25 May Saturday

വിശ്വാസ്യത ചോരുന്ന ജുഡീഷ്യറി

കോടിയേരി ബാലകൃഷ്‍ണൻUpdated: Friday Apr 27, 2018

അരുതാത്തത് തുടർച്ചയായി സംഭവിക്കുകയാണ് ഇന്ത്യയിൽ. പാർലമെന്ററി ജനാധിപത്യത്തെയും ജുഡീഷ്യറിയെയും കളിപ്പാട്ടമാക്കുകയാണ് മോഡിഭരണം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ അതിനെ കടത്തിവെട്ടുന്ന ജനാധിപത്യധ്വംസനത്തിന്റെ പാതയിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയാണ്. ഇതിന്റെ ദൃഷ്ടാന്തങ്ങൾ ഓരോ ദിനവും വന്നുകൊണ്ടിരിക്കുന്നു. തന്റെ സർക്കാരിനെതിരെ അവിശ്വാസപ്രമേയം വന്നിട്ടില്ലെന്ന് വീമ്പടിക്കുന്നതിനു വേണ്ടി മതിയായ അത്ര പ്രതിപക്ഷ അംഗങ്ങൾ ഒപ്പിട്ടുനൽകിയ അവിശ്വാസപ്രമേയ നോട്ടീസ് സ്വീകരിക്കാൻപോലും ലോക്സഭാ സ്പീക്കർ തയ്യാറായില്ല. ഇതിനുപിന്നാലെയാണ് നടപടി തെറ്റിന് സുപ്രീകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാൻ ഏഴ് പാർടികളുടെ എംപിമാർ സമർപ്പിച്ച നോട്ടീസ് രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഞൊടിയിടയിൽ തള്ളിയത്. 

നോട്ടീസ് തള്ളാനും കൊള്ളാനുമുള്ള വിവേചനാധികാരം രാജ്യസഭാ ചെയർമാനുണ്ട്. നിയമപ്രകാരം നോട്ടീസ് സ്വീകരിച്ച് ജഡ്ജിയുടെ മേൽനോട്ടത്തിലുള്ള ഒരന്വേഷണസമിതിയെ നിയോഗിച്ച് കുറ്റാരോപണങ്ങളിലെ വസ്തുത അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അങ്ങനെ ലഭിക്കുന്ന റിപ്പോർട്ടിനെ തുടർന്ന് നോട്ടീസ് നിരാകരിക്കുകയോ സ്വീകരിക്കുകയോ ആകാം. അതിന് കാത്തുനിൽക്കാതെ മുൻകൂട്ടി തീരുമാനിച്ച് ഉറച്ച കാര്യം 48 മണിക്കൂറിനുള്ളിൽ നിർവഹിക്കുകയായിരുന്നു ആർഎസ്എസ് നേതാവായ ഉപരാഷ്ട്രപതി. ആക്ഷേപവിധേയനായ ചീഫ് ജസ്റ്റിസിനെ നിയമവിരുദ്ധമായി സംരക്ഷിക്കുന്ന ഉപരാഷ്ട്രപതിയുടെ നടപടി്ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് പ്രതിപക്ഷകക്ഷികൾ പരിഗണിക്കുകയാണ്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളും നോട്ടീസിന് നിദാനമാണ്. ഭൂമി കച്ചവടം, മെഡിക്കൽ കോഴ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ഇതിനെല്ലാമപ്പുറം സുപ്രീംകോടതിയുടെ വിശ്വാസ്യതയെ തകർക്കുന്ന വിധികളുടെ പരമ്പരയുണ്ടായിരിക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് വന്നത്. കോടതികളെ ഹിന്ദുത്വ അജൻഡയ്ക്ക് കീഴ്പ്പെടുത്തുന്ന ഒന്നാക്കി പരിവർത്തനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നീതിന്യായ കോടതികളുടെ കാവിവൽക്കരണം സുപ്രീംകോടതിയിൽവരെ നീളുകയാണ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പ്രതിയായ ഗുജറാത്തിലെ സൊഹ്റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ച ജഡ്ജി ലോയയുടെ മരണത്തിലെ ദുരൂഹത മാറ്റാനുള്ള കേസ് ദീപക് മിശ്രയുടെ നേതൃത്വത്തിൽ സുപ്രീംകോടതി തള്ളുകയും ഹിന്ദുത്വരാഷ്ട്രീയത്തെ സംരക്ഷിക്കുന്ന നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അമിത് ഷായെയും കൂട്ടരെയും രക്ഷപ്പെടുത്താനുള്ള അമിത വ്യഗ്രതയാണ് വിധിയിൽ കണ്ടത്. ചീഫ് ജസ്റ്റിസിനുള്ള 'മാസ്റ്റർ ഓഫ് റോസ്റ്റർ' എന്ന അധികാരം ഉപയോഗിച്ച് ജസ്റ്റിസ് ദീപക് മിശ്ര രാഷ്ട്രീയപ്രാധാന്യമുള്ള കേസുകൾ താൽപ്പര്യമുള്ള ജൂനിയർ ജഡ്ജിമാർക്ക് കൈമാറുന്നു. ഇതടക്കമുള്ള പാളംതെറ്റലിനെപ്പറ്റി ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് കുര്യൻ ജോസഫും ഉൾപ്പെടെ നാല് മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ വിമർശിച്ച് പത്രസമ്മേളനം നടത്താൻ നിർബന്ധിതരായി. അത് ജുഡീഷ്യറി നേരിടുന്ന പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തുന്നു. ജുഡീഷ്യറിയുടെ വിശ്വാസ്യത നിലനിർത്തുന്നതിനും  നാളത്തെ തലമുറയോട് നീതി കാട്ടുന്നതിനുംവേണ്ടിയാണ് അസാധാരണമായ പത്രസമ്മേളനത്തിന് തങ്ങൾ മുതിർന്നതെന്ന് ആ ന്യായാധിപന്മാർ വ്യക്തമാക്കിയിരുന്നു. അവരുടെ മുന്നറിയിപ്പിന് ശേഷവും ജുഡീഷ്യറിയുടെ വഴിതെറ്റലിന് കടിഞ്ഞാണിടാനുള്ള ഒരു ശ്രമവും ഭരണഘടനാശക്തികളിൽ നിന്നുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഇംപീച്ച്മെന്റ് നോട്ടീസ് ഉപരാഷ്ട്രപതിക്ക് നൽകിയത്. ഈ നോട്ടീസ് തള്ളി ഉപരാഷ്ട്രപതി തീരുമാനമെടുത്തതിലൂടെ കാവി സംഘത്തിനൊപ്പംനിൽക്കുന്ന ന്യായാധിപന്മാർ വഴിവിട്ട് സഞ്ചരിച്ചാലും അവരെ സംരക്ഷിക്കുമെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്.

നിയമവാഴ്ച ആഗ്രഹിക്കുന്ന ഏതൊരു പൗരനെയും അസ്വസ്ഥമാക്കുന്ന കോടതിവിധികൾ തുടർച്ചയായി ഉണ്ടാകുകയാണ്. ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദിൽ 2007 മെയ് 18ന് ഉച്ചയ്ക്ക് നിസ്കാരനേരത്ത് സ്ഫോടനം നടത്തി ഒമ്പത് പേരെ കൊന്ന കേസിൽ സ്വാമി അസിമാനന്ദയെയും മറ്റ് പ്രതികളെയും കുറ്റവിമുക്തമാക്കിയ ഭീകരവിരുദ്ധ പ്രത്യേക കോടതിയുടെ വിധി നീതിന്യായം പുലരണമെന്ന് ആഗ്രഹിക്കുന്ന ഏവരെയും ഞെട്ടിക്കുന്നതാണ്. വിധി പറഞ്ഞ ജഡ്ജി കെ രവീന്ദർ റെഡ്ഡി മണിക്കൂറുകൾക്കകം രാജിവച്ചു. ആ രാജി സ്വീകരിച്ചിട്ടുമില്ല. ഈ കേസിലൂടെ ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻഐഎയുടെ പക്ഷപാതവും കെടുകാര്യസ്ഥതയും വെളിപ്പെട്ടു. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ സംഘടനകളിലൊന്നായ അഭിനവ് ഭാരതിന്റെ പ്രവർത്തകരായ സ്വാമി അസിമാനന്ദ, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശർമ തുടങ്ങിയവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. സംഘപരിവാർ നേതാക്കളോ  പ്രവർത്തകരോ പ്രതികളായിട്ടുള്ള ഇത്തരം വമ്പൻ കേസുകളിലെല്ലാം പ്രതികളെ കോടതികൾ കുറ്റവിമുക്തരാക്കുന്നുവെന്നത് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്. 2007ലെ 68 പേർ കൊല്ലപ്പെട്ട സംഝോധ എക്സ്പ്രസ് സ്ഫോടന കേസിലും അസിമാനന്ദ പ്രതിയാണ്. അതിന്റെ വിധി വരാനിരിക്കുന്നതേയുള്ളൂ.

വ്യാജ തെളിവുണ്ടാക്കി മുസ്ലിങ്ങളെ പ്രതികളാക്കുന്നതിനു വേണ്ടി ആസൂത്രിത സ്ഫോടനങ്ങൾ സംഘപരിവാർ സ്വാമിമാർ നടത്തിയിരുന്നു. 2006 സെപ്തംബർ എട്ടിലെ മലേഗാവ് സ്ഫോടനത്തിൽ 37 പേരാണ് മരിച്ചത്. ആ സംഭവത്തിൽ നിരപരാധികളായ മുസ്ലിങ്ങളെ ആദ്യം കുടുക്കി. എന്നാൽ, പിന്നീടുള്ള അന്വേഷണത്തിൽ അഭിനവ്് ഭാരത് ആണ് സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമായി. അതിനുള്ള ആസൂത്രണം നടത്തിയത് കേണൽ പുരോഹിതും സാധ്വി പ്രാചിയുമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ കേസുകളെല്ലാം അട്ടിമറിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിൽ ത്തന്നെ പ്രത്യേക സെൽ പ്രവർത്തിക്കുകയാണ്. ആർഎസ്എസിനോട് പ്രതിബദ്ധതയുള്ള സിബിഐയും എൻഐഎയും മതിയെന്നായിരിക്കുന്നു. അവിടംകൊണ്ട് അവസാനിക്കുന്നില്ല കാര്യങ്ങൾ. ആർഎസ്എസിനോട് കൂറുള്ളതാകണം ജുഡീഷ്യറിയും എന്ന് വന്നിരിക്കുന്നു. ജഡ്ജിയുടെ സ്ഥാനക്കയറ്റം, നിയമനം തുടങ്ങിയ കാര്യങ്ങളിലെല്ലാം ആർഎസ്എസ് തീട്ടൂരമാണ് പ്രധാനം.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള കൊളീജിയം ശുപാർശയും കേന്ദ്രസർക്കാർ തീരുമാനമെടുക്കാത്തതിൽ പ്രകടമാക്കുന്നത് ഈ കാവിപ്രവണതയാണ്. ജസ്റ്റിസ് ജോസഫിനൊപ്പം ശുപാർശചെയ്ത അഭിഭാഷക ഇന്ദു മൽഹോത്രയെ നിയമിക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിക്കുകയും ചെയ്തു. കൊളീജിയം ശുപാർശ ലഭിച്ച് മൂന്ന് മാസത്തിനുശേഷമാണ് ജസ്റ്റിസ് ജോസഫിനെ തഴഞ്ഞ് ഇന്ദുവിനെമാത്രം നിയമിക്കാനുള്ള നടപടിയെടുത്തത്. സംസ്ഥാനഭരണം പിടിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വഴിവിട്ട നടപടിക്ക് കൂട്ടുനിൽക്കാത്തതിനാണ് ജസ്റ്റിസ് ജോസഫിനോട് പക പോക്കുന്നത്. 2016 ഏപ്രിലിൽ ഉത്തരാഖണ്ഡിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രാഷ്ട്രപതിക്കും തെറ്റ് സംഭവിക്കാമെന്ന നിരീക്ഷണത്തോടെയായിരുന്നു വിധി. ഇതിനെതിരെ കേന്ദ്രം സുപ്രീകോടതിയെ സമീപിച്ചെങ്കിലും പരാജയപ്പെട്ടു. അതുകാരണം കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. കേന്ദ്രത്തിലെ ആർഎസ്എസ് ഭരണത്തിന് ഹിതകരമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന ഒരു ന്യായാധിപനെയും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് ജസ്റ്റിസ് ജോസഫിനെതിരെയുള്ള പകപോക്കലിലൂടെ മോഡി ഭരണം നൽകുന്നത്.

ജുഡീഷ്യറിയുടെ പരിപാവനതയും സ്വാതന്ത്ര്യവും നിഷ്പക്ഷതയും കാറ്റിൽ പറത്തുന്ന മോഡി ഭരണത്തിന്റെ നടപടികളെ പ്രതിരോധിക്കേണ്ട ചീഫ് ജസ്റ്റിസ് ആ കടമ നിറവേറ്റുന്നില്ല. ഇക്കാര്യത്തിൽ ആദരണീയനായ മുതിർന്ന ന്യായാധിപൻ ചെലമേശ്വർതന്നെ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നീതിന്യായസംവിധാനത്തെ കാവി പൂശുന്നതിന് കൂട്ടുനിൽക്കുന്നതുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ വഴിവിട്ട്‌ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാരും ഭരണഘടനാസ്ഥാപനങ്ങളും മുന്നോട്ടുവന്നിരിക്കുന്നത്. ഇത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുംനേരെയുള്ള കനത്ത വെല്ലുവിളിയാണ്

പ്രധാന വാർത്തകൾ
 Top