25 April Thursday

രണ്ട് ബജറ്റ് രണ്ട് നയം

കോടിയേരി ബാലകൃഷ്‍ണൻUpdated: Friday Feb 9, 2018


കേന്ദ്ര‐കേരള സർക്കാരുകളുടെ ബജറ്റുകൾ ഒരുദിവസത്തെ ഇടവേളയിലാണ് അവതരിപ്പിച്ചതെങ്കിലും ഈ രണ്ട് ബജറ്റുകൾ തമ്മിൽ ഉള്ളടക്കത്തിലും സമീപനത്തിലും അജഗജാന്തരമുണ്ട്. “അച്ഛേദിൻ’ വാഗ്ദാനം ചെയ്ത് മൂന്നേമുക്കാൽ വർഷംമുമ്പ് അധികാരത്തിൽ വന്ന നരേന്ദ്ര മോഡി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റായിരുന്നു ധനമന്ത്രി അരുൺ ജെയ്റ്റ്ലി കൊണ്ടുവന്നത്. 2019ലെ വോട്ടെടുപ്പിനെ ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന ബജറ്റ് ജനപ്രിയപദ്ധതികളാൽ നിറഞ്ഞുകവിയുമെന്നായിരുന്നു മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, മല എലിയെ പ്രസവിച്ചപോലെ ജനവിരുദ്ധത നിറഞ്ഞ ഭരണിക്ക് ജനപ്രിയതയെന്ന ലേബൽ ഒട്ടിക്കുന്നതുപോലെ ഒരസംബന്ധമായി കലാശിച്ചു.

എന്നിട്ടും ബജറ്റിനെയും മോഡി‘ഭരണത്തെയും പ്രശംസിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ രാജ്യസഭയിൽ നടത്തിയ കന്നിപ്രസംഗം ആത്മവഞ്ചനയ്ക്ക് തെളിവായി. സദ്ഭരണത്തിലൂടെ രാജ്യത്തെ ഉയർത്തുമെന്ന പ്രതീക്ഷ നൽകി മോഡി മുഴക്കിയ മുദ്രാവാക്യം 'മേരാ ദേശ് ബദൽ രഹാ ഹേ, ആഗേ ബഡാ രഹാ ഹേ' (എന്റെ രാജ്യം മാറുകയാണ്, മുന്നേറുകയാണ്) എന്നതായിരുന്നു. പക്ഷേ, നാലാണ്ട് പൂർത്തിയാകാൻപോകുന്ന ഭരണത്തിനിടയിൽ രാജ്യം കൂടുതൽ പിന്നോട്ട് പോയി. നോട്ട് റദ്ദാക്കൽ, ജിഎസ്ടി തുടങ്ങിയവയെല്ലാം തിരിച്ചടിയാണ് പ്രദാനംചെയ്തത്. എന്നാൽ, ഇത്തരം പരിഷ്കാരങ്ങൾ കേമത്തരങ്ങളാണെന്ന ചിത്രീകരണമാണ് അമിത് ഷാ നടത്തിയത്. നോട്ട് റദ്ദാക്കലും ജിഎസ്ടിയും ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ചയെ പിന്നോട്ടടിക്കുകയും സർവരംഗങ്ങളിലും മുരടിപ്പ് സൃഷ്ടിക്കുകയും ചെയ്തെന്ന് അന്തർദേശീയ ഏജൻസികളുടെ പഠനങ്ങൾപോലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മോഡി ഭരണത്തെ വാഴ്ത്തി അടുത്ത ആറുവർഷവും താൻ പ്രസംഗിക്കുമെന്ന് പറഞ്ഞതിലൂടെ അടുത്ത ടേമിലും ബിജെപി അധികാരം നേടുമെന്ന വമ്പുപറച്ചിൽ അമിത് ഷാ നടത്തുകയായിരുന്നു. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ബിജെപി അധികാരത്തിൽ വരുമെന്ന പ്രഖ്യാപനം ഇദ്ദേഹം നടത്തിയിരുന്നു. ത്രിപുരയിൽ വിഘടനവാദികളെ കൂട്ടുപിടിച്ച് സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ പിന്നിലാക്കാനുള്ള നെറികെട്ട പ്രവർത്തനത്തിലാണ് കേന്ദ്രഭരണത്തണലിൽ ബിജെപി നടത്തുന്നത്. എങ്കിലും പ്രബുദ്ധ ത്രിപുരജനത ആ മണ്ണിന്റെ ചുവപ്പ് കാക്കുമെന്നത് ഉറപ്പ്. ഗുജറാത്തിൽ 182 സീറ്റിൽ 150 സീറ്റ് പ്രതീക്ഷിച്ച സ്ഥാനത്ത് നൂറിൽ താഴെയാണ് കിട്ടിയത്. ഇതിനു കാരണം ബിജെപിയോടും മോഡി ഭരണത്തോടും ജനങ്ങൾ അകന്നുവെന്നതാണ്. രാജ്യത്ത് ദരിദ്ര ഇടത്തരം കൃഷിക്കാർ കടുത്ത പ്രതിസന്ധിയിലാണ്. നല്ല വിളവ് കിട്ടിയാൽപ്പോലും അവയ്ക്ക് വില കിട്ടുന്നില്ല. കടംവാങ്ങി മുടിയുന്ന കർഷകനു മുന്നിൽ വാചകമടിമാത്രമാണ് മോഡി‘ഭരണം നൽകുന്നത്. കർഷക ആത്മഹത്യ പെരുകുകയാണ്. എന്നിട്ടാണ്, 2022ൽ കാർഷികവരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റിലെ വാചകമടി. മിനിമം താങ്ങുവില ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടെങ്കിലും ഈ കാര്യത്തിൽ വിശദാംശങ്ങൾ ഒന്നുമില്ല. കയറ്റിറക്കുമതി നയങ്ങൾ കർഷകർക്ക് അനുകൂലമായി ഭേദഗതി ചെയ്യാനോ കാർഷികമുരടിപ്പ് മാറ്റാനോ ഒന്നും ചെയ്യാത്ത ഒരു സർക്കാരിന്റെ വാചാടോപംമാത്രമാണ് ഇത്തവണത്തെ ബജറ്റ്.

ബിജെപിയെ അധികാരത്തിലേറ്റാൻ വോട്ട് ചെയ്ത ജനങ്ങൾ മാത്രമല്ല, അവരോടൊപ്പം നിൽക്കുന്ന സഖ്യകക്ഷികളും അവരെ തിരിച്ചറിയുന്നു. ഇപ്പോഴത്തെ ലോക്സഭയിലെ അംഗബലപ്രകാരം എൻഡിഎ കക്ഷികൾ പിണങ്ങിയാലും ഭരണം വീഴില്ല. പക്ഷേ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി ഗുണകരമാകില്ലെന്ന സന്ദേശം എൻഡിഎയിൽ ഉയർന്നിരിക്കുന്ന കലാപം വെളിപ്പെടുത്തുന്നു. ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന സംഭവം മോഡി സർക്കാരിനെതിരെ തെലുഗുദേശം പാർടി പ്രത്യക്ഷ എതിർപ്പുമായി രംഗത്ത് എത്തിയിരിക്കുന്നുവെന്നതാണ്. ആന്ധ്രപ്രദേശിനോട് മോഡി സർക്കാർ കാട്ടുന്ന അവഗണയ്ക്കെതിരെ പാർലമെന്റിനകത്തും പുറത്തും ടിഡിപി പ്രതിഷേധത്തിലാണ്. അത്, ഫലത്തിൽ ബിജെപി സഖ്യത്തിൽനിന്ന് പിന്മാറുന്നതിന് ടിഡിപിയുടെ മേൽ ഉയർന്നിട്ടുള്ള ബഹുജനസമ്മർദമാണ്. രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പിലെ ബിജെപി തോൽവി ഇതിന് ശക്തിപകർന്നെന്ന വിലയിരുത്തൽ 'ദി ഹിന്ദു'’മുഖപ്രസംഗം നടത്തിയിട്ടുമുണ്ട്. പഞ്ചാബിൽ ശിരോമണി അകാലിദൾ, മഹാരാഷ്ട്രയിൽ ശിവസേന എന്നിവയും ബിജെപിസഖ്യം ഉപേക്ഷിക്കുന്ന വഴിയിലാണ്. ഇങ്ങനെ, ബിജെപി ജനങ്ങളിൽനിന്നുമാത്രമല്ല സഖ്യകക്ഷികളിൽ നിന്നുപോലും ഒറ്റപ്പെടുന്ന സാഹചര്യത്തിലാണ് തുടർഭരണത്തെപ്പറ്റി അമിത് ഷാ ദിവാസ്വപ്നം കാണുന്നത്.

മോഡിയുടെ കുടക്കീഴിൽ ക്ഷേമപദ്ധതികളെന്ന നെടുങ്കൻ തലക്കെട്ടിൽ കേന്ദ്രബജറ്റിനെ വാഴ്ത്തി മനോരമപത്രം ഇറങ്ങി. ഇതേ ജിഹ്വതന്നെ പിറ്റേദിവസം എൽഡിഎഫ് സർക്കാരിന്റെ ബജറ്റിനെ സംബോധനചെയ്തത് 'ഭൂമിക്ക് ഭാരം'’എന്ന മുഖ്യ തലക്കെട്ടോടെയാണ്. ഒരു പത്രം അതിന്റെ രാഷ്ട്രീയചായ്വും പക്ഷപാതവും എത്രമാത്രമെന്ന് കേന്ദ്ര‐ സംസ്ഥാന ബജറ്റുകളോട് കാണിച്ച വാർത്താവതരണത്തിലൂടെ വ്യക്തമാക്കുന്നു. യഥാർഥത്തിൽ മോഡിസർക്കാരിന്റെ ബജറ്റ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങൾക്കുംനേരെയുള്ള വർധിച്ച കടന്നാക്രമണമാണ്. ആഭ്യന്തര‐വിദേശ വൻകിട കോർപറേറ്റുകളുടെ താൽപ്പര്യം സംരക്ഷിക്കുന്നവയാണ്. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ ബജറ്റാകട്ടെ ഒരു നവകേരള സൃഷ്ടിക്കായുള്ള നല്ല ചുവടുവയ്പാണ്. അതിന്റെ ഉള്ളടക്കം ജനക്ഷേമകരമാണ്. സ്ത്രീകളോടും ദളിതരോടും വിഭിന്നശേഷിക്കാരോടും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടും പ്രതിബദ്ധത കാട്ടുന്നതാണ്. സ്ത്രീകൾക്ക് ബജറ്റിൽ 14.6 ശതമാനം വിഹിതം മാറ്റിവച്ചു. സ്ത്രീക്ഷേമത്തിനും ശാക്തീകരണത്തിനും സംസ്ഥാന ബജറ്റിൽ കൂടുതൽ പദ്ധതികളും വിഹിതവുമുണ്ട്. അവഗണിക്കപ്പെട്ടവരുടെയും അശരണരുടെയും ശബ്ദമായി ബജറ്റ് മാറി. തീരദേശമേഖലയ്ക്ക് 2000 കോടിയുടെ പാക്കേജ് കൊണ്ടുവന്നത് ചെറിയ കാര്യമല്ല.

കേരളത്തെ സമ്പൂർണ പാർപ്പിട സംസ്ഥാനമാക്കാൻ ലൈഫ് പദ്ധതിക്ക് 2500 കോടി രൂപ വകയിരുത്തി. റേഷൻകാർഡില്ലാത്ത അർഹരായ ഗുണഭോക്താക്കളെയും ലൈഫ് പദ്ധതിയിൽ കൊണ്ടുവരാനുള്ള സർക്കാർ തീരുമാനവും വലിയതോതിൽ സ്വീകരിക്കപ്പെടുന്നതാണ്. ഇപ്രകാരമെല്ലാമുള്ള കേരള ബജറ്റ് നയസമീപനത്തിൽ വ്യത്യസ്തത പുലർത്തുന്നു. നവലിബറൽ നയങ്ങൾ ശക്തിപ്പെടുന്ന ദേശീയപരിതസ്ഥിതിയിൽ ഇടതുപക്ഷ കാഴ്ചപ്പാടോടെ നടത്തുന്ന നയസമീപനമാണ് കേരള ബജറ്റ്. ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങൾക്ക് ബദൽ എന്ത് എന്നതിനുള്ള ഉത്തരമാണിത്. കോൺഗ്രസ് ഭരണപദ്ധതികളുടെ പേര് മാറ്റി മോഡി ഭരണം നടത്തുന്ന നെയിം ചെയ്ഞ്ചർ ഭരണമാണ് ഇപ്പോഴത്തേത്’എന്നാണ് കേന്ദ്രബജറ്റിന്റെ ചർച്ചയിൽ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് പാർലമെന്റിൽ പറഞ്ഞത്.

ഇതിനോട് വിയോജിക്കേണ്ട കാര്യമില്ല. കാരണം, ബിജെപിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയങ്ങൾ ഒന്നാണ്. അതിന്റെ തിരിച്ചറിവാണ് ഗുലാം നബി ആസാദിന്റെ വാക്കുകൾ. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ച് അവയെ ദുർബലമാക്കുന്ന നവഉദാരവൽക്കരണനയമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഭരണവും സ്വീകരിച്ചിരുന്നത്. അത് കൂടുതൽ തീവ്രമായി മോഡി സർക്കാർ നടപ്പാക്കുന്നു. ഈ സാമ്പത്തികവർഷം ഈയിനത്തിൽ പ്രതീക്ഷിക്കുന്ന വരുമാനം ഒരുലക്ഷം കോടി രൂപയാണ്. എന്നാൽ, പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവനാപൂർണവും ധീരവുമായ നടപടികളാണ് കേരള ബജറ്റ് നിർദേശിക്കുന്നത്. നഷ്ടത്തിൽ കൂപ്പുകുത്തിയ കെഎസ്ആർടിസിയെ കരകയറ്റാനും തൻകാലിൽ നിർത്താനും പെൻഷൻകാർക്ക് പെൻഷൻ നൽകാനുള്ള നടപടിയെടുക്കാനുമുള്ള കാഴ്ചപ്പാടുണ്ട്.

വിലക്കയറ്റം വർധിപ്പിക്കുന്നതാണ് കേന്ദ്രബജറ്റ്. നിത്യോപയോഗസാധനവില കുതിച്ചുകയറുന്നതിനുള്ള പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്ന് ഇന്ധനവിലവർധനയാണ്. പെട്രോൾ, ഡീസൽ വില ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നത്തെപ്പോലെ ഒരിക്കലും കൂടിയിട്ടില്ല. ബജറ്റിലാകട്ടെ തീരുവ രണ്ടുരൂപ കുറച്ചിട്ട് അതേ നിരക്കിൽ റോഡ്സെസ് വർധിപ്പിച്ചതിലൂടെ ജനങ്ങൾക്ക് ഒട്ടും ആശ്വാസം കിട്ടുന്നുമില്ല. മോഡി സർക്കാരിന്റെ നയം കാരണം വർധിക്കുന്ന സാധനവിലക്കയറ്റം ഒരുപരിധിവരെ പിടിച്ചുനിർത്താൻ പൊതുവിതരണസമ്പ്രാദയം ശക്തിപ്പെടുത്തുന്ന കേരളസർക്കാർ നടപടിയിലൂടെ കഴിയുന്നു.

ഒബാമകെയറിന്റെ ഇന്ത്യൻപതിപ്പെന്ന വിശേഷണത്തോടെ 10 കോടി ദുർബലകുടുബങ്ങൾക്കായി ആരോഗ്യപരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. ആരോഗ്യമേഖലയ്ക്ക് ആകെ വകയിരുത്തിയത് 54,667 കോടിരൂപ. കഴിഞ്ഞ ബജറ്റിനേക്കാൾ 1500 കോടിയുടെ വർധനമാത്രം. ഇതുകൊണ്ട് നിർദിഷ്ട ആരോഗ്യപദ്ധതിയുടെ വക്ക് തൊടാൻ കഴിയില്ല. പുതിയ പദ്ധതിയുടെ പേരിൽ വൻ പ്രചാരണത്തട്ടിപ്പ് തുടങ്ങിയിരിക്കുകയാണ്. പക്ഷേ, ഇൻഷുറൻസുവഴി പാവപ്പെട്ട കുടുംബങ്ങൾക്ക് ചികിത്സാനുകൂല്യം കിട്ടണമെങ്കിൽ അതിന് ഇൻഷുർ ചെയ്യാനുള്ള പണം നൽകണം. ബജറ്റിൽ അതിനുള്ള വകയില്ല. ഈ പദ്ധതിയുടെ നിബന്ധന കേരളത്തിന് ഗുണകരമല്ല. ഇതിന്റെയെല്ലാം പോരായ്മ മറികടന്ന് പാവപ്പെട്ടവർക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നിർദേശങ്ങൾ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലുണ്ട്.

കിഫ്ബി ആകാശകുസുമമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇതിനകം തെളിഞ്ഞു. ബജറ്റിനു പുറത്ത് വിഭവം കാണുന്ന ഈ നൂതനപദ്ധതി വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതാണ് സംസ്ഥാന ബജറ്റ്. നോട്ടുനിരോധനം, ജിഎസ്ടി എന്നിവ സൃഷ്ടിച്ച കുഴപ്പങ്ങൾക്കു നടുവിലും ജനക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. കേന്ദ്ര‐ സംസ്ഥാന ബജറ്റുകളെ താരതമ്യംചെയ്താൽ രണ്ട് സർക്കാരും രണ്ട് നയവുമെന്നത് ഏത് നിഷ്പക്ഷമതിയും അക്ഷരാർഥത്തിൽ സമ്മതിക്കും
 

പ്രധാന വാർത്തകൾ
 Top