16 July Tuesday

നിഷേധിക്കപ്പെടുന്ന സംഘടനാ സ്വാതന്ത്ര്യം - പി കരുണാകരൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

 

രാജ്യത്തെ എല്ലാ എതിർ ശബ്ദങ്ങളെയും ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ ഫാസിസ്റ്റ് രീതി അടിയന്തരാവസ്ഥയുടെ നാളുകളെ ഓർമിപ്പിക്കുന്നതാണ്‌. മനുഷ്യാവകാശ പ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും പത്രപ്രവർത്തകരുടെയും മാത്രമല്ല, ഇപ്പോൾ തൊഴിലാളികളുടെയും ജീവനക്കാരുടെയും വായ്‌ മൂടിക്കെട്ടാനുള്ള പരിശ്രമം ഒരു മറയുമില്ലാതെ തുടരുകയാണ്‌.

ഭൂരിപക്ഷം തപാൽ ജീവനക്കാരും അണിചേർന്ന സംഘടനയായ നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ് പിഇ)യുടെ അംഗീകാരം പിൻവലിച്ചതിന്റെ പ്രത്യാഘാതം ദുരവ്യാപകമാണ്‌. ചരിത്രം സൃഷ്ടിച്ച ഐതിഹാസികമായ കർഷകസമരത്തെ പിന്തുണച്ചത് രാഷ്ട്രീയപ്രവർത്തനമാണെന്നും നിയമവിരുദ്ധമാണെന്നുമാണ്‌ കേന്ദ്ര സർക്കാരിന്റെ വാദം. എൻഎഫ്പിഇയുടെ ഘടക സംഘടനയായ ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയൻ കർഷക സംഘടനകൾക്ക് 30,000 രൂപ സംഭാവന നൽകിയതും എ കെ ജി ഭവനിലെ പുസ്തകശാലയിൽനിന്ന്‌ 4935 രൂപയുടെ പുസ്തകം വാങ്ങിയതുമാണ് അംഗീകാരം പിൻവലിക്കാനുള്ള കാരണമായി പറഞ്ഞിരിക്കുന്നത്. എൻഎഫ്പിഇ, സിഐടിയുവിന് സംഭാവന നൽകിയെന്ന വാദവും വിചിത്രമാണ്. വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയന് (WFTU) കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ്‌ വർക്കേഴ്സ് മുഖാന്തരം നൽകിയ അഫിലിയേഷൻ ഫീസാണ്‌ സംഭാവനയായി ചിത്രീകരിച്ച് അംഗീകാരം പിൻവലിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുസ്തകം വാങ്ങിക്കുന്നതും കർഷക സംഘടനകളെ സഹായിക്കുന്നതും രാഷ്ട്രീയപ്രവർത്തനമാണെന്നാണ് വാദം. രാജ്യത്ത് പ്രകൃതിക്ഷോഭമുണ്ടായപ്പോഴും കോവിഡ്മൂലം ജനങ്ങൾ കഷ്ടപ്പെട്ടപ്പോഴും വിവിധ സംസ്ഥാനങ്ങളിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നിരവധി തവണ എൻഎഫ്പിഇ സാമ്പത്തികസഹായം നൽകി. കേന്ദ്ര–-- സംസ്ഥാന സർക്കാരുകളുടെ അഭ്യർഥനപ്രകാരവും ദുരന്തഘട്ടങ്ങളിൽ സാമ്പത്തികസഹായം നൽകാൻ സംഘടന തയ്യാറായിട്ടുണ്ട്‌.  എന്നാൽ ഇതൊക്കെ കാണാനോ,  അംഗീകാരം പിൻവിച്ചത്‌ എന്തിനെന്ന ചോദ്യത്തിന്‌   ഉത്തരം പറയാനോ  ധാർമികതയും ജനാധിപത്യബോധവുമില്ലാത്തവരാണല്ലോ കേന്ദ്രം ഭരിക്കുന്നത്.

തപാൽ വകുപ്പിന്റെ കോർപറേറ്റ് വൽക്കരണത്തിനെതിരെ ജാഗ്രതയോടെ നിലകൊള്ളുകയും നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തുവരുന്നതുമായ സംഘടനയാണ്‌ എൻഎഫ്പിഇ.17 ലക്ഷം കോടി രൂപയുടെ ധന-സേവന ഇടപാടുകൾ നടത്തുന്ന തപാൽ വകുപ്പിന്റ ദൈനംദിന പ്രവർത്തനങ്ങൾ കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് അടിയറവയ്‌ക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഗൂഢാലോചനകളെ എതിർക്കുകയും കഴിഞ്ഞ ആഗസ്‌ത്‌ 10ന് നടത്തിയ ദേശീയ പണിമുടക്കം ഉൾപ്പെടെ ഒട്ടനവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്‌ കേട്ടുകേൾവിയില്ലാത്ത പ്രതികാര നടപടി എടുത്തിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ 1993ലെ അംഗീകാരനിയമപ്രകാരം നടത്തിയ ഹിതപരിശോധനയിൽ എൻഎഫ്പിഇയും ഓൾ ഇന്ത്യ പോസ്റ്റൽ എംപ്ലോയീസ് യൂണിയനും ഒന്നാമത്തെ സംഘടനയായി തപാൽ വകുപ്പ്തന്നെ അംഗീകരിച്ചതാണ്. ബിഎംഎസിന്റെ സംഘടനയായ ബിപിഇഎഫിന് അഞ്ചു ശതമാനം ജീവനക്കാരുടെ പിന്തുണമാത്രം ലഭിച്ചതുകൊണ്ട് അംഗീകാരം ലഭിച്ചില്ല. ഐഎൻടിയുസി സംഘടനയായ എഫ്എൻപിഒയ്‌ക്ക്‌ 15 ശതമാനം ജീവനക്കാരുടെ പിന്തുണയോടെ രണ്ടാമത്തെ സംഘടനയായി അംഗീകാരം ലഭിച്ചു. ഒന്നാമത്തെ സംഘടനയായ എൻഎഫ്പിഇയുടെ അംഗീകാരം പിൻവലിച്ചാൽ രണ്ടാമത്തെ സംഘടനയുടെ  അംഗീകാരവും ആർഎസ്‌എ നിയമപ്രകാരം റദ്ദാകും. അങ്ങനെ വന്നാൽ തപാൽ വകുപ്പിൽ അംഗീകാരമുള്ള സംഘടനയൊന്നും ഇല്ലാത്ത സ്ഥിതിയാണ് ഉണ്ടാകുക. അഞ്ചു ശതമാനം ജീവനക്കാരുടെമാത്രം പിന്തുണയുള്ള ബിപിഇഎഫ് സംഘടനയ്‌ക്ക് പിൻവാതിലിലൂടെ അംഗീകാരം നൽകുകയും അടുത്ത വർഷം നടക്കാൻ പോകുന്ന ഹിതപരിശോധനയിൽ ജനാധിപത്യവിരുദ്ധമായി അംഗീകാരം നേടിയെടുക്കാമെന്നുമാണു ഇവർ കരുതുന്നത്.

എൻഎഫ്പിഇയുടെ അംഗീകാരം പിൻവലിച്ചതിനു സമാനമായി ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷനടക്കം പല  സംഘടനകളുടെയും അംഗീകാരം കേന്ദ്ര സർക്കാർ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് റദ്ദാക്കിയിരുന്നു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിക്കൊണ്ട് തങ്ങളുടെ കോർപറേറ്റ് അനുകൂല സാമ്പത്തികനയങ്ങളും സംഘപരിവാർ വിഭാവനം ചെയ്യുന്ന വർഗീയധ്രുവീകരണ നയങ്ങളും യഥേഷ്ടം നടപ്പാക്കാമെന്നാണ് ഇവർ കരുതുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് നാല്‌ ലേബർ കോഡാക്കി മാറ്റിയതും കാർഷികമേഖലയിൽ കോർപറേറ്റുകൾക്ക് കടന്നുവരാൻ പാകത്തിൽ മൂന്നു കാർഷിക നിയമം കൊണ്ടുവന്നതും ഇതിന്‌  ഉദാഹരണങ്ങളാണ്‌. പാർലമെന്റിലോ ബന്ധപ്പെട്ട മേഖലയിലോ സംഘടനകളുമായോ ചർച്ച ചെയ്യാതെ തികച്ചും ജനാധിപത്യവിരുദ്ധമായാണ്‌ ബിജെപി സർക്കാർ ഇതൊക്കെയും ചെയ്തുകൊണ്ടിരിക്കുന്നത്. എൻഎഫ്പിഇയുടെ അംഗീകാരം പിൻവലിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്‌. അംഗീകാരം പിൻവലിച്ചും നിരോധനം ഏർപ്പെടുത്തിയും എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കുന്നത് ചരിത്രം മനസ്സിലാക്കാത്തതുകൊണ്ടാണ്‌.

മഹത്തായ കമ്പിത്തപാൽ പ്രസ്ഥാനം ഉടലെടുത്തതും സമരങ്ങൾ നടത്തിയതും വളർന്നു പന്തലിച്ചതും അധികാരികളുടെ ഔദാര്യംകൊണ്ടല്ല, ജീവനക്കാരുടെ ആത്മാർഥമായ പിന്തുണ കൊണ്ടുമാത്രമാണ്‌. 1908ലും 1919ലും 1946ലുമൊക്കെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ആഴ്ചകളോളം നീണ്ടുനിന്ന സമരങ്ങൾ നടത്തി അവകാശങ്ങൾ നേടിയെടുത്തവരാണ്‌. സ്വതന്ത്ര ഇന്ത്യയിൽ 1949ൽ പണിമുടക്കിനെക്കുറിച്ച് ആലോചിക്കാൻ കൂടിയ കൺവൻഷനു മുമ്പെ ആയിരക്കണക്കായ പ്രവർത്തകരെയും നേതാക്കൻമാരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 1960ൽ മിനിമം വേതനത്തിനും ക്ഷാമബത്തയ്‌ക്കും വേണ്ടി പോരാടിയപ്പോൾ പതിനായിരക്കണക്കിന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടും പിരിച്ചുവിട്ടും സംഘടനയുടെ അംഗീകാരം പിൻവലിച്ചിട്ടും ഈ പ്രസ്ഥാനം കരുത്തോടെ തിരിച്ചുവന്നു. 1968ൽ ഒരു ദിവസത്തെ സൂചനാ പണിമുടക്കത്തെ തകർക്കാൻ 19 സഖാക്കളെ വെടിവച്ചും ട്രെയിൻ കയറ്റിയും കെട്ടിടങ്ങളിൽനിന്ന് വലിച്ചിട്ടും കൊലപ്പെടുത്തി. 1974ലെ ബോണസ് സമരത്തിലും തുടർന്ന് രാജ്യത്തെ നവലിബറൽ നയത്തിനെതിരായ എല്ലാ പൊതുപണിമുടക്കിലും അണിചേർന്നതാണ്‌ കമ്പിത്തപാൽ പ്രസ്ഥാനം.

രാജ്യത്തിന് അന്നം നൽകുന്ന കർഷകർക്ക് പിന്തുണ നൽകി, സാമ്പത്തികസഹായം നൽകി എന്നതാണു കുറ്റമെങ്കിൽ ആ കുറ്റം ഇനിയും ഞങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കും. ഏത് സമയത്തും പിൻവലിക്കുന്ന അധികാരിവർഗത്തിന്റെ അംഗീകാരത്തിലല്ല, തൊഴിലാളികളുടെ അംഗീകാരത്തിലാണ്‌ ഈ പ്രസ്ഥാനം നിലകൊള്ളുന്നത്.

തപാൽ മേഖലയിലെ നേരും നെറിയുമുള്ള ഒരേയൊരു സംഘടന എൻഎഫ്പിഇ മാത്രമാണ്‌. സ്ഥാപനത്തിന്റെ നിലനിൽപ്പിനും ജീവനക്കാരുടെ അവകാശസംരക്ഷണത്തിനും വേണ്ടി പൊരുതുന്ന പ്രസ്ഥാനമാണിത്. ഇന്ന് ഇന്ത്യയിലെ, ലോകത്തിലെ തൊഴിലാളി സംഘടനകളാകെ തപാൽ ജീവനക്കാരുടെ കൂടെയുണ്ട്. നിയമവിരുദ്ധമായി പിൻവലിച്ച അംഗീകാരം നേടിയെടുക്കുന്നതിന് രാജ്യത്തെ പുരോഗമനപരമായി ചിന്തിക്കുന്ന സംഘടനകളുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭവുമായി തപാൽ ജീവനക്കാരുടെ പ്രസ്ഥാനം മുന്നോട്ട് പോകും.

( എൻഎഫ് പിഇ സംസ്ഥാന ചെയർമാനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top