25 May Saturday

ഇളംകാവിയും കടുംകാവിയും

രാവുണ്ണിUpdated: Saturday Jun 2, 2018


കോൺഗ്രസുകാരനായി മരിക്കണം എന്നതായിരുന്നുവത്രേ  അഴീക്കോട് മാഷ്ടെ ആഗ്രഹം. എന്തു ചെയ്യാൻ. തനിക്കുമുമ്പേ (യഥാർഥ) കോൺഗ്രസ‌് മരിച്ചുവല്ലോ എന്നതായിരുന്നു  മരണംവരെയുള്ള അദ്ദേഹത്തിന്റെ സങ്കടം. കോൺഗ്രസ്മുക്ത ഭാരതം എന്ന സ്വപ്നംകണ്ടത് ഭജനപ്പാർടിയാണ്. അത‌് നടപ്പിൽ വരുത്താൻ അരയും തലയും മുറുക്കി അത്യാവേശത്തോടെ രംഗത്തിറങ്ങിയതാകട്ടെ കോൺഗ്രസുകാരും. തിരുകുടുംബം എന്ന നേതൃത്വം ഇല്ലായിരുന്നെങ്കിൽ ജന്മനാശം വന്ന ജീവിവംശമായി പണ്ടേയ‌്ക്കുപണ്ടേ കോൺഗ്രസ‌് തീർന്നേനേ. തെരഞ്ഞെടുപ്പു വന്നാൽ പൂണൂലു കാട്ടിയും അമ്പലങ്ങൾ നിരങ്ങിയും വംശഹത്യകൾ  കണ്ടില്ലെന്നു നടിച്ചും  ഇളംകാവിയണിയുന്ന തിരുകുടുംബപ്പാർടിക്ക് ഭജനപ്പാർടിയുടെ കുഞ്ഞനുജനാകാനാണ് മോഹം.

   എന്തൊക്കെ വികാരഭരിതമായ രംഗങ്ങളായിരുന്നു ചെങ്ങന്നൂരിൽ. ഐക്യജനാധിപത്യത്തറവാട്ടിൽ ഉദ്വേഗജനകമായ സംഭവങ്ങളായിരുന്നു.  തമ്മിൽ കണ്ടാൽ മുണ്ടുരിയുന്നവരും കാർക്കിച്ചു തുപ്പുന്നവരും പരസ്പരം കെട്ടിപ്പിടിക്കുന്നു. പിണങ്ങിപ്പോയ അച്ചായൻ തിരിച്ചുവരുന്നു. ആനന്ദക്കണ്ണീരുകൊണ്ട് തറവാട് നിറയുന്നു.  ഇന്ദ്രപ്രസ്ഥത്തിൽനിന്ന് ആദർശധീരൻ പറന്നിറങ്ങുന്നു. നാൽപ്പതുകൊല്ലം തങ്ങൾ പാതാളത്തിലേക്ക‌് ചവിട്ടിത്താഴ്ത്തിയ മാവേലിയാകുന്നു ഗോദയിൽ.  പാട്ടുംപാടി ജയിക്കുമെന്നായിരുന്നു ആദർശധീരന്റെ പ്രവചനം. പ്രവചനം അച്ചട്ടായി.  വോട്ടെണ്ണിയപ്പോൾ കോൺഗ്രസുകാരെല്ലാവരും ചേർന്ന് ഇതാ സംഘഗാനം പാടുകയായി. ആലപിക്കുന്നത്  ശോകഗാനമാണെന്നുമാത്രം. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ട് രായ്ക്കുരാമാനം ഡൽഹിയിലേക്കു മുങ്ങിയ പാർടിയാണ്. ചെന്നേടവും മോശമായില്ല. പാരമ്പര്യമായി ജയിച്ചുപോന്നിരുന്ന ഡൽഹിയും സ്വാഹ. കർണാടക തെരഞ്ഞെടുപ്പിന് ഇവിടുന്ന് കുറെ ഇൻചാർജുകാർ പോയിരുന്നല്ലോ. എല്ലാവരുംകൂടി ഒത്തുപിടിച്ച് കർണാടകം ഒരു നിലയ്ക്കാക്കി. തലമുടി ചീകാതെയും കീറിയ ഖദർ തുന്നാതെയും അടുത്ത വണ്ടിക്ക് ചെങ്ങന്നൂരെത്തിയ നേതൃനിരയെ കണ്ട് സ്ഥാനാർഥി ഞെട്ടി. ശരണമയ്യപ്പാ എന്ന‌് കൈകൂപ്പി കരഞ്ഞു. കല്ലും മുള്ളും കാലുക്കു മെത്ത... ചെങ്ങന്നൂർ കയറ്റം കഠിനമെന്റയ്യപ്പാ. ശരണംവിളി കേട്ടാൽ ഭക്തജനവോട്ടുകൾ പെട്ടിയിൽ വീഴും. ഇല്ലെങ്കിൽ വീഴ്ത്തും.  

  അത്യുഗ്രമായ പ്രചാരണമാണ് നടന്നത്. പോസ്റ്റുമോർട്ടം മുറിയുടെ മുമ്പിൽ സംഘർഷമുണ്ടാക്കിയതും ആംബുലൻസ് തല്ലിപ്പൊളിച്ചതും വിവരമില്ലാത്ത ജനം കാണേണ്ടപോലെ കണ്ടില്ല. മൃഗീയം മൃഗീയം എന്ന് ആർത്തലച്ചതുകേട്ട് ജനം സജി ചെറിയാന് മൃഗീയഭൂരിപക്ഷം നൽകി.  വിപ്ലവകുമാരന്റെ വരവായിരുന്നു വരവ്. വിപ്ലവകുമാരനെക്കണ്ട് ജനം പൊട്ടിച്ചിരിച്ചു. ഇടയ‌്ക്കിടെ ഈവഴിയൊന്നു വരണേ ചേട്ടാ എന്നു പറഞ്ഞാണ് ചെങ്ങന്നൂരുകാർ വിപ്ലവകുമാരനെ യാത്രയാക്കിയതത്രേ. 

ഈ കേരളീയർ നന്നാകാനുള്ള ഒരു ലക്ഷണവും കാണുന്നില്ല കേട്ടോ. അമ്പലങ്ങളും പള്ളികളും കേന്ദ്രീകരിച്ച് എത്ര കുത്തിയിളക്കാൻ ശ്രമിച്ചതാണ്. ഒരു വർഗീയകലാപവും ഉണ്ടാകുന്നില്ലെന്നേ. എത്രപേർക്ക് വാളുകൊടുത്ത‌് വിട്ടു. കുരിശു പൊളിച്ചു. ശ്രീനാരായണഗുരു പ്രതിമകൾ തകർത്തു. ബൈബിൾ പ്രചാരണം തടഞ്ഞു. ഒരു ചോരപ്പുഴയും ഉണ്ടാകുന്നില്ല. ചെങ്ങന്നൂരിൽ പണമൊഴുക്കാൻ എക്സ് സർവീസുകാരെ വിട്ടു. കാതോടുകാതോരം വടക്കൻ പാട്ടുപാടാൻ പാണന്മാരെയും ചേടത്തിമാരെയും വിട്ടു. മീഡിയാറൂമിൽ ശിങ്കങ്ങൾ കുറ്റവിചാരണ നടത്തി അലറിവിളിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ ക്വട്ടേഷൻ സംഘങ്ങങ്ങൾ ഉറഞ്ഞുതുള്ളി. എന്നിട്ടും ഭജനപ്പാർടിയുടെ മുന്നേറ്റം പടവലങ്ങപോലെ കീഴോട്ട് കീഴോട്ട്.

ചെന്നിക്കും തലയ‌്ക്കും അടികിട്ടിയതിനാൽ ഒരുപിടിയും കിട്ടുന്നില്ല. ആകെ ഒരു അന്തല്യായ. പ്രതിപക്ഷനേതാവിന്റെ വാർഡിലും പഞ്ചായത്തിലും  തോറ്റു. എഐസിസി സെക്രട്ടറിയുടെ തറവാട്ടു വാർഡിലും പഞ്ചായത്തിലും  തോറ്റു. കൈപ്പത്തിസ്ഥാനാർഥിയുടെ വാർഡിലും പഞ്ചായത്തിലും തോറ്റു. എന്താ കഥ? ഒരു നോട്ടീസുപോലും വീട്ടിൽ കിട്ടിയില്ലെന്ന് സ്ഥാനാർഥിയുടെ പരിദേവനം. ഇതു താൻ ഡാ കോൺഗ്രസ‌്. നോട്ടീസ് കിട്ടാഞ്ഞത‌് ഒരുകണക്കിനു നന്നായി. കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ കിട്ടിയ വോട്ടുകൂടി പോയേനെ. പഴയ ബേപ്പൂർ‐വടകര മോഡലിന്റെ ഓർമ ഉള്ളിൽക്കിടന്ന‌് തിരിയുന്നതുകൊണ്ടാകും വർഗീയം വർഗീയം എന്നു വിളിച്ചു പറയാൻ തോന്നുന്നത്. 

അന്തല്യായ ഭജനപ്പാർടിക്കും ഉണ്ടേ. ഉപതെരഞ്ഞെടുപ്പിൽ പതിനൊന്നിൽ പത്തും പൊട്ടി. ഇടയ‌്ക്കിടെ ഓരോ കൊട്ടു കിട്ടിയാൽ ഏത‌് യോഗിക്കും കലിയിളകിപ്പോകും. ഇതാ പറയുന്നത് തെരഞ്ഞെടുപ്പൊക്കെ അയ്യഞ്ചുകൊല്ലം കൂടുമ്പോൾ ഒന്നിച്ചുമതിയെന്ന്. ഒറ്റഞെട്ടലിൽ എല്ലാം കഴിയുമല്ലോ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top