19 January Sunday

വേണം, കുട്ടികൾക്കിണങ്ങിയ ലോകം

പി സതീദേവിUpdated: Saturday Jun 1, 2019

ഇന്ന്‌ സാർവദേശീയ ശിശുദിനം

അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധത്തിന്റെ മഹനീയത പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് തൊടുപുഴയിൽ പെറ്റമ്മയും സുഹൃത്തും ചേർന്ന് ഏഴ് വയസ്സുകാരനായ മകനെ മൃഗീയമായി തല്ലിച്ചതച്ച് കൊന്നുവെന്ന വാർത്ത വന്നത്. 

രക്ഷാകർത്താക്കൾതന്നെ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിന്റെ വാർത്തകൾ നാം നിരന്തരം കേട്ടുകൊണ്ടിരിക്കുകയാണ്. രോഗശയ്യയിലായ ഭർത്താവിനെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം വാടക വീട്ടിൽ കഴിയുന്ന സ്ത്രീ മകനെ തല്ലിച്ചതച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു. ജാമ്യത്തിലിറങ്ങിയ ദിവസംതന്നെ വീണ്ടും കുട്ടിയോട് പകതീർത്തു.
എസ്എസ്എൽസി പരീക്ഷയിൽ ആറ് വിഷയത്തിന്  മാത്രമേ എ പ്ലസ് കിട്ടിയുള്ളൂവെന്ന് കുറ്റപ്പെടുത്തി മകനെ മൺവെട്ടികൊണ്ട് അടിച്ച്പ പരിക്കേൽപ്പിച്ചതിന് അച്ഛനെ അറസ്റ്റ് ചെയ്തുവെന്ന വാർത്ത വന്നത് ഇത്തവണത്തെ എസ്എസ്എൽസി ഫലം വന്ന ദിവസമാണ്.

പ്രസവിച്ചയുടനെ കുഞ്ഞുങ്ങളെ വിൽപ്പന നടത്താൻ ആശുപത്രികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളും ഗാർഹിക ജോലിക്കെന്ന് പറഞ്ഞ് കുട്ടികളെ കടത്തിക്കൊണ്ടുെവന്ന് ലൈംഗികത്തൊഴിലിനായി ഏർപ്പാട് ചെയ്യുന്ന മാഫിയ സംഘങ്ങളും ഭിക്ഷാടനത്തിനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളുമെല്ലാം വ്യാപകമാണെന്ന് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.

കുട്ടികളെ രാഷ്ട്ര്ത്തിന്റെ സമ്പത്തായി കാണണം
ലോകത്താകമാനമുള്ള കുട്ടികളുടെ ജീവിതം യാതനാനിർഭരമായിക്കൊണ്ടിരിക്കുന്നുവെന്ന യുനിസെഫിന്റെ റിപ്പോർട്ടുകൾ ആശങ്കയുളവാക്കുന്നതാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊൽക്കത്ത, ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലായിമാത്രം ഏതാണ്ട് 3.5 ലക്ഷത്തോളം തെരുവ് കുട്ടികളുണ്ടെന്നാണ് കണക്ക്. കുട്ടികളെ  രാഷ്ട്ര ത്തിന്റെ സമ്പത്തായി കാണുന്നതിനുപകരം കേവലം വിൽപ്പനച്ചരക്കുകളായി മാറ്റപ്പെടുന്നുവെന്ന ഗൗരവകരമായ അവസ്ഥാവിശേഷം നിലനിൽക്കുമ്പോഴാണ് ഇത്തവണ സാർവദേശീയ ദിനാചരണം നടക്കുന്നത്.

1949 നവംബർ 22ന് മോസ്കോയിൽ  നടന്ന വിമൻസ് ഇന്റർനാഷണൽ ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനമാണ് ജൂൺ ഒന്ന് സർവദേശീയ ശിശുദിനമായി ആചരിക്കാൻ തീരുമാനിച്ചത്. സ്ത്രീകളുടെ സാർവദേശീയ സമ്മേളനം കൈക്കൊണ്ട തീരുമാനമെന്നനിലയിൽ അമ്മമാർ കുഞ്ഞുങ്ങൾക്കായി ആചരിക്കുന്ന ദിവസംകൂടിയാണ് ജൂൺ ഒന്ന്. കുട്ടികൾക്ക്ന നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനും കുട്ടികൾക്കിണങ്ങിയ ഒരുലോകം കെട്ടിപ്പടുക്കുന്നതിനുമുള്ള ആഹ്വാനമാണ് ശിശുദിനം ഉയർത്തുന്നത്. സോവിയറ്റ് യൂണിയനും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമാണ് ജൂൺ ഒന്ന്ള സാർവദേശീയ ശിശുദിനമായി ആചരിച്ച് വന്നിരുന്നത്. സോഷ്യലിസ്റ്റ് ആശയമുൾക്കൊണ്ട ഒരു ഭരണകൂടത്തിന്റെ സാന്നിധ്യമുണ്ടായിരുന്നപ്പോൾ സോവിയറ്റ് യൂണിയൻ കുട്ടികൾക്ക് നൽകിവന്നിരുന്ന പരിഗണനകൾ അസൂയാവഹമായിരുന്നു. ഓരോ രാജ്യങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലായി ശിശുദിനാചരണം നടക്കുന്നുണ്ടെങ്കിലും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ല. വർധിച്ചുവരുന്ന വർഗീയ കലാപങ്ങളുടെയും വംശീയഹത്യകളുടെയുമെല്ലാം ഇരകളാക്കപ്പെടുന്നത് കുട്ടികളാണ്. യുദ്ധക്കെടുതികളിൽ പലായനം ചെയ്യപ്പെടേണ്ടിവരുന്ന നിഷ്കളങ്ക ബാല്യങ്ങൾ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളാണ് നമുക്ക് നൽകുന്നത്.

ലാഭാധിഷ്ഠിതമായ മുതലാളിത്ത വ്യവസ്ഥയിൽ കുട്ടികളെ കച്ചവടച്ചരക്കായി കാണുകയാണ്. ആഗോളവൽക്കരണ നയങ്ങൾ ഉണ്ടാക്കിയ ഉപഭോഗസംസ്കാരവും സൈബർ മേഖലയിലെ കുരുക്കുകളുമെല്ലാം കുട്ടികളെ ദോഷകരമായി ബാധിക്കുകയാണ്. കുട്ടികളെ മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഇരകളാക്കിയെടുക്കാനും അവരെ ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനുമുള്ള റാക്കറ്റുകൾ വ്യാപകമാണ്.  കമ്പോളവ്യവസ്ഥയുടെ ഉപകരണങ്ങളായി കുട്ടികളെ മാറ്റുന്നത് മുതിർന്നവർതന്നെയാണ്.രക്ഷകരാകേണ്ടവർതന്നെ ചൂഷണത്തിന് നേതൃത്വം കൊടുക്കുന്നുവെന്നതാണ് ഗൗരവകരമായ ചർച്ചയ്ക്ക് വിധേയമാക്കേണ്ടത്.

14 വയസ്സുവരെ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം  ഓരോ കുട്ടിക്കും ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുമ്പോഴും, ബാലവേല നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ തയ്യാറായ മോഡി സർക്കാർ വിനോദവ്യവസായ മേഖലകളിലും ഗാർഹിക ചുറ്റുപാടിലും പിഞ്ചുബാല്യങ്ങളുടെ അധ്വാനം ചൂഷണംചെയ്യാനുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പഠിച്ചുവളരേണ്ടപ്രായത്തിൽ നാമമാത്രമായ കൂലിക്ക് കുട്ടികളെ ഗാർഹികാന്തരീക്ഷത്തിൽ ജോലി ചെയ്യിക്കുന്നതും കുഞ്ഞുങ്ങൾക്ക് മതിയായ ഭക്ഷണം നൽകാതെയും നിസ്സാരകാര്യങ്ങൾക്ക് ക്രൂരമായ പീഡനങ്ങൾക്ക് ഇരകളാക്കുകയും ചെയ്യുന്ന സംഭവങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നത്.

ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്തണം
കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങളിൽ പലതിലും  രക്ഷകരാകേണ്ടവർ പ്രതിസ്ഥാനത്ത് എത്തുന്നു. എന്നാൽ, ഇത്തരം കേസുകൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. പോക്സോ നിയമം ദുരുപയോഗപ്പെടുത്തിയ സംഭവങ്ങൾപോലുമുണ്ടായിരുന്നു. പോക്സോ നിയമപ്രകാരം സംഭവം നടന്ന്ന 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതി മുമ്പാകെ സമർപ്പിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും പ്രാവർത്തികമാക്കപ്പെടുന്നില്ല. വർഷങ്ങൾ നീണ്ടുനിൽക്കുന്ന അന്വേഷണവും വിചാരണയുമെല്ലാം കുറ്റവാളികൾ രക്ഷപ്പെട്ടുപോകാൻ ഇടയാക്കുന്നുണ്ട്.

മതപഠനത്തിന്റെ പേരിൽ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മതവിശ്വാസവും ആചാരങ്ങളും പ്രായപൂർത്തിയാകാത്ത കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ആർക്കും അവകാശമില്ല. പ്രതികരിക്കാനാകാത്ത കുട്ടികളുടെ യജമാനന്മാരായി രക്ഷിതാക്കൾ സ്വയംമാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

കുട്ടികൾ അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ നേർക്കാഴ്ചകളാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇതിന്റെ പരിഹാര മാർഗങ്ങളെക്കുറിച്ച് ഗൗരവതരമായി  ചിന്തിക്കേണ്ട സമയമാണിത്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ പൗരാവകാശങ്ങളും മുതിർന്നവരെപോലെ കുട്ടികൾക്കും ഉണ്ടെന്ന്ക അംഗീകരിക്കപ്പെടണം. കുട്ടികളുടെമേൽ യാതൊന്നും അടിച്ചേൽപ്പിക്കരുതെന്നും കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കരുതെന്നുള്ള അവബോധം കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടായിരിക്കണം. കുട്ടികൾക്ക് ഭയാശങ്കകളില്ലാതെ ജീവിക്കാൻ പറ്റുന്ന ചുറ്റുപാട് ഉണ്ടാക്കിക്കൊടുക്കുക എന്നത് സമൂഹത്തിന്റെ  ഉത്തരവാദിത്തമാണ്. വീടുകളിലും യാത്രാവേളകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം ശിശുസൗഹൃദ അന്തരീക്ഷം ഉറപ്പുവരുത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്.

മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസലിങ് അടക്കമുള്ള സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. വർധിച്ചുവരുന്ന പീഡന വാർത്തകളിലൂടെ എല്ലാവരെയും സംശയത്തോടെ നോക്കുന്ന ഒരു മാനസികാവസ്ഥ കുട്ടികൾക്കുണ്ടായിക്കൂടാ. അതുകൊണ്ടുതന്നെ ബോധവൽക്കരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. കുട്ടികളുടെ പരിരക്ഷ ഉറപ്പുവരുത്താൻ ഏറ്റവും നന്നായി ഇടപെടാനാകുന്ന സ്ത്രീകളെയും മഹിളാ സംഘടനകളെയും ഇത്തരം പ്രവർത്തനങ്ങളിലും കാര്യക്ഷമമാക്കണം.

കുട്ടികളെ നാളെയുടെ വാഗ്ദാനങ്ങളായി വളർത്തിയെടുക്കുന്നതിനും  ഭാവിയുടെ സമ്പത്തായി മാറ്റുന്നതിനുംവേണ്ടിയുള്ള പ്രവർത്തനങ്ങളിലേക്ക്  സമൂഹത്തിന് മുന്നോട്ടുപോകാനാകണം. അതിനുവേണ്ടി ഈ സാർവദേശീയ ശിശുദിനാചരണത്തിന്റെ ലക്ഷ്യപ്രാപ്തിക്കായി നമുക്കൊരുമിച്ച് മുന്നോട്ടുപോകാം.
 


പ്രധാന വാർത്തകൾ
 Top