30 May Saturday

മോഡിഫിക്കേഷൻ അഥവാ തള്ളോടുതള്ള്

രാവുണ്ണിUpdated: Wednesday May 15, 2019

തുള്ളൽ വിദഗ്ധരുടെ നാട്ടിൽ ഇപ്പോൾ തള്ളൽ വിദഗ്ധനാണ് താരം. മഹാനായ അദ്യം ഇന്നു വല്ലതും പറഞ്ഞുവോ എന്നറിയാൻ ജനം ഇന്റർനെറ്റ് ഫുൾടൈം ഓൺ ചെയ്തുവച്ചിരിക്കയാണ്. ടിവി ഓഫാക്കുന്നേയില്ല. പത്രമാപ്പീസുകളിലേക്ക് തുരുതുരാ വിളി. ഇന്നെവിട്യാ പ്രസംഗം? എപ്ളാ? ഇന്ന് അദ്യത്തിന്റെ പ്രസംഗം ഇല്ല്യാന്ന് വര്വോ? പ്രസംഗത്തോട് ജനങ്ങൾക്ക് ഇത്ര ആർത്തിയോ!  അദേന്ന്. കാലം മാറിപ്പോയീന്ന്. അദ്യം വാ തുറന്നാൽ പറഞ്ഞോണ്ടിരിക്കും. അതുകേട്ട് ജനം വാ തുറന്ന് ചിരിച്ചോണ്ടിരിക്കും. കൊറിക്കാൻ വകയൊന്നും ഇല്ലെങ്കിലെന്താ, ചിരിക്കാൻ വക ധാരാളമുള്ള അച്ഛാദിൻ വന്നുചേർന്നിരിക്കുന്നു.

സൈന്യത്തിന് വേണ്ടത്ര വേഗതയും ജാഗ്രതയും ഇല്ലെന്നേയ്. നമ്മുടെ സംഘസേവകർ മൂന്നു ദിവസം കൊണ്ടെത്തുന്ന സ്ഥലത്ത് സൈന്യത്തിന് എത്തണമെങ്കിൽ മൂന്നു മാസം വേണം. ഭോപാൽ സാരഥിയുടെ കസ്റ്റഡിയിലുള്ള പടക്കോപ്പുകളുമായി താരതമ്യം ചെയ്താൽ സൈന്യത്തിന്റെ പക്കലുള്ളത് വെറും കളിക്കോപ്പുകൾ മാത്രം. അതാ വ്യത്യാസം. എന്നലോ നമ്മുടെ നായകൻ ആളൊരു പുലിയാ കേട്ടോ. വെറും പുലിയല്ല, പുപ്പുലി. അദ്യം 21 മണിക്കൂർ ഉറങ്ങാതിരിക്കുന്നത് വെറുതെയാണോ? അത്രയും മണിക്കൂറുകൾ തുടർച്ചയായി ചിന്തിച്ചോണ്ടിരിക്കുകയാണ്.

ശത്രുരാജ്യത്തെ ബോംബിട്ട് ചുടാനുള്ള പദ്ധതി തയ്യാറാക്കി ഇരിപ്പായിരുന്നു. ബോംബുകൾ റെഡി. പട്ടാളക്കാർ റെഡി. വിമാനങ്ങൾ റെഡി. ഇനി പൊട്ടിക്കുകയേ വേണ്ടൂ. എല്ലാം ഒരുങ്ങിയിരിക്കുമ്പോഴാണ് അതാ മാനത്ത് നിറയെ കാർമേഘങ്ങൾ. ശത്രുരാജ്യം അയച്ചതോ, വിരഹിയായ യക്ഷൻ അയച്ചതോ? ബോംബുകൾ ഞെട്ടി. പട്ടാളം ഞെട്ടി. വിമാനങ്ങൾ ഞെട്ടി. മഹാനായ അദ്യം മാത്രം ഞെട്ടിയില്ല. ഈ മേഘങ്ങൾ നമുക്കൊരു സുവർണാവസരമാണ്. ശത്രു റഡാറുകൾക്ക് ഇനി കണ്ണുകാണില്ല. പൂശടാ പിള്ളേരെ. വയ‌്ക്കടാ വെടീീീീ.
വെടി പൊട്ടി. വിമാനങ്ങൾ ശരപരാ ഉയർന്നു. ബോംബുകൾ തുരുതുരാ വീണു. ശത്രുരാജ്യത്തിന്റെ നെടുംതൂണുകളായ പൈൻമരങ്ങളും അവയുടെ ഒളിത്താവളങ്ങളും തകർന്നുതരിപ്പണമായി. അദ്യത്തിന്റെ കൂർമബുദ്ധിയും ശാസ്ത്രബോധവും യുദ്ധതന്ത്രജ്ഞതയും വെളിവാക്കുന്ന ഈ അമർ കഥ വെളിപ്പെടുത്തിയതാര്? അതും അദ്യം തന്നെ. കുഞ്ഞുനാളിൽ ഒറ്റയ‌്ക്ക് മുതലയെ പിടിച്ച മുതലാണ്. കളിക്കരുത്. ബുദ്ധിയും ശക്തിയും കുറച്ചുകാണരുത്.

ഈ സോകോൾഡ് ശാസ്ത്രജ്ഞാനികളെക്കൊണ്ട് സഹിക്കാൻ പറ്റാതായീട്ടോ. ചോദിച്ചത് കേട്ടില്ലേ? ഇന്ന്  കണ്ടുപിടിച്ച ഇ മെയിൽ കൊണ്ട് ഇന്നലെ സന്ദേശമയക്കാൻ പറ്റുമോന്ന്. ഇന്നലെ കണ്ടുപിടിച്ച ഡിജിറ്റൽ കേമറ കൊണ്ട് മിനിയാന്ന് ഫോട്ടോ എടുക്കാൻ പറ്റുമോന്ന്. എന്തൊരു മരമണ്ടൻ ചോദ്യങ്ങളാണ‌് ഇവ. ഇപ്പോഴത്തെ ശാസ്ത്രപഠനത്തിന്റെ കുഴപ്പങ്ങളാണ‌് ഇവയൊക്കെ. അടുത്തതവണ കേറീട്ടു വേണം ശാസ്ത്ര സിലബസ് അടിമുടി തച്ചുടച്ച്  ഭാരതീയമാക്കിയെടുക്കാൻ.

   മഹാഭാരതത്തെക്കുറിച്ച്, വിഡ്ഢികളേ, നിങ്ങൾക്ക് എന്തറിയാം? അദ്യത്തിന്റെ വത്സലശിഷ്യൻ വിപ്ലവദേവൻ പറഞ്ഞുകേട്ടില്ലേ, മഹാഭാരത യുദ്ധത്തിൽ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നെന്ന്. അതാണ് യഥാർഥ ചരിത്രം. യഥാർഥ ശാസ്ത്രം. പ്ലാസ്റ്റിക് സർജറി നടത്തി ഗണപതി ഭഗവാനെ സൃഷ്ടിച്ച പുണ്യഭൂമിയാണിത്. സായിപ്പ് ഡിജിറ്റൽ കേമറയും ഇ മെയിലും കണ്ടുപിടിക്കുന്നതിന് എത്രയോ മുമ്പേ ആർഷഭാരത ഭൂമിയിൽ അതുണ്ട്. ഉണ്ടായിരിക്കും. ഉണ്ടായിരുന്നേ പറ്റൂ. വേണ്ടിവന്നാൽ അദ്യം 1887ൽ ഡിജിറ്റൽ ഫോട്ടോ എടുക്കും. ആ ഫോട്ടോ 1837ൽ ഇ മെയിൽ അയക്കും. ന്താ കാണണോ?

  ഇപ്പോഴത്തെ ഇന്റർനെറ്റുകാരെ കൊണ്ട‌് തോറ്റു. അദ്യം വാ തുറന്ന് എന്തെങ്കിലും മൊഴിഞ്ഞാൽ ഉടനെ നെറ്റ് തുറന്ന് തോണ്ടലോടു തോണ്ടലായി. തിരയലായി. അതു ശരിയാണോ ഇതു ശരിയാണോ എന്ന ചോദ്യമായി. ചാനലിൽ ചർച്ചയായി. പുലിവാലായി. ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും വകയായുള്ള ഇപ്പോഴത്തെ  ഇന്റർനെറ്റ് ഒട്ടും ശരിയല്ല. നമുക്ക് നമോ ഇന്റർനെറ്റ് കൊണ്ടുവരണം. എന്നാലേ ഇവരൊക്കെ പഠിക്കൂ. ഇപ്പോഴത്തെ പഠിപ്പുതന്നെ ശരിയല്ല. സർവകലാശാലകളും ഗവേഷണങ്ങളും ഒന്നും ആവശ്യമില്ല. എല്ലാവർക്കും മാക്സിമം അദ്യത്തിന്റെ വിദ്യാഭ്യാസമേ പാടുള്ളൂ. ബിരുദങ്ങളും സർട്ടിഫിക്കറ്റുകളുമൊക്കെ വലിയ തലവേദനയാണെന്ന‌് നമ്മുടെ മാനവവിഭവശേഷിണി തന്നെ പറഞ്ഞിരിക്കുന്നു. സർട്ടിഫിക്കറ്റൊന്നുമല്ല കാര്യം. ബുദ്ധി വേണം. ജ്ഞാനം വേണം. നെഞ്ചളവു വേണം. എന്തും വിളിച്ചുപറയാനുള്ള ചങ്കൂറ്റവും വേണം.

പ്രജകൾക്ക് അറിയേണ്ടതു മുഴുവൻ അദ്യം പറഞ്ഞുതരും. അതങ്ങ് സ്വീകരിച്ചാൽ മതി. പറയുന്നത് വിശ്വസിക്കുന്ന, ആജ്ഞാപിക്കുന്നത് അനുസരിക്കുന്ന ഒരു ജനതയാണ് ഉണ്ടാകേണ്ടത്. ഇപ്പോഴത്തെ കോളേജിലെ ഫിസിക്സ‌് പഠിച്ചിട്ടും വഴിതെറ്റാതെ മിടുക്കനായി വളർന്ന ഭക്ത രാജേഷ്കുമാരൻ പറഞ്ഞുകേട്ടില്ലേ, എന്റെ നേതാവ് പറയുന്നതു മുഴുവൻ ഞാൻ വിശ്വസിക്കുമെന്ന്. ഇന്നലെവരെ വിശ്വസിച്ചു. ഇന്ന് വിശ്വസിക്കുന്നു. നാളെയും വിശ്വസിക്കുക തന്നെ ചെയ്യും. അതെയതെ. അത്തരക്കാരാണ് ഭാരതത്തിന് ഇന്ന് ആവശ്യം. അദ്യം ഉള്ളിൽ തോന്നുന്നത് വിളിച്ചുപറയുന്നു. അതാണ് സത്യമെന്ന് ഉറച്ചുവിശ്വസിച്ച് പഞ്ചപുച്ഛമടക്കി ശാഖയിൽ വന്നിരിക്കുന്ന സംഘസഹോദരങ്ങളുണ്ടല്ലോ അവരാണ് ഈ വീടിന്റെ ഐശ്വര്യം.
അനുസരണക്കേടു കാട്ടുന്നവരെയും സംശയാലുക്കളെയും നാടുകടത്തണം. യൂണിവേഴ്സിറ്റികളും കോളേജുകളും പൊലീസ് സ്റ്റേഷനുകളും കോടതിയും ഇലക‌്ഷൻ കമീഷനും ചാനലുകളും ഇന്റർനെറ്റും ഉടൻ നിർത്തൽ ചെയ്യണം. ഒരവസരംകൂടി കിട്ടട്ടെ.

ബുക്‌സ‌്റ്റാളുകാർ പറയുന്നത് ഈ സീസണിൽ നിഘണ്ടുവില്പന കുറവാണെന്നാണ്. എങ്ങനെ കുറയാതിരിക്കും? വാക്കുകളുടെ അർഥം അനുനിമിഷം അടിമുടി മാറുകയല്ലെ. മോഡിഫിക്കേഷൻ എന്ന വാക്കു തന്നെ എത്ര മാറിപ്പോയി. മാറ്റംവരുത്തൽ, പരിവർത്തനം, രൂപാന്തരം, രൂപാന്തരവിധാനം, പരിവർത്തനരൂപം എന്നൊക്കെയായിരുന്നു ഇന്നലെവരെയുള്ള അർഥം. ഇന്നോ? തള്ള്, തള്ളോടുതള്ള് എന്നതാണ് ഇപ്പോഴാ വാക്കിന്  എൽക്കേജീക്കാർ പോലും മനസ്സിലാക്കുന്ന അർഥമത്രെ. തള്ള് എന്ന വാക്കിന്റെതന്നെ അർഥമെത്ര  മാറി. ഇനിയിപ്പോ അർഥം എന്നതിന്റെ അർഥം തന്നെ വല്ല അനർഥമായി മാറുമോ ഗോ മാതാവേ? സാരമില്ല. ഋഷിപ്രോക്തമായ ജ്ഞാനം ചേരുംപടി ചേർത്ത് ഭാരതീയ പാരമ്പര്യത്തിലുള്ള നിഘണ്ടുക്കൾ ഉണ്ടാക്കാൻ പതഞ്ജലി സ്വാമിക്ക് നിർദേശം കൊടുക്കണം.

  ഇപ്പോൾ അന്തരീക്ഷം കാർമേഘാവൃതമാണ്. ഇടയ‌്ക്കിടെ മിന്നൽപ്പിണരുകളുമുണ്ട്. അവ ഏതെങ്കിലും മഹാനുഭാവന്റെ ചിന്തയിൽ നിന്നുദിക്കുന്നതാകുമോ? ചരിത്രപ്രധാനമായ വല്ലതും സംഭവിക്കുമോ, ആവോ!


പ്രധാന വാർത്തകൾ
 Top