18 February Monday

ദളിത് രോഷാഗ്നി

കോടിയേരി ബാലകൃഷ്‍ണൻUpdated: Friday Apr 6, 2018

ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനായുള്ള ദളിത് പ്രക്ഷോഭം അടിച്ചമർത്താൻ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സർക്കാരുകളും കേന്ദ്രസർക്കാരും ഇറങ്ങിത്തിരിച്ച കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരേന്ത്യയിൽ കണ്ടത്. ഇതിന്റെ ഫലമായാണ് 11 പേർ കൊല്ലപ്പെട്ടത്. ആർഎസ്എസ് നയിക്കുന്ന കേന്ദ്ര‐ സംസ്ഥാന ബിജെപി സർക്കാരുകളിൽ ദളിത് വിഭാഗങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ വിളംബരംകൂടിയായി പ്രക്ഷോഭം. അതുകൊണ്ടാണ് ദളിതർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമത്തിൽ അയവ് വരുത്തിയ സുപ്രീംകോടതി വിധിക്കെതിരെ 150 ദളിത് സംഘടനകൾ ഭാരത ബന്ദ് സംഘടിപ്പിച്ചത്. സുപ്രീംകോടതി കേസ് വന്നപ്പോൾ അഡീഷണൽ സോളിസിറ്റ് ജനറൽ നിശ്ശബ്ദത പാലിച്ചു. അതേത്തുടർന്നാണ് പട്ടികവിഭാഗ പീഡന നിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കി സുപ്രീംകോടതി ഉത്തരവിറക്കിയത്.

ദളിത് സംഘടനകളുടെ ആഹ്വാനപ്രകാരമുള്ള ഭാരത ബന്ദിന്റെ അലയടികാരണം കോടതിവിധി പുനഃപരിശോധിക്കാൻ ഹർജി നൽകുന്നതിന് കേന്ദ്ര സർക്കാർ നിർബന്ധിതമായി.  പക്ഷേ, വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. പ്രക്ഷോഭത്തിൽ ദളിത് വിഭാഗങ്ങൾ വലിയതോതിൽ പങ്കെടുത്തത് ബിജെപി സർക്കാരുകളുടെ തനിനിറം ബോധ്യമായതുകൊണ്ടാണ്. രോഹിത് വെമുലയുടെ മരണംമുതൽ അംബേദ്കർ പ്രതിമ തകർത്തതുവരെയുള്ള സംഭവങ്ങളിൽ സർക്കാരിന്റെ നിലപാട് ദളിത് വിരുദ്ധമാണെന്ന് അവർ മനസ്സിലാക്കി. പിന്നോക്ക സംവരണം വേണ്ടെന്ന ആർഎസ്എസിന്റെ അഭിപ്രായവും അതിനനുകൂലമായി കേന്ദ്രമന്ത്രിമാർ നടത്തുന്ന പ്രതികരണവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗോരക്ഷയുടെ പേരിൽ നടത്തിയ ദളിത് ഹത്യയും ദരിദ്രരുടെയും പഠിച്ചുവളർന്നവരുടെയും മനസ്സിൽ ആർഎസ്എസിനോടും അവരുടെ ഭരണത്തോടുമുള്ള അടുപ്പം ഇല്ലാതാക്കി. ദളിത് വിഭാഗവും സംഘപരിവാറും തമ്മിലുള്ള അകൽച്ചയും ദളിതരോടുള്ള കാവി സംഘത്തിന്റെ വെറുപ്പും വെളിപ്പെടുത്തുന്നതാണ് ദളിത് പ്രക്ഷോഭത്തെ നേരിട്ട ആർഎസ്എസ് നിലപാട്. ഗ്വാളിയോറിൽ ദളിത് പ്രക്ഷോഭ കർക്കുനേരെ ആർഎസ്എസ് നേതാവ് രാജാസിങ് ചൗഹാൻ വെടിവച്ചത് അതിന് ദൃഷ്ടാന്തമാണ്. വെടിവയ്പിന്റെ ചിത്രം ഇതിനകം മാധ്യമങ്ങളിൽ ഇടംനേടിയിട്ടുണ്ട്. 

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും  ഇന്നും ദളിതർ അടിച്ചമർത്തപ്പെട്ടവരാണ്. കേരളമൊഴികെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതാണ് അവസ്ഥ എന്ന് കേരള കൗമുദിയും മറ്റുചില മാധ്യമങ്ങളും അവരുടെ മുഖപ്രസംഗങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംരക്ഷണനിയമങ്ങൾ പലതുണ്ടെങ്കിലും രക്ഷ കിട്ടാത്തുകൊണ്ടാണ് ദളിത് അതിക്രമം തടയാൻ പാർലമെന്റ് പ്രത്യേകനിയമം 1989ൽ പാസാക്കിയത്.  ഭരണഘടനാ നിർമാണ സഭയുടെ ചർച്ചകളിൽത്തന്നെ ദളിത് രക്ഷയ്ക്ക് എന്ത് എന്നതിനെപ്പറ്റി ഗൗരവമായ കാര്യവിചാരം നടന്നിരുന്നു. നമുക്ക് കിട്ടാൻ പോകുന്ന സ്വാതന്ത്ര്യം ‘ഒരു തണുത്ത ഏർപ്പാടാണ് ’ (അ രീഹറ മൃൃമിഴലാലി) എന്നുപോലും ഗാന്ധിജി പറഞ്ഞു. ആ ഏർപ്പാടിൽ ഇംഗ്ലീഷുകാർ ഇരുന്നിടത്ത് ഇന്ത്യക്കാർ ഇരിക്കും; യൂണിയൻ ജാക്കിനു പകരം ത്രിവർണപതാക പറക്കും. അത്രതന്നെ. ഇത് സ്വാതന്ത്ര്യത്തിന്റെ ശൂന്യമായ തോടുമാത്രമാണ്. ഗാന്ധിജിയുടെ പ്രവചനം പൂർണാർഥത്തിൽ യാഥാർഥ്യമായിരിക്കുന്നത് മോഡി ഭരണത്തിലാണ്. ദളിതർക്ക് രക്ഷ നൽകുന്നതിൽ കോൺഗ്രസ് ഭരണവും പരാജയമായിരുന്നു.

പാർലമെന്റ്, എക്സിക്യൂട്ടീവ് എന്നീ ജനാധിപത്യ സ്ഥാപനങ്ങൾ ആലസ്യത്തിൽ വീഴുകയോ വഴിതെറ്റുകയോ ചെയ്താൽ അവയെ തിരുത്താൻ ഉണർന്നിരിക്കേണ്ട സ്ഥാപനമാണ് ജുഡീഷ്യറി. ആർഎസ്എസ് നയിക്കുന്ന കേന്ദ്രത്തിലെയും ഇരുപതിലെറെ സംസ്ഥാനങ്ങളിലെയും സർക്കാരുകളിൽ വിശ്വാസം നഷ്ടപ്പെട്ട ജനത പ്രതീക്ഷാപൂർവം നോക്കുന്ന സ്ഥാപനമായിരുന്നു ജുഡീഷ്യറി. പക്ഷേ, സുപ്രീംകോടതിയുടെ മേൽത്തട്ടിനുതന്നെ അപചയം സംഭവിച്ചിരിക്കുന്നു.  ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന്റെ കടന്നുകയറ്റം സർക്കാർതലത്തിൽ മാത്രമല്ല നീതിപീഠത്തിലും എത്തി അതിന്റെ പ്രത്യക്ഷ തെളിവാണ് പട്ടികവിഭാഗ അതിക്രമം തടയൽ നിയമത്തിൽ ഇളവ് വരുത്തിയ സുപ്രീംകോടതി ഉത്തരവെന്ന് പല സംഘടനാനേതാക്കളും അഭിപ്രായപ്പെട്ടിട്ടുണ്ട്. പാർലമെന്റ് പാസാക്കിയ, ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ വെള്ളം ചേർക്കാൻ മോഡി സർക്കാരിന് താൽപ്പര്യമുണ്ട്.  എത്രയോ കാലമായി ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഔദ്യോഗിക അവഗണനയുടെയും എരിതീയിൽ ഹോമിക്കപ്പെട്ടവരാണ് ദളിതർ. 18 മുതൽ 20 കോടിവരെ വരും ഇവരുടെ സംഖ്യ. സവർണവിഭാഗത്തിൽനിന്ന് അവരിലെ സ്ത്രീകളുടെ മാനം രക്ഷിക്കാനും അവരുടെ പുരുഷന്മാരുടെ ജീവൻ രക്ഷിക്കാനുംവേണ്ടിയാണ് പാർലമെന്റ് പട്ടികവിഭാഗ അതിക്രമം തടയാനുള്ള നിയമം കർക്കശമാക്കിയത്.

എന്നാൽ, ദളിത് വിരുദ്ധ മോഡി ഭരണം ദളിത് സംരക്ഷണത്തിനുള്ള ഭരണഘടനാ വ്യവസ്ഥകളെയും ആശയങ്ങളെയും അട്ടിമറിക്കാൻ തക്കംപാർക്കുകയാണ്. അതിന് ഇണങ്ങുന്നതായി സുപ്രീംകോടതി വിധി. അതുകൊണ്ടാണ് കോടതി വിധിക്കെതിരെ ദളിത്പ്രക്ഷോഭം ആളിക്കത്തിയത്. പട്ടികജാതി‐ വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനെയുള്ള അറസ്റ്റ് പാടില്ലെന്നാണ് ജസ്റ്റിസുമാരായ എ കെ ഗോയൽ, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച്  വിധിച്ചത്. പരാതി ഉദ്യോഗസ്ഥർക്കെതിരെയാണെങ്കിൽ നിയമനാധികാരികളിൽനിന്ന് അനുമതി വാങ്ങണമെന്നും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പ്രഥമാന്വേഷണത്തിനുശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും വിധിയിൽ വ്യക്തമാക്കി. ഇതോടെ പട്ടികവിഭാഗ പീഡന നിരോധനനിയമം ഒരു ചാപിള്ളയായി. നിയമം ദുരുപയോഗപ്പെടുത്തുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായേക്കാം. അതൊഴിവാക്കാനുള്ള ജാഗ്രതാപൂർണമായ ഇടപെടൽ ഭരണകൂടവും നീതിപീഠവും കാട്ടണം. അതിനു പകരം പീഡനനിരോധനനിയമത്തെതന്നെ അപ്രസക്തമാക്കുന്നത് ദളിത് വേട്ടക്കാർക്ക് കരുത്തുപകരലാണ്.

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പശു സംരക്ഷണത്തിന്റെ പേരിൽ ദളിതരെ കൊലചെയ്യുന്നതടക്കമുള്ളത് പതിവായി. ഇത് ഒരു വിനോദപരിപാടിയായി തുടരുന്ന സംഘപരിവാറുകാർക്ക് ഹരം പകരുന്ന കോടതി വിധി പുനഃപരിശോധിക്കാൻ സർക്കാരിൽനിന്ന് നിയമപരമായ ഇടപെടൽ ആത്മാർഥമായി നടത്തേണ്ടതുണ്ട്. അത് ചെയ്യാൻ മോഡി ഭരണം തയ്യാറായില്ല. രാജ്യത്ത് ദളിത് വിഭാഗങ്ങൾ കടുത്ത അക്രമങ്ങളെയും വിവേചനങ്ങളെയും നേരിടുകയാണ്. ഓരോ 18 മിനിറ്റിലും ദളിതർക്കെതിരെ ഒരക്രമം ഉണ്ടാകുന്നു. ചത്ത പശുക്കളുടെ തോലെടുത്ത് ഉപജീവനം നടത്തിയ ദളിത് വിഭാഗം തൊഴിൽരഹിതരായി. ഭരണഘടന അനുവദിച്ച സംവരണം ഇല്ലാതാക്കുക എന്നതാണ് ആർഎസ്എസ് നിലപാട്. മോഡി സർക്കാരിന്റെ നവഉദാരവൽക്കരണനയത്തിന്റെ ഭാഗമായി പൊതുമേഖലയുടെ സ്വകാര്യവൽക്കരണവും നിയമനനിരോധനവും  നടപ്പാക്കുന്നു. എല്ലാ മേഖലകളിലും സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്നു. ഇതിന്റെയെല്ലാം ഭാഗമായി ഏറ്റവുമധികം കെടുതി നേരിടുന്നത് പട്ടികവിഭാഗക്കാരാണ്. മോഡി സർക്കാർ അവതരിപ്പിച്ച ബജറ്റുകളിൽ പട്ടികജാതി പ്രത്യേക ഘടകപദ്ധതി ഉപേക്ഷിച്ചു. 2016‐17 സാമ്പത്തികവർഷ ബജറ്റിൽ വിഹിതം മൂന്ന് ശതമാനം കുറച്ചു.

ദളിത് സംരക്ഷണം രാജ്യത്തിന്റെ ഇതരഭാഗങ്ങളിൽ ഇല്ലാതിരിക്കെ കേരളത്തിൽ എന്തുകൊണ്ട് നടപ്പായി എന്നത് ഈ ഘട്ടത്തിൽ ചിന്തിക്കേണ്ടതാണ്. കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങളും കമ്യൂണിസ്റ്റ് നേതൃസർക്കാരുകളുടെ ഭരണനടപടികളും കാരണം ജന്മിത്തത്തിന്റെ കടയ്ക്ക് കത്തിവയ്ക്കാൻ കഴിയുന്നുവെന്നതും ഭൂപരിഷ്കരണം നടപ്പാക്കിയെന്നതുമാണ് പ്രധാന കാരണം. ഇതിലൂടെ ജന്മിത്തത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തു. അതിനാൽ, ജാതിവിവേചനത്തിന്റെ രൂക്ഷത ദുർബലമാക്കി. ഇതിന്റെയെല്ലാം ഫലമായി ആധുനിക ജനാധിപത്യ സമൂഹത്തിന്റെ രൂപീകരണത്തിന് ഇടയാക്കി. ഇതിനു പുറമെ പൊതു വിദ്യാഭ്യാസം, പൊതു ആരോഗ്യ സംവിധാനം, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ രക്ഷാവലയം തുടങ്ങിയവ ഇടതുപക്ഷ സർക്കാരുകളുടെ സംഭാവനകളാണ്. ഇതിലൂടെ കേരളത്തിലെ ദളിത് ജനതയുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു. കേരളത്തിലെ പൊതു സമൂഹത്തിന്റെ ജീവിതനിലവാരവുമായി തട്ടിച്ചുനോക്കുമ്പോൾ ദളിത് വിഭാഗങ്ങളുടെ ജീവിതം ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. ആ തിരിച്ചറിവ് സൂക്ഷിക്കുമ്പോൾത്തന്നെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ദളിതർക്ക് കേരളത്തിലെ ഈ വിഭാഗങ്ങളുടെ സുരക്ഷിതത്വവും പുരോഗതിയും സംരക്ഷണവും പൊതുവിൽ ലഭിക്കുന്നില്ല എന്നത് ഒരു സാമൂഹ്യപ്രശ്നം മാത്രമല്ല ഒരു രാഷ്ട്രീയവിഷയവുമാണ്.

രാജ്യത്ത് പട്ടികജാതി‐ വർഗ അതിക്രമനിരോധനനിയമപ്രകാരമുള്ള കേസുകളിൽ 90.5 ശതമാനവും മുടങ്ങിക്കിടക്കുകയാണ്. വിചാരണചെയ്യപ്പെടുന്ന കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നത് 15.4 ശതമാനംമാത്രമാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2017ലെ വാർഷിക റിപ്പോർട്ടിലെ കണക്കാണ് ഇത്. സുപ്രീംകോടതി ഇതിൽ ഉൽക്കണ്ഠപ്പെടുകയായിരുന്നു വേണ്ടത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ വിഭാഗത്തിനെതിരെ ഏറ്റവും അധികം അക്രമം നടക്കുന്നത്.  പ്രത്യേകിച്ചും ഉത്തർപ്രദേശിൽ. ഒരു വർഷം പതിനായിരത്തിലധികം സംഭവം ഉണ്ടായി. രണ്ടാം സ്ഥാനം ബിഹാറിനും മൂന്നാം സ്ഥാനം രാജസ്ഥാനുമാണ്. തൊട്ടുപിന്നിൽ മധ്യപ്രദേശ്. കൂടുതൽ ആക്രമിക്കപ്പെടുന്നത് സ്ത്രീകളാണ്. ഈ പരിതഃസ്ഥിതിയിലാണ് ദളിത്വിഭാഗങ്ങൾ പ്രക്ഷോഭപാതയിലെത്തിയിരിക്കുന്നത്.  പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന ആർഎസ്എസിന്റെ കേന്ദ്ര‐സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ രംഗത്തുവരാൻ എല്ലാ ദേശസ്നേഹികളും തയ്യാറാകണം. അതിനൊപ്പം ദളിത് ജീവിതനിലവാരം ഉയർത്താനും സാമൂഹ്യ അടിച്ചമർത്തലിനും സാമ്പത്തിക ചൂഷണത്തിനും എതിരായ പോരാട്ടങ്ങൾ വളർത്താനും ജനങ്ങളെ ആകെ അണിനിരത്തുന്ന ബഹുജനപ്രക്ഷോഭം ഉയർന്നുവരികയും വേണം

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top