23 October Friday

തൊഴിലാണ്‌ വേണ്ടത്‌; റിക്രൂട്ടിങ്‌ ഏജൻസിയല്ല - പി എ മുഹമ്മദ്‌ റിയാസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

റെയിൽവേയും ബാങ്കുകളും ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലെയും നോൺ ഗസറ്റഡ് പോസ്റ്റുകളിലേക്ക് നിയമനങ്ങൾ നടത്താനായി ഒരു പുതിയ ദേശീയ റിക്രൂട്ടിങ്‌ ഏജൻസി (എൻആർഎ ) സ്ഥാപിച്ചുകൊണ്ട് ആഗസ്ത്‌ 19ന് ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം തീരുമാനമെടുത്തിരിക്കുകയാണ്. ഈ ഏജൻസിയുടെ  സ്ഥാപനത്തിനും  നടത്തിപ്പിനുമായി പ്രാഥമിക മൂലധനമായി ആയിരത്തി അഞ്ഞൂറ്റി പതിനേഴ് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന്‌  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇത്തരത്തിൽ ഒരു ഏജൻസിയുടെ ആവശ്യകതയെപ്പറ്റി കേന്ദ്രസർക്കാർ ആദ്യമായി പരാമർശിക്കുന്നത്. നിലവിലുള്ള തൊഴിൽനിയമന രീതിയിലെ പരിമിതികളോ പോരായ്മകളോ ചൂണ്ടിക്കാണിക്കുന്ന ഏതെങ്കിലും പഠന റിപ്പോർട്ടുകൾ സർക്കാർ പാർലമെന്റിൽ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ കേന്ദ്ര നിയമന രീതികളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന ഈ തീരുമാനത്തിന് മുന്നോടിയായി ആവശ്യമായ നടപടിക്രമങ്ങളോ ചർച്ചകളോ നടന്നിട്ടില്ല എന്നുതന്നെ അനുമാനിക്കാം. പ്രത്യേകിച്ച്, കോവിഡ് മഹാമാരി കാരണം പാർലമെന്റ്‌ പ്രവർത്തിക്കാതിരിക്കുന്ന അവസരംകൂടിയാണ് ഇതെന്നും ഓർക്കേണ്ടതുണ്ട്.

എൻആർഎയുടെ പ്രാഥമികമായ ഉദ്ദേശ്യം നിലവിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനങ്ങൾ നടത്തുന്ന സ്റ്റാഫ് സെലക്‌ഷൻ കമീഷൻ, ബാങ്കുകളിലേക്ക് നിയമനങ്ങൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്‌ പേഴ്സണൽ സെലക്‌ഷൻ, റെയിൽവേ ഗ്രൂപ്പ് ബി, സി പോസ്റ്റുകളിലേക്ക് നിയമനങ്ങൾ നടത്തുന്ന റെയിൽവേ ബോർഡ് തുടങ്ങിയ സർക്കാർ ഏജൻസികൾ നടത്തുന്ന പ്രവേശന പരീക്ഷകൾ ഒഴിവാക്കി, പകരം ഒരു ഏകീകൃത യോഗ്യത ടെസ്റ്റ്  നടത്തുകയാണ്. പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ഡിഗ്രി എന്നിങ്ങനെ മൂന്ന് വ്യത്യസ്ത യോഗ്യതാ വിഭാഗങ്ങളിലായി പ്രവേശന പരീക്ഷകൾ നടത്തുമെന്നാണ് തീരുമാനം. ഈ പരീക്ഷയിൽ വിജയം നേടുന്ന ഉദ്യോഗാർഥികൾക്ക് ഐബിപിഎസിന്റെയും റെയിൽവേ ബോർഡിന്റെയും രണ്ടാംഘട്ട പരീക്ഷയിൽ പങ്കെടുക്കാം. പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന് മൂന്നുവർഷത്തെ കാലാവധി ഉണ്ടാകും. ഉദ്യോഗാർഥികൾ വ്യത്യസ്തങ്ങളായ പ്രവേശന യോഗ്യതാ പരീക്ഷ എഴുതേണ്ടതില്ല എന്നും ഇത് നിയമനപ്രക്രിയയെ എളുപ്പമാക്കുമെന്നും, ഉദ്യോഗാർഥികളുടെ സമയവും പണവും ലാഭിക്കുമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം.


 

പ്രത്യക്ഷത്തിൽ ഗുണപരമായ ഒരു ഭരണപരിഷ്കാരമാണെന്ന് തോന്നുമെങ്കിലും എൻആർഎയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ പലതാണ്. ഒന്ന്, എൻആർഎ നടത്തുന്ന യോഗ്യതാപരീക്ഷ കേന്ദ്ര സ്ഥാപനങ്ങളിലേക്ക് മാത്രമല്ല, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗ്രൂപ്പ് ബി, സി ജോലികൾക്കുള്ള നിയമനത്തിനുവേണ്ടിയും ഉൾപ്പെടുത്താം എന്നതാണ് ഇതിന് മേൽനോട്ടം വഹിക്കുന്ന കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ ചുമതലക്കാരനായ മന്ത്രി ജിതേന്ദ്ര സിങ്‌ പറഞ്ഞിരിക്കുന്നത്. സമീപ ഭാവിയിൽ അത്തരമൊരു തീരുമാനമുണ്ടായാൽ, അത് സംസ്ഥാനങ്ങളുടെ നിയമനാധികാരങ്ങളെ ഗുരുതരമായി ബാധിക്കും. ഓരോ സംസ്ഥാനത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന ബി, സി ഗ്രൂപ്പ് തസ്തികകൾക്കായി അപേക്ഷിക്കണമെങ്കിൽ അതത് സംസ്ഥാനങ്ങളിൽ ഉദ്യോഗാർഥികൾ ദേശീയതലത്തിലുള്ള യോഗ്യതാപരീക്ഷ പാസാകണം എന്ന സ്ഥിതിവിശേഷമുണ്ടായേക്കും. അങ്ങനെ സംഭവിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന മേഖലയിൽനിന്ന്‌ വരുന്ന  ഉദ്യോഗാർഥികളെ ആകും. സർക്കാർ തൊഴിൽമേഖലയിൽ ഒരു പുതിയ വരേണ്യവർഗ കേന്ദ്രീകരണത്തിനും ഇത് വഴിയൊരുക്കും. എൻആർഎ നടത്തുന്ന പൊതുപരീക്ഷ സംസ്ഥാനങ്ങൾക്കു ബാധകമായാൽ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന സർക്കാർ നിയമന ഏജൻസികളുടെ പ്രാധാന്യം നഷ്ടപ്പെടുകയും അധികാരപരിധി ചുരുങ്ങുകയും ചെയ്യും. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് അതൊട്ടും ഗുണകരമാകുകയില്ല.

രണ്ടാമത്തെ പ്രശ്നം എൻആർഎയുടെ പ്രാഥമിക ഊന്നൽ സെലക്‌ഷൻ (തെരഞ്ഞെടുക്കൽ) അല്ല മറിച്ച് എലിമിനേഷൻ (പുറത്താക്കൽ) ആണ്. ഓരോ വർഷവും ഏകദേശം ഒന്നേകാൽ ലക്ഷം തസ്തികകളിലേക്കാണ് വിവിധ സർക്കാർ ഏജൻസികൾ നിയമനപരീക്ഷകൾ നടത്തുന്നത്. പ്രതിവർഷം മൂന്നുകോടിയോളം ഉദ്യോഗാർഥികൾ ഈ പരീക്ഷകളിൽ പങ്കെടുക്കുന്നു എന്നാണ് സർക്കാർ കണക്കുകൾ. ഒഴിവുള്ള തസ്തികകൾ അനുസരിച്ച് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നാണ് നിലവിൽ നിയമനം നടക്കുന്നത്. പുതിയ സാഹചര്യത്തിൽ എൻആർഎയുടെ പ്രവേശനപരീക്ഷ പ്രഥമ മാനദണ്ഡമായി വരുമ്പോൾ യോഗ്യത നേടുന്ന ഉദ്യോഗാർഥികളും ഒഴിവുള്ള തസ്തികകളും തമ്മിൽ വലിയ അന്തരത്തിനു സാധ്യതയുണ്ട്. ഇത് പൊതുമേഖലയിലെ തൊഴിലവസരങ്ങൾ കുറച്ചുകൊണ്ടുവരുന്ന കേന്ദ്രസർക്കാർ സമീപനത്തിന് അനുഗുണമായ ഒരു സ്ഥിതിവിശേഷമുണ്ടാക്കും. ഒഴിവു വരുന്ന തസ്തികകൾ അതത് സമയത്ത് റിപ്പോർട്ട് ചെയ്യുന്ന രീതിയും ക്രമേണ ഇല്ലാതാകാൻ സാഹചര്യമൊരുങ്ങും. എൻആർഎ പരീക്ഷയിൽ പങ്കെടുക്കുന്ന 95 ശതമാനം പേരും യോഗ്യത നേടാതെ പുറത്താകുമെന്ന വിലയിരുത്തലാണ് സർക്കാർ വൃത്തങ്ങൾക്കുതന്നെയുള്ളത്. അത്‌ തുറന്നുപറയുന്നതിൽ അവർ മടി കാണിക്കുകയും ചെയ്തിട്ടില്ല.

ഇനി കാതലായ പ്രശ്നത്തിലേക്ക് വന്നാൽ, നിയമന ഏജൻസിയുടെ പരാജയമല്ല രാജ്യം ഇന്ന് നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയ്ക്ക് കാരണം എന്നത് പകൽപോലെ വ്യക്തമാണ്. രാജ്യം ഭരിക്കുന്ന സർക്കാരിന്റെ നയസമീപനത്തിന്റെ ഫലമായിട്ടാണ് തൊഴിൽ ഇല്ലാപ്പട പെരുകുന്നത്. സ്വതന്ത്ര ഇന്ത്യ നേരിടുന്ന ഏറ്റവും ഗുരുതരമായ തൊഴിലില്ലായ്മ നിരക്കാണ് കഴിഞ്ഞ ആറുവർഷത്തെ മോഡി ഭരണം രാജ്യത്തിനു സമ്മാനിച്ചത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് നിരീക്ഷണം നടത്തുന്ന സെന്റർ ഫോർ മോണിറ്ററിങ്‌ ഓഫ് ഇന്ത്യൻ ഇക്കോണമി ആഗസ്ത്‌ രണ്ടാം വാരത്തിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ 8.67 ശതമാനമാണ്. ഗ്രാമീണമേഖലയിൽ 9.61 ശതമാനവും നഗരമേഖലയിൽ 8.67 ശതമാനവും. കോവിഡ്  മഹാമാരിയെ തുടർന്നുള്ള ദേശവ്യാപകമായ ലോക്‌ഡൗൺ പ്രഖ്യാപനത്തിനും  മാസങ്ങൾക്കുമുമ്പുതന്നെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം ഏഴര ശതമാനം കടന്നിരുന്നു.


 

ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ അത് 23 ശതമാനംവരെയായി കുതിച്ചുയർന്നു. അസംഘടിതമേഖലയും സംഘടിതമേഖലയും ഒരുപോലെ തകർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ബജറ്റ് വിഹിതം വെട്ടിക്കുറച്ച മോഡി സർക്കാർ, മഹാമാരിയുടെ കാലത്ത് ഗ്രാമീണ ഇന്ത്യയിൽ ലഭ്യമായിരുന്ന ഏക ആശ്വാസത്തെയും തട്ടിയകറ്റുകയാണ് ചെയ്തത്. കാർഷികമേഖലയുടെ തകർച്ചയും  കോവിഡ് ബാധയെത്തുടർനുള്ള അനിശ്ചിതാവസ്ഥയുമാണ്  ഗ്രാമീണ തൊഴിലില്ലായ്മ നിരക്കിനെ 10 ശതമാനത്തോളം ഉയർത്തിയതും.

സംഘടിതമേഖലയിലെ ശമ്പളക്കാരായ തൊഴിലാളികളും ദുരിതത്തിലാണ്. സിഎംഐഇയുടെ റിപ്പോർട്ട് പറയുന്നത് 2020 ഏപ്രിൽ,-ജൂൺ പാദത്തിൽമാത്രം ശമ്പളക്കാരായ 17 ദശലക്ഷം തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ്. 2019--20 സാമ്പത്തിക വർഷത്തിൽ ഇത്തരം തൊഴിലാളികളുടെ എണ്ണത്തിൽ രാജ്യത്ത് 1.8 ശതമാനം കുറവുണ്ടായി. 18 വർഷത്തിലെ ഏറ്റവും ഉയർന്ന തൊഴിൽനഷ്ട കണക്കാണ് കഴിഞ്ഞ വർഷത്തിൽ രേഖപ്പെടുത്തിയത്. ഏറ്റവും രൂക്ഷമായ പ്രതിസന്ധി ടെക്സ്റ്റൈൽ മേഖലയിലായിരുന്നു.  29 ശതമാനമാണ് ആ മേഖലയിൽ തൊഴിലുകൾ ഇല്ലാതായത്. കൈത്തറി- ഖാദി ബോർഡിനെ ഇല്ലാതാക്കിയ സമീപകാലത്തെ കേന്ദ്രസർക്കാർ തീരുമാനം ടെക്സ്റ്റൈൽസ് മേഖലയെ കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. തുകൽ വ്യാപാരമേഖലയിൽ 22.5 ശതമാനവും ഓട്ടോമൊബൈൽ രംഗത്ത് 21 ശതമാനവും തൊഴിൽ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

സാമ്പത്തിക പ്രതിസന്ധികൾ ലോകമാകെ തന്നെ പെട്ടുഴലുമ്പോൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തിയിരുന്നത് ഇവിടത്തെ പൊതുമേഖലയായിരുന്നു. 2007-–-08 കാലത്തെ ആഗോള പ്രതിസന്ധിയെ നമ്മുടെ രാജ്യം വലിയ പരിക്കില്ലാതെ അതിജീവിച്ചത്‌ പൊതുമേഖലയുടെ പിൻബലത്തിൽ മാത്രമാണ് . എന്നാൽ, ആ പൊതുമേഖലയെ സമ്പൂർണമായും വിറ്റുതുലയ്ക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ഓഹരി വിറ്റഴിക്കലും നിയമന നിരോധനവും ഇന്ത്യയിൽ പൊതുമേഖലയുടെ നട്ടെല്ലൊടിക്കുകയാണ്. ജീവിക്കാനൊരു തൊഴിലില്ലാതെ അലയുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ യുവജനങ്ങൾക്ക് ഉപരിപ്ലവമായ പരിഷ്കരണങ്ങൾ അല്ല, തൊഴിലാണ് വേണ്ടത്.

(ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top