21 February Thursday

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക

എളമരം കരീംUpdated: Friday Jan 4, 2019


ജനുവരി 8നും 9നും ഇന്ത്യയിലെ തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കുകയാണ്. കോർപറേറ്റ് അനുകൂലവും രാജ്യദ്രോഹപരവും ജനവിരുദ്ധവുമായ കേന്ദ്രസർക്കാർ നയങ്ങൾ രാജ്യമാകെയുള്ള തൊഴിലെടുക്കുന്ന ജനങ്ങളുടെ ജീവനോപാധികൾ തകർക്കുകയാണ്. ഈ നയങ്ങൾക്കെതിരെ മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം വിവിധ പ്രക്ഷോഭങ്ങൾ തൊഴിലാളികൾ സംഘടിപ്പിച്ചു എങ്കിലും സർക്കാർ അതൊന്നും ഗൗനിക്കാൻ സന്നദ്ധമായില്ല. ഈ സാഹചര്യത്തിലാണ് 2018 സെപ്തംബർ 28ന് ഡൽഹിയിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ബാങ്ക്  – ഇൻഷുറൻസ് ജീവനക്കാരുടെയും കേന്ദ്ര‐ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫെഡറേഷനുകളുടെയും കൺവൻഷൻ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പാക്കുക തുടങ്ങിയ 12 ഇന ആവശ്യമാണ് കൺവൻഷൻ ഉന്നയിച്ചത്. ഇതിനുപുറമെ കേന്ദ്ര‐ സംസ്ഥാന സർവീസിൽ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, വൈദ്യുതി മേഖലയുടെയും ട്രാൻസ്പോർട് മേഖലയുടെയും സമ്പൂർണ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും കൺവൻഷൻ മുന്നോട്ടുവച്ചു. ഉൽപ്പന്നങ്ങൾക്ക് ന്യായമായ തറവില നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് ട്രേഡ് യൂണിയനുകളുടെ കൺവൻഷൻ പിന്തുണ പ്രഖ്യാപിച്ചു. മേൽപ്പറഞ്ഞ ആവശ്യങ്ങളുയർത്തി രാജ്യമാകെ പ്രചാരണങ്ങൾ സംഘടിപ്പിച്ചു. തൊഴിലാളികൾ പണിമുടക്ക് വമ്പിച്ച വിജയമാക്കാനുള്ള പരിശ്രമത്തിലാണ്.


തൊഴിലാളികളെ പാർശ്വവൽക്കരിക്കുന്നു

മോഡി സർക്കാർ രാജ്യത്തെ തൊഴിലാളിവർഗത്തിനുമേൽ നിഷ്ഠൂരമായ കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. യഥാർഥ കൂലി കുറഞ്ഞുകൊണ്ടിരിക്കുകയാണ്.  തൊഴിൽനിയമങ്ങൾ മുതലാളി വർഗത്തിനനുകൂലമായി മാറ്റംവരുത്തിക്കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ വികസനത്തിന് നിർണായക പങ്കുവഹിച്ച പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്നു. ദേശീയ അജൻഡയിൽനിന്ന് തൊഴിലാളികളെ ബോധപൂർവം പാർശ്വവൽക്കരിക്കുകയാണ്.

പ്രതിമാസം 18,000 രൂപ മിനിമം കൂലി നിശ്ചയിക്കണമെന്ന് ഇന്ത്യൻ ലേബർ കോൺഫറൻസ് സർക്കാരിനോട് ശുപാർശ ചെയ്തു. സുപ്രീംകോടതി ശരിവച്ച നിർദേശമാണിത്. ഈ ആവശ്യമുന്നയിച്ച് തൊഴിലാളികൾ നടത്തിയ പ്രക്ഷോഭങ്ങളെ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിച്ചു. രാജ്യത്തെ ഭൂരിഭാഗം തൊഴിലാളികൾക്കും ലഭിക്കുന്ന കൂലി പ്രതിമാസം 6,000 ത്തിനും 10,000 നും ഇടയിലാണ്. ഫലത്തിൽ കൂലി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ പകുതിയോളം കരാർ ‐ താൽക്കാലിക തൊഴിലാളികളാണ്.  സ്ഥിരം തൊഴിലാളികൾക്കു നൽകുന്ന വേതനത്തിന്റെ 30 ശതമാനംമുതൽ 50 ശതമാനംവരെയാണ് ഈ വിഭാഗത്തിന് ലഭിക്കുന്നത്. നിയമപരമായ അവകാശങ്ങൾ പലതും ഇവർക്കു ലഭിക്കുന്നില്ല. തുല്യജോലിക്ക് തുല്യവേതനം നൽകണമെന്ന സുപ്രീംകോടതിയുടെ 2016 ലെ വിധി നടപ്പാക്കപ്പെടുന്നില്ല. സർക്കാരാകട്ടെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല.

രാജ്യത്തെ തൊഴിലാളികളിൽ 93 ശതമാനവും നിർമാണം, റോഡ് ട്രാൻസ്പോർട്, ഹോട്ടലുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഗൃഹാടിസ്ഥാനത്തിൽ തൊഴിൽ ചെയ്യുന്നവർ തുടങ്ങിയ ഈ വിഭാഗത്തെയാണ് അസംഘടിത മേഖലാ തൊഴിലാളികൾ എന്ന് വിളിക്കുന്നത്. ഇവരുടെ കൂലി വളരെ കുറഞ്ഞതാണ്. തൊഴിൽ സാഹചര്യങ്ങൾ തീരെ മോശപ്പെട്ടതാണ്.

കേന്ദ്ര സർക്കാരിന്റെ വിവിധ സ്കീമുകളിൽ ജോലി ചെയ്യുന്ന ഒരു കോടിയോളം തൊഴിലാളികളുണ്ട്. അവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളാണ്. അങ്കണവാടി, ആശ, സ്കൂൾ ഉച്ചഭക്ഷണം, എൻഎച്ച്എം തുടങ്ങിയ പദ്ധതികളിൽ തൊഴിലെടുക്കുന്നവരെ തൊഴിലാളികൾ എന്ന് സർക്കാരുകൾ കണക്കാക്കുന്നില്ല. വളന്റിയർമാർ എന്നു കണക്കാക്കി തുച്ഛമായ ഓണറേറിയം ആണ് നൽകുന്നത്. ഈ പദ്ധതികൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവും നടന്നുവരുന്നു.

ജനങ്ങളുടെ ഐക്യം തകർക്കാൻ ശ്രമിക്കുന്നു
വർഷംതോറും 2 കോടിവീതം പുതിയ തൊഴിൽ സൃഷ്ടിക്കുന്ന മോഡിയുടെ വാഗ്ദാനം നടപ്പായില്ല. മേക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ വാചകമടി മാത്രമാണ് നടന്നത്. പൊതുമേഖലയുടെ സ്വകാര്യവൽക്കരണം വളരെ വേഗതയിലാണ് നടക്കുന്നത്. 1.96 ലക്ഷംകോടി രൂപ വിലയുള്ള പൊതുമേഖലാ ആസ്തികൾ സ്വകാര്യ മുതലാളിമാർക്ക് വിറ്റുകഴിഞ്ഞു. ഒരു ദശകക്കാലം യുപിഎ സർക്കാർ വിറ്റതിനേക്കാൾ കൂടുതലാണിത്.
റെയിൽവേയുടെ സ്വകാര്യവൽക്കരണ നീക്കം ദ്രുതഗതിയിലാണ് നടക്കുന്നത്. നിലവിലുള്ള റെയിൽവേ ട്രാക്കിലൂടെ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ അനുമതി നൽകിക്കഴിഞ്ഞു. റെയിൽവേയിൽ ഒഴിവുകൾ നികത്താതെ ജോലികൾ കരാർ നൽകുകയാണ്.

പെട്രോൾ‐ ഡീസൽ വിലവർധന എല്ലാ അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരാൻ ഇടയാക്കി. നോട്ടു നിരോധനവും അശാസ്ത്രീയമായ ജിഎസ്ടിയും നവലിബറൽ സാമ്പത്തിക നയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിയെ മൂർച്ഛിപ്പിച്ചു. നോട്ട് നിരോധനത്തിന്റെ ഭാഗമായി രാജ്യത്താകെ 2.34 ലക്ഷം ചെറുകിട വ്യവസായം അടച്ചുപൂട്ടി. 70 ലക്ഷം പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടപ്പെട്ടത്. വൈദ്യുതിമേഖലയും ഗതാഗതമേഖലയും സമ്പൂർണ സ്വകാര്യവൽക്കരണം ലക്ഷ്യംവച്ചുള്ള നിയമനിർമാണം നടത്താൻ സർക്കാർ ശ്രമിക്കുകയാണ്. ഇതിനെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലാണ്.

2003 ലെ ബിജെപി സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി റിട്ടയർ ചെയ്യുന്ന സർക്കാർ ജീവനക്കാരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 2004 ഏപ്രിൽ 1 മുതൽ നടപ്പായ പങ്കാളിത്ത പെൻഷൻ പദ്ധതി ബംഗാൾ ഒഴികെയുള്ള എല്ലാ സംസ്ഥാന സർക്കാരുകളും നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിൽ 2013 ൽ യുഡിഎഫ് സർക്കാരാണ് പങ്കാളിത്ത പെൻഷൻ നടപ്പാക്കിയത്. ഈ പദ്ധതി പുനഃപരിശോധിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചത് ഈ സാഹചര്യത്തിൽ അഭിനന്ദനീയമാണ്. ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളികളും കർഷകരും മറ്റു ജനവിഭാഗങ്ങളും രാജ്യത്താകെ വലിയ സമരങ്ങൾ നടത്തിവരികയാണ്.

ഈ സാഹചര്യത്തിൽ ജനങ്ങളുടെ ഐക്യം തകർക്കാനും വർഗീയധ്രുവീകരണം സൃഷ്ടിക്കാനും സംഘപരിവാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിൽ ശബരിമലയെ അടിസ്ഥാനമാക്കി സംഘപരിവാറും കോൺഗ്രസും നടത്തുന്ന അക്രമങ്ങളും നുണപ്രചാരണങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലമാക്കുക എന്ന ലക്ഷ്യംവച്ചാണ്. അധ്വാനിക്കുന്ന മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കേണ്ട ഈ സാഹചര്യത്തിൽ എല്ലാവിധ വിഭാഗീയ വിഘടന പ്രവർത്തനങ്ങളെയും പരാജയപ്പെടുത്താനാകണം. 8നും 9നും നടക്കുന്ന ദേശീയ പണിമുടക്ക് കുത്തക വർഗങ്ങളെമാത്രം സഹായിക്കുന്ന നവ‐ ലിബറൽ നയങ്ങളെ പരാജയപ്പെടുത്താൻ കഴിയുന്ന ഉജ്വല ജനകീയ പോരാട്ടമായി മാറുമെന്ന് തീർച്ചയാണ്. 

(സിഐടിയു സംസ്ഥാന ജനറൽ  സെക്രട്ടറിയാണ് ലേഖകൻ)

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top