16 February Saturday

13-ാം പദ്ധതി: സമയമാണ് പ്രധാനം

മലപ്പട്ടം പ്രഭാകരന്‍Updated: Wednesday Aug 2, 2017

കേരളത്തിലെ ജനകീയാസൂത്രണപദ്ധതിക്ക് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം കടന്നുപോയത്. 2017-18 സാമ്പത്തികവര്‍ഷത്തെ ആദ്യ രണ്ടരമാസത്തിനകംതന്നെ ആസൂത്രണനടപടികളെല്ലാം പൂര്‍ത്തീകരിച്ച് മുഴുവന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പദ്ധതികള്‍ക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങി. മുന്‍ പദ്ധതികളില്‍നിന്നെല്ലാം വ്യത്യസ്തവും കാലോചിതവുമായ പരിഷ്കാരങ്ങളും 2030 വര്‍ഷത്തേക്കെങ്കിലുമുള്ള സമഗ്രവികസന പരിപ്രേക്ഷ്യം ഉള്‍ക്കൊള്ളുന്നതുമായ പദ്ധതികളാണിവ. 

ഒമ്പതാംപദ്ധതിക്കുശേഷം ഒരു തദ്ദേശസ്വയംഭരണസ്ഥാപനവും ദീര്‍ഘവികസന കാഴ്ചപ്പാടിലുള്ള വികസനരേഖ തയ്യാറാക്കിയിരുന്നില്ല. 13-ാംപദ്ധതി ഇത് ജനകീയപങ്കാളിത്തത്തോടെ സാധിച്ചെടുത്തു. പ്രസ്തുത വികസനരേഖയാകട്ടെ  സ്റ്റാറ്റസ് റിപ്പോര്‍ട്ട് (അടിസ്ഥാനവിവരങ്ങളും കണക്കുകളും) ശേഖരിച്ച് തയ്യാറാക്കിയതാണ്.

പതിമൂന്നാം പദ്ധതിയുടെ തുടക്കംതന്നെ വ്യക്തമായ മുന്നൊരുക്കങ്ങളോടെയായിരുന്നു. കഴിഞ്ഞ നാലു പദ്ധതിക്കാലത്തെ പ്രധാന പോരായ്മയിലൊന്ന് ആസൂത്രണത്തിന് ഏറെ സമയം എടുക്കുന്നുവെന്നതാണ്. അതായത,് പത്തുമാസംവരെ ആസൂത്രണത്തിനും കേവലം രണ്ടുമാസം നിര്‍വഹണത്തിനും എടുത്ത് ധൃതിപിടിച്ച് ഫണ്ടുകള്‍ ചെലവഴിക്കുന്ന സാഹചര്യം. ഇത് വികസന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യത്തെത്തന്നെ അട്ടിമറിച്ചു. ഇതില്‍ സമഗ്രമായ ഒരു പൊളിച്ചെഴുത്താണ് ഇപ്പോള്‍ നടത്തിയത്. ഓരോ സാമ്പത്തികവര്‍ഷവും അവസാനിക്കുമ്പോള്‍ത്തന്നെ അടുത്ത വര്‍ഷത്തെ പദ്ധതിക്ക് അംഗീകാരം വാങ്ങത്തക്കവിധം മുന്നൊരുക്കം നടത്തി തയ്യാറാക്കുക എന്നതാണിത്. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍വഹണത്തിലേക്ക് കടക്കണം.

ആസൂത്രണപ്രക്രിയയിലെ ജനപങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികളും ഇത്തവണത്തെ പ്രത്യേകതയാണ്. സംസ്ഥാനതല ആസൂത്രണ ബോര്‍ഡിനുസമാനമായി ജില്ല- ബ്ളോക്ക്- ഗ്രാമ പഞ്ചായത്തുകള്‍ക്കും ഓരോ ആസൂത്രണസമിതി രൂപീകരിച്ചു. ആസൂത്രണം, നിര്‍വഹണം, വിലയിരുത്തല്‍, ജനപങ്കാളിത്തം ഉറപ്പാക്കല്‍ എന്നിവയ്ക്കെല്ലാം ഭരണസമിതിയെ സഹായിക്കുകയെന്ന ഉത്തരവാദിത്തം ഈ സമിതികള്‍ക്കുണ്ട്. 

ഈവര്‍ഷംതന്നെ ഒട്ടേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഇത്തരം പദ്ധതികള്‍ സമര്‍പ്പിച്ചു. സബ്സിഡി മാനദണ്ഡങ്ങളിലുണ്ടാക്കിയ മാറ്റം സമൂഹത്തിന് ഏറെ പ്രയോജനപ്രദമാകും. കാര്‍ഷിക- തൊഴില്‍ സംരംഭകരെ ആകര്‍ഷിക്കുന്നവിധം ഇളവുകള്‍ നല്‍കിയതുവഴി ഒന്നാം വാര്‍ഷികപദ്ധതിയില്‍തന്നെ ഇതുമായി ബന്ധപ്പെടുന്ന കൂടുതല്‍ പദ്ധതികളുണ്ടായി.

മാര്‍ച്ച് അവസാനത്തോടെ ഫണ്ട് വിനിയോഗം നടത്തിയാല്‍ വികസനലക്ഷ്യം പൂര്‍ത്തിയായി”എന്ന നിലവിലുള്ള ധാരണ തിരുത്തേണ്ടതുണ്ട്. നിര്‍വഹണപ്രളയം”മാര്‍ച്ച് മാസം നടക്കുന്നത് നീതീകരിക്കാനാകില്ല. ഇത് ഒരുവര്‍ഷത്തെ നിര്‍വഹണ കലണ്ടറുകളിലൂടെ മുന്‍കൂട്ടി ചിട്ടപ്പെടുത്തി ഘട്ടംഘട്ടമായി നിര്‍വഹിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. പദ്ധതി എന്താണോ ലക്ഷ്യമിട്ട വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവ അതുപോലെതന്നെ ഫലാധിഷ്ഠിതമാക്കിയാല്‍മാത്രമേ നിര്‍വഹണത്തിന്റെ അന്തസ്സത്ത പൂര്‍ത്തീകരിക്കുന്നുള്ളൂ. ഓരോ മാസവും അതത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്കുകീഴില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്താണെന്നും അവയ്ക്ക് ആ മാസം ആവശ്യമായ ഫണ്ട് എത്രയെന്നും നിര്‍വഹണ കലണ്ടറുകളിലൂടെ ചിട്ടപ്പെടുത്തുകയാണ്.

ഫണ്ടിന്റെ തന്മാസ ആവശ്യം എത്രയെന്ന വ്യക്തതയില്ലായ്മകൊണ്ട് കാലംതെറ്റിയ ഫണ്ട് വിനിയോഗം പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ പ്രതികൂലമാക്കിയിട്ടുണ്ട്. കാര്‍ഷികമേഖലയിലെ കാലാവസ്ഥാനുസൃതമായി പദ്ധതി നടപ്പാക്കേണ്ട കാര്യത്തിലെ പിഴവ് പദ്ധതിയുടെ ഭൌതികലക്ഷ്യംതന്നെ ഇല്ലാതാക്കി. ഇതെല്ലാം പരിഹരിക്കാനാണ് ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും നിര്‍വഹണ കലണ്ടറിലൂടെ ചിട്ടപ്പെടുത്തി പദ്ധതിനിര്‍വഹണം നടത്തണമെന്ന് നിഷ്കര്‍ഷിക്കുന്നത്. നിര്‍മാണപ്രവൃത്തികളിലാണ് കൂടുതല്‍ താളപ്പിഴകള്‍. ഇത് ചിട്ടപ്പെടുത്തിയെടുത്താലേ പദ്ധതി ഫലാധിഷ്ഠിതമാക്കാനാകൂ. ഇതിന് പാര്‍ട്ട്ബില്‍ സമ്പ്രദായം കാര്യക്ഷമമാക്കാന്‍ നിര്‍ദേശിച്ചു. ടെന്‍ഡറുകള്‍ നല്‍കേണ്ട അവസാനതീയതി, നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കേണ്ട സമയം എന്നിവയെല്ലാം കലണ്ടറുകള്‍ വ്യക്തമാക്കുന്നുണ്ട്.

നിര്‍വഹണം മാത്രമല്ല, പദ്ധതി മോണിറ്ററിങ്ങിനും സംവിധാനമുണ്ട്. പദ്ധതി നിര്‍വഹിച്ചശേഷമുള്ള മോണിറ്ററിങ് എന്ന രീതി അശാസ്ത്രീയവും അപാകത നിറഞ്ഞതുമാണ്. ഇത് പരിഹരിക്കാനുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശം കില നല്‍കുന്നുണ്ട്. അതത് വര്‍ക്കിങ് ഗ്രൂപ്പുതന്നെയാണ് മോണിറ്ററിങ് സമിതി. നിര്‍വഹണ ഉദ്യോഗസ്ഥന്‍മാത്രം മാറുന്നു. മോണിറ്ററിങ് സമിതി നിര്‍വഹണ കലണ്ടറില്‍ നിര്‍ദേശിക്കുംവിധം ഓരോ സമയത്തും കൃത്യമായ ഗതിവിഗതികള്‍ നിരീക്ഷിക്കുകയും അതതവസരം പോരായ്മകള്‍ ചൂണ്ടിക്കാട്ടി തിരുത്തി മുന്നോട്ടുപോകാന്‍ സഹായിക്കുകയും ചെയ്യുകയാണ്. നിര്‍വഹണത്തില്‍ പ്രതിമാസലക്ഷ്യംതന്നെ കൈവരിച്ച് മുന്നോട്ടുപോകുകയാണ്. ഫണ്ട് വിനിയോഗത്തിനും വ്യക്തമായ ചട്ടവും മാര്‍ഗനിര്‍ദേശവുമുണ്ട്. ഓരോ മൂന്നുമാസത്തിനിടയിലും അടങ്കല്‍തുകയുടെ ചുരുങ്ങിയത് 25 ശതമാനമെങ്കിലും വിനിയോഗിക്കുക. ഫെബ്രുവരിയോടെ 70 ശതമാനം തുക വിനിയോഗിച്ചിരിക്കണം. മാര്‍ച്ചില്‍ 30 ശതമാനത്തില്‍ കൂടുതല്‍ തുക വിനിയോഗം അനുവദിക്കില്ല. മാര്‍ച്ച് 15നുശേഷമുള്ള ഫണ്ടാകട്ടെ 15 ശതമാനത്തില്‍ അധികരിക്കുകയുമരുത്

പ്രധാന വാർത്തകൾ
 Top