03 October Monday

പരിസ്ഥിതിയുടെ 
എഴുത്തുകാരൻ

എസ്‌ ജോസഫ്‌Updated: Wednesday Aug 17, 2022

പൊതുസമൂഹത്തിൽ നിൽക്കുമ്പോഴും അതിൽനിന്ന്‌ വ്യത്യസ്‌തമായ സാഹിത്യമായിരുന്നു നാരായന്റേത്‌. സത്യസന്ധമായ ആവിഷ്‌കാരമായിരുന്നു നാരായന്റെ എഴുത്തിന്റെ പ്രത്യേകത. മലയാളഭാഷയിൽ നിൽക്കുമ്പോൾത്തന്നെ അതിൽനിന്ന്‌ വ്യത്യസ്‌തമായ ഒരു ഭാഷ, ഒരു ഭാഷാഭേദം ഉൽപ്പാദിപ്പിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ  എല്ലാ എഴുത്തുകളിലും പരിസ്ഥിതി ദർശനം നിറഞ്ഞു നിന്നു.

നാരായൻ മലയാളസാഹിത്യത്തിലേക്ക്‌ കടന്നുവരുന്നത്‌ പുതിയൊരു ജീവിതവും വ്യത്യസ്‌തമായ  ഭാഷയും കൊണ്ടാണ്‌. ഇന്ത്യയിൽ ആകെ ഉണ്ടായിട്ടുള്ള കീഴാള മുന്നേറ്റത്തിന്റെ ഭാഗമെന്നനിലയിലാണ്‌ ദളിത്‌ –-ആദിവാസി–-ഇതര കീഴാള സാഹിത്യങ്ങളും ശ്രദ്ധേയമായി തുടങ്ങിയത്‌. അതിന്റെ പ്രതിധ്വനികൾ രാജ്യമാകെ വ്യാപിച്ചതിന്റെ ഫലമായി ദളിത്‌–- ആദിവാസി മേഖലകളിൽനിന്ന്‌ ധാരാളം എഴുത്തുകാരുണ്ടായി. അത്‌ ലോകത്തിലെ ഇതര കീഴാള സാഹിത്യത്തിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. ആഫ്രിക്കൻ സാഹിത്യത്തിൽനിന്ന്‌ ജിപ്‌സികളുടെ, അഭയാർഥികളുടെ, സ്‌ത്രീകളുടെ തുടങ്ങി നാനാവിഭാഗത്തിന്റെ സാഹിത്യത്തിൽനിന്നും വിഭിന്നമായതെന്ന നിലയിലാണ്‌ ഇന്ത്യയിൽ ദളിത്‌ സാഹിത്യം ശക്തമാകുന്നത്‌. അതിന്റെ ഭാഗമാണ്‌ ഇന്ത്യയിലെ ആദിവാസി–- ഗോത്ര സാഹിത്യം.

ഞാൻ ആദ്യമായി ജോലി ചെയ്‌തത്‌ ഇടുക്കി ജില്ലയിലെ മൂലമറ്റത്തിനടുത്ത്‌ വെള്ളിയാംമറ്റത്താണ്‌.  അതിനടുത്താണ്‌ കുടയത്തൂർ മലകൾ. അവിടെനിന്നുള്ള ആദിവാസി കുട്ടികൾ ധാരാളമായി ഉണ്ടായിരുന്നു. മലയരയരായ കുട്ടികളുടെ സ്‌കൂൾ രേഖകളിൽ ‘ഹിൽ ആര്യൻസ്‌ ’ എന്നായിരുന്നു ഉണ്ടായിരുന്നത്‌. അരചർ ശരിക്കും രാജാക്കന്മാരാണല്ലോ. മലയരയരും കടലരയരുമുണ്ട്‌. മലയരയർ പട്ടികവർഗക്കാരാണ്‌. ആദിവാസികളാണെന്ന്‌ തിരിച്ചറിയാൻ കഴിയുന്ന അടയാളങ്ങളൊക്കെ കുറവാണ്‌.    മലയരയർ കുറെയേറെ വിദ്യാഭ്യാസ–- സാമൂഹ്യപുരോഗതി കൈവരിച്ചവരാണ്‌. ആ പുരോഗതിയാണ്‌ നാരായനെപ്പോലുള്ളവരുടെ വളർച്ച സാധ്യമാക്കിയത്‌.

കേരളത്തിൽ കെ ജെ ബേബിയുടെ മാവേലി മൻറം പോലുള്ള നോവൽ ആദിവാസി മിത്തുകളെ പിൻപറ്റിയാണ്‌.  ധാരാളം ആദിവാസി സമൂഹങ്ങൾ കാസർകോട്‌, ഇടുക്കി, വയനാട്‌, കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു.  ഈ പശ്ചാത്തലത്തിലാണ്‌ നാരായന്റെ എഴുത്ത്‌.  കൊച്ചരേത്തിയിൽ അരയജീവിതത്തിന്റെ പല തലമുണ്ട്‌. അവരുടെ ജീവിതത്തിന്റെ മാറ്റങ്ങളെ, ചലനങ്ങളെ, പുരോഗതിയെ അടയാളപ്പെടുത്തുന്ന നോവലാണ്‌ അത്‌. അവരുടേതായ ഭാഷയാണ്‌. കൊച്ചരേത്തി എന്ന സ്‌ത്രീകഥാപാത്രത്തെ കേന്ദ്രീകരിച്ച ഇതിൽ കാട്ടിലെ ജീവിതരീതി  പറയുന്നു. ബഹുസ്വരതയുടെ വേറിട്ട സ്വരവും  കേൾക്കാനാകുന്നുണ്ട്‌.

വ്യത്യസ്‌തതകളുടെ കാലമാണ്‌ ഉത്തരാധുനികത എന്നോ നവ ജനാധിപത്യകാലമെന്നോ വിളിക്കാവുന്ന ഈ കാലത്തിന്റെ പ്രത്യേകത. കാടന്മാർ, കാട്ടാളന്മാർ, ആദിവാസികൾ എന്നിവരൊക്കെ അപരിഷ്‌കൃതരാണെന്ന്‌ ആധുനികതയുടെ കാലത്തും പറഞ്ഞിരുന്നു. എന്നാൽ, കാട്ടാളൻ കാടിനെ ഉൾക്കൊള്ളുന്നവൻ എന്നാണ്‌ പുതിയ കാലത്ത്‌ അർഥം. 

ജോലികൊണ്ടും എഴുത്തുകളുടെ ലോകത്ത്‌ ജീവിച്ചൊരാൾ ആയിരുന്നു നാരായൻ. അങ്ങനെ എഴുതിയ ആദ്യനോവലിലൂടെ പുതിയൊരു ശബ്ദം കേൾപ്പിച്ച നാരായന്‌ അക്കാദമി അവാർഡും കിട്ടി. ആദിവാസി സാഹിത്യത്തെ പൊതുസമൂഹത്തിലേക്ക്‌ അടുപ്പിക്കാൻ നാരായന്റെ എഴുത്തിന്‌ കഴിഞ്ഞു. ബാഹ്യസമൂഹത്തിന്റെ കടന്നുകയറ്റവും കള്ളത്തരങ്ങളും കൊച്ചരേത്തിയിൽ  കാണാം. എന്നാൽ, ഇതൊന്നുമറിയാത്ത നിഷ്‌കളങ്ക ജീവിതമെന്ന രീതിയിലാണ്‌ നോവലിൽ ദളിത്‌ ജീവിതത്തെ അവതരിപ്പിച്ചത്‌. അധിനിവേശവും കോളനീകരണവും തകർത്തെറിഞ്ഞ ജീവിതഘടനകളും ജീവിതരൂപങ്ങളും ദളിത്‌ –- ആദിവാസി സാഹിത്യങ്ങളിൽ കാണാം. അപകോളനീകരണത്തിലൂടെ അതിനെ തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളും നോവലിൽ കാണാം.

മലയാളത്തിലെ എണ്ണപ്പെട്ട എഴുത്തുകാർക്ക്‌ ഒപ്പം ബഷീറിനോളമോ, തകഴിയോളമോ വ്യത്യസ്‌തമായ എഴുത്തിന്റെ  തുല്യത നാരായനും അവകാശപ്പെടാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top