12 November Tuesday

നവകേരള നിർമിതിയും ഭൂമിശാസ്ത്രവും

ഡോ. ടി കെ പ്രസാദ് & രൂപേഷ് ആർUpdated: Friday Jun 14, 2019


അറിവിന്റെയും അത്ഭുതങ്ങളുടെയും കലവറയാണ് നാം അധിവസിക്കുന്ന ഭൂമി. ഭൗമ പ്രതിഭാസങ്ങളെ കൗതുകപൂർവം  നിരീക്ഷിക്കുന്നതോടൊപ്പം അവയുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും ശാസ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്യുന്നതാണ് ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത. മനുഷ്യനും അവൻ ജീവിക്കുന്ന ചുറ്റുപാടും അവ തമ്മിൽ പരസ്പരം ചെലുത്തുന്ന സ്വാധീനവും അതീവശ്രദ്ധയോടെയാണ് ഈ വിഷയം വിശകലനം ചെയ്യുന്നത്.

കരയിലും കടലിലും അന്തരീക്ഷത്തിലുമായി നടന്നുകൊണ്ടിരിക്കുന്ന വിവിധങ്ങളായ ഭൗമപ്രതിഭാസങ്ങളും അവ ഭൗമോപരിതലത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുമാണ് ഭൗതിക ഭൂമിശാസ്ത്രം കൈകാര്യം ചെയ്യുന്നത്. ആന്തരിക, ബാഹ്യ ബലങ്ങൾ ചേർന്ന് സൃഷ്ടിക്കുന്ന ഉപരിതല സവിശേഷതകളെ ഈ ശാഖ പഠനവിധേയമാക്കുന്നു. സ്ഥലമണ്ഡലവും വായുമണ്ഡലവും  ജലമണ്ഡലവും ജൈവ മണ്ഡലവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അറിയാൻ ഭൗതിക ഭൂമിശാസ്ത്രം സഹായിക്കും.

ഭൗമപ്രതിഭാസങ്ങളെ ശാസ്ത്രീയമായി പഠിക്കണം
മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധമാണ് മാനവിക ഭൂമിശാസ്ത്രത്തിന്റെ  അടിത്തറ. ജനസംഖ്യയിലും വാസസ്ഥലങ്ങളിലുമുള്ള പ്രാദേശിക വ്യത്യാസങ്ങൾ, സമ്പദ്വ്യവസ്ഥയുടെ വളർച്ച, ഗതാഗതമാർഗങ്ങളുടെ വിന്യാസം, കൃഷി, വ്യവസായം, മത്സ്യബന്ധനം, ഖനനം തുടങ്ങി വിവിധങ്ങളായ ജീവനോപാധികളുടെ പശ്ചാത്തലം, ഭൂമിശാസ്ത്ര സവിശേഷത എന്നിവയിലാണ് മാനവിക ഭൂമിശാസ്ത്രം ഇടപെടുന്നത്.

ഭൂപടങ്ങളുടെ നിർമാണവും സൂക്ഷ്മമായ വായനയുമാണ് ഭൂമിശാസ്ത്രത്തിന്റെ മറ്റൊരു പ്രത്യേകത. സ്ഥലസംബന്ധിയായ സവിശേഷതകളെ ശാസ്ത്രീയമാർഗങ്ങളിലൂടെ വിവിധതരം മാപ്പുകളാക്കിമാറ്റുകയും തുടർപഠനത്തിനും വിശകലനത്തിനും സാധ്യതയൊരുക്കുകയുമാണ് പ്രായോഗിക ഭൂമിശാസ്ത്രം ചെയ്യുന്നത്. വിവരശേഖരണത്തിൽ പ്രാഥമികമായ ചെയിൻ സർവേ മുതൽ, അതിസങ്കീർണമായ വിദൂര സംവേദനോപാധികൾവരെ ഇവിടെ പ്രയോജനപ്പെടുത്തുന്നു. വിഭവഭൂപട നിർമാണവും അതിനനുസൃതമായ പ്രാദേശികാസൂത്രണവും ഏതൊരു പ്രദേശത്തിന്റെയും തുടർ വികസനത്തിന് അത്യന്താപേക്ഷിതമായ സാഹചര്യത്തിൽ പ്രായോഗിക ഭൂമിശാസ്ത്രം പ്രസക്തമാകുന്നു.

ഡിജിറ്റൽ കാർട്ടോഗ്രഫി, റിമോട്ട് സെൻസിങ്, ജിപിഎസ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഫോട്ടോ ഗ്രാമെട്രി തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഭൂമിശാസ്ത്രത്തിന്റെ സാധ്യതകൾ ഒരുപാട് വർധിപ്പിച്ചു. മാനവിക വിഷയങ്ങളിലേക്കും ശാസ്ത്രവിഷയങ്ങളിലേക്കും ഒരുപോലെ പഠനമേഖലകളെ വ്യാപിപ്പിക്കാനും മനുഷ്യന്റെ സകലമാന ഇടപെടലുകളേയും സമഗ്രവീക്ഷണത്തോടെ ഉൾക്കൊള്ളാനും കഴിയുന്നു എന്നുള്ളതാണ് ഭൂമിശാസ്ത്രത്തെ വ്യത്യസ്തമാക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയും വിവര‐വിജ്ഞാന വിസ്ഫോടനവും രംഗം കൊഴുപ്പിക്കുമ്പോഴും, ഭൗമജന്യ പ്രവർത്തനങ്ങളെ തൊട്ടറിയാനുള്ള അന്തർജ്ഞാനം ആധുനിക മനുഷ്യന് വേണ്ടത്രയില്ല എന്നുപറയേണ്ടിവരും. കാരണം അയാളുടെ പ്രകൃതിയുമായുള്ള ബന്ധം ജൈവികമല്ല. ഭൗമസാക്ഷരതയില്ലാതെ വളരുന്ന തലമുറ ഭൂമിക്ക് ബാധ്യതയും ഭാരവുമായി മാറുന്ന കാലഘട്ടമാണ് ഇന്ന്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾക്ക് അവരുടെ ചുറ്റുപാടുകൾ സൂക്ഷ്മമായി അറിഞ്ഞും അനുഭവിച്ചും വളരാൻ അവസരം ഒരുക്കുക എന്നത് വളരെ  പ്രധാനമാണ്. നാം ജീവിക്കുന്ന പ്രകൃതിയുടെ നൈസർഗിക പ്രകൃതവും അതിന്റെ നിർമലതയും നമ്മുടെ ജീവിതവ്യവഹാരങ്ങളോട് അതു  പുലർത്തുന്ന ഇണക്കങ്ങളും പിണക്കങ്ങളും നാം പഠിച്ചെടുക്കേണ്ടതാണ്.

താൻ ജീവിക്കുന്ന ഭൂതലവുമായി തനിക്ക് ഉണ്ടായിരുന്ന, എന്നാൽ ഇടക്കാലത്ത് വിച്ഛേദിക്കപ്പെട്ടുപോയ ജൈവികബന്ധത്തെ പുനഃസ്ഥാപിക്കണമെങ്കിൽ ഈ ഭൗമപ്രതിഭാസങ്ങളെ ശാസ്ത്രീയമായി പഠിക്കാൻ നാം തയ്യാറാകണം. പരിസ്ഥിതിനാശത്തെയും തുടർന്നുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാനുള്ള ശേഷി ഒരു ജനത എന്ന നിലയ്ക്ക് നാം ആർജിച്ചിട്ടുണ്ടോ? ഇല്ല എന്ന് നമുക്ക് കാണാൻ കഴിയും. പരിസ്ഥിതിനാശം എന്നത് ഭൗമരാഷ്ട്രീയ നിരക്ഷരതയുടെ ഉൽപ്പന്നമാണ്. പശ്ചിമഘട്ടത്തിലെ അനിയന്ത്രിത ക്വാറികളും ഉൾനാടൻ കുന്നുകളുടെ ശോഷണവും തണ്ണീർത്തടങ്ങളുടെ ശുഷ്കമാകലും നദികളുടെ നാശവും എല്ലാം ചിലത് പറഞ്ഞുവയ്ക്കുന്നുണ്ട്.  വരാനിരിക്കുന്ന തലമുറകളോട് നാം കണക്ക് പറയേണ്ടിവരും, ഉറപ്പ്.

ദുരന്തനിവാരണ പ്രവർത്തനങ്ങളും പ്രാദേശികാസൂത്രണവും പരിസ്ഥിതിബോധവും
നൂറ്റാണ്ടിലെ മഹാപ്രളയം  ഉൾപ്പെടെ നാം നേരിട്ട പ്രകൃതിദുരന്തങ്ങൾ അനവധിയാണ്. ദുരന്താനുഭവങ്ങൾ പാരിസ്ഥിതിക അവബോധമില്ലായ്മയും ഭൂമിശാസ്ത്രനിരക്ഷരതയും ആണ് വെളിപ്പെടുത്തുന്നത്. ആലപ്പുഴ, കൊല്ലം ജില്ലകളെ ഗ്രസിച്ച സുനാമിദുരന്തം അത്ര പെട്ടന്നൊന്നും നമുക്ക് മറക്കാനാകില്ല. രാജ്യത്തിന്റെ തെക്കുകിഴക്കൻ തീരത്ത് താണ്ഡവമാടിയ സുനാമി തിരകൾ രണ്ടര മണിക്കൂറിനുശേഷമാണ് കേരളത്തിന്റെ പടിഞ്ഞാറൻ തീരത്ത് എത്തിയത്. മെച്ചപ്പെട്ട ഭൗമശാസ്ത്ര സാക്ഷരത ഉണ്ടായിരുന്നെങ്കിൽ അപകടമരണം കുറയ്ക്കാമായിരുന്നു. ഓഖി കൊടുങ്കാറ്റ് വന്ന സമയത്തും സമാന പരിമിതികളെ നമുക്ക് മറികടക്കാൻ കഴിഞ്ഞില്ല. ഭൗമപ്രതിഭാസങ്ങളും പരിസ്ഥിതി വ്യവസ്ഥയും സാമൂഹ്യപാഠവും ജീവിതപാഠവും ആകേണ്ടതുണ്ട്. ഭൂസംബന്ധിയായി ഉടലെടുക്കുന്ന പ്രശ്നങ്ങളെ ശാസ്ത്രീയമായി നേരിടാൻ ഭൂമിശാസ്ത്രവിദ്യാഭ്യാസം കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്.

പുത്തൻ ഭൂമിശാസ്ത്ര സങ്കേതങ്ങൾ പ്രാദേശികാസൂത്രണത്തിലും നിർവഹണത്തിലും കാര്യക്ഷമമായി പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയണം. ദുരന്ത സാധ്യതാമേഖലകളെ മാപ്പ് ചെയ്യാനും ദുരന്തലഘൂകരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനും കഴിയണം. വിദൂര സംവേദനത്തിന്റെ സാധ്യതകൾ അനന്തമാണ്. വിഭവങ്ങളുടെ ലഭ്യതയും വിതരണവും ഭൗമപ്രതിഭാസങ്ങളുടെ അവസ്ഥയും സൂക്ഷ്മപഠനത്തിനു വിധേയമാക്കാൻ അതിനുകഴിയും. ഭൂവിവര വ്യവസ്ഥയും ജിപിഎസും ആധുനിക ഡിജിറ്റൽ സർവേകളും ജ്യോഗ്രഫി ലാബുകളിലെ യാന്ത്രിക അഭ്യാസങ്ങളായി മാറാതെ സമൂഹത്തിലേക്കെത്തണം. ജിയോ ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിച്ച് വിഭവ ആസൂത്രണവും ഭരണ നിർവഹണവും കാര്യക്ഷമമാക്കണം. അതോടൊപ്പം ദുരന്തനിവാരണ പ്രവർത്തനങ്ങളും പ്രാദേശികാസൂത്രണവും പരിസ്ഥിതിബോധവും പുതുതലമുറയ്ക്ക് ആർജിച്ചെടുക്കാവുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇടപെടലുകൾ ഉണ്ടാകണം.
അതിജീവനത്തിന്റെയും ആസൂത്രണത്തിന്റെയും ഭൗമ രാഷ്ട്രീയ ദർശനത്തെ രണ്ട് തലത്തിലായാണ് നാം വികസിപ്പിച്ചെടുക്കേണ്ടത്.

1. ഗാർഹിക‐സാമൂഹ്യാന്തരീക്ഷത്തിൽ വളർത്തിയെടുക്കേണ്ട ഭൗമശാസ്ത്രബോധനം.
2. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി വികസിപ്പിക്കേണ്ടുന്ന ഭൗമശാസ്ത്രബോധനം.

വ്യക്തിയുടെ സാമൂഹ്യബോധം രൂപപ്പെടുന്നതിൽ ഗൃഹാന്തരീക്ഷത്തിന് വലിയ പങ്കുണ്ട്. നമ്മുടെ ഭൗമ പ്രകൃതിയെ രചനാത്മകമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള കരുത്തും സർഗശേഷിയും പ്രാഥമികമായി ആർജിക്കേണ്ടത് നമ്മുടെ പുരയിടങ്ങളിൽനിന്നു തന്നെയാണ്. നമ്മുടെ ഗാർഹിക ഭൂവിനിയോഗത്തെ ശാസ്ത്രീയമായി ക്രമപ്പെടുത്താനുള്ള പരിശീലനം നേടുക എന്നതാണ് അതിൽ പ്രധാനം. നമ്മുടെ പുരയിടത്തിൽ പതിക്കുന്ന സൂര്യപ്രകാശവും ജലവും കാറ്റും എല്ലാം വിഭവങ്ങളായി പരിവർത്തിപ്പിക്കേണ്ടതുണ്ട്. മണ്ണും ജലവും ജൈവവ്യവസ്ഥയും സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവർത്തനത്തിനുമാത്രമേ സുസ്ഥിരത ഉണ്ടാകൂ.

ഇവയെല്ലാം ഒരു സമഗ്രതയുടെ ഭാഗമാണെന്നും ഏതെങ്കിലും ഒന്നിന്റെ ശോഷണം ഭൗമപരിസ്ഥിതിയെ ആകെ അപകടപ്പെടുത്തുമെന്നുമുള്ള ബോധം ഓരോരുത്തരിലും എത്തേണ്ടതാണ്. ഊർജവിഭവങ്ങളുടെ അമിതചൂഷണവും അവ നേരിടുന്ന ശോഷണവും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എല്ലാവർക്കും ബോധ്യപ്പെടണം. പാരമ്പര്യേതര ഊർജസ്രോതസ്സുകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ബദൽവികസന മാതൃകകൾ നാം തേടേണ്ടതുണ്ട്. മഴവെള്ള സംഭരണവും സംസ്കരണവും ജലവിഭവങ്ങളുടെ പുനരുപയോഗം സംബന്ധിച്ച ബാലപാഠങ്ങളും നാം പ്രയോഗവൽക്കരിക്കുകയും മറ്റുള്ളവരിലേക്ക് പകർന്നുനൽകുകയും ചെയ്യേണ്ടത് നമ്മുടെ ഗാർഹിക പരിസരത്തുനിന്നു തന്നെയാണ്.

ഗാർഹിക പരിസരത്തുനിന്ന് നാം ആർജിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന ഭൗമപൊതുബോധത്തെ ചിട്ടപ്പെടുത്തുന്നതും തുടർച്ച സാധ്യമാക്കുകയും ചെയ്യുന്നത് നമ്മുടെ കലാലയങ്ങളിലൂടെയാണ്. ചുഴലിക്കാറ്റിനുമുന്നിൽ, കൊടിയ വരൾച്ചയ്ക്കും വെള്ളപ്പൊക്കത്തിനും മുന്നിൽ, സുനാമി തിരമാലകൾക്ക് മുന്നിൽ, മഹാപ്രളയത്തിനു മുന്നിൽ പകച്ചുപോകുന്ന കേവലമായ അക്കാദമിക വിദ്യാഭ്യാസം സിദ്ധിച്ച തലമുറയല്ല നമുക്കുവേണ്ടത്. മറിച്ച് പ്രകൃതിദുരന്തങ്ങളുടെ വളർച്ചയും വികാസവും ഗതിയും പ്രത്യാഘാതവും നിർണയിക്കാൻ കഴിയുംവിധം സമൂഹത്തിലെ ഓരോ കണ്ണിയും ശക്തിപ്പെടേണ്ടതുണ്ട്. പ്രകൃതിപ്രതിഭാസങ്ങളുടെ സംഹാരശേഷി വിലയിരുത്താനും ശാസ്ത്രീയ അവബോധംകൊണ്ട് അവ ലഘൂകരിക്കാനും കഴിയുന്ന തരത്തിൽ ഒരു തലമുറയെ വാർത്തെടുക്കുമ്പോഴാണ് നമ്മുടെ ഔപചാരിക ഭൂമിശാസ്ത്രബോധനം സാർഥകമാകുന്നത്.

ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ഭൂപടനിർമാണത്തിലും വിഭവഭൂപട നിർമാണത്തിലും ദുരന്ത ലഘൂകരണ തന്ത്രങ്ങളുടെ പ്രായോഗിക നിർവഹണത്തിലും നൈപുണ്യം കൈവരിച്ചവരാണ് ഭൗമശാസ്ത്ര ക്ലാസ് മുറികളിൽ പിറവികൊള്ളേണ്ടത്. അതിനായി വിവരസാങ്കേതികവിദ്യകളുടെ പുത്തൻ മുന്നേറ്റങ്ങൾ ഭൗമശാസ്ത്രബോധനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.

നിലവിൽ പ്ലസ്ടു ലവലിൽ ഭൂമിശാസ്ത്രപഠന സൗകര്യങ്ങൾ ഒരു പരിധിവരെ പര്യാപ്തമാണ്, സന്തുലിതമാണ്. എന്നാൽ, ബിരുദ ബിരുദാനന്തര ‐ ഗവേഷണ തലത്തിൽ ഭൂമിശാസ്ത്രപഠനത്തിനുള്ള സൗകര്യങ്ങൾ കേരളത്തിൽ കുറവാണ്. സുസ്ഥിരവികസനവും നവകേരള നിർമാണവും പ്രധാന അജൻഡയായി മുന്നേറുന്ന സർക്കാർ പ്രളയാനന്തര പദ്ധതികളിൽ ഒന്നായി ഭൂമിശാസ്ത്രവിദ്യാഭ്യാസവും ഏറ്റെടുക്കേണ്ടതുണ്ട്. ഭൗമ പഠനമേഖലയിൽ ഏത് അന്താരാഷ്ട്ര സമൂഹത്തോടും കിടപിടിക്കുന്ന തലത്തിലേക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയും അക്കാദമികരംഗവും വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി കൂടുതൽ കോളേജുകളിൽ ഈ വിഷയം പഠിപ്പിക്കേണ്ടതുണ്ട്. നിലവിലെ സിലബസും ബോധനരീതികളും കാലാനുസൃതമായി പരിഷ്കരിക്കപ്പെടണം, ജലവും വായുവും മണ്ണും മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ജൈവികബന്ധം നിലനിന്നുപോരുന്ന ഒരു വ്യവസ്ഥയുടെ ഭാഗമാണെന്നുള്ള പൊതുബോധം സാർവത്രികമാകണം. ഭൂമി പൊതുസ്വത്താണെന്ന ബോധവും ബോധ്യവും വരുംതലമുറയിലേക്കെങ്കിലും എത്തണം. ഭൗമ പ്രതിഭാസങ്ങളെയും പരിസ്ഥിതിയേയും അറിഞ്ഞുക്കൊണ്ടുള്ള  ഈ പൊതുബോധമായിരിക്കണം, നവകേരള നിർമിതിയുടെ അടിത്തറ.


പ്രധാന വാർത്തകൾ
 Top