20 April Saturday

കേന്ദ്ര അവഗണനയും സമര യോജിപ്പും

കോടിയേരി ബാലകൃഷ്ണൻUpdated: Friday Jun 29, 2018


കേന്ദ്ര‐ സംസ്ഥാന ബന്ധങ്ങളുടെ പ്രശ്നം ഒരു പുതിയതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട അവസരം വന്നിരിക്കുകയാണ്. ഭക്ഷ്യപ്രശ്നം ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ നാലുതവണ കേരളം സമയം ചോദിച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിഷേധിച്ചത് നിസ്സാരമായി തള്ളാവുന്ന കാര്യമല്ല. ഇരുപതോളം സംസ്ഥാനങ്ങളിൽ ഭരണം ബിജെപി മുന്നണിക്കാണെങ്കിലും ഇന്ത്യ ഒരു മഴവിൽഭരണ സമ്പ്രദായത്തിലാണ്. കേന്ദ്രത്തിൽ ഭരിക്കുന്ന കക്ഷിയോ മുന്നണിയോതന്നെ എല്ലാ സംസ്ഥാനങ്ങളിലും ഭരിക്കുന്നില്ല. അതാണ് സ്ഥിതി.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ പാർടി ഭരണമെന്ന തോന്നൽ സ്വാതന്ത്ര്യാനന്തര ആദ്യകാലങ്ങളിലുണ്ടായിരുന്നു. യഥാർഥത്തിൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പുമുതൽ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒരേ സ്വഭാവത്തിലുള്ള സർക്കാരുകൾ ആയിരുന്നില്ല. 1952ലെ തെരഞ്ഞെടുപ്പിൽ തിരു‐കൊച്ചിയിൽ കോൺഗ്രസിന് മന്ത്രിസഭ രൂപീകരിക്കാൻ കഴിഞ്ഞത് തമിഴ്നാട് കോൺഗ്രസിനെ കൂട്ടുപിടിച്ചാണ്. 1957‐59ൽ കേരളത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ ആയിരുന്നു. ഈ പ്രവണത 1967ൽ വ്യാപകമായി. 1977ൽ ഈ പ്രവണത പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചു.  അതായത്, ഏകകക്ഷി ഭരണത്തിന്റെ യുഗം അവസാനിച്ചു. കേന്ദ്ര‐സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയമായി ഒരേ സ്വഭാവത്തോടെ ഉള്ളതാകണം എന്ന തത്വം നിരാകരിക്കപ്പെട്ടു. ഈ വസ്തുതയുടെ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ അരിപ്രശ്നം കേന്ദ്രസർക്കാരിന്റെ മുന്നിൽ അവതരിപ്പിച്ച‌് പരിഹാരം കാണാനുള്ള കേരളത്തിന്റെ അവകാശം അംഗീകരിക്കാത്ത പ്രധാനമന്ത്രിയുടെ ദാർഷ്ട്യത്തെ വിലയിരുത്താൻ.

ഭക്ഷ്യപ്രശ്നത്തിൽ പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി സമയംതേടിയത് സംസ്ഥാന നിയമസഭയുടെകൂടി തീരുമാനപ്രകാരമാണ്. ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ഏതെങ്കിലും കാര്യങ്ങളിൽ ഉൽക്കടമായ വികാരമോ ഗൗരവതരമായ പ്രശ്നമോ ഉണ്ടെങ്കിൽ അതിന്റെ കാരണങ്ങൾ അവധാനപൂർവം കേൾക്കാനും പരിശോധിക്കാനും കേന്ദ്രസർക്കാർ ഭരണഘടന പ്രകാരംതന്നെ ബാധ്യസ്ഥമാണ്. കേന്ദ്ര‐സംസ്ഥാന ബന്ധങ്ങൾ ഭരണഘടന നിർമാണസഭയിൽ വന്നപ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണമെന്ന് ആവശ്യപ്പെട്ട രാഷ്ട്രീയ പാർടിയാണ് കമ്യൂണിസ്റ്റ് പാർടി. എന്നാൽ, കേന്ദ്രീകൃതമായ ഒരു ഭരണഘടനാ സംവിധാനത്തിനാണ് അന്ന് മുൻതൂക്കം കിട്ടിയത്. അന്ന് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ഒരൊറ്റ രാഷ്ട്രീയ കക്ഷിയുടെ ആധിപത്യമായിരുന്നു. പിന്നീട് സ്ഥിതിമാറി. എന്നാൽ, ഭരണഘടന രൂപപ്പെടുത്തിയപ്പോൾത്തന്നെ അതിന്റെ അന്തഃസത്ത ഊട്ടിയുറപ്പിച്ചത് ഫെഡറൽ തത്വത്തിന്റെയും സംസ്ഥാനങ്ങളുടെ ഭരണാവകാശത്തിന്റെയും മേലാണ്. അതിനുനേരെയുള്ള കടന്നാക്രമണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചാനുമതി നിഷേധിച്ച മോഡിയുടെ നടപടി.

സിപിഐ എം യോഗം ഡൽഹിയിൽ ചേരുമ്പോൾത്തന്നെ പ്രധാനമന്ത്രി, മുഖ്യമന്ത്രിക്ക്  കൂടിക്കാഴ്ചയ്ക്കുള്ള തീയതി നൽകണമെന്ന് എന്തിനാണ് ശഠിക്കുന്നതെന്നാണ് ബിജെപി  നേതാവ് ഒ രാജഗോപാൽ പ്രതികരിച്ചത്. ഭക്ഷ്യപ്രശ്നം ശ്രദ്ധയിൽപ്പെടുത്താൻ പ്രധാനമന്ത്രിയോട് ഇന്ന തീയതിതന്നെ തരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടില്ല. കേരള ജനതയെ അവഹേളിക്കുന്ന, കേരളീയരുടെ വയറ്റത്തടിക്കുന്ന അരിപ്രശ്നം പരിഹരിക്കാത്ത കേന്ദ്രസർക്കാർ നയത്തിൽ വിയോജിക്കുകയാണ് ധർമബോധമുള്ള ഏതൊരു കേരളീയനും ചെയ്യേണ്ടത്. അതിനുപകരം കേരളത്തോട് ധിക്കാരം കാട്ടുന്ന പ്രധാനമന്ത്രിയുടെ  നടപടിയെ വെള്ളപൂശാൻ മുഖ്യമന്ത്രിയുടെ മേക്കിട്ട‌് കയറുന്നത് രാജ്യസ്നേഹമല്ലെന്ന് ഒ രാജഗോപാലും ഓർമിക്കട്ടെ. അരിപ്രശ്നം പറയാൻ കേന്ദ്രമന്ത്രിയെ കണ്ടോളാനാണ് പ്രധാനമന്ത്രിയുടെ ഉപദേശം. ഭക്ഷ്യമന്ത്രിയുടെ അധികാരപരിധിയിൽ ഒതുങ്ങുന്നതല്ല വിഷയം. അത് ഭക്ഷ്യമന്ത്രിതന്നെ നേരത്തെ വ്യക്തമാക്കിയതാണ്.

കേരളത്തിന്റെ റേഷൻസമ്പ്രദായത്തെ അട്ടിമറിക്കുകയാണ് കേന്ദ്രസർക്കാർ. അതിന് അറുതിവരുത്താനുള്ള കേന്ദ്ര നടപടിക്കുവേണ്ടിയാണ് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ കാണാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ റേഷൻ സംവിധാനത്തിൽ ഒരു കോടി 54 ലക്ഷം പേരാണ് മുൻഗണനാ പട്ടികയിൽ. അവർക്ക് 25 കിലോഗ്രാം ഭക്ഷ്യധാന്യം കിട്ടുന്നു. അതിന് കിലോയ്ക്ക് മൂന്നു രൂപയ്ക്കാണ് കേന്ദ്രസർക്കാർ കേരളത്തിന് അരി തരുന്നത്. എന്നാൽ, ഒരു കോടി 54 ലക്ഷം പേർക്ക് എൽഡിഎഫ് സർക്കാർ സൗജന്യമായി അരി നൽകുന്നു. സൗജന്യ റേഷൻ പട്ടികയിൽ ഉൾപ്പെടാത്ത രണ്ട‌് കോടിയിൽപ്പരം പേരുണ്ട്. അവർക്ക് രണ്ടോ മൂന്നോ കിലോ അരിമാത്രമാണ് അനുവദിക്കുന്നത്. എല്ലാവിഭാഗം ജനങ്ങൾക്കും റേഷൻ അരി ലഭ്യമായിരുന്ന സംസ്ഥാനത്ത് അത് അട്ടിമറിക്കപ്പെട്ടത് കേന്ദ്രഭക്ഷ്യ ഭദ്രതാ നിയമംമൂലമാണ്. കേരളത്തിന്റെ സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം തകർക്കപ്പെട്ടു.

    ഈ നിയമം കൊണ്ടുവന്നത് കോൺഗ്രസ് നയിച്ച യുപിഎ സർക്കാരാണ്. നിയമം നടപ്പാക്കിയത് ബിജെപിയുടെ  കേന്ദ്രസർക്കാരും. അങ്ങനെ മുൻ യുപിഎ ഭണക്കാരും ഇന്നത്തെ ബിജെപി ഭരണക്കാരും  ചേർന്ന് കേരളീയരെ ശിക്ഷിക്കുകയാണ്. ഈ കുറ്റം ചെയ്തിരിക്കുന്ന കോൺഗ്രസും ബിജെപിയുമാകട്ടെ, സംസ്ഥാനത്ത് റേഷൻ സമ്പ്രദായം തകർക്കപ്പെട്ടതിന് എൽഡിഎഫ് സർക്കാരിനുനേരെ കുതിര കയറുന്നതിന് മനഃസാക്ഷിക്കുത്തില്ലായ്മ കാട്ടുകയും ചെയ്യുന്നു. യോജിച്ച സമരത്തെപ്പറ്റി ഡൽഹിയിൽ കോൺഗ്രസ‌് നേതാവ് എ കെ ആന്റണി പ്രസംഗിച്ചതായി കണ്ടു. റേഷൻ സമ്പ്രദായം  പുനഃസ്ഥാപിക്കാൻ കേരളത്തിലെ ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി പോരാടണം. ഇക്കാര്യത്തിൽ പാർലമെന്റിനകത്തും പുറത്തും യോജിച്ച പോരാട്ടം വളർത്തുകയെന്നതാണ് സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും കാഴ്ചപ്പാട്.

ഇതിനിടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കുവേണ്ടി ഡൽഹിയിൽ എംപിമാർ നടത്തിയ സത്യഗ്രഹ സമരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിക്കുന്ന തെറ്റായ നടപടിയാണെന്ന് ചില ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടതായി വായിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി തുടങ്ങുക എന്നത് കേന്ദ്രസർക്കാർ പാലിക്കേണ്ട മിനിമം മര്യാദയാണ്. അത് ലംഘിച്ചാൽ ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പം സമരത്തിന് മുഖ്യമന്ത്രിയും മുന്നിലുണ്ടാകുമെന്ന സന്ദേശമാണ് ഡൽഹി സമരത്തിലൂടെ പിണറായി വിജയൻ നൽകിയത്. ഇതാണ് ശരിയായ ജനപക്ഷ ഭരണനയം.

ഇതേ വിഷയത്തിൽ യുഡിഎഫ് എംപിമാരുടെ സമരം ഉദ്ഘാടനംചെയ്ത എ കെ ആന്റണി കോച്ച് ഫാക്ടറിയുടെ വിഷയത്തിലും എൽഡിഎഫുമായി യോജിച്ച് സമരം ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ മോഡി സർക്കാരിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ പാർലമെന്റിനുള്ളിൽ യോജിച്ചു നിൽക്കാനും പോരാടാനും എൽഡിഎഫ് തയ്യാറാണ്. അതിനൊപ്പം കോച്ച് ഫാക്ടറി യാഥാർഥ്യമാകാത്തതിന് ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ പങ്ക് ചെറുതല്ലെന്നാണ് ഓർമിക്കേണ്ടത്. യുപിഎ ഭരണത്തിലെ 10 വർഷത്തിനിടയിൽ കോച്ച് ഫാക്ടറി നിർമാണം തുടങ്ങാമായിരുന്നു. റായ്ബറേലിക്കുവേണ്ടി കേരളത്തിന്റെ കോച്ച് ഫാക്ടറി അട്ടിമറിച്ചു. അന്ന് എട്ടുപേർ കേരളത്തിൽനിന്ന‌് കേന്ദ്രത്തിൽ മന്ത്രിമാരായിരുന്നു. അന്നത്തെ അട്ടിമറിയെ ചോദ്യം ചെയ്തില്ലെന്നുള്ള കുറ്റബോധം  ആന്റണിക്ക് ഉണ്ടോ? ഇതെല്ലാം ഉണ്ടാകുമ്പോൾത്തന്നെ കോച്ച് ഫാക്ടറി യാഥാർഥ്യമാക്കാനുള്ള ആവശ്യം ഒന്നിച്ചുയർത്തുകതന്നെ വേണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top