കാള്‍ മാര്‍ക്സിനെയും എംഗല്‍സിനെയും ലെനിനെയും കേവലം വിദേശികളായി ചുരുക്കുന്ന പ്രവണത ഇന്ത്യയില്‍ വേരുപിടിപ്പിക്കാന്‍ നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നതിനുമധ്യേയാണ് കാള്‍ മാര്‍ക്സിന്റെ ഇരുനൂറാം ജന്മവാര്‍ഷികം ഇന്ത്യയുള്‍പ്പെടെ ആഗോളമായി ഇന്ന് ആചരിക്കുന്നത്. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത വിജയത്തെതുടര്‍ന്ന് ഹാലിളകിയ ഹിന്ദുത്വശക്തികള്‍ വി ഐ ലെനിന്റെ പ്രതിമ തകര്‍ത്ത് തള്ളിവീഴ്ത്തിയപ്പോള് അതിന് ന്യായമായി ചില ദേശീയ ബിജെപി നേതാക്കള്‍ പറഞ്ഞത് അതൊരു വിദേശിയുടെ പ്രതിമയായിരുന്നില്ലേ എന്നതായിരുന്നു.
മാര്‍ക്സും ലെനിനും ഇന്ത്യയുടെ ഭാവിയെ മാറ്റിനിര്‍ത്താനും ഭരണസാമ്പത്തികനയങ്ങളെയടക്കം സ്വാധീനിക്കാനും പങ്കുവഹിച്ച ലോകനേതാക്കളാണ്. ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യ 1947ല്‍ സ്വാതന്ത്ര്യം നേടുന്നതിന്, മാര്‍ക്സിസം ലെനിനിസത്തിന്റെ പാതയിലൂടെ അന്ന് മുന്നേറിയ സോവിയറ്റ് യൂണിയന്റെ രണ്ടാം ലോകമഹായുദ്ധത്തിലെ വിജയവും അതിനുശേഷമുള്ള ലോക സംഭവവികാസങ്ങളും സഹായകമായി. കാള്‍ മാര്‍ക്സ് 1818 മെയ് അഞ്ചിന് ജനിച്ചു. 1883 മാര്‍ച്ച് 14ന് മരിച്ചു.
മാര്‍ക്സിനെ അനുസ്മരിക്കുമ്പോള്‍ ഫ്രെഡറിക് എംഗല്‍സിനെ ഓര്‍ക്കാതിരിക്കാനാകില്ല. മാര്‍ക്സിനേക്കാള്‍ രണ്ടരവയസ്സിന്റെ ഇളപ്പമുണ്ടായിരുന്ന എംഗൽസ്, മാർക്സിന്റെ മരണശേഷം 12 വര്‍ഷംകൂടി ജീവിച്ചു. മാര്‍ക്സും എംഗല്‍സും ചേര്‍ന്നാണ് മാര്‍ക്സിസമെന്ന സാമൂഹ്യശാസ്ത്രത്തിന് രൂപംനല്കിയത്. മാര്‍ക്സ് അന്തരിച്ചിട്ട് 135 വര്‍ഷമായെങ്കിലും മാര്‍ക്സിന്റെ 200‐ാം ജന്മവാര്ഷികത്തിലും മാര്‍ക്സിസം ജീവസ്സുറ്റതും സദാ വളരുന്നതുമായ തത്വശാസ്ത്രമാണ്. ഇത് കേവലം പുസ്തകത്താളല്ല. മറിച്ച് സമൂഹത്തെ മാറ്റിത്തീര്‍ക്കുന്ന പ്രയോഗമാണ്.
മാര്‍ക്സിനെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതവും അതിലെ സാഹോദര്യപൂർവമായ ഇടപെടലുകളും കാണേണ്ടതാണ്. വ്യവസായവിപ്ലവത്തിനുശേഷമുള്ള ചരിത്രകാലഘട്ടത്തിലായിരുന്നു മാര്‍ക്സിന്റെ ജനനം. ജര്‍മനിയിലെ ഒരിടത്തരം കുടുംബത്തില്‍, ജൂത സമുദായത്തില്‍പ്പെട്ട ഒരു അഭിഭാഷകന്റെ മകനായി ജനിച്ച മാര്‍ക്സ് 23‐ാം വയസ്സില്‍ ചരിത്രത്തിലും തത്വശാസ്ത്രത്തിലും വൈദഗ്ധ്യം നേടി കലാശാലാബിരുദത്തിലൂടെ ‘ഡോക്ടര്‍ മാര്‍ക്സാ’യി. 25‐ാം വയസ്സില്‍ തന്റെ ബാല്യകാലസഖിയായ ജെന്നി എന്ന പ്രഭുകുമാരിയെ വിവാഹം കഴിച്ചു. അതുകഴിഞ്ഞ് ഒരുവര്‍ഷംകൂടി പിന്നിട്ടപ്പോഴാണ് എംഗല്‍സിനെ പരിചയപ്പെടുന്നത്. മാര്‍ക്സും എംഗല്‍സും തമ്മിലുള്ള സൗഹൃദം ലോകോത്തരമായ സാഹോദര്യബന്ധമായി വളര്‍ന്നു. തുണിമില്ലുടമയുടെ മകനായ എംഗൽസ്, മാര്‍ക്സിന്റെ വിപ്ലവപ്രവര്ത്തനത്തില്മാത്രമല്ല, പട്ടിണിയിലായ കുടുംബത്തെ സഹായിക്കാനും ഉത്സാഹിച്ചു. മാര്‍ക്സും ജെന്നിയും തമ്മിലുള്ള പ്രേമബന്ധവും കുടുംബബന്ധവും രാഷ്ട്രീയബന്ധവും വിശ്വോത്തരമായി വാഴ്ത്തപ്പെടുന്നതാണ്. അതിദുസ്സഹമായ ജീവിതസാഹചര്യവും കഷ്ടപ്പാടുകളുമാണ് മാര്‍ക്സ് കുടുംബം അഭിമുഖീകരിച്ചത്.
മാര്‍ക്സ് അന്തരിച്ചശേഷം സോവിയറ്റ് വിപ്ലവ വിജയത്തെതുടര്‍ന്ന് അത് മാര്‍ക്സിസം ലെനിനിസമായി ഉയര്‍ന്നു. യൂറോപ്പില്‍ ഒതുങ്ങിയിരുന്ന വിപ്ലവ തൊഴിലാളി പ്രസ്ഥാനം ആഗോളമായി വികസിച്ചു. ആദ്യം ഒരു രാജ്യത്തായിരുന്നെങ്കിലും പിന്നീട് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഒരു ചേരി രൂപപ്പെട്ടു. എന്നാല്‍, സോവിയറ്റ് യൂണിയന് ശിഥിലമാകുകയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മുതലാളിത്ത പുനഃസ്ഥാപനമുണ്ടാകുകയും ചെയ്തതോടെ സോഷ്യലിസവും മാര്‍ക്സിസവും കാലഹരണപ്പെട്ടുവെന്ന വിളിച്ചുകൂവലായി. ചൈനയുള്‍പ്പെടെ ഏതാനും രാജ്യങ്ങളില്‍ സോഷ്യലിസം ഇന്നും പ്രധാന ശക്തിയാണ്. മാര്‍ക്സിസം ലെനിനിസം പ്രയോഗത്തില്‍ വരുത്തുന്നതില്‍ സംഭവിച്ച പിശകാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലടക്കം ഉണ്ടായത്. പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ഇന്നത്തെ ലോകത്തിനുമുന്നിലെ വിമോചനദര്‍ശനം മാര്‍ക്സിസം ലെനിനിസം തന്നെയാണ്.
മാര്‍ക്സിസം എന്തുകൊണ്ടാണ് ഇന്നും പ്രസക്തമാകുന്നത്? ഇന്ത്യന്‍ സമൂഹത്തില്‍ മൗലികമാറ്റം വരുത്താന്‍ നിലവിലുള്ള സാമൂഹ്യബന്ധങ്ങളുടെ സ്വഭാവം മനസ്സിലാക്കാനും മുന്നോട്ടുപോകാനുമുള്ള തത്വശാസ്ത്രമാണ് മാര്‍ക്സിസം ലെനിനിസം. ഇതിനെ ഒരൊറ്റമൂലിയായി വിപ്ലവകാരികള്‍ കാണില്ല. മറ്റെല്ലാ പ്രതിഭാസങ്ങളെയുംപോലെ മാര്‍ക്സിസവും സദാ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ‘മാര്‍ക്സിസം ഒരു വേദപ്രമാണമല്ല, വിപ്ലവപ്രവര്‍ത്തനത്തിനുള്ള ഒരു വഴികാട്ടിയാണ്' എന്ന ലെനിന്റെ നിരീക്ഷണം സുപ്രധാനമാണ്. മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്ന കാലത്തുതന്നെ തങ്ങള്‍ക്കുപറ്റിയ തെറ്റുകളെ സ്വയംവിമര്‍ശപരമായി പരിശോധിക്കുകയും അവ തിരുത്തുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ സൈദ്ധാന്തിക നിലപാടിലും പ്രായോഗികതയിലും പില്ക്കാലത്ത് പല തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. അവ കണ്ടെത്തി തിരുത്തുകയും ശരിയിലൂടെ മുന്നേറുകയും ചെയ്യുകയെന്ന പാഠമാണ് മാര്‍ക്സിസം ലെനിനിസം നല്‍കുന്നത്. മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച ആദ്യത്തെ പ്രധാന കൃതിയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. കമ്യൂണിസ്റ്റ് ലീഗിന്റെ വിജ്ഞാപനമായ ഈ രേഖ കമ്യൂണിസത്തിന്റെ ലക്ഷ്യം വിളംബരം ചെയ്യുന്ന എക്കാലവും പ്രസക്തമായ കൃതിയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ഉത്ഭവവും ചരിത്രവും അതുപോലെ മുതലാളിത്തവര്ഗവുമായുള്ള മൗലികവൈരുധ്യവും വിവരിക്കുന്ന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഇന്നും പ്രസക്തമാണ്.
മാര്‍ക്സിനെ സ്മരിക്കുമ്പോള്‍ ‘മൂലധന’വും (ദാസ് കാപിറ്റല്‍) സ്വാഭാവികമായി ഓര്‍മിക്കപ്പെടും. 1867ലാണ് മാര്‍ക്സിന്റെ പ്രധാന കൃതിയായ ‘മൂലധന’ത്തിന്റെ ഒന്നാംവാള്യം പുറത്തുവരുന്നത്. ജര്‍മന്‍ ഭാഷയിലാണ് രചിച്ചത്. അധികം കഴിയുന്നതിനുമുമ്പ് റഷ്യന്‍, ഫ്രഞ്ച് പതിപ്പുകളും പുറത്തുവന്നു. നിരവധി പതിപ്പുകള്‍ മാര്‍ക്സിന്റെ കാലത്തുതന്നെ പ്രസിദ്ധീകരിച്ചു. അതില്‍ ഒരു പതിപ്പിന്റെ മുഖവുരയില്‍ എംഗല്‍സ് ഇങ്ങനെ കുറിച്ചു: ‘തൊഴിലാളിവര്‍ഗത്തിന്റെ ബൈബിളായി തീര്‍ന്നിരിക്കുന്നു ഈ ഗ്രന്ഥം'.
തുടർ വാള്യങ്ങൾക്കുള്ള കുറിപ്പുകള്‍ തയ്യാറാക്കി ഗ്രന്ഥരചനയ്ക്കുള്ള കാര്യങ്ങള്‍ മാര്‍ക്സ് നീക്കിവച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ വേര്‍പാട് കാരണം രണ്ടും മൂന്നും വാള്യങ്ങള്‍ പൂര്‍ത്തീകരിച്ചത് എംഗല്‍സാണ്. അതിനാല്‍ രണ്ടും മൂന്നും വാള്യങ്ങള്‍ മാര്‍ക്സിന്റേതും എംഗല്സിന്റേതുമായി വിലയിരുത്തുന്നു. മൂലധനം ‘തൊഴിലാളിവര്‍ഗത്തിന്റെ ബൈബിളായത് മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നതും അതിന്റെ ചലനിയമങ്ങള് എന്തെന്നും തൊഴിലില്‍നിന്ന് മിച്ചമൂല്യം ഉടമകള്‍ കവരുന്നതെങ്ങനെയെന്നും ശാസ്ത്രീയമായി വിശദീകരിച്ചതിനാലാണ്. അതുമാത്രമല്ല, മുതലാളിത്തം തകരുമെന്ന് അസന്ദിഗ്ധമായി ശാസ്ത്രനിഗമനങ്ങളോടെ വിലയിരുത്തുകയും ചെയ്തു.
മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള ആഗോളമത്സരത്തില്‍ ആത്യന്തികവിജയം സോഷ്യലിസത്തിനാണ്. അതാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോമുതല് മൂലധനംവരെയുള്ളവയിലൂടെ മാര്‍ക്സ് വ്യക്തമാക്കിയിട്ടുള്ളത്. ‘പ്രപഞ്ചത്തെ വ്യാഖ്യാനിക്കുക' മാത്രമല്ല മാറ്റിമറിക്കാന്കൂടി ചരിത്രത്തെ മാര്‍ക്സ് ഉപയോഗിച്ചു. വൈരുധ്യാത്മകതയും ഭൗതികവാദവും അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ ഭൗതികവാദം മാര്‍ക്സിന്റെ പ്രധാനപ്പെട്ട സംഭാവനയാണ്.
കോര്‍പറേറ്റ് മൂലധനത്തിന്റെയും നവഉദാരവല്‍ക്കരണത്തിന്റെയും ആധുനിക ഡിജിറ്റല്‍ യുഗത്തിന്റെയും കാലത്തെ രാഷ്ട്രീയവും സമൂഹം അതിനെ അഭിമുഖീകരിക്കേണ്ട രീതികളും മാര്‍ക്സും ലെനിനും ജീവിച്ചിരുന്നകാലത്ത് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍, മാര്‍ക്സിസം ലെനിനിസത്തിന്റെ പ്രപഞ്ചവീക്ഷണം ഉള്‍ക്കൊണ്ട് പുതിയകാലത്തെ വിലയിരുത്തി പ്രായോഗിക നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്തം ഓരോ രാജ്യത്തെയും കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്ക് നിർവഹിക്കാം. ലോകത്തെമ്പാടും മാര്‍ക്സിസത്തോടുള്ള ധൈഷണിക താല്‍പ്പര്യം കുറഞ്ഞിട്ടില്ല.
അമേരിക്കന്‍ സർവകലാശാലകളിലടക്കം മാര്‍ക്സിസത്തെയും മൂലധനത്തെയുംപറ്റിയുള്ള പഠനത്തിന് സമയം മാറ്റിവച്ചിരിക്കുകയാണ്. ഫ്രാന്‍സിസ് ഫുക്കുയാമ, സാമുവല്‍ ഹണ്ടിങ്ടണ്‍ തുടങ്ങിയവര്‍ പ്രചരിപ്പിച്ചത് സോവിയറ്റ് യൂണിയന് തകര്‍ന്നതിനാല്‍ ഇനി മുതലാളിത്തത്തിന്റെ വസന്തം എങ്ങും വിരിയാന്‍ പോകുന്നുവെന്നാണ്. എന്നാല്‍, അത് വ്യര്‍ഥമാണെന്ന് അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, അറബ് വസന്തം, ലാറ്റിനമേരിക്കയിലെ ഇടതുപക്ഷമുന്നേറ്റം, നേപ്പാളിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ രൂപീകരണം തുടങ്ങിയ ലോക സംഭവഗതികള്‍ തെളിയിച്ചു.
മാര്‍ക്സാണ് ശരിയെന്ന് മാര്‍ക്സിസ്റ്റ് അല്ലാത്ത ടെറി ഇൗഗിൾടണെപ്പോലെയുള്ള പണ്ഡിതന്മാര് ഗ്രന്ഥരചനയിലൂടെ വ്യക്തമാക്കുന്നു. 200‐ാം ജന്മദിനത്തിലും പുതുയുഗപ്രവാചകനായ മാര്‍ക്സിന്റെയും മാര്‍ക്സിസത്തിന്റെയും പെരുമ കൂടുതല്‍ പ്രഭചൊരിയുകയാണ്.