25 May Monday

പാസാകുംമുമ്പേ അപ്രസക്തം

ഡോ. ടി എം തോമസ് ഐസക്Updated: Sunday Feb 2, 2020

കേരളത്തോടുള്ള ബിജെപിയുടെ യുദ്ധപ്രഖ്യാപനമാണ് നിർമല സീതാരാമന്റെ രണ്ടാം ബജറ്റ്. 15–-ാം  ധനകമീഷൻ തീർപ്പുപ്രകാരം നമ്മുടെ നികുതിവിഹിതം 2.5 ശതമാനത്തിൽനിന്ന് 1.93 ആയി  കുറഞ്ഞിരിക്കുന്നു. സംസ്ഥാനങ്ങൾക്കുള്ള ആകെ നികുതിവിഹിതം 42 ശതമാനത്തിൽനിന്ന് 41 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ 1.93 ശതമാനമേ കേരളത്തിന് ലഭിക്കൂ. നമ്മുടെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയിൽ മൂന്നു ശതമാനമുണ്ടെന്ന് ഓർക്കുക. 1971ലെ കാനേഷുമാരി കണക്കുവച്ചാണ് ഇതുവരെ വിഹിതം നിശ്ചയിച്ചിരുന്നത്. ഇത് 2011ലെ കണക്കിലേക്ക്‌ മാറ്റിയപ്പോഴുണ്ടായ തിരിച്ചടിയാണിത്. ഈ നഷ്ടം മറ്റു രീതിയിൽ പരിഹരിക്കുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഒന്നും നടന്നില്ല.

2019–-20ൽ കേന്ദ്രനികുതിയിൽനിന്ന് കിട്ടിയത് 19,000 കോടി. അടുത്ത വർഷം 15,400 മാത്രം. 24,000 കോടി കിട്ടേണ്ട സ്ഥാനത്താണ് ഈ വെട്ടിക്കുറയ്‌ക്കൽ. ആകെ കിട്ടുന്ന കേന്ദ്രവിഹിതം സംബന്ധിച്ചും ഒരു വ്യക്തതയുമില്ല. നമ്മുടെ ഏക പ്രതീക്ഷ റവന്യൂ കമ്മിയുള്ള സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റിലാണ്. പക്ഷേ, കേന്ദ്രബജറ്റിൽ ഈയിനം ഗ്രാന്റിന്റെ മൊത്തം നീക്കിയിരിപ്പ് നടപ്പുവർഷത്തെ നീക്കിയിരിപ്പിനേക്കാൾ കുറവാണ്.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പരിപാടിയുടെ അടങ്കൽ ഏതാണ്ട് 10,000 കോടി രൂപയാണ് കുറച്ചിരിക്കുന്നത്. ദേശീയ സാമൂഹ്യ സുരക്ഷാ പരിപാടിയുടെ കേന്ദ്ര വിഹിതം കൂട്ടിയില്ലെന്നുമാത്രമല്ല, 100 കോടി കുറയ്‌ക്കുകയും ചെയ്‌തു. സ്ത്രീശാക്തീകരണത്തെക്കുറിച്ച് ബജറ്റ് പ്രസംഗത്തിൽ വല്ലാതെ വാചാലയായിട്ടുണ്ട്, കേന്ദ്രധനമന്ത്രി. എന്നാൽ, നീക്കിയിരിപ്പിൽ കണ്ടത് വെട്ടിക്കുറവും. കൃഷിക്കും  ഗ്രാമ വികസനത്തിനും വകയിരുത്തലിൽ ഒരു വർധനയുമില്ല. ദേശീയ ആരോഗ്യ മിഷന്റെ വകയിരുത്തലിൽ കേവലം ഒരു ശതമാനം കൂട്ടിയിട്ടുണ്ട്. തീരെ അപര്യാപ്തമായ വർധന.

സാമ്പത്തികവളർച്ച അഞ്ചു ശതമാനത്തിൽ താഴെയായിട്ടും മാന്ദ്യം ഉണ്ട് എന്ന കാര്യം ബജറ്റിൽ മിണ്ടിയിട്ടില്ല. ഇതിനു പകരം 2014–-19 മൊത്തത്തിലെടുത്താൽ സാമ്പത്തികവളർച്ച കേമമാണ് എന്ന് സ്ഥാപിക്കാനാണ് പരിശ്രമം. 2014ൽ അല്ല പ്രശ്നം, 2020ലാണ്. ഈ വർഷം വളർച്ച 4.9 ശതമാനമായി കുറയുമെന്ന് കേന്ദ്രംതന്നെ അംഗീകരിച്ചുകഴിഞ്ഞു. 2011–--12ൽ ഒരു ശരാശരി ഇന്ത്യൻ കുടുംബം പ്രതിമാസം 1138 രൂപ ചെലവാക്കിയിരുന്നെങ്കിൽ, ഇന്നത് 1082 രൂപയായി കുറഞ്ഞിരിക്കുന്നു എന്നാണ് കേന്ദ്രസർക്കാരിന്റെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഉപഭോഗ സർവേയിലെ  റിപ്പോർട്ട്. തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഈയൊരു സാഹചര്യത്തിൽ ജനങ്ങളുടെ വാങ്ങൽക്കഴിവ് വർധിപ്പിക്കാനുള്ള നടപടിയാണ് ഏതൊരു സർക്കാരും ചെയ്യേണ്ടത്. എന്നാൽ, അതിനൊന്നും ബജറ്റിൽ മുൻഗണനയില്ല.

ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം തൊഴിലുറപ്പു പദ്ധതിയാണ്. 2019-–-20ലെ പുതുക്കിയ കണക്കു പ്രകാരം 71,000 കോടി രൂപ ചെലവഴിക്കുമ്പോൾ പുതിയ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 61,500 കോടി രൂപ മാത്രമാണ്.

വയോജന പെൻഷന് കേന്ദ്രസർക്കാർ തരുന്നത് 200 രൂപയാണ്. ഈ  തുക വർധിപ്പിക്കുന്നതിനു പകരം അതിന്റെ അടങ്കലും കുറച്ചിരിക്കുകയാണ്. ആരോഗ്യ ഹെൽത്ത് മിഷന്റെയോ വിദ്യാഭ്യാസ മിഷന്റെയോ  അടങ്കൽ വർധിപ്പിക്കാൻ തയ്യാറായിട്ടില്ല. കേവലം ഒരു ശതമാനംമാത്രമാണ് വർധന. അങ്കണവാടികൾക്ക് അടങ്കലിൽ മൂന്നു ശതമാനംമാത്രമാണ് വർധന.

കാർഷികമേഖലയെക്കുറിച്ച് വലിയ വീമ്പടിച്ചെങ്കിലും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ ഒന്നരലക്ഷം കോടിയേ ഇത്തവണയും ഉള്ളൂ. ഗ്രാമവികസനത്തിനും അടങ്കൽ വർധിച്ചിട്ടില്ല. വനിതാശാക്തീകരണത്തിന് 1330 കോടി രൂപ കഴിഞ്ഞ ബജറ്റിൽ വച്ച സ്ഥാനത്ത് ഇപ്പോൾ 1161 കോടി രൂപയേ ഉള്ളൂ.

കേന്ദ്രസർക്കാരിന്റെ മൊത്തം ചെലവ് 30,42,230 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റ് വകയിരുത്തലിനെ അപേക്ഷിച്ച് കാര്യമായ വർധനയില്ല. വിലക്കയറ്റവുംകൂടി പരിഗണിക്കുമ്പോൾ വർധനയേ ഉണ്ടായിട്ടില്ലെന്നു പറയാം. മൊത്തം ബജറ്റിന്റെ ചെലവ് ദേശീയ വരുമാനത്തിന്റെ 13.5 ശതമാനമേ വരുന്നുള്ളൂ. 2019ൽ ഇത് 13.6 ശതമാനമായിരുന്നു. 

മാന്ദ്യകാലത്ത് ചെലവ് വർധിപ്പിക്കുന്നതിനു പകരം കമ്മി പിടിച്ചുനിർത്തുന്നതിനുവേണ്ടി ചെലവിനെ ഞെരുക്കുന്ന ബജറ്റാണിത്. എന്നിട്ടും പ്രതീക്ഷിത കമ്മി 3.5 ശതമാനമാണ്. ഇതുതന്നെ റിസർവ് ബാങ്കിൽനിന്ന് 2019-–-20ലെപ്പോലെ 1.9 ലക്ഷം കോടി  രൂപ ഡിവിഡന്റായി കവർന്നെടുത്തതുകൊണ്ടാണ് കമ്മി താഴ്‌ത്തിനിർത്താൻ കഴിഞ്ഞത്.

കോർപറേറ്റുകൾക്കു നൽകിയ നികുതിയിളവുമൂലം കേന്ദ്രസർക്കാരിന്റെ നികുതിവരുമാനം 2019-–-20 ബജറ്റ് മതിപ്പിനേക്കാൾ കുറവാണ്. ഈ കുറവ്‌ നികത്താൻ കേന്ദ്രസർക്കാർ ചെയ്യുന്നത് പൊതുമേഖലയെ വിൽക്കലാണ്. കോർപറേറ്റുകൾ അവർക്കു കിട്ടിയ നികുതിയിളവ് പുതിയ വ്യവസായങ്ങളിൽ നിക്ഷേപിക്കുന്നില്ല. അവർ ഈ പണം ഉപയോഗിച്ച് പൊതുമേഖലയെ വാങ്ങുകയാണ്. എന്തൊരു വിരോധാഭാസം.


 

ഐഡിബിഐയെ സമ്പൂർണമായി വിൽക്കുന്നു. എൽഐസിയിലും ഓഹരിവിൽപ്പന പ്രഖ്യാപിക്കപ്പെട്ടു. ഈയിനത്തിൽ 2020-–- 21ൽ പ്രതീക്ഷിക്കുന്നത് 2.1 ലക്ഷം കോടിയാണ്. വിറ്റുതുലയ്‌ക്കൽ ഉത്തരോത്തരം മുന്നേറും എന്നു സാരം. വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുന്നവയിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട്. അപ്പോൾ ബാക്കിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കും ഒരു പ്രതീക്ഷയ്‌ക്കും വകയില്ല.  ഊഴം വരുമ്പോൾ അവയ്‌ക്കു മുകളിലും വിൽപ്പനയ്‌ക്കുള്ള കൊടി കെട്ടും.

പുതുക്കിയ കണക്കു പ്രകാരം കേന്ദ്ര സർക്കാരിന്റെ നടപ്പുവർഷത്തെ ധനകമ്മി 3.8 ശതമാനമാണ്. അത് വരുംവർഷം 3.5 ശതമാനമായിരിക്കുമെന്നാണ് പ്രഖ്യാപനം. എഫ്‌ആർബിഎം  നിയമത്തെക്കുറിച്ച് ആണയിടുന്ന കേന്ദ്ര സർക്കാർ നിയമത്തിന്റെ പരിധിക്കപ്പുറം ധനകമ്മിയിലാണ്. റിസർവ്‌ ബാങ്കിൽനിന്ന്‌ ഏതാണ്ട് രണ്ടു ലക്ഷത്തോളം കോടി രൂപ കവർന്നെടുത്തിട്ടും ഇതാണവസ്ഥ. 

മാന്ദ്യകാലത്ത് ധനകമ്മി വർധിക്കുന്നതിന് നാം എതിരല്ല. പക്ഷേ, കോർപറേറ്റുകൾക്ക് നികുതിയിളവ് നൽകാനല്ല, സാധാരണക്കാരുടെ വാങ്ങൽശേഷി വർധിപ്പിക്കാനാകണമെന്നുമാത്രം.  പ്രളയ പുനർനിർമാണത്തിനുവേണ്ടി എടുത്ത വായ്‌പപോലും എഫ്‌ആർബിഎം  പരിധിയിൽപെടുത്തി കേരളത്തെ ഞെരുക്കുന്നവരാണ് ഇവർ. നമ്മുടെ ട്രഷറിയിൽ പെൻഷൻകാരും മറ്റും ഇട്ടിരിക്കുന്ന നിക്ഷേപത്തുക എഫ്‌ആർബിഎം പരിധിയിൽ പെടുത്തി അവസാനപാദത്തിൽമാത്രം വെട്ടിക്കുറച്ചത് 3000 കോടി രൂപ.

ഒരു ഫെഡറൽ സംവിധാനത്തിലെ കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തങ്ങളും ചുമതലകളും കടമകളും കൈയൊഴിയുകയാണ് മോഡി  സർക്കാർ. രാഷ്‌ട്രീയ വിയോജിപ്പുള്ള സംസ്ഥാന സർക്കാരുകളെ ഞെരുക്കിക്കൊല്ലാൻ ഒരു മടിയുമില്ല. കഴിഞ്ഞ ബജറ്റിന്റെ തകർച്ചയിൽനിന്ന് കേന്ദ്രധനമന്ത്രി ഒരുപാഠവും പഠിച്ചിട്ടില്ല. അതുകൊണ്ട് ഈ ബജറ്റിന്റെ ഗതിയും പഴയതുപോലെയാകും. ഇത്രയും നികുതിയിളവ്‌ കിട്ടിയിട്ടും കോർപറേറ്റുകളുടെ  ലാഭക്കൊതി തീർന്നിട്ടില്ല. ദീർഘനാളിലുള്ള കാപ്പിറ്റൽ ഗെയിൻ ടാക്‌സ്‌  ഉപേക്ഷിക്കണമെന്നും മറ്റും അവർ ആവശ്യപ്പെട്ടിരുന്നു. ഡിവിഡന്റിന്‌ നികുതി പാടില്ലെന്നും. ഡിവിഡന്റ് നികുതി ഇല്ലാതാക്കിയെങ്കിലും ഡിവിഡന്റ് നൽകുന്ന വ്യക്തി നികുതി കൊടുക്കണം. ഇതിൽ പ്രതിഷേധിച്ച് അവർ പണിമുടക്കിയിരിക്കുകയാണ്. സെൻസെക്സ് ആയിരം പോയിന്റാണ് ഇടിഞ്ഞത്. കഴിഞ്ഞ ബജറ്റ്‌ കഴിഞ്ഞ് കോർപറേറ്റുകളെ സാന്ത്വനിപ്പിക്കാൻ ബോംബെയിൽ പോയി കോർപറേറ്റ് ടാക്‌സ്‌  ഇളവ്‌ നൽകിയതുപോലെ എന്തെങ്കിലും നിർമല സീതാരാമൻ ചെയ്‌തേപറ്റൂ. ബജറ്റ് അവതരിപ്പിച്ച് മാസം നാലു തികയുന്നതിനുമുമ്പ് ലോകചരിത്രത്തിൽ ആദ്യമായി മൂന്ന്‌ മിനി ബജറ്റ് കേന്ദ്രധനമന്ത്രിക്ക്‌ അവതരിപ്പിക്കേണ്ടി വന്നു.

ഒരുപക്ഷേ, ഇപ്പോഴത്തെ ബജറ്റ്‌ കഴിഞ്ഞാലും ഇതൊക്കെത്തന്നെയാകും സംഭവിക്കുക. അവതരിപ്പിച്ച്‌ തീരുംമുമ്പേ അപ്രസക്തമാകുന്ന ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന ഖ്യാതി നിർമല സീതാരാമന്‌ സ്വന്തം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top