13 July Monday

വർണവെറിയുടെ ഇരുളിൽ - സോണി ജോൺ എഴുതുന്നു

സോണി ജോൺUpdated: Tuesday Jun 2, 2020

ആഫ്രിക്കൻ- അമേരിക്കൻ വംശജനായ ജോർജ്ഫ്ലോയ്ഡിന്റെ കൊലപാതകത്തോടെ പൊട്ടിപ്പുറപ്പെട്ട ലഹള സമാനതകളില്ലാത്ത രീതിയിൽ അമേരിക്കൻ ഐക്യനാടുകളിലാകെ പടർന്നുപിടിച്ചിരിക്കുന്നു. പൊലീസ്‌ സ്‌റ്റേഷനുകളും കച്ചവടസ്ഥാപനങ്ങളും പരക്കെ ആക്രമിക്കപ്പെട്ട ലഹളയിൽ നാല്പതോളം നഗരങ്ങൾ കർഫ്യൂവിലാണ്. ചരിത്രത്തിൽ ആദ്യമായി പ്രസിഡന്റ്‌ ആഭ്യന്തര ആക്രമണ ഭീഷണിയെത്തുടർന്ന് ഭൂമിക്കടിയിലെ സുരക്ഷിത അറയിൽ അഭയംതേടിയിരിക്കുന്നു.  കോവിഡ് പകർച്ചവ്യാധിമൂലം കഷ്ടതയനുഭവിക്കുന്ന ഐക്യനാടുകളിലെ ജനങ്ങൾക്കേറ്റ മറ്റൊരു പ്രഹരമാകുകയാണ്  ജോർജ്ഫ്ലോയിഡിന്റെ  കൊലപാതകവും തുടർന്ന് പൊട്ടിപ്പുറപ്പെട്ട ലഹളയും.  

മിനെസോട്ട സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ മിനിയാപൊളിസിൽ ജോർജ്ഫ്ലോയിഡ്‌ എന്ന നാൽപ്പത്താറുകാരനെ പൊലീസുകാരൻ കഴുത്തിൽ കാൽമുട്ടമർത്തി കൊല്ലുന്ന വീഡിയോ പോയ വാരം ഞെട്ടലോടെയാണ്‌   ലോകം വീക്ഷിച്ചത്. നരാധമനായ ആ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽ ഞെരിഞ്ഞമർന്ന് ശ്വാസംകിട്ടാതെ മരണത്തെ മുഖാമുഖം കാണുമ്പോൾ ഒരിറ്റു കാരുണ്യത്തിനായി കേഴുന്ന ജോർജ്ഫ്ലോയിഡിന്റെ ദയനീയ സ്വരം ലോക മനഃസാക്ഷിയെ ഒട്ടേറെക്കാലം വേട്ടയാടും. കറുത്ത വംശജർക്കെതിരെയുള്ള ചെറിയ കുറ്റത്തിനുപോലും വലിയ രീതിയിലുള്ള പൊലീസ് അതിക്രമങ്ങൾ ഐക്യനാടുകളിൽ ഇത് ആദ്യസംഭവമല്ല. വാസ്തവത്തിൽ കറുത്ത വംശജർക്കെതിരെയുള്ള അതിക്രമത്തിന്റെ ഒരു വലിയ ചരിത്രംതന്നെ ഐക്യനാടുകൾക്കുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തെരുവിലൂടെ തന്റെ സ്ഥിരമായുള്ള ഓട്ടത്തിനിറങ്ങിയ അഹ്മൂദ് ആർബെറി എന്ന നിരപരാധിയായ യുവാവ്‌ വെടിയേറ്റു മരിച്ചത്. 2014ലാണ്‌ ഫെർഗൂസനിൽ മൈക്കൽബ്രൗൺ എന്ന കൗമാരക്കാരനെ പൊലീസ്‌ വെടിവച്ചുകൊന്നത്. അതേവർഷം ജൂലൈയിലാണ് എറിക് ഗാർണർ എന്ന നാൽപ്പത്തിനാലുകാരനെ നിയമം ലംഘിച്ച് സിഗററ്റ്‌ വിറ്റെന്ന സംശയത്തിന്റെ പേരിൽ  ജോർജ്ഫ്ലോയ്ഡിനെ കൊന്ന രീതിയിൽ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയത്.


 

യൂറോപ്പിൽനിന്നുള്ള അധിനിവേശക്കാർ അമേരിക്കയിൽ കാൽകുത്തിയ നാൾമുതൽ അരങ്ങേറിയ വർണവെറിയുടെ ഏറ്റവുമൊടുവിലത്തെ സംഭവമായി വേണം ജോർജ്ഫ്ലോയിഡിന്റെ കൊലപാതകത്തെ കാണാൻ. തുടക്കത്തിൽ തദ്ദേശീയരായ ഇന്ത്യക്കാരെ വരുതിയിൽ വരുത്താനായി നടത്തിയ ആക്രമണങ്ങൾ അവരുടെ അനന്തമായ വംശനാശത്തിനുതന്നെ ഹേതുവായി.

ഐക്യനാടുകളുടെ ഭരണഘടനയുടെ 13–-ാം ഭേദഗതിയോടെ 1865 ജനുവരി 31ന്‌ അടിമത്തം നിയമപരമായി അവസാനിപ്പിക്കുമ്പോഴേക്കും ഒഹായോ നദിയിലൂടെ ഒട്ടേറെ നിരപരാധികളുടെ രക്തം ഒഴുകിപ്പോയി കഴിഞ്ഞിരുന്നു. എന്നാൽ, പ്രസിഡന്റ്  എബ്രഹാം ലിങ്കന്റെ അടിമത്തം അവസാനിപ്പിക്കാനുള്ള തീരുമാനവും തുടർന്നുള്ള ഭരണഘടനാ ഭേദഗതിയും ഐക്യനാടുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്തച്ചെരിച്ചിലിനു ശേഷമാണ് സാധ്യമായത്. എബ്രഹാംലിങ്കനെ അനുകൂലിച്ച വടക്കൻ സംസ്ഥാനങ്ങളും അടിമത്തം ഉപേക്ഷിക്കാൻ തയ്യാറാകാതിരുന്ന തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ നടന്ന നാലുവർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ ഏഴരലക്ഷത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

വംശീയതയുടെ അഗ്രസ്ഥാനീയരായിരുന്ന നാസി ഭരണകൂടം നടത്തിയ 1936ലെ ബർലിൻ ഒളിമ്പിക്സിൽ നാല്‌ സ്വർണ മെഡലോടെ ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊന്നായി തീർന്ന ജെസി ഓവൻസിനുപോലും തീവ്രവർണ വിവേചനമാണ്  നേരിടേണ്ടിവന്നത്. നാല്‌ സ്വർണ മെഡലോടെ തിളക്കമുണ്ടായിട്ടും നീഗ്രോവർഗത്തെ ഏറ്റവും തരംതാണതായി കരുതിയിരുന്ന ഹിറ്റ്ലർ ജെസിഓവൻസിനെ കൈകൊടുത്ത്‌ അഭിനന്ദിക്കാൻ മിനക്കെട്ടില്ല. പരസ്‌പരം എപ്പോഴോ നോക്കിയപ്പോൾ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിൽനിന്നു കിട്ടിയതെന്ന് ജെസിഓവൻസ്‌ തന്നെ പറയുന്നു. ഒളിമ്പിക്സ്‌ ജേതാക്കൾക്കായി ഐക്യനാടുകളുടെ പ്രസിഡന്റ്‌  വിളിച്ചുചേർത്ത പാർട്ടിയിൽ അദ്ദേഹത്തിനു ക്ഷണമുണ്ടായില്ല. ഒളിമ്പിക്സ്‌ ജേതാവായിട്ടുപോലും മുൻവാതിലിലൂടെ ബസിനകത്തു പ്രവേശിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ലോക ജേതാവായിരുന്ന ജെസിഓവൻസിന്റെ അനുഭവം അതായിരുന്നെങ്കിൽ സാധാരണ നീഗ്രോകളുടെ ജീവിതക്ലേശങ്ങൾ എന്തായിരുന്നുവെന്ന്‌  ഊഹിക്കാവുന്നതേയുള്ളൂ.


 

ഐക്യനാടുകളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല വർണത്തിന്റെ പേരിലുള്ള ഈ വിവേചനം. ബ്രിട്ടന്റെ കോളനികളായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കും ഓസ്ട്രേലിയക്കും കരീബിയൻ ദ്വീപുകൾക്കുമൊക്കെ പറയാനുണ്ടായിരുന്നത്‌ വർണവിവേചനത്തിന്റെ ഒട്ടേറെ അറയ്ക്കുന്ന പിന്നാമ്പുറക്കഥകൾ.  വർണത്തിന്റെ ശുദ്ധിവരെ നോക്കി തരംതിരിവ് കാണിച്ചിരുന്ന വൃത്തികെട്ട ‘വെളുമ്പൻ ഓസ്ട്രേലിയ നയം' അവസാനിച്ചിട്ട്ഏതാനും ദശകങ്ങളേ ആയിട്ടുള്ളൂ. വെളുപ്പിന്റെ കാതൽ കുറഞ്ഞ ഗ്രീക്കുകാരും ഇറ്റലിക്കാരുംവരെ ഓസ്ട്രേലിയയിൽ വർണത്തിന്റെ പേരിൽ ഒരുകാലത്ത് തുടർച്ചയായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആ നയത്തിന്റെ ഏറ്റവും വലിയ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു പീറ്റർ നോർമൻ എന്ന ഓസ്ട്രേലിയൻ ഒളിമ്പിക്സ്‌ മെഡൽ ജേതാവ്. അദ്ദേഹം ചെയ്ത തെറ്റ്, വെളുത്തവനായിട്ടും1968ലെ മെക്സിക്കോ ഒളിമ്പിക്സ്‌ ഗെയിംസിൽ വർണവിവേചനത്തിനെതിരെ ഐക്യനാടുകളിലെ മെഡൽ ജേതാക്കളായ ടോമ്മി സ്മിത്തും ജോൺ കാർലോസും ചേർന്നുനടത്തിയ ബ്ലാപവർ സല്യൂട്ട്‌ എന്ന പ്രതിഷേധത്തിന്‌ മൗനപിന്തുണ നൽകിയെന്നതും.

ജീവിതാവസാനംവരെ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയ പീറ്ററിനോട്  മരണാനന്തരം ഓസ്ട്രേലിയൻ പാർലമെന്റ്‌ മാപ്പുപറഞ്ഞെങ്കിലും സമാനതകളില്ലാത്ത യാതനകളാണ്  അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നത്.  ഓസ്ട്രേലിയയിലെ ആദിമസമൂഹത്തോട് കോളനി വാഴ്ചയ്‌ക്കെത്തിയ അധിനിവേശക്കാർ ചെയ്തുകൂട്ടിയ ക്രൂരതകളും സമാനതകൾ ഇല്ലാത്തതായിരുന്നു.


 

പരിഷ്കൃതരെന്ന്‌ അഭിമാനിക്കുന്ന മനുഷ്യകുലത്തിന് അപമാനമാകുകയാണ്  ജോർജ് ഫ്ലോയിഡിന്റെ അരുംകൊല. ലോകത്തെ ഏറ്റവും വികസിതമെന്ന് ഊറ്റംകൊള്ളുന്ന ഐക്യനാടുകൾ തങ്ങളിൽ നൂറ്റാണ്ടുകളോളം നിലനിന്ന വർണവെറിക്ക്‌ ഇപ്പോഴും അവസാനമായിട്ടില്ലെന്ന്‌ തെളിയിക്കുന്നു. തൊലിയുടെ നിറം ആഭിജാത്യത്തിന്റെ ലക്ഷണമായി കരുതിപ്പോരുന്നു ഒരു ജനതയ്‌ക്ക്‌ ലോകത്തെ ഏറെയൊന്നും മുന്നോട്ടുനയിക്കാൻ കഴിയില്ല. കുറഞ്ഞപക്ഷം തൊലിയുടെ നിറം കേവല പാരമ്പര്യത്തിന്റേതല്ലെന്നും സൂര്യപ്രകാശംമൂലമുള്ള പിഗ്‌മെന്റേഷൻ കൊണ്ടു മാത്രമാണെന്നെങ്കിലും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ജനതയ്‌ക്ക് പ്രത്യേകിച്ചും സാംസ്കാരിക വൈവിധ്യമുണ്ടെന്ന്‌ അഹങ്കരിക്കുന്ന ജനതയ്‌ക്ക്‌ ഭൂഷണമല്ല. ആഫ്രിക്കൻ അമേരിക്കക്കാർക്കെതിരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ ഐക്യനാടുകളുടെ വികസനം കേവലം സാമ്പത്തികവും സാങ്കേതികവും മാത്രമാണെന്ന സൂചനയാണ് തരുന്നത്.

വലിയ വലിയ വാഗ്ദാനങ്ങളുമായി ഭരണത്തിലേറിയ ഡോണൾഡ് ട്രംപിന്റെ ഭാവിതന്നെ അപകടത്തിലാക്കുന്നതാണ്  വംശീയാതിക്രമണത്തിന്‌ എതിരെയുള്ള ഈ കലാപം. തീവ്രവലതുപക്ഷ വാദിയായ ട്രംപ് തന്റെ ഭൂഗർഭ അറയിൽനിന്നും പുറത്തുവന്ന്‌ അക്രമത്തെ അപലപിച്ചു മാപ്പുപറഞ്ഞ്‌ കറുത്തവംശജരുടെ വിശ്വാസം നേടുന്നില്ലെങ്കിൽ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അപകടമാകും ഐക്യനാടുകളെ കാത്തിരിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top