29 February Saturday

പ്രതിഷേധത്തിൽനിന്ന്‌ പ്രതിരോധത്തിലേക്ക്‌

കെ എൻ പണിക്കർUpdated: Wednesday Jan 1, 2020

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും നിർണായകവും അപകടകരവും അതേസമയം ശുഭാപ്‌തിവിശ്വാസം നൽകുന്നതുമായ ഒരു കാലഘട്ടത്തിലൂടെയാണ്‌ രാഷ്‌ട്രം കടന്നുപോകുന്നത്‌.  പാശ്ചാത്യ അധിനിവേശത്തിന്റെ രാഷ്‌ട്രീയ അടിമത്വത്തിൽനിന്ന്‌ മോചനം നേടിയ ഇന്ത്യ, സ്വാതന്ത്ര്യസമരം നൽകിയ ആത്മവിശ്വാസവും സ്വാഭിമാനവും മൂലധനമാക്കിക്കൊണ്ട്‌ ഒരു പുതിയ രാഷ്‌ട്രനിർമിതിയിലേർപ്പെട്ടു. ദേശാഭിമാനികളുടെ ഒരു തലമുറ  ഇന്ത്യയെന്ന രാഷ്‌ട്രത്തിന്റെ സാമൂഹ്യവും സാംസ്‌കാരികവുമായ സ്വഭാവം തിരിച്ചറിയുകയും അതിന്റെ ചരിത്രപരമായ വളർച്ചയ്‌ക്ക്‌ ആവശ്യമായ ഒരു രാഷ്‌ട്രീയ ചട്ടക്കൂടും ഭരണപദ്ധതിയും വിഭാവനം ചെയ്യുകയും ചെയ്‌തു. ഇതിനുള്ള ശക്തി സംഭരിച്ചത്‌ ഏകദേശം നൂറുകൊല്ലം നീണ്ടുനിന്ന അധിനിവേശവിരുദ്ധ സമരത്തിലൂടെയായിരുന്നു.

ജനതയുടെ സ്വാതന്ത്ര്യബോധം വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള സമരംകൂടിയായിരുന്നു അത്‌. ഈ സമരത്തിന്റെ വിജയകരമായ പരിസമാപ്‌തിയിലാണ്‌ ഇന്ത്യയെന്ന ആധുനിക രാഷ്‌ട്രത്തിന്റെ രൂപീകരണം. മറ്റൊരു തരത്തിൽപറഞ്ഞാൽ ഇന്ത്യയെന്ന രാജ്യത്തിൽനിന്ന്‌ ഇന്ത്യയെന്ന രാഷ്‌ട്രത്തിലേക്കുള്ള പരിണാമം. ഈ പരിണാമത്തിന്റെ രാഷ്‌ട്രീയസ്വഭാവം അടയാളപ്പെടുത്തിയ രേഖയാണ്‌ ഇന്ത്യയുടെ ഭരണഘടന. കഴിഞ്ഞ എഴുപതുവർഷങ്ങളിലെ ഇന്ത്യയുടെ പുരോഗതി ഭരണഘടന ജനങ്ങൾക്ക്‌ നൽകിയ  വാഗ്‌ദാനങ്ങൾ  പരിപാലിക്കപ്പെട്ടു, അല്ലെങ്കിൽ പാലിക്കപ്പെട്ടില്ല എന്നതിന്റെ നാൾവഴിയാണ്‌. ഉദാരമതികളും പുരോഗമനവാദികളുമായ ഇന്ത്യക്കാർ ഭരണഘടന ഉൾക്കൊള്ളുന്ന ആശയങ്ങളെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നു. വർഗീയവാദികൾ അവയെ നിഷേധിക്കാനും.

സ്വതന്ത്രഭാരതത്തിൽ രണ്ടുതരം പ്രവണതകൾ ജനമനസ്സുകളെ സ്വാധീനിക്കാൻ ശ്രമിച്ചതായി കാണാം. മതനിരപേക്ഷതയെയും ബഹുസ്വരതയെയും അനുകൂലിച്ച രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രസ്ഥാനങ്ങൾ ഇന്ത്യയെന്ന ആശയത്തിന്‌ മൂർത്തമായ രൂപം നൽകാൻ ശ്രമിച്ചതാണ്‌ ഒന്ന്‌. അതേസമയത്തു തന്നെ ഹിന്ദുദേശീയവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു കാഴ്‌ചപ്പാടും ഒരു വിഭാഗം ജനങ്ങളെ സ്വാധീനിച്ചു. ഈ രണ്ടു പ്രവണതകൾ തമ്മിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ മത്സരത്തിന്റെ അടിയൊഴുക്കുകൾ ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ മുഖ്യസ്വഭാവമായി രൂപംകൊണ്ടു. വർഗാധിഷ്‌ഠിതമായ രാഷ്‌ട്രീയത്തിനും ഉദാരസ്വഭാവമുള്ള രാഷ്‌ട്രീയത്തിനും അതീതമായി മതസ്വത്വ രാഷ്‌ട്രീയം ഇടംപിടിച്ചു. തൽഫലമായിട്ടാണ്‌ 2014ൽ ഹിന്ദുത്വവർഗീയതയിൽ വേരുകളുള്ള ബിജെപി അധികാരത്തിൽ വന്നത്‌.

ഹിന്ദുത്വത്തിന്റെ രണ്ട്‌ ഘട്ടം
ഭരണഘടന സ്വീകരിച്ച അടിസ്ഥാനതത്വങ്ങളെ നിഷേധിക്കുന്നതാണ്‌ ബിജെപിയുടെ രാഷ്‌ട്രമീമാംസ. അതിന്റെ കേന്ദ്രബിന്ദു ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്‌ട്രമായി പുനഃസംവിധാനം ചെയ്യുക എന്നതാണ്‌. അതിനുള്ള ആദ്യ കാൽവയ്‌പുകളായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രിസഭയുടെ നടപടികൾ. പശുമാംസ നിരോധനവും ന്യൂനപക്ഷ ധ്വംസനവും വിദ്യാഭ്യാസത്തിന്റെ ഹിന്ദുത്വവൽക്കരണവും മറ്റനവധി മതപ്രേരിതമായ പ്രവർത്തനങ്ങളും അതിന്റെ ഭാഗമായിരുന്നു. ഗാന്ധിജിക്കു സമാനമായി സവർക്കറെ പ്രതിഷ്‌ഠിക്കാനുള്ള നീക്കവും ഇതേ ആശയമാണ്‌ മുന്നോട്ടുവച്ചത്‌. ഹിന്ദു–-മുസ്ലിം വേർതിരിവിന്‌ ആർഎസ്‌എസ്‌ തയ്യാറാക്കിയ അജൻഡയാണ്‌ ബിജെപി സർക്കാർ ഏറ്റെടുത്തത്‌.

കഴിഞ്ഞ  തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോഡിയുടെ ഭരണം തിരിച്ചുവന്നതോടെ ഹിന്ദുത്വ വിജയഗാഥയുടെ രണ്ടാംഘട്ടം ആരംഭിച്ചു. ആദ്യഘട്ടത്തിൽ   ബിജെപിയുടെ ആർഎസ്‌എസ്‌ മുഖം പൂർണമായും പ്രത്യക്ഷപ്പെട്ടിരുന്നില്ല. അന്ന്‌ ഹിന്ദുത്വ അജൻഡയുടെ പ്രധാനപ്പെട്ട ആശയങ്ങൾമാത്രമേ നടപ്പാക്കാൻ ശ്രമിച്ചുള്ളൂ. അതിന്റെ ബാക്കിപത്രമാണ്‌ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. 

ജനാധിപത്യവും ഹിന്ദുത്വവും
വ്യത്യസ്‌തമായ അഭിപ്രായങ്ങളെ ബഹുമാനിക്കുക എന്നതാണ്‌ ജനാധിപത്യത്തിന്റെ കാതൽ എങ്കിൽ ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്‌ണുതയാണ്‌ കേന്ദ്ര ഭരണത്തിന്റെ രാഷ്‌ട്രീയ പ്രമാണം. ഭരണകൂട ഭീകരതയുടെ കരാളമുഖം ദർശിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ സ്വതന്ത്രഭാരതത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‌. പക്ഷേ,  ഇത്രയും വ്യാപകമായി ഭരണകൂടസ്ഥാപനങ്ങളെ ജനങ്ങൾക്കെതിരായി ഉപയോഗിച്ച കാലഘട്ടമുണ്ടായിട്ടില്ല. ഹിന്ദുത്വത്തിന്റെ വിമർശകരെ രാജ്യേദ്രോഹികളായി മുദ്രകുത്തി തുറങ്കിലടയ്‌ക്കുന്ന രീതിയാണ്‌ ഭരണകൂടം സ്വീകരിക്കുന്നത്‌. വിമർശകരെ നിശ്ശബ്ദമാക്കാൻ സാധിക്കുമെന്ന മിഥ്യാധാരണയാണ്‌ ഇതിന്റെ പിന്നിലുള്ള വിശ്വാസം.

ഹിന്ദുരാഷ്‌ട്ര നിർമിതിയുടെ  ഒരു നിർണായക ഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. അന്തിമമായി ഇന്ത്യ ഒരു ഹിന്ദുരാഷ്‌ട്രമാണെന്ന്‌ ലോകസമക്ഷം പ്രഖ്യാപിക്കുകയാണ്‌ പൗരത്വ ഭേദഗതി നിയമത്തിലൂടെ ചെയ്‌തിരിക്കുന്നത്‌. ഹിന്ദുക്കൾ ഇവിടെ ജീവിക്കുന്നവരായും അവരുടെ പിതൃഭൂമി ഇന്ത്യയാണെന്നും ഉദ്‌ബോധിപ്പിക്കുന്നു. അതേസമയം, ഇന്ത്യയിലെ അഹിന്ദുക്കൾ ചരിത്രത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ നുഴഞ്ഞുകയറിയ‌വരാണെന്ന്‌ സ്ഥാപിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളല്ലാത്തവർക്ക്‌ ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്ന സവർക്കർ വചനം ഓർമിക്കുക. ആർഎസ്‌എസിന്റെ ഹിന്ദുത്വ സങ്കൽപ്പം നടപ്പാക്കുന്നതിന്റെ സംശയമില്ലാത്ത നടപടിയാണിത്‌. ഒരിക്കൽക്കൂടി വർഗീയവിഭജനത്തിന്‌ വഴിവയ്‌ക്കുന്ന അപകടകരമായ നീക്കം.

വ്യക്തികേന്ദ്രീകൃത ഭരണവും രാഷ്‌ട്രീയവും
കഴിഞ്ഞ അഞ്ചുകൊല്ലത്തെ ഭരണം സൂചിപ്പിക്കുന്ന പല പ്രവണതകളിൽ ഏറ്റവും അപകടകരമായത്‌ എന്ന്‌ വിശേഷിപ്പിക്കാൻ കഴിയുന്നത്‌ അധികാരകേന്ദ്രീകരണവും അതിന്റെ അടിത്തറയായ വ്യക്തിഅധിഷ്‌ഠിത രാഷ്‌ട്രീയവുമാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അതികായനായി ചിത്രീകരിക്കുക മാത്രമല്ല, ഇന്ത്യൻ ജനതയുടെ ഭാവിഭാഗധേയം നിർണയിക്കുന്നതിൽ  അദ്ദേഹത്തിന്റെ അഭിപ്രായം ചോദ്യംചെയ്യപ്പെട്ടുകൂടെന്ന്‌ ശഠിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ തുണയ്‌ക്കുന്നത്‌ ജനാധിപത്യ പ്രക്രിയ അന്യമായ ആർഎസ്‌എസ്‌ എന്ന സംഘടനയും. തൽഫലമായി ആപൽക്കരമായ ഒരു ഭാവിയുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്‌ ഇന്ത്യൻ സമൂഹം.

ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിൽ രണ്ട്‌ ഭരണകൂട ഉപകരണങ്ങൾ ഭാഗികമായി പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഉദ്യോഗസ്ഥരും പൊലീസും അധികാരത്തിന്റെ കൂടെ നിൽക്കുകയാണ്‌ സാധാരണ പതിവ്‌. കഴിഞ്ഞ കുറെക്കാലമായി ഇവ രണ്ടും ഒരതിർത്തിവരെ വർഗീയവൽക്കരിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. പക്ഷേ, നീതിന്യായവ്യവസ്ഥയും പട്ടാളവും താരതമ്യേന സ്വാതന്ത്ര്യസ്വഭാവമുള്ളതായാണ്‌ പ്രവർത്തിച്ചിട്ടുള്ളത്‌. അതിൽ ഈയിടെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്‌ തെളിവുകൾ നമ്മുടെ മുന്നിലുണ്ട്‌. ഉന്നത കോടതിയുടെ പല വിധികളും ആശങ്കയ്‌ക്ക്‌ വഴിവയ്‌ക്കുന്നതായി നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷി സൃഷ്‌ടിച്ച വർഗീയ രാഷ്‌ട്രീയ അവബോധം കോടതിയുടെ കാഴ്‌ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ടോ എന്ന  ആശങ്ക പലർക്കിടയിലുമുണ്ട്‌.

പട്ടാളത്തിൽ വരുത്തിയിട്ടുള്ള ഘടനാപരമായ മാറ്റങ്ങളുടെ സാധ്യതകൾ വ്യക്തമല്ലെങ്കിലും അധികാര കേന്ദ്രീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ നിസ്സംശയം പറയാം. മൂന്ന്‌ പട്ടാള മേധാവികളുടെ മുകളിൽ ഒരു സർവാധികാരിയെ നിയമിച്ചിരിക്കുകയാണ്‌. ഈ ഏകജാലകനയം സ്വേച്ഛാധിപത്യത്തെ സുഗമമാക്കുന്നു. ഈയിടെ കരസേനാ മേധാവി ചെയ്‌ത ‘രാഷ്‌ട്രീയ പ്രസംഗം’ അലോസരപ്പെടുത്തുന്ന ഒരു സംഭവവികാസമാണ്‌.

ബിജെപിയുടെ ഭരണം ഇന്ത്യയെ എങ്ങോട്ട്‌ നയിക്കാൻ പരിശ്രമിക്കുന്നുവെന്നതിന്റെ തെളിവുകളാണ്‌ നമ്മുടെ മുന്നിൽ ചുരുളഴിഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇവയെല്ലാം അന്യോന്യം ബന്ധിപ്പിക്കുന്നത്‌ ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്‌ത്രമാണ്‌. അതുകൊണ്ട്‌ ബിജെപി ഇന്ത്യയെ ഫാസിസത്തിലേക്കാണ്‌ നയിക്കുന്നതെന്ന്‌ വ്യക്തമാണ്‌. രാജ്യസുരക്ഷയുടെ പേരിൽ, ദേശീയതയുടെ പേരിൽ ഫാസിസത്തിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു.

വെളിച്ചത്തിന്റെ നാമ്പുകൾ
ഇരുട്ട്‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷത്തിലും വെളിച്ചത്തിന്റെ നാമ്പുകളുണ്ട്‌ എന്നതാണ്‌ ആശ്വാസം. കശ്‌മീരിനെ വിഭജിച്ചതിനുശേഷം പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ തങ്ങൾക്ക്‌ എന്തും ചെയ്യാമെന്ന അഹങ്കാരത്തിന്‌ അടിപ്പെട്ട ഹിന്ദുത്വ ദേശീയശക്തികൾ പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും  നടപ്പിൽവരുത്താനുള്ള തീരുമാനമെടുത്തു. ഇതിനെതിരായി വിദ്യാർഥികളും യുവാക്കളും രാജ്യത്താകെ പ്രതിഷേധവുമായി തെരുവിലിറങ്ങി. നോട്ട്‌ നിരോധനത്തിനെതിരായും ജിഎസ്‌ടിക്കെതിരായും ഗോസംരക്ഷണത്തിന്റെ പേരിൽ നടന്ന നരഹത്യക്കെതിരായും പ്രതിഷേധമുണ്ടായിട്ടുണ്ട്‌. പക്ഷേ , അവയൊന്നും പ്രതിരോധമായി മാറുകയുണ്ടായില്ല. അവ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ ഒതുങ്ങിനിന്ന രോഷപ്രകടനങ്ങളായിരുന്നു. ഈ പ്രതിഷേധവും അങ്ങനെ അവസാനിക്കുമെന്നായിരുന്നു മോഡി–-ഷാ കൂട്ടുകെട്ടിന്റെ  കണക്കുകൂട്ടൽ. പക്ഷേ, ഇത്തവണ പ്രതിഷേധം  പ്രതിരോധത്തിലേക്ക്‌ വളർന്നിരിക്കുന്നു. ബിജെപിയുടെ അജൻഡ ഹിന്ദുത്വ രാഷ്ട്രനിർമിതിയാണെന്നും അവർ ലക്ഷ്യമിടുന്നത്‌ ഭരണഘടനാ അട്ടിമറിയാണെന്നും കക്ഷിവ്യത്യാസങ്ങളില്ലാതെ യുവാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റ്‌ സാമൂഹ്യഘടകങ്ങളും രാഷ്ട്രീയശക്തികളും അവർക്കൊപ്പം അണിനിരന്നിരിക്കുന്നു. പ്രകടമായ പ്രക്ഷോഭങ്ങൾ അവസാനിച്ചാലും, ഇന്ത്യയുടെ യുവജനവിഭാഗം ഒരു നവ രാഷ്‌ട്രീയശക്തിക്ക്‌ ജന്മം കൊടുത്തിരിക്കുകയാണ്‌. സ്വാതന്ത്ര്യത്തിനുവേണ്ടി, മതനിരപേക്ഷതയ്‌ക്കുവേണ്ടി, രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കുവേണ്ടി.  അവർ പ്രതിനിധാനം ചെയ്യുന്നത്‌ ചില  പരിമിതമായ പ്രാദേശിക പ്രശ്‌നങ്ങളെയല്ല, രാഷ്‌ട്രസ്വഭാവം തിരുത്തി എഴുതാനുള്ള പരിശ്രമത്തിന്റെ പ്രതിരോധത്തെയാണ്‌. പ്രതിഷേധം അടിച്ചമർത്തപ്പെട്ടേക്കാം. പക്ഷേ, പ്രതിരോധത്തിന്‌ നൂറ്‌ മുഖമുണ്ട്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top