23 January Wednesday

വെളിപ്പെടുത്തുന്നതിലേറെ മറച്ചുപിടിക്കുന്ന പ്രധാനമന്ത്രി

സീതാറാം യെച്ചൂരിUpdated: Monday Jan 7, 2019


വാർത്താ ഏജൻസിയായ എഎൻഐക്ക‌് നൽകിയ അഭിമുഖത്തിലൂടെ 2019 പൊതുതെരഞ്ഞെടുപ്പിനുള്ള ആദ്യ വെടി പൊട്ടിച്ചിരിക്കുകയാണ് മോഡി.  2018 ഇന്ത്യക്ക് ഒരു തിളങ്ങും വർഷമായിരുന്നു എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. വാജ്പേയി 2004ൽ തിളങ്ങുന്ന ഇന്ത്യയെക്കുറിച്ച് വീരവാദം മുഴക്കിയതിനുശേഷം നടന്ന തെരഞ്ഞെടുപ്പ് വിധി ഏവർക്കും കാണാവുന്നതാണല്ലോ. പ്രധാനമന്ത്രി മോഡി ചുവരെഴുത്ത് വായിക്കുന്നുണ്ടാകണം.

ഒന്നര മണിക്കൂറിലേറെ നീണ്ടുനിന്ന ഈ അഭിമുഖത്തിൽ, ഒരിക്കൽപോലും മോഡി താൻ 2014ൽ ഇന്ത്യൻ ജനതയ‌്ക്ക് നൽകിയ വാഗ്‌ദാനങ്ങളിൽ ഒന്നു പോലും ഇതുവരെ നടപ്പാക്കാൻ കഴിയാഞ്ഞതെന്തുകൊണ്ട‌് എന്നതിനെപ്പറ്റി മിണ്ടുന്നേയില്ല. ഇതൊരു സത്യാനന്തരകാലത്തെ പ്രചാരണരീതിയാണ്. ഈ പ്രക്രിയയിൽ, വലിയ തോതിലുള്ള തെറ്റായ വിവരങ്ങൾ കുറേശ്ശെയായി വിളമ്പിക്കൊണ്ടിരുന്നു.

പ്രധാനമന്ത്രിയുടെ ഏറ്റവും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമായ ഒരു പ്രതികരണം, കാർഷിക കടം എഴുതിത്തള്ളൽ ഒരു ലോലിപോപ്പ് മിഠായിയാണ് എന്നതാണ്. കടഭാരത്താൽ ഞെരിയുന്ന കർഷകർ നടത്തിയ വ്യാപക സമരങ്ങളിൽനിന്ന് സംജാതമായ ഒരാവശ്യമാണ് വായ്പ എഴുതിത്തള്ളൽ. ഗത്യന്തരമില്ലാതെ ആത്മഹത്യചെയ്യുന്ന കർഷകരുടെ എണ്ണം ഭീതിജനകമാം വിധം പെരുകുകയാണ്. ദൗർഭാഗ്യകരമായ ഇത്തരം മരണങ്ങളിൽനിന്ന്, നമ്മുടെ അന്നദാതാക്കളായ കർഷകരെ രക്ഷിച്ചെടുക്കാൻ ഒറ്റത്തവണ എഴുതിത്തള്ളൽ ഏറെ പ്രയോജനപ്പെടും.

രാജ്യത്തുടനീളമുള്ള കർഷകർ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര പ്രക്ഷോഭങ്ങളുടെ ആവശ്യം, 2014ൽ മോഡി പ്രഖ്യാപിച്ച വാഗ്ദാനം -ഉൽപ്പാദനച്ചെലവിന്റെ ഒന്നരയിരട്ടി വരുന്ന സംഖ്യ മിനിമം താങ്ങുവിലയായി നൽകും എന്നത് - നടപ്പാക്കണം എന്നായിരുന്നു. ഇക്കഴിഞ്ഞ അഞ്ചുവർഷവും ഇതിനായി ഒരു നീക്കവും നടന്നില്ല.

നോട്ട‌് റദ്ദാക്കലും ജിഎസ്‌ടിയും
ഒരു സുനാമിപോലെ ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയെത്തന്നെ തകർത്തെറിഞ്ഞ ഒന്നാണ് നോട്ട‌് റദ്ദാക്കൽ. ഈ അനുഭവത്തെയാകെ നിരാകരിച്ചുകൊണ്ട് അത് ഒരു വൻ വിജയമാണ് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അതുവഴി കള്ളപ്പണമാകെ ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചൊഴുകിയെത്തി എന്ന അത്യത്ഭുതകരമായ ഒരു പ്രസ‌്താവനയാണ‌് അദ്ദേഹം നടത്തിയത്. ഇതിനെക്കാൾ വലിയൊരു കള്ളം പറയാനാകില്ല. പ്രധാനമന്ത്രി ചെയ‌്ത തെന്താണ്? നിയമങ്ങളാകെ കാറ്റിൽ പറത്തി കള്ളപ്പണം കുന്നുകൂട്ടിയവർക്ക് വേണ്ട സഹായമെത്തിച്ച്, കള്ളപ്പണം വെള്ളപ്പണമാക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.

ജിഎസ്ടി നടപ്പാക്കുന്ന കാര്യം പ്രഖ്യാപിക്കാനായി പാർലമെന്റിന്റെ പ്രത്യേക പാതിരാസമ്മേളനം വിളിച്ചുചേർത്ത പ്രധാനമന്ത്രി അവകാശപ്പെട്ടത് , അത് ഇന്ത്യൻ സമ്പദ‌്‌വ്യവസ്ഥയിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും   നികുതി പിരിവ് വർധിക്കുന്നതുവഴി റവന്യൂവിൽ വലിയ കുതിച്ചു ചാട്ടമുണ്ടാക്കാനാകുമെന്നാണ്. റിട്ടേൺ സമർപ്പിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടാകാം, പക്ഷേ നികുതിവരവ് വൻതോതിൽ കുറയുകയാണ് ചെയ‌്തത‌്.

തൊഴിലില്ലായ‌്മ
രാജ്യത്ത് വളർന്നുവരുന്ന തൊഴിലില്ലായ‌്മയെപ്പറ്റി ഒരക്ഷരം ഉരിയാടുന്നില്ല പ്രധാനമന്ത്രി. ഈ പ്രധാനമന്ത്രിതന്നെയാണ്, തന്നെ അധികാരത്തിലേറ്റിയാൽ പ്രതിവർഷം രണ്ടുകോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന‌് യുവജനങ്ങൾക്ക് ഉറപ്പ് നൽകിയത്. അതുപ്രകാരം ഇതിനകം 10 കോടി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം. എന്നാൽ, അതിനുപകരം ലഭിച്ചതോ, വ്യാപകമായ പിരിച്ചുവിടൽ, അനൗപചാരിക സമ്പ‌ദ‌്‌വ്യവസ്ഥയുടെ തകർച്ച, എംഎസ്എംഇ മേഖലയുടെ നാശം, ഇതൊക്കെവഴി തൊഴിലില്ലായ‌്മയിലുണ്ടായ അഭൂതപൂർവമായ കുതിച്ചു ചാട്ടം! കഴിഞ്ഞ 20 വർഷത്തിൽവച്ച് ഏറ്റവും വഷളായ നിലവാരത്തിലാണ് ഇപ്പോൾ തൊഴിലില്ലായ‌്മ എത്തിനിൽക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.

ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിടുന്നത് വിലക്കിയിരിക്കുകയാണിപ്പോൾ. കടുത്ത യാഥാർഥ്യങ്ങളാണ് പുറത്തുവരിക എന്നതുകൊണ്ട്  ലേബർ ബ്യൂറോയുടെ വാർഷിക റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നതങ്ങ് നിർത്തിവച്ചിരിക്കുകയാണ്.
ഇന്ത്യൻ ജനസംഖ്യയിൽ ഭൂരിപക്ഷമാണ് യുവാക്കൾ. കഴിഞ്ഞ അഞ്ചുവർഷത്തിനകം അവരുടെ ഭാവി അരക്ഷിതത്വത്തിലും അനിശ്ചിതത്വത്തിലുമാണ്. ഈ യുവാക്കളാണ് ഇന്ത്യയുടെ ഭാവി പണിതുയർത്തേണ്ടത്. അവരുടെ സാധ്യതകൾ തകർത്തെറിഞ്ഞാൽ, അത് നമ്മുടെ ഭാവിക്ക് തുരങ്കംവയ‌്ക്കലാകും.

ഈ ബിജെപി സർക്കാരിന്റെ കാലത്ത് നടന്ന പൊതുമേഖലാ ബാങ്ക് കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി ഒരു വാക്ക‌് ഉച്ചരിക്കുന്നില്ല. 2014നും 2019നുമിടക്ക്, കോർപറേറ്റുകൾ എടുത്ത വായ്പ നാലിരട്ടിയായിട്ടുണ്ട്. കടം തിരിച്ചടയ‌്ക്കാതെ നാടുവിട്ടവരെയെല്ലാം തിരിച്ചു കൊണ്ടുവരുമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ‌്ദാനം. പക്ഷേ ഇന്നുവരെ ഒരാളും തിരികെ  വന്നില്ല. അവരുടെ ആസ‌്തി കണ്ടുകെട്ടി അവരെടുത്ത ബാങ്ക് വായ‌്പകളിലേക്ക‌് തിരിച്ചടയ‌്ക്കുന്നതിനു പകരം, കോർപറേറ്റ് വായ‌്പകൾ കൃത്യമായി എഴുതിത്തള്ളുകയായിരുന്നു ബിജെപി സർക്കാർ.

റഫേൽ തട്ടിപ്പ്
വിവാദവിഷയമായ റഫേൽ ഇടപാടിനെ ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറയുന്നത്, ആ ഇടപാട് സുപ്രീംകോടതി ശരിവച്ചതാണെന്നാണ്. അതു കൊണ്ടു തന്നെ അതിൽ അഴിമതിയുടെയോ തട്ടിപ്പിന്റെയോ ചോദ്യം ഉദിക്കുന്നതുപോലും ഇല്ലത്രെ. ഇതൊരു ശുദ്ധ ഇടപാടാണ്, അക്കാര്യത്തിൽ കൈമാറാൻ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന കമീഷൻ തുക കണ്ടെത്താനാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ശരിയാണ്, അതു കണ്ടെത്താനാകുകയില്ല. കാരണം രാഷ്ട്രീയ പാർടികൾക്ക് സംഭാവന നൽകുന്നതിനെ സംബന്ധിച്ചുള്ള നിയമഭേദഗതികൾ അദ്ദേഹത്തിന്റെ സർക്കാർ പാസാക്കിക്കഴിഞ്ഞു. ഇലക്ടറൽ ബോണ്ടുകൾ നടപ്പാക്കിത്തുടങ്ങുകയും ചെയ‌്തു. ആർക്കുവേണമെങ്കിലും ഈ ബോണ്ടുകൾ ബാങ്കുകളിൽനിന്നു വാങ്ങാം. ഏത് രാഷ്ട്രീയ പാർടിക്കും നൽകാം. അവർക്ക‌് ആ ബോണ്ടുകൾ ഒരു ചോദ്യവും ഉത്തരവുമില്ലാതെ കാശാക്കി മാറ്റുകയുമാകാം. ഇതു വഴി രാഷ്ട്രിയ അഴിമതിയെ നിയമപരമായി സാധൂകരിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ബിജെപി സർക്കാരും. ബാങ്കുകൾ ഒന്നാം ഘട്ടത്തിൽ നൽകിയ 222 കോടി രൂപയ‌്ക്കുള്ള ഇലക്ടറൽ ബോണ്ടുകളിൽ 210 കോടിയും, എന്നുവച്ചാൽ 94.5 ശതമാനവും ബിജെപിക്കാണ് കിട്ടിയത് എന്നിരിക്കെ, ഈ തട്ടിപ്പിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ് എന്ന കാര്യം വ്യക്തമാകുകയാണ്.

റഫേൽ ഇടപാട് ക്രമപ്രകാരമാണ് എന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നതെങ്കിൽ, ഇക്കാര്യത്തിൽ ഒരന്വേഷണം നടത്താൻ എന്തുകൊണ്ട് ഒരു സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിച്ചുകൂടാ? പ്രധാനമന്ത്രിക്ക് അത്രയ‌്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ, ഇടപാടിൽ ഒരു തെറ്റുമില്ല എന്ന് പാർലമെന്ററി സമിതി കണ്ടെത്തുന്നതിനെ എന്തിന് തടയണം? പ്രധാനമന്ത്രിയും ബിജെപിയും അത്തരമൊരു സമിതിയെ നിയോഗിക്കുന്നതിനെ ശക്തമായി  എതിർക്കുന്നതുതന്നെ ഇന്ത്യൻ പാർലമെന്റിൽനിന്നും ജനങ്ങളിൽനിന്നും അവർക്കെന്തോ മറച്ചുവയ‌്ക്കാനുള്ളതു കൊണ്ടാണ്.

റിസർവ് ബാങ്ക് ഗവർണർ രാജിവച്ചതിന‌് ആറേഴുമാസം മുമ്പുതന്നെ അക്കാര്യം സൂചിപ്പിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തുന്നുണ്ട്. ഗവർണറായിരുന്ന രഘു റാംരാജനെ പുകച്ചു പുറത്തുചാടിച്ച് പകരക്കാരനായി തന്നിഷ്ടത്തിൽ കൊണ്ടുവന്ന പുതിയ ഗവർണർക്ക് പൊറുതികേട് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു; റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യവും ധനകാര്യ നിയന്ത്രണാധികാരവുംതന്നെ കവർന്നെടുക്കുന്ന സർക്കാരിനോട് പൊരുത്തപ്പെട്ടുപോകാൻ കഴിയാതായിരുന്നു എന്നാണ‌് ഇതുവഴി വ്യക്തമാകുന്നത‌്.

റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിലെ വൻ തുകയാണ‌്  പ്രധാനമന്ത്രിയും സർക്കാരും ഉന്നമിടുന്നത്. നികുതിവരുമാനം കുറഞ്ഞുവരുന്നത് മറികടക്കാൻ സർക്കാരിന‌് ഇതാവശ്യമായി വന്നിരിക്കുന്നു എന്നാണ് സർക്കാർ പറയുന്നത്.

വർഗീയധ്രുവീകരണത്തിന്റെ മൂർച്ചകൂട്ടൽ
അയോധ്യയിലെ തർക്കഭൂമിയിൽത്തന്നെ രാമക്ഷേത്രം പണിയുന്ന കാര്യത്തിൽ പ്രധാനമന്ത്രി അതിദുഷ്ടമായ ഒരു പ്രസ‌്താവനയാണ് പുറപ്പെടുവിച്ചത്. നിലവിലുള്ള കേസിൽ സുപ്രീംകോടതി വിധി വന്നതിനുശേഷം മാത്രമേ, ക്ഷേത്ര നിർമാണത്തിന്റെ കാര്യത്തിൽ ഓർഡിനൻസ് വഴിയോ നിയമനിർമാണം വഴിയോ സർക്കാർ ഇടപെടേണ്ടത് എന്ന കാര്യം തീരുമാനിക്കൂ എന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് കോടതിയെ സമ്മർദത്തിലാക്കുന്നതിന് തുല്യമാണ്. പ്രതികൂലമായ വിധിയാണ് വരുന്നതെങ്കിൽ അതിനെ മറികടക്കാൻ സർക്കാർ നിയമപരമായ വഴികൾ തേടും എന്ന്! സർക്കാർ കോടതിവിധിക്കനുസരിച്ച് നീങ്ങും എന്ന് പ്രധാനമന്ത്രി പറഞ്ഞില്ല. യഥാർഥത്തിൽ അദ്ദേഹം പറഞ്ഞത്, കോടതിവിധി എന്തുതന്നെയായാലും ക്ഷേത്രം പണിയും എന്നു പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിൽ വർഗീയ ധ്രുവീകരണത്തിനുള്ള പ്രചാരണത്തിന് പറ്റിയ ഇരയിട്ടുകൊടുക്കാൻ ഇതുപകരിക്കും.

മുത്തലാഖും ശബരിമലയും
പാർലമെന്റിൽ അവതരിപ്പിച്ച മുത്തലാഖ‌് ബിൽ ലിംഗസമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പ്രശ്നമാണ് ഉയർത്തുന്നതെന്നും  തുല്യതയ‌്ക്കുള്ള മുസ്ലിം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം ഉറപ്പാക്കാൻ ഉതകുന്നതാണെന്നുമാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. പക്ഷേ ശബരിമല ക്ഷേത്രത്തിലെ  ലിംഗസമത്വത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി പറയുന്നത് അത് വിശ്വാസവുമായി ബന്ധപ്പെട്ടതാണ് എന്നാണ്. അതുവഴി അദ്ദേഹം സുപ്രീം കോടതി സ്ത്രീകളുടെ മൗലികമായ ലിംഗസമത്വത്തിന്റെപേരിൽ ശബരിമലയിൽ അതുവരെ നിഷേധിക്കപ്പെട്ടിരുന്ന  സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിയെ നിരാകരിക്കുകയാണ‌്.

ഈ ഇരട്ട വർത്തമാനം കൃത്യമായി വെളിപ്പെടുത്തുന്നത് വർഗീയ ധ്രുവീകരണത്തിന്റെ അജൻഡതന്നെയാണ്. കേരളത്തിൽ കീഴ്തലത്തിൽ അശാന്തിയും അക്രമവും പരത്തിക്കൊണ്ട് ബിജെപി ചെയ്യുന്നത് ഇതു തന്നെയാണ്.ഇന്ത്യൻ ജനത ഈ തെരഞ്ഞെടുപ്പിന്റെ ദിശ നിർണയിക്കും എന്ന പ്രസക്തമായ ഒരു കാര്യവും പ്രധാനമന്ത്രി പ്രസ‌്താവിക്കുന്നുണ്ട‌്. തീർച്ചയായും, അവർ എല്ലാ തെരഞ്ഞെടുപ്പുകളിലും അതുതന്നെയാണ് ചെയ്യുന്നത്!

ഇന്ത്യൻ ജനത ഒരു മാറ്റത്തിനുവേണ്ടി കാത്തിരിക്കുകയാണെന്നും എന്തു വില കൊടുത്തും ഈ സർക്കാരിനെ മാറ്റാൻ ആഗ്രഹിക്കുന്നുവെന്നുമുള്ള കാര്യം കൂടുതൽ വ്യക്തമായി വരികയാണ്. കീഴ് ‌ത്തട്ടിൽനിന്നുള്ള സമ്മർദം കാരണമാണ്, രാജ്യത്തെ മതനിരപേക്ഷകക്ഷികൾ  മുന്നോട്ടുവന്ന്,  വരുന്ന തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെയും ബിജെപിയെയും പരാജയപ്പെടുത്താനായി ഒന്നിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാകുന്നത്. സർക്കാരിന്റെ നയങ്ങൾക്കെതിരെ വർധിച്ചുവരുന്ന അസംതൃപ്തിയും സമീപകാലത്തായി ഉയർന്നുവന്ന ജനകീയ പ്രക്ഷോഭങ്ങളും തന്നെയാണ് ഇതിനുപിന്നിലുള്ള പ്രാഥമിക കാരണം. ജനുവരി എട്ടിനും  ഒമ്പതിനും നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക‌്, ഇന്ത്യയിലെ പണിയെടുക്കുന്നവർക്കിടയിലുള്ള ഐക്യം ഒരിക്കൽക്കൂടി പ്രകടിപ്പിക്കും. മോഡി സർക്കാരിനെ പുറത്താക്കണമെന്ന കാര്യത്തിലും സർക്കാർനയങ്ങൾ ജനോന്മുഖമാക്കി മാറ്റണമെന്ന കാര്യത്തിലും ജനങ്ങൾക്കുള്ള ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനമാണ് ഇതേദിവസം കർഷകത്തൊഴിലാളി സംഘടനകൾ  ആഹ്വാനംചെയ്ത ഗ്രാമീൺ ഭാരത് ബന്ദ്. ഇന്ത്യൻ ജനതയ‌്ക്ക് വേണ്ടത് നേതാവ‌് അല്ല, നീതിയാണ്.

2019 തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിയുടെ സർക്കാരും ഇന്ത്യൻ ജനതയും തമ്മിലുള്ള മത്സരമായിരിക്കും. ഷേക്‌സ‌്പിയറുടെ കഥാപാത്രം ഒരിക്കൽ പറഞ്ഞതുപോലെ, അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടും കഴുകിക്കളയാവുന്നതല്ല നിങ്ങളുടെ കൈകളിലെ ചോര, മിസ്റ്റർ പ്രധാനമന്ത്രീ .

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top