19 November Tuesday

ഇടതുപക്ഷ മുന്നേറ്റത്തിന്റെ ഫലസന്ദേശം

കോടിയേരി ബാലകൃഷ്ണൻUpdated: Friday Nov 1, 2019

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഇടതുപക്ഷത്തിന് കേരളത്തിലടക്കം വലിയ പരാജയമുണ്ടായി. അതോടെ ഇടതുപക്ഷത്തെ എഴുതിത്തള്ളാൻ രാഷ്ട്രീയവിശാരദന്മാരും  ശത്രുവർഗ രാഷ്ട്രീയക്കാരും ഉത്സാഹിച്ചു. പക്ഷേ, കേരളത്തിന്റെയും രാജ്യത്തിന്റെയും ഭാവിക്ക് ഇടതുപക്ഷം വേണമെന്നും ഇടതുപക്ഷം മുന്നേറണമെന്നുമുള്ള ചിന്ത വോട്ടർമാരുടെ മനസ്സിൽ രൂഢമൂലമാണെന്ന സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. കേരള രാഷ്ട്രീയമാകട്ടെ, ഇടതുപക്ഷത്തിന് മേൽകൈയുള്ള സ്ഥായിയായ ധ്രുവീകരണത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ ദിശാസൂചനയാണ് സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പോടെ ഇനി കേരളത്തിലും ഇടതുപക്ഷം തിരിച്ചുവരില്ലായെന്ന് ജാതകംകുറിച്ചവരുണ്ട്. എന്നാൽ, 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് മണ്ഡലത്തിൽ അഞ്ചിടത്തും ജയിച്ചത് യുഡിഎഫ് ആയിരുന്നു. എന്നാൽ, അന്ന് ഒരിടത്തുമാത്രം ജയിച്ച എൽഡിഎഫ് ഇപ്പോൾ മൂന്നിടത്ത് വിജയിച്ചു. അതോടെ രാഷ്ട്രീയസ്ഥിതിഗതികളിൽ പ്രകടമായ മാറ്റം സംഭവിക്കുകയാണ്. ഇതിന്റെ അലയടി യുഡിഎഫിലും സംസ്ഥാനത്തെ എൻഡിഎയിലും ഉണ്ടായിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയം സംസ്ഥാനത്ത് ഇനി അകപ്പെടാൻപോകുന്ന പ്രതിസന്ധിയുടെ ആഴം വിളിച്ചറിയിക്കുന്നതാണ് വോട്ടെടുപ്പ് ഫലം.

ഇടതുപക്ഷം ഒരിക്കലും ജയിക്കാത്ത മണ്ഡലമായ, 54 വർഷമായി കെ എം മാണിമാത്രം ജയിച്ച പാലായിലും കുറെയധികകാലമായി യുഡിഎഫ് കൈയടക്കിയിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് വിജയക്കൊടി പാറിച്ചു. തരംഗതുല്യമായ വിജയമാണ് വട്ടിയൂർക്കാവിലുണ്ടായത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യുഡിഎഫിന് പതിമൂന്നായിരം വോട്ടും ബിജെപിക്ക് 23,000 വോട്ടും കുറഞ്ഞപ്പോൾ എൽഡിഎഫിന് 15,000 വോട്ട് വർധിച്ചു. മേയറായിരുന്ന അഡ്വ. വി കെ പ്രശാന്ത് 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലോക്സഭ‐നിയമസഭ തെരഞ്ഞെടുപ്പുകളിൽ രണ്ടാംസ്ഥാനത്തായിരുന്ന ബിജെപി ഇവിടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. കുമ്മനം രാജശേഖരന് 2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 43,700 വോട്ടും ലോക്സഭയിലേക്ക് 50,709 വോട്ടുമാണ് കിട്ടിയത്. ഇത്തവണ ബിജെപിയുടെ വോട്ട് 27,453 ആയി. യുഡിഎഫ് കഴിഞ്ഞ ലോക്സഭയിൽ 53,545 വോട്ടും നിയമസഭയിൽ 51,322 വോട്ടും നേടിയെങ്കിൽ ഇത്തവണ അത് 40,365ആയി കുറഞ്ഞു. എന്നാൽ, എൽഡിഎഫിന് 54,830 വോട്ട് ലഭിച്ചു. അതായത്, യുഡിഎഫ് വോട്ട് വേട്ട നടത്തിയ കാലത്തേക്കാൾ വോട്ട് എൽഡിഎഫ് വട്ടിയൂർക്കാവിൽ നേടിയെന്ന് സാരം.

2016 ലെ നിയമസഭയിലേക്ക് 52,052 ലഭിച്ച എൽഡിഎഫ് ഇക്കുറി 54,099 വോട്ട് നേടി. 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിലെ കെ യു ജനീഷ് കുമാർ വിജയിച്ചത്

വട്ടിയൂർക്കാവിലെപ്പോലെ കോന്നിയിലും എൽഡിഎഫ് വിജയത്തിന് പ്രത്യേകതയുണ്ട്. കാരണം 23 വർഷമായി യുഡിഎഫ് കൈവശംവച്ച സീറ്റാണിത്. എന്തായാലും ഈ സീറ്റ് ഇത്തവണ കൈവശപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി മത്സരിച്ചത്. പക്ഷേ, 39,786 വോട്ടുമായി ബിജെപി മൂന്നാംസ്ഥാനത്തായി. യുഡിഎഫിന് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 72,800 വോട്ടായിരുന്നു. അത് ഇക്കുറി 44,146 ആയി. എന്നാൽ, 2016 ലെ നിയമസഭയിലേക്ക് 52,052 ലഭിച്ച എൽഡിഎഫ് ഇക്കുറി 54,099 വോട്ട് നേടി. 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിലെ കെ യു ജനീഷ് കുമാർ വിജയിച്ചത്.


 

യുഡിഎഫിന്റെ കോട്ടയായി കരുതുന്ന എറണാകുളത്ത് അവർ ജയിച്ചതാകട്ടെ 3,750 വോട്ടിനാണ്. 2016 ലെ നിയമസഭയിൽ 21,949 വോട്ടും  2019ലെ ലോക്സഭയിൽ 31,178 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്. എൽഡിഎഫ് സ്ഥാനാർഥി മനു റോയിയുടെ അപരൻ പിടിച്ചത് 2,572 വോട്ടാണ്. അതുകൂടി കണക്കാക്കിയാൽ യുഡിഎഫിന്റെ വിജയം വളരെ നേരിയതാണ്. വോട്ടെടുപ്പിനെ ബാധിച്ച മഴ കാരണം കോളനിയിൽ താമസിക്കുന്ന വോട്ടർമാർക്കുൾപ്പെടെ വോട്ട് ചെയ്യാൻ കഴിയാതെവന്നു. അതെല്ലാം കണക്കിലെടുക്കുമ്പോൾ എറണാകുളത്തെ യുഡിഎഫ് ജയം രാഷ്ട്രീയനേട്ടമല്ല, സാങ്കേതിക അർഥത്തിലെ വിജയം മാത്രമാണ്.

മഞ്ചേശ്വരത്ത് ബിജെപി നേതൃത്വത്തിൽ ഹിന്ദുവിന്റെയും മുസ്ലിംലീഗിന്റെ ആഭിമുഖ്യത്തിൽ മുസ്ലിമിന്റെയും ധ്രുവീകരണത്തിന് ഇരുകൂട്ടരും വലിയ കരുനീക്കം നടത്തി. ഈ രണ്ടു വിഭാഗക്കാർക്കും എതിരായി മതനിരപേക്ഷ വിശ്വാസികളെ അണിനിരത്താനും ഉണർത്താനുമുള്ള പ്രവർത്തനമാണ് എൽഡിഎഫ് നടത്തിയത്. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറായിരത്തോളം വോട്ട് എൽഡിഎഫിന് വർധിച്ചു. ലോക്സഭയിൽ 32,796 വോട്ട് ലഭിച്ചിടത്താണ് ഇക്കുറി 38,233 വോട്ടായി വർധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞത്.

2006, 2011, 2016 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അരൂരിൽ എൽഡിഎഫ് ജയിച്ചു. അതിനുമുമ്പ് യുഡിഎഫ് ജയിച്ചുവന്ന മണ്ഡലമാണിത്

ആറ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാലാ ഉൾപ്പെടെ മൂന്നിടത്ത് എൽഡിഎഫ് ജയിച്ചുവെന്നത് ഇടതുപക്ഷം ആർജിച്ച വലിയ രാഷ്ട്രീയനേട്ടമാണ്. ഈ വിജയത്തോടെ നിയമസഭയിൽ എൽഡിഎഫ് എംഎൽഎമാരുടെ എണ്ണം 91ൽനിന്ന് 93 ആയി. പക്ഷേ, തിളക്കമുള്ള ഈ വിജയത്തിന് മങ്ങലേൽപ്പിക്കുന്നതായി അരൂരിലെ എൽഡിഎഫിന്റെ പരാജയം. 2006, 2011, 2016 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അരൂരിൽ എൽഡിഎഫ് ജയിച്ചു. അതിനുമുമ്പ് യുഡിഎഫ് ജയിച്ചുവന്ന മണ്ഡലമാണിത്. യുഡിഎഫ് വിജയിച്ച ഇവിടെ ബിജെപി വോട്ടിൽ പ്രകടമായ കുറവുണ്ടായി. 2016 ൽ നിയമസഭയിലേക്ക് 27,753 വോട്ടും 2019ൽ ലോക്സഭയിലേക്ക് 25,250 വോട്ടും എൻഡിഎ നേടിയിരുന്നു. പക്ഷേ, ഇക്കുറി ബിജെപി പിടിച്ചത് 16,289 വോട്ട് മാത്രമാണ്. ബിജെപി വോട്ടിലെ ചോർച്ച യുഡിഎഫ് വിജയത്തിലെ ഒരു ഘടകമായിട്ടുണ്ട്.

2079 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫിലെ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫിനാകട്ടെ 67,277 വോട്ട് കിട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 65,008 വോട്ട്. അതിനെ അപേക്ഷിച്ച് 2269 വോട്ടിന്റെ വർധന. ചെറിയവോട്ടിനാണ് എൽഡിഎഫ് പരാജയപ്പെട്ടതെങ്കിലും നഷ്ടമായത് സിറ്റിങ് സീറ്റാണ്. മറ്റ് മണ്ഡലങ്ങൾ പിടിച്ചെടുക്കുന്ന പ്രവണതയുണ്ടായിട്ടും സ്വന്തം സീറ്റ് നഷ്ടമാകാനിടയായത് എന്തുകൊണ്ട് എന്നകാര്യം പാർടി സംഘടനാതലത്തിൽ വിശദമായി പരിശോധിക്കും. മറ്റ് മണ്ഡലങ്ങളിൽ ഉണ്ടായതുപോലൊരു മുന്നേറ്റം എന്തുകൊണ്ട് ഇവിടെയുണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് സ്വയംവിമർശനപരമായി ബൂത്തുതലംവരെ പരിശോധന നടത്തും.

ആറ് നിയമസഭാ മണ്ഡലത്തിലെ ഫലം വ്യക്തമാക്കുന്ന സന്ദേശങ്ങൾ ചിലതുണ്ട്. എൽഡിഎഫ് സർക്കാരിന്റെയും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെയും വിലയിരുത്തലായിരുന്നു വോട്ടെടുപ്പ്. ഇക്കാര്യത്തിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാരിന് ജനങ്ങളുടെ വലിയതോതിലുള്ള പിന്തുണയുണ്ടെന്ന് തെളിഞ്ഞു. മുന്നണിയെന്ന നിലയിൽ എൽഡിഎഫിന്റെ യോജിച്ച പ്രവർത്തനം തെരഞ്ഞെടുപ്പ് വിജയത്തിലെ വലിയൊരു ഘടകമാണ്. അതുപോലെ സിപിഐ എമ്മിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ ശക്തിയും. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയം ജാതി–മത– രാഷ്ട്രീയത്തിനുള്ള പ്രഹരവും മതനിരപേക്ഷതയുടെ വിജയവുമാണ്. എൽഡിഎഫ് സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ എൻഎസ്എസിന്റെ നേതൃത്വത്തിലുള്ള ഇടപെടലുണ്ടായി. ഇത് വട്ടിയൂർക്കാവിലും കോന്നിയിലും വാർഡ്തലങ്ങളിൽവരെ നീണ്ടു. സമദൂരം മാറ്റി ശരിദൂരമായി യുഡിഎഫിനെ സഹായിക്കുന്ന നിലപാടെടുത്തു. എന്നാൽ, അതിനെയെല്ലാം മറികടന്നാണ് ആ സമുദായത്തിലെ അംഗങ്ങൾ ഉൾപ്പെടെ എൽഡിഎഫിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത്.

ഏതെങ്കിലും ജാതി–മത– സാമുദായിക ശക്തികളുടെ തീട്ടൂരത്തിനൊത്ത് ആടുന്നവരല്ല വോട്ടർമാരെന്ന് തെളിഞ്ഞു. ഇതിൽനിന്നെല്ലാം പാഠം പഠിക്കാൻ സമുദായ സംഘടനാ നേതാക്കൾ തയ്യാറാകും എന്നുകരുതാം. എൽഡിഎഫ് ഏതെങ്കിലും ജാതി–മത– സമുദായങ്ങൾക്കോ അവരുടെ സംഘടനകൾക്കോ എതിരായ പ്രസ്ഥാനമല്ല. ന്യായമായ ഏത് ശബ്ദവും ചെവിക്കൊള്ളുന്ന പ്രസ്ഥാനമാണ്. വർഗീയതയെ ചെറുക്കുന്നതിലും മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്നതിലും ഒരു ചാഞ്ചാട്ടവും എൽഡിഎഫ് കാട്ടില്ല.

ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ കാത്തിരിക്കുന്നത് വലിയ തകർച്ചയാണ്. മോഡി തരംഗം അസ്തമിച്ചുവെന്നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ ഫലങ്ങൾ നൽകുന്ന ദേശീയസൂചന

ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം കേരളരാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് വഴിതുറക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ കാത്തിരിക്കുന്നത് വലിയ തകർച്ചയാണ്. മോഡി തരംഗം അസ്തമിച്ചുവെന്നാണ് മഹാരാഷ്ട്ര, ഹരിയാന നിയമസഭാ ഫലങ്ങൾ നൽകുന്ന ദേശീയസൂചന. ബിജെപി സഖ്യത്തിൽ ഇനിയും തുടരണമോയെന്ന ചിന്തയും പുനരാലോചനയും എൻഡിഎയിലെ കക്ഷികളിൽ ശക്തിപ്പെടും. ബിജെപിയിലെ ആഭ്യന്തരകലഹം മൂർച്ഛിക്കുകയുംചെയ്യും. ആർഎസ്എസ് നയിക്കുന്ന കേന്ദ്രഭരണത്തിന്റെ ഉരുക്കുമുഷ്ടികൾകൊണ്ടൊന്നും ഇതിനെ തടുത്തുനിർത്താനാകില്ല. നരേന്ദ്ര മോഡിയുടെ കേന്ദ്രഭരണം കൂടുതൽ ജനവിരുദ്ധമായിക്കൊണ്ടിരിക്കുകയാണ്. കോർപറേറ്റ്വൽക്കരണവും ധനമൂലധനശക്തികളോടുള്ള ഉദാരസമീപനവും തുടരുന്ന കേന്ദ്രസർക്കാരിനെതിരെ ബഹുജനപ്രക്ഷോഭവും എതിർപ്പും പടരാൻ പോകുകയാണ്.

കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഇതുവരെ നിലനിന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിലൂന്നിയാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ മറികടക്കാനും മേൽക്കൈ നേടാനും മാറിയും മറിഞ്ഞും വർഗീയശക്തികളെ യുഡിഎഫ് കൂട്ടുപിടിച്ചിരുന്നു. ആ സമീപനം ഇന്നും തുടരുകയാണ്. എന്നാൽ, കമ്യൂണിസ്റ്റ് വിരുദ്ധതയിൽ പടുത്തുയർത്തിയ യുഡിഎഫ് ഇനി ആ രാഷ്ട്രീയവുമായി അധികകാലം മുന്നോട്ടുപോകില്ല എന്നതിന്റെ മുന്നറിയിപ്പുകൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top