29 September Friday

മോദിയുടെ വാക്കും പ്രവൃത്തിയും

എ വിജയരാഘവൻUpdated: Friday Nov 12, 2021

ജനങ്ങളുമായി അടുപ്പം സ്ഥാപിക്കാൻ സംഘപരിവാറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തദിവസം നൽകിയ നിർദേശം പലവിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് ബംഗാളിലും ഹിമാചൽ പ്രദേശിലും, ബിജെപിക്കുണ്ടായ തിരിച്ചടി കാരണം ജനദ്രോഹ നടപടികളിൽനിന്ന് അൽപ്പം വിട്ടുനിൽക്കാനുള്ള തീരുമാനത്തിന്റെ സൂചനയായി ഇതിനെ കാണുന്നവരുണ്ട്. മാത്രമല്ല, യുപി ഉൾപ്പെടെ അഞ്ച്‌ സംസ്ഥാനത്ത്‌ അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനും പോകുന്നു. അതുകൊണ്ട് ബിജെപി മുൻകരുതൽ എടുക്കുകയാണ് എന്ന വാദത്തിന് പ്രസക്തിയുണ്ട്. മതവികാരമിളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ചതുകൊണ്ടുമാത്രം എല്ലായ്‌പോഴും തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന തോന്നലാണ് മോദിയുടെ ആഹ്വാനത്തിനു പിന്നിലെന്നും വാദിക്കാം. എന്നാൽ, മോദിയുടേത് വെറും കാപട്യമാണെന്നും ബിജെപി അതിന്റെ നയങ്ങളിലോ പ്രവർത്തനരീതിയിലോ ഒരു മാറ്റവും വരുത്താൻ പോകുന്നില്ലെന്നും കരുതുന്നവരാണ് കൂടുതൽ.

വാക്കും പ്രവൃത്തിയും തമ്മിൽ ഇത്രയും ബന്ധമില്ലാത്ത ഒരു ഭരണാധികാരിയോ നേതാവോ സ്വതന്ത്ര ഇന്ത്യയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. രാജ്യത്ത് സർക്കുലേഷനിലുള്ള കറൻസിയുടെ 86 ശതമാനം ഒറ്റയടിക്ക് പിൻവലിച്ചശേഷം ‘എനിക്ക് 50 ദിവസംതരൂ, എല്ലാം ശരിയാക്കാം' എന്ന്  ജനങ്ങളോട് പറയുമ്പോൾ അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നു പകരം നോട്ട് അച്ചടിക്കാൻ തുടങ്ങിയിട്ടുപോലുമില്ലെന്ന്. സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ജി ഏഴ് ഉച്ചകോടിയുടെ ഭാഗമായി ബ്രിട്ടനിൽ നടന്ന ‘തുറന്ന സമൂഹങ്ങളും തുറന്ന സമ്പദ്‌ വ്യവസ്ഥകളും'  എന്ന സമ്മേളനത്തിൽ മോദി നടത്തിയ പ്രഖ്യാപനങ്ങൾ അദ്ദേഹത്തിന്റെ കാപട്യത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഉദാഹരണമാണ്. എന്തൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞത്. ജനാധിപത്യവും സ്വതന്ത്ര ചിന്തയും സംരക്ഷിക്കാനും വളർത്താനും ഇന്ത്യ പ്രതിജ്ഞാബന്ധമാണ്. സ്വേച്ഛാധിപത്യത്തിന്റെ ഭീഷണിക്കെതിരെയുള്ള പോരാട്ടത്തിൽ ജി -ഏഴ് രാഷ്ട്രങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയായിരിക്കും ഇന്ത്യയെന്നും പ്രഖ്യാപിച്ചു.

സ്വന്തം നാട്ടിൽ എതിർപ്പിന്റെയും വിയോജിപ്പിന്റെയും സ്വരം അടിച്ചമർത്തുന്ന ഒരു ഭരണാധികാരിക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ മോദിക്ക് കഴിയും എന്നാണ് ഉത്തരം. ആർഎസ്എസ് അജൻഡയെ എതിർക്കുന്നവർക്കെതിരെ രാജ്യദ്രോഹത്തിനാണ് കേസെടുക്കുന്നത്. 2019ൽ ഇങ്ങനെ 229 കേസ്‌ എടുത്തു. ഓരോ വർഷവും ഇത്തരം കേസ്‌ കൂടിവരുന്നു. ഇന്റർനെറ്റ് ലഭ്യത ഇന്ന് പൗരാവകാശമാണ്. ഇക്കാര്യത്തിൽ ഇന്ത്യയുടെ റെക്കോഡ് ആരെയും ലജ്ജിപ്പിക്കും. കശ്മീരിൽ മാസങ്ങളോളം ഇന്റർനെറ്റ് വിച്ഛേദിച്ചു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ 180 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 142ൽ നിൽക്കുന്നു. ഇതാണ് ഇന്ത്യയിൽ പൗരാവകാശങ്ങളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അവസ്ഥ. അതിനിടയിലാണ് മോദി ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത്. ജനങ്ങളെ ഒരിക്കലും ഒന്നായി കാണാൻ കഴിയാത്ത പ്രസ്ഥാനമാണ് ആർഎസ്എസും ബിജെപിയും. ഏഴുവർഷംമുമ്പ് 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതുമുതൽ ആർഎസ്എസ് പദ്ധതി നടപ്പാക്കാനാണ് മോദിസർക്കാർ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിക്കുക എന്നതുമാത്രമല്ല ലക്ഷ്യം. തെരഞ്ഞെടുപ്പ് ജയിച്ച് രാഷ്ട്രീയ അധികാരം നേടുന്നത് ആത്യന്തിക ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള വഴിമാത്രമാണ് ആർഎസ്എസിന്.

ആർഎസ്എസ് സ്ഥാപിതമായത് 1925 ലാണ്. വിഭിന്ന മതങ്ങളും വിഭിന്ന സംസ്കാരങ്ങളുമുള്ള ഒരു ബഹുസ്വര സമൂഹത്തെ ഏക സംസ്കാരത്തിലേക്ക് കൊണ്ടുവരാൻ ആർഎസ്എസ് ആവിഷ്കരിച്ചത് ദീർഘകാല പദ്ധതിയാണ്. ജൂതർക്കെതിരെ ജർമൻകാരെ മുഴുവൻ ഒന്നിപ്പിക്കാൻ നാസികൾ ശ്രമിച്ചതുപോലെ ആദ്യം സാംസ്കാരിക പരിവർത്തനത്തിനുള്ള പദ്ധതിയാണ് ആർഎസ്എസും തയ്യാറാക്കിയത്. മത ജാതി ദേശ ഭാഷാ ലിംഗ പരിഗണനകളൊന്നുമില്ലാതെ എല്ലാ പൗരന്മാർക്കും തുല്യ അവകാശം നൽകുന്ന ഭരണഘടനയ്ക്ക് അങ്ങേയറ്റം വിരുദ്ധമാണ് ആർഎസ്എസ് പദ്ധതിയെന്ന് പ്രത്യേകം പറയേണ്ടതില്ല. ഹിന്ദുരാഷ്ട്ര പദ്ധതിയിൽ മതന്യൂനപക്ഷങ്ങൾ രണ്ടാംതരം പൗരന്മാരായിരിക്കും. ആർഎസ്എസിന്റെ ഹിന്ദുത്വവും ഹിന്ദുമതവുമായി ഒരുബന്ധവുമില്ലെന്നത് മറ്റൊരു കാര്യം. ജനങ്ങളിലേക്ക് ഇറങ്ങണമെന്നു പറയുന്നവർ ജനങ്ങളെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് ഇന്ത്യയുടെ ബഹുസ്വര സംസ്കാരംതന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് എന്ന് വ്യക്തമാക്കാനാണ് ഇത്രയും വിശദീകരിച്ചത്.

ഏഴുവർഷത്തിലധികമായി അധികാരത്തിലുള്ള പാർടിയുടെ അജൻഡയിൽ ഒരിക്കലും ജനങ്ങളുടെ താൽപ്പര്യം ഉണ്ടായിരുന്നില്ല. 2016ലെ നോട്ട് നിരോധനത്തിന്റെ കെടുതിയിൽനിന്ന് സമ്പദ്ഘടന കരകയറുംമുമ്പാണ് കോവിഡ് വന്നത്. മുന്നൊരുക്കമോ ആസൂത്രണമോ ഇല്ലാതെ നടപ്പാക്കിയ അടച്ചിടൽമൂലം സാമ്പത്തികരംഗം തകർന്നു. കോടിക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. പട്ടിണി വർധിച്ചു. പാവപ്പെട്ട ജനങ്ങളിലേക്ക് പണമെത്തിച്ച് അവരുടെ ദുരിതം കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇപ്പോൾ കാണുന്നത് ഇന്ധനവില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നതാണ്. അധികാരം ഉപയോഗിച്ച് ആർഎസ്എസ് പദ്ധതി നടപ്പാക്കുന്നതിന്റെ  ഉദാഹരണമാണ് കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370, 35 എ എന്നീ അനുഛേദങ്ങൾ റദ്ദാക്കിയത്. ആ സംസ്ഥാനംതന്നെ ഇല്ലാതാക്കി.

പൗരത്വ ഭേദഗതി നിയമവും ആർഎസ്എസ് അജൻഡതന്നെ. രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറയ്ക്ക് കത്തിവച്ചുകൊണ്ടാണ് പൗരത്വത്തിന് മതം അടിസ്ഥാനമാക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്നത്. ഭരണഘടനയുടെ അടസ്ഥാനതത്വങ്ങളെ നിഷേധിക്കുന്ന ഈ നിയമനിർമാണത്തെ ചോദ്യം ചെയ്ത്‌ നൂറിലേറെ ഹർജി സുപ്രീംകോടതിയിൽ രണ്ടുവർഷത്തോളമായി കിടക്കുന്നു. ഇതൊരു അടിയന്തരവിഷയമായി സുപ്രീംകോടതിക്ക് തോന്നാത്തത്, കോടതികളും മോദി ഭരണത്തിന് വഴങ്ങിനിൽക്കുകയാണോ എന്ന ആശങ്ക ഉയർത്തുന്നു. ഈ രണ്ടു കേസ് മാത്രമല്ല ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനം. ജമ്മു കശ്മീരിനെ രണ്ട്‌ കേന്ദ്രഭരണ പ്രദേശമായി വിഭജിക്കുകയും 370–-ാം അനുഛേദം റദ്ദാക്കുകയും ചെയ്തതിനെതിരായ ഹർജികളും രണ്ടുവർഷമായി സുപ്രീംകോടതിയിൽ കിടക്കുന്നു. ജമ്മു കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നേതാക്കളെ മാസങ്ങളോളം കരുതൽതടങ്കലിൽ വച്ചപ്പോഴും സുപ്രീംകോടതി ഇടപെട്ടില്ല. 

റഫാൽ യുദ്ധവിമാന ഇടപാടിൽ വ്യക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും അന്വേഷണത്തിന് ഉത്തരവിടാൻ സുപ്രീംകോടതി തയ്യാറായില്ല. പെഗാസസ് കേസിൽ അന്വേഷണത്തിന് വിദഗ്ധസമിതിയെ വച്ചു എന്നത് ആശ്വാസകരംതന്നെ. എന്നാൽ, പൗരന്മാരുടെ ഫോണുകളും വിവരങ്ങളും ചോർത്താൻ പെഗാസസ്  ഉപയോഗിച്ചോ ഇല്ലയോ എന്ന ചോദ്യത്തിന് കേന്ദ്രസർക്കാരിനെക്കൊണ്ട് മറുപടി പറയിക്കാൻ സുപ്രീംകോടതിക്കായില്ല. ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെ വരുതിയിൽ നിർത്താൻ മോദി സർക്കാർ ശ്രമിക്കുന്നു എന്ന വിമർശത്തെ സാധൂകരിക്കുന്നതാണ് ഇത്തരം കേസുകൾ. തെരഞ്ഞെടുപ്പ് കമീഷൻ, റിസർവ് ബാങ്ക് തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം അസാധ്യമാക്കുന്ന രീതിയിലാണ് മോദി ഭരണം ഇടപെടുന്നത്.

‘ആത്മനിർഭർ' എന്ന മുദ്രാവാക്യം പ്രചരിപ്പിച്ചുകൊണ്ടാണ് രാജ്യത്തിന്റെ സ്വാശ്രയത്വം മോദി സർക്കാർ നശിപ്പിക്കുന്നത്. പറയുന്നതിന് തീർത്തും വിരുദ്ധമായി പ്രവർത്തിക്കുന്നതിന് മറ്റെന്ത് തെളിവ് വേണം. ലാഭകരമായി പ്രവർത്തിക്കുന്നതും രാജ്യത്തിന് അഭിമാനവുമായ പൊതുമേഖലാ കമ്പനികളാണ് സ്വകാര്യമേഖലയ്‌ക്ക് വിൽക്കുന്നത്. ‘നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ' എന്ന പുതിയ പരിപാടി റോഡുകളും തുറമുഖങ്ങളുംവരെ സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതിനാണ്.


 

മോദിയെ അധികാരത്തിൽ കൊണ്ടുവരുന്നതിനും നിലനിർത്തുന്നതിനും ഇന്ത്യയിലെ വൻകിട കമ്പനികൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. അതുകൊണ്ട് അവരുടെ ലാഭം വർധിപ്പിക്കുക എന്നത് മോദിയുടെ ബാധ്യതയാണ്. അത് അദ്ദേഹം നന്നായി നിർവഹിക്കുന്നുണ്ട്. ഇന്ത്യൻ കാർഷികമേഖല കോർപറേറ്റുകൾക്ക് വിട്ടുനൽകാനുള്ള നിയമങ്ങൾ റദ്ദാക്കാൻ കർഷകർ ഒരു വർഷമായി നടത്തുന്ന പോരാട്ടത്തിന് സമാനതകളില്ല. കർഷകരുടെ രോഷവും കണ്ണീരും പഞ്ചാബിലടക്കം ഉത്തരേന്ത്യയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് സാധ്യതകൾക്ക് മങ്ങലേൽപ്പിക്കും എന്ന് ബോധ്യമായിട്ടുപോലും കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മോദി തയ്യാറാകുന്നില്ല. ഇന്ത്യയിൽ തൊഴിലാളികൾ എന്ന നിർവചനത്തിൽ പെടുത്താവുന്നവർ 50 കോടിയോളം വരും. അവരുടെ വേതനം പരിമിതപ്പെടുത്താനും ജോലി സമയം കൂട്ടാനും നിലവിലുള്ള സംരക്ഷണം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് നാല്‌ ലേബർ കോഡ്‌ കൊണ്ടുവന്നത്. അറുപതിലേറെ നിയമം റദ്ദാക്കി ഈ കോഡുകൾ കൊണ്ടുവന്നത് പാർലമെന്റിനെപ്പോലും അവഗണിച്ചാണ്. തൊഴിലാളി സംഘടനകളുടെ എതിർപ്പോ അന്താരാഷ്ട്ര തൊഴിൽനിയമങ്ങളോ വകവച്ചില്ല. കാരണം വ്യക്തം. തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതുക എന്നത് കോർപറേറ്റുകളുടെ ആവശ്യമാണ്.

കോർപറേറ്റുകളിൽനിന്ന് ഭരണകക്ഷിക്ക് രഹസ്യമായി വൻതോതിൽ പണം സമാഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് കൊണ്ടുവന്നത്. ആര് എത്ര പണം ഒരു പാർടിക്ക് കൊടുത്തു എന്നത് ഇതോടെ രഹസ്യമായി. വിദേശ പണം സമാഹരിക്കുന്നതിനുള്ള നിയന്ത്രണവും നീക്കി.  ഇക്കാര്യത്തിലും സുപ്രീംകോടതിയിൽനിന്ന് ന്യായമായ ഇടപെടൽ ഉണ്ടായില്ല. റിസർവ് ബാങ്കിന്റെ എതിർപ്പുപോലും മറികടന്ന് നടപ്പാക്കിയ ബോണ്ട് സ്റ്റേ ചെയ്യാനുള്ള അപേക്ഷ സുപ്രീംകോടതി നിരാകരിക്കുകയാണുണ്ടായത്.

രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും സ്വാശ്രയത്വവും തകർക്കാൻ ചിട്ടയായി നീങ്ങുന്ന ഒരു ഭരണാധികാരി, ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് ആഹ്വാനം ചെയ്യുമ്പോൾ അതിന് ഒരു അർഥമേയുള്ളൂ. ജനങ്ങളെ കബളിപ്പിക്കുന്നത് സമർഥമായി തുടരുക. സംഘപരിവാറിൽനിന്ന് രാഷ്ട്രവും ജനങ്ങളും നേരിടുന്നത് ബഹുമുഖമായ ആക്രമണമാണ്. വിശാലമായ ജനകീയ ഐക്യത്തിലൂടെമാത്രമേ ഇതിനെ പ്രതിരോധിക്കാൻ കഴിയൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top