19 March Tuesday

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്നത് വലിയ വിപത്ത്

കോടിയേരി ബാലകൃഷ്‍ണൻUpdated: Friday Mar 9, 2018

ബിജെപി‐ആർഎസ്എസ് ഭീകരതാണ്ഡവത്തിന്റെ ഹീനമായ വാർത്തകളാണ് ത്രിപുരയിൽനിന്ന് വരുന്നത്. ഒരു ജനാധിപത്യരാജ്യത്തും സംഭവിക്കാൻ പാടില്ലാത്തവയാണ് ഉണ്ടായത്. അധാർമികമാർഗങ്ങളിലൂടെ അധികാരം കൈയടക്കിയ ബിജെപി ജനാധിപത്യത്തെ മറയില്ലാതെ പിച്ചിച്ചീന്തുകയാണ്. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളും പാർടി ഓഫീസുകളും ആക്രമിക്കുക, തീയിടുക, കൈയേറുക, കൊല്ലുക തുടങ്ങിയതെല്ലാം ചെയ്യുന്നു. ഇതിനകം 2000 വീടുകൾ തകർത്തു. 135 പാർടി ഓഫീസുകൾ നശിപ്പിച്ചു. ഗർഭിണികളെപ്പോലും വെറുതെ വിടുന്നില്ല. ദക്ഷിണ ത്രിപുരയിൽ ഒമ്പതുമാസം ഗർഭിണിയായ സഞ്ജു പട്ടാരിർബോയെ കൊന്നു. തെരഞ്ഞെടുപ്പുവിജയത്തിനുശേഷം തുടങ്ങിയ ആക്രമണത്തിൽ അറുനൂറിലധികംപേർക്ക് പരിക്കേറ്റു.

ദക്ഷിണ ത്രിപുരയിലെ ബെലോണിയ പട്ടണത്തിലെ ലെനിൻപ്രതിമ ബുൾഡോസർ ഉപയോഗിച്ച് ബിജെപിക്കാർ ഇടിച്ചുതകർത്തു. സബ്രുമിലും ലെനിൻപ്രതിമ തകർത്തു. 'ഭാരത് മാതാ കി ജയ്' വിളിച്ചാണ് ബിജെപി‐ആർഎസ്എസുകാർ ഇതെല്ലാം ചെയ്തത്. ഇത്തരം ആക്രമണങ്ങളെ ഗവർണർ തഥാഗത റോയ് ന്യായീകരിച്ചു. ബിജെപിയുടെ മുൻ ബംഗാൾ പ്രസിഡന്റായ സംഘപരിവാറുകാരനാണ് ഇദ്ദേഹമെങ്കിലും തന്റെ പദവി ഗവർണറുടേതാണെന്നത് മറന്നുപോയിരിക്കുന്നു. ഒരു സർക്കാരിന്റെ ഭരണത്തിലെ നടപടികളെ മറ്റൊരു സർക്കാർ അധികാരത്തിൽ വരുമ്പോൾ മാറ്റാമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. അക്രമികൾക്ക് കേന്ദ്ര‐ സംസ്ഥാന ഭരണങ്ങൾ തണലായിരിക്കുകയാണ്. കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യമാണ് നരേന്ദ്ര മോഡി ഏറ്റെടുത്തിരിക്കുന്നതെന്നാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് അഭിപ്രായപ്പെട്ടത്. ആഗോളതലത്തിൽ റൊണാൾഡ് റീഗണും മാർഗരറ്റ് താച്ചറും നടപ്പാക്കിയ പദ്ധതിയുടെ തുടർച്ചയാണിതെന്നും രാം മാധവ് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുന്നതിനുള്ള അവസരമായി ത്രിപുരയിലെ അധികാരലബ്ധിയെ സംഘപരിവാർ ഉപയോഗിക്കുകയാണ്. പക്ഷേ, കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട ഹിറ്റ്ലറും മുസ്സോളിനിയും വിജയിച്ചിട്ടില്ല. പിന്നെയാണ് മോഡി. ത്രിപുരയിലെ ഇപ്പോഴത്തെ അഴിഞ്ഞാട്ടങ്ങൾക്കുമുന്നിൽ തോറ്റുകൊടുക്കാൻ ജനാധിപത്യബോധമുള്ള ഇന്ത്യയും ത്രിപുരയും തയ്യാറാകില്ല.

ലെനിന്റെ പ്രതിമ തകർത്തതിനെ ന്യായീകരിച്ച് ബിജെപിയുടെ ഒരു ദേശീയ നേതാവ് നിരത്തിയ വാദം റഷ്യക്കാരനായ ലെനിന് ഇന്ത്യയിലെന്ത് കാര്യമെന്നാണ്. ഇത് ശരിയാണെന്ന് ആരെങ്കിലും കണ്ടാൽ, നാളെ ലോകത്ത് എന്തൊക്കെയാണ് സംഭവിക്കുക. ഇന്ത്യയിൽ ജനിച്ച ബുദ്ധന്റെ പ്രതിമ ശ്രീലങ്ക, ജപ്പാൻ ഉൾപ്പെടെ എത്ര രാജ്യങ്ങളിലുണ്ട്. ഒരു വലിയ വിഭാഗം ജനങ്ങൾ ദൈവമായി ആരാധിക്കുന്ന  ക്രിസ്തുവിന്റെ പ്രതിമയും ഇന്ത്യ ഉൾപ്പെടെ എത്രയോ ദേശങ്ങളിലുണ്ട്. പാവങ്ങളുടെ കണ്ണീരൊപ്പാനുള്ള പ്രവർത്തനം നടത്തി ആരാധ്യയായി മാറിയ മദർ തെരേസയുടെ പ്രതിമ കൊൽക്കത്തയിലടക്കം തകർക്കാനും സംഘപരിവാർ അക്രമികൾ ഇറങ്ങില്ലെന്ന് ആരുകണ്ടു. സാമൂഹ്യപരിഷ്കർത്താവായ ഇ വി രാമസ്വാമി നായിക്കരുടെ പ്രതിമ തകർക്കാൻ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ട്വിറ്ററിൽ ആഹ്വാനംചെയ്തത് ത്രിപുരയിൽ ലെനിന്റെ പ്രതിമ തകർത്തതിന്റെ ആവേശത്തിലായിരുന്നു. രാജയുടെ ആഹ്വാനം സ്വീകരിച്ച് വെല്ലൂർ ജില്ലയിൽ രാമസ്വാമി നായിക്കരുടെ പ്രതിമ തകർത്തു. ത്രിപുരയിൽ ജനാധിപത്യചൂതാട്ടത്തിലൂടെ നേടിയെടുത്ത വിജയത്തിന്റെ മറവിൽ അവിടെ കെട്ടഴിച്ചുവിട്ടിരിക്കുന്ന അക്രമക്കോപ്രായങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. അംബേദ്കർപ്രതിമ യുപിയിൽ നിരവധിയിടങ്ങളിൽ തകർത്തു. ദേശീയ നേതാക്കളെയും പുരോഗമനവാദികളെയും നവോത്ഥാന നായകരെയും ചരിത്രത്തിൽനിന്ന് നീക്കാൻ ഉത്സാഹിക്കുന്നവരാണ് സംഘപരിവാർ. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരുവിന്റെ പ്രതിമയ്ക്കുനേരെയും നാളെ ഇക്കൂട്ടർ തിരിഞ്ഞേക്കും.

ഇത് ജനാധിപത്യം നേരിടുന്ന വലിയ വിപത്താണ്. ത്രിപുരയിലെ ഇടതുപക്ഷത്തിന്റെ പരാജയം യഥാർഥത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിനുനേരെ ഉയർത്തുന്ന കനത്ത വെല്ലുവിളിയാണ്. സിപിഐ എമ്മിനെ അധികാരത്തിൽനിന്ന് പുറത്താക്കിയെന്നതിന്റെ പേരിൽ ആഹ്ലാദിക്കുന്നവർ ഈ വിപത്ത് കാണാതിരുന്നുകൂടാ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നരശതമാനം മാത്രം വോട്ടുണ്ടായിരുന്ന ബിജെപി, 43 ശതമാനം വോട്ടും 35 സീറ്റും വാങ്ങിയെടുത്തത് ജനവിധിയെ പ്രഹസനമാക്കിക്കൊണ്ടാണ്. പണം കൊടുത്ത് വോട്ട് വാങ്ങി. അതിനുവേണ്ടി കേന്ദ്രഭരണം ഉപയോഗിച്ച് കോർപറേറ്റുകളിൽനിന്നടക്കം വൻതോതിൽ പണം സംഭരിക്കുകയും അത് ജനാധിപത്യത്തെ അട്ടിമറിക്കാൻ ഉപയോഗിക്കുകയും ചെയ്തു. പണപ്പെട്ടിയുമായി ഒരു കേന്ദ്രമന്ത്രിയെ പിടികൂടിയിട്ടും ഇടപെടാൻ തെരഞ്ഞെടുപ്പ് കമീഷൻ വിസമ്മതിച്ചു. മൂന്നുവർഷത്തോളമായി ഒരു കൊച്ചുസംസ്ഥാനത്തെ കേന്ദ്രീകരിച്ച് ഇറക്കുമതിചെയ്ത വാടകപ്പടയുടെ നേതൃത്വത്തിൽ ഗോത്രവർഗക്കാരെ അടക്കം വശീകരിക്കാൻ വർഗീയതയും വിഘടനവാദവുമെല്ലാം തരാതരം ഉപയോഗിച്ചു. ആദിവാസി ഗോത്രമേഖലകളിൽ സംഘപരിവാറിന്റെ ആസൂത്രിതപ്രവർത്തനത്തിന് കേന്ദ്ര ഏജൻസികളുടെ നിർലോഭമായ പിന്തുണയുണ്ടായി. കുതിരക്കച്ചവടത്തിന്റെ വിജയംകൂടിയാണ് ത്രിപുരയിലെ ബിജെപി 'നേട്ടം'. കോൺഗ്രസിനെ മൊത്തമായി ആട്ടിത്തെളിക്കാനും വിലയ്ക്കെടുക്കാനും കഴിഞ്ഞു. അവിടത്തെ തെരഞ്ഞെടുപ്പുവിജയം ബിജെപിയുടെ ജനകീയതയ്ക്ക് തെളിവല്ല. ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തതിന്റെ വിജയമാണ്. കോൺഗ്രസിന്റെ അടിത്തറ മാന്തിയാണ് ഒന്നരശതമാനം വോട്ടുണ്ടായിരുന്ന ബിജെപി കാവിത്തൂണ് ഉറപ്പിച്ചത്. കോൺഗ്രസിന്റെ പിടിപ്പുകേടും അന്തഃഛിദ്രവും നയരാഹിത്യവും അതിന് കാരണമായി.

ത്രിപുരയിൽ പരാജയപ്പെട്ടെങ്കിലും സിപിഐ എമ്മിനും ഇടതുമുന്നണിക്കും ജനകീയാടിത്തറ നഷ്ടപ്പെട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 52 ശതമാനം വോട്ടുണ്ടായിരുന്ന ഇടതുപക്ഷത്തിന് ഇക്കുറി 44.3 ശതമാനം വോട്ട് ലഭിച്ചു. എന്നാൽ, ബിജെപിക്ക് ഇക്കുറി 43 ശതമാനം വോട്ടാണ്. ഐപിഎഫ്ടിയുടെ സഹായത്തോടെയുള്ള സഖ്യത്തിനാകട്ടെ 50 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 8.04 ലക്ഷം വോട്ടും 36.53 ശതമാനവും ഉണ്ടായിരുന്ന കോൺഗ്രസിന് ഇത്തവണ ലഭിച്ചത് 41,325 വോട്ട്. അതായത് 1.8 ശതമാനം വോട്ടുമാത്രം. ത്രിപുരയിലെ പരാജയം കാരണം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ഇടപെടൽസ്വാധീനവും ശക്തിയും ഇല്ലാതായില്ല. അതിനാൽ ഈ ഫലത്തോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽനിന്ന് ഇടതുപക്ഷം നിഷ്കാസിതമാകുമെന്ന ചില പണ്ഡിതന്മാരുടെ വിലയിരുത്തൽ അബദ്ധജഡിലമാണ്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും കമ്യൂണിസ്റ്റുകാർക്ക്  ഭരണമില്ലാത്ത കാലമുണ്ടായിട്ടുണ്ട്. പിന്നീട് ബംഗാളിലും കേരളത്തിലും ഭരണമില്ലാതിരിക്കുകയും ത്രിപുരയിൽമാത്രം സിപിഐ എം നേതൃത്വത്തിലുള്ള ഭരണം ഉണ്ടായിരുന്ന സമയവുമുണ്ട്. തെരഞ്ഞെടുപ്പുപരാജയത്തെമാത്രം അടിസ്ഥാനമാക്കി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഇടപെടൽശേഷിയെ വിലയിരുത്തുന്നത് പിശകാണ്. പുന്നപ്ര‐ വയലാർ സമരവും കരിവെള്ളൂർ‐ കയ്യൂർ സമരവും ശൂരനാട് കലാപവും ഗുരുവായൂർ സത്യഗ്രഹവുമൊക്കെ നടന്ന കാലത്ത് കമ്യൂണിസ്റ്റ് പാർടിക്ക് പാർലമെന്ററി സ്ഥാപനങ്ങളിലെ പങ്കാളിത്തം വളരെ പരിമിതമായിരുന്നു. അതിനാൽ പാർലമെന്ററി സ്ഥാപനങ്ങളിലെ പ്രാതിനിധ്യത്തെമാത്രം അടിസ്ഥാനമാക്കി ഒരു സമൂഹത്തിലെ ഇടതുപക്ഷ ഇടപെടൽസ്വാധീനത്തെ അളക്കുന്നത് യുക്തിഹീനമാണ്. ത്രിപുരയ്ക്ക് നേരിട്ട പരാജയത്തെ അതിജീവിക്കാൻ പാർലമെന്ററി‐ പാർലമെന്റേതര മാർഗങ്ങളിലെ സമരവും ജനകീയ ഇടെപടലും ശക്തമാക്കി സിപിഐ എം മുന്നോട്ടുപോകും. അതിലൂടെ ജനങ്ങളുടെ വിശ്വാസം കൂടുതൽ ആർജിച്ച് ത്രിപുരയിൽ ഉൾപ്പെടെ ഫാസിസ്റ്റ് രീതിയിലുള്ള കടന്നാക്രമണങ്ങളെ പരാജയപ്പെടുത്തും. അങ്ങനെ ചെങ്കൊടിയുടെ വിജയം നാളെ സുനിശ്ചിതമാണ്.

സിപിഐ എമ്മിന് തുടർഭരണം നേടുന്നതിന് സ്വയം നവീകരണം നടത്തണമെന്ന അഭിപ്രായം ഒരു പ്രമുഖ സാഹിത്യകാരൻ ഉന്നയിച്ചിട്ടുണ്ട്. സ്വയം നവീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുതിയ അറിവ് നേടുക എന്നതാണെങ്കിൽ അതിന് പാർടി മുഖംതിരിക്കില്ല. പക്ഷേ, ആഗോളീകരണ സാമ്പത്തിക നയത്തിന്റെ വക്താക്കളും പ്രയോക്താക്കളുമാകുക എന്നതാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് ഉൾക്കൊള്ളാനാകില്ല.  ഇക്കാര്യത്തിൽ ഒരു വിഭാഗം ജനങ്ങൾക്ക് പാർടിയെ മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ടെങ്കിൽ അത്തരക്കാരെ സമീപിച്ച് ക്ഷമാശീലത്തോടെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള ചുമതല പാർടിയുടെ ഓരോ ഘടകവും നിർവഹിക്കും.

ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ ജാരസന്തതിയാണ് ത്രിപുരയിൽ രൂപംകൊള്ളുന്ന ബിജെപി‐ ഐപിഎഫ്ടി സഖ്യ മന്ത്രിസഭ. ത്രിപുരയെ വിഭജിക്കുകയും സ്വതന്ത്രസംസ്ഥാനം വേണമെന്നുമുള്ള ആവശ്യത്തിന്മേൽ കലാപത്തിൽ ഏർപ്പെടുകയും ചെയ്ത വിഘടനവാദികളാണ് ഐപിഎഫ്ടി. ദേശസ്നേഹത്തിന്റെ പേരിൽ ഹാലിളക്കം നടത്താറുള്ള ബിജെപി‐ ആർഎസ്എസിന്റെ ദേശസ്നേഹക്കൂറ് എത്രയെന്ന് തെളിയിക്കുന്നതാണ് ഐപിഎഫ്ടിയുമായുള്ള അവരുടെ സഖ്യം. ത്രിപുര വിഭജിക്കാൻ നേരത്തെ നിലകൊണ്ട ത്രിപുര ഉപജാതി ജൂബ സമിതി (ടിയുജെഎസ്) എന്ന ഗോത്രവർഗ പാർടിയുടെ പുതുരൂപമാണ് ഇൻഡിജീനസ് പീപ്പിൾസ് ഫ്രണ്ട് ത്രിപുര എന്ന ഐപിഎഫ്ടി. വിഘടനശക്തികളെ കൂട്ടുപിടിച്ചും ജനാധിപത്യത്തെ അട്ടിമറിച്ചും ബിജെപി നേടിയ വിജയം ശാശ്വതമാകില്ല.

വടക്കുകിഴക്കൻ പ്രദേശത്തെ ഏറ്റവും സമാധാനവും പുരോഗതിയും സാക്ഷരതയുമുള്ള നാടാക്കി ത്രിപുരയെ മാറ്റിയത് ഇടതുപക്ഷ സർക്കാരുകളാണ്. 1972ൽ ത്രിപുര സംസ്ഥാനത്ത് ആദ്യനിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോൾ വിജയിച്ചത് കോൺഗ്രസാണ്. 35 വർഷമാണ് സിപിഐ എം നേതൃത്വത്തിലുള്ള ഭരണമുണ്ടായത്. 12 വർഷം കോൺഗ്രസിന്റെ ഭരണവും. 20 വർഷം ഭരണത്തിന് നേതൃത്വം നൽകിയ (1998‐2018) മണിക് സർക്കാരിനെ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അത്രമാത്രം സത്യസന്ധനായി ജീവിച്ച കമ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. നൂറ് ശതമാനം സാക്ഷരതയുള്ള നാടാക്കുകയും ലക്ഷക്കണക്കിന് ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി നൽകുകയും ചെയ്ത ജനപക്ഷഭരണമായിരുന്നു മണിക് സർക്കാരിന്റേത്. അട്ടിമറിക്കപ്പെട്ട ഒരു വിധിയെഴുത്തുകൊണ്ട് ഈ ശരികളൊന്നും തെറ്റാകില്ല.

ത്രിപുരയിലെ വിജയത്തിൽ ഉന്മാദംകൊണ്ട് ചില ബിജെപി നേതാക്കൾ ത്രിപുരയ്ക്കുപിന്നാലെ  കേരളവും പിടിച്ചെടുക്കുമെന്ന് വീമ്പിളക്കിയിട്ടുണ്ട്. ത്രിപുരയിലെപ്പോലെ കോൺഗ്രസിന്റെ അടിത്തറ തകർത്തും മറ്റു ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെയും കാവിക്കൊടി പാറിപ്പിക്കാമെന്നാണ് ഇക്കൂട്ടർ സ്വപ്നം കാണുന്നത്. കോൺഗ്രസിന്റെ തകർച്ചയിൽനിന്ന് മുതലെടുക്കാൻ കാവിസംഘത്തെ അനുവദിക്കാതിരിക്കാനുള്ള മതനിരപേക്ഷബോധം കേരളത്തിലെ ജനങ്ങൾക്കുണ്ട്. ത്രിപുരയിലെ തെരഞ്ഞെടുപ്പുപരാജയത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ കേരളത്തിലെ എൽഡിഎഫ് പ്രസ്ഥാനം കൈക്കൊള്ളുകയും ചെയ്യും. ത്രിപുരഫലത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഖ്യം കൂടുകയെന്ന ഉപദേശം  ചില കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. ബിജെപിയെ തോൽപ്പിക്കുന്നതിനുള്ള വിശ്വസ്തമായ രാഷ്ട്രീയ  പ്രസ്ഥാനമല്ല കോൺഗ്രസെന്ന് ത്രിപുര അനുഭവം ബോധ്യപ്പെടുത്തുന്നു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് നഷ്ടമായത് 7,63,132 വോട്ടാണ്. കഴിഞ്ഞതവണ 36.53 ശതമാനം വോട്ടും പത്ത് സീറ്റും ഉണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 1.8 ശതമാനം വോട്ടുമാത്രം. സീറ്റൊന്നും കിട്ടിയില്ലെന്നുമാത്രമല്ല, മത്സരിച്ച 59 മണ്ഡലത്തിൽ നാലിടത്തുമാത്രമാണ് ആയിരത്തിലധികം വോട്ട് നേടിയത്. ഒരിടത്തുപോലും രണ്ടാംസ്ഥാനം ലഭിച്ചില്ല. പിസിസി അധ്യക്ഷൻ ബിരാജിത് സിൻഹ മത്സരിച്ച കൈലാഷാഹർ മണ്ഡലത്തിൽമാത്രമാണ് കെട്ടിവച്ച തുക തിരികെ കിട്ടിയത്. അവിടെ 7787 വോട്ട് കിട്ടി. കഴിഞ്ഞതവണ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ഏഴുപേർ ഇത്തവണ ബിജെപിയുടെ എംഎൽഎമാരായി. കാവിക്കൊടിയിൽ ജയിച്ച എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും കോൺഗ്രസുകാരാണ്. ഇത്തവണ ബിജെപിയും സിപിഐ എമ്മും തമ്മിലുള്ള വോട്ടുവ്യത്യാസം 6518 വോട്ടിന്റേതാണ്. ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ഏഴുലക്ഷത്തിൽപ്പരം കോൺഗ്രസിന്റെ വോട്ടുകളാണ് കാവിപ്പെട്ടിയിൽ ആസൂത്രിതമായി വീഴ്ത്തിയത്. ഇങ്ങനെ സംഘപരിവാറിന് വളരാൻ കളമൊരുക്കിക്കൊടുക്കുന്ന ഒരു പാർടിയുമായി തെരഞ്ഞെടുപ്പുസഖ്യമോ ധാരണയോ ഉണ്ടാക്കിയതുകൊണ്ട് ബിജെപിയെ തോൽപ്പിക്കാനാകില്ല. മോഡി ഭരണത്തണലിൽ ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവരീതികൾ പ്രതിപക്ഷത്തിനുനേരെ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്. അതാണ് ത്രിപുര സാക്ഷ്യപ്പെടുത്തുന്നത്. ഇത്തരം അർധ ഫാസിസ്റ്റ് രീതിയിലെ തേർവാഴ്ച അവസാനിപ്പിക്കാൻ ജനാധിപത്യത്തിൽ വിശ്വാസമുള്ള എല്ലാവരും യോജിച്ച് പോരാടേണ്ടതാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top