29 February Saturday

"കാവി സ്വാമി'യുടെ കള്ളച്ചൂത്

കോടിയേരി ബാലകൃഷ്ണൻUpdated: Friday May 10, 2019


വിവാദ ആത്മീയവ്യവസായി ബാബാ രാംദേവിന്റെ പരാതിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ ഹരിദ്വാർ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. മലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന പ്രഗ്യാസിങ് താക്കൂർ ബിജെപി സ്ഥാനാർഥിയായി ഭോപാലിൽ വോട്ട് തേടുന്നതിന്റെ അധാർമികത തുറന്നുകാട്ടി യെച്ചൂരി സംസാരിച്ചതാണ് കച്ചവടസ്വാമിയുടെ അനിഷ്ടത്തിന് കാരണം.

നമ്മുടെ ഇതിഹാസകൃതികളായ "രാമായണം', "മഹാഭാരതം' തുടങ്ങിയവയിലെ യുദ്ധങ്ങളും അക്രമങ്ങളും തന്റെ വാദമുഖം സമർപ്പിക്കാൻ യെച്ചൂരി പരാമർശിച്ചിരുന്നു. എന്നാൽ, രാമായണത്തെയും മഹാഭാരതത്തെയും മറ്റ് ഇതിഹാസകൃതികളെയും അപമാനിച്ചെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമായി   രാംദേവിന്റെ ആക്ഷേപം. ഇത് യുക്തിരഹിതമാണ്. ബിജെപിയെ തെരഞ്ഞെടുപ്പിന് സഹായിക്കാനുള്ള ആശയപരിസരം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ്  ഇത് ചെയ്തത്. പ്രതിവർഷം ആയിരംകോടിയിലധികം രൂപ വരുമാനമുള്ള സ്വാമി സിപിഐ എം ജനറൽ സെക്രട്ടറിക്കെതിരെ പൊലീസിനെ സമീപിച്ചത് മോഡിക്കും കൂട്ടർക്കും വോട്ട് പിടിക്കുന്നതിനുവേണ്ടിയാണ്. സ്വാമിയുടെ പരാതിയിൽ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ പൊലീസ് എഫ്ഐആറിട്ട് യെച്ചൂരിക്കെതിരെ കേസ് ചുമത്തിയിരിക്കുകയാണ്. ഇത്തരം കേസുകൾകൊണ്ട് വർഗീയ ശക്തികൾക്കെതിരായ കമ്യൂണിസ്റ്റുകാരുടെ അചഞ്ചലമായ പോരാട്ടത്തെ തളർത്താനാകില്ല.

മതനിരപേക്ഷ ആശയത്തെ ക്രിമിനൽ കേസിലൂടെ നിശ്ശബ്ദമാക്കാൻ കഴിയില്ല
ബാബാ രാംദേവ് ഒരു പഞ്ചനക്ഷത്ര യോഗാ ഗുരുവാണ്. കള്ളപ്പണ സാമ്രാജ്യത്തിന് മുകളിലിരുന്ന് ഇദ്ദേഹം, രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് കള്ളപ്പണവിരുദ്ധ "നിരാഹാര നാടകം' ഡൽഹിയിൽ നടത്തിയിരുന്നു. യോഗാഭ്യാസത്തിന് പുറമെ ആയുർവേദ മരുന്നു വിൽപ്പനയും ഉണ്ട്. "പതഞ്ജലി' ഉൽപ്പന്നങ്ങളുടെ കച്ചവടം ചെറുതല്ല. ആയുർവേദമരുന്നിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആക്ഷേപം ശക്തമായപ്പോൾ അതേപ്പറ്റി തെളിവുകൾ ശേഖരിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പരസ്യമായി രംഗത്ത് വന്നിരുന്നു. അപ്പോൾ, ഡൽഹിയിലെ സിപിഐ എം ആസ്ഥാനമായ എ കെ ജി ഭവൻ  ആക്രമിച്ചുകൊണ്ടായിരുന്നു വിവാദസ്വാമിയുടെ അനുയായികളും സംഘപരിവാറും പ്രതികരിച്ചത്. രാജ്യത്തിനകത്തും പുറത്തും സ്ഥലം വാങ്ങിക്കൂട്ടുകയും സ്കോട്ട്ലൻഡിൽ ഒരു ദ്വീപ് തന്നെ സ്വന്തമാക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കള്ളപ്പണസാമ്രാജ്യം പടുത്തുയർത്താൻ ബാബാ രാംദേവിന് വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഭരണം തുണയായി. കഴിഞ്ഞ അഞ്ചുവർഷം മോഡിഭരണം കാണിച്ച വഴിവിട്ട പിന്തുണയ്ക്കുള്ള നന്ദിയായിട്ടാകണം യെച്ചൂരിക്കെതിരെ പൊലീസ് കേസിന് പുറപ്പെട്ടത്. കേസിനെ കേസിന്റെ വഴിയിലൂടെ യെച്ചൂരിയും സിപിഐ എമ്മും നേരിടും. മതനിരപേക്ഷ ആശയത്തെ ക്രിമിനൽ കേസിലൂടെ നിശ്ശബ്ദമാക്കാൻ കഴിയില്ല.

കേസിന് ആധാരമായി ഉന്നയിച്ച കാവി സ്വാമിയുടെ വാദമുഖങ്ങൾ അപകടകരമാണ്. രാമായണം, മഹാഭാരതം, ഹിന്ദു എന്നിവയെ കൂട്ടുപിടിച്ചാണ് യെച്ചൂരിക്കെതിരെ പടപ്പുറപ്പാട്. രാമായണത്തിന്റെയും ഭാഗവതാദി പുരാണങ്ങളുടെയും ബ്രഹ്മസൂത്രാദി വേദാന്തകൃതികളുടെയും രചനാകാലത്ത് ഹിന്ദുമതമെന്ന പേര് ഉണ്ടായിരുന്നോ എന്ന് വ്യക്തമാക്കാൻ വിവാദസ്വാമിക്കോ സംഘപരിവാറിനോ കഴിയുമോ?  ഹിന്ദു എന്ന പദം ആദ്യം ഉപയോഗിച്ചത് വിദേശികളാണല്ലോ. ഇന്ത്യയുടെ ഇതിഹാസകൃതിയായി കണക്കാക്കുന്ന മഹാഭാരതത്തിലും ആദ്യകാവ്യമായ രാമായണത്തിലും വേദങ്ങളിലും വേദാന്തഗ്രന്ഥങ്ങളിലും ഉപനിഷത്തുകളിലും "ഹിന്ദു' എന്ന പദം കാണാനാകില്ല. നാം ഹിന്ദുക്കളാണെന്നും നമ്മുടെ മതം ഹിന്ദുമതമാണെന്നും വാത്മീകിയും വേദവ്യാസനും പറഞ്ഞിട്ടില്ല.  ഋഷിമാരും ഉപനിഷത്താചാര്യന്മാരും പറഞ്ഞിട്ടില്ല. എന്തിന് എഡി 8–ാം നൂറ്റാണ്ടിൽ ജീവിച്ച ശങ്കരാചാര്യരോ എഡി 10–ാം നൂറ്റാണ്ടിൽ ജീവിച്ച രാമാനുജാചാര്യരോ ഹിന്ദുമതത്തെപ്പറ്റി ഉച്ചരിച്ചിട്ടില്ല.

ഹിന്ദുത്വമെന്ന പുതിയ മുദ്രാവാക്യമുയർത്തിയത് ആർഎസ്എസ് ആണ്. ഇത് മതപരവും രാഷ്ട്രീയവുമായ മിശ്രസങ്കൽപ്പമാണ്. അക്രമാസക്തമായിട്ടാണെങ്കിലും ഇന്ത്യയെ ഹിന്ദുരാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു. അന്യമതക്കാരുടെ ദേശസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യംചെയ്യുന്നു

ഹിന്ദുത്വമെന്ന പുതിയ മുദ്രാവാക്യമുയർത്തിയത് ആർഎസ്എസ് ആണ്. ഇത് മതപരവും രാഷ്ട്രീയവുമായ മിശ്രസങ്കൽപ്പമാണ്. അക്രമാസക്തമായിട്ടാണെങ്കിലും ഇന്ത്യയെ ഹിന്ദുരാജ്യമാക്കണമെന്ന് ആവശ്യപ്പെടുന്നു. അന്യമതക്കാരുടെ ദേശസ്നേഹത്തെയും സംസ്കാരത്തെയും ചോദ്യംചെയ്യുന്നു. ഇപ്രകാരം ആർഎസ്എസിന്റെ "ഹിന്ദു' സങ്കൽപ്പം ഒരു വർഗീയ രാഷ്ട്രീയ ആശയമാണ്. ഈ പശ്ചാത്തലത്തിൽ വേണം രാമായണത്തെയും മഹാഭാരതത്തെയും കൂട്ടുപിടിച്ച് ഹിന്ദുവിനെ അപകടത്തിൽനിന്ന് രക്ഷിക്കാനുള്ള അവകാശവാദം ഉന്നയിച്ചുള്ള കാവിസ്വാമിയുടെ പുറപ്പാടിനെ വിലയിരുത്തേണ്ടത്. 

നമ്മുടെ ഇതിഹാസകൃതികളിൽ യുദ്ധവും തമ്മിൽപ്പോരും ചോരപ്പുഴയും ഉണ്ടെന്ന് യെച്ചൂരി പറഞ്ഞത് യാഥാർഥ്യമാണെന്നിരിക്കെ, ഇക്കാര്യത്തിൽ സംഘപരിവാറിനുവേണ്ടി പൊലീസിനെക്കൊണ്ട് കേസ് എടുപ്പിച്ചതുകൊണ്ട് ചരിത്രം തലകുത്തിവീഴില്ല. രാമന്റെയും രാവണന്റെയും കുടുംബങ്ങൾതമ്മിലുള്ള രക്തരൂഷിതമായ ഏറ്റുമുട്ടലാണല്ലോ രാമായണം. അതുപോലെ പാണ്ഡവരും കൗരവരും തമ്മിലുള്ള ചോരക്കളി നിറഞ്ഞതല്ലേ മഹാഭാരതം. ഇനി ഭഗവത്ഗീതയുടെ കാര്യമെടുത്താലോ. 80,000 ശ്ലോകങ്ങളുള്ള മഹാഭാരതത്തിന്റെ ഭാഗമാണല്ലോ ഭഗവാന്റെ പാട്ടായ ഭഗവത്ഗീത. പതിനെട്ട് അധ്യായങ്ങളിലായി എഴുനൂറിൽപ്പരം ശ്ലോകങ്ങളുണ്ട് ഗീതയിൽ. യുദ്ധഭൂമിയിൽ ബന്ധുമിത്രാദികളെ കണ്ടപ്പോൾ മനസ്സുപതറിയ അർജുനന് ശ്രീകൃഷ്ണൻ യുദ്ധവീറ് പകരുന്ന കർമോപദേശമാണ് ഗീത. ശ്രീകൃഷ്ണന്റെ ഉപദേശവും അതിനോടുള്ള അർജുനന്റെ പ്രതികരണവുമടങ്ങുന്ന സംവാദമാണ് ആ കൃതി. താടകവധം, ശൂർപ്പണഖയുടെ മുലയരിയൽ, ബാലിവധം തുടങ്ങി സീതാപരിത്യാഗം വരെയുള്ളവ ഹിംസയും അക്രമവുമാണല്ലോ. ഭീഷ്മരെയും ദ്രോണരെയും കർണനെയും ശല്യരെയും പാണ്ഡവർ വീഴ്ത്തുന്നതിൽ ശ്രീകൃഷ്ണൻ ഒരുക്കിക്കൊടുത്ത ചതിയുടെ പങ്കും ചെറുതല്ലല്ലോ. ഇതേപ്പറ്റിയെല്ലാം ചരിത്രപണ്ഡിതരും സാഹിത്യകാരന്മാരും എത്രയെത്ര വിമർശനാത്മകമായ കൃതികൾ രചിച്ചിട്ടുണ്ട്. ഇതൊന്നും മനസ്സിലാക്കാത്ത പൊട്ടക്കിണറ്റിലെ തവളയാണോ "പതഞ്ജലി സ്വാമി'.

തന്റെപേരിൽ സീതയും രാമനുമുണ്ടെന്ന് അറിയാത്ത രാഷ്ട്രീയ നേതാവാണ് സീതാറാം യെച്ചൂരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗാളിലെ തെരഞ്ഞെടുപ്പ് യോഗത്തിൽ പരിഹസിച്ചിരുന്നു. രാമായണം ഉൾപ്പെടെയുള്ള കൃതികളെ വിശാലഹൃദയത്തോടെ സമീപിക്കുന്നതിനുള്ള സ്വാതന്ത്ര്യം ലോകത്തിലുള്ള ഏതൊരാൾക്കും ഉണ്ട്. എത്ര രാമായണങ്ങൾ? മുന്നൂറോ മൂവായിരമോ? ഈ ചോദ്യവുമായി രാമകഥയുടെ ബഹുസ്വരതയുടെ ചുരുക്കം ഒരു ലേഖനമാക്കി പ്രശസ്ത പണ്ഡിതനായ എ കെ രാമാനുജൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ രണ്ട് ഗോത്രങ്ങളുടെ കഥയായിരിക്കണം രാമായണകഥ എന്ന് പുരാവസ്തുഗവേഷകനായ എച്ച് ഡി സങ്കാലിയ അഭിപ്രായപ്പെട്ടിട്ടുണ്ട്. വൈജ്ഞാനികലോകത്തെ ഈ ബഹുസ്വരതയെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് രാംദേവിനെപ്പോലെ മോഡിയും നിലകൊള്ളുന്നത്. അതുകൊണ്ടാണ് നാടിന്റെ ബഹുസ്വരത സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ദേശീയമായി നേതൃത്വം നൽകുന്ന സീതാറാമിനെ രാമന്റെയും സീതയുടെയും പേര് ഉപയോഗിച്ച് പരിഹസിക്കാൻ മോഡി ശ്രമിച്ചത്. ഇതിലൂടെ പരിഹാസ്യനാകുന്നത് മോഡിയാണ്.

ഇതിഹാസകൃതികളിലെ യുദ്ധവും അക്രമവും ഉൾപ്പെടെയുള്ള ഉള്ളടക്കത്തെപ്പറ്റി അഭിപ്രായം പറയുന്നത് എങ്ങനെയാണ് ഒരു ജനവിഭാഗത്തിനെ തരംതാഴ്ത്തുന്നതാകുന്നത്. ഉള്ളടക്കത്തെപ്പറ്റി വ്യത്യസ്ത വിലയിരുത്തലുകൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുന്നതാണ്  നമ്മുടെ ഇതിഹാസകൃതികൾ. ഇവയെ ചുട്ടുകരിക്കാൻ നിൽക്കുന്നവരല്ല കമ്യൂണിസ്റ്റുകാർ. രാമായണം കത്തിക്കണമെന്ന് മുമ്പൊരുകാലത്ത് പ്രസിദ്ധ സാഹിത്യകാരൻ പി കേശവദേവ് പ്രഖ്യാപിച്ചപ്പോൾ അതിനോട് ഇ എം എസ് വിയോജിച്ചു. ഇത്തരം ഇതിഹാസകൃതികൾ ഓരോ കാലഘട്ടത്തിന്റെയും വിലപ്പെട്ട സംഭാവനകളാണെന്നായിരുന്നു ഇ എം എസ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, അവയെ വ്യത്യസ്തരൂപത്തിൽ സമീപിക്കാനുള്ള അവകാശം പൗരന്മാർക്കുണ്ട്. ചിലർ ഭക്തിയുടെയോ മറ്റുചിലർ യുക്തിയുടെയോ രൂപത്തിലാകാം. വിശ്വാസികളെപ്പോലെയാകില്ല കമ്യൂണിസ്റ്റുകാരും പുരോഗമനവാദികളും ഈ കൃതികളെ സമീപിക്കുക.

നീതിന്യായ കോടതിയിൽ മാത്രമല്ല, ജനങ്ങളുടെ കോടതിയിലും മറുപടി നൽകേണ്ടിവരും
മതവിശ്വാസികൾക്കെതിരെ കുരിശുയുദ്ധം നടത്തുന്നവരല്ല കമ്യൂണിസ്റ്റുകാർ. മതം നശിക്കട്ടെ, നിരീശ്വരത്വം നീണാൾ വാഴട്ടെ‐എന്നതല്ല ഞങ്ങളുടെ മുദ്രാവാക്യം. ഭയാനകമായ കഷ്ടതകളുടെ മുന്നിൽ നിസ്സഹായരായ അധ്വാനിക്കുന്ന ജനലക്ഷങ്ങളുടെ പ്രയാസകരമായ ജീവിതമാണ് മതത്തെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യുന്നതെന്ന് കാൾ മാർക്സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പല മതപരമായ ചടങ്ങുകൾക്കും സഹസ്രാബ്ദങ്ങളിലെ സാമൂഹ്യജീവിതത്തിലൂടെ ഉജ്വലമായ ഒരു സാംസ്കാരികപരിവേഷമുണ്ടായിട്ടുണ്ട്. ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ, മുസ്ലിം തുടങ്ങിയ മറ്റ് മതവിഭാഗങ്ങളുടെ വിശേഷദിവസാഘോഷങ്ങൾ, ക്രിസ്മസ് ആഘോഷങ്ങൾ എന്നിവയ്ക്കെല്ലാം മതപരമായ വിശ്വാസാനുഷ്ഠാനങ്ങളെ മറികടക്കുന്ന സാംസ്കാരികതലം ഉണ്ടായിട്ടുണ്ട്. ഇതെല്ലാമടങ്ങിയ മതപരമായ വശം ഒഴിച്ചു നിർത്തിയാലും വിശ്വാസികളെപ്പോലെ അവിശ്വാസികളും പങ്കെടുക്കുന്ന സാമൂഹ്യ ആഘോഷങ്ങളായി ഇവ ഓരോന്നും മാറിയിട്ടുണ്ട്. അതിനാൽ ഈ സാമൂഹ്യ ആഘോഷങ്ങളെ വർഗസമരപ്രസ്ഥാനം വളർത്തിയെടുക്കേണ്ടതിന്റെ ഭാഗമായി വിപ്ലവ തൊഴിലാളിവർഗം ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എം കാഴ്ചപ്പാട്.

ഇതുമായി കൂട്ടിയിണക്കിവേണം, ഇതിഹാസകൃതികളെ തള്ളിപ്പറയുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന വിവരംകെട്ട ആക്ഷേപത്തെ വിലയിരുത്തേണ്ടത്. ഈ കൃതികളിൽ സാമൂഹ്യപുരോഗതിയെ സഹായിക്കുന്നതെന്തുണ്ടോ അതിനെയെല്ലാം ഉപയോഗിക്കുന്നത് വിപ്ലവകാരികളുടെ കടമയാണ്. അതുകൊണ്ടാണ് മോഡിയുടെ തനിനിറം ബോധ്യപ്പെടുത്താൻ ചിലപ്പോഴെല്ലാം ഇതിഹാസകൃതികളിലെ കഥാപാത്രങ്ങളെ യെച്ചൂരി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ പ്രസംഗങ്ങളിൽ ഉദ്ധരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാതെ യെച്ചൂരിക്കെതിരെ കേസിനിറങ്ങിയ കാവിസ്വാമിയും കേസ് ഉണ്ടെന്ന അർഥത്തിൽ അത് ചാർജ് ചെയ്ത പൊലീസിനെ നയിക്കുന്ന ബിജെപി ഭരണക്കാരും നീതിന്യായ കോടതിയിൽ മാത്രമല്ല, ജനങ്ങളുടെ കോടതിയിലും മറുപടി നൽകേണ്ടിവരും.

മതത്തെ നിരാകരിക്കുന്നവരും മതവിശ്വാസം സഹിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന പ്രതീതി 17–ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വോട്ടർമാരിൽ സൃഷ്ടിക്കാനുള്ള കള്ള പ്രചാരവേലയാണ് മോഡിക്കുവേണ്ടി രാംദേവും കൂട്ടരും നടത്തുന്നത്. ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാർടിയുടെയും ഭരണഘടനയിൽ പാർടി അംഗമാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തിൽ മതവിശ്വാസി അല്ലാതാകുക എന്ന് ചേർത്തിട്ടില്ല

മതത്തെ നിരാകരിക്കുന്നവരും മതവിശ്വാസം സഹിക്കാത്തവരുമാണ് കമ്യൂണിസ്റ്റുകാരെന്ന പ്രതീതി 17–ാം ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വോട്ടർമാരിൽ സൃഷ്ടിക്കാനുള്ള കള്ള പ്രചാരവേലയാണ് മോഡിക്കുവേണ്ടി രാംദേവും കൂട്ടരും നടത്തുന്നത്. ലോകത്ത് ഒരു കമ്യൂണിസ്റ്റ് പാർടിയുടെയും ഭരണഘടനയിൽ പാർടി അംഗമാകുന്നതിനുള്ള വ്യവസ്ഥകളുടെ കൂട്ടത്തിൽ മതവിശ്വാസി അല്ലാതാകുക എന്ന് ചേർത്തിട്ടില്ല. കേരളത്തിലും ഇന്ത്യയിലും സിപിഐ എം അണികളിൽ മതവിശ്വാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. അവരുടെ മതവിശ്വാസം അവരെ പാർടിയോടുള്ള വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കുന്നില്ല.

മതവിശ്വാസം പുലർത്തിക്കൊണ്ടുതന്നെ സമത്വാധിഷ്ഠിത ലോകസൃഷ്ടിക്കുള്ള പാർടിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ അവർ പ്രവർത്തിക്കുന്നു. ഓരോരുത്തർക്കും അവരവർക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വേണം. അതുപോലെതന്നെ മതവിശ്വാസി ആകാതിരിക്കാനുള്ള സ്വാതന്ത്ര്യവും വേണം. വിവിധ മതവിശ്വാസികൾ ആശയവാദത്തിലും കമ്യൂണിസ്റ്റുകാർ വൈരുധ്യാധിഷ്ഠിത ഭൗതികവാദത്തിലും അടിയുറച്ചുനിൽക്കുമ്പോൾത്തന്നെ,  ആ വൈരുധ്യത്തെ മറികടക്കുന്ന ഐക്യം അവർതമ്മിൽ തീവ്രഹിന്ദുത്വം അടക്കമുള്ള വിപത്തുകളെ തടയുന്നതടക്കമുള്ളകാര്യങ്ങളിൽ ഉണ്ടാകുന്നുണ്ട്. ഇതിൽ സഹികെട്ടാണ് ദൈവത്തിന്റെയും മതത്തിന്റെയും മറവിൽ കമ്യൂണിസ്റ്റുകാരെ വിശ്വാസികൾക്കിടയിൽ ഒറ്റപ്പെടുത്താൻ വ്യാജപ്രചാരണങ്ങൾ നടത്തുകയും കള്ളക്കേസുകൾ ചമയ്ക്കുകയും ചെയ്യുന്നത്. പക്ഷേ കാവിസ്വാമിമാരുടെ കള്ളച്ചൂത് നാട്  തിരിച്ചറിയും.
 


പ്രധാന വാർത്തകൾ
 Top