24 April Wednesday

വഴിവിളക്കായി കിസാൻസമരം

കോടിയേരി ബാലകൃഷ്‍ണൻUpdated: Friday Mar 16, 2018

കർഷകവിരുദ്ധ ഭരണകൂടത്തിനെതിരായ ധീരവും ഫലപ്രദവുമായ പ്രക്ഷോഭമായിരുന്നു മഹാരാഷ്ട്രയിലെ കർഷകരുടെ മുംബൈ ലോങ് മാർച്ച്. ഇത് ഇന്ത്യയിലാകെ പടരുന്ന പ്രക്ഷോഭമായി മാറിയെന്നതാണ് സവിശേഷകാര്യം. അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രക്ഷോഭത്തിൽ സിപിഐ എം നേതൃത്വത്തിന്റെ പങ്കാളിത്തവും സജീവമായിരുന്നു. ഇന്ത്യയിലെ കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നതിനുള്ള മാതൃകാപരമായ സമര പോംവഴിയാണ് മഹാരാഷ്ട്രപ്രക്ഷോഭം കാട്ടിത്തന്നത്. 

സമരകാഴ്ചപ്പാടുകളിൽ സാധാരണയായി രൂപാന്തരീകരണം, പരിഷ്കരണവാദം എന്നിവ അടങ്ങിയ മിതവാദ വഴിയും വിഭാഗീയതയും സെക്ടേറിയനിസവും അടങ്ങിയ സാഹസികമാർഗവും സ്വീകരിക്കപ്പെടുന്നുണ്ട്. ചില വ്യക്തികളുടെയോ സംഘടനകളുടെയോ നേതൃത്വത്തിലുള്ള ആളിക്കത്തി തീരുന്ന മിതവാദ പ്രക്ഷോഭങ്ങളും കൂട്ടക്കുരുതിയടക്കം നടത്തുന്ന മാവോയിസ്റ്റ് സാഹസിക രീതിയുമുണ്ട്. ഇവ രണ്ടിനെയും നിരാകരിച്ച് ഒരു ശരിയായ മാർക്സിസ്റ്റ്‐ ലെനിനിസ്റ്റ് സമരതന്ത്രവും അടവും മഹാരാഷ്ട്രസമരം കാഴ്ചവച്ചു. ഇന്ത്യയിലെ കാർഷികമേഖലയിൽ കോർപറേറ്റ് വളർച്ചയെന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ട്. ജന്മിത്വത്തോട് സന്ധിചെയ്യുന്ന കുത്തക മുതലാളിത്തവർഗ ഭരണകൂടംതന്നെ കാർഷികമേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ കോർപറേറ്റുകൾക്ക് വാതിൽ തുറന്നിട്ടു. അതിനാൽ കോർപറേറ്റ് മുതലാളിമാർ കൃഷിയിടങ്ങളിൽ പിടിമുറുക്കി. അവരുടെ താൽപ്പര്യം സംരക്ഷിക്കാൻ കർഷകരെയും കർഷകത്തൊഴിലാളികളെയും പാപ്പരാക്കുകയും കൂലിഅടിമകളാക്കുകയും ചെയ്തു. ഇതിന് നേതൃത്വം നൽകുകയും തണലേകുകയും ചെയ്യുന്നത് നരേന്ദ്ര മോഡി നയിക്കുന്ന കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളുമാണ്. 

'ചലോ പാൽതായ്' (നമുക്ക് മാറാം) എന്ന മുദ്രാവാക്യമാണ് അധികാരത്തിന് ബിജെപി ചവിട്ടുപടിയാക്കിയത്. എന്നാൽ, വാഗ്ദാനം പാലിക്കുന്നതിൽ ബിജെപി പൂർണമായി പരാജയപ്പെട്ടു. നവഉദാരവൽക്കരണ സാമ്പത്തികനയത്തിനൊപ്പം ഹിന്ദുത്വ വർഗീയതയും തീവ്രമായി നടപ്പാക്കുന്നു. നാലുവർഷത്തെ മോഡിഭരണം അതുകൊണ്ടുതന്നെ പരാജയമാണ്. കാർഷികമേഖലയിൽ ഗുണകരമായ മാറ്റം സൃഷ്ടിക്കാൻ കഴിഞ്ഞില്ല. രാജ്യത്ത് കർഷക ആത്മഹത്യ പെരുകി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്ന മേഖലയായി വിദർഭ മാറി. 1995നുശേഷം രാജ്യത്ത് നാലുലക്ഷത്തിലേറെ കർഷകർ ആത്മഹത്യചെയ്തു. ഇതിൽ 76,000 പേർ മഹാരാഷ്ട്രയിൽനിന്നാണ്. 2017 ജൂണിനുശേഷം വിദർഭയിലും നാസിക്കിലും മാത്രം ആത്മഹത്യചെയ്തത് 1700ലധികംപേർ. കഴിഞ്ഞവർഷംമാത്രം മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യ 2414. കൃഷി നഷ്ടമാകുകയും കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില കിട്ടാതാവുകയും ചെയ്തു. ഷോപ്പിങ്മാളുകളും വിദേശകയറ്റുമതിയും നടത്തുന്ന കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കാൻവേണ്ടിയാണ് ഈ അവസ്ഥ സൃഷ്ടിച്ചത്. എല്ലാ വിഭാഗം ആളുകളിലും തൊഴിലില്ലായ്മ പെരുകി. നോട്ടുനിരോധനവും ജിഎസ്ടിയും സമ്പദ്ഘടനയുടെ താളംതെറ്റിച്ചു. കന്നുകാലി വിൽപ്പന നിയന്ത്രണം,കൃഷി സബ്സിഡി എടുത്തുകളയൽ, ആദിവാസികൾക്ക് വനഭൂമി പതിച്ചുനൽകാതിരിക്കൽ ഇതെല്ലാം ജനങ്ങളിൽ ബിജെപി ഭരണത്തിനെതിരെ കടുത്ത അതൃപ്തി വളർത്തി.

ഈ സാഹചര്യത്തിന്റെ പ്രതിഫലനമായി മുംബൈ കർഷക പ്രക്ഷോഭത്തിലെ ഐക്യദാർഢ്യരംഗങ്ങൾ. 200 കിലോമീറ്റർ കാൽനടയായി മുംബൈ നഗരത്തിലെത്തിയ കർഷകർ, മഹാരാഷ്ട്ര വിധാൻഭവൻ ഉപരോധിക്കാനായിരുന്നു ലക്ഷ്യമിട്ടത്. സർക്കാരുമായുള്ള ഒത്തുതീർപ്പുചർച്ചയ്ക്ക് സമയം അനുവദിച്ചതുകൊണ്ട് അവർ ആസാദ് മൈതാനത്ത് തമ്പടിച്ചു. മാർച്ച് ആറിന് നാസിക്കിൽനിന്ന് സമരത്തിന് തുടക്കംകുറിക്കുമ്പോൾ 15,000 പേരായിരുന്നു. കർഷകരെ വഞ്ചിക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി സർക്കാരിനെതിരായ പ്രതിഷേധവുമായി ചെങ്കൊടിയും ചുവന്ന തൊപ്പിയും പ്ലക്കാർഡുമായി ദിവസവും അണിചേരുന്ന കർഷകരുടെ എണ്ണം വർധിച്ചു. മുംബൈയിലെത്തുമ്പോൾ അവരുടെ എണ്ണം ഒരുലക്ഷമായി. പാതയോരങ്ങളിൽ പൂക്കൾ വിതറിയാണ് പലരും സമരത്തെ സ്വീകരിച്ചതെന്ന് പ്രക്ഷോഭവിരുദ്ധ വാർത്തകൾ സാധാരണനിലയിൽ കൊടുത്തുവരുന്ന മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തു. ചോര വാർന്നൊലിക്കുന്ന കാലുകൾക്ക് ചെരിപ്പുകളുമായി ചിലർ ഓടിയെത്തി. ഈന്തപ്പഴവും വടാപാവും വെള്ളവുമായി രാത്രിയിലുടനീളം നിരത്തുവക്കുകളിൽ ജനങ്ങൾ കാത്തുനിന്നു. നാസിക്കിൽനിന്ന് 200 കിലോമീറ്റർ പിന്നിട്ടെത്തിയ കർഷകരെയും ആദിവാസികളെയും മുംബൈജനത ഉള്ളുതൊട്ടുള്ള സ്നേഹത്തോടെ വരവേറ്റു. പിന്തുണ അറിയിച്ചവരിൽ സ്കൂൾകുട്ടികളും കൊടിയുടെ നിറംമറന്ന രാഷ്ട്രീയക്കാരുമെല്ലാം ഉണ്ടായിരുന്നു. ഐഐടി വിദ്യാർഥികൾ ജാഥയ്ക്കൊപ്പം അണിചേർന്നു. നഗരത്തിലെ ഓഫീസുകളിൽ ഉച്ചഭക്ഷണമെത്തിക്കുന്ന ഡബ്ബാവാലകൾ 'നമ്മുടെ സഹോദരങ്ങൾക്ക് ഭക്ഷണം നൽകാം'  എന്ന ആഹ്വാനവുമായി ഭക്ഷണം നൽകി.

ആഴ്ചയിൽ മൂന്നുദിവസം പണികിട്ടുന്ന, ഒരുദിവസം 200 രൂപ കൂലിയുള്ള കർഷകത്തൊഴിലാളികൾ 600 രൂപ വേണ്ടെന്ന് വച്ചാണ് ആറുദിവസത്തെ മാർച്ചിന് എത്തിയത്. ഗ്രാമങ്ങളിൽനിന്ന് അരിയും ഗോതമ്പും പച്ചക്കറിയും സഹിതമാണ് കർഷകർ എത്തിയത്. രാത്രി റോഡരികിൽ പാചകവും പാട്ടും നൃത്തവും. മറാത്ത്വാഡ, വിദർഭ തുടങ്ങിയ മേഖലകളിൽനിന്നെല്ലാം കർഷകർ റാലിയിലേക്ക് ഒഴുകിയെത്തി. ഇവരെയെല്ലാം സഹായിക്കാൻ തൊഴിലാളികളും യുവാക്കളും മഹിളകളും രംഗത്തുവന്നു. മെഡിക്കൽ സഹായത്തിനായി ആശുപത്രി മാനേജ്മെന്റുകളും ജീവനക്കാരും സംഘടനകളും മുന്നോട്ടുവന്നു. സമരക്കാരുടെയും സഹായിക്കുന്നവരുടെയും യോജിപ്പിന് ജാതിയും മതവും തടസ്സമായില്ല. ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർടികളും സംഘടനകളും സമരത്തെ പരസ്യമായി പിന്തുണച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന, കോൺഗ്രസ്, റിപ്പബ്ലിക്കൻ പാർടി തുടങ്ങിയ കക്ഷികളെല്ലാം സജീവമായി രംഗത്തിറങ്ങി. ലോങ് മാർച്ചിന്റെ തുടക്കംമുതൽതന്നെ സിപിഐ പ്രവർത്തകരും നേതാക്കളും ഐക്യദാർഢ്യവുമായി രംഗത്തുണ്ടായിരുന്നു. മാധ്യമങ്ങളും വലിയ തോതിൽ സമരത്തെ പിന്തുണച്ചു. ജം ഇയ്യത്തുൽ ഉലമ, വിവിധ ദളിത്‐ മുസ്ലിം‐ സിഖ് സംഘടനകളും സമരക്കാർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു.

സമരത്തിന് വലിയതോതിലുള്ള പിന്തുണ കിട്ടുകയും ഭരണകൂടത്തെ ദേശീയമായി പിടിച്ചുലയ്ക്കുകയും ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഒത്തുതീർപ്പിന് നിർബന്ധിതനായി. പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതായും ആദിവാസികൾക്കുള്ള വനഭൂമി കൈമാറ്റം ആറുമാസത്തിനകം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വായ്പ എഴുതിത്തള്ളൽ, കടാശ്വാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനമുണ്ടായി. വിളനാശത്തിന് ഏക്കറിന് 40,000 രൂപ നഷ്ടപരിഹാരം നൽകും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും. കടലിലേക്ക് ഒഴുക്കുന്ന വെള്ളം കൃഷിയാവശ്യത്തിന് വഴിതിരിച്ചുവിടുക എന്നതടക്കമുള്ള ആവശ്യങ്ങളിലും തീർപ്പുണ്ടായി. 2017 ജൂൺ 30 വരെയുള്ള കാർഷികകടങ്ങൾ എഴുതിത്തള്ളും. മിനിമം താങ്ങുവില നിശ്ചയിക്കാൻ കിസാൻസഭ പ്രതിനിധികളുടെ നിർദേശം പരിഗണിക്കും. ഒത്തുതീർപ്പുവ്യവസ്ഥ നടപ്പാക്കാൻ ആറംഗസമിതിയെയും നിയോഗിച്ചു. ഇങ്ങനെ വിജയം നേടിയാണ് മഹാരാഷ്ട്രയിലെ ലോങ് മാർച്ച് അവസാനിച്ചത്.

ബിജെപിയുടെ ഭരണവർഗ നയത്തിനേറ്റ പ്രഹരമാണ് മഹാരാഷ്ട്ര കർഷകസമരത്തിന്റെ വിജയം. രാജ്യത്തെ നാളെ എങ്ങനെ മാറ്റിത്തീർക്കാമെന്ന് നിശ്ചയിക്കുക ഇത്തരം പ്രക്ഷോഭങ്ങളാണ്. കർഷകരുടെ രോഷത്തിനുമുന്നിൽ ബിജെപി സർക്കാർ അടിയറപറഞ്ഞത് നിസ്സാരകാര്യമല്ല. വർഗീയക്കോമരങ്ങളുടെ സർക്കാരുകളും ജനശക്തിക്കുമുന്നിൽ മുട്ടുമടക്കുമെന്ന് തെളിഞ്ഞു. കർഷകപ്രക്ഷോഭത്തിനുമുന്നിൽ നിലംപരിശായ ദേവേന്ദ്ര ഫഡ്നാവിസിനെ പുകഴ്ത്തിക്കൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അഭിപ്രായപ്രകടനം വലിയ തമാശയാണ്. ഫഡ്നാവിസിനെ കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണമെന്നാണ് കുമ്മനത്തിന്റെ അഭിപ്രായം. ഇതേസമയം, മുംബൈയിലെപ്പോലെ കർഷകസമരം കേരളത്തിൽ എന്തുകൊണ്ട് സംഘടിപ്പിക്കുന്നില്ലെന്ന് ഒരു മാധ്യമപ്രവർത്തകൻ എന്നോട് ചോദിച്ചു. മധ്യപ്രദേശ് ഉൾപ്പെടെയുള്ള വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തുലോം വ്യത്യസ്തമാണ് കേരളത്തിലെ കർഷകരുടെയും കാർഷികമേഖലയുടെയും സ്ഥിതി. അവിടങ്ങളിലെപ്പോലെ അടിമപ്പണി ചെയ്യേണ്ട അവസ്ഥ ഇവിടെയില്ല. കർഷക ആത്മഹത്യ തുടർക്കഥയായ 'വിദർഭ' കേരളത്തിൽ ഇല്ല. ആദിവാസി ഭൂനിയമം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, കിട്ടിയ ഭൂമിയിൽ പട്ടയം നൽകാൻ കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടിയിട്ടില്ല. കേന്ദ്ര വനാവകാശനിയമപ്രകാരം ആദിവാസികളുടെ ഭൂമിക്ക് കൈവശരേഖ 2006‐11ലെ എൽഡിഎഫ് സർക്കാർതന്നെ നൽകിയിട്ടുണ്ട്. എന്നാൽ, കിട്ടിയ ഭൂമിയിൽ പട്ടയം നൽകാൻ കേന്ദ്രനിയമത്തിൽ മാറ്റം വരുത്തണം. അത് ഇതുവരെ കേന്ദ്ര സർക്കാർ ചെയ്തിട്ടില്ല. കേന്ദ്രത്തിന്റെ ഈ ആദിവാസിവിരുദ്ധ സമീപനത്തിനെതിരെ ശബ്ദിക്കുന്നതിനുപകരം, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രി കണ്ടുപഠിക്കണമെന്ന കുമ്മനത്തിന്റെ സാരോപദേശം പരിഹാസ്യമാണ്. ഇടതുപക്ഷ ബദൽരാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് മുംബൈ കർഷകപ്രക്ഷോഭം കാട്ടിത്തരുന്നത്. എത്ര എംഎൽഎമാരും എംപിമാരും ഉണ്ടെന്നതിനെ ആസ്പദമാക്കി ഇടതുപക്ഷത്തിന്റെ ഇടപെടൽശക്തിയെ വിലയിരുത്തുന്നതിന്റെ അപര്യാപ്തത ഈ സംഭവം ബോധ്യപ്പെടുത്തുന്നു. പാർലമെന്ററി മാർഗത്തോടൊപ്പം പാർലമെന്റേതര മാർഗവും ഉപയോഗപ്പെടുത്തി വർഗസമരം വളർത്തുന്നതിനാണ് കമ്യൂണിസ്റ്റുകാർ ഇടപെടേണ്ടത്.

മഹാരാഷ്ട്ര കർഷകപ്രക്ഷോഭം കേവലം ഒരു 'മുല്ലപ്പൂവിപ്ലവ'മായിരുന്നില്ല. ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങളെ കേന്ദ്രീകരിച്ച് പൊട്ടിപ്പുറപ്പെട്ടതാണ് ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ജനമുന്നേറ്റം. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായിരുന്നു മഹാരാഷ്ട്രയിലെ കർഷകരുടെ പ്രക്ഷോഭം. അവർ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ കുറെക്കാലമായി നടത്തിവന്ന ജീവത്തായ പ്രശ്നങ്ങൾ നേടാനായുള്ള പ്രക്ഷോഭങ്ങളുടെ തുടർച്ചയായിരുന്നു ഇത്. രണ്ടുവർഷംമുമ്പ് രണ്ടു രാത്രിയും രണ്ടു പകലുമായി സിബിഎസ് ചൗക്കിൽ ലക്ഷംപേർ ധർണ നടത്തിയിരുന്നു. അന്ന് സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിനുവേണ്ടി താനെ നഗരത്തിൽ പതിനായിരത്തിലധികം കർഷകർ പങ്കെടുത്ത് ശവപ്പെട്ടി മാർച്ച് നടത്തി. ആ മാർച്ച് ആദിവാസി ക്ഷേമമന്ത്രിയുടെ വീട് രണ്ടുദിവസം വളഞ്ഞുവയ്ക്കുന്നതിലെത്തി. അരലക്ഷം കർഷകർ പങ്കെടുത്ത് മറാത്ത്വാഡ, വിദർഭ മേഖലകളിൽ പ്രക്ഷോഭം നടന്നു. 2017 ജൂണിൽ വിവിധ കർഷകസംഘടനകൾ യോജിച്ച് കിസാൻസഭയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിതടയൽസമരം നടത്തി. അതേത്തുടർന്ന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നടപ്പിൽവരുത്തണമെന്നുള്ള ആവശ്യവും കർഷകരുടെ ഇത്തവണത്തെ പ്രക്ഷോഭത്തിന് നിദാനമായിരുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് മഹാരാഷ്ട്രയിലും രാജസ്ഥാൻ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും ചെങ്കൊടിയുടെ തണലിൽ വിരിഞ്ഞിരിക്കുന്ന ഒരു സമരമുന്നേറ്റം ഒരു യാദൃച്ഛിക പ്രതിഭാസമല്ലെന്നതാണ്. കർഷകരും കർഷകത്തൊഴിലാളികളും ദരിദ്രകർഷകരും സമരരംഗത്ത് വരുമ്പോൾ തൊഴിലാളികളും ബഹുജനങ്ങളും കൈകോർക്കുന്നു. ഇതൊരു വിമോചനപോരാട്ടമാണ്. ഇത് ഇന്ത്യൻ വിപ്ലവപാതയുടെ സാരാംശമാണ്.

ഇന്ത്യയിലെ കർഷകജനസാമാന്യവും അവരുടെ ഇന്നത്തെ അവസ്ഥയും അവരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളും അവരെ ചൂഷണംചെയ്ത് വളരുന്ന ഫ്യൂഡൽ ജന്മിമാരും മുതലാളിത്ത കോർപറേറ്റുകളും‐ ഇതെല്ലാം അടങ്ങുന്ന ചിത്രം ലോകത്തിനുമുന്നിൽ ചർച്ചചെയ്യാൻ മഹാരാഷ്ട്രപ്രക്ഷോഭം അവസരമായിരിക്കുന്നു. ബിജെപി ഭരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാൻ സമരം ഉപകരിച്ചു. 'ഹിന്ദുക്കളുടെ രക്ഷ' എന്ന മുദ്രാവാക്യംകൂടി ഉപയോഗിച്ചാണ് ത്രിപുരയിൽ ബിജെപി തെരഞ്ഞെടുപ്പുവിജയം നേടിയത്. ന്യൂനപക്ഷപ്രീണനം നടത്തുന്ന കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തുകയെന്ന പ്രചാരണവും നടത്തി. അത്തരം യുക്തിഹീനമായ പ്രചാരണങ്ങൾക്കുള്ള മറുപടികൂടിയായി മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭത്തിന്റെ വിജയം. ത്രിപുരയിൽ വിലയ്ക്ക് വാങ്ങിയ ബിജെപി വിജയത്തിന്റെ മറവിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ എഴുതിത്തള്ളാമെന്ന് വിലയിരുത്തിയവർക്കുള്ള തകർപ്പൻ ഉത്തരംകൂടിയാണ് മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളിലേക്ക് പടരുകയും ചെയ്യുന്ന കിസാൻസഭയുടെ നേതൃത്വത്തിലുള്ള കർഷകമുന്നേറ്റം. ആർഎസ്എസ്‐ ബിജെപി ഭരണത്തിൽ ഇന്ത്യയിലെ ജനങ്ങൾ സഹികെട്ടിരിക്കുകയാണ്. കർഷകപ്രക്ഷോഭവും യുപി‐ ബിഹാർ ഉപതെരഞ്ഞെടുപ്പുഫലങ്ങളും നൽകുന്ന സന്ദേശം അതാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top