21 October Thursday

ഇത്‌ പുതിയ തന്ത്രം

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Wednesday Sep 1, 2021

ഖജനാവിലെ വരുമാനം പണമുള്ളവർക്ക് തന്നെ വീതിച്ചുകൊടുക്കുക. അവർക്കുതന്നെ സർക്കാർ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ഒറ്റിയായി നൽകി, അവരിൽനിന്ന്‌ വായ്പ വാങ്ങുക.  എന്തൊരു വൈരുധ്യമാണിത്.  പക്ഷേ കൃത്യമായും അതാണ് നിർമല സീതാരാമന്റെ നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ(എംഎംപി). ഇതൊരു പുതിയ തന്ത്രമാണ്. ഇതിന്‌ രണ്ട് ഫലമുണ്ട്‌. സർക്കാരിന് പണം, പണക്കാർക്ക് രാജ്യത്തിന്റെ വിലപ്പെട്ട സമ്പത്ത്.  ചരിത്രത്തിൽ ജന്മി തന്നെ ഭൂവുടമയും ഹുണ്ടിക വ്യാപാരിയുമായി വർത്തിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിലേക്ക്‌ തിരിച്ചു നടത്തുകയാണ് ധനമന്ത്രി. ജന്മിയുടെ  സ്ഥാനം മുതലാളി ഏറ്റെടുത്തു. വീടിന്റെയും പുരയിടത്തിന്റെയും മേൽ വായ്പ നൽകി അവസാനം രണ്ടും ജന്മിയുടെ ഉടമസ്ഥതയിലാകുന്ന ചരിത്രം ആവർത്തിക്കുകയാണ്. 

1991 മുതൽ പൊതുമേഖലാസ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിന് പല മാർഗങ്ങളും കൈക്കൊണ്ടിട്ടുണ്ട്. ഉദ്ദേശിച്ച വരുമാനമൊന്നും വിൽപ്പനയിലൂടെ ലഭിച്ചില്ല. ഏറ്റവും അവസാനം പയറ്റിയതാണ്‌ തന്ത്രപരമായ വിൽപ്പന. 51 ശതമാനമോ അതിൽ കൂടുതലോ ഓഹരികൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുക.  അതോടൊപ്പം ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും കൈമാറും. അതും വേണ്ടത്ര ക്ലച്ച്‌ പിടിച്ചില്ല. അതുകൊണ്ടാണ് ഒറ്റിമാർഗം സ്വീകരിച്ചത്.

മേൽപറഞ്ഞത് മാത്രമല്ല പശ്ചാത്തലം. സർക്കാരിന്റെ നികുതിവരുമാനം ഇടിയുകയാണ്. 2020–--21ൽ ബജറ്റ്‌ പ്രതീക്ഷിച്ചതിനേക്കാൾ കോർപറേറ്റ് നികുതി വരുമാനം 34.5 ശതമാനം ഇടിഞ്ഞു.  ആദായ നികുതി വരുമാനത്തിൽ 28 ശതമാനവും ചരക്ക് സേവന നികുതിയിൽ 25.4 ശതമാനവും ഇടിവുണ്ടായി. അതിന് പരിഹാരം കാണുകയല്ല ബജറ്റ്‌ ചെയ്തത്. മറിച്ച് കോർപറേറ്റ് നികുതി നിരക്ക് ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത നിരക്കിലേക്ക് വെട്ടിക്കുറച്ചു.  പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കൻ സന്ദർശനത്തിന് കേവലം 40 മണിക്കൂർ അവശേഷിക്കുമ്പോഴായിരുന്നു ആ സമ്മാനം.  നികുതി നിരക്ക്‌ 30 ൽനിന്ന് 22 ശതമാനമാക്കി.  പുതിയ കമ്പനികളുടെ നികുതി നിരക്ക് 25ൽ നിന്ന് 15 ശതമാനത്തിലേക്ക് താഴ്‌ത്തി.  അതിന്റെ ഫലമായി ഖജനാവിന് 1.45 ലക്ഷം കോടി രൂപ നഷ്ടമായി. കൂനിൻമേൽ കുരു എന്ന പോലെയായി നികുതി പരിഷ്‌കാരം. 34.6 ശതമാനമായിരുന്നു നികുതി നിരക്ക്. അതാണ് 22  ശതമാനമാക്കിയത്‌.  മറ്റു രാജ്യങ്ങളുടെ നികുതി നിരക്കുമായി താരതമ്യം പ്രസക്തമല്ല. ഓരോ രാജ്യത്തെയും സാമ്പത്തികസ്ഥിതിയും വികസന ആവശ്യങ്ങളും കണക്കിലെടുത്തുവേണം നികുതിനിരക്ക് നിർണയിക്കാൻ.  എന്തായാലും രാജ്യത്തെ വൻകിട മുതലാളികൾ ഉയർന്ന നിരക്ക് നൽകാൻ പ്രാപ്തരാണ്.


 

2021-–-22 ലെ ബജറ്റ് പ്രസംഗത്തിലാണ് പൊതു മേഖലയോടുള്ള പുതിയ നയം വെളിവാക്കിയത്.  വിശദാംശങ്ങൾ തയ്യാറാക്കാൻ നിതി ആയോഗിനെ ചുമതലപ്പെടുത്തി. നിർദേശങ്ങൾ രണ്ടുഭാഗമായി ( മോണിറ്റൈസേഷൻ ഗൈഡ്‌ ബുക്ക്‌, മോണിറ്റൈസേഷൻ മോഡൽസ്‌) പൊതുമണ്ഡലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. അവയിൽ എൻഎംപിയെ ഇങ്ങനെ നിർവചിക്കുന്നു.‘‘സർക്കാരിന്റെയോ  പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സ്വത്തുവകകൾ നിശ്ചിത കാലാവധിക്ക്‌ ലൈസൻസ് മുഖേനയോ ഒറ്റിക്കോ പ്രതിഫലം സ്വീകരിച്ച്‌ കൈമാറുന്ന രീതിക്കാണ്‌ എൻഎംപി എന്നു പറയുന്നത്’’ നിശ്ചിതകാലത്തേക്കാണെന്ന്‌  പറഞ്ഞ്‌  അതിൽ തൂങ്ങിയാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയല്ല; സർക്കാരിനു തന്നെ തിരിച്ചു കിട്ടും എന്ന് ധനമന്ത്രി വ്യാഖ്യാനിക്കുന്നത്. ഒരു ഉദാഹരണം എടുത്താൽ 1,60,200 കോടി രൂപ നൽകിയാണ് സ്വകാര്യമേഖല റോഡുകൾ ഏറ്റെടുക്കുന്നത്. അവർ റോഡ് സംരക്ഷണത്തിന് കുറേ തുക ചെലവിടാം.  25-–-30 വർഷം കഴിഞ്ഞ്‌ റോഡ് തിരിച്ച് ഏൽപ്പിക്കുമ്പോൾ വലിയൊരു സംഖ്യ ആവശ്യപ്പെടും. അപ്പോൾ നേരത്തേതിനേക്കാൾ കൂടിയ തുകയ്‌ക്കായിരിക്കും ലേലം. ബാങ്കു വായ്‌പകൾ പുതുക്കിവയ്‌ക്കുമ്പോൾ കൂടിയ തുകയ്‌ക്കു വയ്‌ക്കുന്നതു പോലെ. ഒറ്റ വഴിയേയുള്ളൂ റോഡ് വീണ്ടും ലേലം ചെയ്യുക. ചുരുക്കത്തിൽ റോഡും പാലങ്ങളും സ്വകാര്യമേഖലയുടെ ഉടമസ്ഥതയിലാകും.  ധനമന്ത്രിയുടെ ദീർഘവീക്ഷണം അപാരം തന്നെ. റോഡിൽനിന്ന് എങ്ങനെയാണ് സ്വകാര്യമേഖല വരുമാനം ഉണ്ടാക്കുക. റോഡിനും പാലത്തിനും ടോൾ ആകാമല്ലോ എന്ന് നിതി ആയോഗ്‌ രേഖ സിദ്ധാന്തിക്കുന്നു.

ഉപയോഗിക്കുന്നവർ ഫീസ് നൽകണം എന്നാണ് സ്വകാര്യമേഖലയുടെ ന്യായം. ചരക്കു കടത്തിനും യാത്രയ്‌ക്കുമാണ്‌ റെയിൽവേ.  1, 52, 496 കോടി രൂപ കൈപ്പറ്റി ട്രെയിനുകളും ട്രാക്കുകളും കൈമാറുന്നതോടെ അതിൽനിന്ന് വരുമാനമുണ്ടാക്കാൻ യാത്രക്കൂലി, കടത്തുകൂലി എന്നിവ വർധിപ്പിക്കാൻ റെയിൽവേ ലേലം വിളിച്ച് എടുത്തവർ തീരുമാനിക്കും.  നിരക്ക് നിർണയത്തിൽ സർക്കാരിന്റെ നിയന്ത്രണമല്ല,  മേൽനോട്ടമാണുണ്ടാവുക. വിലപേശലിലൂടെയും സമ്മർദങ്ങളിലൂടെയും തങ്ങൾക്ക് അനുകൂലമാക്കാൻ സ്വകാര്യമേഖലയ്ക്ക് പ്രയാസമുണ്ടാകില്ല. വൈദ്യുതി ഉൽപ്പാദനവും വിതരണവും 85, 032 കോടി രൂപയ്ക്കാണ് കൈമാറുന്നത്. അതോടെ വീടുകൾക്കും കച്ചവട, വ്യവസായ സ്ഥാപനങ്ങൾക്കുമുള്ള നിരക്ക് സ്വകാര്യമേഖല തീരുമാനിക്കും. കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പ്‌ ചെലവ്‌ കൂടും.  റോഡുകൾ, റെയിൽവേ, വൈദ്യുതി എന്നീ മൂന്നു മേഖലയുടെയും കൈമാറ്റത്തിലൂടെ എൻഎംപി  വരുമാനത്തിന്റെ  66 ശതമാനം ആയി.  മൊത്തം ആറ് ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നാല് കൊല്ലംകൊണ്ട് സമാഹരണം പൂർത്തിയാക്കും. റെയിൽവേയുടെ ഭൂമി സ്വകാര്യ മേഖലയ്‌ക്ക് വിട്ടു നൽകില്ല, റെയിൽവേ ലൈനുകളും ട്രെയിനുകളുമേ വിട്ടുനൽകൂ എന്ന്‌ ധനമന്ത്രി വിശദീകരിച്ചിട്ടുണ്ട്. പണപ്പെട്ടി പോയെങ്കിൽ പോകട്ടെ താക്കോൽ കൈവശമുണ്ടല്ലോ എന്ന ന്യായം.

ലേലത്തിന് വച്ചിട്ടുള്ള മേഖലകൾ ഓരോന്നും വിശദമായി വിശകലനം ചെയ്യേണ്ടതുണ്ട്‌.  ടെലികോം, ഖനനം, വ്യോമഗതാഗതം, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ. പെട്രോളിയം–- പ്രകൃതി വാതക പൈപ്പ് ലൈനുകൾ എല്ലാം ജനജീവിതവുമായി അത്രമേൽ ഇഴപിരിക്കാനാകാത്ത ബന്ധമുറപ്പിച്ചവയാണ്‌. സർക്കാരിന്റെ  ഓഹരി മൂലധനവും വായ്പയും ഉപയോഗിച്ച് വളർത്തിയെടുത്തവയാണ്‌. സർക്കാരിന്റെ പണം എന്നാൽ ജനങ്ങൾ നൽകിയ പണം. അതാണ് സ്വകാര്യമേഖലയ്ക്ക് പണയം വയ്‌ക്കുന്നത്‌. പൊതുമേഖല ഇല്ലാത്ത, സ്വകാര്യമേഖല മാത്രമുള്ള ഒരു വിചിത്രലോകമാണ്‌ നിർമല സീതാരാമന്റെ ഭാവനയിലുള്ളത്‌.  2021 ബജറ്റ് അതിന്റെ സൂചന നൽകിയതാണ്‌. എന്നാൽ ഇപ്പോഴത്തെ തന്ത്രപരമായ നീക്കം അത്ഭുതപ്പെടുത്തുന്നതാണ്. നിരാശപ്പെടുത്തുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top