഴിഞ്ഞ കോണുകളില്‍പോലും സാന്നിധ്യവും സ്വാധീനവും അറിയിച്ചയാളാണ് വി കെ മാധവന്‍കുട്ടി. വാര്‍ത്തകളും വിശകലനങ്ങളും പുരോഗമന  ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരിഗണനാ വിഷയങ്ങളോടെ അവതരിപ്പിച്ചു ശ്രദ്ധപിടിച്ചിരുന്നു അപ്പുക്കുട്ടനും പ്രഭാവര്‍മയും. ഞാന്‍ കണ്ട നായര്‍സാറിന്റെ ജേര്‍ണലിസം അത്ഭുതകരമായിരുന്നു. അദ്ദേഹം ഓഫീസില്‍നിന്ന് പുറത്തിറങ്ങില്ല. രാവിലെ എട്ടുമണിക്ക് ഓഫീസിലെത്തും. രാത്രി ഏഴരയ്ക്കാണ് ഇറങ്ങുക. അതിനിടയില്‍ ഓഫീസില്‍ ഒരു നൂറുപേര്‍ വരും. അങ്ങനെയും ജേര്‍ണലിസം പോസിബ്ള്‍ ആണ്. അത് ഒരു ജേര്‍ണലിസ്റ്റിന്റെ പവര്‍ ആണ്. വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തും.

ഞാന്‍ നേരെ തിരിച്ചായിരുന്നു. വാര്‍ത്ത തേടി പോകുന്ന ആളായിരുന്നു. ലഗ്വര്‍ക്ക് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കാണുന്നു. ഡല്‍ഹിയില്‍ പോയിട്ടുള്ള മിക്കവാറും എല്ലാ മലയാളി ജേര്‍ണലിസ്റ്റുകളേക്കാള്‍ ലെഗ് വര്‍ക്ക്- അതിന് ഭൂമിശാസ്ത്രപരമായും ദൂരപരമായും വൈവിധ്യപരമായും എല്ലാമാണ് പറയുന്നത്- ഞാന്‍ നടത്തിയിട്ടുണ്ട്. അവിഭജിത ഉത്തര്‍പ്രദേശിലും ബിഹാറിലും എല്ലാ ജില്ലകളിലും ഞാന്‍ പോയിട്ടുണ്ട്. ഗുജറാത്ത് മുതല്‍ കൊല്‍ക്കത്തവരെ നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നു. ഒരുപക്ഷേ വാര്‍ത്തകള്‍ തേടി അതിന്റെ പ്രഭവസ്ഥാനത്തേക്ക് യാത്ര ചെയ്യുക എന്നൊരു രീതി വളരെ സജീവമായി-ഇപ്പോഴത് പലരും ചെയ്യുന്നുണ്ട്-ഡല്‍ഹിയിലെ മലയാളി പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ ആരംഭിച്ചത്, അതിന് നാന്ദികുറിച്ചത് ഞാനാണ് എന്നെനിക്ക് തോന്നാറുണ്ട്. എന്നെ ഞാനങ്ങനെ അടയാളപ്പെടുത്തും.

(ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയില്‍ നിന്ന് )
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top