21 October Wednesday

ദേശീയ വിദ്യാഭ്യാസനയം മതനിരപേക്ഷതയ്‌ക്കെതിരായ യുദ്ധം - ഡോ. വി ശിവദാസൻ എഴുതുന്നു

ഡോ. വി ശിവദാസൻUpdated: Saturday Aug 22, 2020

വർഗീയതയും തീവ്രദേശീയതയും കുട്ടികളിൽ കുത്തിവയ്‌ക്കാനുള്ള ഉപാധിയാണ് ദേശീയവിദ്യാഭ്യാസ നയം 2020. ജനതയെ ഭിന്നിപ്പിക്കാനായി കോളനിഭരണാധികാരികൾ ലോകത്തെല്ലായിടത്തും അത് പ്രയോഗിച്ചിട്ടുണ്ട്. ബ്രിട്ടീഷിന്ത്യയിലും കാണാൻ കഴിയും. ബ്രിട്ടനാൽ ഭരിക്കപ്പെടുന്ന ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാനായിരുന്നു അവർ പഠിപ്പിച്ചത്. എന്നാൽ സ്വാതന്ത്ര്യസമര സേനാനികൾ അഭിമാനിക്കുകയല്ല, വേദനിക്കുകയാണ് ചെയ്തത്. ചൂഷണം ചെയ്യപ്പെടുന്ന ജനതയും ചൂഷകരാൽ അടിച്ചമർത്തപ്പെടുന്ന ഒരു രാജ്യവും അഭിമാനിക്കത്തക്കതല്ലെന്ന്  ഭഗത് സിങും ചന്ദ്രശേഖർ ആസാദും പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയെകുറിച്ചുള്ള അഭിമാനമെന്നത് സ്വതന്ത്രസമര പോരാളികളുടെ കാഴ്‌ചപ്പാടുമായി ചേർത്തുവച്ചുമാത്രമാണ് നമുക്ക് കാണാനാകുക. അത് മറ്റേതെങ്കിലും രാജ്യത്തോടും ജനതയോടുമുള്ള വിദ്വേഷമായിരുന്നില്ല.

ചൂഷകർക്കെതിരായ ചൂഷിതരുടെ വിമോചന സ്വപ്നവും മുദ്രാവാക്യവുമാണ്. ആ കൂട്ടായബോധത്താൽ തീർക്കപ്പെട്ട കണ്ണികളിലൂടെയാണ് ഇന്ത്യയെന്ന പദവും രാജ്യവും ജനിക്കുന്നത്. അതിനെ വിസ്മരിച്ചുകൊണ്ട് ഭരണാധികാരികൾക്കുള്ള സ്തുതി ഗീതമായി വിദ്യാഭ്യാസത്തെ മാറ്റിതീർക്കുകയാണ് ദേശീയ വിദ്യാഭ്യാസനയം ചെയ്യുന്നത്.  ഇന്ത്യക്കാരാനായതിൽ അഭിമാനിക്കുകയെന്നാൽ ഭരണാധികാരികൾക്ക് വിനീതവിധേയരാകുകയല്ല, നെറികേടുകൾക്കെതിരെ നിരന്തരം പൊരുതുകയാണ്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മതനിരപേക്ഷതയെന്ന ആശയത്തെ പരിപൂർണമായി നിരാകരിച്ച ആദ്യത്തെ വിദ്യാഭ്യാസ നയരേഖയാണിത്. നയത്തിലും അതിന്റെ കരടിലും കാണാതിരുന്ന പദമാണ് മതനിരപേക്ഷതയെന്നത്. ഭരണഘടനാ മൂല്യങ്ങളായി പരിസര ശുചിത്വമുൾപ്പെടെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മതനിരപേക്ഷതയെന്ന പദം ഒഴിവാക്കിയിരിക്കുന്നു. അതിനുകാരണം കസ്തൂരിരംഗന്റെ അറിവില്ലായ്മയല്ല, ആർഎസ്എസ് രാഷ്ട്രീയത്തിന്റെ സ്വാധീനമാണ്. ഭരണഘടനയുടെ ആമുഖത്തിൽ രേഖപ്പെടുത്തിയ ജനാധിപത്യ ഇന്ത്യയുടെ അടിത്തറയെയാണ് വെട്ടിമാറ്റിയിരിക്കുന്നത്. മതനിരപേക്ഷതയില്ലെങ്കിൽ ജനാധിപത്യം അർഥശൂന്യമാകും. ഇന്ത്യ ജനാധിപത്യരാജ്യമായി നിലനിൽക്കുന്നത് അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്താലാണ്. മതനിരപേക്ഷമല്ലാത്ത ഒരു രാജ്യത്തിന് ജനാധിപത്യ രാജ്യമായി നിലനിൽക്കാനാകില്ല.


 

ഇന്ത്യയിൽ മതങ്ങളും അവയ്ക്ക് നിരവധി അവാന്തര വിഭാഗങ്ങളുമുണ്ട്. അവയെല്ലാം തമ്മിലുള്ള സൗഹാർദപൂർവ്വമായ പാരസ്പര്യം ഒഴിച്ചുകൂടാനാകാത്തതാണ്. മതവിശ്വാസികളും മതവിശ്വാസികളല്ലാത്തവരുമെല്ലാം തമ്മിൽ സ്നേഹപൂർവമായൊരു കൊടുക്കൽ വാങ്ങൽ തീർച്ചയായും നിലനിർത്തപ്പെടണം.  എന്നാൽ അത്തരത്തിലുള്ളതല്ല നിർദ്ദേശങ്ങൾ. ഹിന്ദുത്വ ഫാസിസത്തിന്റെ തലച്ചോറാണ് ദേശീയ വിദ്യാഭ്യാസനയത്തെ നിർമിച്ചിരിക്കുന്നത്. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ മുഖ്യമായും രണ്ട് തരത്തിലാണ് വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്‌. ഒന്നാമതായി വിദ്യാഭ്യാസപ്രചാരണ പ്രവർത്തനമെന്ന മറവിൽ സർക്കാരിതര സംഘടനകൾ വഴി, രണ്ടാമതായി സർക്കാർ സംവിധാനങ്ങൾ ഉയോഗപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ. അതിന് രണ്ടിനും പറ്റിയ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് ഈ നയത്തിന്റെ ലക്ഷ്യം.

മതസ്ഥാപനങ്ങളുടെ മറവിൽ
നിലവിൽ വിവിധ മതസംഘടനകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ മതസ്ഥാപനങ്ങളെ സ്കൂളുകളായി പരിഗണിക്കുന്നില്ല. അവർക്കാർക്കും സെക്കൻഡറി സ്കൂൾ ബോർഡ് പരീക്ഷകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും അവകാശമില്ല. എന്നാൽ ഈ നയപ്രകാരം മതസ്ഥാപനങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ മാത്രമല്ല ബോർഡ് പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ നൽകാനും കഴിയും. അതിനർഥം പത്താംതരത്തിലേയും പന്ത്രണ്ടാതരത്തിലെയും പരീക്ഷാ സർട്ടിഫിക്കറ്റുകൾ അത്തരം സ്ഥാപനങ്ങൾക്ക് നൽകാനാകും. നിലവിലുള്ള സ്കൂളുകളെയും അധ്യാപകരെയും നോക്കുകുത്തികളാക്കി മതപാഠശാലകൾക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുന്ന സംവിധാനം വിപൽക്കരമായിരിക്കും. അധ്യാപക പരിശീലനം കഴിഞ്ഞവർക്ക് സർക്കാർ സ്കൂളിൽ അധ്യാപക ജോലി ലഭിക്കാതാകും. അവർ നാമമാത്രവേതനത്തിന് മതപാഠശാലകളിൽ പ്രവർത്തിക്കേണ്ടിവരും.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന പേരിൽ നടന്നു കൊണ്ടിരിക്കുന്ന തട്ടിപ്പുകൾ റിപ്പോർട്ടിൽ വിവരിക്കുന്നുണ്ട്. അത്‌ അവസാനിപ്പിക്കപ്പെണമെന്നതിൽ കമീഷനിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. മദ്രസാവിദ്യാഭ്യാസ ക്രമത്തെക്കുറിച്ച് കമീഷനുമായി ബന്ധപ്പെട്ടവർ പലരും പരസ്യമായി അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. ആർഎസ്എസിന്റെ നിലപാട് എത്രമാത്രം ന്യൂനപക്ഷ വിരുദ്ധമാണെന്ന് വിവരിക്കേണ്ടതില്ല. കമീഷൻ പറയുന്നത് രാജ്യത്ത് പാഠശാലകൾ, ഗുരുകുലങ്ങൾ തുടങ്ങി വിവിധ മതപാഠശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയ്ക്കെല്ലാം ബോർഡ് സർട്ടിഫിക്കറ്റുകൾ നൽകാൻ അധികാരമുണ്ടെന്നുമാണ്. അതാകട്ടെ വിദ്യാഭ്യാസത്തിന്റെയും സർട്ടിഫിക്കറ്റുകളുടേയും മൂല്യച്യുതിക്കും കാരണമാകും.

ഇന്നത്തെ സമൂഹത്തിൽ കുട്ടികൾക്ക് വ്യത്യസ്തമായ മതവീക്ഷണവും സാമൂഹ്യ വീക്ഷണവും പുലർത്തുന്നവരുമായുള്ള ബന്ധം ഒഴിച്ചുകൂടാനാകാത്തതാണ്. അല്ലെങ്കിൽ വികലധാരണകളുമായാണ് കുട്ടികൾ വളരുക

ഇത്തരം സ്ഥാപനങ്ങൾ തയ്യാറാക്കുന്ന കരിക്കുലവും പാഠപുസ്തകവുമാണ് മറ്റൊരു വിഷയം. അത് എങ്ങനെയുള്ള തലമുറയെയായിരിക്കും രൂപപ്പെടുത്തുകയെന്നത് ഗൗരവപ്പെട്ട വിഷയമാണ്. ഇന്നത്തെ സമൂഹത്തിൽ കുട്ടികൾക്ക് വ്യത്യസ്തമായ മതവീക്ഷണവും സാമൂഹ്യ വീക്ഷണവും പുലർത്തുന്നവരുമായുള്ള ബന്ധം ഒഴിച്ചുകൂടാനാകാത്തതാണ്. അല്ലെങ്കിൽ വികലധാരണകളുമായാണ് കുട്ടികൾ വളരുക, അങ്ങനെ രൂപപ്പെടുന്ന ചിന്തകൾ മതനിരപേക്ഷരാജ്യത്തിന്റെ അടിത്തറയെ തകർക്കാനാണിടയാക്കുക. 

മതപാഠശാലകൾക്ക് സ്കൂൾ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം കിട്ടുന്നതോടുകൂടി തങ്ങളുടെ മദ്രസകൾക്കും ഞായറാഴ്‌ച പള്ളിക്കൂടങ്ങൾക്കും സർട്ടിഫിക്കറ്റുകൾ കൊടുക്കാനുള്ള അവകാശം കിട്ടുമെന്ന് ചിലർ വിചാരിക്കുന്നുണ്ട്. അത്തരത്തിലുള്ളവർ നയത്തിനെതിരെ സംസാരിക്കാൻ മടിക്കുകയാണ്. അവർ ചരിത്രത്തിൽ നിന്നും പാഠം പഠിക്കാത്തവരാണ്. ഫാസിസ്റ്റ് രാഷ്ട്രീയമെന്തെന്ന് മനസിലാക്കാൻ ശേഷിയില്ലാത്തവരാണവർ. ബി ജെപി കേന്ദ്രഭരണത്തിലിരിക്കെ ആർഎസ്‌എസ് ആയിരിക്കും മതസ്ഥാപനങ്ങളേതെന്ന് നിർവചിക്കുക. അതുവഴി അവരുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾക്കായിരിക്കും അംഗീകാരവും പദവിയും ലഭിക്കുക. ന്യൂനപക്ഷ അവകാശങ്ങൾ ഈ നിയമം പരിഗണിക്കുന്നില്ലെന്നതുകൂടി അതിനൊപ്പം വായിക്കേണ്ടതാണ്. ആർഎസ്എസിന്റെ ഹിന്ദുത്വ ആശയവ്യാപനം മാത്രമാണ് അതിലൂടെയുണ്ടാകുക.

മതസ്ഥാപനങ്ങൾക്ക് സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള അധികാരം നിലവിലുള്ള സ്കൂളുകൾ വ്യാപകമായി അടച്ചുപൂട്ടുന്നതിനിടയാക്കും. അതിനൊപ്പം സ്കൂളുകളിലെ അധ്യാപകർ ജീവനക്കാർ എന്നിവരെ തെരുവിലേക്കെറിയും. മതങ്ങളുടേയും മതസ്ഥാപനങ്ങളുടെയും വീക്ഷണത്തിനെതിരായ പോരാട്ടത്തിലൂടെയാണ് ലോകത്ത് ശാസ്ത്രീയ വിദ്യാഭ്യാസ ക്രമം രൂപപ്പെട്ടത്. വിദ്യാഭ്യാസം മതസ്ഥാപനങ്ങൾക്ക് കീഴിലായിരുന്ന കാലഘട്ടം ലോകചരിത്രത്തിന്റെ ഭാഗമാണ്. അന്ന് നവോത്ഥാന ചിന്തകളുയർത്തിയവർ ഇന്ന് ചരിത്രത്തിലെ അഭിമാന സ്തംഭങ്ങളാണ്.

സാമൂഹ്യനീതി അവഗണിക്കപ്പെടുന്നു
ഇന്ത്യയുടെ സവിശേഷമായ സാമൂഹ്യ സാഹചര്യത്തിന്റെ ഉൽപ്പന്നമാണ് നിലനിൽക്കുന്ന സംവരണ സമ്പ്രദായം. അതിന് ചരിത്രപരമായ പലകാരണങ്ങളുണ്ട്. ജാതിബന്ധിതമായ വിദ്യാഭ്യാസ ക്രമത്തിൽ അറിവ് നിഷേധിക്കപ്പെട്ട വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ടായിരുന്നു. അവരായിരുന്നു ബഹുജനങ്ങൾ. ജാതി മേധാവിത്വത്തിന്റെ അടിച്ചമർത്തലിൽ നിന്നും ബഹുജനങ്ങൾക്ക് മോചനം നേടാൻ ഒരുപരിധിവരെയെങ്കിലും സാധിച്ചത് അവർ നടത്തിയ സമരങ്ങളിലൂടെയായിരുന്നു. ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയ ശക്തികൾ തുടക്കം മുതൽ മനുസ്മൃതി ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളെയാണ് ഉയർത്തിപ്പിടിക്കുന്നത്. ആർ എസ്എസ് ആദിവാസി ജനവിഭാഗത്തെ ആദ്യനിവാസികളായി  കാണുന്നില്ല. ബ്രാഹ്മണിക്ക് ഭൂതകാലത്തെ പുകഴ്ത്തിപ്പാടുന്ന ദേശീയ വിദ്യാഭ്യാസ നയം ആദിവാസി–-ദളിത് ജനവിഭാഗം അനുഭവിക്കേണ്ടി വന്ന ജാതിമേധാവിത്വ ചൂഷണത്തെക്കുറിച്ച് പരാമർശിക്കുന്നില്ല. അവർ വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നണിയിലായതിന്റെ കാരണങ്ങൾ വിശദീകരിക്കുന്നില്ല. സംവരണത്തെ തന്ത്രപൂർവം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. സംവരണവിരുദ്ധ അഭിപ്രായ രൂപീകരണം ശക്തിപ്പെടുത്താൻ നീണ്ടകാലമായി ആർ എസ് എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ–-സാമ്പത്തിക സംവരണം ഇല്ലാതാക്കുന്നത് പിന്നണിയിൽക്കിടക്കുന്ന ജനതയ്‌ക്ക് വിദ്യാഭ്യാസം നിഷേധിക്കലായി മാറും.

വിദ്യാഭ്യാസത്തിന്റെ സിദ്ധാന്ത രൂപീകരണത്തിൽ സാമൂഹ്യമായും സാമ്പത്തികമായും പിന്നണിയിലുള്ള മഹാഭൂരിപക്ഷത്തെ അകറ്റുകയെന്നത് ഭരണ വർഗത്തിന്റെ ആവശ്യമാണ്. ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസമെന്നപേരിൽ കേവലതൊഴിൽ പരിശീലനം മാത്രമാണ് നൽകുക. വിദ്യാഭ്യാസവും പരിശീലനവും ഒന്നുതന്നെയാണെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്നാൽ വിവരവും വിജ്ഞാനവും എന്നതുപോലെ  അവതമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 വിദ്യാഭ്യാസ മേഖലയിൽ ബ്രാഹ്മണിക്‌ ആശയവും കോർപ്പറേറ്റ് മേധാവിത്വവുമാണ് മുമ്പോട്ടുവയ്ക്കുന്നത്. അത് സമ്പൂർണ്ണമായ വാണിജ്യവൽക്കരണ നയത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. വർഗീയ വൽക്കരണമെന്ന ആർഎസ്എസ് അജൻഡയാണതിനെ നയിക്കുന്നത്. അതു നടപ്പിലാക്കുന്നതിനാണ് ഫെഡറൽസ്വഭാവത്തെയും പൊതുവിദ്യാലയങ്ങളേയും തകർക്കാനുള്ള ശ്രമം നടത്തുന്നത്. വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കുള്ള പരിമിതമായ അവകാശ അധികാരങ്ങളും ഇല്ലാതാക്കി സമ്പൂർണ അധികാരകേന്ദ്രീകരണമാണ് അവർ ഉദ്ദേശിക്കുന്നത്. മേധാവിത്വം വഹിക്കുന്ന വർഗത്തിന്റെ  താൽപ്പര്യസംരക്ഷണത്തിനുള്ള ഉപാധിയാണ് വിദ്യാഭ്യാസമെന്ന മാർക്സിന്റെ നിർവചനം ഇപ്പോൾ കൂടുതൽ പ്രസക്തമാകുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top