20 October Tuesday

പുസ്‌തകപ്രേമി - എം എ ബേബി എഴുതുന്നു

എം എ ബേബിUpdated: Wednesday Sep 2, 2020


പുസ്തകങ്ങളോട് പ്രണബ് ദായുടെ പ്രണയം രഹസ്യമല്ല. പെരി ആൻഡേഴ്സൺ രചിച്ച ‘ഇന്ത്യൻ ഐഡിയോളജി' ഇ എം എസിന്റെ ‘മഹാത്മ ആൻഡ് ദി ഇസം' എന്നീ പുസ്തകങ്ങളുമായാണ് രാഷ്ട്രപതിഭവനിൽ അദ്ദേഹത്തെ കാണാൻചെന്നത്. ഇഷ്ടവിഭവം കിട്ടിയ ഭക്ഷണപ്രിയനെപ്പോലെയായി പുസ്തകം കൈയിലെത്തിയ പ്രണബ് ദാ. ഉടനെ വായന തുടങ്ങി. തന്നെക്കാണാൻ വന്നവർ കൊണ്ടുവന്ന പുസ്തകം ഒന്നുമറിച്ചുനോക്കുകയല്ലാതെ അപ്പോൾത്തന്നെ മുഴുകി വായിക്കാൻ തുടങ്ങുന്നത് സാമാന്യമര്യാദയല്ല എന്ന്‌ അറിയാഞ്ഞിട്ടല്ല, പുസ്തകങ്ങൾ അദ്ദേഹത്തിന്റെ നിയന്ത്രണങ്ങൾ പൊട്ടിച്ചുകളയും. അല്പനേരത്തിനുള്ളിൽ ക്ഷമിക്കണമെന്നുപറഞ്ഞ് അദ്ദേഹം ഞങ്ങളുമായുള്ള സംഭാഷണത്തിലേക്ക് തിരിച്ചുവന്നു.

‘നാഷണൽ ആർട്ടിസ്റ്റ്' എന്ന അംഗീകാരത്തിന് അർഹരായ അതുല്യ സംഗീതജ്ഞരുടെ പട്ടിക തയ്യാറാക്കപ്പെട്ടിട്ടും അത് സമർപ്പിക്കുന്നത്‌ നീണ്ടുപോകുന്ന കാര്യവും സംഭാഷണത്തിൽ കടന്നുവന്നു. നർത്തകിയായ മകൾക്ക് കേരളം വളരെ ഇഷ്ടപ്പെട്ട സംസ്ഥാനമാണ്. തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവനിൽ ശർമ്മിഷ്‌ഠ മുഖർജിയുടെ നൃത്തപരിപാടി വളരെ വിജയകരമായി നടന്നിട്ടുണ്ട്.

വിഷയങ്ങൾ ആഴത്തിൽ പഠിക്കുകയും ഏതു പ്രധാന കാര്യവും വേണ്ടസമയത്ത് കൃത്യമായി ഓർമിക്കുകയും ചെയ്യുന്ന പ്രണബ് ദായുടെ സവിശേഷത ഏറെ പ്രസിദ്ധമാണ്‌. മതേതര നിലപാടിലുറച്ചുനിന്ന്‌ കോൺഗ്രസിന്റെ നെഹ്റുവിയൻ സമീപനങ്ങളിലെ ചില നല്ലവശങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രണബ് ദാ ശ്രമിക്കാതിരുന്നിട്ടില്ല. എന്നാൽ, അതിന്‌ നേർവിപരീത ദിശയിലുള്ള ഇന്ത്യാ - യുഎസ്‌ സിവിലിയൻ ആണവക്കരാറിന്റെ ചരിത്രത്തിൽ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ മുഖ്യസഹായി എന്ന നിലയിലും അദ്ദേഹം പരാമർശിക്കപ്പെടുമെന്ന പ്രശ്നമുണ്ട്.

പേറ്റന്റ് നിയമഭേദഗതി വ്യാപകമായി ചർച്ച ചെയ്യപ്പട്ടത് ‘ഡങ്കൽഡ്രാഫ്റ്റി'ന്റെ നാളുകളിലായിരുന്നു. അന്ന് അതിനെതിരെ എംപിമാരുടെ ഒപ്പുശേഖരണവും മറ്റും നടത്തുന്നതിനിടയിൽ രാജ്യസഭ ഇതോടുബന്ധപ്പെട്ട ഒരു സ്വകാര്യബില്ല് ചർച്ചചെയ്യുകയുണ്ടായി. അന്താരാഷ്ട്ര കരാറുകൾ ഒപ്പുവയ്‌ക്കപ്പെട്ടാലും അത് ഇന്ത്യയിൽ പ്രാബല്യത്തിൽ വരണമെങ്കിൽ പാർലമെന്റ് ചർച്ചചെയ്ത് അംഗീകാരം നൽകണമെന്ന്‌ വ്യവസ്ഥ ചെയ്യുന്നതായിരുന്നു ഞാനവതരിപ്പിച്ച സ്വകാര്യ ഭരണഘടനാഭേദഗതി. പ്രണബ് ദാ അതിന്റെ ചർച്ചയിൽ പങ്കെടുത്തു പറഞ്ഞ അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതായിരുന്നു.

ഒന്നാം മോഡിസർക്കാരിന്റെകാലത്ത് ആപൽക്കരമാംവിധം ആൾക്കൂട്ടക്കൊലപാതകങ്ങൾ ഉത്തരേന്ത്യയെ പിടിച്ചുലച്ചപ്പോൾ രാഷ്ട്രപതിയെന്ന നിലയിൽത്തന്നെ അദ്ദേഹം പരസ്യനിലപാടെടുത്തത് പ്രസിദ്ധം. ഇന്ത്യ എല്ലാവരുടേതുമാണെന്ന പ്രസ്താവന ആ സാഹചര്യത്തിൽ വളരെവളരെ ശക്തമായിരുന്നു .

രാജ്യസഭാംഗങ്ങളായിരിക്കുമ്പോൾ ശക്തമായ വിയോജിപ്പ് പരസ്‌പരം പ്രകടിപ്പിച്ചിട്ടുണ്ട്. ജനാധിപത്യമര്യാദ പൂർണമായി കാത്തുസൂക്ഷിച്ചുകൊണ്ടുമാത്രം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ അദ്ദേഹം അസാധാരണ മാതൃകയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖവും അനുശോചനവും അറിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top