20 April Saturday

നയം നാടിന്റെ ഭാവിക്ക്

കോടിയേരി ബാലകൃഷ്‍ണൻUpdated: Friday Jan 26, 2018


ഇന്ത്യൻ റിപ്പബ്ലിക് 69 വയസ്സിലേക്ക് കടക്കുന്നു. ജാതിമത വർണഭേദങ്ങൾക്ക് അതീതമായി മാനവികതയുടെ നന്മയിലേക്ക്  രാജ്യത്തെ ഉയർത്തിക്കൊണ്ടുവരാനാണ് 1950 ജനുവരി 26ന്  ഇന്ത്യ റിപ്പബ്ലിക്കായത്. അന്നാണ് ഇന്ത്യക്ക് സ്വന്തമായി ഭരണഘടന നിലവിൽ വന്നത്. സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായപ്പോൾ  വിഭാവനംചെയ്ത സ്വാതന്ത്ര്യസമരമൂല്യങ്ങളും മതനിരപേക്ഷതയും ബഹുസ്വരതയും സാമൂഹ്യനീതിയും ഏറ്റവും അപകടത്തിലായ സന്ദർഭത്തിലാണ് 69‐ാം റിപ്പബ്ലിക്ദിനം കടന്നുവന്നിരിക്കുന്നത്. ഈ വിപത്തിൽനിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള രാഷ്ട്രീയ അടവുനയത്തിന് രൂപംനൽകുന്നതിനുള്ള സമഗ്രപരിശ്രമത്തിലാണ് സിപിഐ എം.

കൊൽക്കത്തയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം 22‐ാം പാർടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയപ്രമേയത്തിന് രൂപം നൽകിക്കഴിഞ്ഞു. ഇതിനെ ചൊല്ലി പലവിധ ദുർവ്യാഖ്യാനവും ശക്തമായി പ്രചരിപ്പിക്കുന്നുണ്ട്. ബിജെപി ഭരണത്തിന് അവസാനം കുറിക്കുക, ബിജെപിയെ പരാജയപ്പെടുത്തുക എന്നത് മുഖ്യലക്ഷ്യമായുള്ള രാഷ്ട്രീയ അടവുനയമാണ് കരട് രാഷ്ട്രീയപ്രമേയത്തിൽ. ഇത് പാർടിയിലാകെ ചർച്ചചെയ്യും. അംഗങ്ങളുടെയും പാർടി കോൺഗ്രസ് പ്രതിനിധികളുടെയും ഭേദഗതികൾ പരിഗണിച്ച് ഹൈദരാബാദിൽ ചേരുന്ന പാർടി കോൺഗ്രസ് പ്രമേയത്തിന് അവസാനരൂപം നൽകും. 

പാർടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം അനേകം പേജുകളുള്ളതാണ്. ഇതിൽ മൂന്ന് പോയിന്റുകളെ ആസ്പദമാക്കിമാത്രമാണ് വോട്ടെടുപ്പുണ്ടായത്. അതിനർഥം കരട് രാഷ്ട്രീയപ്രമേയത്തെപ്പറ്റി പൊതുവിൽ ഏകകണ്ഠമായും രണ്ടുമൂന്ന് കാര്യങ്ങളിൽ മാത്രം വോട്ടെടുപ്പോടുകൂടിയും തീരുമാനമെടുക്കേണ്ടിവന്നു എന്നുമാണ്. സിപിഐ എം വ്യക്ത്യധിഷ്ഠിത പാർടിയോ തീവ്രമതാധിഷ്ഠിത പാർടിയോ അല്ല. അത്തരം പാർടികളുടെ രാഷ്ട്രീയ അടവും നയവും മറ്റുകാര്യങ്ങളുമെല്ലാം തീരുമാനിക്കുന്നത് ആ പാർടിയെ നയിക്കുന്ന വ്യക്തിയോ കുടുംബമോ അല്ലെങ്കിൽ മതത്തെ നയിക്കുന്ന വർഗീയ സംഘടനയുടെ നേതാവോ ആയിരിക്കും. അതിൽനിന്ന് തീർത്തും വ്യത്യസ്തമാണ് സിപിഐ എം. അതാണ് കൊൽക്കത്ത സിസി യോഗം നൽകിയ സന്ദേശം. മാർക്സിസം‐ലെനിനിസം പ്രത്യയശാസ്ത്രമായി അംഗീകരിച്ചിരിക്കുന്ന ഈ പാർടി ലെനിനിസ്റ്റ് സംഘടനാശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. ഉന്നതമായ ജനാധിപത്യം നിലനിൽക്കുന്ന പ്രസ്ഥാനമാണിത്. അതിനാലാണ് കരട് രാഷ്ട്രീയ അടവുനയം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് ജനാധിപത്യപ്രക്രിയയിലൂടെ ആയത്്.

രാഷ്ട്രീയ നയസമീപനങ്ങൾ ജനാധിപത്യപരമായി ചർച്ചചെയ്യുകയും വോട്ടെടുപ്പ് വേണ്ടിടത്ത് വോട്ടെടുത്ത് അക്കാര്യങ്ങളിൽ രൂപരേഖ തയ്യാറാക്കുകയുംചെയ്യുന്നു. സുതാര്യമായ ഈ ശൈലിയെ വികൃതപ്പെടുത്താനാണ് ബൂർഷ്വാ മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ പാർടികളും ശ്രമിക്കുന്നത്. ബിജെപി സർക്കാർ രാജ്യത്തിനും ജനങ്ങൾക്കും നാശം വരുത്തുന്നു. അതിന്റെ ഭരണനയത്തെ ചെറുത്തുതോൽപ്പിക്കുക, ബിജെപി ഭരണം വീണ്ടും വരുന്നതിനെ തടയുക എന്നിവ പാർടിയുടെ മുഖ്യലക്ഷ്യമാണ്. അത് നേടിയെടുക്കാൻ വിശാലമായ ബഹുജന ഐക്യനിര വേണം. പക്ഷേ അതിന് കോൺഗ്രസുമായി രാഷ്ട്രീയസഖ്യമോ ധാരണയോ പാടില്ലെന്നാണ് പാർടിയുടെ കരട് രാഷ്ട്രീയപ്രമേയം വ്യക്തമാക്കുന്നത്. ഏപ്രിൽ 18മുതൽ 22വരെ ഹൈദരാബാദിൽ ചേരുന്ന 22‐ാം പാർടി കോൺഗ്രസാണ് രാഷ്ട്രീയ പ്രമേയത്തിന് അവസാനരൂപം നൽകുന്നത്.

എല്ലാ പാർടി അംഗങ്ങളും വായിച്ച് അഭിപ്രായം അറിയിക്കുന്നതിനായി കരട് രാഷ്ട്രീയപ്രമേയം രണ്ടുമാസം മുമ്പ് പ്രസിദ്ധീകരിക്കുകയാണ്. ഇത് പാർടി ഭരണഘടന നിർദേശിച്ചിട്ടുള്ള വ്യവസ്ഥയാണ്. അടുത്ത മൂന്ന് വർഷത്തേക്ക് പാർടി സ്വീകരിക്കുന്ന രാഷ്ട്രീയ അടവുനയമാണ് പ്രമേയത്തിൽ. 31നെതിരെ 55 വോട്ടിനാണ് കരട് രാഷ്ട്രീയപ്രമേയം കേന്ദ്രകമ്മിറ്റി അംഗീകരിച്ചതെന്ന് പാർടി സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചു. തുടർ നടപടിക്രമങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചു. കരട് രാഷ്ട്രീയപ്രമേയത്തിന് കേന്ദ്രകമ്മിറ്റി രൂപംനൽകിയതോടെ പാർടിയുടെ മുന്നിൽ ഒറ്റ പ്രമേയമേ ഉള്ളൂ.

വിവിധ വിഷയങ്ങളിൽ പാർടിക്കുള്ളിൽ സ്വന്തം അഭിപ്രായം ഏതൊരു സഖാവിനും വ്യക്തമാക്കാം. പക്ഷേ പാർടിക്ക് ഒരു നയമേ ഉണ്ടാകൂ. അതുകൊണ്ട് മാധ്യമങ്ങൾ വിശേ ഷിപ്പിക്കുന്നതുപോലെ യെച്ചൂരി പക്ഷം, കാരാട്ട് പക്ഷം എന്ന വിധത്തിലുള്ള ചേരിതിരിവിന്റെ പ്രമേയമല്ല ഇത്. സിപിഐ എമ്മിൽയെച്ചൂരിപക്ഷം, കാരാട്ട് പക്ഷം എന്നിങ്ങനെയുള്ള വേർതിരിവുണ്ട് എന്ന പ്രചാരണം വസ്തുതാപരമല്ല. പാർടി കോൺഗ്രസിന്റെ കാലത്ത് ഇത്തരം കൽപ്പിതകഥകൾ മാധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ട്.

കോൺഗ്രസുമായി സഖ്യമോ ധാരണയോ വേണ്ട എന്ന സിപിഐ എം തീരുമാനം ബിജെപിയെ സഹായിക്കാനാണെന്ന ആശങ്ക പരത്താൻ കോൺഗ്രസ് നേതാക്കളും ഒരുപിടി മാധ്യമങ്ങളും കൊണ്ടുപിടിച്ച് പരിശ്രമിക്കുന്നുണ്ട്. യഥാർഥത്തിൽ സമകാലീന രാഷ്ട്രീയസംഭവങ്ങളിലേക്കും കഴിഞ്ഞകാല അനുഭവങ്ങളിലേക്കും കണ്ണോടിച്ചാൽ ഈ വാദഗതിയുടെ അർഥശൂന്യത തെളിയും. സിപിഐ എം ചെയ്തത് കൊലച്ചതിയാണെന്നും ഇത് ബിജെപിയെ സഹായിക്കുന്നതാണെന്നുമുള്ള എ കെ ആന്റണിയുടെ അഭിപ്രായം കോൺഗ്രസിന്റെ ജനവിരുദ്ധ തനിനിറവും സംഘടനാദൗർബല്യവും മറച്ചുവയ്ക്കാനുള്ള അഭ്യാസമാണ്. ബിജെപിയെ തോൽപ്പിക്കുന്നതിനോടൊപ്പം കോൺഗ്രസുമായി സഖ്യമോ സഹകരണമോ വേണ്ട എന്ന നയം സിപിഐ എമ്മിന്റെ ഹൈദരാബാദിൽ ചേർന്ന 2002ലെ പാർടി കോൺഗ്രസ് അംഗീകരിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനും ഇടതുപക്ഷശക്തി ലോക്സഭയിൽ ഗണ്യമായി വർധിപ്പിക്കാനും സാധിച്ചു. അന്ന് 61 എംപിമാർ ഇടതുപക്ഷത്തിനുണ്ടായിരുന്നു. 2002ലെ പാർടി കോൺഗ്രസ്, കോൺഗ്രസുമായി കൂട്ടുകൂടേണ്ട എന്ന നിലപാട് കൈക്കൊണ്ടതുകൊണ്ട് ഇടതുപക്ഷത്തിന്റെ ശക്തി വർധിച്ചെന്ന് മാത്രമല്ല, ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താനും കഴിഞ്ഞു. 2004ലെ തെരഞ്ഞെടുപ്പ് ഫലം ഓർക്കുന്നവർ ഇപ്പോൾ പാർടി കേന്ദ്രകമ്മിറ്റിയോഗം കൊൽക്കത്തയിൽ ചേർന്ന് രൂപം നൽകിയ കരട് രാഷ്ട്രീയപ്രമേയത്തെ അപഹസിക്കില്ല. ബിജെപിയെ ഒറ്റപ്പെടുത്തേണ്ട ഘട്ടങ്ങളിലെല്ലാം അത് ചെയ്യുന്നതിന് ഈ പ്രമേയം ഒരർഥത്തിലും തടസ്സമല്ല. രാഷ്ട്രപതിതെരഞ്ഞെടുപ്പിൽ പ്രണബ്്കുമാർ മുഖർജിയെ പിന്തുണയ്ക്കാൻ സിപിഐ എം മുന്നോട്ടുവന്നതടക്കമുള്ള സംഭവങ്ങളും ഓർക്കുക.

ഇങ്ങനെയെല്ലാം നോക്കുമ്പോൾ 22‐ാം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം ബിജെപിയെ മുഖ്യശത്രുവായി വിലയിരുത്തുമ്പോൾത്തന്നെ കോൺഗ്രസുമായി കൂട്ടുകൂടുന്നതിന് വിയോജിക്കുകയുമാണ്. ഇത് ഫലത്തിൽ ബിജെപിയെ ഒറ്റപ്പെടുത്താൻ ഉപകരിക്കും. മതനിരപേക്ഷശക്തികളുടെ നയപരമായ യോജിപ്പിനെ ഒരുതരത്തിലും വിഘ്നപ്പെടുത്തുന്നുമില്ല. കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും സംഘപരിവാറിന്റെ ഭ്രാന്തൻ വർഗീയതയെയും എതിർക്കുമ്പോൾ  സിപിഐ എമ്മിനെ ദേശവിരുദ്ധരായി ബിജെപി മുദ്രയടിക്കുന്നു. എന്നാൽ, കോൺഗ്രസിന്റെ നയങ്ങളെ തുറന്നുകാട്ടുമ്പോഴാകട്ടെ കമ്യൂണിസ്റ്റുകാരെ ബിജെപിയുടെ സഹായികളായി ചാപ്പകുത്തുകയുംചെയ്യുന്നു.  ഇതിൽ രണ്ടിലും തളരാതെ നാടിന്റെ ഭാവിക്കും നാട്ടുകാരുടെ ക്ഷേമത്തിനും ഉപകാരപ്രദമായ അടവുനയങ്ങളുമായി സിപിഐ എം മുന്നോട്ടുപോകും. ആഗോളവൽക്കരണനയം മുറുകെപിടിക്കുന്ന, മൃദുല ഹിന്ദുത്വനയം സ്വീകരിക്കുന്ന, ഭരണത്തെ അഴിമതിയുടെ പര്യായമാക്കുന്ന കോൺഗ്രസുമായി കൂട്ടുകൂടിയാൽ കൂട്ടുകൂടുന്നവരെ ജനം തിരസ്കരിക്കും. ഈ പാഠമാണ് നിരവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം നൽകുന്നത്. ഉദാരവൽക്കരണ സാമ്പത്തികനയത്തിന്റെ കെടുതി അനുഭവിക്കുന്ന കർഷകരെയും തൊഴിലാളികളെയും ചെറുകിട കച്ചവടക്കാരെയും ഇടത്തരക്കാരെയുമെല്ലാം അണിനിരത്തി നയപരമായ ജനകീയബദൽ ഉയർത്തുകയാണ് ആവശ്യം.

രാവിലെ കോൺഗ്രസുകാരായി വീട്ടിൽനിന്ന് ഇറങ്ങുന്നവർ വൈകിട്ട് വീട്ടിലെത്തുമ്പോൾ ബിജെപിക്കാരാകുന്നു എന്ന് എ കെ ആന്റണിതന്നെ മുമ്പൊരിക്കൽ പരിഭവത്തോടെ സൂചിപ്പിച്ചിട്ടുണ്ട്. കർണാടക മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് എസ് എം കൃഷ്ണ, ഗുജറാത്തിലെ നേതാവായിരുന്ന ശങ്കർസിങ് വഗേല എന്നിവരെല്ലാം ഇന്ന് എവിടെയാണ്. മണിപ്പൂർ ഗവർണർ നജ്മ ഹെപ്ത്തുള്ള, യോഗി മന്ത്രിസഭാംഗം റീത്ത ബഹുഗുണ തുടങ്ങിയവരെല്ലാം കോൺഗ്രസിൽനിന്ന് ബിജെപി പാളയത്തിൽ എത്തിയവരല്ലേ. എന്തെല്ലാം കുതന്ത്രങ്ങൾ കാട്ടിയാലും ത്രിപുരയിലെ ജനങ്ങൾ ഫെബ്രുവരി 18ന് നടക്കുന്ന നിയമസഭാതെരഞ്ഞടുപ്പിൽ ഇടതുപക്ഷത്തെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നത് ഉറപ്പാണ്. ആ ചുവന്ന ത്രിപുരയിൽ അഞ്ചുവർഷം മുമ്പ് തെരഞ്ഞെടുപ്പ് നടന്നപ്പോൾ നിയമസഭയിൽ സിപിഐ എമ്മിന് 51ഉം കോൺഗ്രസിന് ഏഴും എംഎൽഎമാരായിരുന്നു. ബിജെപിക്ക് പൂജ്യം. എന്നാൽ, ഇന്ന് അതേ നിയമസഭയിൽ സിപിഐ എമ്മിന് 51ഉം ബിജെപിക്ക് ഏഴും കോൺഗ്രസിന് വട്ടപ്പൂജ്യവുമായി. ഇങ്ങനെ ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയായി കോൺഗ്രസ് അധഃപതിച്ചു. ഇത് തിരിച്ചറിയുന്ന ആർഎസ്എസ് വിരോധമുള്ള ജനങ്ങൾ, കോൺഗ്രസിനെ കൂട്ടിയാൽ ആ കൂട്ടുന്നവരെ ശിക്ഷിക്കും.

മൂന്നേമുക്കാൽ വർഷം പിന്നിടുന്ന മോഡിഭരണം കോൺഗ്രസിനെക്കാൾ തീവ്രമായി ആഗോളീകരണനയം  നടപ്പാക്കുകയാണ്. ഇതിന്റെ ഫലമായി സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ചു. പോയവർഷം ഇന്ത്യയിലെ മൊത്തം വരുമാനത്തിന്റെ 73 ശതമാനം പോയത് അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കീശയിലേക്കാണ്. ദാരിദ്ര്യനിർമാർജനം ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളുടെ കൂട്ടായ്മയായ ഒക്സ്ഫാം പുറത്തിറക്കിയ റിപ്പോർട്ടിൽ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോകസാമ്പത്തിക ഫോറത്തിന്റെ വാർഷിക ഉച്ചകോടി തുടങ്ങുന്നതിന് തലേദിവസം ഈ റിപ്പോർട്ട് പുറത്തുവന്നു. 'മുറിവേറ്റ ഭൂമിക്ക് ശോഭനഭാവി ഒരുക്കുക' എന്നതായിരുന്നു ഉച്ചകോടിയുടെ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇതിൽ പങ്കെടുത്തിരുന്നു. പക്ഷേ, ഉച്ചകോടിയുടെ സന്ദേശം സാക്ഷാൽക്കരിക്കണമെങ്കിൽ ഇന്ത്യയിൽ ബിജെപി ഭരണം ഇല്ലാതാകണം. അതിൽ ഊന്നിയാണ് ബിജെപിയെ മുഖ്യശത്രുവായി സിപിഐ എം കരട് രാഷ്ട്രീയപ്രമേയം കാണുന്നത്.

കമ്യൂണിസ്റ്റ് പാർടികളുടെ ചരിത്രത്തിൽ പാർടി കോൺഗ്രസുകൾക്ക് നിർണായക പ്രാധാന്യമുണ്ട്. നയസമീപനത്തിനും രാഷ്ട്രീയ അടവുനയത്തിലും വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയും സംഘടനാകാര്യങ്ങളിലെ ശൈലിവ്യത്യാസങ്ങളെപ്പറ്റിയെല്ലാം ചർച്ചചെയ്ത് തീരുമാനമെടുക്കുന്ന പരമോന്നതസംവിധാനമാണ് പാർടി കോൺഗ്രസ്. അതുകൊണ്ടുതന്നെ പാർടി കോൺഗ്രസുകൾ രാജ്യത്തിന്റെ രാഷ്ട്രീയത്തെയും ഭാവിയെയും സ്വാധീനിക്കുന്നതാണ്
 

പ്രധാന വാർത്തകൾ
 Top