02 June Tuesday

പാലുകാച്ചലും ആഗോള താപനവും

ഗൗതമൻ Updated: Monday Mar 2, 2020


 

രണ്ടുലക്ഷം വീടുകളിലും മറ്റും ഒരുമിച്ച്‌ പാൽ കാച്ചിയാൽ അത്‌ ആഗോളതാപനം വർധിപ്പിക്കുമെന്ന കാര്യം തിരിച്ചറിയാൻ ശേഷിയുള്ള ഒരേയൊരു നേതാവേ ഇന്ന്‌ ഭൂമിമലയാളത്തിലുള്ളൂ.  അത്‌ മാനനീയ ചെന്നിത്തലജിയാണ്‌. അഭിപ്രായവ്യത്യാസം എന്തായാലും,  ലൈഫ്‌ മിഷൻ രണ്ടുലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനത്തിൽ നിന്ന് ചെന്നിത്തലജി വിട്ടുനിൽക്കേണ്ടിയിരുന്നോ എന്നൊക്കെ ചിന്തിക്കുന്ന മൃദുലഹൃദയൻമാരുണ്ട്‌. പക്ഷെ ഭൂമി ചുട്ടുപൊള്ളുന്ന സമയത്ത്‌ ഇങ്ങനെ പാൽ കാച്ചിയതിനോട്‌ അദ്ദേഹത്തിന്‌ യോജിക്കാൻ തൽക്കാലം നിവർത്തിയില്ലെന്ന്‌ അവർ മനസ്സിലാക്കണം.

ഉമ്മൻചാണ്ടിജിയുടെ കാലത്ത്‌ 52000 വീടുകളുടെ പൂർത്തീകരണം ‘ തൊട്ടു, തൊട്ടില്ല’ എന്ന അവസ്ഥയിൽ വന്നതാണ്‌ എന്നാണ്‌ ചെന്നിത്തലജി പറഞ്ഞത്‌.  ആ വീടുകൾ പൂർത്തീകരിക്കുക മാത്രമല്ല അവയ്‌ക്ക്‌ സോളാർ കണക്ഷൻ കൂടി കൊടുക്കുകയെന്ന ഉദ്ദേശത്തിൽ മുൻമുഖ്യമന്ത്രിയുടെ ഓഫീസ്‌  ‘അതിവേഗം ബഹുദൂരം’ പ്രവർത്തിച്ചതാണ്‌. അതിനിടയിൽ തെരഞ്ഞെടുപ്പ്‌ വരുകയും കണ്ണിൽച്ചോരയില്ലാത്ത വോട്ടർമാർ ഉമ്മൻജിയയേും കൂട്ടരെയും തോൽപ്പിച്ചു കളയുകയും ചെയ്‌തതാണ്‌.  അല്ലാതെ കോൺഗ്രസ്‌ ഒരു കുറ്റവും ചെയ്‌തിട്ടില്ല.

ഇനി എൽഡിഎഫ്‌  സർക്കാർ വിശപ്പുരഹിത കേരളം പദ്ധതി നടപ്പാക്കുമെന്നോ അതിന്‌ ഹോട്ടൽ തുറന്നുവെന്നോ ഒന്നും പറഞ്ഞാലും ചെന്നിത്തലജി  സമ്മതിച്ചുതരില്ല. ഇന്ദിരാജിയാണ്‌  1971ൽ  ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം ഉയർത്തിയത്‌. ഇന്ദിരാജിയുടെ കാലശേഷം രാജീവ്ജി‌യും ആ മുദ്രാവാക്യം കൊണ്ട്‌ ദരിദ്രരുടെ വയർ നിറച്ചതാണ്‌. ഇനി വേണമെങ്കിൽ രാഹുൽജിയും പ്രിയങ്കജിയും  അകത്തായില്ലെങ്കിൽ വാദ്രേജിവരെ ആ മുദ്രാവാക്യം ഉപയോഗിക്കും.


 

 

സംഘപുത്രൻമാരുടെ വിലാപം
കേന്ദ്ര മന്ത്രിജി വി മുരളീധരന്റെയും  ഋഷിതുല്യനായ സുരേന്ദ്രൻജിയുടെ വിലാപങ്ങൾക്കും ചെവികൊടുക്കാതെ പോകരുത്‌. സംഘപുത്രൻമാർ അഹമ്മദാബാദിലെ മതിലും ചാരി നിന്നപ്പോൾ പിണറായി വീടുമായിപ്പോയെന്നാണ്‌ ഇക്കൂട്ടരുടെ പരിദേവനം. മുഖ്യമന്ത്രി നാടകം കളിക്കുകയാണെന്നൊക്കെയാണ്‌ മഹാനടനും തെരുവുനാടകം, ചവിട്ടുനാടകം എന്നിവയിൽ അഗ്രഗണ്യനുമായ സുരേന്ദ്രൻജി പറയുന്നത്‌. കേന്ദ്രസർക്കാരിന്റെ വിഹിതവും കൂടി ചേർത്താണ്‌ വീടുകൾ പണിതിട്ടുള്ളതെന്ന്‌ അദ്ദേഹം പറയുന്നത്‌ നമ്മൾ അംഗീകരിക്കണം. കേന്ദ്രവിഹിതം എത്രയാണെന്നു വെളിപ്പെടുത്തണമെന്ന്‌ കേന്ദ്രമന്ത്രി മുരളീധരൻജി ചോദിച്ചതും ന്യായം. കേന്ദ്രഗവൺമെന്റിന്റെ ഫണ്ട്‌ സംസ്ഥാന ഗവൺമെന്റിനു നൽകുന്നത് ഉപയോഗിക്കുന്നത്‌ ആചാരലംഘനമാണെന്ന്‌ എല്ലാവർക്കും മനസ്സിലാകണമെന്നില്ല.  കേന്ദ്രമന്ത്രിയായതുകൊണ്ട്‌ മുരളീധരൻജിക്ക്‌  അത്  അറിയാം. കേന്ദ്രവിഹിതമൊക്കെ വീടുകളുടെ നിർമാണത്തിനുവേണ്ടി ചെലവാക്കുന്നതിനു പകരം  വൻമതിൽ കെട്ടി  കുടിലുകൾ മറയ്‌ക്കുന്ന വിദ്യയൊന്നും കേരളത്തിലെ കമ്യൂണിസ്‌റ്റുകാർ പഠിക്കാത്തതിൽ കേന്ദ്രമന്ത്രിജി നടുക്കവും ഞെട്ടലും പ്രകടിപ്പിച്ചതായാണ്‌ അറിവ്‌.

പാഴായില്ല കോടികൾ
ട്രംപ്‌ജിയെ അഹമ്മദാബാദിൽ കൊണ്ടുവന്നിട്ട്‌ എന്തുകിട്ടിയെന്നു ചോദിച്ചാൽ ക്യാപ്പിറ്റൽ ലെറ്ററും സ്‌മോൾ ലെറ്ററും ഇടകലർത്തി എഴുതിയ ഒരു മോഡിസ്‌തുതി കിട്ടിയെന്നു പറയുന്ന കഠിനഹൃദയൻമാരെപ്പറ്റി എന്തുപറയാൻ.  പൗരത്വ നിയമം , മതസ്വാതന്ത്ര്യം, കാശ്‌മീർ എന്നീ വിഷയങ്ങളിൽ മോഡി സർക്കാരിനെ വിമർശിക്കാത്തതാണ്‌ പ്രധാന നേട്ടമെന്ന്‌ ബിജെപി ജനറൽ സെക്രട്ടറി പറഞ്ഞിട്ടുണ്ട്‌. ഓർത്താൽ അത്‌ എത്ര വലിയ കാര്യമാണ്‌. 100 കോടിയൊക്കെ മുടക്കി ഒരു പരിപാടി സംഘടിപ്പിച്ചിട്ട്‌ നാക്കിന്‌ എല്ലില്ലാത്ത യാങ്കിക്കിഴവൻ എന്തെങ്കിലും വിളിച്ചുപറഞ്ഞിരുന്നെങ്കിലോ?  പിന്നെ രാജ്യദ്രോഹികളും പാകിസ്ഥാൻ ചാരൻമാരുമൊക്കെ മോഡിജിക്കു സ്വൈരം തരുമായിരുന്നോ?

‘നമസ്‌തേ ട്രംപ്‌ ’എന്ന്‌  മോഡിജി മൂന്നു പ്രാവശ്യം വിളിച്ചപ്പോൾ ‘യഥാർഥ സുഹൃത്ത്‌’ എന്നു ട്രംപ്‌ തിരിച്ചുവിളിച്ചു.  ഒരു മിനിറ്റിൽ ശരാശരി 12 ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്നു മോഡിജി കരകയറ്റുന്നുവെന്നുവരെ ട്രംപ്‌ജി തട്ടിവിട്ടു. ആ സ്ഥിതിക്ക്‌ അഹമ്മദാബാദിലെ ട്രംപിന്റെ കലാപരിപാടിക്ക്‌ മിനിറ്റിന്‌ 1. 5 കോടി ചെലവാക്കിയതുകൊണ്ട്‌ ഒരു നഷ്ടവുമില്ലെന്ന്‌ ചിന്തിക്കുന്നവർക്ക്‌ അറിയാം.

നാട്ടുകാരെ മൊത്തം വിറ്റ കാശുള്ളതുകൊണ്ട്‌, മോഡിജി ചായവിറ്റതു മുതൽ   രാവും പകലുമുള്ള അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ കഥ വരെ ട്രംപ്‌ജി പറഞ്ഞപ്പോൾ സംഘപുത്രൻമാരുടെ വീര്യം തിളച്ചുമറിയുകയായിരുന്നു. ഫലമോ.  ട്രംപ്‌ ഭഗവാന്‌ ക്ഷേത്രം പോലും മിത്രങ്ങൾ പണിതു തുടങ്ങി. ഇന്ത്യയിൽ ആളോഹരി ദൈവങ്ങൾക്കുള്ള കുറവും അങ്ങനെ ട്രംപ്‌ജിയുടെ വരവുകൊണ്ട്‌ നികത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ഇത്തവണ ഓർക്കും; അരയും തലയും മുറുക്കാൻ
മുട്ടൻ കുഞ്ഞാടുകൾ തമ്മിലടിക്കുമ്പോൾ  ചോര കുടിക്കാമെന്ന ചെന്നായയുടെ പൂതി  കുട്ടനാട്ടിൽ കോൺഗ്രസുകാർക്കുണ്ടെങ്കിലും ഇനിയൊരു തോൽവികൂടി താങ്ങാനുള്ള  ശക്തി യുഡിഎഫിനില്ലെന്നു ബെന്നി ബഹനാൻ പറഞ്ഞത്‌ ഗദ്‌ഗദകണ്ഠനായാണ്‌.  ‘ നമ്മെ തോൽപ്പിക്കാൻ നമുക്കുമാത്രമേ കഴിയൂ’ എന്ന്‌  യുഡിഎഫ് യോഗത്തിൽ  കുഞ്ഞാലിക്കുട്ടി സാഹിബ്‌  പറയുമ്പോൾ ഹൃദയം നുറുങ്ങി. കാര്യമിതൊക്കെയാണെങ്കെിലും അരയും തലയും മുറുക്കാൻ വിട്ടുപോയതുകൊണ്ടാണ്‌ കുട്ടനാട്ടിൽ തോറ്റുപോയതെന്ന ജോസ്‌ കെ മാണിയുടെ വാദം പൊതുവേ അംഗീകരിക്കപ്പെട്ടുവത്രെ. അതിനാൽ കുട്ടനാട്ടിൽ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ തുരുമാനിച്ചാണ്‌ യോഗം പിരിഞ്ഞത്‌.ജോസഫ്‌ ഗ്രൂപ്പ് ഉന്നയിച്ച  ആവശ്യം തികച്ചും ന്യായമാണ്‌. സീറ്റു കിട്ടിയില്ലെങ്കിലും കുട്ടനാട്‌ സീറ്റ്‌  അവരുടേതാണെന്ന്‌ ആദ്യം പ്രഖ്യാപിക്കണമെന്ന മിതമായ ആവശ്യമാണ്‌ അദ്ദേഹം ഉയർത്തിയത്‌. രാഷ്‌ട്രീയ സാഹചര്യങ്ങൾ കേരള കോൺഗ്രസുകളെ ബോധ്യപ്പെടുത്തി സീറ്റ്‌ കയ്യടക്കാനുള്ള കയ്യടക്കമാണ്‌ കോൺഗ്രസ്‌ കാട്ടുന്നതെന്നാണ്‌ വാർത്ത. ഇരു കേരളകോൺഗ്രസുകർക്കും ഒന്നും കിട്ടിയില്ലെന്ന പരാതിയുണ്ടാകില്ല. കാരണം ഇരുകൂട്ടരെയും വിശ്വാസത്തിലെടുക്കും. പുതിയ മുഖപത്രം തുടങ്ങിയും ജോസ്‌ പക്ഷത്തെ ‘വെറുംവാ ചപ്പു’ന്നവരെന്നുമൊക്കെ വിളിച്ചും ഔസേപ്പച്ചൻ മുന്നേറുകയാണ്‌.   സാധാരണ കേരളകോൺഗ്രസുകാരെ ‘വിടുവായൻമാർ’ എന്നു വിളിക്കുന്നതുപോലെയല്ല  ഇതെന്നും വികൃതമായ ഭാഷയാണെന്നുമാണ്‌ ജോസ്‌ കെ മാണിയുടെ പക്ഷം.  ‘ആകാശകുസുമ’ മായ അദ്ദേഹം ഇതല്ല ഇതിലപ്പുറം പറയുമെന്നാണ്‌ ജോസ്‌ പക്ഷം അടക്കംപറയുന്നത്‌.

വെടിക്കുഴൽ
സ്വരം നന്നാക്കാൻ ഉമ്മൻ ചാണ്ടിക്ക്‌ വോക്കോളജി വിദഗ്ധന്റെ ചികിൽസയും പരിശീലനവും
ഉടനെയെങ്ങും പാട്ടു നിർത്താൻ പദ്ധതിയില്ല
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top