18 June Tuesday

പുതിയ കേരളം എങ്ങനെ?

കോടിയേരി ബാലകൃഷ്ണൻUpdated: Friday Sep 7, 2018


പുതിയ കേരളം സൃഷ്ടിക്കുകയെന്നതാണ് പ്രളയാനന്തരം നമുക്ക് മുന്നിലുള്ള ദൗത്യം. പ്രളയം തകർത്തെറിഞ്ഞതിനെ പുനർനിർമിക്കുകയെന്നത് പ്രധാന കാര്യമാണ്. അതിനപ്പുറം ഒരു നവകേരളം പടുത്തുയർത്താനുള്ള കടമ നിറവേറ്റുകയാണ് ആവശ്യം. പ്രളയത്തെ കേരളം നേരിട്ട രീതി സംസ്ഥാന സർക്കാരിനും കേരളീയർക്കും രാജ്യാന്തരമായിത്തന്നെ യശസ്സ് നേടിത്തന്നു. ഇതൊരു വികാരമായി വളർത്തി അതിനെ സർഗാത്മകമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭയുടെ സമ്മേളനം ചേരുകയും കേരളത്തെ പുതുക്കിപ്പണിയാൻ ഒന്നായി മുന്നേറാൻ തീരുമാനിക്കുകയുംചെയ്തു. അത‌് നല്ലതുതന്നെ. എന്നാൽ, സഭാസമ്മേളന ചർച്ചയെ പ്രതിപക്ഷം സങ്കുചിതരാഷ്ട്രീയത്തിനായി മാറ്റിയെന്നത് കാണാതിരുന്നുകൂടാ. ഇതുകാരണം പുതിയ കേരളം നിർമിക്കാനുള്ള ആശയത്തെ സമ്പുഷ്ടമാക്കാനുള്ള ക്രിയാത്മകനിർദേശങ്ങൾ വേണ്ടവിധം വന്നില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻതന്നെ സഭയിൽ ചൂണ്ടിക്കാട്ടി. പ്രളയകാലത്തെ അതിജീവനവും മരണസംഖ്യ കുറയ്ക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളും വലിയ മതിപ്പ് സൃഷ്ടിച്ചിരിക്കുന്നുവെന്നത് നിസ്തർക്കമാണ്. ഇത് ഭാവിയിൽ തങ്ങൾക്ക് രാഷ്ട്രീയമായി മോശമാകുമോയെന്ന ചിന്തയിൽനിന്നാണ് കോൺഗ്രസ് ‐ ബിജെപി പ്രതിപക്ഷം എൽഡിഎഫ് സർക്കാരിനെ വസ്തുതാവിരുദ്ധമായി കുറ്റപ്പെടുത്താൻ പ്രളയത്തെ ആയുധമാക്കുന്നത്. അതിന്റെ ഭാഗമായാണ് അണക്കെട്ടാണ് പ്രളയത്തിന് കാരണമെന്നും ഭരണകൂടസൃഷ്ടിയാണ് ദുരന്തമെന്നുമുള്ള പ്രതിപക്ഷ ആക്ഷേപം. ഈ വാദം അംഗീകരിച്ചാൽ പ്രകൃതിയല്ല, കേരള സർക്കാർ മനഃപൂർവമുണ്ടാക്കിയതാണ് ദുരന്തമെന്ന് വരും. അങ്ങനെയെങ്കിൽ കേരളത്തോട് ഇപ്പോൾത്തന്നെ അനുവർത്തിക്കുന്ന ഉദാരമല്ലാത്ത സമീപനം കേന്ദ്രസർക്കാരിന് കർക്കശമാക്കാൻ അതിടയാക്കും.

പ്രളയം ഭരണകൂടനിർമിതിയാണെന്ന് രമേശ് ചെന്നിത്തല ഉത്തവാദിത്തരഹിതമായി അഭിപ്രായപ്പെടുമ്പോൾ ബിജെപിയുടെ ചില ദേശീയ നേതാക്കൾ അടക്കമുള്ളവർ ഗോമാതാവിന്റേയും അയ്യപ്പന്റെയും കോപമാണെന്ന് വിലയിരുത്തി. ബീഫ് ഫെസ്റ്റിവൽ നടത്തിയതുകൊണ്ടും പശുവിനെ കൊന്ന് തിന്നുന്നവർ പാർക്കുന്ന പ്രദേശമായതിനാലും ദൈവം നൽകിയ ശിക്ഷയെന്ന് ഇക്കൂട്ടർ പറയുന്നു. ശബരിമലയിലേക്കുള്ള സ്ത്രീ പ്രവേശനവിലക്ക് നീക്കുന്നതിനുള്ള നിയമനടപടി ആലോചിച്ചതു കൊണ്ടാണ് പ്രളയമുണ്ടായതെന്നും ഇതേ ആൾക്കാർ അഭിപ്രായപ്പെടുന്നു. പ്രകൃതിക്ഷോഭത്തിന്റെ ആഴം കാണാനുള്ള ശാസ്ത്രമനസ്സിന് പകരം ദുരന്തത്തിന്റെ ഉത്തരവാദിത്തം അയ്യപ്പന്റെയും മറ്റ് ദൈവങ്ങളുടേയും തലയിൽ വച്ചുകെട്ടുന്നത് കടുംകൈയാണ്. ദൈവങ്ങളെ എന്തിന് സ്നേഹനിരാസത്തിന്റെ ഉറവിടങ്ങളാക്കണം. സംഭവിച്ച ദുരന്തത്തെ അവസരമായിക്കണ്ട് പുനർനിർമിച്ച ചരിത്രം പല നാടുകൾക്കുമുണ്ട്. 17‐ാം നൂറ്റാണ്ടിൽ ലണ്ടൻ നഗരത്തിലുണ്ടായ തീപിടിത്തമാണ് പുതിയ ലണ്ടനെ സൃഷ്ടിച്ചതെന്നും അതുപോലെ ഒരു നവസൃഷ്ടിക്കുള്ള അവസരമായി പ്രളയദുരന്തത്തെ കേരളം ഉപയോഗിക്കണമെന്നും നിതി ആയോഗിന്റെ സിഇഒ അമിതാഭ്കാന്ത് അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ കാർഷികശാസ്ത്രജ്ഞനായ കുട്ടനാട് സ്വദേശി ഡോ. എം എസ് സ്വാമിനാഥന്റെ വാക്കുകളും ശ്രദ്ധേയമാണ്. 'ഇത്ര വലിയൊരു പ്രളയത്തെ നേരിടാൻ നാം സജ്ജരായിരുന്നില്ല. എങ്കിലും ദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനും രക്ഷപ്പെടുത്തുന്നതിനും കേരളം കാണിച്ചത് വലിയ മാതൃകയാണ്. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ പാരമ്പര്യം ശരിയായ അർഥത്തിൽ കാണാനായി. പ്രളയ പുനരധിവാസത്തിലും പുതിയ കേരളമാതൃക സൃഷ്ടിക്കാൻ കഴിയണം. പരിസ്ഥിതി, സാമ്പത്തികം, തൊഴിൽലഭ്യത, ലിംഗ‐സാമൂഹ്യനീതി എന്നിവയിലൂന്നിയാകണം പുതിയ കേരളം കെട്ടിപ്പടുക്കേണ്ടത്'. ഡോ. എം എസ് സ്വാമിനാഥനെ പോലുള്ള വിദഗ്ധരുടെ ഇത്തരം അഭിപ്രായങ്ങൾക്ക് ചെവികൊടുത്തു കൊണ്ടുതന്നെയാകും കേരളത്തെ പുനർനിർമിക്കുക. പ്രളയത്തിനുശേഷമുള്ള പുനർനിർമാണത്തിന് വ്യക്തമായ ഹ്രസ്വകാല‐ദീർഘകാല പദ്ധതികൾ ആസൂത്രണംചെയ്യും. പരിസ്ഥിതിയും അതിന്റെ സംരക്ഷണവും പുതിയ കേരളത്തിന്റെ മുൻഗണനാപട്ടികയിലുണ്ടാകും. കാലാവസ്ഥാ അഭയാർഥികൾ എന്ന വിധത്തിൽ മാറ്റപ്പെടുന്ന ഒരുവിഭാഗം ജനങ്ങൾ കേരളത്തിലുണ്ടെന്ന് സമീപകാല പ്രകൃതിക്ഷോഭങ്ങൾ വിളിച്ചറിയിക്കുന്നു. കാലാവസ്ഥാമാറ്റം വളരെവേഗം ബാധിക്കുന്നവർ. ഇവർക്ക് ഏത് ഘട്ടങ്ങളിൽ എങ്ങനെയെല്ലാം പുനരധിവാസം ഒരുക്കണമെന്നത് ശാസ്ത്രീയമായി നിശ്ചയിക്കേണ്ടതുണ്ട്. ദുരന്തസാധ്യത കണക്കിലെടുത്ത് ആളുകളെ മാറ്റി സുരക്ഷിതമായി പാർപ്പിക്കുന്നതിനുള്ള പൊതുകേന്ദ്രങ്ങൾ വേണം. ഇത്തരം ആശയങ്ങൾ സജീവമായി പരിഗണിക്കും.

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് കേരളം നേരിട്ടത്. 13 ജില്ലകൾ വ്യത്യസ്ത തലങ്ങളിൽ കെടുതിയിൽപ്പെട്ട് ബുദ്ധിമുട്ടി. കേന്ദ്ര കാലാവസ്ഥാനിരീക്ഷണ വകുപ്പിന്റെ പ്രവചനപ്രകാരം ആഗസ്റ്റ് 9 മുതൽ 15 വരെയുള്ള ഘട്ടത്തിൽ സംസ്ഥാനത്ത് ലഭിക്കുമെന്ന് പറഞ്ഞ മഴ 98.5 മില്ലിമീറ്ററായിരുന്നു. പെയ്തിറങ്ങിയതാകട്ടെ 352.2 മില്ലീമീറ്റർ. പ്രവചിച്ചതിന്റെ മൂന്നിരട്ടി. അപ്രതീക്ഷിത മഴ പ്രളയത്തിന്റെ ആക്കംകൂട്ടി. അതുകാരണം സംസ്ഥാനത്തിന്റെ 82 ഡാമുകളും മുമ്പുണ്ടാകാത്ത രീതിയിൽ നിറഞ്ഞു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി. നദികൾ വഴിമാറുകപോലുമുണ്ടായി. ഇതൊന്നും കാണാതെ പ്രളയത്തെ സങ്കുചിതരാഷ്ട്രീയത്തിന് ഉപയോഗിക്കുന്നത് നാടിനോട് ചെയ്യുന്ന ദ്രോഹമാണ്. രക്ഷാപ്രവർത്തനവും പുനരധിവാസപ്രവർത്തനവും പൂർത്തിയാക്കി അടുത്തഘട്ടമെന്ന നിലയിൽ പുനർനിർമാണപ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ് വേണ്ടത്. അതിന് നാല് ഘടകങ്ങളിൽ വ്യക്തത വരുത്തണം. 1. സമ്പത്ത്, 2. പുനർനിർമാണരീതി, 3. അസംസ്കൃത വസ്തുക്കളുടെ ലഭ്യത, 4.  ജീവനോപാധികൾ. ലോകത്താകെയുള്ള ജനതയും  സംഘടനകളും അന്താരാഷ്ട്ര ഏജൻസികളും സർക്കാരുകളും കേരളത്തിനുനേരെ സഹായഹസ്തം നീട്ടുന്നുണ്ട്. ഇത്തരം കൂട്ടായ ഇടപെടലുകളിലൂടെ സമ്പത്ത് കണ്ടെത്താമെന്ന പ്രതീക്ഷയാണുള്ളത്. 600 കോടി രൂപയുടെ അടിയന്തരസഹായം കേന്ദ്രസർക്കാർ അനുവദിച്ചു. പക്ഷേ, സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ തോത് കണക്കിലെടുത്ത് സഹായിക്കാൻ കേന്ദ്രം തയ്യാറാകണം. അതിനൊപ്പം മറ്റ് രാജ്യങ്ങളിൽനിന്നും അന്താരാഷ്ട്ര ഏജൻസികളിൽനിന്നും സഹായങ്ങൾ ഉപയോഗപ്പെടുത്താൻ കേന്ദ്രം വിലങ്ങുതടി ആകരുത്. കേരളവികസനത്തിൽ പ്രവാസികളെ പങ്കാളികളാക്കാൻ സംസ്ഥാന സർക്കാർ പരിപാടി തയ്യാറാക്കിയിട്ടുണ്ട്. ഒരുമാസത്തെ വരുമാനം സംഭാവനചെയ്യുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ചത്. ആവശ്യമായ സാമ്പത്തികം സ്വരൂപിക്കാനാകുന്നില്ലെങ്കിൽ പുനരധിവാസപ്രവർത്തനം പ്രയാസകരമാകും.

പുനർനിർമാണ പ്രക്രിയയിലെ മറ്റൊരു പ്രധാനകാര്യം ഏത് തരത്തിൽ നിർമാണപ്രവർത്തനം നടത്തണമെന്നതാണ്. നിലവിൽ തകർന്നുപോയവയെ അതേയിടത്തിൽ പുനർനിർമിക്കണമോ, അപകടമേഖലയിൽ നിന്ന് മാറ്റി നിർമിക്കണമോ ‐ എന്നതാണ്. മുന്നറിയിപ്പ് കണക്കിലെടുക്കാതെ അതേ പ്രദേശത്ത് തുടരാൻ ശ്രമിച്ച പലരും ദുരന്തത്തിനിരയായി. ഇതിലൂടെ അപകടമേഖലകളേതെന്ന് വ്യക്തമാകുന്നു. ഇത്തരം പ്രദേശങ്ങളെ ഒഴിവാക്കി പുനരധിവാസപ്രവർത്തനം നടത്തുന്നതല്ലേ അഭികാമ്യമെന്ന് ആലോചിക്കേണ്ടതുണ്ട്. ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും സാധ്യതകൾ ഇല്ലാത്ത പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനമെന്ന ആശയത്തിലേക്കെത്തുമ്പോൾ അതിനാവശ്യമായ ഭൂമി കണ്ടെത്തുകയെന്നത് പ്രധാനമാണ്. മാറ്റിപാർപ്പിക്കുകയെന്നത് പലതരത്തിലുള്ള ജീവിതോപാധികളുടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. അതിനാൽ ഇക്കാര്യത്തിൽ പൊതുസമവായം വേണ്ടിവരും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗ്രാമസഭകളിലുംമറ്റും ഇത് ചർച്ചചെയ്യണം.

ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പാർപ്പിടമെന്നത് ഒഴിവാക്കപ്പെടുന്നതാണ് നല്ലത്. എന്നാൽ, കൃഷിഭൂമി അവിടെ തുടരുന്നതിൽ അപാകമില്ല. സുരക്ഷിതസ്ഥലങ്ങളിൽ ഫ്ളാറ്റ് ഉൾപ്പെടെയുള്ള രീതികളിൽ ആളുകളെ താമസിപ്പിക്കേണ്ടിവരാം. അപ്പോൾ നമ്മുടെ പരമ്പരാഗതമായ താമസരീതികളെപ്പറ്റിയുള്ള കാഴ്ചപ്പാടിൽ പൊളിച്ചെഴുത്ത് വേണ്ടിവരും. നദികളുടെ കരകളിൽ താമസിക്കുന്നവർ ദുരന്തം നേരിട്ടു. ഇത്തരം പ്രദേശങ്ങളിലെ താമസങ്ങളും ആവാസരീതികളും മാറ്റേണ്ട പ്രശ്നവും ചർച്ച ചെയ്യണം. വാസകേന്ദ്രങ്ങളും അല്ലാത്തതും എന്ന രീതിയിലുള്ള ചില വിഭജനങ്ങൾ വേണ്ടിവരും. മനുഷ്യന്റെ വാസമെന്നത് അവരുടെ ജീവന‌് ആപത്തില്ലാത്ത സ്ഥലത്താകുകയെന്നത് ഒരു തത്വമായി സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ, വിശദമായ പഠനവും ചർച്ചയും നടത്തി ഇക്കാര്യത്തിൽ യോജിപ്പുണ്ടാക്കേണ്ടതുണ്ട്. നിർമാണകാര്യങ്ങളിലാകട്ടെ ലോകാനുഭവങ്ങളും പുതിയ സാങ്കേതിക വിദ്യയും ഉപയോഗിക്കേണ്ടതുണ്ട്.

ആയിരക്കണക്കിന് വീടുകളും പതിനാറായിരം കിലോമീറ്ററോളം പൊതുമാരാമത്ത് റോഡും  എൺപത്തിരണ്ടായിരം കിലോമീറ്റർ പ്രാദേശിക റോഡും  134 പാലങ്ങളും ഉപയോഗയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടുണ്ട്. അവ പുനർനിർമിക്കണമെങ്കിൽ അസംസ്കൃതവസ്തുക്കൾ വേണം. നിലവിലുള്ള നിർമാണരീതിക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കൾ എങ്ങനെ കണ്ടെത്താനാകുമെന്നത് മറ്റൊരു പ്രധാന പ്രശ്നമാണ്. കരിങ്കല്ലും മണ്ണുമാണ് റോഡ് നിർമാണത്തിന് ഇതുവരെ പ്രധാനമായി ഉപയോഗിച്ചത്. ഇതിന്റെ ലഭ്യതയും ഇവ സംഭരിക്കുമ്പോഴുള്ള പാരിസ്ഥിതികപ്രശ്നങ്ങളും പരിശോധിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ റോഡുകളുടെയും വീടുകളുടെയും നിർമാണരീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് പരിശോധിക്കണം.

ജനജീവിതം മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ ഓരോരുത്തർക്കും ജീവനോപാധികളുണ്ടാകേണ്ടതുണ്ട്. 54,000 ഹെക്ടർ കൃഷി നശിച്ചു. ചെറുകിട വ്യവസായവും കച്ചവടസ്ഥാപനവും തകർന്നു. അരലക്ഷത്തിലേറെ കന്നുകാലികളും രണ്ട് ലക്ഷത്തോളം വളർത്തുപക്ഷികളും ചത്തൊടുങ്ങി. ഇതിന് പകരം സംവിധാനമുണ്ടാകുമ്പോഴേ ജനജീവിതം സാധാരണ നിലയിലാകൂ. കാർഷികമേഖല തകർന്നുവെന്ന് മാത്രമല്ല, പ്രതലത്തിന്റെ സ്വഭാവത്തിൽത്തന്നെ മാറ്റമുണ്ടായി. മണ്ണിടിച്ചിലുണ്ടായി, മലയുടെ ഭാഗംതന്നെ ചിലയിടങ്ങളിൽ ഒഴുകിപ്പോയി. അവിടങ്ങളിൽ പഴയ കൃഷിരീതി പറ്റില്ല. പുതിയ രീതി പരീക്ഷിക്കേണ്ടിവരും. ദീർഘകാലവിളകളാണ് കേരളത്തിലുള്ളത്. അതിനാൽ കൃഷിചെയ്ത് ഉൽപ്പന്നമായി വരാൻ സമയമെടുക്കും. ഈ ഘട്ടത്തിൽ കർഷകരുടെ ജീവിതമെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. കോഴിയെയും താറാവിനെയും വളർത്തി ജീവിക്കുന്നത് ഏറ്റവും പാവപ്പെട്ട വിഭാഗത്തിലുള്ളവരാണ്. അത്യുൽപ്പാദശേഷിയുള്ള വിഭാഗങ്ങളെ കൊണ്ടുവന്ന് ഇവരെ സഹായിക്കേണ്ടതുണ്ട്.

പൈതൃകസമ്പത്തുകൾ തകർന്നുപോയത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാണ്. ഇത്തരം പ്രശ്നങ്ങളെയെല്ലാം മനസ്സിലാക്കിയാണ് സംസ്ഥാന സർക്കാർ ചുവടുവയ്പ‌് നടത്തുന്നത്. അന്താരാഷ്ട്രതലത്തിൽ അനുഭവശേഷിയുള്ള ഏജൻസിയായ കെപിഎംജിഎയെ പഠനത്തിനായി നിയോഗിച്ചിട്ടുണ്ട്. വിശദമായ ചർച്ചയുടെയും ഇടപെടലിന്റെയും യോജിപ്പിന്റെയും അടിസ്ഥാനത്തിൽ രൂപപ്പെടേണ്ടതാണ് പുനർനിർമാണ പ്രവർത്തനങ്ങൾ. ഇക്കാര്യത്തിൽ രാഷ്ട്രീയ‐ജാതിമതചിന്തകൾക്ക് അതീതമായ യോജിപ്പാണ് ആവശ്യം. മഹാപ്രളയത്തിലും കേരളം തോൽക്കില്ലെന്ന് ഒരുമയോടെനിന്ന് നമുക്ക് തെളിയിക്കണം.


പ്രധാന വാർത്തകൾ
 Top