22 August Thursday

കേന്ദ്രം ഇടങ്കോലിടരുത്

കോടിയേരി ബാലകൃഷ്ണൻUpdated: Friday Aug 24, 2018


മഹാപ്രളയത്തിന്റെ ദുരിതവും നഷ്ടവും  അതിജീവിക്കാൻ കേരളത്തിന് ഭഗീരഥപ്രയത്‌നം ഇനിയും വേണം. കേരളത്തിന്റെ മനസ്സും മാനവികതയും യോജിപ്പും ഇനിയും തുടരണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയെ സംസ്ഥാനം അഭിമുഖീകരിച്ചിട്ടും അതിന്റെ ആഘാതം വലിയ അളവിൽ കുറയ്ക്കാൻ സാധിച്ചതിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട സമാനതയില്ലാത്ത പ്രവർത്തനത്തെ ലോകം അംഗീകരിക്കുന്നുണ്ട്.

ഉടുതുണിക്ക് മറുതുണിയില്ലാത്ത ലക്ഷങ്ങളെയാണ് പ്രളയം സങ്കടക്കയത്തിലാഴ‌്ത്തിയിരിക്കുന്നത്. ഇപ്പോഴും ഇരുപത്  ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലോ വീടുകൾവിട്ടോ കഴിയുകയാണ്. റോഡ്, വൈദ്യുതി, കൃഷി, പാർപ്പിടം തുടങ്ങി എല്ലാ മേഖലകളെയും ദുരന്തം കശക്കിയെറിഞ്ഞു. ഇപ്പോൾ മാലിന്യങ്ങളുടെയും രോഗഭീഷണികളുടെയും നടുവിലാണ്. 25,000 കോടി രൂപയുടെ പ്രത്യേക പുനരുദ്ധാരണ പാക്കേജ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കേരളത്തെ പുതുക്കിപ്പണിയാനുള്ള ഈ യജ്ഞത്തിൽ ഒരേ മനസ്സോടെ കേന്ദ്രവും കേന്ദ്രം ഭരിക്കുന്ന കക്ഷിയും സംസ്ഥാന പ്രതിപക്ഷവും ഉൾപ്പെടെ എല്ലാ കക്ഷികളും ഒരുകക്ഷിയിലും പെടാത്തവരും കൈകോർക്കേണ്ടതുണ്ട്. പക്ഷേ, ഈ സന്ദർഭത്തിൽ കേന്ദ്ര സർക്കാർ കേരളത്തെ ദ്രോഹിക്കുന്ന ഇടങ്കോലിടൽ നയം സ്വീകരിച്ചിരിക്കുന്നു. അതാണ് സംസ്ഥാനത്തിനുള്ള കേന്ദ്രസഹായ നിരാസപ്രഖ്യാപനത്തിൽ വ്യക്തമായിരിക്കുന്നത്.

ദുരന്തത്തിന്റെ ആഘാതം ചെറുതല്ല. അപ്രതീക്ഷിതമായ പേമാരിയും പ്രളയവും കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തെ (ജിഡിപി) ബാധിക്കുമെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ റേറ്റിങ് ഏജൻസിയായ‘കെയർ റേറ്റിങ്‌സ്' മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിഡിപിയുടെ ഒരുശതമാനംവരെ കുറയും എന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പുനരധിവാസത്തിനും പുനർനിർമാണത്തിനും എത്രനാൾ എടുക്കും എന്നതിനെ ആശ്രയിച്ചാകും ആഘാതത്തിന്റെ തോതെന്നും കെയർ റേറ്റിങ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ 33 ലക്ഷം തൊഴിലാളികൾക്ക് ആഗസ്തിൽ 4000 കോടി രൂപയുടെ വേതന നഷ്ടം ഉണ്ടാകും. റബർ വ്യവസായത്തിന് മാത്രം 420 കോടി രൂപയുടെ നഷ്ടമാണ്. ഇതെല്ലാം വിളിച്ചറിയിക്കുന്നത് കേരളത്തിന്റെ പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ബാധിക്കുന്നതാണെന്നതാണ്. ഇത് മനസ്സിലാക്കി ചുവടുവയ‌്പ‌് നടത്തുന്നതിൽ കേന്ദ്ര സർക്കാർ പാളിച്ച വരുത്തിയിരിക്കുകയാണ്.

യുഎഇ സർക്കാർ 700 കോടി രൂപയും ഖത്തർ സർക്കാർ 35 കോടി രൂപയും കേരളത്തിന് ധനസഹായം വാഗ്ദാനംചെയ്തു. ഐക്യരാഷ്ട്രസഭയും സഹായ സന്നദ്ധത പ്രകടിപ്പിച്ചു. ഇപ്രകാരം ലോകമാകെ കേരളത്തിന്റെ പുനർനിർമാണത്തിന് സഹായഹസ്തം നീട്ടുകയാണ്. എന്നാൽ, ഈ സഹായമൊന്നും കേരളത്തിന് കിട്ടരുതെന്ന ഏറ്റവും നിഷേധാത്മകനിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. ഇത് തികച്ചും നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. കേരളത്തിലെ ദുരിതാശ്വാസത്തിന് വിദേശസഹായം ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പൊടുന്നനെ യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളെ അറിയിച്ചത് സമചിത്തതയില്ലാത്ത നടപടിയാണ്.

2001ലെ ഗുജറാത്ത് ഭൂകമ്പത്തെ തുടർന്നുണ്ടായ പ്രതിസന്ധി  മറികടക്കാൻ നൂറിലേറെ വിദേശരാജ്യങ്ങളിൽനിന്നും വാജ്‌പേയി സർക്കാർ സാമ്പത്തിക സാങ്കേതിക സഹായം കൈപ്പറ്റിയിരുന്നു. യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത‌്, സൗദി അറേബ്യ, യമൻ, ഭൂട്ടാൻ തുടങ്ങി 109 രാജ്യങ്ങളിൽനിന്നാണ് വാജ്‌പേയി സർക്കാർ മുഖാന്തരം ഗുജറാത്ത് പുനർനിർമിക്കാൻ സഹായം കിട്ടിയത്. എന്നാൽ, ഇപ്പോൾ യുപിഎ സർക്കാരിന്റെ കാലത്ത് വിദേശസഹായം സ്വീകരിക്കുന്നതിന് എതിരായ നിലപാട് നയപരമായി തീരുമാനിച്ചിരുന്നുവെന്നും അത് ഞങ്ങൾ പിന്തുടരുന്നുവെന്നുമാണ് കേരളവിരുദ്ധ നിലപാടിന് ന്യായമായി കേന്ദ്രം ഉന്നയിക്കുന്നത്. വിദേശസഹായം നിഷേധിക്കുകയാണെങ്കിൽ അതിന് തുല്യമായ സംഖ്യ കേന്ദ്രസർക്കാർ കേരളത്തിന് അധികമായി അനുവദിക്കുമോ? വിദേശസഹായം വേണ്ടെന്ന നിലപാട് കീഴ്‌വഴക്കത്തിൽ അധിഷ്ഠിതമാണെന്ന കേന്ദ്ര സർക്കാർ ന്യായം മുട്ടാപ്പോക്കാണ്. ഗുജറാത്ത് ഭൂകമ്പവേളയിൽ വാജ്‌പേയി സർക്കാർ സ്വീകരിച്ച നയം പിന്തുടരാൻ മോഡി സർക്കാരിന് തീരുമാനിക്കാമല്ലോ. അങ്ങനെവന്നാൽ കേരളത്തിന് വിദേശസഹായം സംസ്ഥാനത്തെ പുനർനിർമിക്കാനായി ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ലല്ലോ. ഗുജറാത്തിനോട് ഒരു നീതിയും കേരളത്തോട് മറ്റൊരു നീതിയും എന്നത് ഇരട്ടത്താപ്പാണ്. ഇത് ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കലാണ്. ഈ തെറ്റ് തിരുത്താനുള്ള വിവേകം കേന്ദ്രസർക്കാർ കാണിക്കണം.

കേരളത്തോട് കാട്ടുന്ന അനീതി മാറ്റാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്താൻ സംസ്ഥാനത്തോട് സ്‌നേഹമുണ്ടെങ്കിൽ ആർഎസ്എസ്‐ബിജെപി പ്രവർത്തകർ ഉൾപ്പെടെ രംഗത്തുവരണം. മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതിയെന്ന സമീപനമാണ് വിദേശസഹായ വിഷയത്തിൽ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനമായതുകൊണ്ട് കേരളം പ്രളയദുരിതത്തിൽനിന്ന‌് കരകയറേണ്ട എന്നാണോ? കീഴ്‌വഴക്കത്തിന്റെ കാര്യംപറയുന്ന കേന്ദ്ര സർക്കാർ 2016ലെ കേന്ദ്ര സർക്കാരിന്റെ ദുരന്തനിവാരണ നയത്തിൽ പ്രളയംപോലുള്ള ദുരന്തസമയത്ത് വിദേശസഹായം നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കാമെന്ന ഭാഗം കാണണം. നയത്തിലെ അന്തർദേശീയസഹകരണം സംബന്ധിച്ച ഭാഗത്തിൽ 9.2‐ാം നമ്പർ നിബന്ധന ഇങ്ങനെ:‘ദുരന്തം നേരിടാൻ ഇന്ത്യാ ഗവൺമെന്റ് വിദേശസഹായത്തിനുവേണ്ടി പ്രത്യേകം അഭ്യർഥന നടത്തില്ല. എന്നാൽ, ഏതെങ്കിലും ഒരു രാജ്യം സ്വമേധയാ സഹായം നൽകാൻ തയ്യാറായാൽ അത് കേന്ദ്ര സർക്കാരിന് വേണമെങ്കിൽ സ്വീകരിക്കാം. വിദേശകാര്യമന്ത്രാലയം, ബന്ധപ്പെട്ട സംസ്ഥാന സർക്കാർ എന്നിവയുമായി ആലോചിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇത് തീരുമാനിക്കാം.’

ഈ നിബന്ധന പ്രാവർത്തികമാക്കിയാൽ കേരളത്തിനുള്ള വിദേശസഹായ നിഷേധനയം തിരുത്താം. 700 കോടി രൂപ യുഎഇ സർക്കാർ വാഗ്ദാനം ചെയ്തയുടൻ പ്രധാനമന്ത്രി മോഡി അതിനെ സ്വാഗതംചെയ്ത് ട്വീറ്റ് ചെയ്തിരുന്നു. കേരളത്തിൽ വരികയും പ്രളയദുരിതം കാണുകയും മതിയായ സഹായം നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്ത പ്രധാനമന്ത്രി ആ ഘട്ടത്തിൽ നല്ല സന്ദേശമാണ് നാടിന‌് നൽകിത‌്.. എന്നാൽ, ആ നിലപാട് തകിടംമറിക്കുന്ന സമീപനമാണ് കേന്ദ്രം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. അത് തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണം. കേന്ദ്ര സർക്കാർ നിലപാടിനെ പൊതുവിൽ മാധ്യമങ്ങളെല്ലാം വിമർശിച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവികാരത്തിന്റെ പ്രതിസ്പന്ദനമാണ്  അത്. കേരളം പുതുക്കിപ്പണിയാനും പുനരധിവാസത്തിനുമായി വിദേശസഹായം ഉപയോഗിക്കുന്നതിന് കേന്ദ്രം വിലങ്ങുതടിയാകരുത്. കേന്ദ്രനയം തിരുത്തിക്കാൻ കേരളത്തിന്റെ ശബ്ദം ഒന്നാകണം. കക്ഷിരാഷ്ട്രീയ ജാതിമത ഭേദമെന്യേ എല്ലാവരും ഇക്കാര്യത്തിൽ യോജിച്ച് മുന്നോട്ടുവരണം. ലക്ഷക്കണക്കിന് മനുഷ്യരുടെ കണ്ണീരിന് മുന്നിൽ സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള മനുഷ്യത്വം കേന്ദ്ര സർക്കാരിനും രാഷ്ട്രീയനേതാക്കൾക്കും ഉണ്ടാകണം.

വിദേശസഹായ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തുന്ന നിഷേധാത്മക നിലപാട് ഒരുഭാഗത്ത് കേരളത്തെ ആശങ്കപ്പെടുത്തുകയാണ്. മറുഭാഗത്താകട്ടെ അനാവശ്യവിവാദം കുത്തിപ്പൊക്കി പ്രളയം നേരിടുന്ന കേരളത്തിന്റെ ഒരുമയ്ക്ക് വിള്ളൽ വീഴ്ത്താൻ നോക്കുകയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതുകണ്ട് സഹികെട്ടാകണം ചെന്നിത്തലയെ പലപ്പോഴും പിന്തുണച്ചിട്ടുള്ള മാധ്യമങ്ങൾപോലും മുഖപ്രസംഗത്തിലൂടെ അടക്കം ശക്തമായ വിമർശനം ഉന്നയിക്കുന്നത്. കേരളം അനുഭവിച്ച പ്രളയക്കെടുതി സർക്കാർ സൃഷ്ടിയാണെന്ന വിവരക്കേട് ഒരു പ്രതിപക്ഷനേതാവിൽനിന്നും ഉണ്ടായി എന്നത് തികച്ചും ലജ്ജാകരമാണ്. അതുകൊണ്ടാണ് ‘അസംബന്ധം പറയാനുള്ള സന്ദർഭം ഇതല്ലെ'ന്ന് മുഖപ്രസംഗത്തിലൂടെ കേരളകൗമുദി ചെന്നിത്തലയെ ഉപദേശിച്ചത്.‘നല്ലകാര്യങ്ങൾ പറയാനായിമാത്രം വായ് തുറക്കേണ്ട ചില സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകും. സംസ്ഥാനം ഇപ്പോൾ നേരിടുന്ന പരീക്ഷണകാലം അത്തരത്തിലുള്ള ഒന്നാണ്. കഷായസേവപോലെ ദിവസം നാലുനേരം വച്ച് സർക്കാരിനെ വിമർശിച്ചില്ലെങ്കിലും പ്രതിപക്ഷത്തിന്റെ സാംഗത്യം നഷ്ടമാകാനൊന്നും പോകുന്നില്ല. വിവേകം വെടിയാതിരുന്നാൽ മതിപ്പ് കൂടുകയേ ഉള്ളു'. ഇപ്രകാരം കേരളകൗമുദി ചൂണ്ടിക്കാണിച്ചത് ഉൾക്കൊള്ളാൻ ചെന്നിത്തലയ്ക്ക് കഴിയുമോ.

പ്രളയദുരന്തത്തിൽ ലോകം അംഗീകരിക്കുന്ന ഭരണമികവ് കാണിച്ച എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താൻ കോൺഗ്രസ്, ബിജെപി രാഷ്ട്രീയങ്ങൾ സമരസപ്പെടുന്നുണ്ട്. പക്ഷേ, രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള വേദിയല്ല പ്രളയദുരന്തനിവാരണം. പ്രളയത്തിൽ കുടുങ്ങിയ ലക്ഷക്കണക്കിന് ആളുകളെ കേന്ദ്രസേനാംഗങ്ങളും സംസ്ഥാന പൊലീസ്, ഫയർഫോഴ്‌സ് വിഭാഗങ്ങളും സന്നദ്ധപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും എല്ലാം ചേർന്നാണ് രക്ഷിച്ചത്. അതിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ബോട്ടും വള്ളവുമായി പോയി നടത്തിയ രക്ഷാപ്രവർത്തനം എടുത്തുപറയേണ്ടതാണ്. എന്നാൽ, ദുരന്തത്തിന്റെ തീവ്രത മുറ്റിനിന്നപ്പോൾ പട്ടാളത്തെ ദുരിതാശ്വാസപ്രവർത്തനവും ഭരണവും ഏൽപ്പിക്കണമെന്ന തികച്ചും അസംബന്ധപൂർണമായ ആവശ്യമായിരുന്നു ചെന്നിത്തലയിൽനിന്നുണ്ടായത്. ഇതേ വിവരക്കേടിന്റെ ആവർത്തനമാണ് അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന ചെന്നിത്തലയുടെ അഭിപ്രായം. കേരളത്തിലെ അണക്കെട്ടുകളിൽ പ്രളയജലത്തിന്റെ ഒരുഭാഗംമാത്രമേ ഉള്ളുവെന്നത് പ്രതിപക്ഷനേതാവിന് അറിയില്ലേ. 1924ലെ ('99ലെ) വെള്ളപ്പൊക്കത്തിൽ ഇപ്പോഴത്തെക്കാൾ മഴയുണ്ടായി എന്ന ചെന്നിത്തലയുടെ വാദത്തിന്റെ അർഥശൂന്യത മുഖ്യമന്ത്രിതന്നെ പൊളിച്ചുകൊടുത്തല്ലോ. ഒരുവർഷത്തെ മഴയുടെ കണക്കാണ് '99ലെ വെള്ളപ്പൊക്കത്തിന് നൽകിയത്. അന്ന് 21,000 പേരാണ് മരിച്ചത്. എന്നാൽ, ഇന്ന് മരണസംഖ്യ ആ വിധം ഉയരാതിരുന്നതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് വളരെ വലുതാണ്. ദുരിതമോചനത്തിനും അതിജീവനത്തിനുംവേണ്ടി വാക്കും പ്രവൃത്തിയും മാറ്റിവയ്ക്കാനുള്ള വിവേകമാണ് കേന്ദ്ര സർക്കാരിൽനിന്നും പ്രതിപക്ഷനേതാവിൽനിന്നും നാട് പ്രതീക്ഷിക്കുന്നത്.

പ്രധാന വാർത്തകൾ
 Top