29 July Thursday

അധരവ്യായാമവും ഗോമാതാവിന്റെ അകന്ന ബന്ധുവും

ഗൗതമൻUpdated: Monday Feb 3, 2020


ബജറ്റ്‌ എക്സർസൈസ്‌’ എന്ന ധനതത്വശാസ്‌ത്രത്തിലെ  ‘ചർവിതചർവണ’ത്തെ ബജറ്റ്‌ വ്യായാമമെന്ന്‌ മൊഴിമാറ്റാമോയെന്ന്‌ ഗൗതമന്‌ നല്ല നിശ്ചയമില്ല. എന്തായാലും നിർമലാജിയുടെ ബജറ്റ്‌ പ്രസംഗത്തെ ബജറ്റ്‌ എക്സർസൈസ്‌ എന്നല്ലാതെ അധരവ്യായാമമെന്ന്‌ ആരെങ്കിലും പറഞ്ഞാൽ അതിനോടൊക്കെ യോജിക്കുന്നവർ പാകിസ്ഥാൻ പക്ഷക്കാരായിരിക്കും എന്നതിൽ രണ്ടുപക്ഷമില്ല.

രണ്ടുമണിക്കൂർ 38 മിനിറ്റ്‌ നീണ്ട പ്രസംഗത്തിലൂടെ ഏറ്റവും ദൈർഘ്യമേറിയ  ബജറ്റ്‌ പ്രസംഗമെന്ന തന്റെതന്നെ റെക്കോഡ്‌ പിച്ചിച്ചീന്തിയ നിർമലാജി ക്ഷീണിതയാകുകയും അവസാന രണ്ടുപേജ്‌ വായിക്കാനാകാതെ മതിയാക്കുകയുമായിരുന്നു. വാചകങ്ങൾക്ക്‌ ഒരു മാന്ദ്യവുമില്ലാതിരുന്ന പ്രസംഗത്തിൽ  രാജ്യത്ത്‌ മാന്ദ്യംപോയിട്ട്‌  ഒരു മുരടിപ്പുപോലുമുള്ളതായി  നിർമലാജിക്ക്‌ കണ്ടെത്താനായില്ല എന്നു പറയുമ്പോഴാണ്‌ അവരുടെ ദേശസ്‌നേഹത്തിന്റെ കാഠിന്യം നമുക്ക്‌ മനസ്സിലാകുന്നത്‌.

കുതിരയ്‌ക്കുമുമ്പിൽ വണ്ടികെട്ടുന്ന ബജറ്റെന്നൊക്കെ ധനതത്വശാസ്‌ത്ര വിദഗ്ധർ പറയുമെങ്കിലും കുതിരയെപ്പോലും പരിഗണിച്ച ബജറ്റാണ്‌ നിർമലാജി അവതരിപ്പിച്ചത്‌.  പ്രത്യേക പ്രജനനത്തിലൂടെയുണ്ടായ കുതിരയ്‌ക്ക്‌ വില കുറയുമെന്ന പ്രഖ്യാപനം  വന്നപ്പോൾത്തന്നെ ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന്റെ കുളമ്പടിശബ്ദം കേട്ടുവെന്നാണ്‌ സംഘബന്ധുക്കൾ പറയുന്നത്‌. അമിത്‌ ഷാജിയുടെ ഇഷ്ടവിനോദം കുതിരക്കച്ചവടമായതുകൊണ്ടും കുതിര ഗോമാതാവിന്റെ അകന്ന ബന്ധുവായതുകൊണ്ടുമാണ്‌ ഈ തീരുമാനമെന്ന്‌ കുന്നായ്‌മക്കാർ മാത്രമേ പറയൂ. ലഹരിപാനീയങ്ങൾക്ക്‌ വില കുറച്ചതിനൊപ്പം  ഗോമാതാവിന്റെ കൊഴുപ്പുനീക്കിയ പാലിനും വില കുറച്ചത്‌ കണ്ണുതുറന്നു കാണണം. ഇതുസംബന്ധിച്ച ലഘുലേഖ  പ്രകാശനത്തിനായി തയ്യാറായിവരികയാണ്‌.


 

അടുക്കള ഉപകരണങ്ങളുടെയും അടുക്കളയിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളുടെയും വില ഉയർത്തുകവഴി നിർമലാജി സ്‌ത്രീപക്ഷ ബജറ്റാണ്‌ അവതരിപ്പിച്ചിട്ടുള്ളത്‌. ഗോതമ്പ്‌, ഉരുളക്കിഴങ്ങ്‌, ധാന്യപ്പൊടി, ഭക്ഷ്യ എണ്ണ  തുടങ്ങിയവയുടെ വില ഉയർത്തിയതുവഴി അടുക്കളയിൽ സ്‌ത്രീകളുടെ ജോലിയിൽ കാര്യമായ കുറവുണ്ടാകുമെന്നാണ്‌ കണക്കുകൂട്ടൽ. അടുക്കള പൂട്ടാനുള്ള താഴിന്‌ വില വർധിക്കുമെങ്കിലും അത്‌ വാങ്ങാൻ സേവാഭാരതിയുടെ സഹായം പ്രതീക്ഷിക്കാം.   

ചൈനയെ പാഠം പഠിപ്പിക്കുകയെന്ന ദേശാഭിമാന പ്രചോദിതമായ ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ കളിപ്പാട്ടംമുതൽ നാനൂറിലേറെ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം കൂട്ടിയതെന്നു മനസ്സിലാക്കുമ്പോഴാണ്‌ പത്തരമാറ്റുള്ള ആ  അമ്മമനസ്സ്‌  നമുക്ക്‌ വെളിപ്പെടുക. സൂര്യൻ ജലത്തിൽനിന്ന്‌ നീരാവി എടുക്കുന്നതുപോലെയല്ലേ  പൊതുമേഖലാ സ്ഥാപനങ്ങളെടുത്ത്‌ മഴ പെയ്യുന്നതുപോലെ അംബാനി, അദാനിമാർക്ക്‌ വിതരണം ചെയ്യാൻ നിർമലാജി മനസ്സുവച്ചത്‌. ഇക്കാര്യത്തിൽ കാളിദാസന്റെ രഘുവംശത്തിലെ വരികൾ തിരുത്തിയെഴുതാൻ ചരിത്രം തിരുത്തിയെഴുതി പരിചയസമ്പത്തുള്ള മിത്രങ്ങളെ ഏൽപ്പിക്കും.

വിത്തെടുത്തു കുത്തുക, ഉടുതുണി പറിച്ച്‌ തലയിൽക്കെട്ടുക തുടങ്ങിയ ആക്ഷേപങ്ങളൊക്കെ ഇതിനെതിരെ ഉയർന്നാലും നിർമലാജി അതിന്‌ പുല്ലുവിലയേ കൽപ്പിക്കൂ. എൽഐസി, എഡിബിഐയിലെ ഓഹരികളുടെ ശേഷിക്കുന്ന ഭാഗം, ബിപിസിഎൽ, എയർ ഇന്ത്യ തുടങ്ങിയവയൊക്കെ വിറ്റ്‌ തളർവാതം പിടിച്ച സമ്പദ്‌വ്യവസ്ഥയെ അതിവേഗത്തിലാക്കാനുള്ള നൈപുണ്യമൊക്കെ നിർമലാജി വികസിപ്പിച്ചിട്ടുണ്ട്‌. എന്നിട്ടുവേണം കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ.

ഹൈക്കമാൻഡിന്റെ ഒരു കൈസഹായം
സത്യത്തിൽ ഹൈക്കമാൻഡ്‌ വലിയൊരു സഹായമാണ്‌ കേരളത്തിലെ ജനങ്ങളോട്‌ ചെയ്‌തത്‌. കെപിസിസി ഭാരവാഹികളെ ഘട്ടംഘട്ടമായി പ്രഖ്യാപിക്കാനുള്ള ആ തീരുമാനം എത്ര അഭിനന്ദിച്ചാലും മതിവരില്ല.  ഇത്രയും വലിയ പട്ടികയൊന്നും താങ്ങാനുള്ള കരുത്ത്‌ ഈ കൊച്ചുകേരളത്തിനില്ലെന്ന്‌  മനസ്സിലാക്കാൻ സോണിയാജിതന്നെ വേണ്ടിവന്നു. 12 വൈസ്‌ പ്രസിഡന്റുമാർ, 34 ജനറൽ സെക്രട്ടറിമാർ എന്നിവർ ഉൾപ്പെട്ട ലിസ്‌റ്റാണ്‌ ആദ്യം പുറത്തുവിട്ടത്‌. കേരളത്തിൽ മൂന്ന്‌ സെക്രട്ടറിമാരുണ്ടായ കാലത്തെ ഒരു സെക്രട്ടറിയായിരുന്നു പരേതയായ എം കമലമെന്ന വാർത്ത വായിച്ചപ്പോഴാണ്‌ കേരളത്തിൽ  കോൺഗ്രസ്‌ എത്രമാത്രം വളർന്നുപന്തലിച്ചുവെന്ന്‌ മനസ്സിലായത്‌. അടുത്ത ലിസ്‌റ്റ്‌ ഫെബ്രുവരി 10ന്‌ പുറത്തുവിടുമെന്ന്‌ എഐസിസി ജനറൽ സെക്രട്ടറി അറിയിച്ച സ്ഥിതിക്ക്‌ വേണ്ട മുൻകരുതലുകളെടുക്കാൻ കലക്ടർമാർ ശ്രദ്ധിക്കേണ്ടതാണ്‌.

ഇതൊക്കെയാണെങ്കിലും  മുഖ്യമന്ത്രിമാരുടെ മക്കൾക്ക്‌ കോൺഗ്രസിലുള്ള പ്രത്യേകപദവിയെപ്പറ്റിയൊന്നും മുരളിജിക്ക്‌ പിടിപാടില്ലാത്തത്‌ കഷ്‌ടമായിപ്പോയി. പരസ്‌പരബന്ധമില്ലാതെ  മുല്ലപ്പള്ളിജി അതുമിതും വിളിച്ചുപറയുമെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹത്തിനാണ്‌ ഗൗതമന്റെ പിന്തുണ.  ശങ്കറിന്റെ മകൻ മോഹൻ ശങ്കർ ബിജെപിയിൽ പോയെങ്കിലും അദ്ദേഹം പശ്ചാത്താപവിവശനായി തിരിച്ചുവന്നപ്പോൾ ക്ഷമിക്കാനുള്ള മനസ്സ്‌ മുരളിജി കാണിക്കണമായിരുന്നു.  അതിനുപകരം അദ്ദേഹത്തെ മുരളിജി  ‘ചെറുതാക്കി ’ കാണിച്ചത്‌ ശരിയായില്ലെന്നാണ്‌  മുല്ലപ്പള്ളിജി പറഞ്ഞത്‌.  അല്ലെങ്കിൽത്തന്നെ ഒന്നു ബിജെപിയിൽ പോയി മടങ്ങിവന്നാലൊന്നും കോൺഗ്രസിൽ ആരും ചെറുതാകാൻ പോകുന്നില്ലെന്ന്‌ ആർക്കാണ്‌ അറിയാത്തത്.  മോഹൻശങ്കർ, അനിൽ കെ ആന്റണി, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ തുടങ്ങിയവർക്കും ഇത്തരം ആനുകൂല്യങ്ങൾ ഉണ്ടെന്ന്‌ മറക്കാതിരുന്നാൽ മുരളിജിക്കു കൊള്ളാം.  മദാമ്മയെന്നും അലുമിനിയം പട്ടേലെന്നും ഒക്കെ വിളിച്ച്‌ തെക്കുവടക്ക്‌ നടന്ന മുരളിജിയെ അന്ന്‌ കോൺഗ്രസുകാർ കിങ്ങിണിക്കുട്ടനെന്ന്‌ തിരിച്ചുവിളിച്ചെങ്കിലും തിരിച്ചുവന്നപ്പോൾ എല്ലാം മറന്ന്‌ സ്വീകരിച്ചതൊന്നും അദ്ദേഹം മറക്കരുതായിരുന്നു. അല്ലെങ്കിൽത്തന്നെ ബിജെപിയും കോൺഗ്രസും തമ്മിൽ അത്ര വലിയ വ്യത്യാസമില്ലെന്നും പകൽ കോൺഗ്രസും രാത്രിയിൽ ആർഎസ്‌എസുമാണ്‌ പലരുമെന്നും ആന്റണിജി മൊഴിഞ്ഞകാര്യമെങ്കിലും  മുരളിജി ഓർക്കണ്ടേ. സമരത്തിന്‌ കൊടി ഉപയോഗിക്കാതെ ആർഎസ്‌എസുകാർക്കൊപ്പം പങ്കെടുക്കാമെന്ന്‌ കെപിസിസി പ്രസിഡന്റുതന്നെ മൊഴിഞ്ഞതും മറക്കരുതായിരുന്നു.  അതുകൊണ്ട്‌ ‘ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കണമേ’യെന്ന്‌ മുടിയനായ പുത്രനായ മുരളിജിക്ക്‌ മൂന്നുപ്രാവശ്യം പ്രാർഥിക്കാവുന്നതാണ്‌.

വെടിക്കുഴൽ
ബജറ്റിൽ പ്രവാസികൾക്കും ആദായനികുതി.

അറബിയെ കുളിപ്പിച്ചശേഷം മുസ്ലിങ്ങൾക്കെതിരെ പോസ്‌റ്റിടുന്ന സംഘമിത്രങ്ങൾക്കും ‘സന്തോയം’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top