20 September Monday

നൂറിലും തളരാത്ത പോർവീര്യം - എ കെ പത്മനാഭൻ എഴുതുന്നു

എ കെ പത്മനാഭൻUpdated: Thursday Jul 15, 2021

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിൽ ഒരാളായ സഖാവ് എൻ ശങ്കരയ്യ നൂറാം വയസ്സിലേക്ക് കടക്കുന്നു. തമിഴ്നാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ  ഉന്നത വ്യക്തിമുദ്ര പതിപ്പിച്ച, എൻ എസ് എന്ന രണ്ടക്ഷരത്താൽ അറിയപ്പെടുന്ന നരസിമ്മലു ശങ്കരയ്യ. 1964 ഏപ്രിലിൽ സിപിഐ നാഷണൽ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന്‌ സിപിഐ എം രൂപീകരിക്കാൻ തുടക്കമിട്ട 32 ദേശീയ കൗൺസിൽ അംഗങ്ങളിൽ ഒരാൾ.  ആ 32 പേരിൽ ജീവിച്ചിരിക്കുന്നത് രണ്ടുപേർ. ശങ്കരയ്യയും സഖാവ് വി എസ് അച്യുതാനന്ദനും.

1922 ജൂലൈ 15നാണ്‌ ശങ്കരയ്യയുടെ ജനനം.  അദ്ദേഹം ഇന്റർമീഡിയറ്റ്‌ പഠനത്തിനുവേണ്ടി മധുരയിലെ പ്രസിദ്ധമായ അമേരിക്കൻ കോളേജിലാണ്‌ ചേർന്നത്‌. പിന്നീട് അവിടെത്തന്നെ ബിരുദ വിദ്യാർഥിയായി. അന്ന്‌ മധുര സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയായിരുന്നു. പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട കാലം.  മദ്രാസ് പ്രസിഡൻസിയിൽ സി രാജഗോപാലാചാരി (രാജാജി) മുഖ്യമന്ത്രിയായി. വിദ്യാഭ്യാസത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഉയർന്ന പ്രക്ഷോഭം ഒരുവശത്ത്. സ്വാതന്ത്ര്യസമരഭേരി മറുവശത്ത്. ശങ്കരയ്യ ഈ സമരങ്ങളോട് അടുക്കുകയും അതിൽ പൂർണമായി പങ്കെടുക്കുകയും ചെയ്യുന്ന വിദ്യാർഥിയായി മാറി. അക്കാലങ്ങളിൽ രഹസ്യ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി മധുരയിൽ എത്തിയ സഖാവ് എ കെ ജി ഉൾപ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടു. കോൺഗ്രസ്‌ -സോഷ്യലിസ്റ്റ് പാർടിയിലൂടെ കമ്യൂണിസ്റ്റ് പാർടി പ്രവർത്തനങ്ങൾ നടക്കുന്ന കാലം. 1940ൽ ആദ്യത്തെ കമ്യൂണിസ്റ്റ് യൂണിറ്റ് രൂപീകരണം. ഒമ്പത് പേരിൽ ഒരാളായി ശങ്കരയ്യ പാർടി അംഗമായി. 

സ്വാതന്ത്ര്യസമരത്തിലൂടെ തുടങ്ങിയ കമ്യൂണിസ്റ്റ് പ്രവർത്തനം, വിദ്യാർഥി സംഘടന, കമ്യൂണിസ്റ്റ് പാർടിയുടെ സംഘടനാ പ്രവർത്തനം, കിസാൻസഭ, പത്രപ്രവർത്തനം, കലാ സാംസ്‌കാരിക സംഘടന, ജനപ്രതിനിധി എന്നിങ്ങനെ വിവിധ രംഗങ്ങളിൽ പ്രശസ്തമായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിച്ച ജീവിതമാണ് ശങ്കരയ്യയുടേത്‌. എല്ലാത്തിനുമുപരി പാർടിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ, പ്രക്ഷോഭങ്ങളിൽ അദ്ദേഹത്തിന്റെ ഉജ്വലമായ പങ്ക് എടുത്തുപറയപ്പെട്ടതാണ്. അമേരിക്കൻ കോളേജിൽ പഠിക്കുന്ന കാലത്ത് മദ്രാസ് സ്റ്റുഡന്റ്‌ ഓർഗനൈസേഷൻ എന്ന സംഘടന രൂപീകരിച്ചു. അതിന്റെ  മധുര ജില്ലാ സെക്രട്ടറിയായി. 1942ൽ സംസ്ഥാന സെക്രട്ടറിയായി. അണ്ണാമലൈ സർവകലാശാല വിദ്യാർഥിയായിരിക്കെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരം തുടങ്ങി. അന്നത്തെ മദ്രാസ്‌ പ്രസിഡൻസിയിലെ സ്വാതന്ത്ര്യസമരകേന്ദ്രവും കമ്യൂണിസ്റ്റ് പാർടിയുടെ രഹസ്യപ്രവർത്തന കേന്ദ്രവുമായിരുന്നു ആ സർവകലാശാല. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മധുരയിലും സമരംതുടങ്ങി. ബിരുദപഠനത്തിന്റെ അവസാന പരീക്ഷ തുടങ്ങാൻ 15 ദിവസം മാത്രമുള്ളപ്പോൾ, ഈ സമരത്തോട് അനുബന്ധിച്ചാണ് ശങ്കരയ്യ ആദ്യമായി ജയിലിൽ അടയ്‌ക്കപ്പെടുന്നത്‌. കോളേജ് വിദ്യാഭ്യാസവും അവിടെ അവസാനിക്കുകയായിരുന്നു. ജയിൽവാസവും സ്വാതന്ത്ര്യസമരത്തോടുള്ള അടുപ്പവും പുതിയ പാത തുറന്നു. ആദ്യത്തെ അറസ്റ്റിനെക്കുറിച്ച് അടുത്തകാലത്ത് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:  ‘സ്വാതന്ത്ര്യസമരാഗ്നി പടരുകയായിരുന്നു. അതിൽ പങ്കെടുക്കാൻ എനിക്കും ഒരു അവസരം ലഭിച്ചതിന്റെ ഉത്സാഹമായിരുന്നു അന്ന്’. അന്നുതുടങ്ങിയ ജയിൽവാസം ബ്രിട്ടീഷ് ഇന്ത്യയിലും  സ്വതന്ത്ര ഇന്ത്യയിലും നാലുകൊല്ലം വീതമായിരുന്നു. എട്ട് കൊല്ലത്തെ ജയിൽവാസം. മൂന്ന്‌ കൊല്ലം ഒളിവിൽ കഴിഞ്ഞു. ആദ്യത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തുവന്നപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് ലഭിച്ച  ഉത്തരമായിരുന്നു മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനം. കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുക. 1942ൽ ഗാന്ധിജിയും നെഹ്റുവും ഉൾപ്പെടെയുള്ള നേതാക്കന്മാരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് തിരുനെൽവേലിയിൽ നടന്ന വിദ്യാർഥി സമരത്തിൽ പൊലീസ് തല്ലിച്ചതച്ചു. അന്ന് അറസ്റ്റിലായി. എത്തിയത് കണ്ണൂർ സെൻട്രൽ ജയിലിൽ.

1944ൽ പാർടിയുടെ മധുര ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ട ആ സന്ദർഭത്തിൽ ബഹുജന സമരങ്ങൾക്ക്‌ നേതൃത്വം കൊടുത്തുള്ള പ്രവർത്തനങ്ങളിൽ മുമ്പന്തിയിലായി. ടെക്‌സ്‌റ്റൈൽ തൊഴിലാളികളുടെ സമരകേന്ദ്രം ആയിരുന്നു അന്ന് മധുര. 1946ൽ നാവിക കലാപകാലത്ത് വലിയ ബഹുജന മുന്നേറ്റം സംഘടിപ്പിക്കാൻ നേതൃത്വം കൊടുത്ത ശങ്കരയ്യ അറസ്റ്റിലായി.  ഇതോടനുബന്ധിച്ച് മധുര ഗൂഢാലോചന കേസ് ചുമത്തി. മറ്റു സഖാക്കളോടൊപ്പം ഒന്നാം പ്രതിയായി പി രാമമൂർത്തിയും രണ്ടാം പ്രതിയായി  ശങ്കരയ്യയും. സ്വാതന്ത്ര്യദിനത്തിന്റെ മുമ്പത്തെ ദിവസം ജഡ്ജി ജയിലിൽ വന്ന്  കേസ് തള്ളിയതായും പ്രതികളെ വിട്ടയച്ചതായും പ്രഖ്യാപിച്ചു. അതിനുമുമ്പ്‌ കോടതിയിൽ നടന്ന വിചാരണയിൽ പി രാമമൂർത്തി നേരിട്ട് വാദിക്കുകയായിരുന്നു. ഗൂഢാലോചന എന്ന  ബ്രിട്ടീഷ് പൊലീസിന്റെ വാദങ്ങൾ തവിടുപൊടിയായി.

1947 സെപ്‌തംബറിൽ പാർടി ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ പി രാമമൂർത്തിയുടെ സാന്നിധ്യത്തിൽ ശങ്കരയ്യ വിവാഹിതനായി. വധു പ്രൊട്ടസ്റ്റന്റ്‌ ക്രിസ്ത്യൻ കുടുംബത്തിലെ അംഗമായ നവമണി. ജാതിക്കും മതത്തിനും അതീതമായ കുടുംബജീവിതം ശങ്കരയ്യയെ സംബന്ധിച്ചിടത്തോളം തനിക്ക് മാത്രമുള്ളതായിരുന്നില്ല. മക്കളും പേരക്കുട്ടികളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അക്ഷരാർഥത്തിൽ നടപ്പാക്കിയ ഒരു കാര്യമാണത്‌. 1948ൽ കൊൽക്കത്തയിൽ രണ്ടാം പാർടി കോൺഗ്രസ് കഴിഞ്ഞുവരുന്ന വഴിയിൽ ഒഡിഷയിൽ ട്രെയിനിൽനിന്ന് ഇറങ്ങി ഒളിവു ജീവിതത്തിന്റെ തുടക്കമിട്ടു. മൂന്ന്‌ കൊല്ലത്തിനുശേഷം അറസ്റ്റിലായി. കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി 1954ൽ തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രവർത്തനകേന്ദ്രം  മദിരാശിയിലേക്ക്‌ മാറ്റി. ഇതോടെ വീട് ചെന്നൈയുടെ പ്രാന്തപ്രദേശത്തേക്ക് മാറ്റി. അവിടത്തെ താമസം ഇന്നും തുടരുന്നു. 1962ൽ വീണ്ടും അറസ്റ്റിലായി. ആറ്‌ മാസത്തിനുശേഷം വിട്ടയച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ നാഷണൽ കൗൺസിലിൽനിന്ന്‌ പ്രതിഷേധിച്ച് ഇറങ്ങിവന്നതും ഏഴാം പാർടി കോൺഗ്രസിനുശേഷം നാടെങ്ങും നേതാക്കന്മാരുടെ അറസ്റ്റ് നടന്നതും ചരിത്രത്തിന്റെ ഭാഗമാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശങ്കരയ്യയും അറസ്റ്റിലായി. ജയിലിൽനിന്ന്‌ പുറത്തുവന്നതോടെ പാർടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്കായിരുന്നു പ്രാമുഖ്യം. മധുര ജില്ല ഒഴികെ തമിഴ്നാട്ടിലെ മറ്റെല്ലാ ജില്ലാ കമ്മിറ്റികളിലും ഭൂരിപക്ഷം സിപിഐയോടൊപ്പം നിലകൊള്ളുന്നു എന്നതായിരുന്നു സാഹചര്യം. പാർടിയോട് ബന്ധപ്പെട്ട സഖാക്കൾ 1962ൽ തുടങ്ങിയ  തീക്കതിർ എന്ന വാരിക സിപിഐ എമ്മിന്റെ മുഖപത്രമായി മാറി. അതിന്റെ പത്രാധിപസ്ഥാനം പാർടി ശങ്കരയ്യയെ ആണ്‌ ഏൽപ്പിച്ചത്‌. നേരത്തേ കമ്യൂണിസ്റ്റ് പാർടിയുടെ ജനശക്തി വാരികയുടെ പത്രാധിപർ ചുമതലയും വഹിച്ചിരുന്നു. പത്രാധിപ ചുമതല വഹിച്ചിരുന്ന കാലത്തും പിന്നീടും തീക്കതിരിന്റെ നടത്തിപ്പിനെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും തുടർച്ചയായി നിർദേശങ്ങൾ നൽകുന്ന സഖാവാണ് ശങ്കരയ്യ. അതുപോലെതന്നെ കലാ സാംസ്കാരിക രംഗത്ത് 1975–-76 കാലത്ത് പ്രവർത്തനം തുടങ്ങിയ തമിഴ്നാട് മുർപോക്ക് എഴുത്താളർ സംഘം ഇന്നൊരു വലിയ സംഘടനയായി വളർന്നതിന്റെ പിന്നിലും ശങ്കരയ്യയുടെ പ്രവർത്തനങ്ങളും നിർദേശങ്ങളും പ്രധാന പങ്കുവഹിച്ചു. അഖിലേന്ത്യാ കിസാൻസഭയുടെ പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ച ശങ്കരയ്യ 1986–-89 കാലത്ത് അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി. 1992–-95 കാലത്ത് അഖിലേന്ത്യാ പ്രസിഡന്റുമായി.

1967, 1977, 1980 എന്നീ തെരഞ്ഞെടുപ്പുകളിൽ മധുരയിൽനിന്ന്‌ നിയമസഭാംഗമായി. നിയമസഭയിൽ 1967ൽ ഉപനേതാവും 1977 മുതൽ 84 വരെ പാർടി നേതാവുമായിരുന്നു. വിവിധ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് ജനശ്രദ്ധയാകർഷിച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.1964 മുതൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായിരുന്ന ശങ്കരയ്യ 86 മുതൽ 2004 വരെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായി. 2004 മുതൽ 2012 വരെ അഖിലേന്ത്യാ കൺട്രോൾ കമീഷൻ ചെയർമാൻ എന്ന നിലയിലായിരുന്നു പ്രവർത്തനം. ഇതിനിടയിൽ 1995 മുതൽ 2002 വരെ സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയുമായി.ശങ്കരയ്യ തന്റെ ജീവിതംതന്നെ പ്രസ്ഥാനത്തിന്റെ  ഭാഗമാക്കി, 84 വർഷത്തെ പൊതുജീവിതം സമർപ്പണത്തിന്റെയും സ്നേഹവാത്സല്യങ്ങളുടെയും ആണ്ടുകളാക്കി മാറ്റി. പാർടി സഖാക്കളോടും അവരുടെ കുടുംബാംഗങ്ങളോടും സ്നേഹവും ബന്ധവും പുലർത്തുന്നതിൽ പൂർണമായും വിജയിച്ച ജീവിതമാണ് നൂറാം വർഷത്തിലേക്ക് കടക്കുന്നത്. തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകുന്നതുമുതൽ ശക്തമായ പാർടി സംഘടനയും ബഹുജന പ്രസ്ഥാനങ്ങളും വളർത്തിക്കൊണ്ടുവരുന്നതിലും അനിഷേധ്യമായ പങ്കുവഹിച്ച സഖാവാണ് ശങ്കരയ്യ. അദ്ദേഹത്തിന്റെ ജന്മശതാബ്ദി അദ്ദേഹത്തോടൊപ്പംനിന്ന് ആഘോഷിക്കുന്നത് പാർടി പ്രവർത്തകർക്കുമാത്രമല്ല ജനാധിപത്യ വിശ്വാസികൾക്കെല്ലാം ആവേശം പകരുകയാണ്. കമ്യൂണിസ്റ്റ് ജീവിതത്തിന്റെ തികഞ്ഞ മാതൃകയാണ്‌ ആ ജീവിതം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top