21 February Friday

കരുത്ത‌ുതെളിയിച്ച‌് ആരോഗ്യകേരളം

ഫാ. ഡോ. ഫ്രാൻസിസ്‌ ആലപ്പാട്ട്‌Updated: Friday Aug 2, 2019


ആരോഗ്യപ്രവർത്തനങ്ങളിൽ മികവ‌് തെളിയിച്ച‌് കേരളം രാജ്യത്ത്‌ ഒന്നാം സ്ഥാനത്തെത്തി. കർശനമായി പരിശോധിക്കപ്പെട്ട മാനദണ്ഡങ്ങളുടെ വെളിച്ചത്തിൽ നിതി ആയോഗ‌ിന്റെ ആരോഗ്യസൂചികയിലൂടെ വെളിപ്പെട്ടതാണ‌് കേരളം പിടിച്ചെടുത്ത ഈ സമുന്നതസ്ഥാനം. വലുത‌്, ചെറുത‌് എന്നിങ്ങനെ സംസ്ഥാനങ്ങളെ തരംതിരിച്ചാണ‌് പഠനം നടത്തിയത‌്. സംസ്ഥാനങ്ങളുടെ വിസ‌്തീർണം, ജനസംഖ്യ, ആരോഗ്യ രക്ഷാസംവിധാനങ്ങൾ, ഡോക്ടർ–-രോഗി അനുപാതം, ജനന–-മരണനിരക്കുകൾ എന്നീ മാനദണ്ഡങ്ങളാണ‌് കർശനമായി നിരീക്ഷണപഠനങ്ങൾക്ക‌് വിധേയമാക്കിയത‌്. രാഷ്ട്രീയ–-സാമൂഹ്യ–-ആത്മീയ മേഖലകളിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനവും നേടാനാഗ്രഹിക്കുന്ന ഈ സമുന്നതസ്ഥാനം ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന സംശയം ഉദിച്ചതുകൊണ്ടാണ‌് ഈ കുറിപ്പ‌്.

കേരളം പട്ടികയിൽ ഒന്നാംസ്ഥാനത്തും ഉത്തർപ്രദേശ‌്  അവസാനസ്ഥാനത്തും എ‌ത്തിനിൽക്കുന്നു. മൊത്തം 21 വലിയ സംസ്ഥാനത്തിന്റെ ആരോഗ്യഘടകങ്ങൾ വിശദമായ പരിശോധനയ‌്ക്ക‌് വിധേയമാക്കി, ദേശീയ–-അന്തർദേശീയ മാനങ്ങളുമായി താരതമ്യം ചെയ‌്തശേഷമാണ‌് കേരളത്തെ ഇന്ത്യയിലെ ആരോഗ്യരംഗത്തെ മോഡലായി പ്രഖ്യാപിച്ചത‌്. മുറ്റത്തെ മുല്ലയ‌്ക്ക‌് മണമില്ലെന്ന പഴമൊഴി ഇന്നും പ്രസക്തമാകയാൽ കേരളം കൈവരിച്ച വലിയ നേട്ടങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഗവൺമെന്റിന്റെ കരുതലും ആരോഗ്യവകുപ്പ‌് ഓരോ കാലങ്ങളിൽ ചെയ‌്തുവരുന്ന ശുചീകരണം, മരുന്നുകളുടെ സ‌്റ്റോക്ക‌് വർധിപ്പിക്കൽ, ജനപങ്കാളിത്തത്തോടെയുള്ള ബോധവൽക്കരണം എന്നിവയാണ‌് ഈ നേട്ടത്തിന‌ു കാരണം. ആരോഗ്യസംബന്ധമായ ചില നിർണായക സൂചികകൾ ഈ നേട്ടത്തിന‌് തെളിവായ സാക്ഷ്യംനൽകുന്നു.

ലോകാരോഗ്യസംഘടനയുടെ നിർവചനം അനുസരിച്ച‌് ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, ശാരീരികവും മാനസികവും സാമൂഹ്യവുമായ സുസ്ഥിതിയാണ‌്. ആരോഗ്യപരമായി കേരളത്തെ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമായി തെരഞ്ഞെടുത്ത മാനദണ്ഡങ്ങളിൽ ഈ നിർവചനത്തിന്റെ ഘടകങ്ങളും  ഉൾപ്പെടുന്നുണ്ട‌്. അതുകൊണ്ടുതന്നെ കേരളീയർ ഉയർന്ന സുസ്ഥിതി അനുഭവിക്കുന്നുവെന്ന‌് വ്യക്തം. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുംമുതൽ കേരളീയരായ ഓരോരുത്തർക്കും ഈ നേട്ടത്തിൽ തുല്യാവകാശമുണ്ട‌്.

ആയുർദൈർഘ്യം
കേരളത്തിൽ ഇപ്പോൾ സർക്കാർ–-സ്വാശ്രയ മേഖലകളിലായി 28 മെഡിക്കൽ കോളേജുണ്ട‌്. ഇതിനുപുറമെ ശ്രീചിത്തിരതിരുന്നാൾ മെഡിക്കൽ ഇൻസ‌്റ്റിറ്റ്യൂട്ട‌്, റീജ്യണൽ ക്യാൻസർ സെന്റർ എന്നിവ ലോകോത്തര മെഡിക്കൽ നിലവാരം പുലർത്തുന്നു. ചികിത്സയിൽ അവസാനവാക്കായ ‘മേയോ ക്ലിനിക്’ (അമേരിക്ക) നമ്മുടെ ആരോഗ്യനിലവാരത്തിൽനിന്ന‌് വളരെ അകലെയല്ല. ദേശീയ മെഡിക്കൽ ഇൻസ‌്റ്റിറ്റ്യൂട്ടുകളായി തിരുവനന്തപുരവും കോഴിക്കോടും ഉയർത്തപ്പെട്ടാൽ ദേശാന്തര മെഡിക്കൽ സ്ഥാപനങ്ങളുമായി  സഹകരണവും ഓൺലൈൻ ബന്ധവും സ്ഥാപിക്കാൻ കഴിയും.

കേരളത്തിന്റെ ആയുർദൈർഘ്യവും ശ്രദ്ധേയമാണ‌്. സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ആയുർദൈർഘ്യം  ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിലവാരത്തിലാണ‌്. മാതൃ–-ശിശുമരണനിരക്കുകൾ കേരളത്തിൽ എത്രയോ കുറവാണ‌്. ഉയർന്ന സ‌്ത്രീവിദ്യാഭ്യാസംതന്നെയാണ‌് മുഖ്യകാരണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, ഐസിഡിഎസ‌് എന്ന സമഗ്രശിശു ആരോഗ്യസംരക്ഷണപദ്ധതി എന്നിവ സഹായ ഘടകങ്ങളാണ‌്. പോഷകസമൃദ്ധമായ പ്രസവപൂർവ ഭക്ഷണവും ചികിത്സയും ഗർഭസ്ഥശിശുവിന്റെ തൂക്കവും വളർച്ചയും ആരോഗ്യമുള്ളതാക്കുന്നു.

ഡോക്ടർ–-രോഗി അനുപാതത്തിൽ കേരളത്തിലെ സ്ഥിതി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ മെച്ചപ്പെട്ടതാണെങ്കിലും ദേശീയതലത്തിൽ 5000 രോഗികൾക്ക‌് ഒരു ഡോക്ടർ മാത്രമേ ലഭ്യമായിട്ടുള്ളൂ (ലോകാരോഗ്യസംഘടന നിർദേശിക്കുന്നത‌് 500 പേർക്ക‌് ഒരു ഡോക്ടർ എന്നതാണ‌്). കേരളത്തിൽ പ്രതിവർഷം ആറായിരത്തോളം ഡോക്ടർമാർ ബിരുദമെടുത്ത‌് പുറത്തുവരുന്നുണ്ടെങ്കിലും  ഭൂരിപക്ഷംപേരും ബിരുദാനന്തര ബിരുദപ്രവേശനപരീക്ഷയ‌്ക്ക‌് ഒരുങ്ങാൻ പഠനത്തിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട‌് ഇവരുടെ സേവനം ലഭ്യമാകുന്നില്ല.

ബിരുദാനന്തരബിരുദം കഴിഞ്ഞാൽ കൂടുതൽ വേതനവും ആനുകൂല്യങ്ങളും ലഭിക്കുന്ന വിദേശരാജ്യങ്ങളിലേക്ക‌് യാത്രയാകുന്നു. ഗ്രാമീണസേവനം തുടങ്ങിയ ചില നിയമങ്ങളുണ്ടെങ്കിലും  പഴുതുകളിലൂടെ പലരും രക്ഷപ്പെടുന്നു. 10 വർഷമെങ്കിലും ഇവർ നാട്ടിൽ സേവനം ചെയ‌്തശേഷം മാത്രമേ അന്യരാജ്യങ്ങളിലേക്ക‌് പോകാൻ അനുവദിക്കാവൂ. സർക്കാരിന്റെ ഉത്തരവാദിത്തംപോലെ ഡോക്ടറുടെ സാമൂഹ്യ പ്രതിബദ്ധതയും ഇവിടെ ശ്രദ്ധേയമാണ‌്.

നിപായെ ഫലപ്രദമായി പ്രതിരോധിച്ചു
നിപാ രോഗത്തെ നമ്മൾ ഫലപ്രദമായി നേരിട്ടു. ആദ്യമായി നിപാ വന്നപ്പോൾ അതിനെ കൈകാര്യം ചെയ്യാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രകടിപ്പിച്ച നേതൃപാടവം ആരോഗ്യകേരളം ഒരിക്കലും വിസ‌്മരിക്കുകയില്ല. ഈ വിഷയം ആഴത്തിൽ പഠിച്ച‌് ആരോഗ്യവകുപ്പ‌് ഉദ്യോഗസ്ഥർക്ക‌് ധൈര്യസമേതം നിർദേശം നൽകിയത‌് രോഗചികിത്സയുടെ ചരിത്രത്തിൽ സുവർണലിപികളാൽ രേഖപ്പെടുത്തേണ്ടതാണ‌്. മന്ത്രിയോടൊപ്പം പ്രവർത്തിച്ച ആരോഗ്യരക്ഷാപ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.

കേരളം ഇപ്പോൾ നേരിടുന്നത‌് മാലിന്യമെന്ന മഹാരോഗത്തെയാണ‌്. സർക്കാരിനോട‌ു സഹകരിച്ച‌് പൊതുജനങ്ങൾ പരിഹരിക്കേണ്ട വിഷയമാണിത‌്. സർക്കാരിന്റെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ അടിയന്തരമായി നേരിടേണ്ട മറ്റൊരു പ്രതിസന്ധിയാണ‌് അർബുദരോഗികളുടെ എണ്ണത്തിലുള്ള വർധന.  കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ15,000 രോഗികളാണ‌് വർധിച്ചത‌്.  ഈ രോഗവും വലിയ പരിധിവരെ  നിയന്ത്രിക്കാൻ ബോധവൽക്കരണത്തിലൂടെ കഴിയും. ഇതിനെയെല്ലാം ഫലപ്രദമായി നേരിട്ട‌് മാതൃകയാകാൻ ആരോഗ്യരംഗത്ത‌് സർക്കാരിന‌ു ലഭിച്ച ഒന്നാം റാങ്ക‌് പ്രചോദനമാകട്ടെ.

( തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ‌് സ്ഥാപക ഡയറക്ടറാണ‌് ലേഖകൻ )


പ്രധാന വാർത്തകൾ
 Top